രചന – അഞ്ജു തങ്കച്ചൻ
പക്ഷെ… കൂടപ്പിറപ്പിനെ വിശ്വസിച്ച എനിക്ക് ചതിവ് പറ്റി.
ബാക്കി പണം ഏട്ടൻ തന്നില്ല.
വീടും സ്ഥലവും എന്റെ പേരിൽ എഴുതി തന്നതുമില്ല.
ഏട്ടനോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, നിന്റെ വിവാഹമൊക്കെ കഴിയട്ടെ ഒരു കുടുംബമാകട്ടെ എന്നിട്ട് എഴുതി തരാം എന്ന്.
അങ്ങനെയല്ലല്ലോ ഏട്ടൻ പറഞ്ഞിരുന്നത് എന്ന് പറഞ്ഞപ്പോൾ വല്ലാതെ ദേഷ്യപ്പെട്ടു.
എല്ലാം കൈവിട്ട് കളയാൻ ഏട്ടന് മനസില്ലത്രേ..
ഏട്ടൻ ചതിക്കുമെന്ന് ഒരിക്കലും താൻ കരുതിയിരുന്നില്ല.
ഒരു ലക്ഷം രൂപ മാത്രമുണ്ട് കൈയിൽ.
ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി, അവിടെ ഒരു വീട് വാങ്ങിക്കാം എന്ന് താനന്ന് കരുതി.
അന്നത്തെ ഒരുലക്ഷത്തിന് വലിയ മൂല്യമുണ്ട്.
ഒരു ചെറിയ വീട് വാങ്ങാൻ ആ തുക ധാരാളം.
രവിയേട്ടനെ വിളിച്ച് ഹരിയേട്ടൻ ചെയ്ത ചതിയെക്കുറിച്ച് സൂചിപ്പിക്കണം..
ആ… സാരമില്ല, ചതിയിലൂടെ സ്വന്തമാക്കിയതാണെങ്കിലും കൂടെപ്പിറപ്പിന്റെ കൈയിൽ തന്നെയാണല്ലോ ഒക്കെയും ചെന്ന് ചേർന്നത്. അച്ഛന്റെ ഒരു ജന്മത്തിലെ മുഴുവൻ സമ്പാദ്യവുമാണത് .
ഇത്രയും വിശാലമായി ചിന്തിക്കാൻ ഒക്കെ തനിക്കു എങ്ങനെ കഴിയുന്നു എന്ന് ചിലപ്പോൾ സ്വയം തോന്നും.
പണ്ടും താൻ അങ്ങനെ ആയിരുന്നല്ലോ…
എന്റേതാണ് എന്ന് പറഞ്ഞ് ഒന്നും താൻ നേടിയിട്ടില്ല.വിട്ട് കൊടുത്താണ് ശീലം.
പോയതെല്ലാം പോട്ടെ, സാരമില്ല ഗിരിയേട്ടാ എന്ന് പറഞ്ഞ് സൗമിനി സമാധാനിപ്പിച്ചു.
പൊതുവെ എല്ലാവരും പറയും, ഹരി സാധുവാണെന്ന്. ആ ഹരിയാണ് സ്വന്തം അനുജനെ ചതിച്ചത്. എന്നാലും സാരമില്ല ഗിരിയേട്ടാ…നമുക്ക് ഒന്നും വേണ്ട, ഗിരിയേട്ടന് ഞാനുണ്ട്. എനിക്ക് ഗിരിയേട്ടനും അത് മതി.
അമ്മാവന്റെ മോൻ ഇപ്പോൾ ഭയങ്കര ശല്യമാണ് ഗിരിയേട്ടാ എന്നെ വിവാഹം ചെയ്തുകൊടുക്കാമെന്നു അമ്മ വാക്ക് പറഞ്ഞിരിക്കുവാ…
കൂനിന്മേൽ കുരു എന്ന പോലെ, ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകുകയാണോ എന്ന് പേടി തോന്നി.
ഒന്നിന് വേണ്ടിയും അവളെ ഉപേക്ഷിക്കാൻ തനിക്കു പറ്റില്ല.
നാളെ വൈകുന്നേരം ജോലിസ്ഥലത്തേക്ക് പോകുമ്പോൾ അവളെയും കൂടെ കൂട്ടാൻ തീരുമാനിച്ചു.
അവൾക്ക് സമ്മതമായിരുന്നു.
