രചന – അളകനന്ദ
രാവിലെ എണീറ്റപ്പോ ആളെ റൂമിൽ കണ്ടില്ല. ഈ മുറിയിൽ നിന്ന് നാല് വശത്തേക്കും ഡോർ ആണ്. ബാൽക്കണിയിലേക്കുള്ള ഗ്ലാസ് ഡോർ അടച്ചിട്ടിരിക്കുന്നുണ്ട്. വാഷ് റൂമും വെളിയിൽ നിന്ന് ലോക്കാണ്. പിന്നെ വെളിയിലേക്കുള്ളതും,, ബാക്കി ഉള്ള ഒന്ന് എന്താന്ന് അറിയില്ല. ഇന്നലെ വന്നപ്പോൾ മുതൽ അടഞ്ഞു കിടക്കുവാണ്. കുളിച്ചു കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു. അവിടെ വേറൊരു ചേച്ചി നിൽപ്പുണ്ട് ആ ചേച്ചി എനിക്കൊരു ചായ തന്നു. ജോലിക്ക് നിക്കുന്നതാണെന്ന് തോന്നുന്നു. വേറൊരു കപ്പിൽ ഗ്രീൻ ടീ തന്നപ്പോൾ അമ്മ വന്നു. “അതു ആരവിനു കൊടുത്തേക്ക്. ” “ആരവേട്ടൻ? “മടിച്ചു മടിച്ചാണ് ചോദിച്ചത്.
ഇന്നലെ എന്റെ കൂടെ കിടന്ന ആളെ ബാക്കി ഉള്ളവരോടു തിരക്കണ്ട ഗതികേട്. “മൃദുല കണ്ടില്ലേ? അവൻ ജിം റൂമിൽ ആയിരുന്നിരിക്കും. ഇപ്പൊ ഫ്രഷ് ആയി ഇറങ്ങണ്ട സമയമായി. ചെല്ല്….. പിന്നെ…. കുടുംബ ക്ഷേത്രത്തിൽ പോണം. അവനോട് പറഞ്ഞേക്ക്. ബാക്കി അമ്പലങ്ങളിലും പോണം.നേർച്ച ഉണ്ട്. കുറച്ചു ദിവസം കഴിയട്ടെ…..” തലയും കുലുക്കി അവിടുന്ന് പോന്നു. ഓ ഉരുട്ടി കേറ്റാൻ കേറിതാ.. ആ റൂം അപ്പൊ അതിനാണ്. ചെന്നപ്പോൾ തലയും തുവർത്തി നിക്കുന്നുണ്ട്. ഗ്രീൻ ടീ നീട്ടിപിടിച്ചു. “അതേ ഞാൻ ഇന്നലെ പറഞ്ഞ… ” “അമ്മ അമ്പലത്തിൽ പോണംന്ന് പറയാൻ പറഞ്ഞു. “വീണ്ടും ഇന്നലത്തെ കാര്യം രാവിലെ തന്നെ എടുത്തിട്ടപ്പോ ദേഷ്യമാണ് വന്നത്. അതുകൊണ്ട് തന്നെയാണ് അമ്പലത്തിൽ പോണന്ന് പറഞ്ഞു പറയാനും അനുവദിക്കാഞ്ഞത്.
വന്നു കേറിയ ദിവസം തന്നെ എന്റെ ഹൃദയം തച്ചുടച്ചു. രാവിലെ തന്നെ വീണ്ടും അതിനെ തല്ലിക്കൊടയാൻ തുടങ്ങു ന്നു. “താൻ റെഡിയായിക്കൊ..” വേഗം തന്നെ ഇറങ്ങി ബാൽക്കണിയിലേക്ക് പോകുന്ന കണ്ടു. സാരിയൊന്നും വാരി ചുറ്റാൻ നിന്നില്ല. ഒരു അനാർക്കലി ടൈപ്പ് ചുരിദാർ ഇട്ട് വേഗം തന്നെ റെഡിയായി താഴേക്കു ചെന്നു നിന്നു. കുറച്ചു കഴിഞ്ഞു ആരവേട്ടനും വരുന്ന കണ്ടു. എന്റെ ചുരിദാറിന്റെ സെയിം കളർ ഷർട്ട് ആണ് ഇട്ടത്. ഞാൻ ഇതാണിട്ടതെന്ന് കണ്ടില്ലല്ലോ… അബദ്ധത്തിൽ പറ്റിയതാവും…. എന്റെ മുഖത്ത് പോലും നോക്കാതെ കീ യും എടുത്തു ഇറങ്ങി. ചിത്രാമ്മയോടും സത്യഛനോടും യാത്ര പറഞ്ഞു ഞാനും കൂടെ ചെന്നു. പോർച്ചിൽ അന്ന് ചിത്രാമ്മയൊക്കെ വീട്ടിൽ വന്ന ബലേനോയും ഒരു സ്കൂട്ടറും പിന്നെ സ്വിഫ്റ്റ് ഡിസൈറും കിടപ്പുണ്ട്.
