രചന – രേഖ ഉദയൻ
” മോനേ അപ്പൂ…. എടാ അപ്പുണ്ണീ… എണീക്കെടാ… ”
അമ്മയുടെ നിർത്താതെയുള്ള വിളികേട്ട് അപ്പുണ്ണി ഒന്നുകൂടി തലവഴി പുതപ്പ് വലിച്ചിട്ട് പുതപ്പിനുള്ളിൽ കിടന്ന് പിറുപിറുത്തു.
” ഈ അമ്മക്കിതെന്താ… ഈ കൊച്ചു വെളുപ്പാൻ കാലത്തേ എന്നെ എഴുന്നേൽപ്പിക്കണമെന്ന്… ഒരു സ്വയ്ര്യവും തരില്ലല്ലോ ഈ അമ്മ! ”
മനസ്സില്ലാമനസ്സോടെയാണെങ്കിലും അർജ്ജുനൻ പിള്ളയെന്ന അമ്മയുടെ അപ്പുണ്ണി എഴുന്നേറ്റ് അമ്മയുടെ മുറിവാതിലിനരികിലേക്ക് നടന്നു. വാതിൽ തുറന്നതും മൂക്കിലേക്ക് തുളച്ചുകയറുന്ന എണ്ണയുടെയും കുഴമ്പുകളുടെയും വല്ലാത്ത മടുപ്പിക്കുന്ന ഗന്ധം.
ജനലിലെ കമ്പി അഴികളിൽ തൂങ്ങിപ്പിടിച്ച് നിൽക്കുന്ന അമ്മ. അകത്തോട്ടു കയറിയ അർജ്ജുനൻ പിള്ള കയർത്തു.
” അമ്മയെന്തിനാ രാവിലെ കിടന്ന് കാറിക്കൂവുന്നെ? ഇതെന്തൊരു നാറ്റമാ… ”
” മോനേ എന്നെ ഒന്നാ കക്കൂസിലോട്ടാക്കെടാ. എനിക്ക് വയ്യ സതീടെ വായിലിരിക്കുന്നത് കേൾക്കാൻ ”
” അമ്മക്ക് ഞാൻ ഒരു വടി വാങ്ങിതന്നിട്ടുള്ളതല്ലേ? അതും പിടിച്ച് ഈ ബാത്റൂമിൽ കയറാനിപ്പോഴും പാടാണോ? ”
” രാവിലെ എണീക്കുമ്പോ തലകറങ്ങുവാ മോനേ ”
അർജ്ജുനൻ പിള്ള ചെന്ന് അമ്മയുടെ കയ്യിൽ പിടിച്ചു. മുറിയിൽ തന്നെ ബാത്റൂമുണ്ടമ്മയ്ക്ക്. അമ്മയെ അതിനകത്താക്കി പുറത്തുതന്നെ നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ കതകുതുറക്കുന്ന ശബ്ദം. അമ്മ പതിയെ ചുവടുവച്ച് ഭിത്തിയിലും കതകിലും അള്ളിപ്പിടിച്ച് പുറത്തോട്ടിറങ്ങാൻ നോക്കുന്നു. പെട്ടന്നയാൾ അമ്മയുടെ അടുത്തേക്ക് ചെന്നു.
” മോനേ അപ്പൂ.. നീ ഇവിടെ നിൽപ്പുണ്ടായിരുന്നോ? ”
അമ്മ വാത്സല്യത്തോടെ ചോദിച്ചു. അതിനു മറുപടി പറയാതെ അർജ്ജുനൻ അമ്മയെ കയ്യിൽ പിടിച്ച് കട്ടിലിൽ ഇരുത്തി.
