രചന – നിഷ്തില
അമ്മയുടെ വാക്കുകൾ കേട്ടു ശേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ശ്രീയോട് പറഞ്ഞതെല്ലാം ഓർത്തു അവളുടെ മനസ്സുപിടഞ്ഞു. ഇനി എന്തുചെയ്യണമെന്നറിയാതെ അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ തോളിലേക്ക് ചാഞ്ഞു…
ഹേമ അവളോടായി തുടർന്നു…….
” നീ പെണ്ണുകാണലിനു സമ്മതിച്ചപ്പോഴും രാവിലെ യാതൊരു മടിയും കൂടാതെ ഒരുങ്ങി നിന്നപ്പോഴും ഞങ്ങൾക്ക് പുതുമയൊന്നും തോന്നാതിരുന്നത് അതുകൊണ്ടാണ്.
പെണ്ണുകാണൽ കഴിഞ്ഞ് അവർ പോയ ശേഷവും നീ മറുത്തൊന്നും പറഞ്ഞില്ല. വൈകിട്ട് അച്ഛന്റെ ഫോണിൽ ഓരോ കോൾ വരുമ്പോഴും നിന്റെ മുഖത്ത് ആകാംക്ഷകണ്ടപ്പോൾ ഞങ്ങൾ നിനക്ക് ശ്രീയെ ഇഷ്ടമായി എന്ന് കരുതി. പക്ഷേ നീ മനസ്സിൽ വിചാരിച്ചു വച്ചിരുന്നത് മറ്റൊന്നാണെന്ന് ഞങ്ങൾ വിചാരിച്ചില്ല മോളെ…… ”
“ശ്രീ നല്ല കുട്ടിയാണ്. മോളുടെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും ഉൾക്കൊള്ളാൻ പറ്റുമോ എന്ന് അറിയാനാണ് ഞങ്ങൾ ശ്രീയെ കാണാൻ പോയത് നിനക്ക് നല്ലൊരു ഭർത്താവും ഞങ്ങൾക്ക് നല്ലൊരു മകനും ആകുമെന്ന് പൂർണബോധ്യം ഉള്ളതുകൊണ്ടാണ് ശ്രീ തന്നെ ഞങ്ങളുടെ മകനായി വരണം എന്ന് ആഗ്രഹിച്ചത്. അതുകൊണ്ടാണ് ശ്രീ ഇങ്ങനെ ഒരു കാര്യം പറഞ്ഞപ്പോൾ അച്ഛൻ സമ്മതം നൽകിയതും. നിന്നെ വേദനിപ്പിക്കണം എന്ന് ഞങ്ങൾക്കും ശ്രീജിത്തിനും ഒരിക്കലും ഉണ്ടായിരുന്നില്ല മോളെ…. നിന്നോട് ഒരുപാട് ഇഷ്ടം തോന്നിയത് കൊണ്ടാണ് ശ്രീ അങ്ങനെ ഒരു കാര്യത്തിനു മുന്നിട്ടിറങ്ങിയത്. ഒന്നുമറിയാതെ ആണെങ്കിലും നീ പറഞ്ഞ വാക്കുകൾ അവനെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടാവും….. ”
“ഇനിയിപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ നടക്കാൻ ഉള്ളതെല്ലാം നടന്നു സാരമില്ല…. വിഷമിക്കേണ്ട.”ഹേമ അവളുടെ പുറത്ത് തലോടിക്കൊണ്ട് സമാധാനിപ്പിച്ചു…
“അമ്മേ എനിക്ക് ശ്രീയെ ഒന്നു കാണണം എന്നോട് ഒരുപക്ഷേ ദേഷ്യം ആയിരിക്കും.. ഞാൻ അറിഞ്ഞു കൊണ്ടല്ലെങ്കിലും ശ്രീയെ വേദനിപ്പിച്ചതിന് എനിക്ക് ശ്രീ യോട് ക്ഷമ ചോദിക്കണം.
“മോള് വിഷമിക്കാതെ….. അച്ഛൻ ഇങ്ങുവരട്ടെ നമുക്ക് എന്താണെന്നുവെച്ചാൽ തീരുമാനിക്കാം.”
ഈ സമയം വിശ്വനാഥൻ തിരികെ എത്തിയിരുന്നു. അച്ഛനെ കണ്ട് ശേഖയുടെ കണ്ണുകൾ നിറഞ്ഞു.
