16/04/2026

ശിവാനി : ഭാഗം 05

രചന – ജ്വാലാമുഖി

എഴുന്നേൽക്കാൻ വയ്യാതെ ഞാൻ ഒന്ന് പരുങ്ങി…

“എഴുന്നേറ്റു പോടീ കോപ്പേ… ”

“സൗകര്യം ഇല്ലടാ… ”

അത് പറയലും അവൻ എന്നെ തള്ളിയിട്ടു ചാടി എണീറ്റു..

അപ്പോളേക്കും ചേച്ചിയും ചേട്ടനും കൂടി അങ്ങോട്ട്‌ വന്നു..

“നിങ്ങൾ രണ്ടിനേം കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ.. ”

എനിക്കാണേൽ കാലിനു നല്ല വേദന ഉണ്ട്… ഒരുവിധം അവരുടെ കൂടെ നടന്നു… ചായ കുടിച്ചു… തിരിച്ചു കല്യാണിന്റെ വിസിറ്റർസ് സീറ്റിൽ വന്നിരുന്നു..

കുറച്ചു കഴിഞ്ഞതും അച്ഛനും അമ്മയും പിന്നെ ഏതോ ഒരു അങ്കിളും ആന്റിയും കൂടെ എന്റെ അടുത്തേക്ക് വന്നു..

“ഇതു… ശ്രീധരൻ… എന്റെ ഒപ്പം ഖത്തറിൽ ഉണ്ടായിരുന്നു… നമ്മുടെ വിനു ന്റെ അമ്മാവൻ ആണ്.. ഇന്നലെ നാട്ടിൽ എത്തിയിട്ടുള്ളു.. ”

അച്ഛൻ അങ്കിൾ നെ എനിക്ക് പരിചയപ്പെടുത്തി.. ഞാൻ വിനയകുനയ ആയി ഒരു നല്ല പുഞ്ചിരി കൊടുത്തു… ഒരു കല്യാണക്കാര്യം മണക്കുന്നുണ്ട്…

ആന്റി എന്നെ നല്ലോണം ശ്രദ്ധിക്കുന്നുണ്ട്…

കുറച്ചു നേരം അവർ എന്നോട് സംസാരിച്ചു…

അങ്ങനെ തിരിച്ചു വീട്ടിൽ വന്നതും അച്ഛന് ആരുടെയോ ഫോൺ വന്നു പുറത്തു പോയി തിരിച്ചു വന്നപ്പോൾ അച്ഛന് ചിരിച്ചിട്ട് ബോധം ഇല്ല..

“കേട്ടോ ശോഭേ.. നമ്മുടെ ശ്രീധരനും ഭാര്യക്കും ശിവേ ഭയങ്കര ഇഷ്ടം അയിന്ന്.. നാളെ അവർ അവരുടെ മോന് വേണ്ടി ശിവേ കാണാൻ വരുന്നുണ്ടെന്നു… ശ്രീധരന് ലീവ് കുറച്ചു ദിവസം കൂടി ഉള്ളു അതുകൊണ്ടാണെന്നു … ”

“അവർക്ക് കുട്ടി മാറിപ്പോയോ… ”

“ദേ അമ്മേ ചൊറിയാണ്ട് പൊക്കോട്ടാ… ”

“എന്തായാലും അവർ വന്നു കാണട്ടെ… ”

ഈശ്വര..പെണ്ണുകാണൽ ഒക്കെ ആകുമ്പോൾ ഇച്ചിരി നാണം ഒക്കെ മുഖത്തു ഫിറ്റ്‌ ചെയ്യണ്ടേ ..

ഞാൻ റൂമിൽ വന്നു.. നല്ല അന്നനടയിൽ ചായ കൊടുക്കാൻ പോകുന്നതൊക്കെ ട്രയൽ എടുത്തു..

അങ്ങനെ രാവിലെ ആകാൻ കാത്തിരുന്നു….

