20/04/2026

നിന്നെയും കാത്ത് : ഭാഗം 07

രചന – നിഷ്തില

 

” മോളെ ശേഖ നീ ശ്രീയെ അത്രയും വേദനിപ്പിക്കേണ്ടിയിരുന്നില്ല….” ഹേമ പറഞ്ഞു…

“ഞാൻ….. അതിന്…..”
ശേഖ .. അമ്മയെ നോക്കി….

അവർ കൂടുതലൊന്നും പറയാതെ ശേഖയുടെ മുറിയിൽ നിന്നിറങ്ങി വിശ്വനാഥനെ വിളിച്ചു….

” ഹലോ ഏട്ടാ ”

” എന്താ ഹെമേ ”

” ചേട്ടൻ എവിടെയാണ്? ”

” ഞാൻ ദാ ശ്രീയുടെ വീട്ടിൽനിന്നിറങ്ങി…. അങ്ങോട്ട് വരുകയാണ്. ”

” അത്…ഏട്ടാ മോളു ശ്രീയോട്…. ”

“മ്…ശ്രീ എന്നോട് എല്ലാം പറഞ്ഞു… ശ്രീ ഒരുപാട് വിഷമത്തിലാണ്…. ഞാൻ വരട്ടെ. അവളോട് സംസാരിക്കാം.”

“ശരി ഏട്ടാ നമ്മുടെ മോള് കാരണം ശ്രീമോന് ഒരു വേദന പാടില്ല… അവളോട് എല്ലാം പറയണം..”

” നീ വിഷമിക്കാതെ ഞാനങ്ങു വരട്ടെ…..”

“എങ്കിൽ ശരി… ”
ഫോൺ കട്ട് ചെയ്ത് പുറകിലേക്ക് നോക്കിയ ഹേമ പുറകിൽ നിൽക്കുന്ന ശേഖയെ കണ്ട് ഒന്ന് പതറി.

“എന്താണ് ഞാൻ അറിയാത്ത കാരണം? അമ്മ എന്നിൽനിന്ന് എന്താണ് ഒളിക്കുന്നത്?”

”അത് മോളെ,……”

“പറ അമ്മേ ഞാൻ ശ്രീയെ എങ്ങനെ വേദനിപ്പിച്ചുവെന്നാ അമ്മ പറയുന്നത്?”

“മോളെ നീ സമാധാനിക്കു… അമ്മ എല്ലാം പറയാം.”

*==≠======================*

ശ്രീജിത്തിനെ ആലോചനയുടെ കാര്യവുമായി ജയശ്രീ വിളിച്ച ദിവസം………

“ഹലോ ഹേമേച്ചി ഞാനാ ജയശ്രീ….”

” എന്തുണ്ട് ജയശ്രീ വിശേഷം? ”

”സുഖമായിരിക്കുന്നു.. ചേച്ചി.ചേട്ടൻ എന്തിയേ?.. ”

” ഇവിടുണ്ട്”

“മോളോ?”

“അവള് ക്ലാസിൽ പോയി എന്താ ജയശ്രീ? എന്തെങ്കിലും വിശേഷം ഒണ്ടോ?”

“ഹേമേച്ചി ഞാൻ വിളിച്ചത് മോൾക്ക് ഒരു കല്യാണ ആലോചനയുമായി ആണ്. എന്റെ
കസിന്റെ മോനാണ്….”

“അത് ജയെ….. നിനക്കറിയാലോ… അവളെണേൽ പുറത്തു പോണം എന്ന ഒറ്റ വാശിയിൽ ആണ്. ഒന്നല്ലേ ഉള്ളൂ…..
എനിക്ക് അവളെ ദൂരെ വിടാൻ ആഗ്രഹം ഇല്ല. പക്ഷേ വിശ്വേട്ടൻ അവളുടെ ഇഷ്ടത്തിന് അപ്പുറത്തേക്ക് ഒന്നും ചെയ്യില്ല. അവളിപ്പോൾ ഒരു കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല..”

