23/04/2026

സന്ധ്യാംബരം : ഭാഗം 09

രചന – സിന്ധു അപ്പുക്കുട്ടൻ

“ആവണി തെന്നലിൻ ആടുമൂഞ്ഞാലിൽ
അക്കരേ.. ഇക്കരേ എത്ര മോഹങ്ങൾ…
കൈനീട്ടി.. പൂവണി പൊന്നിൻ തുഞ്ചമാട്ടി….

പതിഞ്ഞ ഈണത്തിലും താളത്തിലുള്ള, ജയകൃഷ്ണന്റെ മനോഹരമായ ശബ്ദം കേട്ടുകൊണ്ട് സന്ധ്യ ഇരുട്ടിലേക്കു കണ്ണ്തുറന്നു കിടന്നു.

അയാൾ തന്റെ മൗനനൊമ്പരങ്ങൾ പാടിതതീർക്കുകയാണെന്ന് തോന്നി.

എന്തൊക്കെ മോഹങ്ങളായിരുന്നു തനിക്കും . ആർഭാടങ്ങളില്ലാത്ത, ചെറുതെങ്കിലും മനോഹരമായൊരു ജീവിതം, സ്നേഹസമ്പന്നനായ , ഇഷ്ടമുള്ള പാട്ടുകൾ പാടി തരുന്ന പ്രണയാർദ്രനായ കാമുകനെപ്പോലൊരു നല്ല പാതി. പട്ടിണിയിലും, ഇല്ലായ്മയിലും താനവന്റെ കൈകോർത്തു പിടിച്ചേനെ.

എന്നിട്ടും…!!

മനസ്സ് നിറയെ ഇരുട്ടും മൂകതയുമായിരുന്നു.

പാറിപ്പറക്കാൻ സ്വച്ചനീലിമയാർന്നൊരാകാശം കൊതിച്ചിട്ടും, ഇരുണ്ട കടൽപോലൊരാകാശം തനിക്കായി കാത്തിരുന്നു ജീവിതത്തിലുടനീളം.

ഏട്ടൻമാരും, അച്ഛനമ്മമാരുമടങ്ങുന്ന തന്റെ കുടുംബം കണ്ട് അസൂയപ്പെട്ട കുഞ്ഞുദീപ്തിയെയോർത്തു സന്ധ്യക്ക് ചിരി വന്നു.

എന്തിനായിരുന്നു മൂന്ന്.. ജയകൃഷ്ണനെപ്പോലെ ഒരാൾ മതിയല്ലോ ജീവിതം സുന്ദരമാകാൻ

പിറ്റേന്ന് രാവിലെ സന്ധ്യയത് ദീപ്തിയോട് ചോദിക്കുകയും ചെയ്തു.

“ശരിയാ സന്ധ്യേ.. അന്ന് പക്ഷേ ഏട്ടൻ എന്റെ കൂടെ ഇല്ലായിരുന്നുലോ. ഞാൻ അമ്മയുടെ കൂടെ. ഏട്ടൻ അച്ഛന്റെ കൂടെയും. വല്ലപ്പോഴും മാത്രം കണ്ടുമുട്ടുന്നവരായിരുന്നു ഞങ്ങൾ.

പക്ഷേ ഇന്ന് ഏട്ടൻ എന്റെ എല്ലാമെല്ലാമാണ്. ഏട്ടനൊരാളുടെ പ്രയത്നത്തിന്റെ ഫലമാ ഇന്നീ കാണുന്ന ദീപ്തി. വലിയൊരു തകർച്ചയിൽ നിന്നെന്നെ കൈപിടിച്ച് കൂടെ കൂട്ടി . ഏട്ടൻ ഇല്ലായിരുന്നെങ്കിൽ അയാൾക്ക് പകരം ഇന്ന് ഞാനായിരുന്നേനെ ജയിലിൽ.

“എന്തിനാ ദീപു അയാളെ പോലിസ് പിടിച്ചേ?

അതൊക്കെ ഒറ്റ വാക്കിൽ പറഞ്ഞു തീർക്കാൻ കഴിയില്ല മോളെ. പറയാം ഞാൻ.

ദീപ്തിയുടെ ഒഴിഞ്ഞു മാറ്റം സന്ധ്യയേ ചെറുതായി വേദനിപ്പിച്ചു.