” അച്ഛാ എന്നോട് അച്ഛൻ ഒരു വാക്ക് പറയാമായിരുന്നില്ലേ….
… ഇതിപ്പോൾ ഞാൻ ഇനി…… എന്താ ചെയ്യണ്ടേ?”
” മോളെ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് അച്ഛനും വിചാരിച്ചില്ല. കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച് ഇനി നമ്മൾ സങ്കടപ്പെട്ട് കാര്യമില്ലല്ലോ…..”
” അച്ഛാ എനിക്ക് ശ്രീയെ ഒന്ന് കാണണം നമുക്ക് അപ്പോൾതന്നെ പോയാലോ?”
” മോളെ തൽക്കാലം അത് വേണ്ട ശ്രീ ആകെ വിഷമിച്ചാണ്‌പോയത്.. ശ്രീ നടന്നതൊന്നും ആരോടും പറഞ്ഞിട്ടില്ല. വെറുതെ എല്ലാവരെയും അറിയിക്കേണ്ട എന്ന് ശ്രീ തന്നെയാണ് പറഞ്ഞത്… അത് പ്രത്യേകം പറഞ്ഞിരുന്നു…..
പക്ഷേ അച്ഛാ ശ്രീ നാളെ പോകും ഞാൻ വാക്കുകൾ കൊണ്ട് ശ്രീയെ വിഷമിപ്പിച്ചു ഒരു ക്ഷമയെങ്കിലും ചോദിച്ചില്ലെങ്കിൽ എങ്ങനെയാണ്…. എനിക്കൊരു സമാധാനം ഉണ്ടാകില്ല മാത്രമല്ല……. ” അവളെന്തോ ബാക്കി പറയാൻ വന്നത് മുഴുവിപ്പിച്ചില്ല.
“സാരമില്ല മോള് എന്തായാലും ഇപ്പോൾ ശ്രീയെ പോയി കാണുന്നത് നടക്കില്ല. നമ്മൾ ഇനിയും ശ്രീക്കു ബുദ്ധിമുട്ട് ഉണ്ടാകാൻ പാടില്ല. അതിന്റെ പേരിൽ നമ്മൾ ബുദ്ധിമുട്ടേണ്ടി വന്നാലും.”
വിശ്വനാഥൻ ശബ്ദം ഉറച്ചതായിരുന്നു..
പിന്നെ ശേഖ ഒന്നും മിണ്ടാതെ മുഖം പൊത്തിയിരുന്നു
” ഹെമേ അവൾ കുറച്ചുനേരം തനിച്ചു ഇരിക്കട്ടെ ”
ഇത്രയും പറഞ്ഞു വിശ്വനാഥൻ പുറത്തേക്കിറങ്ങി.. ഒപ്പം ഹേമയും.
ശേഖയുടെ ചിന്ത മുഴുവനും ശ്രീയെ കുറിച്ചായിരുന്നു. അപ്പോഴാണ് ശേഖയ്ക്ക് അച്ഛൻ ശ്രീയുടെ നമ്പർ അയച്ചുതന്നകാര്യം ഓർമ്മവന്നത്. അവൾ ഫോൺ എടുത്തു. ഈ സമയം ഹരിയുടെ മിസ്ഡ് കോളുകൾ ഫോണിൽ കിടപ്പുണ്ടായിരുന്നു. അവളതു വകവെക്കാതെ വാട്സ്ആപ്പ് തുറന്നു ശ്രീയുടെ നമ്പർ സേവ് ചെയ്തു…..
മെസ്സേജ് അയക്കാൻ ആയി തുടങ്ങിയതും ശ്രീയെ ഓൺലൈൻ കാണിക്കുന്നുണ്ടായിരുന്നു. പെട്ടെന്നുതന്നെ അവൾക്ക് ഒരു മെസ്സേജ് വന്നു
” ഹായ് ശേഖ. ഇറ്റ്സ് മി ശ്രീജിത്ത്…
ഞാൻ കാരണം താൻ ഒരുപാട് സങ്കടപ്പെട്ടു എന്നെനിക്കറിയാം. തന്റെ ഫോട്ടോ ആദ്യമായി കണ്ടത് മുതൽ തന്നോട് എന്തോ ഒരു ആത്മബന്ധം എനിക്ക് തോന്നി തുടങ്ങിയിരുന്നു. പിന്നീട് തന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും തന്നെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോഴും സംസാരിച്ചപ്പോഴും തന്നോടുള്ള ഇഷ്ടം കൂടി. തന്റെ സ്മാർട്നെസ്സും ദേഷ്യവും ഒക്കെ ഞാൻ ആസ്വദിക്കുകയായിരുന്നു. തന്നെ കൂടുതൽ ഇഷ്ടമാകുക തന്നെയാണ് ചെയ്തത്.താനൊരു എസ് പറയില്ല എന്നെനിക്കറിയാമായിരുന്നു. എന്നിരുന്നാലും തന്നെ എല്ലാം പറഞ്ഞു മനസ്സിലാക്കാനും തന്നെ എnte ജീവിതത്തിലേക്ക് ക്ഷണിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അതൊന്നുമല്ല സംഭവിച്ചത് . സത്യാവസ്ഥ തന്നെ ബോധിപ്പിക്കണമെന്ന് ഉണ്ടായിരുന്നാലും ഞാൻ പറഞ്ഞാലും താൻ വിശ്വസിക്കില്ല എന്ന് തോന്നിയതിനാലാണ് കൂടുതൽ ഒന്നും പറയാതിരുന്നത്.മാത്രമല്ല അതിനൊരു സാഹചര്യം താനെനിക്ക് തന്നതും ഇല്ല. നിറത്തിന്റെയും തന്റെ വസ്ത്രധാരണത്തിന്റെയും പേരിൽ ഒരിക്കൽ ഇഷ്ടമില്ല എന്ന് പറഞ്ഞോരാൾ വീണ്ടും ഇഷ്ടമാണെന്ന് പറയുമ്പോൾ എന്നോട് തോന്നാവുന്ന വിശ്വാസക്കുറവ് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ അങ്ങനെ ഒരാളെ എന്റെ ഇഷ്ടം പറഞ്ഞു ഇനിയും ശല്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.പിന്നെ എന്റെ ഒരു ഫ്രണ്ട്ഷിപ്പ്പോലും താൻ ആഗ്രഹിക്കുന്നില്ല എന്ന് എനിക്കറിയാം. അതുകൊണ്ട് മറ്റൊരു നാടകവുമായി ഞാനിനി തന്റെയടുത് വരില്ല…..എല്ലാത്തിനും സോറി…
നമ്മൾ തമ്മിൽ മൂന്ന് ദിവസത്തെ പരിചയമേ ഉള്ളൂ എന്നാൽ ഓർത്തിരിക്കാൻ ആണെങ്കിൽ ഒരുപാടുണ്ട്. പിന്നെ ഇനി അതെല്ലാം ഓർത്തു വയ്ക്കുന്നതിലും കാര്യമൊന്നുമില്ലല്ലോ. താൻ വിഷമിക്കേണ്ട..
സ്വന്തമാകണമെന്ന് ആഗ്രഹിച്ച ഒന്നുകിട്ടാതെ വരുമ്പോളുള്ള ചെറിയ വിഷമം ഉണ്ട്.പിന്നെ ഈ വിഷമം ഒക്കെ പെട്ടെന്ന് മാറിക്കോളും. എന്തെന്നാൽ മറക്കാൻ ആണെങ്കിലും ജീവിതത്തിലെ മൂന്നു ദിവസങ്ങൾ അല്ലേ……. അത് എന്നെ കൊണ്ട് സാധിക്കും എന്ന് ഞാൻ കരുതുന്നു. ഇനി കാണുമോ എന്നറിയില്ല തന്നെപ്പോലെ തന്നെ അത് ഞാൻ ആഗ്രഹിക്കുന്നും ഇല്ല. എങ്കിലും നന്മകൾ മാത്രം ആശംസിക്കുന്നു… ഇനി ഒരിക്കലും കാണില്ല എന്നറിയാം…തന്നെ വിഷമിപ്പിച്ചതിnuq ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു.. ഗുഡ് ബൈ….. ”
വായിച്ചു തീർന്ന ശേഖ യുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി…. അവൾ വേഗം റിപ്ലൈ ചെയ്തു….
“ഐ ആം റീയലി സോറി ശ്രീ…… ”
ഈ സമയം ശ്രീ ഓൺലൈനിൽ നിന്നും മാഞ്ഞിരുന്നു. മാത്രമല്ല അത്രയും നേരം കണ്ട് ശ്രീയുടെ ഡിപി കാണുന്നില്ല. മെസ്സേജുകൾ ഒന്നും ശ്രീക്ക് ഡെലിവേർഡ് ആയിട്ടില്ല.