പക്ഷേ, എന്റെ കണ്ണു അവസാനം പതിഞ്ഞത് ഇത്തിരി മാറി അവിടെയിരിക്കുന്ന RX100 ബൈക്കിൽ ആണ്. ബൈക്കിലൊന്നും കയറിയിട്ടില്ല. അതുകൊണ്ട് കേറാൻ ഒരു മോഹം പണ്ടേ ഉണ്ട്. ആരവേട്ടൻ സ്വിഫ്റ്റിന്റെ ഡ്രൈവർ സീറ്റ് ഡോർ തുറക്കുന്ന സൗണ്ട് ആണ് ആ ബൈക്കിൽ നിന്നും ശ്രദ്ധ തിരിച്ചത്. ചെറിയൊരു നിരാശ തോന്നി. അർഹിക്കുന്നതേ ആഗ്രഹിക്കാവൂ… കോ ഡ്രൈവർ സീറ്റ് ഡോർ തുറന്നു തന്നപ്പോൾ ഞാനും കേറി ഇരുന്നു. വീണ്ടും ചിന്തകളുടെ കടിഞ്ഞാൺ പൊട്ടി. പല പല കാര്യങ്ങളും തലയിൽ കിടന്നു കറങ്ങാൻ തുടങ്ങി. മിത്തു… അവൾക്ക് അറിയാമായിരുന്നുവോ,? ഇല്ല…… അറിഞ്ഞാൽ അവളതൊരിക്കലും മറച്ചു പിടിക്കില്ല. പ്രത്യേകിച്ച് എന്റെ കാര്യമാകുമ്പോ. അച്ഛനെയും അമ്മയെക്കാട്ടിലുമൊക്കെ പ്രിയം എന്നോടാണ്.
എന്റെ ജീവിതത്തിൽ ദോഷമായി സംബന്ധിക്കുന്ന ഒന്നിനുമവൾ കൂട്ട് നിൽക്കില്ല . എന്താണ് ശരിക്കും സംഭവിച്ചത്.? ആരവേട്ടൻ അറിയാതെയാണ് അന്ന് വീട്ടിൽ വന്നതെന്നല്ലേ സത്യച്ഛൻ പറഞ്ഞത് അവർക്ക് തെറ്റ് പറ്റിയതാണോ? അതോ എന്റെ അച്ഛനും അമ്മയ്ക്കുമോ? മിനിറ്റ്കൾക്ക് വ്യത്യാസത്തിൽ ആണേലും ഞാൻ മൂത്തതായകൊണ്ട് എന്നെ ആവുംന്ന് വിചാരിച്ചതാവുമോ അച്ഛനും അമ്മയും. എവിടാണ് കൈ പിഴ നടന്നത്? കല്യാണത്തിന് മുൻപ് മൂന്നു മാസത്തോളം സമയമുണ്ടായിരുന്നല്ലോ.. എൻഗേജ്മെന്റ് കഴിഞ്ഞും ഒരു മാസം ഉണ്ടായിരുന്നു കല്യാണത്തിന്… പിന്നെന്ത് കൊണ്ട് ആരവേട്ടൻ തുറന്നു പറഞ്ഞില്ല. “ഇറങ്ങുന്നില്ലേ? ” ചിന്തകളുടെ പിടിവലിയിൽ നിന്നും മോചിതയായത് ആരവേട്ടന്റെ ചോദ്യത്തിലാണ്.
