രചന – അളകനന്ദ
മിത്തു അന്നേരത്തേക്കും സ്ഥലം കാലിയാക്കി. അവളുടെ പുറകെ ഞാനും ഇറങ്ങി. സന്ധ്യ ചെഞ്ചായം പൂശിത്തുടങ്ങി മാനത്തെങ്ങും….. കൂടണയുന്ന പക്ഷികളുടെ തിരക്കുകൂട്ടലുകൾ നോക്കി അടുക്കളയുടെ ഇറയത്ത് ഇരുന്നപ്പോളാണ് മിത്തു ഫോണിലും കുത്തി എന്റെ അടുത്ത് വന്നിരുന്നത്. ഫോൺ കയ്യിൽ വച്ചു എന്നെ നോക്കിയിരിക്കുന്ന കണ്ടപ്പോൾ പിരികം പൊക്കി എന്തേന്ന് ചോദിച്ചു. “നീ എന്റെ ഐ ലൈനർ എടുത്തോ? ” “അത് അവിടെ ഇരുന്നപ്പോൾ മാറ്റി വക്കാൻ.. ” കയ്യിലെ ക്യുട്ടക്സ് കളയുന്ന പോലെ ഇരുന്നു പറഞ്ഞു. സത്യത്തിൽ ആ കുപ്പിയിൽ ഇത്തിരി വെള്ളം കലർത്തി വച്ചാലോ എന്ന് ചിന്തിച്ചിരുന്നു.
മിത്തു അല്ലെ ആള് ഒറ്റ നോട്ടത്തിൽ അതൊക്കെ കണ്ടു പിടിക്കുന്നകൊണ്ട് ആ പണിക്ക് നിന്നില്ല. പിന്നെ ഒട്ടു സമയവും കിട്ടിയില്ലല്ലോ. “നീ എന്തിനാ കള്ളം പറയുന്നത്.? അതെടുത്തന്ന് പറഞ്ഞ ഞാൻ എന്താ അടിയുണ്ടാക്കാൻ വരുവോ….” ഗൗരവം ആണ്. കള്ളം പറഞ്ഞതാണന്ന് മനസിലായി. അല്ലേലും അവളുടെ അടുക്കൽ ഒരടവും നടക്കില്ല “എടി ഞാൻ ചുമ്മ. കണ്ടപ്പോൾ എഴുതാൻ തോന്നി. ” “മ്മം…. നീ അത് എഴുതാറില്ലല്ലോ… അത് കൊണ്ട് ചോദിച്ചുന്നേ ഒള്ളൂ “അമർത്തിയുള്ള മൂളൽ കേട്ടിട്ട് ഗൗരവം വിട്ട ലക്ഷണമില്ല. “അളിയനുമായിട്ട് എന്തേലും പ്രശ്നമുണ്ടോ? ” ഫോണിൽ നോക്കിയിരുന്നാണ് ചോദിക്കുന്നതെങ്കിലും ശ്രദ്ധ എന്നിൽ നന്നായി പതിപ്പിച്ചിട്ടുണ്ടെന്നറിയാം. കള്ളം പറഞ്ഞാൽ പിടിക്കപ്പെടും.. “എന്ത് പ്രശ്നം… നിനക്ക് അങ്ങനെ തോന്നിയോ? ” മറുപടി പറയാതെ അവളോട് ചോദിച്ചു.