“ചേച്ചി വിശ്വേട്ടന്റെ കയ്യിൽ ഫോൺ കൊടുത്തു ഞാൻ സംസാരിക്കാം…” ജയശ്രീ പറഞ്ഞു…

“ഒരു മിനിറ്റ് ഞാൻ ചേട്ടന്റെ കയ്യിൽ കൊടുക്കാം”

“ചേട്ടാ ജയശ്രീയാ….നമ്മുടെ രാജുന്റെ ഭാര്യ… ചേട്ടനോട് ഒന്ന് സംസാരിക്കണം എന്ന്,…”

“എന്തേ?”

“അത് ഒരു കല്യാണ ആലോചന”

“ആർക്കാ…. തനിക്കാണോ? അതിനു മാത്രം എന്താ ഇപ്പം ഇവിടെ ഉണ്ടായെ ? ”
അയാൾ ചെറുചിരിയോടെ ചോദിച്ചു……

“തമാശകള മനുഷ്യാ…മോൾക്ക് വേണ്ടിയിട്ടാണ്.”

“ആ ബെസ്റ്റ്… എടോ അവളിപ്പോ ഒരു കല്യാണത്തിന് സമ്മതിക്കില്ല എന്ന് തനിക്ക് അറിയില്ലേ…?”

“എന്തായാലും ഏട്ടൻ ഒന്ന് സംസാരിക്ക്…”
ഹേമ ഫോൺ വിശ്വനാഥനു കൈമാറി.

“ഹലോ ജയശ്രീ പറയൂ”

“ഹായ് വിശ്വേട്ടാ ചേച്ചി പറഞ്ഞു കാണുമല്ലോ.. ഒരു ആലോചന… എന്റെ കസിൻ രാജേശ്വരിയുടെ മകനാണ്. പേര് ശ്രീജിത്ത്. യുകെ യിൽ നേഴ്സ് ആണ്. അവനുവേണ്ടി നമ്മടെ ശേഖ മോളെ ഒന്ന് ആലോചിച്ചാലോ എന്നാ ?
എന്റെ കസിന്റെ മോനായതുകൊണ്ട് പറയുന്നതല്ല. നല്ല പയ്യനാണ്…. സുന്ദരൻ… എല്ലാവരോടും നല്ല പെരുമാറ്റം….രണ്ടു വർഷമായി യു. കെ യിൽ പോയിട്ട്.അവർ രണ്ടു ആൺമക്കളാണ് മൂത്തയാൾ വിവാഹം കഴിഞ്ഞു..”

” ജയശ്രീ അവളിപ്പോൾ പഠിക്കുവല്ലേ… മാത്രമല്ല. സ്വന്തമായി എബ്രോഡ് പോണം എന്നാണ് അവളുടെ ആഗ്രഹം. പെട്ടെന്ന് ഒരു കല്യാണത്തിന് അവൾ സമ്മതിക്കില്ല.. ”

” വിശ്വേട്ടാ പെട്ടെന്ന് കല്യാണം നടത്തണം എന്ന് ആരും പറഞ്ഞില്ലല്ലോ…. അവൻ വെള്ളിയാഴ്ച തിരികെ പോകും പിന്നെ ഒരു വർഷം കഴിഞ്ഞേ വരൂ… ഇഷ്ടപ്പെട്ടാലും നമുക്ക് സമയം ഉണ്ടല്ലോ… കല്യാണം ഒന്നോ രണ്ടോ വർഷം കഴിഞ്ഞാലും നടത്താല്ലോ. നിങ്ങൾക്കിഷ്ടമായാൽ വാക്ക് പറഞ്ഞുവെക്കാം.. ബാക്കി എല്ലാം പിന്നീട് സംസാരിക്കാം….”

“അത് പിന്നെ….
അവൾ സമ്മതിക്കുമെന്ന് തോന്നുന്നില്ല. പെട്ടെന്ന് ഒരു പെണ്ണുകാണൽ എന്നൊക്കെ പറഞ്ഞുചെന്നാൽ അവൾ അത് സമ്മതിക്കില്ല……”

” അവളെ ഞങ്ങൾ ഒരു കാര്യങ്ങൾക്കും നിർബന്ധിക്കാറില്ല…. പ്രത്യേകിച്ചും ഇങ്ങനെ ഒരു കാര്യത്തിന്…..”

