രചന – അളകനന്ദ
ഇത്രയും ദിവസം അവൾ പറയുന്നത് കേട്ടില്ലേ.. ഇനി എന്റെ ഭാഗം കൂടി കേൾക്ക്… എല്ലാ നാണയത്തിനും ഇരുവശം ഇല്ലേ…. ഈ ഞാൻ ആരാണന്നാണോ…? ഞാൻ ആരവ് സത്യ…. 🥀 എവിടുന്ന് പറഞ്ഞു തുടങ്ങണമെന്ന് അറിയില്ല…. എല്ലാവരുടെയും ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ടൊരു ചടങ്ങ് തന്നെയാണ് വിവാഹം…. എന്ന് കരുതി വിവാഹം കൊണ്ടേ ഒരാളുടെ ജീവിതം പൂർണമാകു എന്നൊന്നുമില്ല. ഒട്ടുമിക്ക ആളുകൾക്കും അവരുടെ വിവാഹത്തെക്കുറിച്ചും പങ്കാളിയാകുന്ന ആളെക്കുറിച്ചുമൊക്കെ സങ്കല്പങ്ങളും പ്രതീക്ഷകളുമൊക്കെ കാണും… പക്ഷേ,,, എനിക്ക് അങ്ങനെ പ്രത്യേകിച്ച് വല്യ കോൺസെപ്റ്റ്സ് ഒന്നുമില്ലായിരുന്നു….
ഒരു കല്യാണത്തെപ്പറ്റി അമ്മയും അച്ഛനും നിർബന്ധിക്കുമ്പോൾ മാത്രമാണ് ഓർക്കാറ് കൂടി….. ഓരോ പ്രൊപോസൽസ് അച്ഛനും അമ്മയും മുന്നോട്ട് വക്കുന്ന സമയത്താണ് ഞാൻ മിഥുവിനെ കാണുന്നത്. കാർ സർവീസിനു കൊടുക്കാൻ ടെക്സ്റ്റൈൽസിൽ നിന്ന് ഷോറൂമിലേക്ക് പോവാനിറങ്ങിയതായിരുന്നു പ്രായമായൊരു സ്ത്രീയെ ഓട്ടോക്കാരൻ തട്ടിയിട്ട് ശ്രദ്ധിക്കാതെ പോകാൻ നോക്കിയപ്പോ സ്വന്തം സ്കൂട്ടർ കൊണ്ട് മുന്നിൽ വളച്ചു നിർത്തി അയാളോട് ധൈര്യത്തോടെ,,, തന്റേടത്തോടെ,,, ഉറച്ച ശബ്‌ദത്തോടെ സംസാരിക്കുകയായിരുന്നു അവളപ്പോൾ…. ചുറ്റും കൂടി നിൽക്കുന്ന പല പുരുഷകേസരികളും മൗനം വിദ്വാനു ഭൂഷണം എന്ന മട്ടിൽ നിക്കുവായിരുന്നു…
ഏറെ നേരെത്തെ അവളുടെ ഒറ്റയാൾ പോരാട്ടത്തിനൊടുവിൽ ആ ഓട്ടോക്കാരന്റെ വണ്ടിയിൽ കയറ്റി തന്നെ അവൾ അവരെ ഹോസ്പിറ്റലിൽ കൊണ്ട് പോയി… എന്തോ…. എനിക്ക് കല്യാണമാലോചിക്കുന്നുണ്ട് അപ്പൊ പിന്നെ ഇവളെ ആയല്ലോന്ന് ചിന്തിച്ചു. അത്രേ ഉണ്ടായിരുന്നുള്ളൂ.. കല്യാണക്കാര്യം പറയുമ്പോൾ ഒഴിഞ്ഞുമാറുന്ന ഞാൻ ഒരു പെൺകുട്ടിയുടെ കാര്യം അങ്ങോട്ട് പോയി പറഞ്ഞകൊണ്ടാവും ഒട്ടും താമസിക്കാതെ എന്നെ പോലുമറിയിക്കാതെ അച്ഛനും അമ്മയും അവളുടെ വീട്ടിൽ ഞാൻ ഇല്ലാത്ത തക്കം നോക്കി പോയത്. ഞാൻ തിരിച്ചു വന്നപ്പോഴും എന്നോടൊന്നും പറഞ്ഞിരുന്നില്ല.അവർക്ക് സമ്മതമാണെന്ന് അറിയിച്ചശേഷമാണ് എന്നോട് അവിടെ പോയതും കല്യാണമുറപ്പിച്ചതും പറഞ്ഞത്. മിഥു അല്പം മോഡേൺ ആയത് കൊണ്ട് അത്ര വേഗം അച്ഛനും അമ്മയും അംഗീകരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നില്ല …..