എങ്കിലും അവളത് പുറത്തു കാട്ടിയില്ല.

അന്നും എല്ലാരും പോയതിനു ശേഷം സന്ധ്യ ബാക്കിയുള്ള ജോലികൾ ചെയ്തു തീർത്ത് മോൾക്ക് പാഠങ്ങൾ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.

“നമുക്ക് വീട്ടിൽ പോണ്ടേ അമ്മേ സ്കൂളിൽ ചെന്നില്ലെങ്കിൽ ടീച്ചറടിക്കും.

നന്ദു അവളോട് ചിണുങ്ങിക്കൊണ്ട് പറഞ്ഞു.

“നമുക്കിനി ഇവിടെ പുതിയ സ്കൂളിൽ പോകാലോ.. പിന്നെന്താ.. ഇവിടുത്തെ ടീച്ചർമാരൊന്നും മോളെ അടിക്കില്ല.ഒത്തിരി കൂട്ടുകാരുമുണ്ടാകും

“അയ്യോ വേണ്ടമ്മേ മോൾക്ക് മേഴ്‌സി ടീച്ചറിന്റെ സ്കൂളിൽ പോയ മതി കൃഷ്ണയും, നീതുവുമൊക്കെ അവിടല്ലേ. എനിക്ക് അവരുടെ കൂടെ കളിക്കാനാ ഇഷ്ടം.

മോളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നറിയാതെ സന്ധ്യ കുഴങ്ങി.

ഇറങ്ങി പുറപ്പെട്ടത് മണ്ടത്തരമായോ എന്നവൾ ഒരു നിമിഷം ആലോചിച്ചു. പിന്നെ സ്വയം പറഞ്ഞു .. ഇല്ല… നീ ചെയ്തതാണ് ശരി.. ജീവിതം ഇനിയും ബാക്കിയാണ്. അതിങ്ങനെ നശിപ്പിച്ചു കളയാനുള്ളതല്ല.

ഇനിയങ്ങോട്ട് സന്ധ്യ ജീവിക്കാൻ തുടങ്ങുകയാണ്.

ചവിട്ടിത്താഴ്ത്തിയവരുടെ മുന്നിൽ തലയുയർത്തിത്തന്നേ.

എന്ത് കുറ്റത്തിനാണ് ദൈവം തന്നെയിങ്ങനെ ശിക്ഷിച്ചത്. എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്തവളാക്കിയത്.

അതിനൊക്കെയും ജീവിതം കൊണ്ട് പ്രതികാരം ചെയ്തേ പറ്റൂ.

“പോയി ചത്തൂടെടി ഒന്നരക്കാലി. നീ ഒറ്റയൊരുത്തി കാരണാ നല്ലൊരു വീടും പറമ്പും ഒറ്റയടിക്ക് ഇല്ലാണ്ടായേ..”

സതീശന്റെ അലർച്ച വീണ്ടും കാതുകളിൽ മുഴങ്ങി.

വീണ്ടുമൊരിക്കൽക്കൂടി നന്ദുമോളെയും ഒക്കത്തെടുത്തു കാരുണ്യം തേടി ചെന്നതായിരുന്നു സന്ധ്യ.

“ഇവിടെയിനി നിനക്ക് അവകാശമൊന്നുമില്ല. നിനക്ക് തരാനുള്ളതെല്ലാം അച്ഛൻ നിന്റെ കെട്ട്യോനെ ഏൽപ്പിച്ചിട്ടുണ്ട്. അവൻ ചിലവിനു തരുന്നില്ലെങ്കിൽ പോയി കേസ് കൊടുക്കെടി. മോങ്ങിക്കൊണ്ട് ഇങ്ങോട്ട് വലിഞ്ഞു കയറി വരണ്ട.

അവന്റെ കുത്തുവാക്കുകൾ വന്ന് തറച്ചു ഹൃദയം മുറിഞ്ഞു കൊണ്ടിരുന്നു.

“അയാൾ പറഞ്ഞത് ശരിയല്ലേ നിനക്ക് കേസ് കൊടുത്തൂടായിരുന്നോ. നിന്നെപ്പോലെ ഒരു ഭിന്നശേഷിക്കാരിക്ക് വളരെപ്പെട്ടന്ന് തന്നെ നീതി കിട്ടിയേനെ.

