രചന – അളകനന്ദ
5 മാസങ്ങൾക്ക് ശേഷം “ഹെലോ മാഡം…..എത്ര നാളായി ഞാൻ പുറകെ നടക്കുന്നു… എന്റെ കാൽ തേഞ്ഞു തീരുട്ടോ…. ” രണ്ടു കാലും മാറി മാറി നീട്ടി കാണിച്ചു അവൻ… “മാഡം പ്ലീസ്… ” ഒന്ന് നോക്കുക പോലും ചെയ്യാതെ പോകുന്ന മിത്തുവിന്റെ പിറകെ വീണ്ടും അവൻ വിളിച്ചു കൊണ്ടോടി… “അതേയ്യ്……. സാർ എന്റെ പിന്നാലെ നടന്നിട്ട് കാര്യമില്ല…. വെറുതെ കാൽ തേയുമെന്നല്ലാതെ… “തിരിഞ്ഞു നിന്ന് ചുണ്ട് ഒരു വശത്തേക്ക് കോട്ടി പറഞ്ഞിട്ട് മറുപടിക്ക് നിൽക്കാതെ നടന്നു.. “പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാട്ടൊ ഇഷ്ടം…. ” വീണ്ടും അവന്റെ സ്വരം…. ചുണ്ടിന്റെ കോണിൽ വിരുന്നു വന്ന പുഞ്ചിരിയെ മറച്ചു കൊണ്ടു മിത്തു മുന്നോട്ട് നടന്നു. അവൾ നടന്നകലന്നുതും നോക്കി അവിടെ തന്നെ നിന്നവൻ… 🥀 എല്ലാവരും സുധാകരൻ വല്യച്ഛന്റെ വീട്ടിലേക്കു പോവാനുള്ള തയ്യാറെടുപ്പിലാണ്…
സുധാകരൻ വല്യച്ഛന്റെയും ചന്ദ്ര വല്യമ്മയുടെയും ഏക മകൻ ഇന്ദ്രേട്ടന്റെ മാര്യേജ് റിസപ്ഷൻ ആണ് ഇന്ന് ….. ഏട്ടൻ ഗൾഫിൽ ആരുന്നു….. ആൾടെ കൂടെ അവിടെയുണ്ടായിരുന്ന ഒരു ഗുജറാത്തി പെണ്ണാണ് കക്ഷി…. രാചിഷ്ട…. എന്നെ പോലെയല്ല… നല്ല വെളുത്തു സുന്ദരിയാണ്…. !! ഓർഫൻ ആയിരുന്നു… ഒരു പാവമാട്ടൊ… ദീദിന്നാ ഞങ്ങൾ വിളിക്കാറ്…. പെട്ടന്ന് എല്ലാരോടും ഇണങ്ങുന്ന പ്രകൃതം. പക്ഷേ,,, ദീദിടെ സെക്കന്റ് മാര്യേജ് ആണ്…. നാല് വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്…. കല്യാണം കഴിച്ചു കഴിഞ്ഞാണ് ഏട്ടൻ വീട്ടിൽ അറിയിക്കുന്നത്. വല്യമ്മ നല്ല എതിർപ്പായിരുന്നു… ഞാൻ ജീവനോടെ ഉള്ളപ്പോൾ വീട്ടിൽ കയറ്റില്ലാന്നു പറഞ്ഞു അലമ്പുണ്ടാക്കി…
സത്യച്ഛന് വലിയ കൊഴപ്പമൊന്നും ഉണ്ടായിരുന്നില്ല. ഇന്ദ്രേട്ടൻ ഒരടവിലും വീണതില്ല….. എന്തൊക്കെ പറഞ്ഞാലും ദീദി ആയിട്ട് വരുമെന്നും ഇവിടെ തന്നെയാണ് ഇനി ജീവിക്കാൻ പോകുന്നതെന്നും ഉറപ്പോടെ പറഞ്ഞു… വല്യമ്മക്ക് മുട്ട് മടക്കേണ്ടി വന്നു. തന്റെ മരുമകൾ ഒരു രണ്ടാം കെട്ടാണന്നതും,, ആരും സ്വന്തമെന്ന് പറയാനില്ലന്നതുമൊക്കെ അഭിമാനക്ഷതം ഉണ്ടാക്കുന്നതായിരുന്നു പ്രശ്നം…. പിന്നെ പണചാക്ക് പെൺകുട്ടികളെ കൊണ്ട് കെട്ടിച്ചാൽ പറഞ്ഞു നടക്കാൻ പറ്റുന്ന പൊങ്ങച്ചം ഒന്നും പുറത്തെടുക്കാൻ പറ്റാത്ത വിമ്മിഷ്ടവും,,, ആരവേട്ടൻ ഇപ്പൊ നല്ല ബിസിയാണ്…. ചിത്രാബംരിയുടെ രണ്ടു ബ്രാഞ്ച് കൂടി തുടങ്ങി….