പക്ഷേ,, ഇതിപ്പോ രണ്ടാൾക്കും നല്ല ബോധിച്ച മട്ടായിരുന്നു. മിഥുവിന്റെ പേരൊക്കെ അന്ന് ഞാൻ തിരക്കിയിരുന്നു…. അതു കൊണ്ടാണ് പിന്നീട് കാര്യങ്ങൾ അറിയാൻ വഴി വച്ചത്. അച്ഛനും അമ്മയും മൃദുന്ന് പറയുന്ന കേട്ടാണ് ഒരു ദിവസം ഞാൻ വീട്ടിലോട്ട് കയറി ചെന്നത്…. അവർ പറയുന്നത് ശ്രവിച്ച് നിന്നപ്പോ തന്നെ ഏകദേശ കാര്യങ്ങൾ പിടി കിട്ടി.അവൾക്കു ഒരു ട്വിൻ സിസ്റ്റർ ഉണ്ടെന്നും ആ കുട്ടിയെയാണ് എനിക്ക് വേണ്ടി കല്യാണമുറപ്പിച്ചതെന്നും അപ്പോഴാണ് ഞാൻ അറിഞ്ഞത്…. അച്ഛനോടും അമ്മയോടും ഒന്നും പറയാൻ നിന്നില്ല. കല്യാണം ഉറപ്പിച്ചിട്ട് രണ്ടാഴ്ച ആയിരിക്കുന്നു. ഒരു പെൺകുട്ടിക്ക് ആശ കൊടുത്തിട്ട് അതില്ലാണ്ടാക്കാൻ തോന്നിയില്ല..
ഇന്നേവരെ എല്ലാ കാര്യങ്ങളും എന്റെ ഇഷ്ടമായിരുന്നു… ഒറ്റ മകൻ എന്നതിന്റെ സർവ്വ സ്വാതന്ത്ര്യവും അനുഭവിച്ചു തന്നെയാണ് വളർന്നത്. ഇപ്പോ ഈ കല്യാണം പോലും എന്റെ ഇഷ്ടം ആയിരുന്നു.. പക്ഷേ,, അതിലൊരു ചെറിയ തെറ്റ് പറ്റി… അല്ല ഇതായിരുന്നു ശരി.. മിഥുവിനോട് എനിക്ക് അഗാധമായ പ്രണയം ഒന്നുമല്ലായിരുന്നല്ലോ….. മുളച്ചു പൊങ്ങുമ്പോ തന്നെ പിഴുതെറിയാൻ എളുപ്പമാണ്….. വേര് പിടിച്ചു പടർന്നു പന്തലിച്ചു കഴിഞ്ഞാൽ പിന്നെ വലിച്ചെറിയാൻ ബുദ്ധിമുട്ടാണ് . മൃദു ഇന്നെന്റെ നെഞ്ചിൽ ആഴത്തിൽ വേരൂന്നി പടർന്നു പന്തലിച്ചു നിൽക്കുന്നൊരു വൃക്ഷമാണ്… കല്യാണത്തിന് മുൻപ് അവളെ പലപ്പോഴും പലയിടത്തും ഞാൻ കണ്ടിരുന്നു. പക്ഷേ,, എന്നെ ഒരിക്കൽ പോലും കണ്ടിരുന്നില്ല…. കാണാൻ ഞാൻ സാഹചര്യമൊരുക്കിയിരുന്നില്ല …
ഓരോ കൂടിക്കാഴ്ച നിശ്ചയിക്കുമ്പോഴും ഞാൻ ഒഴിഞ്ഞു മാറിയിരിന്നു. അത് അവളോടുള്ള ഇഷ്ടക്കേട് കൊണ്ട് അല്ലായിരുന്നു…. എന്തോ ഒരു അസ്വസ്ഥത…. അവളെ നേരിടാനൊരു മടി…. എന്തായാലും സംഭവിച്ചത് തുറന്നു പറഞ്ഞെ ഞങ്ങളുടെ ജീവിതം ആരംഭിക്കൂ എന്ന് മനസിൽ ഒരു ദൃഡമായ തീരുമാനം എടുത്തിരുന്നു. എൻഗേജ്മെന്റിനു മൃദു എന്നെ കണ്ടപ്പോൾ ഒരു നോക്ക് മാത്രേ നോക്കിയുള്ളൂ…. പിന്നെ തലയുയർത്തിയതേ ഇല്ല… ആളൊരു പഞ്ചപാവമാണെന്ന് മനസിലാക്കിയിരുന്നു…മിഥുവിനെ പോലെയല്ല….. പക്ഷേ,,, അവളുടെ നിൽപ്പ് കണ്ടിട്ട് നാണം കൊണ്ടാണെന്ന് തോന്നിയില്ല… അത് എന്റെ മനസിൽ ഒരു നെരിപ്പോട് ഉണ്ടാക്കിയിരുന്നു….. ഇനി അവൾക്ക് എന്നെ ഇഷ്ടമായില്ലേ എന്നൊരു ചിന്ത അതുകൊണ്ട് തന്നെ എന്റെ മുഖത്തും അത്ര തെളിച്ചമുണ്ടായിരുന്നില്ല…