അന്ന് രാത്രി കൈയിലുള്ള ഒരുലക്ഷം രൂപയും.അച്ഛൻ മരിക്കും മുൻപ് ഏൽപ്പിച്ച അമ്മയുടെ നാല്പത് പവനോളം വരുന്ന ആഭരണങ്ങളും അവളുടെ കൈയിൽ ഏൽപ്പിച്ചു.
ഹരിയേട്ടൻ അതും കൂടെ അപഹരിക്കുമോഎന്ന് താൻ ഭയന്നിരുന്നു.
തന്റെ കൈയിൽ ഇരിക്കുന്നതിലും സേഫ് ആണ് അവളുടെ കൈയിൽ ഇരിക്കുന്നത്.
വെറും കൈയോടെ വീട്ടിൽ നിന്നിറങ്ങുന്നതാണ് നല്ലത്.
കാലത്ത് കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞു. ഇനി ഈ നാട്ടിലേക്ക് ഒരു മടങ്ങി വരവില്ല.
നഷ്ട്ടപ്പെട്ട സമ്പത്തിൽ അതിയായ ദുഃഖം ഒന്നുമില്ല. അച്ഛനെയും അമ്മയെയും നഷ്ട്ടമായി, അതിലും വലുതല്ലല്ലോ സമ്പത്ത്.
കുട്ടിക്കാലം മുതൽ ഒരുമിച്ചു പഠിച്ച മധുവിനോട് മാത്രം എല്ലാം തുറന്നു പറഞ്ഞു.
ഒന്നും വിട്ട് കളയരുത്, നിനക്ക് അവകാശപ്പെട്ടത് നീ നേടണം എന്നാണ് അവൻ പറഞ്ഞത്.
പക്ഷെ എന്തോ എനിക്കതിനൊന്നും കഴിയില്ല..
ഹരിയേട്ടൻ എടുക്കട്ടെ എല്ലാം.
വൈകുന്നേരത്തോടെ എല്ലാവരോടും യാത്ര പറഞ്ഞ് തിരികെ വന്നു.
മിനിക്കുട്ടിയുടെ വീടിന്റെ വാതിൽ അടഞ്ഞു കിടന്നിരുന്നു.
ഇവളിത് എവിടെ പോയി.പോകേണ്ട സമയം ആകുന്നു.
ഇനി കുളിക്കുകയോ മറ്റോ ആയിരിക്കുമോ അവളുടെ അമ്മയെയും കാണുന്നില്ല.
അവളുടെ മുറിയുടെ ജനാല അൽപ്പം തുറന്ന് കിടക്കുന്നതു കണ്ട് തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച സഹിക്കാൻ കഴിയില്ലായിരുന്നു.
ഹരിയേട്ടനോടൊപ്പം പാതി മയക്കത്തിലാണ് അവൾ. അയാളുടെ കൈകളിൽ തല ചായ്ച്ചു വച്ചിരിക്കുകയാണ് അവൾ.
ഒന്നേ നോക്കിയുള്ളൂ… സഹിക്കാൻ പറ്റിയില്ല.
ഒറ്റ ഓട്ടത്തിന് തിരികെ വീട്ടിൽ എത്തി.
ദേഷ്യമാണോ, സങ്കടമാണോ, അതോ ഭ്രാന്താണോ, അതുമല്ലെങ്കിൽ പകയാണോ ഉള്ളിൽ ഇരച്ചു വരുന്നത് എന്ന് അറിയില്ലായിരുന്നു.
കുറച്ച് നേരം കഴിഞ്ഞതും ഹരിയേട്ടൻ കയറി വരുന്നത് കണ്ടപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് വായിൽ വന്നതൊക്കെ പറഞ്ഞു.
അയാളെ മുറിക്കകത്തേക്ക് തള്ളിയിട്ടിട്ട് അവിടെ നിന്നും ഇറങ്ങി.
അവളുടെ വീടിനു മുന്നിൽ എത്തുമ്പോൾ ദേഷ്യം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു.
ഇറങ്ങിവാടീ…എന്നുള്ള അലർച്ച കേട്ടുകൊണ്ട് വാതിൽ തുറന്ന് ഇറങ്ങിവന്നത് വീട്ടുടമസ്ഥനായ കറിയാച്ചൻ ചേട്ടനായിരുന്നു.
അവർ ഇത്തിരി മുൻപ് ഒരു വണ്ടിയിൽ കയറി ഇവിടെ നിന്നും പോയി.
എവിടുന്നോ കുറേ പണവും കിട്ടിയിട്ടുണ്ട് തരാനുള്ള വാടക മുഴുവനും തന്നു.