തിരുവല്ലയിലും പിന്നൊന്നു തൃശൂരും… തിരുവല്ലയിൽ സത്യച്ഛനും ചിത്രാമ്മയും,, തൃശൂർ ആരവേട്ടനും ഞാനുമാണ് ഇനാഗ്രേറ്റ് ചെയ്തത്… എത്ര ബിസി ആണേലും ഞങ്ങളെ കാണാതിരിക്കാൻ ആരവേട്ടന് വയ്യാ…. ഞങ്ങൾ എന്ന് പറഞ്ഞാൽ…… ഞങ്ങളുടെ പുതിയ അതിഥി ….. ഞങ്ങളുടെ പ്രണയത്തിന്റെ അടയാളം….. മൂന്ന് മാസമായി ഞങ്ങടെ കുഞ്ഞിന്റെ തുടിപ്പ് എന്നിൽ ഉണ്ടെന്നറിഞ്ഞിട്ട്……. ഗ്രേ കളർ സാരീയാണ്… മുടി വിടർത്തിയിടാമെന്ന് വച്ചു.. “മൃദു…. ഇതുവരെ കഴിഞ്ഞില്ലേ ഒരുക്കം.. ” കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന എന്നെ ചുറ്റി പിടിച്ചു തോളിൽ താടി മുട്ടിച്ചു ആരവേട്ടൻ.. “ഇപ്പൊ കഴിയും ഈ പൊട്ടു കൂടെ വച്ചോട്ടെ…” “പൊന്നുംകുടത്തിനെന്തിനാ പൊട്ടു. ” “കൊഞ്ചാതെ പോയെ.. “താടിയിട്ട് തോളിൽ ഉരസി തുടങ്ങിയപ്പോ ഇനിയും നിന്നാൽ പോക്ക് നടക്കില്ലന്നുള്ളതു കൊണ്ട് തിരിഞ്ഞു നിന്ന് ഉന്തി തള്ളി മാറ്റി…
“നിന്റെ അമ്മ എന്ത് സാധനവാ അല്ലേടാ മുത്തേ…. നീയുടെ വന്നിട്ടു അമ്മേടെ ജാടയൊക്കെ നമുക്ക് മാറ്റാൻ ” മുട്ട് കുത്തി കുനിഞ്ഞിരുന്നു വയറിൽ മുഖം ചേർത്ത് പറയുന്ന ആരവേട്ടനെ നോക്കിയിരുന്നു… “എന്റെ പൊന്ന് ആരവേട്ട…… ഇപ്പൊ സംസാരിച്ചാലൊന്നും കേൾക്കില്ല… ” എന്നും എന്റെ ഉദരത്തിൽ തഴുകി കുഞ്ഞിനോട് വർത്താനം പറയുമ്പോൾ ഇത് പലവട്ടം പറഞ്ഞിരിക്കുന്നു….. ആളിതൊന്നും കേട്ട ഭാവം നടിക്കില്ല. രാത്രിയിൽ ഈ സംസാരം കേട്ട് കെട്ടാണിപ്പോ എന്റെ ഉറക്കം പോലും. “നമക്ക് ഇന്ദ്രച്ഛനേം രാച്ചിയമ്മേയും കാണാൻ പോവാല്ലോ മുത്തേ…. നിന്റെ ചേട്ടനും ഒണ്ട് ട്ടൊ അവിടെ…. ” ഒരുങ്ങിക്കഴിഞ്ഞു വന്നപ്പോ സത്യച്ഛനും ചിത്രാമ്മയും റെഡിയായി നിൽക്കുന്നുണ്ടായിരുന്നു.. ആരവേട്ടനാണ് വണ്ടിയെടുത്തത്….