“ഇനി നിർബന്ധിച്ചാൽ അവൾ ചിലപ്പോൾ വല്ല ഡ്രാമയും നടത്തും…
വല്ല നാഗവല്ലിയായോ… കിലുക്കത്തിലെ രേവതി ആയോ… പറയാൻ പറ്റില്ല. എന്റെ മോളായതുകൊണ്ടു പൊക്കി പറയുന്നതല്ല, ചില സമയത്ത് അവളുടെ സ്വഭാവം വേറെ ലെവലാണ്….”

“വിശ്വേട്ടാ ശ്രീ നല്ല പയ്യനാണ്. നിങ്ങൾക്ക് എല്ലാവർക്കും അവനെ ഒരുപാട് ഇഷ്ടപ്പെടും ഒന്നുകാണുന്നതിൽ തെറ്റില്ലല്ലോ…… ”

“അത് പിന്നെ….. ഞാൻ ഒന്ന് ആലോചിക്കട്ടെ ജയശ്രീ…”

” ശരി ചേട്ടാ എന്തായാലും ഞാൻ ശ്രീയുടെ ഒരു ഫോട്ടോ വാട്സാപ്പിൽ അയക്കാം…”

“ഒക്കെ….”

ജയശ്രീ അപ്പോൾ തന്നെ ശ്രീജിത്തിന്റെ ഫോട്ടോ വിശ്വനാഥന് വാട്സ്ആപ്പ് ചെയ്തു കൊടുത്തു.

ഫോട്ടോ ഡൗൺലോഡായ ഉടനെ ഹേമയെ വിളിച്ചു ഫോട്ടോ കാണിച്ചു..

സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ..

“എനിക്കിഷ്ടായി….” ഫോട്ടോ കണ്ട ഉടനെ ഹേമ പറഞ്ഞു

” അതിന് തനിക്കിഷ്ടമായിട്ട് കാര്യമില്ല. നമ്മുടെ മോൾക്ക് ഇഷ്ടമാകണം.”

“അവൾക്ക് ഇഷ്ടാവും ഈ ഫോട്ടോ കണ്ടാൽ ആർക്കാണ് ഇഷ്ടം ആവാത്തത്.”

“എടോ തനിക്കുതന്റെ മോളുടെ സ്വഭാവം ഇതുവരെ അറിഞ്ഞുകൂടെ… അവൾ ഒരാളെ വിലയിരുത്തുന്നത് അയാളുടെ സ്വഭാവ നോക്കിയിട്ടാണ്.. അല്ലാതെ ഫോട്ടോ കണ്ടതുകൊണ്ട് മാത്രം അവൾ ഒരിക്കലും സമ്മതിക്കില്ല….”

“പിന്നെ ഇപ്പോൾ എന്താചെയ്യുക…? ”

“ആദ്യം ചെറുക്കനെ ഒന്ന് കാണണം. സംസാരിക്കണം… എന്നിട്ടാവാം അവളോട് പറയുന്നത്. താൻ എന്തായാലും ജയശ്രീയോട് വിളിച്ച് കാര്യം പറ…”

അങ്ങനെ അവർ ശ്രീയെ നേരിട്ട് കാണാം എന്ന തീരുമാനത്തിൽ എത്തി. ജയശ്രീ ശ്രീജിത്തിന്റെ നമ്പർ വിശ്വനാഥന് സെന്റ് ചെയ്തു കൊടുത്തു.

അയാൾ ഉടനെ തന്നെ ശ്രീജിത്തിനെ വിളിച്ചു നമ്പര് റിംഗ് ചെയ്യുന്നുണ്ട്…

“ഹലോ…”

“ഹലോ ശ്രീജിത്തല്ലേ ?”

“അതെ…ആരാണ് പറയൂ..”

“ഞാൻ വിശ്വനാഥൻ ജയശ്രീ പറഞ്ഞിട്ട് വിളിക്കുകയാണ്”

“ഓ.. ഹായ് അങ്കിൾ, ആന്റി പറഞ്ഞിരുന്നു അങ്കിൾ വിളിക്കുമെന്ന്..
എന്നെക്കുറിച്ചെന്തെങ്കിലും അറിയാനാണെങ്കിൽ ചോദിച്ചോളൂ…”

” അത് ശ്രീജിത്ത് ഫ്രീ ആണെങ്കിൽ നമുക്ക് നേരിട്ട് കാണാമായിരുന്നു. എപ്പോഴാണെങ്കിലും ഞാൻ ഓക്കെയാണ്.”