ശ്രീ തന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അവൾക്ക് മനസിലായി അവൾക്ക് സങ്കടം സഹിക്കാനായില്ല.എന്ത് ചെയ്യണമെന്നറിയാതെ അവൾ ഒരു നിമിഷം ആലോചിച്ചു. വേഗം അവന്റെ നമ്പർ എടുത്തു കോൾ ചെയ്തു.റിംഗ് ചെയ്യുന്നുണ്ട്….. പക്ഷെ ശ്രീ ഫോൺ എടുത്തില്ല. അവൾ വീണ്ടും വിളിച്ചു
നാലാമത്തെ കോളിൽ മറുപുറം ശ്രീയുടെ സൗണ്ട് കേട്ടു
“ഹലോ….”
“ഹലോ ശ്രീ….. ഞാനാ ശേഖ….”
“മനസിലായി… പറയു….”
” എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്? വാട്സാപ്പിൽ ബ്ലോക്ക് ചെയ്തത് എന്തിനാ? അവൾ കിതപ്പോടെ ചോദിച്ചു. അവളുടെ ശബ്ദം ഇടറി ഇരിക്കുന്നതും അവൾ കരയുകയായിരുന്നു എന്നും അവനു മനസ്സിലായെങ്കിലും അവൻ അത് അറിഞ്ഞതായി ഭാവിച്ചില്ല
” തന്നോട് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞിരുന്നു… പിന്നെ താനെന്റെ ഫ്രണ്ട്ഷിപ്പ്പോലും ആഗ്രഹിക്കുന്നില്ല എന്നറിയാം… ഇനിയും തന്നെ ശല്യം ചെയ്യേണ്ട എന്ന് തോന്നി അതാണ് ബ്ലോക്ക് ചെയ്തത്… ”
” സ്വന്തമായി പറയാനുള്ളതെല്ലാം പറഞ്ഞു. മറുപടി കേൾക്കണമെന്നില്ലേ? ”
അവളുടെ ചോദ്യത്തിലെ ദേഷ്യം പ്രകടമായിരുന്നു……
” തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞതല്ലേ….. അതിനുമപ്പുറത്തേക്ക് ഒന്നും ഇനി പറയാൻ ഉണ്ടാകില്ലല്ലോ….. പിന്നെ കൂടുതൽ സംസാരിച്ചു സമയം കളയേണ്ട കാര്യമില്ല എന്ന് തോന്നി. അതുകൊണ്ടാണ് ബ്ലോക്ക് ചെയ്തത്… “അവൻ വളരെ പരുഷമായി തന്നെ പറഞ്ഞു.
ശേഖക്ക് ശബ്ദം പോങ്ങുന്നുണ്ടായിരുന്നില്ല
“വേറെന്തെങ്കിലും തനിക്ക് പറയാൻ ഉണ്ടോ?” അവൻ തന്നെ ചോദിച്ചു.
“കൈക്ക് എങ്ങനെയുണ്ട്?”
“ഓ അതോ….. വേദന കുറവുണ്ട്. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇപ്പോൾ തോന്നുന്നില്ല.”
പിന്നീട് കുറച്ചു നേരം അവർ രണ്ടു പേരും ഒന്നും മിണ്ടിയില്ല. അവർക്കിടയിലെ മൗനത്തെ ഭേദിച്ചുകൊണ്ട് ശ്രീ തുടർന്നു..
” എങ്കിൽ ഒക്കെ ശേഖ … എന്നോട് ദേഷ്യം ആണെങ്കിലും വിളിച്ചതിന് താങ്ക്സ്.ഞാൻ ഫോൺ വയ്ക്കുകയാണ്. പാക്കിങ് തീർന്നിട്ടില്ല…. എന്ത് ചെയ്യാനാ ഇന്ന് കുറെ ടൈം വെറുതെ വേസ്റ്റായി….. അപ്പൊ ഗുഡ്നൈറ്റ്…. ”
“അവളുടെ ഒരു മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൻ കോൾ കട്ട് ചെയ്തു. നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ അടക്കാനാവാതെ അവൾ കട്ടിലിലേക്ക്
ഇരുന്നു…
അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ഭാരം മനസ്സിൽ ഇരിക്കുന്നത് പോലെ…. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൾ നെടുവീർപ്പിട്ടു.
