രചന – അളകനന്ദ
അന്നത്തെ പ്രശ്നത്തിനു ശേഷം ആരവേട്ടനുമായി ഞാൻ മിണ്ടിത്തുടങ്ങി….
ദിവസങ്ങൾ കടന്നു പോകെ ഞങ്ങൾ തമ്മിലുള്ള അകലവും കുറഞ്ഞു…
മിത്തു ഞങ്ങൾക്കിടയിൽ സംസാര വിഷയം ആവറില്ല… ആരവേട്ടൻ എന്നെ മനസാൽ അംഗീകരിച്ചു തുടങ്ങി എന്നൊരു തോന്നൽ…. അവളെക്കുറിച്ചു ഞാൻ പറഞ്ഞാലും ആരവേട്ടൻ കേട്ടിരിക്കാറെയുള്ളൂ… ഒരു മാസത്തെക്ക് എടുത്ത ലീവ് കഴിയാറായി. “മോൾടെ അവധി തീരാറായില്ലേ….. കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരു മാസം ആകുന്നു.
അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ…. അമ്പലത്തിൽ പോകുന്ന കാര്യം. ഞാൻ നേർച്ച നേർന്നതാ….. ഇനി വച്ച് താമസിപ്പിക്കാൻ നിക്കണ്ട… അവനോട് അച്ഛൻ പറഞ്ഞോളും…. ”
പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് ചിത്രാമ്മ വീണ്ടും നിന്നു. “അന്നത്തെ പോലെ ചുരിദാർ വേണ്ടാട്ടോ… സാരി മതി.. “ഒന്ന് ചിരിച്ചു തലയാട്ടി…. രാവിലെ നേരത്തെ എണീറ്റു… ഇവിടുന്ന് ഒന്ന് ഒന്നര മണിക്കൂർ യാത്രയുണ്ട്…. ആരവേട്ടൻ ഫ്രഷ് ആയി വന്നപ്പോളേക്കും ഞാൻ കുളിക്കാൻ കേറി.. “മൃദു….. കൊണ്ടു പോയത് വേണ്ടാട്ടോ…
ഇവിടെ വേറെ ഇടാൻ എടുത്തു വച്ചിട്ടുണ്ട്…. “കുളിച്ചു പാതി ആയപ്പോൾ ആരവേട്ടന്റെ ശബ്ദം കേട്ടു. പറഞ്ഞ ഉടനെ തന്നെ റൂമിന്റെ ഡോർ അടയുന്ന ഒച്ചയും കേട്ടു. ആളിറങ്ങി പോയന്ന് തോന്നുന്നു.
ഇറങ്ങി വന്നപ്പോൾ കട്ടിലിൽ ഇരുന്ന സാരീ കണ്ടെന്റെ കണ്ണ് തള്ളി.. അന്ന് ഞാൻ ആരവേട്ടന്റെ കൂടെ ചിത്രാബംരിയിൽ പോയപ്പോ നോക്കി നിന്ന ഡയമണ്ട് വർക്കിന്റെ റാസൽ നെറ്റ് സാരീ….. അപ്പൊ അന്ന് വീട്ടിലേക്ക് വാങ്ങിയത് കൂടാതെ ഇതും എടുത്തോ….? ഇവിടെ തിരിച്ചെത്തിയപ്പോ ചിത്രാമ്മക്കും സത്യച്ഛനും കാറിന്റെ ഡിക്കിയിൽ നിന്നും രണ്ടു കവർ കൊടുക്കുന്ന കണ്ടു. പക്ഷേ,,, ഇതെപ്പോ….
ചുണ്ടിലൊരു ചിരി മിന്നി.. വേഗം അതുടുത്ത് അതികം കടുപ്പിക്കാതെ കണ്ണെഴുതി,,, നെറ്റിയിൽ വെള്ള കല്ലിന്റെ കുഞ്ഞു പൊട്ടും തൊട്ട്,,,,,, മുടി കുളി പിന്നൽ ഇട്ട് ചെന്നു.
എന്നെ കണ്ടപ്പോ ആരവേട്ടൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തന്നെ നോട്ടം മാറ്റി….. “നന്നായിട്ടുണ്ട്… “വണ്ടിയിൽ കയറിയപ്പോ നേരെ നോക്കിയിരുന്നു തന്നെയാണ് പറഞ്ഞത്… ഒന്ന് ചിരിച്ചു….. ഞാനൊരു താങ്ക്സ് പോലും ഇത് വാങ്ങി തന്നതിന് പറഞ്ഞില്ല…. ഒരു നന്ദി വാക്ക് കൊണ്ട് അതിന്റെ ഭംഗി കളയാൻ തോന്നിയില്ല.
