16/04/2026

അന്നൊരിക്കൽ : ഭാഗം 13

രചന – അഞ്ജു തങ്കച്ചൻ

ദേവദത്ത് ഓഫിസിലേക്ക് പോയി കഴിഞ്ഞപ്പോൾ, കീർത്തി അടുക്കളയിലേക്ക് നടന്നു.

നാളെ ജോലിക്ക് പോകണം, ഇന്നുകൂടിയേ വീട്ടിൽ ഇരിക്കാൻ ഒക്കൂ.
അച്ഛൻ അടുത്ത ആഴ്ച്ച വിദേശത്തേക്ക് മടങ്ങും.

ഇനി പോകണ്ടെന്ന് എത്രവട്ടം അച്ഛനോട് പറഞ്ഞു നോക്കി, ഇത്തവണ കൂടി പോയിട്ട് വരാം എന്നാണ് അച്ഛൻ പറയുന്നത്.

അച്ഛനെ കാണാതിരിക്കാൻ തനിക്കു കഴിയുമോ? ഇല്ല, ഓർക്കുമ്പോൾ പോലും സങ്കടം വരും.

താൻ പ്ലസ് ടു വിന് പഠിക്കുമ്പോൾ തന്റെ അച്ഛൻ മരിച്ചതാണ്. ഒരിക്കൽ നഷ്ട്ടപ്പെട്ട ആ സ്നേഹം വീണ്ടും കിട്ടിയത് ഗിരി അച്ഛനിൽ നിന്നാണ്

ഒരച്ഛന്റെ മുഴുവൻ സ്നേഹവും കരുതലും ഒക്കെ തരുന്നത് കൊണ്ടാകും ഇന്ന് മറ്റെന്തിനേക്കാളും തനിക്കു വലുത് ഗിരി അച്ഛനാണ്.

അച്ഛന് കൊണ്ടുപോകാനായി, അയൽവീട്ടിലെ ചേച്ചിയുടെ സഹായത്തോടെ അവൾ അച്ചാറുകൾ ഉണ്ടാക്കി, ചിപ്സ് ഉണ്ടാക്കി.

ഇനിയും എന്താണ് ഉണ്ടാക്കുക?
പാചകത്തെക്കുറിച്ച് അത്ര അറിയില്ലാത്തതു കൊണ്ട് എളുപ്പം കേട് വരാത്ത വിഭവങ്ങൾ ഏതൊക്കെയാണെന്ന് അവൾക്ക് അറിയില്ലായിരുന്നു.

എങ്കിലും ആവുന്നത് പോലെ എന്തൊക്കെയോ ഉണ്ടാക്കി വച്ചു.

ഒരു തവണ കൂടി അച്ഛനോട് ചോദിച്ചു നോക്കണം പോകാതെ ഇരുന്നൂടെ എന്ന്.

എന്താ സ്പെഷ്യൽ ആയി അച്ഛനും മോളും കൂടെ ഉണ്ടാക്കുന്നത്. വഴിയിൽ വരുമ്പോഴേ നല്ല മണമാണല്ലോ?? മധു അകത്തേക്ക് കയറി വന്നു.

കീർത്തി മോള് എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് എനിക്ക് കൊണ്ടുപോകാനായിട്ട്.

നീ പോകാൻ ഉറപ്പിച്ചോ?

ഉം പോകണം.

ഞാൻ കഴിഞ്ഞ തവണത്തെ പോക്കോട് കൂടി എല്ലാം അവസാനിപ്പിച്ചു. ഇനിയുള്ള കാലമെങ്കിലും ഈ മണ്ണിൽ ജീവിക്കണം.

അല്ലേലും ഇനി നീ പോകണ്ട, ഒന്നാമത് സിന്ധുവിനും വയ്യ. മക്കളൊക്കെ ഓരോ കുടുംബമായില്ലേ. ഇനി നീയും സിന്ധുവും കൂടെ അടിച്ചു പൊളിച്ചങ്ങു ജീവിക്ക്.

ഇനി അത്രേ ഉള്ളൂ. മധു പറഞ്ഞു.

കീർത്തി മോളെ അങ്കിളിന് ഒരു ഗ്ലാസ്സ് ചായ എടുത്തോ കേട്ടോ. മധു അടുക്കളയിലേക്ക് നോക്കി പറഞ്ഞു.

കീർത്തി ചായയും, കഴിക്കാൻ സ്നാക്സും എടുത്ത് കൊണ്ടു വന്നു.

അങ്കിളേ.. സിന്ധു ആന്റിയെ കൂടെ കൊണ്ടുവരാൻ മേലാരുന്നോ??