” അമ്മാ അമ്മേടെ വടി എവിടെ? ഞാൻ ഞാൻ ഇന്നലെ ജോലി കഴിഞ്ഞ് വന്നത് ഒരുപാട് താമസിച്ചാ. പെൻഡിങ്ങ് വർക്ക് ഒരുപാടുണ്ടായിരുന്നു. അതെല്ലാം തീർത്തിട്ടു കിടന്നപ്പോൾ ഒരുപാട് താമസിച്ചു. നല്ലപോലെ ഉറങ്ങി കിടന്നപ്പോഴാ അമ്മേടെ വിളി. ശ്ശൊ! ഒന്നൂടെ ഉറങ്ങാനുള്ള സമയം ഉണ്ടായിരുന്നു ”
അയാൾ ദേഷ്യത്തിൽ അമ്മയെ നോക്കി. അമ്മ ഒന്നും മിണ്ടാതെ തല കുമ്പിട്ടിരിക്കുന്നു.
” എന്താ ഒന്നും മിണ്ടാത്തെ? ”
അമ്മ അർജ്ജുനൻ പിള്ളയെ മുഖമുയർത്തി നോക്കുക മാത്രം ചെയ്തു.ആ ഊന്നു വടി അപ്പുണ്ണിയുടെ നാലുവയസുകാരൻ പാപ്പു ഇന്നലെ എടുത്ത് വലിച്ചിഴച്ച് കളിച്ച കാര്യം അമ്മ പറഞ്ഞില്ല. ആ വികൃതി അതെവിടെ കൊണ്ടിട്ടോ എന്തോ… പാപ്പുവും മൂത്തവൻ ശംഭുവും ഉണർന്നു കാണില്ല എന്നറിയാവുന്നതു കൊണ്ടാണ് കല്യാണിയമ്മ അവരെ വിളിക്കാതെ അമ്മയുടെ അപ്പുണ്ണിയെ വിളിച്ചത്
” അമ്മക്കിനി എന്തേലും വേണോ?”
ഒന്നും മിണ്ടാതെയിരിക്കുന്ന അമ്മയെ നോക്കി ചോദിച്ചു കൊണ്ടയാൾ പുറത്തേക്കിറങ്ങി.
“സതീ… എടി സതിയേ…
ചായ ഇട്ടില്ലേടീ… ”
അടുക്കളയിൽ സതിയെ കാണാഞ്ഞയാൾ മുറ്റത്തേക്കിറങ്ങി.
സതി പശുവിന് കൊടുക്കാനുള്ള കച്ചിലുമായി തൊഴുത്തിലോട്ട് പോകുന്നു.
” എടീ… ചായ ഇട്ടില്ലേടീ….
അമ്മക്ക് ചായ കൊടുത്തില്ലേ? ”
” മനുഷ്യാ ചായയിട്ട് മേശപ്പുറത്ത് വച്ചിട്ടുണ്ട്. എന്റെ കൈയ്യൊഴിഞ്ഞാലേ ഒഴിച്ചുകൊടുക്കാൻ പറ്റൂ ”
അർജ്ജുനൻ പിള്ള ദേഷ്യത്തോടെ മുറ്റത്തേക്കിറങ്ങി.
” നിനക്കെന്ത് മലമറിപ്പായാലും ഈ ഇട്ടുവച്ച ചായ എടുത്ത് കൊടുത്തിട്ട് ബാക്കി പണി നോക്കണമെടീ…
എഴുപത് വയസ്സു കഴിഞ്ഞ തള്ളയാണ്….
നിനക്കറിയാല്ലോ അവർക്ക് രാവിലെ എഴുന്നേൽക്കാനും നടക്കാനും പ്രയാസമാണെന്ന്…
നിനക്ക് രാവിലെ അമ്മയെ ആ ബാത്റൂമിലേക്കൊന്ന് പിടിച്ചാക്കാനും ചായ കയ്യിൽ കൊടുക്കാനും വയ്യേടീ…”
അർജ്ജുനൻ പിള്ള നിന്ന് ജ്വലിച്ചിട്ടും സതിക്കൊരു കൂസലുമില്ല. പശുത്തൊഴുത്തീന്ന് ഇറങ്ങിവന്ന സതി അർജ്ജുനൻ പിള്ളയോട് കയർത്തു.