അത് കേട്ട് ദീപ്തിയും അവളെ കുറ്റപ്പെടുത്തി

“അന്നെന്തോ അതിനൊന്നും മുന്നിട്ടിറങ്ങനുള്ള ധൈര്യമില്ലായിരുന്നു.ആരും കൂട്ടില്ലാതെ തനിയെ ഒന്നിനും കഴിയില്ലന്ന നിരാശയായിരുന്നു മനസ്സിൽ.

“ഇനിയിപ്പോ ധൈര്യം വന്നില്ലേ. എത്രയും പെട്ടന്ന് ഡിവോഴ്സിനുള്ള കേസ് കൊടുത്തോ. അതാ നല്ലത്.

വിധി വരാൻ കുറച്ചു സമയം എടുക്കുമെന്നെയുള്ളൂ. അവന്റ ഉപദ്രവത്തെ ഭയക്കേണ്ട അതുവരെ.

പാസ്റ്റിലല്ല ഇനി ജീവിക്കണ്ടത്. പ്രെസെന്സിലാ. അതോണ്ട് ഇനി ഇന്നലെവരെയുള്ളതെല്ലാം നിന്റെ ലൈഫിൽ നിന്നെടുത്തു കളഞ്ഞേക്ക്. കൂട്ടത്തിൽ ആ മഹേഷിനെയും.

സന്ധ്യ എല്ലാം കേട്ടുകൊണ്ടിരുന്നു.

മഹേഷിപ്പോ എന്ത് ചെയ്യുകയായിരിക്കും..? തന്നെ അന്വേഷിച്ചു നടക്കുന്നുണ്ടാകുമോ.?
അതോ ചോദിച്ചു വരുന്നവരോടൊക്കെ,പോയവൾ പോട്ടെ എനിക്കിനിയും വേറെ പെണ്ണുകിട്ടുമല്ലോ എന്ന് വീമ്പ് പറയുന്നുണ്ടാകുമോ.?

ഉണ്ണിയെ വിളിച്ചാൽ നാട്ടിലെ കാര്യങ്ങൾ കുറച്ചെങ്കിലും അറിയാനാകുമെന്നു അവൾക്ക് തോന്നി.

സന്ധ്യ ബാഗ് തുറന്ന് ഫോണെടുത്തു.വീട് വീട്ടിറങ്ങിയയന്ന് സ്വിച്ചൊഫ് ചെയ്ത് വെച്ചിരുന്നതാണ്. ദീപ്തി അവളോട് പറയുകയും ചെയ്തു തല്ക്കാലം നീയാ ഫോൺ ഉപയോഗിക്കേണ്ടന്ന്.

വേണ്ട ദീപ്തി വരട്ടെ. അവളുടെ ഫോണിൽ നിന്നും വിളിക്കാം. അവൾ പറഞ്ഞതുപോലെ പഴയതൊന്നും ഇനി തന്റെ ജീവിതത്തിൽ വേണ്ട. പുതിയൊരു ഫോൺ വാങ്ങാനാകുന്ന വരെ ഇനിയങ്ങോട്ട് ഫോണും വേണ്ട.

സന്ധ്യ ഫോൺ തിരികെ ബാഗിലേക്ക്തന്നെയിട്ടു.

*****************************************

“നീ ഒന്നുകൊണ്ടും വിഷമിക്കണ്ട സന്ധ്യേ. ഇനിയുള്ള കാര്യങ്ങൾ ദീപ്തി നോക്കും. ഞങ്ങളെക്കൊണ്ട് ആവും പോലെ ഞങ്ങൾ എല്ലാരുമുണ്ട് നിന്റെ കൂടെ.”

ഉണ്ണി പറഞ്ഞു കൊണ്ടിരുന്നപ്പോൾ സന്ധ്യക്ക് സന്തോഷം കൊണ്ടു നെഞ്ച് വിങ്ങുന്നപോലെ തോന്നി.

മറുപടിപറയാൻ വാക്കുകളില്ലാതെ അവൾ മൗനത്തിലാണ്ടു നിന്നു.

“ഉണ്ണിയെന്ത് പറഞ്ഞു..?

ഓർമ്മകളിൽ വിങ്ങിക്കൊണ്ടെന്നപോലെ ജനലിനപ്പുറത്തെ നിലാവിലേക്കു മിഴികൾ ചേർത്തു നിന്ന സന്ധ്യയുടെ അരികിൽ ചെന്ന് ദീപ്തി അവളുടെ തോളിൽ കൈ വെച്ചു.

