രചന – നിഷ്തില
സമയം രാത്രി ഒൻപത് മണിയോട് അടുത്തിരുന്നു.
കോളിംഗ് ബെൽ കേട്ട് ഹേമയാണ് വാതിൽ തുറന്നത്.
അപരിചിതമായ രണ്ടു മുഖങ്ങളിലേക്ക് ഹേമ മാറിമാറി നോക്കി….
“ആരാ മനസ്സിലായില്ല..?”
” ഹായ് ആന്റി, ഞാൻ സന്ദീപ്.. ശ്രീജിത്തിന്റെ ഫ്രെണ്ടാണ്.. ഇതു എന്റെ സിസ്റ്റർ സ്നേഹ….. ”
അവൻ പരിചയപ്പെടുത്തി…
“ഞങ്ങൾ കാറെടുക്കാനായി വന്നതാണ്. കീ തന്നിരുന്നെങ്കിൽ…… ”
“. കീ ശേഖയുടെ കയ്യിൽ ആണെന്ന് തോന്നുന്നു ഞാൻ വാങ്ങിയിട്ട് വരാം…വരൂ….. അകത്തേക്ക് ഇരിക്കൂ…”
“സാരമില്ല ആന്റി…. സമയം ഒരുപാട് ആയില്ലേ ഞങ്ങൾ കയറുന്നില്ല…”
“എന്തായാലും നിങ്ങൾ ആദ്യമായി വരികയല്ലേ വരൂ കയറി ഇരിക്കൂ….” ഹേമ വീണ്ടും നിർബന്ധിച്ചപ്പോൾ അവർ അകത്തേക്ക് കയറി.
“കുടിക്കാൻ എന്ത എടുക്കണ്ടേ? ഒരു ചായ എടുക്കട്ടെ….?”
” ഒന്നും വേണ്ട ആന്റി” സന്ദീപ് പറഞ്ഞു.
“അതു പറ്റില്ല ഞാൻ ഒരു ചായ എടുക്കാം… നിങ്ങൾ ഇരിക്കൂ….”
“എന്തായാലും ആന്റിയുടെ ആഗ്രഹമല്ലേ…. കുടിച്ചേക്കാം…… സ്നേഹയാണ് പറഞ്ഞത്. (കാരണം ശേഖയെ കാണണമെങ്കിലും സംസാരിക്കണമെങ്കിലും കുറച്ചുനേരം അവിടെ നിന്നേ പറ്റൂ) സ്നേഹ മനസ്സിൽ ഓർത്തു..
ഹേമ അടുക്കളയിലേക്ക് പോയി സ്നേഹ അവരെ അനുഗമിച്ചു.
“നല്ല വീടാണല്ലോ ആന്റി “.സ്നേഹയാണ് പറഞ്ഞത്
”താങ്ക്സ് മോളെ…. ശേഖയുടെ അച്ഛൻ ഡിസൈനാണ്…”
“ഓ റിയലി…ഇറ്റസ് വണ്ടർഫുൾ.”
“അല്ല…..ശേഖ എവിടെപ്പോയി? കണ്ടില്ലല്ലോ…”
“അത് അവൾക്ക് ഒരു തലവേദന കിടക്കുകയാണ് ”
” ഓ….. ആണോ എനിക്ക് ശേഖയെ ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. ഞാൻ ഒന്ന് പോയി കണ്ടാൽ ബുദ്ധിമുട്ടാകുമോ?
“ഏയ് എന്ത് ബുദ്ധിമുട്ട് അവൾ റൂമിൽ കാണും. ദാ…. ആ കാണുന്നതാണ് അവളുടെ മുറി മോളുചെന്ന് കണ്ടോളൂ….”
സ്നേഹ പതുക്കെ ശേഖയുടെ മുറിയിലേക്ക് നടന്നു. ഈ സമയം സന്ദീപ് വിശ്വനാഥനും ആയി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു…
ശേഖയുടെ മുറിക്കു പുറത്തു വന്ന സ്നേഹ വാതിലിൽ തട്ടി
” എന്താണ് അമ്മേ… “അമ്മയാകും എന്നാണ് ശേഖ കരുതിയത്….
“ഞാൻ അകത്തോട്ട് വന്നോട്ടെ…?”
“ആരാ വരൂ….. ശേഖക്കു ആദ്യം ആരാണെന്ന് മനസ്സിലായില്ല. അവൾ അമ്മ ആയിരിക്കുമെന്നാണ് കരുതിയത്… അവൾ വേഗം മുഖം എല്ലാം തുടച്ചു….