“അങ്കിൾ എങ്കിൽ നമുക്കൊരു പതിനൊന്നു മണിക്ക് മീറ്റ് ചെയ്താലോ….? ഞാൻ ടൗണിൽ വരാം.”

“ഒകെ ശ്രീജിത്ത് അങ്ങനെയാകട്ടെ…”

വിശ്വനാഥൻ ഉടനെതന്നെ പോകാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അപ്പോഴാണ് എങ്ങോട്ടോ പോകാനായി ഒരുങ്ങുന്ന ഹേമയെ കണ്ടത്.

“താൻ ഇത് എങ്ങോട്ടാ….?”

“ഞാനോ ഞാൻ എന്റെ മരുമകനെ കാണാൻ പോവുകയാണ്.. ഈ സാരി മതിയോ….?”

“എടോ താൻ ഇപ്പോ വരണോ തൽക്കാലം ഞാൻ പോയി കണ്ടാൽ പോരേ…?”

“അതെന്താ ഞാനും കൂടി വന്നാ? നിങ്ങൾ എന്താ വല്ല ഗൂഢാലോചനയ്ക്കു പോകുവാണോ…?”

“നിന്റെ മോളെ ചെറുക്കനെ കാണിക്കാനല്ലേ മിക്കവാറും വല്ല ഗൂഢാലോചനയും വേണ്ടിവരും. എന്തായാലും തൽക്കാലം നീ വരണ്ട ഞാൻ പോയിട്ട് വരാം…”

“അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്കും വരണം.” ഹേമ വാശിപിടിച്ചു.

“ശരി ഇനി അതിന്റെ പേരിൽ ഒരു തർക്കം വേണ്ട.”

അങ്ങനെ വിശ്വനാഥനും ഹേമയും ഒരുപാട് ആകാംക്ഷയോടും പ്രതീക്ഷയോടെയും കൂടി ഭാവി മരുമകനെ കാണാൻ പുറപ്പെട്ടു.

റസ്റ്റോറന്റ്ന് മുന്നിലെത്തി വണ്ടി പാർക്ക് ചെയ്ത ശേഷം വിശ്വനാഥൻ ശ്രീജിത്തിനെ വിളിച്ചു…

“എവിടെയാണ്… എത്തിയോ? ”

“അങ്കിൾ ഞാൻ ഇവിടെ റസ്റ്റോറന്റിന് അകത്തുണ്ട്.”

“ഓക്കേ…ഞങ്ങൾ അങ്ങോട്ടേക്ക് വരാം.”
അയാൾ ഫോൺ കട്ട് ചെയ്തു.

അകത്തുകയറിയ വിശ്വനാഥൻ വിൻഡോ സൈഡിൽ ഇരിക്കുന്ന ശ്രീയെ കണ്ടു.

“ഹേമേ മരുമോൻ ഫോട്ടോയിൽ കാണുന്നതിലും സുന്ദരനാ….”

“സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം കാര്യമില്ലല്ലോ വിശ്വേട്ടാ… നമ്മുടെ മോൾക്ക്‌ സ്വഭാവം കൂടി പിടിക്കണമെന്ന് നിങ്ങൾക്കിത്ര പോലും അറിയില്ലേ? ഹേമ ഒരു ചിരിയോടെ ചോദിച്ചു…..

ഈ സമയം അവർ ശ്രീജിത്തിനെ അടുത്തെത്തിയിരുന്നു.

“ഹലോ ശ്രീ…”

“ഹായ് അങ്കിൾ വരൂ..ഇരിക്കൂ…”

“ഇത് എന്റെ സഹധർമ്മിണി ഹേമ”

“ഓ… ഹായ് ആന്റി….. ഞാൻ,അങ്കിളിനെ മാത്രമേ പ്രതീക്ഷിച്ചുള്ളൂ…”

ഹേമ അവനെ നോക്കി പുഞ്ചിരിച്ചു.

“ഞാൻ പറഞ്ഞതാ സമ്മതിക്കേണ്ടേ….”

“ശ്രീമോനെന്നാ തിരിച്ചു പോകുന്നേ” ഹേമ ചോദിച്ചു.