ആ.. എന്തായാലും എന്റെ വാടക കിട്ടി. അതുതന്നെ വല്യ കാര്യം.
ആകെ തകർന്നു തരിപ്പണമായി പോയി താൻ.
ആകെയുള്ള ഒരു ലക്ഷം രൂപ, ആഭരണങ്ങൾ എല്ലാം എടുത്തുകൊണ്ട് അവൾ മുങ്ങി.
ഒരുവൻ എല്ലാമുണ്ടായിട്ടും, ഒന്നുമില്ലാത്തവനായി മാറിയിരിക്കുകയാണ്…
പണമില്ല, കയറിക്കിടക്കാൻ വീടില്ല, കൂടെപ്പിറപ്പില്ല, ജീവനേക്കാൾ സ്നേഹിച്ച പെണ്ണും ചതിച്ചിരിക്കുന്നു.
തീർത്തും അനാഥനാണ് ഇപ്പോൾ.
അന്നവിടെ നിന്നും പോന്നതാണ്.
ഒന്നിനും ഒരുത്സാഹവും ഇല്ലാതെ, എന്തിനേറെ ജോലിയിൽ പോലും ആത്മാർത്ഥ കാണിക്കാൻ പറ്റിയില്ല..
ചതിക്കപ്പെട്ട, പൂർണ്ണമായി ഒറ്റപ്പെട്ടു പോയ, അങ്ങേയറ്റം മനസ് തകർന്ന ഒരുവന്, ഒന്നിലും ശ്രെദ്ദിക്കാൻ പറ്റിയില്ല.
ആക്കാലത്താണ് മധുവിന് വിദേശത്ത് ജോലി ശരിയായത്. അവൻ പണം മുടക്കി എന്നെയും കൂടെ കൊണ്ടുപോയി.
ഈ ലോകത്തിൽ അവൻ പറഞ്ഞാൽ മാത്രമേ താൻ അനുസരിക്കാറുള്ളൂ…
കൂടെ നിന്ന് തർന്നു പോയ എന്റെ മനസിനെ പഴയതുപോലെ ആക്കിയത് അവനാണ്.
പതിയെ പതിയെ കഴിഞ്ഞകാലങ്ങളെ താൻ മനപ്പൂർവം മറക്കാൻ ശ്രെമിച്ചു.
പഴയ എല്ലാ ഓർമകളിൽ നിന്നും ഓടിയൊളിച്ചു.
ഇടയ്ക്കു നാട്ടിൽ പോയ മധു പറഞ്ഞറിഞ്ഞു. ഹരിയേട്ടൻ ഏതോ സമ്പന്ന കുടുംബത്തിൽ നിന്നും വിവാഹം കഴിച്ചു എന്ന്.
നാല് വർഷങ്ങൾ കടന്നു പോയപ്പോൾ മധു വിവാഹിതനായി.
മാസങ്ങൾക്കു ശേഷം അവൻ ഭാര്യയെയും കൂടെ കൊണ്ടുപോന്നു.
അതോടെ ഞങ്ങളുടെ ഒരുമിച്ചുള്ള താമസം മാറ്റി.
അവർ മറ്റൊരു വീടെടുത്തു മാറി.
എങ്കിലും ഒറ്റപ്പെടൽ തോന്നിയില്ല. അനവധി സുഹൃത്തുക്കളെ താൻ സമ്പാദിച്ചിരുന്നുവല്ലോ. അവർ ഉണ്ടായിരുന്നു കൂടെ,എന്തിനും ഏതിനും.
ഇടയ്ക്ക് മധു പറഞ്ഞു നാട്ടിൽ പോയപ്പോൾ, സൗമിനിയെ ഒരുദിവസം യാദൃശ്ചികമായി കണ്ടു, അവളുടെ വിവാഹം കഴിഞ്ഞു എന്നൊക്കെ.
കേട്ടപ്പോൾ വെറുപ്പും ദേഷ്യവും കൂടിയതെ ഉള്ളൂ.
ഒരു വർഷം കൂടെ കഴിഞ്ഞപ്പോൾ മധു, എന്നെ വിവാഹത്തിന് നിർബന്ധിച്ചു.
അവൻ മുഖാന്തരമാണ് ശാന്തിയെ ജീവിതപങ്കാളിയാക്കിയത്.