സ്നേഹ അകത്തേക്ക് കയറി.ശേഖയെ അടിമുടി ഒന്നുനോക്കി. ശേഷം അവളെ നോക്കി പുഞ്ചിരിച്ചു. അപ്പോഴും തന്റെ മുൻപിൽ നിൽക്കുന്നത് ആരാണെന്ന ചിന്തയിലായിരുന്നു ശേഖ. “ആരാ…? മനസ്സിലായില്ല….?”
ശേഖ ആകാംക്ഷയോടെ ചോദിച്ചു.
“ഞാൻ സ്നേഹ ശ്രീയുടെ………”
ഈ സമയം ശേഖയുടെ മുഖത്ത് ഒരു നടുക്കം ഉണ്ടായി. അവൾ സ്നേഹയെ ഈ സമയത്ത് അവിടെ പ്രതീക്ഷിച്ചിരുന്നില്ല.
സ്നേഹയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു..
“ശേഖക്കു എന്തുപറ്റി ആകെ ഡൾ ആയിരിക്കുന്നല്ലോ…?”
“അത് എനിക്കൊരു ചെറിയ തലവേദന…”
” ഞാനാണോ ആ തലവേദന? ”
സ്നേഹ ചിരിയോടെ ചോദിച്ചു.
“ഏയ് താൻ എങ്ങനെയാ എനിക്ക് തലവേദനയാകുന്നത്?”
“അല്ല…..ഇനി ആണെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ എനിക്ക് താനൊരു തലവേദന ആകാതിരുന്നാൽ മതി..” സ്നേഹയുടെ സ്വരത്തിൽ ചെറിയ ഒരു താക്കീത് ഉള്ളതുപോലെ.
” ഞാൻ വന്നത് ഒരു താങ്ക്സ് പറയാൻ ആണ്. എന്റെ ശ്രീയെ എനിക്കായി മാറ്റിവെച്ചതിന്. ഒരുപക്ഷെ. താൻ ഒരു യെസ് പറഞ്ഞിരുന്നെങ്കിൽ എന്റെ ലൈഫിൽ ഏറ്റവും വലിയ ഒന്ന് നഷ്ടമായേനെ…. ശ്രീയെ നഷ്ടമാകുന്നത് എനിക്ക് ചിന്തിക്കാനേ പറ്റുന്ന ഒന്നല്ല…. കഴിഞ്ഞവർശങ്ങളത്രയും നല്ല കൂട്ടുകാർ ആയിരുന്നിട്ടും ഒരിക്കൽപോലും ഞാൻ ഇതൊന്നും ശ്രീയോട് പറഞ്ഞിട്ടില്ല… ഒരുപക്ഷേ താൻ ഇന്നൊരു നോ പറഞ്ഞില്ലായിരുന്നെങ്കിൽ എന്റെ അവസ്ഥയെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല സൊ താങ്ക്യൂ… ”
ശേഖയുടെ മുഖം മങ്ങുന്നത് സ്നേഹ കണ്ടു. അത് വകവയ്ക്കാതെ അവൾ തുടർന്നു..
‘.. ശ്രീക്ക് തന്നോട് ഇഷ്ടം തോന്നിയിരുന്നു എന്നും തന്നെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചിരുന്നു എന്നൊക്കെ കേട്ടപ്പോൾ എനിക്ക് തന്നോട് ചെറിയ ദേഷ്യമൊക്കെ തോന്നിയിരുന്നു.പക്ഷേ തന്റെ ഒരു പെർഫെക്ട് നോ അതുകൊണ്ട് മാത്രമാണ് ശ്രീ ഇതിനു സമ്മതിച്ചത്. ഞാൻ തന്നോട് ഒരുപാട് താങ്ക്‌ഫുൾ ആണ്. താങ്ക്യൂ സോ മച്ച്…”
സ്നേഹയുടെ ഓരോ വാക്കും ശേഖയിൽ വിങ്ങലുകൾ ഉണ്ടാക്കി കൊണ്ടേയിരുന്നു.. പക്ഷേ അത് മുഖത്ത് കാണിക്കാതിരിക്കാൻ അവൾ ഒരുപാട് ശ്രമിച്ചു.
“ശെഖാ പക്ഷേ തന്റെ മുഖം കണ്ടപ്പോൾ എനിക്കു മനസ്സിലായി തനിക്ക് ശ്രീയെ ഇഷ്ടമാണ് അല്ലേ?”
അതിന് എന്തു മറുപടി നൽകണമെന്ന് അവൾക്ക് അറിയില്ലായിരുന്നു…
” ഏയ് അങ്ങനൊന്നുമില്ല.അങ്ങനെ ഒരു ഇഷ്ടം എനിക്ക് ഉണ്ടായിരുന്നെങ്കിൽ എനിക്ക് നേരത്തെ പറയാമായിരുന്നു.. ” ശേഖ മനസ്സിലുള്ളത് പുറത്തുകാണിക്കാതെ പറഞ്ഞു.