ഞാൻ ഇങ്ങോട്ട് വരാൻ ഇറങ്ങിയതല്ല മോളെ, ടൗണിലേക്ക് ഇറങ്ങിയതാ, അപ്പോഴാ ഓർത്തത്‌ ഇവനോട് ഒരു കാര്യം പറയാനുണ്ടല്ലോ എന്ന്, പിന്നെ ഇങ്ങോട്ട് പോന്നു.

ശരി അങ്കിൾ ചായ കുടിക്ക്.

എടാ ഗിരി നീ ഓർക്കുന്നുണ്ടോ നമ്മുടെ ശങ്കരേട്ടനെ??

ഏത് നമ്മുടെ കിഴക്കേലെ ശങ്കരേട്ടനോ?

ആ… അത് തന്നെ.

പിന്നെ ഓർമ്മ ഇല്ലാതിരിക്കുമോ, കുട്ടിക്കാലത്ത് നമുക്ക് എന്തോരം നാരങ്ങാ മിഠായി വാങ്ങി തന്നിട്ടുള്ളതാ. മറക്കാൻ പറ്റുവോടാ..

ശങ്കരേട്ടൻ മരിച്ചു പോയി.

അയ്യോ എന്ത് പറ്റിയതാ?

എന്ത് പറ്റിയതാന്നോ?? പ്രായം ആയില്ലേടാ, ഏതാണ്ട് നൂറ് വയസിനടുത്തു പ്രായം ഇല്ലേ,
എന്നാലും കിടപ്പൊന്നും അല്ലാരുന്നു കേട്ടോ.

ഞാൻ പോയിരുന്നു കാണാൻ.
നിന്നോട് പറഞ്ഞാലും ആ നാട്ടിലേക്കു നീ വരില്ലെന്ന് അറിയാം. അതാ വിളിക്കാത്തത്.

ഉം…..

എടാ… ഞാൻ ഹരിയേട്ടനെ കണ്ടിരുന്നു.

ഗിരി ഒന്നും മിണ്ടിയില്ല.

എടാ… ആളിപ്പോൾ പഴയതുപോലൊന്നും അല്ല. വല്ലാത്തൊരു അവസ്ഥയിലാ ഇപ്പോൾ.നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു.

ഗിരി ഒന്നും മിണ്ടുന്നില്ല, അയാൾ അതൊന്നും കേൾക്കുന്നത് പോലുമില്ലാത്തതു പോലെ ഇരുന്നു.

ഗിരി… മധു അയാളുടെ തോളിൽ പിടിച്ചു.
നീയൊന്നു ചെന്ന് കാണണം. ഇല്ലെങ്കിൽ പിന്നീടൊരിക്കൽ നിനക്ക് കുറ്റബോധം തോന്നും. അത്രക്കും വയ്യ പുള്ളിക്ക്.
ഒന്നുവല്ലേലും നിങ്ങൾ ഒരമ്മയുടെ വയറ്റിൽ പിറന്നവർ അല്ലേ…

എനിക്കാരെയും കാണണ്ട മധു.

വേണം… കാലം ഇത്രയും കടന്നു പോയില്ലേടാ,
എല്ലാം മറക്കണം പൊറുക്കണം എന്നൊന്നും ഞാൻ പറയില്ല. അത്രക്കും നിന്നെ വഞ്ചിച്ച ആളല്ലേ, പക്ഷെ ഒരുവട്ടം പോയി കാണണം.
ഇന്നോ, നാളയോ എന്ന് അറിയില്ല അത്ര വയ്യെന്നായി .

എങ്കിൽ നീയും കൂടെ വാ….

ശരി ഞാനും വരാം. പറ്റുമെങ്കിൽ ഇന്ന് തന്നെ പോകാം.

ഇന്നോ…?

ഇന്ന് തന്നെ പോകണം ഗിരി.

ശരി നിന്റെ ഇഷ്ട്ടം പോലെ.
ഉച്ചയാകുമ്പോഴേക്കും ഞാൻ അങ്ങ്
വന്നേക്കാം.

എന്നാൽ ഞാൻ ഇറങ്ങുവാ..മധു പോയി.

ഗിരിക്ക് ആകെ ഒരു വെപ്രാളം തോന്നി.
നീണ്ട ഇരുപത്തിയൊൻപത് വർഷങ്ങൾക്ക് ശേഷം ജനിച്ചു വളർന്ന നാട്ടിലേക്കു പോകുകയാണ്.

സർവ്വവും നഷ്ട്ടപ്പെട്ട ഒരു ഇരുപത്തിയഞ്ചുകാരൻ,കണ്ണീരോടെ നടന്നു നീങ്ങുന്നത് അയാൾ മനസ്സിൽ കണ്ടു.
അവൻ ഇന്ന് വീണ്ടും ആ മണ്ണിൽ കാല് കുത്താൻ പോകുകയാണ്

കുളിച്ച്‌ വന്നപ്പോഴേക്കും കീർത്തി ഭക്ഷണം വിളമ്പിയിരുന്നു.