ഞാൻ എറണാകുളത്ത് സ്ഥലം വാങ്ങി വീട് വച്ചു
ഭാര്യയുടെ പേരിൽ മാത്രമേ ശാന്തി ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് ഞാൻ എല്ലാം തുറന്നു പറഞ്ഞിരുന്നു. സൗമിനിയെക്കുറിച്ച് അറിഞ്ഞു കഴിഞ്ഞതും അവൾ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കി മനഃസമാദാനം കളയും.
അവളോട് എല്ലാം തുറന്നു പറഞ്ഞ ആ നിമിഷത്തെ ഞാൻ ശപിച്ചു പോയി.
ഒടുവിൽ നാല് വർഷത്തെ ദാമ്പത്യം ഞാൻ അവസാനിപ്പിച്ചു. അവൾക്കും സമ്മതമായിരുന്നു പിരിയാൻ .മൂന്ന് വയസുകാരൻ ദേവദത്ത് എന്ന ദേവൂട്ടനെ അവൾ എനിക്ക് വിട്ടുതന്നു.
അശാന്തി മാത്രം നൽകുന്ന അവളിൽ നിന്നും അങ്ങനെ ഞാൻ മോചിതനായി.
ആർക്ക് വേണ്ടിയും, ഒന്നിന് വേണ്ടിയും തോൽക്കാൻ എനിക്ക് മനസില്ലായിരുന്നു.
എന്റെ ശരിക്ക് വേണ്ടി, എന്റെ മനസമാധാനത്തിന് വേണ്ടി ഞാൻ നിലകൊണ്ടു.
ഞാൻ വിദേശത്തെ ജോലി മതിയാക്കി
പിന്നീട് ഞങ്ങൾ മാത്രമായി എന്റെ ദേവൂട്ടനും ഞാനും മാത്രം…
ഞങ്ങളുടെ വീട്ടിൽ സന്തോഷം മാത്രം നിറഞ്ഞു, അവന്റെ കുസൃതികളിൽ എന്റെ ലോകം പുലർന്നു.
പിന്നീട് അവൻ പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ അവനെ പ്ലസ് വണ്ണിന് ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിട്ട് താൻ വീണ്ടും വിദേശത്തേക്ക് ജോലിക്കായി പോയി.
എന്റെ മകനായി എന്തെങ്കിലും കരുതി വയ്ക്കണം എന്നെനിക്കു തോന്നി.
പിന്നെ വയസനാം കാലത്ത് മകനെ ബുദ്ധിമുട്ടിക്കാതെ, സ്വന്തം കാര്യത്തിനായി എന്തെങ്കിലും കരുതണം.
ഒടുവിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ ഈ ഭൂമിയിൽ നിന്നും മടങ്ങണം.
മകന്റെ പഠിപ്പ് കഴിഞ്ഞ് അവന് ജോലി ആയപ്പോൾ അവനൊരു തുണ വേണമെന്ന് തോന്നി.
ഏതൊരച്ചനെയും പോലെ, മകന്റെ വിവാഹം നന്നായി നടക്കണം എന്നായിരുന്നു തന്റെ ആഗ്രഹം.
ശാന്തിയുമായി പിരിഞ്ഞെങ്കിലും ശാന്തിയുടെ ആങ്ങളയുമായി തനിക്ക് എപ്പോഴും അടുപ്പമുണ്ട്. നന്മയുള്ള മനുഷ്യൻ ആയിരുന്നു അദ്ദേഹം. പുള്ളിയാണ് കാര്യങ്ങൾ അന്വേഷിച്ചതും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതും എല്ലാം.
കൂടാതെ മധുവും നാട്ടിൽ ഉള്ളത് വലിയൊരു ആശ്വാസമായിരുന്നു.
ദേവദത്തിന്റെ അമ്മാവൻ കാര്യങ്ങൾ എല്ലാം കണ്ടറിഞ്ഞു ചെയ്തതിനാലാകണം, മധു കൂടുതൽ അന്വേഷിക്കാതിരുന്നത്.
കല്യാണത്തിന്റെ അന്നായിരിക്കും അവനും സൗമിനിയെ കണ്ടത്..
അല്ലെങ്കിൽ ആദ്യമേ തന്നെ അവൻ തടഞ്ഞേനെ..
കീർത്തിയെ കണ്ടിഷ്ടപ്പെട്ടതിന് ശേഷം ദേവൂട്ടൻ അവളുടെ ഫോട്ടോ അയച്ചു തന്നിരുന്നു.
പിന്നെ അവർ പരസ്പരം ഇഷ്ടത്തിൽ ആയതിനു ശേഷം കീർത്തി ഇടക്ക് തന്നെയും വീഡിയോ കാൾ ചെയ്യാറുണ്ടായിരുന്നു…..