ഫോണിൽ വിളിക്കണമെന്ന് പലപ്പോഴും വിചാരിക്കും… അവളുടെ നമ്പർ വരെ കാണാപാഠം പഠിച്ചു… ഡയൽപാടിൽ നമ്പർ മുഴുവൻ അടിച്ച കാൾ ബട്ടൺ വരെ എത്തിയിട്ട് എത്രയോ വട്ടം ബാക്ക് അടിച്ചു കളഞ്ഞിട്ടുണ്ട്.. കല്യാണദിവസം പുടവയുടുത്ത് വന്നപ്പോൾ അവളെക്കാണാൻ അതിസുന്ദരിയായിരുന്നു…. ഇരുനിറമാണെങ്കിലും ഐശ്വര്യമാർന്ന കുഞ്ഞു മുഖം…. മുഖത്ത് ഏറ്റവും ഭംഗി ചാരകളറിൽ കിടക്കുന്ന ആ മറുക് ആണ്….. പലപ്പോഴും ആ മറുക് കടിച്ചെടുക്കാൻ തോന്നിയിരുന്നു… പക്ഷേ,,, കല്യാണദിവസം ആ കാക്കപ്പുള്ളി മറച്ചു… അത് നന്നായി… അല്ലെങ്കിൽ എന്റെ കണ്ട്രോൾ പോയേനെ… രാത്രിയിൽ അവൾ വരുന്നതിന് മുന്നേ പറയാനുള്ളത് പ്രാക്റ്റീസ് ചെയ്തു നോക്കണമെന്ന് വിചാരിച്ചിരിക്കുമ്പോൾ ആള് കേറി വന്നു… എങ്ങനെ പറഞ്ഞു തുടങ്ങണമെന്ന് ഒരെത്തും പിടിം ഇല്ലായിരുന്നു.. കൈകൾ കൂട്ടി തിരുമ്മി നിന്നപ്പോൾ അവൾ തന്നെയാണ് സംസാരിച്ചു തുടങ്ങിയത്… ചോദ്യം കേട്ട് ഞാൻ ഞെട്ടി….
എന്നെ ഇഷ്ടമായില്ലേയെന്ന്…. അതിലൊരു വിഷാദം കലർന്ന പോലെ…. ശരിയാണ്… ഒരിക്കൽ പോലും വിളിക്കുവോ സംസാരിക്കുവോ ചെയ്തിട്ടില്ല….. കൂടിക്കാഴ്ചകൾ തീരുമാനിച്ചപ്പോളെല്ലാം ഒഴിഞ്ഞു മാറി. അപ്പൊ പിന്നെ അവളിങ്ങനെ ചിന്തിച്ചില്ലെങ്കിലെ അത്ഭുതം ഒള്ളൂ.. പക്ഷേ പ്രശ്നം അതല്ലായിരുന്നു… കാര്യങ്ങൾ മൃദുവിനെ എങ്ങനെ പറഞ്ഞു കൺവീൻസ് ചെയ്യുമെന്നായിരുന്നു…. “ഞാൻ… എനിക്ക്….. എനിക്കിഷ്ടം തോന്നി വന്നു കല്യാണം ആലോചിച്ചത് മൃദുലയെ അല്ല മിഥുലയെ ആയിരുന്നു.” ഞാൻ പറയുന്നത് മുഴുവൻ കേക്കണമെന്ന് പോലും പറയാതെ തുടക്കത്തിലെ വന്ന വാക്കുകൾ ഇതാണ്….. വന്നു പോയ പിഴ ഓർത്തു സ്വയം ഉള്ളാൽ കുറ്റപ്പെടുത്തി… പിന്നെ പറയാൻ നാവു പൊന്തിയപ്പോഴേക്കും തലവേദനയെന്ന് പറഞ്ഞു അവൾ കിടന്നിരുന്നു…. അറിയാം….. ഒരു പെൺകുട്ടിയും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ.. അതും കല്യാണത്തിന്റെ അന്ന് തന്നെ…..