“ഞാൻ ഫ്രൈഡേ പോകും ആന്റി…”

അതിനിടയിൽ വെയിറ്റർ വന്നു. അവർ ഓരോ ലൈം ജ്യൂസ് ഓർഡർ ചെയ്തു.

വിശ്വനാഥൻ ഈ സമയം ശ്രീജിത്തിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു ജീൻസും ചുവന്ന ടീ ഷർട്ടുമാണ് വേഷം. സംസാരത്തിലും ശരീരഭാഷയിലും എന്തെന്നില്ലാത്ത പക്വത..വളരെ ഗാംഭീര്യമുള്ള സംസാരം..

ഈ സമയം ഹേമ വീട്ടുകാരെ കുറിച്ചും അവനെ കുറിച്ചും കൂടുതൽ ചോദിച്ചറിയുകയായിരുന്നു.

“ശ്രീജിത്തിനെ ഞങ്ങൾ കാണണമെന്ന് പറഞ്ഞത് പ്രധാനമായും ഒരു കാരണം കൊണ്ടാണ്. ” വിശ്വനാഥൻ പറഞ്ഞു

“എന്താണെങ്കിലും അങ്കിൾ ചോദിച്ചോളൂ..”

“അത്… മോളിപ്പോൾ ഒരു കല്യാണത്തിന് സമ്മതിക്കുമോ എന്നറിയില്ല അവൾ ഐഇഎൽടിഎസ് വേണ്ടി പ്രിപ്പയർ ചെയ്യുകയാണ്..
പിന്നെ ജയശ്രീ പറഞ്ഞപ്പോൾ എന്തായാലും ഒന്ന് ശ്രീയെ കണ്ടേക്കാം എന്ന് കരുതി…”

ശ്രീജിത്ത് അതിന് പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.

“ശ്രീജിത്ത് ശേഖയെ കണ്ടിട്ടില്ലല്ലോ അല്ലേ…?”

“ഒന്ന് രണ്ട് ഫോട്ടോസ് ജയശ്രീ ആന്റി കാണിച്ചിരുന്നു.പിന്നെ ഫേസ് ബുക്കിലും ഇൻസ്റ്റയിലും നോക്കിയെങ്കിലും കണ്ടില്ല “അവൻ ഒരു ചിരിയോടെ പറഞ്ഞു.

വിശ്വനാഥൻ ഫോണെടുത്ത് അവളുടെ ഫോട്ടോസ് അവനുനേരെ നീട്ടി.

ശ്രീ അതിലേക്ക് ഉറ്റുനോക്കി. അധികം മേക്കപ്പും ഫാഷനും ഒന്നുമില്ലാത്ത പ്രകൃതം

മാറ്റി നോക്ക് വേറെയുമുണ്ട്..
എല്ലാം വളരെ സിമ്പിൾ ലുക്കിലുള്ള ഫോട്ടോസ് ആണ്. ആ മുഖത്തേക്ക് നോക്കുംതോറും എന്തോ ഒരു ആത്മബന്ധം അവനു അനുഭവപ്പെടുന്നുണ്ടായിരിന്നു…

അവൻ ഫോൺ തിരിച്ചു നൽകി.
“ശേഖ വളരെ സിമ്പിൾ ആണല്ലോ. പിന്നെ ഒരാളുടെ ലുക്കിൽ കാര്യമില്ലല്ലോ. സ്വഭാവത്തിൽ അല്ലേ പ്രധാനം.. ഫോട്ടോസ് കാണുമ്പോൾ വളരെ സ്മാർട്ട് ആൻഡ് ബോൾഡ് ആയിട്ടാണ് തോന്നുന്നത്.”

“അവൾക്ക് എല്ലാത്തിനും അവളുടേതായ ഒരു ചിന്താരീതിയാണ് പിന്നെ ഒറ്റ മോൾ ആയതുകൊണ്ട് ഇത്തിരി കുറുമ്പും ഉണ്ട്. പിന്നെ ബോർഡ് ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാൻ പറ്റില്ല…”

പിന്നെ ശ്രീയെ ഞങ്ങൾക്കിഷ്ടമായി. പക്ഷേ അവളുടെ ഒരു യെസ്സ് കിട്ടിയാൽ മാത്രമേ ഒരു പെണ്ണുകാണൽ ചടങ്ങ് പോലും നടക്കു….. അവൾക്ക് ഇഷ്ടമില്ലാത്ത ഒന്നിനും ഞങ്ങൾ നിർബന്ധിക്കാറില്ല. സമ്മതിക്കുമോ എന്നറിയില്ല. എന്തായാലും ഞങ്ങൾ അവളോടൊന്നു
സംസാരിക്കട്ടെ…”

“ശേഖ വീട്ടിലുണ്ടോ?” ശ്രീജിത്ത് ചോദിച്ചു.