” അതേ ഞാനിവിടെ രാവിലെ മുതൽ വെറുതേയിരിക്കുവല്ല. മനുഷ്യന് നടുനിവർത്താനാവാത്ത ജോലിപ്പാടാണ് ഓരോ ദിവസവും നേരം വെളുക്കുന്നത് മുതൽ. അതിനിടയിൽ അമ്മയെ എനിക്ക് പറ്റുന്നപോലേ നോക്കാനാകൂ.
ഞാൻ ഒരാളുടെ പണിയല്ല ഇവിടെ എടുക്കുന്നത്. നിങ്ങടേം രണ്ട് പിള്ളാരുടേം, വീട്ടുകാര്യവും ഒക്കെ നോക്കണം.
അപ്പൊപ്പിന്നെ നിങ്ങടമ്മേടെ കാര്യത്തിൽ ഞാൻ നിങ്ങളോട് പറഞ്ഞല്ലോ എനിക്കിത്രേ പറ്റൂന്ന് ”
“എടീ……. ”
അർജ്ജുനൻ പിള്ള അതിയായ കോപത്തോടെ സതിയെ അടിക്കാനായി കയ്യോങ്ങി. അതു കണ്ട് ദേഷ്യത്തോടെ പിറുപിറുത്ത് സതി അടുക്കളയിലേയ്ക്ക് കയറി പോയി.
മുറിക്കകത്തിരുന്ന് പുറത്തെ വഴക്കെല്ലാം കല്യാണിയമ്മ കേൾക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ നിറഞ്ഞുതൂകി. രണ്ടുവർഷം മുൻപ് വരെ എല്ലാ ജോലികളും നന്നായി ചെയ്യുമായിരുന്നു കല്യാണിയമ്മ. അവർ വാങ്ങിയ പശുക്കളാണ് ഇപ്പോൾ തൊഴുത്തിൽ നിൽക്കുന്ന രണ്ടെണ്ണം.
അതിന്റെകാര്യമെല്ലാം നോക്കിയിരുന്നത് കല്യാണിയമ്മയായിരുന്നു. വീട്ടുജോലികളെല്ലാം ആവുംവിധം സഹായിക്കുമായിരുന്നു. പക്ഷെ പെട്ടന്നൊരുദിവസം രാവിലെ ഉറക്കമുണർന്നപ്പോൾ ശരീരത്തിനൊരു ബലമില്ലാത്തപോലെ. കട്ടിലിൽനിന്നും എഴുന്നേൽക്കാനും കഴിയുന്നില്ല. അവിടെക്കിടന്നുകൊണ്ട് സതിയെ വിളിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. മുറിവാതിലിനു മുന്നിലൂടെ കടന്നുപോയ ശംഭുവിനെ കണ്ടതും കല്യാണിയമ്മ ആംഗ്യം കാണിച്ചു.
” എണീക്കാൻ വയ്യ മോനേ…”
” അയ്യോ എന്തുപറ്റി മുത്തശ്ശീ ”
ശംഭു മുറിയിൽ കയറിമുത്തശ്ശിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല.
” അമ്മേ… അച്ഛാ…..”
അവൻ ഉച്ചത്തിൽ വിളിച്ചു.
എല്ലാവരും ഓടിവന്നു. പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കീട്ട് നടക്കുന്നില്ല. അർജ്ജുനൻ പിള്ള ശംഭൂനെക്കൊണ്ട് അപ്പുറത്തെ വിമലിനെ വിളിച്ചുവരുത്തി. കല്യാണിയമ്മയെ വിമലിന്റെ കാറിൽത്തന്നെ ആശുപത്രിയിൽ കൊണ്ടുപോയി.