ആളും ബഹളവും ഒക്കെ തുടങ്ങിയിരുന്നു… വല്യച്ചൻ എല്ലാരേം ക്ഷണിച്ചു വാതിലിൽ തന്നെ ഉണ്ടായിരുന്നു…. മുറ്റത്ത് എത്തിയപ്പോഴേ കണ്ടു ഉയർത്തി കെട്ടിയിരിക്കുന്ന സ്റ്റേജിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഇന്ദ്രേട്ടനെയും ദീദിയെയും…..ഒരു മാലാഖയെപ്പോലെ തോന്നിച്ചു ദീദിയെക്കണ്ടപ്പോ…. വല്യമ്മ തന്റെ പൊങ്ങച്ച ടീമുകളെ അഭിമുഖികരിക്കാനുള്ള ചമ്മൽ കാരണം അകത്തു എവിടെയോ ആണ്…. ഇന്ദ്രേട്ടന്റെ നാട്ടിലെ കൂട്ടുകാർ എല്ലാം കൂടി പൊടിപൊടിക്കുന്നുണ്ട്…. എല്ലാം കണ്ടു പരിചയമുള്ള മുഖങ്ങളാണ്…. എല്ലാവരെയും നോക്കി നിന്നപ്പോഴാണ് ഞങ്ങളെ കണ്ട് അകത്തൂന്ന് പാഞ്ഞു വരുന്ന കുഞ്ഞി ചെക്കനെ കാണുന്നത്… അമർ….. നാല് വയസ്സുണ്ട്…. ഇന്ദ്രേട്ടന്റെ ഇവനോടുള്ള സ്നേഹം കണ്ടാൽ സ്വന്തം അച്ഛനല്ലാന്നു ആരും പറയില്ല…
അല്ലെങ്കിലും ആർക്കും അവനെ സ്നേഹിക്കാതിരിക്കാൻ പറ്റില്ല…. വല്യമ്മയെ പോലും രണ്ടു ദിവസം കൊണ്ട് മിക്കവാറും ഇവൻ വളച്ചൊടിച്ചു കുപ്പിയിലാക്കും….. എന്നെ വന്നു ചുറ്റി പിടിക്കാൻ അടുക്കുന്നതിന് മുന്നേ ആരവേട്ടൻ അവനെ പൊക്കിയെടുത്ത് വട്ടം ചുറ്റി….. കുശുമ്പൻ….. ഒരു കൊച്ചു കുട്ടിയെ പോലും ഇപ്പോ എന്റെ അടുക്കൽ അടുപ്പിക്കില്ല….. പൊടിക്കുഞ്ഞിനെ നോക്കുന്ന പോലെയാണ് എന്റെ പുറകെയുള്ള നടപ്പ്…. ദീദിക്ക് വേണ്ടി വാങ്ങിയ വൈറ്റ് ഗോൾഡ് മിക്സ് ആയ ബ്രേസ്സ്ലെറ്റ് കൊടുത്ത് വിവാഹമംഗളാശംസകൾ നേർന്നു……. നേർത്ത കണ്ണീർ നനവോടെ ദീദിയെന്നെ കെട്ടിപിടിച്ചു. ആരും ഇല്ലാന്നുള്ള ചിന്ത അവർക്ക് ഇനിയും കൊടുക്കില്ലന്ന് അന്ന് കണ്ടപ്പോഴേ തീരുമാനിച്ചതാ…. എന്റെ ചേച്ചിയുടെ സ്ഥാനം ഞാൻ കൊടുത്തു കഴിഞ്ഞിരുന്നു. ഇന്ദ്രേട്ടന്റെ മുഖം സന്തോഷം കൊണ്ട് നിർവൃതിയടയുന്നത് കാണെ എന്റെയും മനസ് നിറഞ്ഞു. അവർക്ക് ഇരുവശവും നിന്ന് ഞങ്ങൾ ഫോട്ടോക്ക് പോസ് ചെയ്യുമ്പോ ആരവേട്ടന്റെ എളിയിൽ അമറു മുണ്ടായിരുന്നു.