“നാട്ടിൽ മിക്കവരും അറിഞ്ഞു എന്നെ കാണാനില്ല എന്ന വാർത്ത. ഏട്ടൻമാർക്കൊന്നും വലിയ കൂസലില്ലത്രേ.ശല്യമൊഴിഞ്ഞ സന്തോഷമാകും. മഹേഷിനെക്കുറിച്ച് അറിയാൻ ഉണ്ണിക്ക് കഴിയില്ല ല്ലോ.

അച്ഛനും അമ്മയുമുണ്ടായിരുന്നെങ്കിൽ ഓടി നടന്നന്വേഷിച്ചേനെ.

സത്യം പറഞ്ഞാൽ അച്ഛനമ്മമാർ നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ നമ്മൾ ശരിക്കും അനാഥരാണ്. മക്കളൊക്കെ ഉണ്ടെന്ന് പറയാം. തനിയെ പറക്കാൻ തുടങ്ങിയാൽ പിന്നെ അവരും നമുക്കന്യരാവും ദീപു.”

“ശരിയാടി.. ഞാനൊക്കെ എന്നേ അനാഥരായതാ അവരുടെ ശൂന്യതയിൽ.”

എന്റെ മക്കൾക്ക് ഞാനെങ്കിലുമുണ്ട്. എനിക്ക് ആരുണ്ടായിരുന്നു. ദീപ്തി നെടുവീർപ്പോടെ കണ്ണുകൾ തുടച്ചു.

“അത് കൊള്ളാം. ഇന്നലെയെ ഓർത്ത് കരയരുത് എന്നന്നോട് പറയുന്ന ആള് തന്നെ ഇങ്ങനെ കരഞ്ഞു തുടങ്ങിയാൽ ഞാൻ വലഞ്ഞു പോകുമല്ലോ.

സന്ധ്യ ദീപ്തിയുടെ കവിളിൽ വിരൽ കൊണ്ട് കുത്തി.

“കരഞ്ഞതൊന്നുമല്ല കണ്ണിൽ പൊടി പോയതാടി.

“ഉം… ഞാൻ കണ്ടു.. വലിയൊരു പൊടി അങ്ങോട്ട് കയറി പോകുന്നത്.

“ഹഹഹ… എന്റെ കൂടെ കൂടി നീയും തമാശ പറയാൻ തുടങ്ങിയല്ലോ..

ദീപ്തി അവളെ ചെറുതായി നുള്ളി.

“വന്നേ, നമുക്ക് നമ്മുടെ പത്ത് സി യിലേക്ക് പോകാം കുറച്ചു നേരം.

ദീപ്തി ഫോണെടുത്ത്, വാട്ട്സാപ്പ് ഗ്രൂപ്പ്‌ ഓപ്പൺ ചെയ്തു.

ഇട തടവില്ലാതെ ടിങ് ടിങ് ശബ്ദം മുഴക്കിക്കൊണ്ട് നൂറോളം മെസ്സേജുകൾ കയറി വന്നു.

“എന്റീശ്വരാ.. ഇതൊക്കെ എപ്പോ വായിച്ചു തീർക്കും. നീയും ഞാനും മാത്രേ ഇവിടെ ഇല്ലാതുള്ളു. ബാക്കിയെല്ലാം രാത്രി മുഴുവൻ ഇവിടെ കിടന്നു ചളിയടിയാ..

ദീപ്തി ചിരിയോടെ പറഞ്ഞു. പിന്നെ ചില മെസ്സേജുകൾ ഉറക്കെ വായിച്ചു.

കൂട്ടുകാരുടെയിടയിലെ സംസാര വിഷയം തങ്ങളാണെന്ന് ഓരോ മെസ്സേജിലും അവർക്ക് കാണാനായി.

“സന്ധ്യയിവിടെ സേഫാണ്. ആരും അതോർത്തു ടെൻഷനാകണ്ട.”

ദീപ്തി ഒരു മറുപടി ടൈപ് ചെയ്തിട്ടു.

ഉടനെ ഉണ്ണിയുടെ മെസ്സേജ് കയറി വന്നു.

%രണ്ടാളും ഊണ് കഴിച്ചോ..?