അവളെ ഒന്നൂടി നോക്കി അടുത്ത് പോയി കിടക്കുമ്പോളും ഇനിയെന്ത് എന്ന ചിന്ത എന്റെ മനസിനെ മദിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് ഞാനാണ് ആദ്യം എണീറ്റത്…. മൃദു നല്ല ഉറക്കമായിരുന്നു. കല്യാണത്തിന്റെ അലച്ചിൽ ഒക്കെ ആയിട്ട് ക്ഷീണം കാണും.. വിളിക്കാൻ പോയില്ല… കുറച്ചു നേരം അവളുടെ മുഖം നോക്കി കിടന്നു … മഞ്ഞുപോലൊരു പെണ്ണ്…. പേര് പോലെ അത്രയും മൃദുലം….. ജിം റൂമിൽ കേറി കഴിഞ്ഞു അവളെണീറ്റതോ പോയതോ അറിഞ്ഞില്ല. കുളിച്ചു ഫ്രഷായി വന്നപ്പോ അവൾ ഗ്രീൻ ടീ ആയിട്ട് വന്നു…. എങ്ങനെയേലും എല്ലാം അവളോട് തുറന്നു പറയണമെന്ന് കരുതിയിരുന്ന കൊണ്ട് അപ്പൊ തന്നെ പറയാൻ പോയത്…. അന്നേരത്തേക്കും എന്നെ പറയാൻ അനുവദിക്കാതെ അമ്പലത്തിൽ പോണന്ന് അമ്മ പറഞ്ഞന്ന് പറഞ്ഞു. പിന്നൊന്നും പറയണമെന്ന് തോന്നിയില്ല… ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു. സാരീ ഒക്കെ ഉടുക്കുമെന്ന ഞാൻ കരുതിയെ… ഒരു മുന്തിരി കളർ ചുരിദാർ ഇട്ട് ഇറങ്ങി പോണ കണ്ടപ്പോൾ എന്റെ അതേ കളറിലെ ഷർട്ട് എടുത്തിട്ടു ചെന്നു. ബൈക്കിൽ നോക്കി അവൾ നിൽക്കുന്ന കണ്ടിരുന്നു…
എനിക്കും അത് തന്നെയായിരുന്നു ഇഷ്ടം… പക്ഷേ,, അങ്ങോട്ടുള്ള റോഡ് ആകെ നാശമായി കിടക്കുവാണ് അതാ പിന്നെ കാർ എടുത്തത്. സീറ്റ് ബെൽറ്റ് ഇടാൻ കേറിയപ്പോ തന്നെ അവളോട് പറഞ്ഞു… രണ്ടാമത്തെ തവണയും പറഞ്ഞപ്പോൾ കേട്ട മട്ടില്ല… നോക്കിയപ്പോ വേറേതോ ചിന്തയിൽ മുഴുകി ഇരിക്കുവാ.. പിന്നെ ഞാൻ തന്നെ ഇട്ട് കൊടുത്തു… അമ്പലത്തിൽ എത്തിയിട്ടും അറിഞ്ഞില്ല…. വിളിച്ചപ്പോഴുള്ള ഞെട്ടലിൽ മനസിലായി…. അമ്പലത്തിൽ ചെന്നു തൊഴുതിറങ്ങിയവൾ ചന്ദനം തൊടുന്നത് കണ്ടപ്പോൾ എനിക്കും തൊട്ട് തരുമെന്ന് വിചാരിച്ചു. പക്ഷെ ഇലചീന്ത് എനിക്ക് നേരെ നീട്ടുകയാണവൾ ചെയ്തതു…… പിന്നെ അവിടെയുള്ള കണ്ണാടിയിൽ പോയി നോക്കി തൊട്ടു. തിരികെ വീട്ടിലേക്കുളള യാത്രയിൽ അവളോട് സംസാരിക്കാൻ ഇരുന്നതാണ്… ഗോഡൗണിലേക്ക് ചെല്ലണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ അവളെ വീടിന്റെ മുന്നിലിറക്കി… ഫുഡ് വെളിയിൽ നിന്നും കഴിക്കുമെന്ന് അമ്മയോടു പറയാൻ പറഞ്ഞെങ്കിലും അത് അവളോട് തന്നെ പറഞ്ഞതാണ്…. ഇനി എന്നെ കാത്ത് ഇരിക്കണ്ടല്ലോന്ന് വച്ച്… ഗോഡൗൺ ചെന്ന പുറകെ അച്ഛന്റെ കാൾ വന്നിരുന്നു.
“ഇന്നലെയാണ് ആരവേ നിന്റെ കല്യാണം കഴിഞ്ഞത്.. ആ കുട്ടി എന്ത് വിചാരിക്കുമെന്ന് പോലും നീ ഓർത്തില്ലേ “എന്നൊക്കെ ചോദിച്ചു അച്ഛൻ കൊറേ പറഞ്ഞു… തിരിച്ചു വന്നത് ഉച്ചക്ക് ശേഷമാണ്…. മൃദു നല്ല ഉറക്കമായിരുന്നു.. ഡ്രെസ് ചേഞ്ച് ചെയ്തു വന്നു കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ മുഖത്ത് ചുടു നിശ്വാസം തട്ടി….. കണ്ണ് തുറക്കാൻ തുടങ്ങിയപ്പോ ചുണ്ടിൽ ഒരു നനുത്ത സ്പർശമേറ്റ് തരിച്ചു പോയി… പെട്ടന്ന് തന്നെ ആള് പിന്നോട്ട് മാറിയതും പതിയെ എണീറ്റു മുറി വിട്ടു പോയതും ഞാൻ അറിഞ്ഞിരുന്നു…. ചുണ്ടിൽ ഊറിയ ചിരി ശബ്‌ദത്തോടെ പുറത്തു കടക്കുമെന്നായപ്പോൾ കൈ കൊണ്ട് പൊത്തിപിടിച്ചു. ഇഷ്ടം ഒക്കെ ഒണ്ട്….. ഹാ… പതുക്കെ എല്ലാം പുറത്തു കൊണ്ടുവരാം എന്ന് തന്നെ നിനച്ചു.. ഞാൻ പലപ്പോഴും കാര്യങ്ങളെല്ലാം തുറന്നു പറയാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ അവൾ അകന്ന് പോയി..