“ചെറുതായിട്ട്. ” “ഉണ്ട്… ചെറിയൊരു സൗന്ദര്യപിണക്കം. അല്ലാതെ ഒന്നുല്ല ” “അല്ലാതെ ഒന്നുല്ലേ? ” അവൾ വിടുന്ന മട്ടില്ല. “ഒന്നുല്ലന്ന് നിന്നോടല്ലേ ഇപ്പൊ പറഞ്ഞത്. എന്താ എന്തെങ്കിലും വേണോ? ” ശബ്ദം ഉയർന്നു പോയിരുന്നു. മിത്തുവിന്റെ മുഖത്ത് ഞെട്ടൽ. “അതിനു എന്തിനാ നീ ദേഷ്യപ്പെടുന്നത്. നിങ്ങൾ വന്നപ്പോൾ മൊതല് എനിക്കങ്ങനെ തോന്നി. സംമ്തിങ് റോങ്ങ്. ! നീ ആരോടും തമാശക്ക് പോലും രണ്ടു മിനിറ്റ് പിണങ്ങി ഞാൻ കണ്ടിട്ടില്ല. ” ശാന്തമായി അവളുടെ സ്വരം. ആദ്യത്തെ ഗൗരവമൊക്കെ വിട്ടു. ആദ്യമായാണ് ഇത്രയും ശബ്ദമുയർത്തി സംസാരിക്കുന്നത്. അവൾ അകത്തേക്ക് പോകാൻ തിരിഞ്ഞപ്പോൾ വാതിലിന്റെ അവിടെ ആരവേട്ടൻ നിൽക്കുന്നത് കണ്ടു. “അച്ഛൻ വിളിക്കുന്നു. ” ആരവേട്ടൻ എന്നെ നോക്കി പറഞ്ഞപ്പോൾ മിത്തുവിനെ ഒന്നൂടി നോക്കിയിട്ട് ഞാൻ അവിടുന്ന് പോയി.
ഞാൻ എന്തിനാണ് അവളോട് ദേഷ്യപ്പെട്ടത്… അത്രക്കും ശബ്‌ദമുയർത്തണ്ടായിരുന്നു. അവൾക്ക് നല്ല വിഷമം തോന്നിയിട്ടുണ്ട്. കള്ളം പിടിക്കപ്പെടുമെന്ന് തോന്നിയപ്പോ ഞാൻ പോലും അറിയാതെ പറഞ്ഞു പോയതാണ്. എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു. ഒഴുകി ഇറങ്ങിയ കണ്ണീർ തുടച്ചു അച്ഛന്റെ അരികിലേക്ക് നടന്നു 🥀 പിറ്റേന്ന് തന്നെ ഞങ്ങൾ തിരിച്ചു പോന്നു. മിത്തുവിനോട് പോയി സോപ്പിട്ടു തലേന്ന് തന്നെ പിണക്കം മാറ്റിയിരുന്നു. അവളുടെ കൂടെ കെട്ടിപിടിച്ചു കിടന്നുറങ്ങി. അല്ലങ്കിലും അവളോട് പിണങ്ങി ഇരുന്നിട്ടില്ല ഇതുവരെ… ഇറങ്ങാൻ നേരത്ത് അവളെ നോക്കി കുറെ നേരം നിന്നു ,,, എന്തെങ്കിലും പറയാൻ ഒണ്ടെങ്കിൽ അത് പറയണമെന്ന് നിനക്ക് തോന്നുമ്പോൾ ഒന്ന് വിളിച്ച മതി. ഞാൻ ഓടിയെത്തുമെന്നവൾ തോളിൽ തട്ടി പറഞ്ഞപ്പോ നിറയാൻ തുടങ്ങിയ മിഴികളെ ഒളിപ്പിക്കാൻ വേഗം ചെന്ന് വണ്ടിയിൽ കയറി.