യാത്രക്കിടയിൽ ഞങ്ങൾ എന്തെക്കെയോ സംസാരിച്ചു. പണ്ടത്തെ പോലെ മൗനഭാഷണം ഒന്നും ഇപ്പോ ഇല്ല…. ഒന്നെമുക്കാൽ മണിക്കൂർ എടുത്തു അവിടെ എത്താൻ… നാഗ പ്രതിഷ്ഠയാണ്..
ആയില്യമാണ് ആരവേട്ടന്റെ നാൾ… നാഗ രാജവിനും സർപ്പയക്ഷിക്കും മറ്റ് ഉപപ്രതിഷ്ഠകൾക്കും നൂറും പാലും കഴിപ്പിച്ചു. നാഗചാമുണ്ഡിക്കും നാഗയക്ഷിക്കും ഗുരുതിപൂജയും നടത്തി. അമ്മയുടെ നേർച്ചയായിരുന്നു. മഞ്ഞൾ പ്രസാദം ഞാൻ ആരവേട്ടന്റെ നെറ്റിയിൽ ചാർത്തുമ്പോ ഞങ്ങൾ രണ്ടു പേരുടെയും ചുണ്ടിൽ ഒരു കള്ളച്ചിരിയുണ്ടായിരുന്നു….. അന്ന് ഞാൻ തൊട്ട് കൊടുക്കാഞ്ഞപ്പോൾ ആള് കണ്ണാടിയിൽ പോയി ചന്ദനം തൊട്ടത് ഓർമ വന്നു. മണൽ പരപ്പിലൂടെ നടന്നു ആഴമുള്ള അമ്പലക്കുളത്തിനടുത്തെത്തി. വെള്ളത്തിലും മണൽതിട്ടയിലുമായി ആമക്കൂട്ടങ്ങളെ കണ്ടു…. കുറെ സമയം അവിടെ ചിലവഴിച്ചു…. ഓളം തട്ടുന്ന ആ വെള്ളത്തിൽ നോക്കി നിന്നപ്പോ തൊട്ട് പിന്നിൽ ആരവേട്ടന്റെ സാമിപ്യമറിഞ്ഞു. തിരിഞ്ഞു നോക്കി…. “ഇഷ്ടായോ….?” ചുണ്ടിലൊരു ചിരി ഒളിപ്പിച്ചു ചോദിച്ചപ്പോ ഞാൻ മനസിലാകാതെ മിഴിച്ചു നിന്നു.എന്റെ നിൽപ് കണ്ടു പൊട്ടിച്ചിരിക്കുന്ന കണ്ടു ആള്… “കുളം ഇഷ്ടായോന്ന്.. ” “മ്മ്… ” “എങ്കിൽ വാ.. കാലൊന്ന് നനച്ചിട്ടു വരാം… ”
എന്നെയും കൂട്ടി കുളത്തിനടുത്തോട്ട് പോയി… പതിയെ കാലൊന്ന് മുക്കി….. നല്ല തണുപ്പ്.. അപ്പൊ തന്നെ പൊക്കി…
പിന്നെയും കുറച്ചു നേരം അവിടെ നിന്ന് ഞങ്ങൾ വീട്ടിലേക്കു പോന്നു… വന്നപ്പോ തന്നെ കട്ടിലിൽ കേറി…… നല്ല ക്ഷീണം തോന്നിയിരുന്നു. കിടന്നപ്പോ തന്നെ ഉറങ്ങിയിരുന്നു…
ആരവേട്ടൻ ഏതോ ഫ്രണ്ടിനെ കാണേണ്ടിയിരുന്ന കൊണ്ട് അപ്പൊ തന്നെ പോയി… ഇപ്പൊ ഞാനും ഭയങ്കര തിരക്കിലാണ്…. അവധി തീർന്ന കൊണ്ട് ഞായറാഴ്ചകളിലും രണ്ടാംശനിയും നാലാംശനിയും മാത്രേ ഫ്രീ ആയിട്ടുള്ളു… രാവിലെ ആരവേട്ടന്റെ കൂടെയാണ് ബാങ്കിൽ പോകുന്നത്.. വൈകുന്നേരം കൊണ്ടോരാൻ വരാന്നു പറയുമ്പോ വേണ്ടന്ന് ഞാൻ പറയും… അല്ലെങ്കിൽ തന്നെ ഭയങ്കര തിരക്കുള്ള ആളാണ്…പിന്നെ,, വീട്ടിലോട്ട് അധികം ദൂരവുമില്ല… അതുകൊണ്ട് ബസിൽ പോവാം.. ഞായറാഴ്ച ആയതു കൊണ്ട് ഇന്നെല്ലാവരും ഉണ്ടിവിടെ… ആരവേട്ടനും… ചുമ്മാ ഇരുന്നപ്പോൾ എന്തോ സ്കൂട്ടർ ഓടിക്കാൻ പഠിച്ചാൽ കൊള്ളാന്ന് തോന്നി…. ബാൽക്കണിയിൽ ആരവേട്ടൻ വെറുതെ ഇരുപ്പുണ്ട്. ഇന്നലെ വീട്ടിലേക്കു വന്നത് കൂടെ വർക്ക് ചെയ്യുന്ന മീരയുടെ കൂടെ അവളുടെ വണ്ടിയിലാണ്… അപ്പൊ തൊടങ്ങിയ ആഗ്രഹമാണ്.. അവൾക്ക് എല്ലാ വണ്ടിയും ഓടിക്കാൻ അറിയാം… മിത്തുവിനും ലൈസൻസ് ഒക്കെ ഉണ്ട്… അന്ന് എനിക്കിങ്ങനെ ഒരാഗ്രഹം തോന്നിയില്ല…
മെല്ലെ ബാൽക്കണിയിലേക്ക് നടന്നു. ബീൻ ബാഗിലിരുന്നു പുറത്തേക്കു നോക്കി ഇരിക്കുന്ന ആരവേട്ടന്റെ അടുത്ത് ചെന്നു. എന്നെ നോക്കിയപ്പോൾ ഒന്ന് ചിരിച്ചു. “എന്താ മൃദു… എന്തേലും പറയാൻ ഒണ്ടോ…? ” ഞാൻ നിന്ന് പരുങ്ങിക്കളിക്കുന്ന കണ്ടു ചോദ്യം വന്നു. “അത്… ആരവേട്ടൻ ഇപ്പൊ ചുമ്മാ ഇരിക്കുവല്ലേ… ” “അല്ലല്ലോ?….. “ഒരീണത്തിൽ പറഞ്ഞപ്പോൾ എന്നെ കലിപ്പിക്കുവാണെന്ന് മനസിലായി.
ചുണ്ടും കോട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോ ടോപ്പിൽ പിടിച്ചു പിന്നിലേക്ക് വലിച്ചു… “ഹ…പിണങ്ങി പോവാതെ….. കാര്യം പറയ്…” “കാര്യം പറഞ്ഞാൽ സാധിച്ചു തരുവോ…..? ” കുറുമ്പോടെ ചോദിക്കുമ്പോ കേൾക്കാൻ ആരവേട്ടനും ആകാംഷയോടെ ഇരിക്കുന്ന കണ്ടു… “പിന്നില്ലാതെ…… ” “അത്… അത്.. ‘ന്നെ ‘ വണ്ടി ഓടിക്കാൻ പഠിപ്പിക്കുവോ….? ” “അത്രേ ഒള്ളോ…. അതിനെന്താ… വാ…. ഇപ്പോ തന്നെ പഠിപ്പിച്ചിട്ട് കാര്യം” സമ്മതിക്കില്ലന്നാണ് ഞാൻ കരുതിയത്…. എന്നേക്കാൾ മുന്നേ ആള് ദേ ചാടി ഇറങ്ങി പോണു…. പോർച്ചിലേക്ക് നോക്കി ഞാൻ നിക്കുമ്പോ ആരവേട്ടൻ ചാവിയുമായി വന്നിരുന്നു… “എങ്ങോട്ടാടാ… ” അമ്മയാണ്… “ഞങ്ങൾ ദേ ഇവിടം വരെ….. ഗ്രൗണ്ടിൽ… ” Rx 100 ഇൽ കയറിയിരുന്നു പുറകോട്ടു എടുത്തു അമ്മയോടു പറയുമ്പോൾ എന്നെയും നോക്കി,,, വണ്ടി ഓടിക്കാൻ പഠിപ്പിക്കാമോ എന്നാണ് ഞാൻ ചോദിച്ചത്…… സ്കൂട്ടറായിരിക്കും എടുക്കുക എന്നാണ് ഞാൻ വിചാരിച്ചത്…. ഈ ബൈക്കിൽ ഇതുവരെ ഞാൻ കേറിയിട്ട് കൂടിയില്ല…. ഇതിൽ എന്നല്ല ഒന്നിലും.. പോരാത്തതിന് സൈക്കിൾ ഓടിച്ചുളള പരിചയം മാത്രേ ഒള്ളൂ… ബൈക്കിന്റെ ഹോൺ സൗണ്ട് കേട്ടാണ് ശ്രദ്ധ തിരിഞ്ഞത്. അമ്മ കയറി പോയിരുന്നു.. കേറാൻ കണ്ണ് കൊണ്ട് കാണിച്ചു..