******

ഇന്ന് ഞാൻ നേരത്തെ എണീറ്റു.. കുളിച്ചു സുന്ദരി ആയി…

“അവർ പത്തുമണിക്ക് വരുള്ളൂ.. ”

“അതിന്…”

“ഇത്ര നേരത്തെ ഒരുങ്ങി നിൽക്കണ കണ്ടപ്പോൾ ചോതിച്ചതാണേ…. ”

“ഓ… വല്ലാണ്ടുള്ള ചോത്യങ്ങൾ വേണ്ട… ”

“എന്റെ മനുഷ്യ രാവിലെ തന്നെ ആ മൊതലിന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ നിൽക്കാതെ നിങ്ങൾ പോയി കുറച്ചു സ്നാക്ക്സ് വാങ്ങിയിട്ട് വാ.. ”

അച്ഛൻ വേഗം വണ്ടിയുടെ കീ എടുത്തു പുറത്തേക്കിറങ്ങി…

ഞാൻ ചെക്കനെ കാത്തു മുകളിലെ സിറ്റ്ഔട്ട്‌ ൽ ഇരിപ്പായി…

കുറച്ചു കഴിഞ്ഞു ഒരു ഫോർച്ചുണർ ഗേറ്റ് കടന്നു വന്നു.. ഞാൻ റൂമിൽ പോയി നിന്നു…

അമ്മ ഓടി മുകളിലേക്ക് വന്നു..

“ഡി.. അവര് വന്നു… ”

എന്നും പറഞ്ഞു തിരിച്ചു ഓടി..

അവർ താഴെ ഇരുന്നു സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ആണ് എന്നെ വിളിച്ചത്…

ഞാൻ അന്നനടയിൽ പതുക്കെ ഇറങ്ങി താഴേക്കു വന്നു… അമ്മ ചായ എന്റെ കയ്യിൽ തന്നു അവർക്ക് കൊടുക്കാൻ പറഞ്ഞു..

താഴോട്ട് നോക്കി മുഖത്തു വിനയം വാരിയെറിഞ്ഞു ഞാൻ ചായ കൊടുത്തു… ഇടംകണ്ണിട്ട് ചെക്കനെ.. നോക്കി…

എന്റെ ഭഗവാനെ… ഇവനോ… എന്റെ കിളി പോയി കണ്ണാ…

എന്റെ എല്ലാ നാണോം പോയി.. അവനെ തുറിപ്പിച്ചു നോക്കി ചുണ്ടൊണ്ട് ഒരു കോക്കിരി കാട്ടി ഞാൻ തിരിച്ചു നടന്നു… തിരിഞ്ഞു നടക്കുമ്പോൾ അവനിട്ടൊരു ചവിട്ടു കൊടുക്കാനും ഞാൻ മറന്നില്ല…

“ഇതാണ് പയ്യൻ കേട്ടോ.. ഇനി കണ്ടില്ല എന്ന് പറയരുത്.. പേര് സഞ്ജയ്‌…. ”

അങ്കിൾ എന്നെ നോക്കി പറഞ്ഞു.. ഞാൻ ഒരു ചിരി എവിടെ നിന്നോ ഉണ്ടാക്കി…

“ഇനി അവർ എന്തേലും സംസാരിക്കട്ടെ… ”

സഞ്ജു ന്റെ മുഖത്തും ദേഷ്യം അരിച്ചു കയറി നില്പുണ്ട്..

താഴത്തെ മുറിയിൽ ഞങ്ങളെ ആക്കി അച്ഛനും അമ്മയും ഒക്കെ അവരോടു സംസാരിച്ചു ഇരുന്നു..

അവൻ അകത്തു കയറിയതും ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു..

“ടോ… ഇതായിരുന്നോ തന്റെ മനസിലിരുപ്പ് … ”

“ച്ചി…നിർത്തേടി കോപ്പേ.. നിന്നെ കാണാൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വരില്ലായിരുന്നു.. ”

“ടോ.. താൻ വല്ലാണ്ട് അഭിനയിക്കേണ്ട.. ”

“നീ പോടീ.. നിന്നെ കണ്ടു വാല് മുളച്ചു നടക്കൊന്നും അല്ല ഞാൻ.. സഞ്ജു ഒന്ന് ഞൊടിച്ചാൽ നിന്നെ പോലെ നൂറെണ്ണത്തിനെ എനിക്ക് കിട്ടും…. ”

“എങ്കിൽ പോയി ഞൊടിക്കേടോ.. എന്റെ കൊക്കിൽ ജീവൻ ഉണ്ടെങ്കിൽ നീ എന്നെ കെട്ടില്ലടാ… ”