സത്യച്ഛനും ചിത്രാമ്മയും അവിടുത്തെ വിശേഷങ്ങളൊക്കെ തിരക്കി. ഇനി ഇവിടുത്തെ കുടുംബക്കാരുടെ വീട്ടിലൊക്കെ പോണം. സത്യച്ഛന്റെ ചേട്ടൻ സുധാകരൻ വല്യച്ഛന്റെ പക്കൽ പോയിട്ട് മതി ബാക്കിയെന്നു അച്ഛൻ പറഞ്ഞപ്പോ ആരവേട്ടൻ താത്പര്യമില്ലാത്ത മട്ടിൽ തലകുലുക്കി പോയി. ഇവിടെ അടുത്ത് തന്നെ ആയത് കൊണ്ട് നടന്നാണ് പോയത്. സത്യച്ഛന്റെ അതേ ചായആണ് സുധാകരൻ വല്യച്ഛനും. വല്യമ്മ എന്നെ നോക്കാതെ ആരവേട്ടനെ മാത്രം നോക്കി അകത്തേക്ക് വിളിച്ചപ്പോ കണ്ണ് കൊണ്ട് വരാൻ കാട്ടി ആരവേട്ടൻ. വല്യച്ഛനൊക്കെയൊരു മകനാണ് ഉള്ളത്. ആ ഏട്ടൻ ഗൾഫിലാണ്. “എന്താടാ നിനക്ക് ഭാര്യയെക്കാണിക്കാൻ ഇവിടെ വരെ ഒന്ന് വരാൻ ഇത്ര ബുദ്ധിമുട്ട്. അതോ നാണക്കേട് ആയകൊണ്ടാണോ? ” “നാണക്കേടോ? വല്യമ്മ എന്താ ഉദ്ദേശിച്ചത്,? ” മുഖം ചുളിച്ചു സംശയ ഭാവത്തിൽ ആരവേട്ടൻ ചോദിക്കുമ്പോ അത് എന്നെയാകുമെന്ന് ഞാൻ നിനച്ചു.
വന്നപ്പോൾ മുതൽ എന്നെ നോക്കുമ്പോ മാത്രം ഒരു തരം പുച്ഛം ഞാൻ ആ മുഖത്ത് കണ്ടിരുന്നു. “എന്റെ ചേച്ചിടെ മോൾ സുചിയെ നിനക്ക് ആലോചിച്ചതല്ലേ….. സൗന്ദര്യവും സമ്പത്തും വിദ്യാഭ്യാസവും എല്ലാമുണ്ടായിരുന്നു. ഇതിപ്പോ നല്ല ജോലിയോ ഇല്ല……. ഇത്തിരി തൊലിവെളുപ്പേലും ഉണ്ടായിരുന്നേൽ വേണ്ടിയിരുന്നില്ല…… അതുമില്ല.. ” ചാട്ടവാറിനു അടിയേറ്റ പോലെ പുളഞ്ഞു ഞാൻ….. വല്യച്ഛൻ എന്തോ താക്കീതുകൊടുക്കാൻ ശബ്ദം ഉയർത്തുന്നതിന് മുന്നേ ആരവേട്ടൻ ഇരുന്നിടത്തു നിന്നും ആയത്തിൽ എണീറ്റു. ഞാനും ഇരുന്നിടത്ത് നിന്നെണീറ്റു. “മതി നിർത്തിക്കോ… ഇനിം എന്റെ ഭാര്യയെപ്പറ്റി എന്തേലും പറഞ്ഞാൽ കേട്ട് നിന്നെന്ന് വരില്ല. വല്യമ്മയെന്ന സ്ഥാനം നൽകിയതിന്റെ പേരിൽ മാത്ര ഞാനൊന്നും പറയാത്തത്. ” “ഓഹോ… ഇന്നലെ വന്ന ഇവൾക്ക് വേണ്ടിയാണോ നീ എന്നോട് ചൂടാവുന്നത്…. വന്നു കയറിയപ്പോ തന്നെ കൈ വിഷം കൊടുത്തോ? ” ചുണ്ട് ഒരു വശത്തെക്ക് കോട്ടി എന്നോടായി.