“ഇനി ഇതിന് മറുപടി കൊടുത്താ പിന്നെ തുരുതുരാ ചോദ്യങ്ങൾ ആയിരിക്കും. മിണ്ടാതിരിക്കാം അതാ നല്ലത്. ദീപ്തി വേഗം ഫോൺ എടുത്തു വെച്ചു.

“സത്യം പറഞ്ഞാ ഉണ്ണിയെ കണ്ടത് കൊണ്ടാ നിന്നെയെനിക്ക് രക്ഷിക്കാനായെ.”

“ശരിയാ ദീപു, ഉണ്ണി ഉള്ളത് കൊണ്ടാ മുൻപും ഞാൻ കുറച്ചെങ്കിലും ഒന്ന് രക്ഷപെട്ടു നിന്നത്.

സന്ധ്യയത് ശരി വെച്ചു.

“ഇടക്ക് ഒരു ദിവസം അമ്പലത്തിൽ വെച്ച് ഞാനവനെ കണ്ടു. അന്ന് നമ്പർ കൊടുക്കേം ചെയ്തു. അമ്മ പോയേപ്പിന്നെ എന്റെ വിശേഷങ്ങൾ തിരക്കി ആരുമെന്നെ വിളിക്കാറില്ല. അതുകൊണ്ടാണെന്ന് തോന്നുന്നു ഉണ്ണി വിളിക്കുമ്പോ ഞാൻ ഒരുപാട് സംസാരിക്കും. അങ്ങനെ എന്റെ സങ്കടങ്ങൾ ഞാനവന്റെ മുന്നിൽ ഇറക്കി വെച്ചു.

കേസിനു പോകാൻ അവനും ഒരുപാട് നിർബന്ധിച്ചു. പക്ഷേ എനിക്കതിനോട് യോജിക്കാൻ കഴിഞ്ഞില്ല. പിന്നെയൊരു സൊല്യൂഷൻ വെച്ചതാ താമസിച്ചു ജോലി ചെയ്യാൻ പറ്റിയോരിടം.

അങ്ങനെയാ ആനിയമ്മച്ചിയുടെ വീട്ടിൽ ചെന്നു പെട്ടത്.

അവർ സ്നേഹമുള്ളവരൊക്കെയാ. പക്ഷേ തരുന്ന കൂലിക്ക് പണിയെടുപ്പിക്കണം എന്ന വാശിപോലെയാ പെരുമാറ്റം.

രാത്രി ആരെയും പേടിക്കാതെ സമാധാനമായി കിടക്കാൻ ഒരിടമുണ്ടായിരുന്നു. പക്ഷേ മോളേയോർത്ത് കരഞ്ഞു കരഞ്ഞ് നേരം വെളുപ്പിക്കേണ്ടുന്ന ഗതികേട്.

ശനിയാഴ്ച വൈകുന്നേരം വീട്ടിൽ പോകും. ഒരു ദിവസം മോൾക്കൊപ്പം നിൽക്കാനുള്ള കൊതി കൊണ്ട്. പക്ഷേ ആ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കുന്ന പോലെയാണ് മഹേഷിന്റെ ക്രൂരതകൾ.

അമ്മയും അങ്ങനെ തന്നെ. ഒരാഴ്ചത്തെ മുഷിഞ്ഞ തുണികൾ മുഴുവൻ കൂട്ടിയിട്ടേക്കും. വീട് അടിച്ചു തുടക്കുകയോ, മുറ്റം വൃത്തിയാക്കുകയോ ഒന്നും ചെയ്യില്ലവർ.

ഞായറാഴ്ച രാവിലെ ഉണർന്നെണീക്കുമ്പോ മുതൽ ഉറങ്ങാൻ കിടക്കും വരെ നടുവൊടിയുവോളം പണികൾ ഉണ്ടാകും.

ശ്രമിച്ചിരുന്നെങ്കിൽ ഇതിന്നൊക്കെ രക്ഷപെടാമായിരുന്നു. പക്ഷേ ശ്രമിച്ചില്ല.

അമ്മ കൂടി പോയതോടെ എല്ലാം സഹിക്കാനുള്ള അപാരമായ ക്ഷമ കിട്ടിക്കഴിഞ്ഞിരുന്നു.

സന്ധ്യ നിന്ദയോടെ ചിരിച്ചു.

“അമ്മയെ ഏട്ടൻമാർ നല്ലവണ്ണം നോക്കിയിരുന്നോ..?