“ഓഹോ… എന്നെ കൈ വച്ച പെണ്ണല്ലേ നീ… എന്തായാലും നാണം കെട്ടു.. ഇനി കെട്ടുന്നെങ്കിൽ നിന്നെ തന്നെ ഞാൻ കെട്ടുള്ളു… നീ നോക്കിക്കോ… എന്നിട്ട് ഇതൊനൊക്കെ സഞ്ജു എങ്ങനെ ആണ് പകരം വീട്ടാൻ പോണത് എന്ന് … ”

“നീ ഒരു കോപ്പും ചെയ്യില്ലടാ… എല്ലാരുടെയും മുന്നിൽ ഇട്ടു നീയും എന്നെ കുറെ നാണം കെടുത്തിയതാ.. തിരിച്ചു ഞാനും എന്താ ചെയ്യാൻ പോണേ എന്ന് നീയും കണ്ടോടാ… ”

അപ്പോളേക്കും കതകിൽ മുട്ടു കേട്ടു ഞാൻ വാതിൽ തുറന്നു…

“എന്താ അച്ഛാ… ”

“കുറെ നേരം ആയല്ലോ കേറീട്ടു… രണ്ടും കൂടെ തല്ലിട്ട് ചത്തോ എന്നറിയാൻ വിളിച്ചതാ… ”

അത് പറഞ്ഞു അവർ നാലു പേരും കൂടി ചിരിച്ചു കൊണ്ടു വീണ്ടും സെറ്റിയിൽ പോയിരുന്നു..

“എന്തായാലും എന്റെ മോളെ ഒതുക്കാൻ സഞ്ജുനെ പറ്റുള്ളൂ ശ്രീധരാ… ”

“നമ്മുടെ വിത്തും മോശം അല്ല ദാസാ… എന്താകുമോ എന്തോ… രണ്ടും കൂടെ എന്ത് കുത്തിത്തിരിപ്പു നടത്തിയാലും നമുക്ക് ഇതു തന്നെ അങ്ങ് നടത്താം … ”

എന്റെ അച്ഛനും സമ്മതം മൂളി അങ്കിൾ നു വാക്കു കൊടുക്കുന്നത് കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു…

“എനിക്ക് ഒരാൾ ആയി അടുപ്പം ഉണ്ട്.. ഈ കല്യാണം നടക്കില്ല… ”

ഞാൻ നല്ല സീരിയസ് ആയി തന്നെ അത് പറഞ്ഞതും എല്ലാരും കൂടെ കൂട്ടച്ചിരി..

“ഹോ.. എന്റെ ദാസാ.. താൻ പറഞ്ഞപോലെ തന്നെ ആണല്ലോ കക്ഷി… ഒരു വാക്കു പോലും വ്യത്യാസം വന്നില്ല… ”

ഈ കളി ചീറ്റിപ്പോയി എന്നെനിക്കു നലോണം മനസിലായി.. ഞാൻ മുഖം വീർപ്പിച്ചു മുകളിലേക്ക് പോയി.. സഞ്ജുവും ചാടി തുള്ളി കാറിൽ പോയിരുന്നു…

******

ഒരാഴ്ച കൊണ്ടു എന്തൊക്കെ ആണ് സംഭവിച്ചേ എന്റെ കൃഷ്ണ.. നാളെ എന്റെ കല്യാണം ഉറപ്പിക്കൽ ആണ്… ആ തെണ്ടിയും ആയിട്ട്..

അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ മിഥു ചേച്ചിടെ മാര്യേജ്…

എല്ലാം കൂടെ തിക്കും തിരക്കും…

നിശ്ചയത്തിന് ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞു ആന്റി വിളിച്ചു ഞാൻ ഓറഞ്ച് സാരി ആണെന്ന് പറഞ്ഞപ്പോൾ സഞ്ജു പച്ച ഷർട്ട്‌ എടുത്തു…

“ഇത് ഒരു നടക്കു പോകില്ല ശോഭേ.. ”

അച്ഛനും അമ്മയും അടക്കം പറഞ്ഞു.. എങ്ങനെയും ഇതു നടത്താൻ ആണ് അച്ഛന്റെ തീരുമാനം…

ഞാൻ എത്ര ശ്രമിച്ചിട്ടും മുടക്കാൻ ഒരു വഴിയും സക്സസ് ആയില്ല…

ഒടുവിൽ തോറ്റു മുട്ടു മടക്കി..