സ്നേഹ അവളെ നോക്കി പുഞ്ചിരിച്ചു…”തന്റെ മുഖം പറയുന്നുണ്ട് തന്റെ മനസ്സിൽ എന്താണെന്ന്..പക്ഷേ
ശേഖ…..കൈവെള്ളയിൽ ഉള്ള ഒന്ന് കൈവിട്ടു കളയാൻ എളുപ്പമാണ് എന്നാൽ പിന്നീട് കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ അത് ആകാശത്തോളം അകലെ ആയി പോയി കാണും. ഒരിക്കൽ നഷ്ടപ്പെടുത്തിയത് ഇനി തിരിച്ചു കിട്ടില്ല ശേഖ…. താനിനി ശ്രീയെ തന്റെ ജീവിതത്തിൽ പ്രതീക്ഷിക്കേണ്ടതില്ല…… അതിനി ഒരിക്കലും സംഭവിക്കില്ല…”.
ശേഖ അതിനെ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു വരുന്നുണ്ടായിരുന്നു.
” ശ്രീയേട്ടന്റെ ഹൃദയത്തിന്റെ താക്കോൽ തന്നിരുന്നെങ്കിൽ എനിക്ക് പോകാമായിരുന്നു “.
സ്നേഹയുടെ വാക്കുകളിലെ ദ്വയാർത്ഥം മനസ്സിലാക്കിയെങ്കിലും ശേഖ ഒന്നും മിണ്ടാതെ കാറിന്റെ കീ സ്നേഹക്ക് നൽകി.
സ്നേഹ ഒരു വിജയിയെ പോലെ ശേഖയെ നോക്കി ചിരിച്ചു.
“പിന്നെ തനിക്ക് ശ്രീയുടെ ഹൃദയത്തിന്റെ താങ്കൾ കൊണ്ടുപോകാൻ ആകുമായിരിക്കും എന്നാൽ എന്റെ ഹൃദയത്തിൽ നിന്ന് ശ്രീയെ പറിച്ചെടുത്തു കൊണ്ടുപോകാൻ ഒന്നും പറ്റില്ലല്ലോ..
”
” ഹഹഹ” സ്നേഹ ഉറക്കെ ചിരിച്ചു
” തിരിച്ചു കിട്ടാത്ത ഇഷ്ടവും മനസ്സിൽ വച്ച് വേണമെങ്കിൽ തനിക്ക് ജീവിക്കാം…. എനിക്ക് പ്രശ്നമൊന്നുമില്ല.പിന്നെ ഈ സ്നേഹോപകാരം ഒരു സ്മാരകമായി വെച്ചോളൂ ഒന്ന് തേങ്ങി കരയണമെങ്കിൽ ഇതിനെ കെട്ടിപ്പിടിച്ച് ആകാം….”
സ്നേഹ കയ്യിലിരുന്ന കവർ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു അത് ശ്രീ തനിക്ക് വാങ്ങിയ സമ്മാനം ആണെന്ന് അവൾക്കു മനസ്സിലായി…
“ഇത് ശ്രീയുടെ റൂമിൽ ഇരുന്നതാണ്. ഇതിനി ഞങ്ങൾക്കിടയിൽ ആവശ്യമില്ലല്ലോ…നിനക്ക് ഇത് ഉപകരിക്കും…. ”
” അപ്പോൾ ശരി ഞാൻ ചെല്ലട്ടെ….. ശ്രീ എന്നെ ഒരുപക്ഷേ കാത്തിരിക്കുന്നുണ്ടാകും”
” ഒന്നുനിന്നെ….. ശ്രീ ആദ്യമായി ഇഷ്ടപ്പെട്ടത് എന്നെയാണ്. പിന്നെ നീ ശ്രീയുടെ കളികൂട്ടുകാരി ആയതുകൊണ്ട് തന്നെ നിന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരിക്കാം.. അതുകൊണ്ടാണ് സമ്മതിച്ചത്.. ശ്രീക്ക് എന്നോടുള്ള ഇഷ്ടം അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല എന്ന് എനിക്കറിയാം.. എന്നോടുള്ള വാശിയാണ് ഒരുപക്ഷേ നിന്നോടുള്ള വിവാഹത്തിന് സമ്മതിച്ചത്. എന്റെ ഇഷ്ടം പറഞ്ഞാൽ ശ്രീ അത് കണ്ടില്ലെന്ന് വയ്ക്കില്ല. ശ്രീയെ നിനക്ക് കിട്ടില്ല…” ശേഖയുടെ ഭാവമാറ്റം കണ്ട് സ്നേഹ ഒന്നമ്പരന്നെങ്കിലും അവൾ ചിരിച്ചു കൊണ്ട് തുടർന്നു…
” ആണോ ഞാൻ അറിഞ്ഞില്ല. എങ്കിൽ ഒരു പണി ചെയ്യ്. ഇപ്പോൾ തന്നെ വിളിച്ചുപറ നിനക്ക് ശ്രീയെ ഇഷ്ടമാണെന്ന്. ഇപ്പോൾ തന്നെ വിളിചുപറ.എന്തിനാ വെച്ച്താമസിപ്പിക്കുന്നത്?”