“എവിടെ… വല്യേട്ടൻ ഇടയ്ക്കിടെ വരുമായിരുന്നു.വീട് ഏട്ടൻ അടിച്ചു മാറ്റി എന്നും പറഞ്ഞു കൊച്ചേട്ടൻമാര് രണ്ടു പേരും ആ വഴിക്ക് വരാറെയില്ല. മോളുണ്ടായി ഒരു വർഷം തികഞ്ഞിട്ടുണ്ടായിരുന്നില്ല. പെട്ടെന്നൊരു ദിവസം അമ്മ കിടന്നു പോയി. അമ്മ വിളിക്കുന്ന ദൈവങ്ങൾ അധികമൊന്നും കിടത്തി നരകിപ്പിച്ചില്ല. അതായിരുന്നു ഒരു സമാധാനം.

“അമ്മ പോയപ്പോ ഏട്ടൻ വീട് അടച്ചു പൂട്ടി. ഒരിക്കൽ ഞാൻ കാല് പിടിച്ചു ചോദിച്ചതാ ഞാനും മോളും അവിടെ താമസിച്ചോട്ടെ ന്ന്. പക്ഷേ ഏട്ടൻ സമ്മതിച്ചില്ല.”

“മനുഷ്യപ്പറ്റില്ലാത്ത നാറി. സ്വന്തം ചോരയോട് ഇങ്ങനെയൊക്കെ ചെയ്യാൻ ആർക്കെങ്കിലും കഴിയോ.?

ഇപ്പോഴും അത് അടച്ചു പൂട്ടി ഇട്ടേക്കുവാണോ..?

“ഇല്ല ദീപു. ഏട്ടനവിടെ താമസം തുടങ്ങി. ഏട്ടത്തിയുടെ വീട് അവർക്കുള്ളതായിരുന്നു. കല്യാണം കഴിഞ്ഞു രണ്ടുപേരും അവിടെയായിരുന്നു താമസം. പിള്ളേർ രണ്ടും ഹൈ സ്കൂളിൽ ആയതോടെ ഹോസ്റ്റലിൽ ആയിരുന്നു. ഏട്ടത്തി ഇതിനിടെ വേറൊരു റിലേഷൻ ഒപ്പിച്ചു വീടിനടുത്തുള്ള ഒരാളുമായിട്ട്. ഏട്ടൻ പല പ്രാവശ്യം രണ്ടുപേരെയും ഒന്നിച്ചു കണ്ടു എന്നാ പറയുന്നേ. അതിന്റെ പേരിൽ വലിയ വഴക്കും മറ്റുമുണ്ടായി. ഒരുദിവസം അവർ ഏട്ടനോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. അവരുടെ വീട്ടിൽ ആര് താമസിക്കണം എന്ന് തീരുമാനിക്കുന്നത് അവരാണെന്ന് മുഖത്തു നോക്കി പറഞ്ഞു. ഏട്ടൻ ഇറങ്ങി പോരികയും ചെയ്തു.

“ദൈവമായിട്ട് കൊടുത്ത ശിക്ഷയാടി. അയാൾ ഇനിയും അനുഭവിക്കാൻ കിടക്കുന്നെയുള്ളൂ..

“അങ്ങനെ പറയല്ലേ ദീപു.. ഒന്നുമില്ലെങ്കിലും എന്റെ ഏട്ടനല്ലേ. ആ സങ്കടം എനിക്ക് കാണാൻ കഴിയില്ല.

സന്ധ്യയുടെ പെട്ടന്നുള്ള പറച്ചിൽ കേട്ട് ദീപ്തി അവളെ തുറിച്ചു നോക്കി. പിന്നെ എഴുന്നേറ്റു പുറത്തേക്കിറങ്ങിപ്പോയി.

നിന്നെയൊക്കെ ഉപദേശിച്ചു നന്നാക്കാൻ നോക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ എന്ന പിറു പിറുപ്പോടെ.

ആ പോക്ക് കണ്ടപ്പോൾ ഏത് നിമിഷവും തന്റെ ജീവിതം വീണ്ടുമൊരു പെരുങ്കടലിൽ മുങ്ങിപോയേക്കാം എന്ന് സന്ധ്യ ഉള്ളിൽ ഭയപ്പെട്ടു.

തുടരും.