ഇച്ചായന്റെപെണ്ണ്….. 12
ഭാഗം പന്ത്രണ്ട്🤍
കനത്ത ആശയക്കുഴപ്പവും ഭയവും കൊണ്ട് തളർന്ന കാൽവെപ്പുകളോടെ അവൾ നേരെ ആൻസിയമ്മയുടെ മുറിയിലേക്കാണ് നടന്നത്.
മുറിയിലെത്തിയപ്പോൾ കട്ടിലിൽ ആകെ തളർന്ന് കിടക്കുന്ന ആൻസിയമ്മയെയാണ് അവൾ കണ്ടത്. കുറച്ചു ദിവസങ്ങളായി വിട്ടുമാറാത്ത ശ്വാസംമുട്ടൽ കാരണം ആൻസിയമ്മ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വലിവും ചുമയും കാരണം നെഞ്ച് തടവിക്കൊണ്ട് കിടക്കുന്ന അവരെ കണ്ടതും ക്ലാരയുടെ കണ്ണുകൾ നിറഞ്ഞു.
മറ്റൊന്നും ചിന്തിക്കാതെ, അവൾ ശബ്ദമുണ്ടാക്കാതെ ചെന്ന് ആൻസിയമ്മയുടെ കട്ടിലിലേക്ക് കയറിക്കിടന്നു. പിന്നിൽ നിന്ന് അവരെ കെട്ടിപ്പിടിച്ച്, അവരുടെ പുറത്ത് മുഖം അമർത്തി അവൾ വിങ്ങിപ്പൊട്ടി.
പെട്ടെന്ന് തനിക്കരികിലേക്ക് ഒതുങ്ങിക്കൂടി, നെഞ്ചുപൊട്ടി കരയുന്ന ക്ലാരയെ കണ്ടപ്പോൾ ആൻസിയമ്മയ്ക്ക് എന്തോ അപാകത തോന്നി. അവർ കഷ്ടപ്പെട്ട് തിരിഞ്ഞുകിടന്ന്, വിറയ്ക്കുന്ന കൈകൾ കൊണ്ട് അവളുടെ മുഖം ഉയർത്തിപ്പിടിച്ചു.
”മോളെ… ക്ലാരേ… എന്നതാ കൊച്ചേ? എന്നാത്തിനാ എന്റെ മോള് കരയുന്നത്? അച്ചൻ എന്തെങ്കിലും വഴക്കു പറഞ്ഞോ മോളെ?” ആൻസിയമ്മ വലിവിനിടയിലൂടെ ശ്വാസമെടുത്ത് ആകുലതയോടെ ചോദിച്ചു.
”ആൻസിയമ്മേ…” ക്ലാരയുടെ ശബ്ദം വിതുമ്പലിൽ മുങ്ങി. “ജോർജ് അച്ചൻ… അച്ചൻ ഇപ്പോൾ എന്നെ വിളിച്ചിരുന്നു. എന്നെ… എന്നെ കല്യാണം കഴിച്ചുകൊടുക്കാൻ പോവുകയാണത്രേ, വർഗീസ് സാറിന്റെ മകൻ മാർക്കോയ്ക്ക്!”
ആ പേര് കേട്ടതും ആൻസിയമ്മയുടെ വിറയ്ക്കുന്ന കൈകൾ ഒന്നു നിശ്ചലമായി.
കഠിനമായ അസുഖത്തിനിടയിലും അവരുടെ കണ്ണുകളിൽ നടുക്കവും അത്ഭുതവും മാറിമാറി വന്നു.
”തേവർമറ്റത്തിൽ വർഗീസിന്റെ മകനോ?! മോളെ… അത്… അത്രയും വലിയൊരു കുടുംബമല്ലേ? നമ്മൾ എവിടെ കിടക്കുന്നു… അവർ എവിടെ നിൽക്കുന്നു…” ആൻസിയമ്മയുടെ ഉള്ളിൽ ആദ്യമൊരു പേടിയും ആശങ്കയും പടർന്നു.
പക്ഷേ, അടുത്ത നിമിഷം തന്നെ ആ വയോധികയുടെ മനസ്സ് മറ്റൊരു രീതിയിൽ ചിന്തിക്കാൻ തുടങ്ങി.
ഈ അനാഥാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ കഴിയുന്ന തന്റെ മകൾക്ക് സ്വന്തമെന്ന് പറയാൻ ഒരു കുടുംബം ഉണ്ടാകാൻ പോകുന്നു! നാളെ താൻ കണ്ണടച്ചാലും അവൾക്ക് തണലാകാൻ, സംരക്ഷിക്കാൻ വലിയൊരു കുടുംബവും ആൾക്കാരുമുണ്ടാകും!
അതിനേക്കാളേറെ… പെട്ടെന്ന് ഈ വിവാഹത്തെ എതിർത്താൽ, ഒരുപക്ഷേ വർഗീസ് ദേഷ്യപ്പെട്ട് അവളുടെ ഡോക്ടറാകാനുള്ള ആഗ്രഹവും പഠനച്ചെലവുകളും പൂർണ്ണമായി വേണ്ടെന്നുവെച്ചാലോ എന്നൊരു പേടിയും അവരുടെ ഉള്ളിൽ വിരിഞ്ഞു.
ആൻസിയമ്മ വിറയ്ക്കുന്ന വിരലുകൾ കൊണ്ട് ക്ലാരയുടെ കവിളിലെ കണ്ണീർത്തുള്ളികൾ തുടച്ചുകൊടുത്തു.