ആശുപത്രിയിൽ ഒരാഴ്ച കിടന്നു.
” പ്രഷർ കുറഞ്ഞ് പോയെന്നാ അപ്പുണ്ണി പറഞ്ഞത്. അതാ ഇതുപോലെ തളർന്ന് കടക്കേണ്ടി വന്നതെന്ന്”
ആദ്യ കാലയളവിലെല്ലാം ഒരു പരാതിയോ പരിഭവമോ ഇല്ലാതെയാണ് സതി നോക്കിയത്. അവിടുന്നങ്ങോട്ട് ഒരേ നില കിടക്കേണ്ടിവരുമെന്ന തിരിച്ചറിവ് കുറച്ചൊന്നുമല്ല സങ്കടപെടുത്തിയത്.
പിന്നെപ്പിന്നെ സതിയുടെ സ്വരത്തിലും ഭാവത്തിലും മാറ്റം തുടങ്ങി.
“അവളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. ഒരേ നിലയ്ക്കു കിടപ്പായിപ്പോയ എന്റെ മലമൂത്രവിസ്സർജ്യം വരെ നീക്കം ചെയ്യേണ്ട അവസ്ഥ, സ്വന്തം മക്കൾ പോലും ചെയ്യാൻ മടിക്കുന്ന കാര്യം മരുമകളായവൾ ചെയ്യുമ്പോൾ മുറുമുറുപ്പു വരുന്നത് സ്വാഭാവികം ആണല്ലോ… സതിക്കാണെങ്കിൽ പിണങ്ങി എന്നെ കിടന്നിടത്തു തന്നെ ഇട്ടേക്കാൻ വയ്യാത്ത അവസ്ഥ. ആണായിട്ടും പെണ്ണായിട്ടും എനിക്ക് അപ്പുണ്ണിയല്ലേയുള്ളൂ ”
പോകെപ്പോകെ സതിയുടെ മുറുമുറുപ്പുകൾ കൂടിക്കൂടി വന്നു. എനിക്ക് പറ്റില്ലെന്ന് തീർത്തു പറയുന്ന അവസ്ഥയിലായികാര്യങ്ങൾ. അപ്പുണ്ണിക്ക് വില്ലേജോഫീസിലാണ് ജോലി. അപ്പുണ്ണി ജോഴിഞ്ഞ് വന്നാൽ തുടങ്ങുന്ന ആവലാതിയാണ് സതിക്ക്.
” എനിക്കു പറ്റില്ല നിങ്ങടമ്മേനെ നോക്കാൻ. എനിക്ക് രണ്ട് കൈയ്യേ ഉള്ളൂ. ഞാനൊരു മനുഷ്യജീവിയാണ്.
രണ്ടു ചെക്കൻമാരുടെ കാര്യം നോക്കാൻ തന്നെ പത്തു പേർ വേണം. അതിനിടയിൽ വീട്ടു ജോലി നിങ്ങടമ്മേടെ കാര്യം ഇതൊന്നും പോരാഞ്ഞ് രണ്ടു പശുക്കളും.
എനിക്കുവയ്യ അർജ്ജുനേട്ടാ…..”
ഇതെല്ലാം കേട്ട് കണ്ണീർ വാർക്കാനേ കഴിയുമായിരുന്നുള്ളു കല്യാണിയമ്മക്ക്.
ആദ്യമൊക്കെ സതി അമ്മ കേൾക്കെ ഇതൊക്കെ പറയുന്നത് അർജ്ജുനൻ പിള്ളക്ക് സങ്കടമായിരുന്നു. ഒരേയൊരു മകനായ തന്നെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കി. ഒരു ജോലിക്കാരനാക്കാൻ അമ്മ സഹിച്ച ത്യാഗം എത്രത്തോളമാണെന്ന് നന്നായിട്ടറിയാം. പക്ഷേ ഇന്നീ അവസ്ഥയിൽ സതിയെ കുറ്റം പറയാനും വയ്യ. കാരണം അവൾക്കിവിടെ പിടിപ്പതുപണിയാണ് പന്ത്രണ്ടും നാലും വയസ്സുള്ള ആൺമക്കളുടെ കാര്യം നോക്കണം, പിന്നെ അവൾ പറയുന്നതും ശരിതന്നെയാണ്.