ഇതിപ്പോ എങ്ങനെ കേറും… “ആഹാ ഇപ്പളെ ഇങ്ങനെ നിന്ന് കൺഫ്യൂഷൻ അടിച്ചാൽ എങ്ങനെ പഠിക്കാനാ…? ” “അത് എനിക്ക് ഇതിൽ കയറി വശമില്ല…. “തല താഴ്ത്തിയാണ് പറഞ്ഞത്.. “എന്റെ തോളിൽ പിടിച്ചു അതിൽ ചവിട്ടി കയറിക്കോ… ” ഫുഡ് റെസ്റ്റിൽ ചവിട്ടി ഒരുവിധം അതിൽ കയറി അടുത്തുള്ള ഗ്രൗണ്ട് വരെ ചെന്നു… “ഇറങ്ങ്.. ” ഗ്രൗണ്ടിൽ ആളില്ലാത്ത കൊണ്ട് അല്പം ആശ്വാസം തോന്നി… കൊണ്ട് ഉരുട്ടി മറിച്ചിട്ടാലും ആരോഗ്യക്ഷതമല്ലേ ഒള്ളൂ… മാനഹാനി ഇല്ലല്ലോ.. ഞാൻ ഇറങ്ങി നിന്നപ്പോ ആരവേട്ടൻ പിന്നോട്ട് നീങ്ങിയിരുന്നു ഫ്രണ്ടിൽ കയറാൻ പറഞ്ഞു…. പുറകിൽ നിന്ന് ഹാൻഡിൽ പിടിച്ച ആരവേട്ടന്റെ കൈക്ക് മുകളിൽ ഞാനും കൈവച്ചു…. താക്കോൽ ഇട്ട് ഓൺ ആക്കി പതുക്കെ ഓടിച്ചു തുടങ്ങി… ആഗ്രഹം പോലല്ല… കേറിയപ്പോ നല്ല പേടി…. ഇങ്ങോട്ടു അങ്ങോട്ട് ന്നൊക്കെ പറഞ്ഞു ആരവേട്ടൻ പിന്നിൽ തന്നെയുണ്ടായിരുന്നു. അത് മാത്രമായിരുന്നു കുറച്ചു ആശ്വാസം. പിള്ളേർ സെറ്റൊക്കെ കളിക്കാൻ വന്നു തുടങ്ങിയപ്പോ ഞങ്ങൾ തിരിച്ചു പോന്നു. രാത്രിയിൽ ഊണ് കഴിഞ്ഞു അച്ഛനും അമ്മയുമൊക്കെയായി ഒത്തു കൂടി വർത്താനം പറഞ്ഞോണ്ടിരിന്നപ്പോ എന്റെ വണ്ടി ഓടിക്കൽ പരിശീലനത്തെ പറ്റി പറഞ്ഞു ആരവേട്ടൻ വാരുന്നുണ്ടായിരുന്നു… പുറമെ ഗൗരവം നടിച്ചു ഇരുന്നെങ്കിലും ഞാൻ അതെല്ലാം നല്ലോണ്ണം ആസ്വദിക്കുന്നുണ്ടായിരുന്നു….. എന്റെ ജീവിതം ഒരു കണ്ണീർ പുഴയാകുമെന്ന് കരുതിയിടത്ത് നിന്ന് സന്തോഷത്തിന്റെ ദിനങ്ങൾ വന്നു തുടങ്ങിയപ്പോ ഒരുപാട് നന്ദി ദൈവത്തിനു പറഞ്ഞു.. തുടരും..

by