“ചന്ദ്രേ…”വല്യച്ഛൻ ദേഷ്യത്തോടെ വിളിച്ചു. “പൊന്നിനെ പെണ്ണുമായിട്ട് തൂക്കുമ്പോ നഷ്ടപ്പെടുന്നത് ബന്ധങ്ങൾടെ പവിത്രതയാണ്. പണവും പ്രതാപവും നോക്കി ആളുകളോട് മിണ്ടുന്നവർക്ക് എന്ത് ബന്ധങ്ങൾ അല്ലെ….. പിന്നെ,,, ഒരു കാര്യം കൂടി….. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനും എന്റെ അച്ഛനും അമ്മയുമാ.. ഒരു മകൻ ഒണ്ടല്ലോ… ആ മകന്റെ കാര്യങ്ങൾ മാത്രം നോക്കിയ മതി. എന്റെ ജീവിതത്തിൽ ഇടപെടാൻ വരണ്ട…. ” ഒട്ടും മയമില്ലാതെ അറുത്തു മുറിച്ചു പറഞ്ഞു ആരവേട്ടൻ. “വല്യച്ഛ…ഞങ്ങൾ ഇറങ്ങുവാ…… ” “മോനെ… “ആ വിളി കേൾക്കാത്ത പോലെ ആള് ഇറങ്ങി നടന്നു. പിന്നാലെ പോകാൻ നിന്ന എന്റെയടുക്കൽ വന്നു വല്യച്ഛൻ ദയനീയമായി നിന്നു. “കുട്ടി ക്ഷമിക്കണം… വിവരമില്ലായ്മ കൊണ്ട് വിളിച്ചു പറയണതാ… ” അവസാനം ഭാര്യയുടെ മുഖത്തേക്ക് തീക്ഷ്ണമായി നോക്കി… “മൃദു…. വാ.. ” ആരവേട്ടൻ മുറ്റത്ത് നിന്നും വിളിച്ച കേട്ട് തിടുക്കപ്പെട്ടു ഇറങ്ങി.
മൃദു….. ആദ്യമായി ആ നാവിൽ നിന്നും എന്റെ പേര് കേട്ടതിന്റെ അമ്പരപ്പിലായിരുന്നു ഞാനെങ്കിലും ആരവേട്ടൻ അപ്പോളും മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിക്കാൻ നോക്കുകയാണ്. ആദ്യം കണ്ടപ്പോഴൊന്നും ഇത്രയും വേഗം ദേഷ്യം വരുന്ന ആളാണന്ന് കരുതിയില്ല. എനിക്കും ദേഷ്യം വന്നിരുന്നു. പക്ഷേ, ഒരുപടി മുന്നിൽ സങ്കടം തന്നെയായിരുന്നു. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലുള്ള അപമാനം…. അതെന്റെ ഹൃദയത്തെ കീറി മുറിച്ചു….. ഇപ്പോഴല്ല…. പണ്ടേ…. ആ മുറിവ് ഉണങ്ങാൻ അനുവദിക്കാതെ പലരും വീണ്ടും അതിനെ മാന്തി പൊളിക്കുന്നു… ഹൃദയം കിനിഞ്ഞൊഴുകുന്ന ചോരതുള്ളികൾ എന്റെ കവിളിലൂടെ ഒളിച്ചിറങ്ങുമായിരുന്നു. ഇന്നവ കട്ട പിടിച്ചു ഉറഞ്ഞു കൂടി അവിടെ തന്നെ നിക്കുന്നു. വെളുപ്പിനെ കറുപ്പിനേക്കാൾ ഭംഗിയുള്ളതാക്കിയതാരാണ്…..? കറുപ്പിന് ഏഴഴകാണെന്ന് പറയുമ്പോഴും ബാക്കി തൊണ്ണൂറ്റി മൂന്നും വെളുപ്പിനാണെന്നവർ നിശബ്ദമായി മൊഴിയുന്നുണ്ട്.