ശ്രീയോട് തോന്നിയിരുന്ന ദേഷ്യത്തിനും അപ്പുറം അവനോട് തനിക്ക് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കി. ഒരിക്കൽ പോലും ആരോടും തോന്നാതിരുന്ന ഇഷ്ടം ശ്രീയോട് എങ്ങനെ..? അതും താൻ പോലുമറിയാതെ…. അവളാകെ തളർന്നിരുന്നു. എന്തുചെയ്യണമെന്നറിയാതെ…….
(തന്റെ ഇഷ്ടം ഇല്ലായ്മ ശ്രീജിത്ത് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു…. മനസ്സിൽ തന്നോട് തോന്നിയ ഇഷ്ടം അവൻ വേണ്ട എന്ന് വെച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും താൻ ഇഷ്ടമാണെന്ന് പറഞ്ഞു തന്നാൽ ശ്രീയത് സ്വീകരിക്കുമോ…..?
മാത്രമല്ല ശ്രീയോട് ഇനി അത് തുറന്നു പറയാനുള്ള ധൈര്യം തനിക്ക് ഉണ്ടോ….?”
എന്തുചെയ്യണമെന്നറിയാതെ ശേഖ ആകെ അസ്വസ്ഥയായി… പെട്ടെന്നാണ് അവൾ ഹരിയെ കുറിച്ച് ഓർത്തത്…. അവൾ വേഗം ഹരിയെ വിളിച്ചു…
” ഹലോ ശെഖാ…..എന്തായി കാര്യങ്ങൾ? ”
“ഹലോ ഹരിയേട്ടാ…..”
” എന്താ മോളെ…..എന്തുപറ്റി?’ അവളുടെ ശബ്ദത്തിലെ ഇടർച്ച അവൻ തിരിച്ചറിഞ്ഞിരുന്നു.
” ശേഖ നടന്ന കാര്യങ്ങളെല്ലാം അവനോടു ചുരുക്കി പറഞ്ഞു അതിനുശേഷം അവൾ അവനോട് ചോദിച്ചു….
“ഞാനെന്താ ചെയ്യേണ്ടത് ഹരിയേട്ടാ?”
” ശെഖാ അത് നീ ശ്രീ യെ ഇഷ്ടപ്പെടുന്നുവെങ്കിൽ….. നിനക്ക് പൂർണബോധ്യം ഉണ്ടെങ്കിൽ നീ ശ്രീയെ വിളിച്ചു സംസാരിക്കൂ…. നിന്നെ അവനു മനസ്സിലാക്കാൻ പറ്റും. വാക്കുകൾകൊണ്ട് നിന്നെ ഉപേക്ഷിച്ചു എങ്കിലും മനസ്സുകൊണ്ട് പെട്ടെന്ന് നിന്നെ ഉപേക്ഷിക്കാൻ അവനു കഴിയില്ല.. തുറന്നു സംസാരിച്ചാൽ തീരാവുന്ന തെറ്റിദ്ധാരണകളെ നിങ്ങൾക്കിടയിൽ ഉള്ളൂ… നീ നിന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ അവൻ അത് അംഗീകരിക്കാതെ നിന്നെ വിട്ടു പോകില്ല എന്നാണ് എന്റെ വിശ്വാസം… അതിനാൽ നീ നിന്റെ മനസ്സിലുള്ളത് ശ്രീയോട് തുറന്ന് സംസാരിക്കൂ….”
“എങ്കിൽ ശരി ഹരിയേട്ടാ….
ഞാൻ ശ്രീ യെ വിളിക്കാം…. അവൾ വീണ്ടും ശ്രീയെ വിളിച്ചു… അവളുടെ ഹൃദയം ഇടിക്കുന്നത്… അവൾക്കു കേൾക്കാമായിരുന്നു.. ശ്രീ ഫോണെടുത്തു..
“എന്താ ശെഖാ…?”
“അത് പിന്നെ ഞാൻ ഒരു കാര്യം പറയാൻ……….”
“എന്താടോ പറഞ്ഞോളൂ….”
” അത്……ഞാൻ…. എനിക്ക്….. ”
” ഹലോ…..ഹലോ..ശെഖാ…..