ഡോർ തുറക്കാൻ തിരിഞ്ഞപ്പോളാണ് സീറ്റ് ബെൽറ്റ് ഇട്ടിരിക്കുന്നത് കണ്ടത്. ഇതെപ്പോ? ഞാൻ….. ഞാൻ ഇട്ടിരുന്നോ? വണ്ടിയിൽ കേറിയപ്പോ മുതൽ ഓരോ ചിന്തകളാണ്. ആരവേട്ടൻ വെളിയിലിറങ്ങി നിൽക്കുന്നുണ്ട്. കാർ പാർക്ക് ചെയ്തിടത്തു നിന്നും കുറച്ചു മാറിയാണ് അമ്പലത്തിന്റെ മതിൽക്കെട്ട്. അങ്ങോട്ട് നടക്കുമ്പോ മുന്നേ പോണ ആരവേട്ടനെ നോക്കി. സൈഡ് മാത്രേ കാണൂ… ഏതു ആംഗിളിൽ നിന്ന് നോക്കിയാലും മുടിഞ്ഞ ഗ്ലാമറാണ് പുള്ളിക്ക്. ഷർട്ടിന്റെ ബട്ടൺ അഴിച്ചു ഒരു സൈഡിലേക്ക് ഊരി മാറ്റിയിട്ടു. ദൈവമേ… ഇതെന്താ ഇഷ്ടിക പെറുക്കി അടുക്കി വച്ചതോ…? “വരുന്നില്ലേ? ” ഹാവൂ ഭാഗ്യം ആത്മഗതം കേട്ടില്ല. ചേഹ്….വായിനോക്കി നിന്റെ നിന്നത് കണ്ടു കാണുമോ.
തൊഴുതിറങ്ങി വന്നു ഞാൻ ഗോപുരനടയുടെ വാതിൽക്കൽ വച്ചു നെറ്റിയിൽ ചന്ദനക്കുറി തൊട്ടു. ആൾക്ക് തൊട്ടു കൊടുക്കണോ വേണ്ടയോ എന്നറിയാതെ നിന്നു.പിന്നെ കയ്യിലിരുന്നത് നീട്ടിയപ്പോ ഒരു നുള്ള് എടുത്തു കൊണ്ട് പോയി അടുത്തുള്ള വലിയ തൂണിൽ തൂക്കിയിരിക്കുന്ന കണ്ണാടിക്ക് മുന്നിൽ ചെന്നു നിന്ന് തൊട്ടു. ഞാൻ തൊട്ടു കൊടുത്ത ഇഷ്ടായില്ലെങ്കിലോയെന്ന് കരുതിയാണ് തൊട്ടു കൊടുക്കാഞ്ഞത്. തിരിച്ചു പോകും വഴി ആരവേട്ടനെ ആരെക്കെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു.. ഗോഡൗണിലേക്കുള്ള ലോഡിന്റെ ട്രാൻസ്‌പോർട്ടേഷനെക്കുറിച്ചൊക്കെയാണ് സംസാരിച്ചത്. ഇത്തവണ ചിന്തകളുടെ അധീനതയിൽ അകപ്പെടാതെ പുറം കാഴ്ചകളിൽ കണ്ണും നാട്ടിയിരുന്നു. “എനിക്ക് ഗോഡൗൺ വരെയൊന്ന് പോണം.
ബ്രേക്ക്‌ഫാസ്റ്റ് പുറത്ത് നിന്ന് കഴിച്ചോളാന്ന് അമ്മയോടു പറഞ്ഞേക്ക്. അല്ലെങ്കിൽ അതിനിനി തുരു തുരെ വിളിച്ചോണ്ട് ഇരിക്കും. ” എന്നെ വീടിന്റെ മുന്നിലിറക്കി അപ്പൊ തന്നെ പോയി. ഡൈനിങ് റൂമിൽ കഴിച്ചോണ്ടിരുന്ന അച്ഛനും,, അങ്ങോട്ട് വന്ന അമ്മയുമെല്ലാം എന്റെ പിന്നിലേക്ക് നോക്കുന്നുണ്ട്. “ആരവേട്ടൻ ഗോഡൗൺ വരെ പോണംന്ന്….. ബ്രേക്ക്‌ഫാസ്റ്റ് പുറത്തൂന്ന് കഴിച്ചോളാംന്ന് പറഞ്ഞു. “അവരെ നോക്കി പറഞ്ഞപ്പോ അച്ഛന്റെ മുഖം ഇരുളുന്ന കണ്ടു. “കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ…. കുറെ ജോലിക്കാരെ വച്ചിട്ടുണ്ടല്ലോ… അത് പിന്നെന്തിനാ..? ഇവൻ ചെന്നാലേ എല്ലാം ശരിയാവൂള്ളോ? ” പിന്നെയും എന്തൊക്കെയോ പിറുപിറുത്ത് കഴിപ്പും നിർത്തി അച്ഛൻ ഫോണുമെടുത്ത് പോയി. . “വാ കഴിക്ക്… അവനേതായാലും വെളിയിൽ നിന്നല്ലേ…. ” ചിത്രാമ്മയും എന്റെ കൂടെ പ്ലേറ്റ് എടുത്തു കഴിക്കാൻ ഇരുന്നു.