കേൾക്കാൻ താത്പര്യം കാണിച്ചതുമില്ല… അവളെയും കുറ്റം പറയാൻ പറ്റില്ലല്ലോ… സാഹചര്യവും സന്ദർഭങ്ങളും അങ്ങനെ ആയിരുന്നു. പിന്നെ പിന്നെ ചെറിയ ചെറിയ കാര്യങ്ങൾക്കൊക്കെ വിളിക്കാനും പറയാനും തുടങ്ങി…. പക്ഷേ,, ശരിക്കു അങ്ങോട്ട് അടുക്കുന്നുണ്ടായിരുന്നില്ല. ദിവസങ്ങൾ കടന്നു പൊയ്ക്കോണ്ടിരുന്നപ്പോഴ അച്ഛൻ അവളുടെ വീട്ടിൽ വിരുന്നിനു പോകുന്ന ചടങ്ങിന്റെ കാര്യം എടുത്തിട്ടത്… പ്രത്യേകിച്ച് ഒന്നും തോന്നിയില്ല… മിഥുവിനോട് അന്നങ്ങനെ തോന്നിയിരുന്നെങ്കിലും മൃദുവിനെയാണ് എനിക്കായ് ഉറപ്പിച്ചതെന്നറിഞ്ഞ മുതൽ ഞാൻ എന്റെ സഹോദരിയുടെ സ്ഥാനമാണ് നൽകിയതു… മൃദു എന്ത് ആവും ചിന്തിച്ചിട്ടുണ്ടാവുക… അവളുടെ മനസ്സിൽ ഞാൻ മിഥുവിനെ സ്നേഹിക്കുന്നുണ്ടെന്നാവും കരുതിയിരുന്നത്…
എന്തെങ്കിലും വിചാരിച്ചോട്ടേ… എല്ലാം പറയാൻ ചെന്നതാ… കേട്ടില്ലല്ലോ… അങ്ങോട്ട് ചെല്ലുമ്പോൾ വെറും കയ്യോടെ പോകാൻ പറ്റില്ലല്ലോ.. എല്ലാർക്കും ഡ്രസ്സ് ചിത്രാബംരിയിൽ നിന്നെടുക്കാമെന്ന് വച്ചാണ് അങ്ങോട്ടേക്ക് പോയത്. നല്ല ആളുണ്ടായിരുന്നു… മൃദുവിനെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. കേറിയപ്പോ തന്നെ അവിടെ ഡിസ്പ്ലേക്ക് വച്ചിരിക്കുന്ന സാരീയിൽ നോക്കി നിൽക്കുന്ന കണ്ടു.. അപ്പോളാണ് എനിക്കൊരു ഫോൺ കാൾ വന്നത്…. ലിഫ്റ്റ്ന്റെ സൈഡിൽ കുറച്ചു സ്പേസ് ഉണ്ടായിരുന്നു. അവിടേക്ക് മാറി നിന്ന് സംസാരിക്കുമ്പോഴും കണ്ണ് അവളുടെ മേൽ തന്നെയായിരുന്നു. സാരീയിലെ നോട്ടം കഴിഞ്ഞു ബോധം വന്നപ്പോൾ ചുറ്റിനും നോക്കുന്നുണ്ടായിരുന്നു.
എന്നെ കാണാതെ ഞെട്ടുന്ന കണ്ടപ്പോൾ ചിരി വന്നു. അവൾ മുന്നോട്ടു നടന്നു വരുന്നതും നോക്കി നിന്നപ്പോഴാണ് സൈഡിൽ നിന്ന് അമൽ വരുന്നത് കണ്ടത്…. അവൻ ഇവിടുത്തെ ഒരു എംപ്ലോയീ ആണ്.. ചെറിയ ഒരു കോഴി…. രണ്ടു പേരും ശ്രദ്ധിച്ചില്ല…. കൂട്ടി ഇടിച്ചു വീണ ഉടനെ എണീപ്പിക്കാൻ ഞാൻ മുന്നോട്ടു ആഞ്ഞു…. പക്ഷേ അതിനു മുന്നേ ആള് ചാടി എഴുന്നേറ്റു…മഹിമ വന്നു എന്തെക്കെയോ ചോദിക്കുന്നുണ്ടായിരുന്നു… അപ്പോഴാണ് നിലത്തിരുന്നു കോഴിപ്പണി നടത്തുന്ന അമലിനെ കണ്ടത്. മൃദു അവനു നേരെ കൈ നീട്ടുന്ന കൂടികണ്ടപ്പോൾ നിയന്ത്രണം വിട്ടു.. ആൾക്കാർ കൂടി നിക്കുന്ന പോലും ശ്രദ്ധിക്കാതെ അവനെ കനപ്പിച്ചു നോക്കി മൃദുവിനെയും കൂട്ടി ലിഫ്റ്റിൽ കയറി… തേർഡ് ഫ്ലോറിലേക്ക് ബട്ടൺ അമർത്തിയിട്ട് നോക്കിയപ്പോഴാണ് കണ്ണും നിറച്ചു നിൽക്കുന്ന പെണ്ണിനെ കാണുന്നത്.