വിളമ്പി വച്ചിരുന്ന ബിരിയാണിയുടെ മുന്നിലിരിക്കുമ്പോ ആകെ അസ്വസ്ഥത തോന്നി….. ആരവേട്ടനെ നോക്കി വേണ്ടന്ന് തല ഇരുസൈഡിലേക്കും ആക്കി കാണിച്ചു.. “കുറച്ചു കഴിക്ക്….. നിനക്ക് ഇഷ്ടമല്ലേ… ” “ഇപ്പോ എന്തോ പോലെ…. നിക്ക് വേണ്ടാ… ” “കുറച്ചു…… പേരിന് കഴിക്ക്.. “വീണ്ടും നിർബന്ധിച്ചപ്പോ ഒരു പിടി എടുത്തു വായിലേക്ക് വച്ചു…. തൊണ്ടക്കുഴിയിൽ നിന്നും അന്നനാളത്തിലേക്ക് ഇറങ്ങും മുന്നേ അകത്തു നിന്നെന്തോ ഉരുണ്ട് വെളിയിലേക്ക് വരും പോലെ.. വേഗം എണീറ്റ് പുറകിലേക്ക് പോയി…. പാവം ആരവേട്ടൻ….. എന്റെ പിന്നാലെ ഓടി വന്നു. വായിലേക്ക് വച്ച ഒരു പിടി ഒഴിച്ച് ബാക്കി ഛർദിച്ച് കളഞ്ഞതു മുഴുവൻ വെള്ളമായിരുന്നു… ആരവേട്ടൻ മുതുകിൽ തടവിക്കൊണ്ടിരുന്നു… അവിടെ ഇട്ടിരുന്ന ഒരു കസേര വലിച്ചു അതിൽ എന്നെ ഇരുത്തി…..
“ഞാൻ ഇപ്പോ വരാം…. വെള്ളം എടുക്കട്ടെ…….. കേട്ടോ…, ” കവിളിൽ തട്ടി ഓടുന്ന കണ്ടപ്പോൾ ആ അവശതയിലും ഒന്ന് ചിരിച്ചു പോയി…. തിരികെ ഒരു സ്റ്റീൽ കപ്പിൽ വെള്ളവുമായി വന്ന് മുഖവും വായുമെല്ലാം കഴിപ്പിച്ചു….. അവിടെ തന്നെ ഇരുന്നു പിന്നെയും… “ആരവേട്ടൻ പോയി കഴിച്ചിട്ട് വാ.. ഇപ്പൊ എനിക്ക് കൊഴപ്പമില്ലല്ലോ… ചെല്ല്… ” പറഞ്ഞ ഉടൻ പോകുന്ന കണ്ടു കസേരയിൽ ചാരി കണ്ണടച്ചു…. പോയ ആൾ അപ്പൊ തന്നെ കൊറച്ചു ചൂട് വെള്ളം എടുത്ത് കൊണ്ട് വന്നു കുടിപ്പിച്ചു എന്നെയും കൂട്ടി അവിടെ നിന്ന് വെളിയിലേക്ക് നടന്നു…… കാറിൽ കയറ്റിയിരുത്തി വണ്ടി എടുത്തപ്പോഴും എവിടെക്കാണന്നോ എന്തിനെന്നോ ചോദിച്ചില്ല…. വണ്ടി നിന്നപ്പോൾ കണ്ണ് തുറന്നു….. ഒരു തട്ടുകടക്ക് മുന്നിലാണ് നിർത്തിയിരിക്കുന്നത്…
ആരവേട്ടനിറങ്ങി പോയി ചൂട് മസാല ദോശയും ചമ്മന്തിയും വാങ്ങി കൊണ്ട് വന്നു….. കഴിക്കുന്നതിനിടയിൽ ആരവേട്ടനും ഞാൻ കൊടുത്തു….. അവിടെ നിന്നും നേരെ പോയത് ഞങ്ങൾക്ക് രണ്ടാൾക്കും ഏറെ പ്രിയപ്പെട്ട,,, ഹൃദയത്തിൽ അത്രമേൽ സ്ഥാനമുള്ള ഒരിടത്തെക്കാണ്….. ഇടവഴികൾ മുറിച്ചു കടന്നു വണ്ടി ചെന്ന് നിന്നത് വിശാലമായ ഒരു കുന്നിൽ ചെറുവിലാണ്…. ഇരുൾ മൂടിയ നേരത്ത് നിലാവിന്റെ നീല വെളിച്ചവുമായി പൂർണ്ണനായൊരു ചന്ദ്രൻ മാനത്തു തെളിഞ്ഞു നിൽക്കുന്നു……. ചെറിയ മൂളക്കത്തോടെ വീശുന്ന മന്ദമാരുതൻ ഏതോ സ്വകാര്യം പറയും പോലെ…. അഞ്ചു മാസങ്ങൾക്ക് മുന്നേ ആദ്യമായി ഇവിടെ വരുമ്പോ കാറ്റ് പോലെ കാതിൽ സ്വകാര്യം പറഞ്ഞവനെ ഇടംകണ്ണിട്ടൊന്ന് നോക്കി. മനസ്സിൽ കോറി ഇട്ടയാ മധുരമൂറും നിമിഷങ്ങൾ മനസ്സിൽ തലപൊക്കി നോക്കുന്നു ….