ഇഡ്ഡലിയും സാമ്പാറും… . എനിക്ക് കണ്ണിന് കണ്ടൂട.. ഇഷ്ടക്കേട് ഒന്നും പറയാതെ കഴിച്ചെന്നു വരുത്തി എണീറ്റു. കല്യാണം പ്രമാണിച്ചു ബാങ്കിൽ നിന്ന് ഒരു മാസം ലീവ് എടുത്തിരുന്നു. അതാവിശ്യമുണ്ടായിരുന്നില്ലന്നു ഇപ്പൊ തോന്നുന്നു. അത്യാവശ്യം നല്ല വലിയ വീടാണ് . അത് മുഴുവൻ ചുറ്റിക്കണ്ട് നടന്നു. അടുക്കളയിലേക്ക് നോക്കുവേ ചെയ്യണ്ടന്നാ ചിത്രാമ്മയുടെ ഓർഡർ . രാവിലെ ചായ തന്ന ചേച്ചി അവിടെ ഒറ്റക്ക് കിടന്നു പണിയുന്നുണ്ട്. ഫ്രണ്ടിലെ ലോണിലൂടെ കുറച്ചു നേരം നടന്നിട്ട് റൂമിൽ പോയി ഫോണെടുത്ത് വീട്ടിലോട്ടു വിളിച്ചു. അമ്മയോടും അച്ഛനോടും കുറേ നേരം സംസാരിച്ചു. ഇവിടുത്തെ വിശേഷം ഒക്കെ ചോദിച്ചു. ഭയകര വിശേഷങ്ങൾ ആയകൊണ്ട് ഒത്തിരി പറയാൻ ഉണ്ടല്ലോ… ഹമ്മ്…. മിത്തു ക്യാമ്പയിൻന്നു പറഞ്ഞു പൂനെയ്ക്ക് വിട്ടിട്ടുണ്ടെന്ന് പറഞ്ഞു.
ഈ പെണ്ണ്….. വല്ലപ്പോഴുമേ വീട്ടിൽ കാണൂ.. അമ്മയുടെ വാക്കുകളിൽ ഒക്കെ നീരസം ഉണ്ടായിരുന്നു. അച്ഛൻ എല്ലാത്തിനും സപ്പോർട്ട് ആണ്. പിന്നെയും അവിടുത്തെ കാര്യങ്ങളൊക്കെ പറഞ്ഞു കഴിഞ്ഞു ഫോൺ വച്ചു. ഉച്ചക്ക് ഊണും കഴിഞ്ഞു വന്നു കിടന്നു എപ്പളോ മയങ്ങിയിരുന്നു. കണ്ണ് തുറന്നപ്പോ മുന്നിൽ കണ്ടത് ആരവേട്ടനെയാണ്. എപ്പോ വന്നോ ആവോ?… ഒരു കുട്ടി നിക്കറും സ്ലീവ് ലെസ് ടിഷർട്ടുമാണ് വേഷം. വന്നതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ? അപ്പൊ മയക്കം ആയിരുന്നില്ല.! നല്ല ഉറക്കം തന്നെയായിരുന്നു. മൊത്തം സ്കാനി വന്നപ്പോഴാണ് കണ്ടത്. ആരവേട്ടൻ എന്റെ കൈവെള്ളക്കുള്ളിൽ മുഖം വച്ചാണ് കിടപ്പ്. കമിഴ്ന്നു കിടന്നു തല വലതു വശത്തേക്ക് ചരിഞ്ഞു എനിക്കഭിമുഖമായാണ് പൊസിഷൻ. ചെമ്പൻ മുടി എല്ലാം നെറ്റിത്തടത്തിൽ വീണു മറതീർത്തിട്ടുണ്ട്. ഒത്തിരി വീതി ഇല്ലാത്ത പിരികമാണ്. നല്ല നീളൻ മൂക്കും. മീശത്തുമ്പ് കാരണം മേൽചുണ്ട് കാണത്തില്ല.