“ഇല്ല അവൾ ക്ലാസിനു പോയിരിക്കുകയാണ്. ഇതുവരെ ഒന്നും അറിയില്ല..’

“എപ്പോഴാണ് വരിക..?”

“അവൾ ഒരു നാലുമണി നാലര ഒക്കെ ആവും…”

” ഒക്കെ അങ്കിൾ. കുഴപ്പമൊന്നുമില്ല നിങ്ങൾ ശേഖയോടുസംസാരിക്കൂ. എനിവേ… എനിക്ക് അങ്കിളിനെയും ആന്റിയെയും ഒരുപാടിഷ്ടമായി…. പിന്നെ ശേഖ………ശേഖയുടെ ഫോട്ടോ ആദ്യമായി കണ്ടപ്പോൾ മുതൽ…… എന്തോ.. എന്റെ ജീവിതത്തിലേക്ക് വരാൻ പോകുന്ന പെൺകുട്ടി ഇതുതന്നെ എന്നൊരു തോന്നൽ..,. ഏതായാലും നമുക്ക് നോക്കാം..”

“അല്ലെങ്കിൽ ഞാൻ ശേഖയോട് സംസാരിച്ചു നോക്കിയാലോ…?” ശ്രീ ചോദിച്ചു

“അതൊന്നും ശരിയാവില്ല.”

“ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കാം” ശ്രീജിത്ത് വിശ്വനാഥനോടായി പറഞ്ഞു.

” പക്ഷേ…. എങ്ങനെ?…. എന്താ ശ്രീ ഉദ്ദേശിക്കുന്നെയ്?” അയാൾ സംശയത്തോടെ ചോദിച്ചു.

“നോക്കട്ടെ അങ്കിൾ…. എന്തായാലും ഞനൊന്നു ആലോചിച്ചിട്ട് വിളിക്കാം…”

അങ്ങനെ അവർ റസ്റ്റോറന്റിൽനിന്ന് ഇറങ്ങി. ഈ സമയം ശ്രീജിത്ത് മനസ്സിൽ എന്തൊക്കെയോ പ്ലാൻ ചെയ്തിരുന്നു……

%%%%%%%%%%%%%%%%%%%%

“മോളെ ശെഖാ, അച്ഛന്റെ അറിവോടെയാണ് ശ്രീ അന്ന് നിന്നെ കാണാനായി വഴിയിൽ കാത്തുനിന്നത്, നിന്നെ ഏതുവിധേനയും പെണ്ണുകാണൽ ചടങ്ങുവരെ എത്തിക്കുക, ശ്രീയുടെ വീട്ടുകാർക്കുകൂടി നിന്നെ നേരിട്ടുകാണാനും സംസാരിക്കാനും ഉള്ള ഒരവസരം ഉണ്ടാക്കുക, അതുമാത്രമായിരുന്നു ശ്രീയുടെ ഉദ്ദേശം. അല്ലാതെ നിന്നെ ഒരിക്കലും സൗന്ദര്യം കൊണ്ടളക്കണമെന്ന് അവൻ ചിന്തിച്ചിട്ടില്ല. നിന്റെ നിറമോ വസ്ത്രധാരണമോ ഒന്നും ഒരുകുറവായി അവൻ കണ്ടിട്ടില്ല…”

അമ്മയുടെ വാക്കുകൾ കേട്ടു ശേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ശ്രീയോട് പറഞ്ഞതെല്ലാം ഓർത്തു അവളുടെ മനസ്സുപിടഞ്ഞു. ഇനി എന്തുചെയ്യണമെന്നറിയാതെ അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ തോളിലേക്ക് ചാഞ്ഞു…

(തുടരും…..)