അവൾക്കെന്തോ പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
“ശെഖാ…. താൻ കേൾക്കുന്നുണ്ടോ? എന്താണ് തനിക്ക് പറയാനുള്ളത് എന്താണെങ്കിലും പറഞ്ഞുകൊള്ളൂ…. ഇന്നത്തെ ഈ ദിവസം കഴിഞ്ഞാൽ ഞാൻ വീണ്ടും തിരിച്ചുവരാൻ ഒരു വർഷം എടുക്കും ഇവിടെ കുറച്ച് ഗസ്റ്റ് ഉണ്ട്. എല്ലാവരും സംസാരിക്കുകയാണ് അവിടെ ചെല്ലുമ്പോൾ ഇതൊക്കെയല്ലേ ഉള്ളൂ എനിക്ക് ഓർക്കാൻ….. ” ശ്രീയുടെ ശബ്ദം ശാന്തമായിരുന്നു….
“അത്…..പിന്നെ നമ്മുടെ കല്യാണക്കാര്യം….
അതിന്…..”
“ശേഖ അതിനെക്കുറിച്ച് ടെൻഷൻ ആവണ്ട. എനിക്ക് തന്നെ ഇഷ്ടമായില്ല എന്റെ സങ്കല്പത്തിലെ കുട്ടി കുറച്ചുകൂടി ഫെയറായ ആളാണ് എന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് അത് ആദ്യം അക്‌സെപ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു…കാരണം അമ്മക്ക് തന്നെ ഒരുപാടിഷ്ടമായാരുന്നു ”
……
“ഞാൻ…… ഞാൻ…..അമ്മയെയും സങ്കടപ്പെടുത്തി അല്ലേ…… ഞാൻ കാരണം ആരും സങ്കടപ്പെടേണ്ട എനിക്ക് ശ്രീയെ…”
“ഡോണ്ട് വറി ശെഖാ….താൻ അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. ശരിക്കും തന്നെ ഭാഗത്തല്ലല്ലോ… എന്റെ ഭാഗത്ത് തന്നെ അല്ലേ തെറ്റ്…പിന്നെ അമ്മക്ക് തന്നെ….ഇഷ്ടമായി എന്നുള്ളത് നേരാണ്….
അതുകൊണ്ട് തന്നെ കുറച്ചു വിഷമമൊക്കെ ഉണ്ട്…
പക്ഷേ അമ്മയുടെ ഇഷ്ടത്തിനും അപ്പുറം എന്റെ ഇഷ്ടങ്ങൾക്ക് തന്നെയാണ് അമ്മ വില കൽപ്പിക്കുന്നത്…. കാരണം ഞാൻ ആണല്ലോ തന്റെ കൂടെ ജീവിക്കേണ്ടത്….. സൊ…അതുകൊണ്ട് അമ്മ മറ്റൊരു കുട്ടിയെ നോക്കാം എന്നു പറഞ്ഞു…. ദാ ഇപ്പോൾത്തന്നെ വേറെ ഒരു ആലോചനയെക്കുറിച്ച് സംസാരിക്കുന്നുണ്ട്…..
” വേറെ ആലോചനയോ….?” ശേഖയൊന്നു ഞെട്ടി..
“മ്മ്മ് അതേ…. ആള് എന്റെ ഒരു ചൈൽഡ് ഫുഡ് ഫ്രണ്ട് ആണ്…..
പേര് സ്നേഹ.
അവളും ഏകദേശം തന്നെപ്പോലെ തന്നെയാണ് ഭയങ്കര ബോൾഡ് ആൻഡ് സ്മാർട്ട് ആണ് പക്ഷേ തന്നെ അത്രയും റഫ് ആൻഡ് ടഫ് അല്ല…
അവളുടെ അച്ഛൻ പോലീസിൽ ആയിരുന്നു എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്ഥലംമാറ്റം കിട്ടി അവർ ഇവിടുന്ന് പോയതു….. ഇപ്പോൾ അങ്കിൾ റിട്ടയർ ആയി തിരിച്ചു നാട്ടിലേക്ക് വന്നു.”