ഇളം റോസ് നിറത്തിലെ കീഴ്ചുണ്ട് കാണാം. മെല്ലെ ആ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു. ഞങ്ങളുടെ ശ്വാസനിശ്വാസങ്ങൾ കൂടി കലർന്നു. പതുക്കെ കുനിഞ്ഞു ചെന്ന് ആ കീഴ് ചുണ്ടിൽ നനുത്ത ചുംബനമേകി.എന്റെ ആദ്യ ചുംബനം. അയ്യോ ഞാനെന്താ ഈ ചെയ്തേ…. ശേ… കൃഷ്ണ….ആരവേട്ടൻ എങ്ങാനും എണീറ്റിരുന്നേൽ എന്റെ മാനം കപ്പല് കയറിയേനെ…. അറിഞ്ഞില്ലന്നു തോന്നുന്നു. കണ്ണടച്ച് തന്നെ കിടപ്പുണ്ട്. ഇടതു കൈ കൊണ്ട് ആൾടെ തല പൊക്കി എന്റെ വലതു കൈ വലിച്ചെടുത്തു. അനക്കം തട്ടാതെ ബെഡിൽ നിന്ന് എണീറ്റ് റൂമിനു വെളിയിലേക്ക് ഇറങ്ങി. അപ്പോഴാണ് ഒന്ന് ചങ്കിടിപ്പ് നിന്നത്. ദിവസങ്ങളിങ്ങനെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ഞങ്ങൾ തമ്മിൽ വല്യ അടുപ്പത്തിനും അകലത്തിനും പോയില്ല.
കഴിക്കാൻ എടുക്കട്ടെ… അമ്മ വിളിച്ചു…. ചായ.. ഇങ്ങനൊക്കെ അല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല. അത് സംസാരിക്കാൻ ഒന്നുമില്ല എന്നത് കൊണ്ടല്ല… ഒരുപാട് ഉണ്ടായിരുന്നു.. ഞങ്ങളുടെ ജീവിതത്തെക്കുറിച്ചു തന്നെ…. ആദ്യമൊക്കെ ആരവേട്ടൻ പറയാൻ വരുമ്പോൾ ഒഴിഞ്ഞു മാറിയത് ഞാൻ തന്നെയാണ്. അപ്പോഴൊക്കെ ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. അന്ന് പെട്ടന്ന് അങ്ങനെ പറഞ്ഞപ്പോൾ ഉണ്ടായൊരു അമ്പരപ്പ്. ഇപ്പൊ എല്ലാം മനസിലാക്കി യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു കേൾക്കാൻ പാകപ്പെട്ടപ്പോ ആരവേട്ടനതിനു മുതിരുന്നുമില്ല. “ആരവേ…നീ ഒന്ന് നിന്നേ…. വൈകിട്ട് ടെക്സ്റ്റൈൽസിൽ നിന്ന് വന്നപ്പോളാണ് അച്ഛൻ ഏട്ടനെ വിളിച്ചു നിർത്തിയത്.
“കല്യാണം കഴിഞ്ഞാൽ ചടങ്ങുകൾ തീരുകയല്ല തൊടങ്ങത്തെ ഒള്ളൂ… ബന്ധുവീടുകളിൽ വിരുന്നിനു പോണത് ഇതിന്റെ ഭാഗം തന്നാ… സുധാകരേട്ടൻ വന്നു വിളിച്ചിട്ട് നീ മൃദുലേയും കൂട്ടി അത്രടം വരെയൊന്നു പോയോ..? ഇല്ലല്ലോ.. മൃദുല ഏതായാലും ഒരു മാസത്തേക്ക് ലീവ് എടുത്തിരിക്കുവല്ലേ.. നീയും കുറച്ചു നാൾ തിരക്കൊക്കെ മാറ്റി വക്ക്. ” ആരവേട്ടനോട് പറയുന്നതൊക്കെ കേട്ട് നിന്നപ്പോളാണ് അച്ഛൻ എന്റെ നേർക്ക് തിരിഞ്ഞത്. “പെണ്ണും വീട്ടിൽ പോയി നിൽക്കുന്ന ചടങ്ങ് ഉണ്ടല്ലോ.. ആദ്യം അവിടേക്ക് തന്നെ ആയിക്കോട്ടെ…. രണ്ടു ദിവസം നിന്നിട്ട് വാ…, ” തോളിൽ ഒന്ന് തട്ടി അച്ഛൻ പോയപ്പോൾ ആരവേട്ടന്റെ മുഖമാണ് നോക്കിയത്. ആ മുഖത്തെ ഭാവം അറിയാൻ. ആള് സ്റ്റെയർ കയറി മുകളിൽ എത്തിയിട്ടുണ്ടായിരുന്നു. സൂപ്പർ ഫാസ്റ്റ് തോറ്റു പോകുല്ലോ….. ഹാ ഭാവം ഒക്കെ ഇനി അവിടെ ചെന്നിട്ട് കാണാം.

by