വീണപ്പോൾ വല്ലതും പറ്റിക്കാണുമെന്ന ഓർത്തത്…. എന്ത് പറ്റിന്ന് ചോദിച്ചപ്പോ അവൾ ഞാൻ പിടിച്ച കൈ ഉയർത്തിക്കാട്ടി.. അറിയാതെ അവനോടുള്ള ദേഷ്യത്തിൽ പിടിച്ചു പോയതാ… കണ്ടപ്പോൾ സങ്കടവും ദേഷ്യവും തോന്നി… ദേഷ്യം തോന്നിയത് എന്നോടാണ്… ലിഫ്റ്റിൽ നിന്നിറങ്ങി അവിടെ നിന്ന കുട്ടിയോട് ഓയിൽമെന്റ് കൊണ്ടുവരാൻ പറഞ്ഞു വിട്ടു. ഒപ്പം അവള് നോക്കി നിന്ന സാരിയും പാക്ക് ചെയ്തു വച്ചേക്കാൻ ഏൽപ്പിച്ചു. മൃദുവിന്റെ വീട്ടിലേക്കു എല്ലാവർക്കുമുള്ള ഡ്രെസ്സും എടുത്തു പിന്നെ അവൾക്കുള്ള സാരിയും വാങ്ങി…. അച്ഛനും അമ്മയ്ക്കും പിന്നീട് വന്നു വാങ്ങിയതായിരുന്നു.. കാരണം ഈ സാരി കൊടുക്കുമ്പോ എന്ത് വിചാരിക്കും… അച്ഛനും അമ്മയ്ക്കും കൂടി എടുത്താൽ,,, കൊടുക്കുമ്പോൾ പിന്നെ ചോദ്യം ഒന്നും ഉണ്ടാവില്ലല്ലോന്ന് ഓർത്തു. അവിടെ ചെന്നപ്പോ തൊട്ട് പെണ്ണ് എന്റെ മുഖത്തോട്ട് നോക്കിട്ടില്ല…
ഞാൻ മിഥുനെ നോക്കിയിരിക്കുവായിരിക്കുന്ന് വച്ചിരുന്നതാവും…. കുശുമ്പി പാറു… പിന്നെ എന്റെ മുഖത്തു നോക്കിയത് മിഥുവിന്റെ വിളിയിലാണ്… അളിയോന്ന്… ഞെട്ടി….. പിന്നെ ചിരിയാണ് വന്നത്…. മൃദു ചിരി അടക്കി പിടിക്കുന്ന കണ്ടു.. ആക്കി ചിരി ആയിരുന്നോ? മിഥു പെട്ടന്ന് തന്നെ ഞാനുമായി കൂട്ടായ്… എന്റെ പെണ്ണിനെ ഇവിടെ വന്നിട്ട് പിന്നെ കാണാൻ കൂടി കിട്ടിയില്ല.. രാവിലെ കുളിച്ചിട്ട് ഇറങ്ങി വന്ന് കാലെടുത്തു വച്ചപ്പോൾ തന്നെ തെന്നിപ്പോകുന്ന പോലെ…. വീഴാൻ പോകുന്നത് മനസിലായപ്പോ എവിടെയോ പിടുത്തം കിട്ടി… നേരെ ചെന്ന് കട്ടിലിൽ വീണപ്പോഴാണ് മൃദുവിനെയാണ് പിടി കിട്ടിയതെന്ന് അറിഞ്ഞത്…. എന്റെ വെയിറ്റ് താങ്ങാൻ ഉള്ള ശേഷി പെണ്ണിന് കാണൂല. അതുകൊണ്ട് വേഗം പിടഞ്ഞെണീക്കാൻ നോക്കിയപ്പോൾ അവളുടെ താലി മാലയുമായി എന്റെ ചെയിൻ കൊരുത്ത് കിടക്കുന്നു.