ശേഖ ഒരു വാശി പുറത്ത് പറഞ്ഞതാണെങ്കിലും… ശ്രീയുടെ നിലപാട് അറിയാവുന്നതിനാൽ അവൾ മടിച്ചു നിന്നു…
” എന്താ വിളിക്കുന്നില്ലേ? ശ്രീയുടെ മനസ്സിൽ ഇപ്പോഴും നീയുണ്ട്, നിന്നോട് ഇഷ്ടം ഉണ്ട്, നിന്നോടുള്ള വാശി പുറത്താണ് ഞാനുമായുള്ള കല്യാണത്തിന് സമ്മതിച്ചതെ എന്നല്ലേ നീ പറഞ്ഞത്… നീ തന്നെ വിളിക്കു… ”
” ശേഖക്കു വേറെ വഴിയില്ലായിരുന്നു… അവൾ ഫോൺ എടുത്തിട്ട് നമ്പർ ഡയൽ ചെയ്തു. എന്നാൽ ഔട്ട് ഓഫ് കവറേജ് ഏരിയ എന്നാണ് പറഞ്ഞത്… അവൾക്കു സമാധാനമായി… എന്നാൽ
സ്നേഹ സ്വന്തം ഫോണെടുത്ത് ശ്രീയുടെ നമ്പർ ഡയൽ ചെയ്തു.. റിങ് ചെയ്യുന്നുണ്ട്…. ആദ്യ റിങ്ങിൽതന്നെ അവൻ കോൾ എടുത്തു. അവന്റെ ശബ്ദം കേട്ടതോടെ സ്നേഹ മറുപടി പറയാതെ കോൾ കട്ട് ചെയ്തു…
എന്നിട്ടവളെ നോക്കി.
“ശ്രീയേട്ടൻ ഇപ്പോഴും നിന്നെ കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടായിരിക്കും അല്ലേ നിന്നെ അങ്ങ് ബ്ലോക്ക് ചെയ്തു കളഞ്ഞത്… നോക്കൂ ശെഖാ ശ്രീയുടെ ജീവിതത്തിൽ ഇനി ശേഖ എന്ന അധ്യായം ഇല്ല. ഓ സോറി ഞങ്ങളുടെ ജീവിതത്തിൽ ഇനി നീ എന്ന അധ്യായം ഇല്ല “..
സ്നേഹ ഒരു വിജയിയെ പോലെ റൂമിൽ നിന്നിറങ്ങി.
ശ്രീയുടെ ജീവിതത്തിൽ തനിക്കിനിയൊരു സ്ഥാനം ഇല്ല എന്ന സത്യം അവൾ മനസ്സിലാക്കി കഴിഞ്ഞു.തന്നെമറന്ന ഒരാൾക്ക് പുറകെ, തന്റെ സ്നേഹം പറഞ്ഞു കൊണ്ട് ചെല്ലാൻ അവൾ ഒരുക്കമായിരുന്നില്ല.. എന്നിരുന്നാലും അവന്റെ മുഖം മനസ്സിൽ നിന്ന് കളയുവാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല. മുറിയിലെ ഇരുട്ടിൽ ഇരുന്നുകൊണ്ട് അവളുടെ സങ്കടങ്ങൾ അവൾ കരഞ്ഞു തീർത്തു…. അങ്ങനെ എപ്പോഴോ മയങ്ങി പോയി……
തന്റെ മുടിയിഴകളിൽ ആരുടെയോ തലോടൽ തൊട്ടറിഞ്ഞപ്പോഴാണ് അവൾ ഉണർന്നത്….. അവൾ പതുക്കെ ആ കൈകൾ തന്നോട് ചേർത്തുവെച്ചു. തനിക്ക് പരിചയമില്ലാത്ത ആ കൈകളുടെ സ്പർശം തൊട്ടറിഞ്ഞപ്പോൾ അവൾ ഞെട്ടിഎണീറ്റു കട്ടിലിൽ നിന്നിറങ്ങി റൂമിലെ ലൈറ്റ് ഇട്ടു. തന്റെ മുന്നിൽ നിൽക്കുന്ന ആളെകണ്ട് സ്വപ്നമാണോ സത്യമാണോ എന്നറിയാതെ ശേഖ സബ്ധയായി നിന്നു.
(തുടരും…)

by