അവളെ എത്രയും വേഗം എന്റെ മകളായി
കിട്ടാൻ എത്ര മോഹിച്ചു താൻ, അവൾക്കായി എന്തെല്ലാം വാങ്ങിക്കൂട്ടി.
ഉദ്ദേശിച്ച സമയത്തു ലീവ് കിട്ടാതെ വന്നപ്പോൾ വലിയ വിഷമം ആയിരുന്നു,എങ്കിലും വിവാഹത്തിന്റെ അന്ന് കാലത്ത് കേരളത്തിൽ വന്നിറങ്ങാൻ കഴിഞ്ഞു.
പെട്ടന്ന് ഒരു റൂമെടുത്ത് കുളിച്ചു ഫ്രഷ് ആയി അമ്പലത്തിലേക്ക് ചെന്ന താൻ കാണുന്നത് സൗമിനിയെയാണ്.
അവളുടെ അനുഗ്രഹം വാങ്ങി താലി കെട്ടിനായി ഒരുങ്ങുന്ന ദേവദത്തിനെയുംകീർത്തിയേയും കണ്ടപ്പോൾ തനിക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി അവളുടെ മകളാണ് കീർത്തി എന്നത് സഹിക്കാൻ എനിക്കായില്ല.തകർന്നു പോയി ഞാൻ
ഏറ്റവും വെറുക്കുന്ന ഒരുവളുടെ മകളാണ് കീർത്തി.
പക്ഷെ, ആ പെൺകുട്ടി ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ, ഇത്രയും പ്രായവും അനുഭവസമ്പത്തും ഉള്ള തനിക്ക് അവളെ മകളായി കാണാൻ കഴിയുമോ??
തന്റെ മകൻ അഗ്നിസാക്ഷിയായി താലി കെട്ടിയ പെണ്ണാണവൾ…
അവളെ താൻ വല്ലാതെ വേദനിപ്പിച്ചില്ലേ??
അവളുടെ കണ്ണിൽ നിന്നും ഇന്ന് വീണ ആ കണ്ണുനീർ തന്റെ ഉള്ളം പൊള്ളിച്ചില്ലേ??
പാടില്ല ഇനിയവളെ താനായി വേദനിപ്പിക്കാൻ പാടില്ല.
അയാൾ തിരികെ വീട്ടിലേക്ക് നടന്നു.
@@@@@@
ദേവാ… നമുക്ക് മധു അങ്കിളിന്റെ വീട്ടിൽ പോയാലോ, എനിക്ക് എല്ലാം അറിയണം ദേവാ.
നമുക്ക് പോകാം.
അവർ ചെല്ലുമ്പോൾ മധു വീട്ടിൽ തന്നെയുണ്ട്.
അവരുടെ വരവ് കണ്ടപ്പോൾ തന്നെ , എന്തിനാണവർ വന്നതെന്ന് അയാൾ ഊഹിച്ചു.
അയാളിൽ നിന്നും എല്ലാം അറിഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവർ തിരികെ വീട്ടിൽ എത്തി അല്പം കഴിഞ്ഞപ്പോഴാണ് ഗിരി വന്നത്.
വന്നതും അയാൾ കീർത്തിയെ കണ്ടു.
അവളുടെ മുഖം കുനിഞ്ഞിരുന്നു.ഒരു കള്ളിയുടെ മകളാണ് താൻ എന്നത് അവളുടെ എല്ലാ അഭിമാനത്തേയും തകർത്തിരുന്നു.
അവളെ ഒന്ന് നോക്കിയിട്ട് അയാൾ മുറിയിലേക്ക് പോയി.
ദേവദത്തിനും ആകെ വിഷമം ആയിരുന്നു.
ഒരു ജന്മം മുഴുവൻ വേദനിച്ച പാവം ഹൃദയമാണ് തന്റെ അച്ഛന്റേത്.
അതിനു കാരണക്കാരിയായവളുടെ മകളെയാണ് താൻ കൈപിടിച്ച് കൂടെ കൂട്ടിയത്..
ഉള്ളിൽ എവിടെയോ കീർത്തിയോട് ഒരകൽച്ച തോന്നുന്നത് പോലെ.
പാടില്ല… പാടില്ല… തന്റെ ഭാര്യയാണവൾ.
ദൈവമേ… എന്റെ മനസിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയണേ…ദേവദത്തിന്റെ ഉള്ളം മന്ത്രിച്ചു.
@@@@@@@@
തുടരും.

by