അന്നിവിടെ വരുമ്പോ ഇതുപോലെ തന്നെയൊരു പൂർണചന്ദ്രൻ എല്ലാത്തിനും മൂക സാക്ഷിയായി കൂട്ടിനുണ്ടായിരുന്നു… ഇത്തിരി മാറിയുള്ളയാ കൽമണ്ഡപത്തിൽ വച്ച് ആരവേട്ടൻ മനസ് തുറന്നപ്പോ കൂട്ടിനു നൂൽ പോലൊരു മഴയും അകംമ്പടിയായി ഉണ്ടായിരുന്നു…. “മൃദു…….. ആർദ്രമായുള്ള ആരവേട്ടന്റെയാ ശബ്ദം ലോല ഭാവത്തിൽ അന്നാദ്യമായി കേട്ടപ്പോൾ മഴത്തുള്ളികളല്ലവ മഞ്ഞു തുള്ളികളാണന്ന് തോന്നിപോയി……. കാരണം ദേഹമാസകലം കുളിരുകൊണ്ടൊരു പുതപ്പ് എന്നെ വന്നു മൂടിയിരുന്നു…. I LOVE YOU…… AND I WILL NEVER FINISH FALL IN LOVE WITH YOU……. വീണ്ടുമാ വാക്കുകൾ കാതിൽ പതിഞ്ഞപ്പോഴാണ് ഓർമകളിൽ നിന്ന് ഉണർന്നതു. തൊട്ടടുത്തു ആരവേട്ടൻ വന്നു ചേർന്ന് നിൽക്കുന്നു…
“എന്താണ് ഓർമകളിലൂടെയൊരു ഓട്ടപ്രദക്ഷിണമാണോ..? ” അതിനു മറുപടി ഇല്ലതെ ആ നെഞ്ചിലെ താളം ശ്രവിച്ചു നോക്കത്ത ദൂരത്തു കണ്ണും നട്ടു നിന്നു….. പിന്നിലൂടെ ചുറ്റി പിടിച്ചു താലിമാലയും കൂട്ടി ആരവേട്ടൻ എന്റെ കഴുത്തിൽ ചുംബിച്ചു…… തണുത്ത അന്തരീക്ഷത്തിൽ വിറച്ചു നിന്ന എന്നിലേക്ക് ചൂട് പകർന്നു….. “ഈ താലി മാല എന്റെ കഴുത്തിൽ വീണ നിമിഷം ഞാൻ എന്താ പ്രാർത്ഥിച്ചതെന്ന് അറിയോ ആരവേട്ടനു..? ” താലി മാല കയ്യിലെടുത്തു തിരിഞ്ഞു ആരവേട്ടന്റെ നേർക്ക് നിന്നു.ആൾ ന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നു… പിരികം ഉയർത്തി എന്തേ? ന്ന രീതിയിൽ നോക്കി….
“എല്ലാ പെൺകുട്ടികളും ഇത് തന്നെ ആവും പ്രാർത്ഥിക്ക്യ…… ദീർഘ സുമംഗലി ആയിരിക്കണേന്ന്….. പക്ഷേ,, അന്ന് കല്യാണ ദിവസം തന്നെ വൈകിട്ട് എന്റെയാ പ്രാർത്ഥന വിഫലമാകുമെന്ന ഓർത്തെ…. ഇപ്പൊ ആ പ്രാർത്ഥന ഏറ്റ സന്തോഷത്തില ഞാൻ….. ” ഒരു ചിരിയോടെ പറഞ്ഞപ്പോ ഇരുകൈകൾ കൊണ്ടും എന്റെ മുഖം കൈകളിൽ എടുത്തു ആരവേട്ടൻ ഏറെ പ്രണയത്തോടെ എന്റെ സിന്ദൂരരേഖയിൽ അമർത്തി ചുംബിച്ചു…… അതിൽ ലയിച്ചു ഞാനും നിന്നു….. ഇനിയും ഒരായിരം ജന്മം പ്രണയിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകാൻ മനസ്സിൽ സർവ്വേശ്വരനോട് മൗനമായി മൊഴിഞ്ഞു…

by