ഇരുനിറമായിരുന്നിട്ട് കൂടി എനിക്ക് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുന്നു….. ‘ഇതിപ്പോ നല്ല ജോലിയോ ഇല്ല……. ഇത്തിരി തൊലിവെളുപ്പേലും ഉണ്ടായിരുന്നേൽ വേണ്ടിയിരുന്നില്ല…… അതുമില്ല.. ‘വീണ്ടും ആ കാര്യം തന്നെ കർണ്ണപുടത്തിൽ അലയടിക്കുന്നു. നിറവും, പണവും, പദവിയും നോക്കിയുള്ള ഒരു കമ്പോള കച്ചവടമായി മാറിയിരിക്കുന്നു വിവാഹം. നടന്നു വീടെത്തിയതറിഞ്ഞില്ല.. അച്ഛനും അമ്മയും മുന്നിൽ തന്നെയുണ്ടായിരുന്നു. “നിങ്ങളെന്താ ഇത്ര പെട്ടന്ന് പോന്നത്? ” അമ്മയാണ്. അച്ഛനും അത് തന്നെയാണ് ചോദിക്കാനുള്ളതെന്ന് മുഖത്ത് എഴുതി വച്ചിട്ടുണ്ട്. ആരവേട്ടൻ ഒന്നും പറയാതെ കയറിപ്പോയി. രണ്ടു പേരും ഇപ്പോ എന്നെയാണ് നിരീക്ഷിക്കുന്നത്. എന്താ പറയ്യാ..? “ചന്ദ്ര വല്ലോ കുഴപ്പം ഉണ്ടാക്കിയോ? ” അച്ഛനെ നോക്കി ഒന്നും മിണ്ടാതെ നിക്കാനെ പറ്റിയുള്ളൂ. എന്റെ പേരിൽ വല്യച്ചനോടും വല്യമ്മയോടും ആരവേട്ടൻ അടിയുണ്ടാക്കിയെന്നറിഞ്ഞ എന്നോട് ദേഷ്യവുമോ…? “മോള് ചെല്ല്… പിന്നെ സംസാരിക്കാം… “ആ വാക്കുകൾ കേക്കാനിരുന്ന പോലെ ഞാൻ അകത്തേക്ക് ഓടി.
ആരവേട്ടൻ കണ്ണിനു കുറുകെ കൈകൾ വച്ചു കിടക്കുന്നുണ്ട്. എന്നോടൊന്നും മിണ്ടാൻ വന്നില്ല. 🥀 “മൃദു….. ” ഉറക്കം വരാതെ ഇന്നത്തെ സംഭവവികാസങ്ങൾ ഒന്ന് മനസിലൂടെ ഓടിച്ചപ്പോഴാണ് ആരവേട്ടന്റെ സ്വരം…. എന്നെ തന്നെയാണോ….? മൃദുന്നു തന്നെയാവുമോ…? ഇനി ഉറക്കത്തിലാണോ..അറിയാതെ വിളിച്ചതാവുമോ? “ഉറങ്ങിയോ….? “ഓരോന്നാലോചിച്ചോണ്ടിരുന്നപ്പോ വീണ്ടും ആ ശബ്ദം… “ഇല്ല.. ” “വിഷമായോ? ” ഇത്രയും നേരം തോന്നിയിരുന്ന വിഷമമെല്ലാം ഉരുകി ഇല്ലാണ്ടായ പോലെ…. ആരവേട്ടന്റെ ഈ ചോദ്യമൊന്നും പ്രതീക്ഷിച്ചിരുന്നില്ല…. ആ വല്യമ്മയോട് ഇപ്പോ നന്ദി പറയണമെന്ന് തോന്നുന്നു. ഇത്രയും നാൾ ഒഴിഞ്ഞു മാറി നടന്ന ആരവേട്ടൻ എന്നോട് സംസാരിക്കാൻ കാരണമായതു കൊണ്ട്….. “ഇല്ല… “പതിഞ്ഞ ശബ്‌ദത്തിൽ ഞാനും പറഞ്ഞു. “മം…… ആരെങ്കിലും എന്തേലും പറഞ്ഞാൽ അത് കേട്ടോണ്ട് നിൽക്കണ്ട… തിരിച്ചു നന്നായി പറയണം.ബഹുമാനം ആവാം… അർഹിക്കുന്നവർക്ക്…. ” മറുപടിയായി ഒന്ന് മൂളിയതേയുള്ളു ഞാൻ….തുടരും.

by