അർജ്ജുനൻ പിള്ളയുടെ സങ്കടങ്ങൾ അറിയാവുന്ന സുഹൃത്താണ് പാലക്കാട് ഒരു വൈദ്യനെക്കുറിച്ചു പറഞ്ഞത്. കുറച്ചു കാശ് കൂടുതലാവും. എന്നാലും അമ്മയെ അവിടെ കൊണ്ടു പോകാൻ സതിയും നിർബന്ധിച്ചു. കാരണം അവളും നാലുമാസം കൊണ്ടു തന്നെ അത്രത്തോളം മടുത്തിരുന്നു.
അങ്ങനെയാണ് അമ്മയെ പാലക്കാട് വൈദ്യന്റെയടുത്തേക്ക് ആംബുലൻസിൽ കൊണ്ടു പോയത്. മൂന്നു മാസം അവിടെ കിടത്തി ചികിത്സിക്കണമെന്ന് വൈദ്യൻ നിർദ്ദേശിച്ചു.
വൈദ്യൻ പറഞ്ഞതു കേട്ട് അർജ്ജുനൻ പിള്ള ആകെ ധർമ്മസങ്കടത്തിലായി. കാരണം അമ്മയോടൊപ്പം അവിടെ നിൽക്കാൻ ആളില്ല. അർജ്ജുനൻ പിള്ളയുടെ അവസ്ഥ മനസിലാക്കി വൈദ്യൻ തന്നെയാണ് ഉപദേശിച്ചത് അവിടുത്തെ ഹോം നേഴ്സിനെ അമ്മയെ നോക്കാൻ നിർത്താമെന്ന്.
“നിങ്ങൾ ഒന്നു കൊണ്ടും പേടിക്കേണ്ട. ധൈര്യമായി പൊയ്ക്കോളൂ.വിവരങ്ങൾ വിളിച്ചു തിരക്കുകയും ഇടയ്ക്കിടെ വരുകയും ചെയ്താൽ മതി ”
അപ്പുണ്ണിയിൽ നിന്നും വിവരങ്ങളറിഞ്ഞ കല്യാണിയമ്മ അപ്പുണ്ണിയെ ദീനമായി നോക്കി.
“എന്തായാലും വേറെ നിവർത്തിയില്ലല്ലോ അമ്മേ”
അമ്മയുടെ കണ്ണിൽ നിന്നും ചാലിട്ടൊഴുകിയ കണ്ണുനീർ അർജ്ജുനൻ പിള്ളതുടച്ച് അമ്മയെ ആശ്വസിപ്പിച്ചു.