രേഖയുടെ നെഞ്ചിലൊരു കല്ലെടുത്തു വച്ചത് പോലെ തോന്നി
“അമ്മയ്ക്ക് ഞങ്ങൾ രണ്ട് ആൺമക്കൾ അല്ലേ ഉള്ളൂ….. കുട്ടിക്കാലം തൊട്ടേ എന്നെക്കാൾ സ്വാതന്ത്ര്യമായിരുന്നു അവൾക്ക് ഞങ്ങളുടെ വീട്ടിൽ.അതു കുറച്ചുകൂടി ലൈസൻസോടെ മുന്നോട്ടു പോയാൽ എന്ന ചോദ്യത്തിന് അവരെല്ലാം സമ്മതം പറഞ്ഞു……”
ശേഖ ഒന്നും മിണ്ടിയില്ല അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നെങ്കിലും അവൾ അത് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇനി തന്റെ മനസ്സിലുള്ളത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അവൾക്ക് തോന്നി..
” എല്ലാം തീരുമാനിച്ചോ അവൾ ചോദിച്ചു? ”
” ഇല്ലഡോ എല്ലാം പെട്ടെന്നുണ്ടായ തീരുമാനങ്ങൾ അല്ലേ? എല്ലാം ഒരു വർഷത്തിനുശേഷം അല്ലാതെ വേറെ വഴിയില്ലല്ലോ….. പിന്നെ ഞങ്ങൾക്ക് പറഞ്ഞു തീർക്കാൻ ഒരുപാടുണ്ടല്ലോ…. എനിവേ താങ്ക്സ്….”
” എന്തിന്…? ”
” തന്റെ നോ എന്നെ സങ്കടപ്പെടുത്തി എങ്കിലും അത് മറ്റൊരു നല്ല തുടക്കത്തിന് കാരണമായി….അല്ലെങ്കിൽ എനിക്കു സ്നേഹയെ വിഷമിക്കേണ്ടി വന്നേനെ….. എനിവേ എല്ലാത്തിനും താങ്ക്സ്…..”
ശേഖ മറുപടിയൊന്നും പറഞ്ഞില്ല….
“ഞാൻ സ്നേഹയോട് തന്നെക്കുറിച്ച് പറഞ്ഞിരുന്നു…. തന്നെ നേരിട്ട് കാണണം എന്നൊക്കെ പറഞ്ഞു നടക്കുവാനാ അവൾ…..”
“എന്നെ… എന്തിനാ കാണുന്നെയ്?”
“ഒരു താങ്ക്സ്….പറയാൻ…ഞങ്ങൾക്കിടയിലേക്ക് ഒരുതടസമായി വരാതിരുന്നതിന്…..”
എന്തോ….. ആ പ്രയോഗം അവൾക്കു തീരെ സഹിക്കാനായില്ല…
“ഒക്കെ…. ശ്രീ…. ബെസ്റ്റ് വിഷസ്….”.
“താങ്ക്സ് ശെഖാ….
പിന്നെ വണ്ടി അവിടെക്കിടക്കുവല്ലേ ഫ്രണ്ട്സ് ആരേലും വരും കേട്ടോ….
അപ്പോൾ ബൈ….”
അവൻ ഫോൺ കട്ട് ചെയ്തു…..
ഫോൺ വെച്ചതും അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും വന്നൂ…..
ശ്രീ ഇത്രപെട്ടന്ന് തന്നെ മറന്നോ….
കുറച്ചു മുൻപ് വരെ തന്നോടുള്ള ഇഷ്ടം മനസിലുണ്ടായിരുന്നആള് തന്നെ അല്ലേ…..
അപ്പോൾ തന്നോടു തോന്നിയെന്നുപറഞ്ഞ ആത്മബന്ധത്തിന് ഇത്രയും ആഴമേ ഉണ്ടായിരുന്നുള്ളോ ….?
സ്നേഹ…. എന്തിനാണവൾ ഞങ്ങൾക്കിടയിലേക്ക് വന്നത്?
തന്നെ പൂർണമായും ഒഴുവാക്കി ഇത്ര പെട്ടന്നുതന്നെ മറ്റൊരാളെ കുറിച്ച് ശ്രീ ചിന്തിച്ചുതുടങ്ങിഎന്ന സത്യം ഉൾക്കൊള്ളാൻ അവൾക്കായില്ല…
ഓർക്കാതിരിക്കാൻ ശ്രമിക്കുമ്പോഴും വീണ്ടും വീണ്ടും വരുന്ന ശ്രീയുടെ മുഖം അവളെ കൂടുതൽ അസ്വസ്ഥമാക്കി…….
(തുടരും…..)

by