അതിനിടയിൽ മിഥുവിന്റെ വരവും… തിരിച്ചു വീട്ടിൽ ചെന്നപ്പോ തൊട്ട് തൊടങ്ങി അച്ഛൻ….. വല്യച്ഛന്റെ വീട്ടിൽ ചെല്ലാൻ പറഞ്ഞു… വിരുന്നിനു വന്നു ആദ്യമേ ക്ഷണിച്ചിട്ടും പോയിരുന്നില്ല. ഇവിടെ അടുത്ത് തന്നെയാണേലും അങ്ങോട്ട് പോകാൻ തീരെ ഇഷ്ടമില്ല.. വല്യമ്മ താന്നെയാണ് കാരണം… ഒരു പ്രതേക ടൈപ്പ് ആണ്….. അവിടെ കേറിയപ്പോ തൊട്ട് ഞാൻ ശ്രദ്ധിച്ചു വല്യമ്മയുടെ പരിഹാസം നിറഞ്ഞ എന്റെ നേരെയുള്ള നോട്ടവും മൃദുവിനോടുള്ള അവഗണനയും. വല്യമ്മേടെ ചേച്ചിടെ മോളെ എനിക്ക് വേണ്ടി ആലോചിച്ചതാണ്….. ഏതോ പയ്യനുമായിട്ട് ബന്ധം ഉണ്ടായിരുന്നു.. അത് കണ്ടു പിടിച്ചപ്പോ നൈസ് ആയിട്ട് എന്റെ തലേൽ ആ പെണ്ണിനെ കെട്ടി വച്ച് തരാൻ നോക്കിയതാണ്…. അത് നടക്കാത്ത മുറുമുറുപ്പുമുണ്ട്…. “എന്റെ ചേച്ചിടെ മോൾ സുചിയെ നിനക്ക് ആലോചിച്ചതല്ലേ…..
സൗന്ദര്യവും സമ്പത്തും വിദ്യാഭ്യാസവും എല്ലാമുണ്ടായിരുന്നു. ഇതിപ്പോ നല്ല ജോലിയോ ഇല്ല……. ഇത്തിരി തൊലിവെളുപ്പേലും ഉണ്ടായിരുന്നേൽ വേണ്ടിയിരുന്നില്ല…… അതുമില്ല.. ” വല്യമ്മയുടെ വാക്കുകൾ ഇപ്പളും ചെവിയിൽ മൂളുന്നു…. അതിനുള്ള മറുപടിയും ഞാൻ അപ്പൊ തന്നെ കൊടുത്തു…എന്റെ ഭാര്യയെ എന്റെ മുന്നിൽ വച്ച് അഭമാനിക്കുന്നവർ അത് ആരായാലും ഞാൻ പ്രതികരിക്കും… മൃദു മറുത്തോരക്ഷരം പറയാതെ നിൽക്കുന്ന കണ്ടപ്പോൾ പാവം തോന്നി… കരയാതെ പിടിച്ചു നിൽക്കുവായിരുന്നു…. അത് നന്നായി…. അവരുടെ ഒക്കെ മുന്നിൽ നിന്ന് കരഞ്ഞാൽ തോറ്റു പോകുന്നതിന് തുല്യമാവും…. വല്യച്ഛൻ നിസ്സഹായൻ ആണ്…… എങ്കിലും എന്തോ പറയാൻ വന്നപ്പോൾ ഞാൻ അതിനെ തടഞ്ഞു…അവളോട് വരാൻ പറഞ്ഞു ഞാൻ ഇറങ്ങി മൃദു വീണ്ടും വല്യച്ഛന്റെ വാക്കുകൾ കേട്ട് നിക്കുന്ന കണ്ടപ്പോൾ ഒച്ചയെടുക്കേണ്ടി വന്നു…
പോകുന്ന വഴിയിൽ അവളെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു… മൗനിയായിരുന്നു ഞാൻ….. ഒന്ന് ചേർത്തു പിടിച്ചു നെറുകയിൽ തലോടാൻ കൈ തുടിച്ചു… എന്നിട്ടും അതിനു മുതിർന്നില്ല. വൈകിട്ട് കിടക്കും നേരം അവളോട് നാളുകൾക്ക് ശേഷം ഞാനൊന്ന് മിണ്ടി. ഇങ്ങോട്ട് വന്നു മിണ്ടുമെന്ന് കരുതിയിരുന്ന ഈ ജന്മത്ത് പെണ്ണ് വരുമെന്ന് തോന്നുന്നില്ല… അപ്പൊ സംസാരിച്ചതുകൊണ്ട് പിന്നീട് ഞങ്ങൾ തമ്മിലുള്ള അകലവും കുറഞ്ഞു…. മിണ്ടാപൂച്ച പെണ്ണ് ചെറിയൊരു വായാടി ആണെന്ന് മനസിലായി തുടങ്ങി….. ഒരൊഴുക്കിന് ദിവസങ്ങൾ കടന്നു പോകെയാണ് ദൂരെയുള്ള ഒരു സർപ്പപ്രതിഷ്ഠ ക്ഷേത്രത്തിൽ പോകുന്ന കാര്യം അച്ഛൻ പറഞ്ഞത്.. അവളുമായി ചിലവഴിക്കാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴക്കില്ല…. പോകുന്നതിന്റെ അന്ന് രാവിലെ അവൾ ഫ്രഷാവാൻ കയറിയപ്പോ അന്ന് വാങ്ങിയ സാരീ എടുത്തു വച്ചു…