മോളെ ദേവദത്തിനോട് ഞാൻ നാട്ടിൽ പോയെന്നു പറഞ്ഞേക്ക്.
വിളിക്കുമ്പോൾ അവനോട് നേരത്തെ വരണം എന്ന് പറയണം,മോള് ഒറ്റക്കല്ലേ ഉള്ളൂ…

ശരി അച്ഛാ…

ഭക്ഷണം കഴിഞ്ഞ് ഗിരി ഡ്രസ്സ്‌ ചെയ്ത്,വണ്ടിയുമായി മധുവിന്റെ വീട്ടിലെത്തി.

മധു കാത്തുനിൽക്കുകയായിരുന്നു.

അവർ യാത്ര തുടങ്ങി. ഏകദേശം നാലര മണിക്കൂർ കൊണ്ട് അവർ നാട്ടിലെത്തി.

ഗ്രാമത്തിന്റെ മുഖഛായ തന്നെ മാറിയിരുന്നു.

മൺവഴികൾ ടാറിട്ട റോഡുകൾ ആയിരിക്കുന്നു.

ചെറിയ കവലയും ചായക്കടയും ഒക്കെ,വലിയ സിറ്റിയായി പരിണമിച്ചിരിക്കുന്നു.

വഴിയരികിൽ പടുകൂറ്റൻ കെട്ടിടങ്ങൾ..

ഗിരിയുടെ മുഖം മങ്ങി.

വണ്ടി ഓടിക്കൊണ്ടിരുന്നു.
ഇരുവശവും പാടം നിറഞ്ഞ റോഡിലേക്ക് വണ്ടി പ്രവേശിച്ചു.
എങ്ങും പച്ചപ്പ്‌ കാണുമാറായി.

ചെറിയ വീടുകൾ ഇരുന്ന സ്ഥലത്തൊക്കെ ഒറ്റ നിലയും, ഇരുനിലയും ഉള്ള വലിയ വീടുകൾ.

മതിൽക്കെട്ടുകൾക്കിടയിൽ ആ വീടുകളൊക്കെയും മൗനം പുതച്ചു നിന്നു.

ഓടിക്കളിക്കാൻ, പാറി നടക്കാൻ ഒറ്റ കുസൃതിക്കൂട്ടങ്ങളെയും കാണുവാൻ ഇല്ല.

അൽപ്പം കൂടെ മുന്നോട്ട് ചെന്നതും,ഗിരി തന്റെ വീട് കണ്ടു.

കാലപ്പഴക്കം കൊണ്ട് അതിന്റെ പെയിന്റ് ഇളകി, പായാൽ പടർന്നിരിക്കുന്നു.
മേൽക്കൂരയിലെ ഓട് പൊട്ടി നനയുന്നതുകൊണ്ടാകും ഒരു പടുത വലിച്ചു കെട്ടിയിരിക്കുന്നു.

അവർ മുറ്റത്തേക്ക് ഇറങ്ങി.

വാതിൽ അടഞ്ഞു കിടന്നിരുന്നു..
മുറ്റമാകെ കരിയിലകൾ വീണുകിടപ്പുണ്ട്.

വരാന്തയിലെ ചാരുകസേരയിൽ കണ്ണുകൾ അടച്ച് ഹരിയേട്ടൻ കിടപ്പുണ്ട്..
നന്നേ ക്ഷീണിച്ച്‌, നെഞ്ചിലെ എല്ലുകൾ പെറുക്കി എടുക്കാൻ പാകത്തിന് ഉന്തി നിൽക്കുന്നു.

കൈകാലുകൾ ചുള്ളിക്കമ്പു പോലെയാണ്.
ഒറ്റ മുണ്ടാണ് വേഷം..

ഹരിയേട്ടാ… മധു മെല്ലെ വിളിച്ചു.

അയാൾ പതിയെ കണ്ണുകൾ തുറന്നു.

മുന്നിൽ ഗിരിയെ കണ്ട്,അയാൾ ചാടി എഴുന്നേറ്റതും,വേച്ചു വീഴാൻ പോയി,
ഗിരിയുടെ കൈകൾ അയാളെ താങ്ങി.

മോനേ…. ഗിരിക്കുട്ടാ… അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു…

നീ വന്നല്ലോ… ഈ പാപിയായ ഏട്ടനെ കാണാൻ നീ വന്നല്ലോ..
അയാൾ ഗിരിയുടെ കൈയിൽ പിടിച്ചു…

@@@@@@@@

തുടരും.