” സാരമില്ലമ്മേ… എല്ലാം നന്നായിവരും. ഞാൻ എല്ലാ ആഴ്ചയും വരാം. അമ്മ വിഷമിക്കല്ലേ… ഇത് നല്ല ആശുപത്രിയാ. ഞാൻ നന്നായി അന്വേഷിച്ചു. അമ്മ വിഷമിക്കേണ്ട കേട്ടോ…”
അമ്മയുടെ മുഖത്തു നോക്കീട്ട് അപ്പുണ്ണിക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. സതിയും ഏറെ വിഷമിച്ചാണ് തിരികെ വന്നത്. സത്യത്തിൽ അർജ്ജുനേട്ടന്റെ അമ്മയോടവൾക്ക് സ്നേഹമാണ്. അമ്മ അവൾ ഈ വീട്ടിൽ വന്ന കാലം മുതൽ സ്വന്തം മകളെ പോലെയാണ് നോക്കിയിരുന്നത്. പക്ഷെ ഇപ്പോൾ സാഹചര്യമാണ് അവളെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. അർജ്ജുനൻ പിള്ള ഓരോ ആഴ്ചയും പാലക്കാട്ട് മുടങ്ങാതെ പോയി അമ്മയെ കണ്ടു. അപ്പുണ്ണിയെ കാണുമ്പോൾ അമ്മയുടെ കണ്ണുകളിൽ പുതുജീവൻ നിറയും. നാൾക്കുനാൾ അമ്മയുടെ ആരോഗ്യസ്ഥിതിയിൽ മാറ്റം വന്നു തുടങ്ങി. ഒരു ദിവസം അപ്പുണ്ണി കയറിച്ചെല്ലുമ്പോ അമ്മ കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു. അന്ന് അർജ്ജുനൻ പിള്ള അമ്മയെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു.
“ഇനി അമ്മ പെട്ടന്ന് എഴുന്നേൽക്കും. പഴയ പോലെ നടക്കും.”
വൈദ്യൻ അർജ്ജുനൻ പിള്ളയെ സമാധാനിപ്പിച്ചു. വീട്ടിൽ വന്ന അർജ്ജുനൻ പിള്ള അമ്മയുടെ മുറിയോട് ചേർത്ത് ബാത്റൂം കെട്ടുന്ന കാര്യം സതിയോട് പറഞ്ഞു. സതിയും അതിനെ അനുകൂലിച്ചു.
അമ്മയെ പാലക്കാടുനിന്നും തിരികെ കൊണ്ടുവന്നത് രണ്ടു പേർ താങ്ങിപ്പിടിച്ച് നടത്തിയാണ്. അല്ലേൽ വീണു പോകുന്ന അവസ്ഥ. അത് ഇനിയുള്ള ആറുമാസത്തെ മരുന്നിനിടെ മാറും. അമ്മ ഇനി എഴുന്നേറ്റ് നടക്കുമെന്നും വൈദ്യൻ ഉറപ്പുനൽകിയിട്ടുണ്ടായിരുന്നു. വീട്ടിൽ വന്ന കല്യാണിയമ്മ തന്റെ മുറിയിൽ പുതിയ ബാത്റൂം കണ്ട് സന്തോഷത്തോടെ അപ്പുണ്ണിയെ നോക്കി.
പിന്നീടുള്ള ഒരോ ദിവസവും വൈദ്യൻ പറഞ്ഞ മരുന്നുകളും യോഗാമുറകളുമെല്ലാം സതി തന്നെ ചെയ്യിക്കാൻ തുടങ്ങി. ബാത്റൂമിലോട്ട് പിടിച്ചുകൊണ്ടും ആക്കും അവൾ. അത്രയെങ്കിലും മാറ്റം വന്നതിൽ എല്ലാവർക്കും ആശ്വാസവുമായിരുന്നു. മരുന്നുകൾ വൈദ്യൻ പറഞ്ഞ കാലയളവിൽ കഴിച്ചു കഴിഞ്ഞിട്ടും പഴയ പോലെ എഴുന്നേറ്റ് നടക്കാൻ കഴിയുന്നില്ല.. ആരേലും ഒന്നു താങ്ങിക്കൊടുത്താലേ നടക്കാൻ കഴിയൂ. സതിയുടെ മുഖം വീണ്ടും വലിഞ്ഞു മുറുകിത്തുടങ്ങി.