പക്ഷെ അവനെ ഞാൻ അങ്ങനെ ഒന്നും വിടില്ല ..

എന്റെ കവിളിൽ പതിഞ്ഞ അവന്റെ കൈ ഞാൻ അരിയും…

അത്ര കലിയുണ്ടെനിക്ക്…. എന്റെ ജീവിതം വച്ചാ ഒക്കേത്തിന്റെയും കളി…

അവനെ അടിച്ചൊതുക്കി കുപ്പിയിൽ ആക്കണം.. എന്നിട്ട് ഭർത്താവ് ആക്കണം.. കാണാനും കൊള്ളാം…

അങ്ങനെ കുറെ സ്വപ്നം കണ്ടു ഞാൻ ഉറങ്ങിപ്പോയി…

*****

അണിഞ്ഞൊരുങ്ങി മണ്ഡപത്തിൽ കയറുമ്പോൾ വീണ്ടും കുറച്ചു നാണം അഭിനയിച്ചു ഞാൻ…

മുന്നിൽ തന്നെ ചേച്ചിയും ചേട്ടനും അന്തം വിട്ടു നിൽപ്പുണ്ട്…

മോതിരം മാറൽ കഴിഞ്ഞു എഴുന്നേറ്റു നിന്നു ഫോട്ടോ എടുക്കാൻ നേരം അവൻ എന്റെ കാലിൽ ചവിട്ടി ഞെരിച്ചു..

ദേഷ്യം മൂത്ത് ഞാൻ അവന്റെ മുണ്ടിൽ പിടിച്ചു വലിച്ചു…

മുണ്ട് കുത്തഴിഞ്ഞതും അവൻ സ്റ്റേജിന്റെ സൈഡിൽ പോയി മുണ്ടുടുത്തു വീണ്ടും വന്നു..

“നിനക്ക് വച്ചിട്ടുണ്ടെടി താടകെ… ”

“നീ പോടാ കോപ്പേ… ”

അപ്പോളേക്കും അച്ഛൻ എന്റെ അടുത്ത് വന്നു നിന്നു…

“അനങ്ങാണ്ട് നിന്നില്ലേൽ സ്റ്റേജിന്നു വലിച്ചു തൂക്കി എറിയും ഞാൻ രണ്ടിനേം… ”

ഞാൻ വേഗം ഡീസന്റ് ആയി…

സ്റ്റേജിന്നു ഇറങ്ങി ഊണ് കഴിക്കാൻ ചെന്നിരുന്നു..

ചോറ് ഉണ്ടെന്നു വരുത്തി പായസം കാത്തിരുന്നു ഞാൻ..

പായസം വന്നതും എന്റെ ഗ്ലാസിൽ ഒഴിച്ചു അയാൾ തിരിഞ്ഞതും സഞ്ജു അതൊരു തട്ടു കൊടുത്തു…

എന്നിലെ ഭദ്രകാളി സടകുടഞ്ഞു എണീറ്റു..

ഞാൻ അടുത്ത ഗ്ലാസിൽ ഇരുന്ന വെള്ളം എടുത്തു അവന്റെ ഇലയിലേക്കു ഒഴിച്ചു…

ഇതെല്ലാം വീഡിയോ പിടിക്കുന്നത് അറിയാതെ ഞങ്ങൾ അവിടെ യുദ്ധം ചെയ്തു കൊണ്ടിരുന്നു..

വീണ്ടും പാലട വന്നതും അവൻ അവന്റെ ഇലയുടെ തലക്കൽ വച്ച രണ്ടു മുരിങ്ങ കോൽ എടുത്തു എന്റെ പായസത്തിൽ ഇട്ടു…

“സ്ട്രോ ആണെന്ന് കരുതിയാൽ മതി ”

എന്നാലും പായസം കുടിക്കാതെ പോകില്ല എന്നത് എന്റെ വാശി ആയിരുന്നു..

ഞാൻ ഇലയിൽ പായസം വാങ്ങി പപ്പടം കൂട്ടി കുഴച്ചു… വിരലിനിടയിലൂടെ പായസം തുറിച്ചു ചാടി…
എന്നിട്ട് നല്ലോണം കൈ ഒക്കെ വായിൽ ഇട്ടു തുടച്ചതും അവൻ ഓക്കാനം വന്നു എണീറ്റു ഓടി…

തുടരും….