നേരിട്ട് കൊടുക്കാൻ ഒരു ചമ്മൽ… അതാണ് കട്ടിലിൽ വച്ചിട്ട് അതുടുത്താൽ മതിയെന്ന് പറഞ്ഞു ഇറങ്ങിയത്… അതുമുടുത്ത് വന്നപ്പോ ഒരു പ്രതേക ഭംഗിയുണ്ടായിരുന്നു അവളെ കാണാൻ… നന്നായിട്ടുണ്ടന്ന് പറഞ്ഞപ്പോ നാണത്തിൽ കലർന്ന ഒരു പുഞ്ചിരി കിട്ടി.. അത് മാത്രം മതിയായിരുന്നു എനിക്ക്.. താങ്ക്സ് പറഞ്ഞു അന്യനാക്കി കളയുമെന്ന് ഓർത്തു.. അതുണ്ടായില്ല. നീളൻ മുടിയാണ് അവളുടെ….. കാറ്റിൽ അത് പാറി പറന്നു നടന്നപ്പോൾ ചെവിക്ക് പിന്നിലേക്ക് മാടി ഒതുക്കുന്ന പെണ്ണിനെ ഏറെ പ്രണയത്തോടെ ഞാൻ നോക്കിയിരുന്നു.. എവിടെ കാണാൻ… സ്കൂളിലെയും കോളേജിലെയും ഒക്കെ മിത്തുവിന്റെ ഏതോ വീരസാഹസിക കഥ പറയുന്ന തിരക്കിലായിരുന്നു…… അമ്പലക്കുളത്തിൽ നോക്കി അവൾ നിന്നപ്പോൾ ഒരു മുടിനാരിഴ വ്യത്യാസത്തിലാണ് ഞാൻ ചേർന്ന് നിന്നത്…..
കുറച്ചു കഴിഞ്ഞാണ് അവൾ അറിഞ്ഞത്…. പരിഭ്രമത്തോടെ പിടക്കുന്ന മിഴികളാൽ നോക്കിയപ്പോൾ കാല് നനക്കാന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയി….. അന്ന് മുഴുവൻ അവളുടെ കൂടെ ചേർന്ന് നടന്ന ഓർമയിൽ മഴവിൽ വർണ്ണത്തിൽ ചാലിച്ച ഓരോ നിമിഷവും ഇപ്പോഴും ഉതിച്ചു നില്കുന്നു. മൃദുന്റെ ലീവ് തീർന്നു ജോലിക്ക് പോയി തുടങ്ങിയത് മുതൽ ഒരു മിസ്സിംഗ് ആരുന്നു… ഞാൻ പോയ പിന്നെ അവൾക്ക് വീട്ടിൽ ബോറിങ് ആണ്… അതുകൊണ്ട് പോകണ്ടന്ന് പറയാനും തോന്നിയില്ല.. കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ജോലിക്ക് പോകാതെ വീട്ടിൽ കുത്തിയിരിക്കണമെന്ന് പറയുന്ന മൂരാച്ചി സ്വഭാവം എനിക്കില്ല… ബാൽക്കണിയിൽ ഇരുന്നു ഞങ്ങളുടെ മൗനവൃത നാളുകൾ അയവിറക്കിയിരുന്നപ്പോഴാണ് മൃദു വന്ന് നിന്ന് താളം ചവുട്ടുന്നത് കണ്ടത്…
ബൈക്ക് ഓടിക്കാൻ പഠിപ്പിക്കാവോന്ന് ചോദിച്ചപ്പോ സത്യത്തിൽ ഓടി പോയി കെട്ടിപിടിച്ചു ഉമ്മ വക്കാൻ തോന്നി…. അതുണ്ടാവാതിരിക്കാൻ ആദ്യമേ റെഡിയായി ഇറങ്ങി.. എങ്ങനെ അവളുടെ കൂടെ കുറച്ചു ടൈം സ്പെൻഡ് ചെയ്യാമെന്ന് ചിന്തിച്ചിരുന്നപ്പോ അവള് തന്നെ വഴി കാട്ടി… അടുത്തുള്ള ഗ്രൗണ്ടിൽ ആണ് കൊണ്ടുപോയത്….. പിന്നിലിരുന്നു പഠിപ്പിക്കുമ്പോൾ നാസികയിൽ തുളഞ്ഞു കയറിയ അവളുടെ മുടിയിലെ കാച്ചിയ എണ്ണയുടെ ഗന്ധം എന്നെ വേറൊരു ലോകത്ത് എത്തിച്ചിരുന്നു…. ഓരോ ദിവസം കഴിയുമ്പോഴും അവളോടുള്ള പ്രണയത്തിന്റെ തീവ്രത വർധിച്ചുകൊണ്ടിരിക്കുന്നു…… ഇനിയും ഉള്ളിലൊതുക്കി നടക്കാൻ വയ്യാ… തുറന്നു പറയണം…. നീ എന്റെ പ്രാണനെന്ന്…….തുടരും

by