” എത്ര രൂപയാ ചിലവാക്കിയത്. നിങ്ങടമ്മ തനിയേ എഴുന്നേറ്റു നടക്കുന്ന ഒരു മട്ടും കാണുന്നില്ല. ബാത്റൂമിൽ പോലും തന്നെ നടന്നുകയറാൻ കഴിയുന്നില്ലല്ലോ. എപ്പോഴും എന്നെ കിടന്ന് വിളിച്ചാ ഞാനെന്തൊക്കെ ചെയ്യണം ”
സതി ആവലാതികൾ നിരത്തി തുടങ്ങി. അതിനുശേഷം അർജ്ജുനൻ പിള്ള അമ്മക്കൊരു ഹാൻഡ്_സ്റ്റിക്ക് വാങ്ങിക്കൊടുത്തു.
” അമ്മയിനി ഇതിൽ കുത്തി ചെറുതായൊന്ന് നടന്നു നോക്കിയേ..”
ഒന്നു രണ്ടു പ്രാവശ്യം വേച്ചു പോയ അമ്മയെ അയാൾ താങ്ങി. വടിയൂന്നി നടക്കാൻ പഠിപ്പിച്ചു. ഒരു വിധം തപ്പിത്തടഞ്ഞ് ബാത്റൂം വരെ പോകാമെന്ന മട്ടായി.
പക്ഷെ ചില ദിവസം രാവിലെ വടികുത്തി എഴുന്നേറ്റാലും ഒരു ചുവടുനടക്കാൻ കഴിയില്ല. വേച്ച് വേച്ച് പോകും. പലപ്പോഴും ഇതാവർത്തിച്ചു. സതീനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ കല്യാണിയമ്മ നോക്കും. പക്ഷെ പലപ്പോഴും വീണു പോകുമെന്ന പേടിയിൽ സതിയെ വിളിച്ചു പോകും. കല്യാണിയമ്മ ചില ദിവസങ്ങളിലെങ്കിലും സതിയെ വിളിച്ചാലും സതി അടുത്തേക്ക് വരാൻ താമസിച്ച സന്ദർഭങ്ങളിൽ തനിയേ നടക്കാൻ കഴിയാതെ മുറിയിൽ തന്നെ മൂത്രമൊഴിച്ചു പോയ സാഹചര്യങ്ങളും വന്നു. അന്നൊക്കെ സതിയുടെ വായിലിരിക്കുന്നതു കേട്ട് കണ്ണുനീർ വാർക്കാനേ കല്യാണിയമ്മക്ക് കഴിഞ്ഞുള്ളു.
ചൂടാക്കിയ ചായയുമായി സതി കയറി വന്നു.
“ഇതാ ചായ. അമ്മയ്ക്ക് ചായ കൊടുത്തില്ലെന്നും പറഞ്ഞ് മോൻ രാവിലെ എന്നെ തല്ലാൻ വന്നേക്കുന്നു. ഞാൻ ഒരു മനുഷ്യജീവിയാണ്. എന്തൊക്കെ പണി ചെയ്യണം. നേരം വെളുത്താൽ ഇരുട്ടും വരെ പണി ചെയ്ത് മനുഷ്യന്റെ നടുവൊടിയും. ചായ ഇട്ടുവച്ചപ്പോ പശുത്തൊഴുത്തിൽ പശുവിന്റെ കരച്ചിൽ. പാലു കറന്നിട്ട് അതിന് കച്ചി ഇട്ടു കൊടുത്തില്ല. പിന്നെ ഞാൻ അങ്ങോട്ടോടി….”
സതി ആവലാതികളുടെ ഭാണ്ഡം ഇറക്കി വച്ച് കല്യാണിയമ്മയുടെ നേരെ കയർത്തു കൊണ്ടേയിരുന്നു. കല്യാണിയമ്മ നിസ്സംഗതയോടെ ശൂന്യതയിലേക്ക് നോക്കിയിരുന്നു. തന്നിൽ നിന്നും അവസാന ശ്വാസം നിലയ്ക്കും വരെ ഇനി ഈ അവസ്ഥ മാറ്റമില്ലാതെ തുടരുമെന്ന സത്യം ആ വൃദ്ധ എന്നേ മനസിലാക്കിയിരിക്കുന്നു…

by