”മോളെ… കരയരുത്. ആദ്യമൊക്കെ കേൾക്കുമ്പോൾ നിനക്ക് ഭയമൊക്കെ തോന്നും. പക്ഷേ മോൾ ഒന്ന് ആലോചിച്ചു നോക്കിക്കേ… അനാഥയായ നിനക്ക് കർത്താവ് തരുന്ന വലിയൊരു അനുഗ്രഹമല്ലേ ഇത്? സ്വന്തമായി സ്നേഹിക്കാൻ ഒരു അപ്പനും അമ്മയും, കഴിയാൻ വലിയൊരു വീടും നിനക്ക് കിട്ടാൻ പോകുകയാണ്. അച്ചൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ദൈവത്തിന്റെ വലിയൊരു കരുതലുണ്ടാകും.”
”പക്ഷേ… എന്റെ പഠനം? എനിക്ക് ഡോക്ടറാകണമെന്നല്ലേ ആഗ്രഹം?” ക്ലാര കണ്ണീരോടെ ചോദിച്ചു.
”വർഗീസ് വാക്ക് തന്നിട്ടുണ്ടെങ്കിൽ അത് തെറ്റിക്കില്ല മോളെ. നമ്മൾ ഈ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ, ഒരുപക്ഷേ നിന്റെ പഠനച്ചെലവുകൾ ഏറ്റെടുക്കാനുള്ള അവരുടെ മനസ്സും മാറിപ്പോയേക്കാം. അതിനേക്കാൾ നല്ലത്, ഈ കുടുംബത്തിലേക്ക് നീ വലതുകാൽ വെച്ച് കയറുന്നതാണ്. പഠിച്ച് വലിയൊരു ഡോക്ടറായി ആ വീട്ടിലെ എല്ലാവരെയും സ്നേഹം കൊണ്ട് നീ കീഴടക്കണം.”
ആൻസിയമ്മ സാവധാനം ക്ലാരയുടെ ശിരസ്സിൽ കൈവെച്ചു അനുഗ്രഹിച്ചു.
“കരയാതെ മോളെ… കർത്താവ് നിന്റെ കൂടെയുണ്ട്. എഴുന്നേറ്റ് മുഖമൊക്കെ കഴുകി മാതാവിനോട് പ്രാർത്ഥിക്ക്. എല്ലാം നല്ലതിനായിരിക്കും.”
ആൻസിയമ്മയുടെ വാക്കുകളും അനുഗ്രഹവും ക്ലാരയുടെ മനസ്സിന് ചെറിയൊരു ആശ്വാസം നൽകി. അവൾ സാവധാനം എഴുന്നേറ്റ് കണ്ണീർ തുടച്ച്, തന്റെ നടന്നു.
മുറിയിലെത്തിയ അവൾ വെള്ളനിറത്തിലുള്ള ലളിതമായ ഒരു ചുരിദാറാണ് ധരിച്ചത്. അരക്കെട്ടോളം എത്തുന്ന നീണ്ട കറുത്ത മുടിയിഴകൾ പിന്നിലേക്ക് അഴിച്ചിട്ടു. മുഖത്ത് യാതൊരുവിധ അലങ്കാരങ്ങളോ മേക്കപ്പോ ഇല്ലായിരുന്നെങ്കിലും, ആ ഐശ്വര്യമുള്ള മുഖത്ത് ദിവ്യമായൊരു വെളിച്ചവും ഐശ്വര്യവും തിളങ്ങിനിൽപ്പുണ്ടായിരുന്നു.
പെട്ടെന്നാണ് വലിയൊരു എൻജിൻ ശബ്ദത്തോടെ, തിളങ്ങുന്ന കറുത്ത ആഡംബര കാർ അനാഥാലയത്തിന്റെ മുറ്റത്തേക്ക് ഇരച്ചുകയറി നിന്നത്. കാറിന്റെ മുൻവാതിൽ തുറന്ന് ഡ്രൈവർ വേഗത്തിൽ ഇറങ്ങി പുറകിലെ വാതിൽ തുറന്നു കൊടുത്തു.
തേവർമറ്റത്തിൽ വർഗീസ് പ്രൗഢിയോടെ ആ അനാഥാലയ മുറ്റത്ത് കാൽകുത്തി. പിന്നാലെ ഭാര്യ ആനിയും ഇറങ്ങി.
അവസാനം, വെള്ള ഷർട്ടും സ്വർണ്ണ കരയുള്ള മുണ്ടും ധരിച്ച്, കണ്ണിൽ കറുത്ത സൺഗ്ലാസ് വെച്ച്, ഹാൻസം ലുക്കിൽ മാർക്കോയും കാറിൽ നിന്നിറങ്ങി.
മാർക്കോ സൺഗ്ലാസ് ചെറുതായി മാറ്റി അനാഥാലയത്തിന്റെ പഴക്കമുള്ള ആ വലിയ കെട്ടിടത്തിലേക്ക് നോക്കി. അവന്റെ മുഖത്ത് കടുത്ത അറപ്പും അമർഷവും തെളിഞ്ഞുനിന്നു.
‘ഈ അനാഥാലയത്തിൽ വളർന്ന ഒരുത്തിയെയാണോ എന്റെ തലയിൽ കെട്ടിവെക്കാൻ പോകുന്നത്? കഷ്ടം! പപ്പയുടെ കയ്യിൽ നിന്ന് സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടിയല്ലായിരുന്നെങ്കിൽ ഞാൻ ഈ നിമിഷം ഇവിടെ നിന്നും വണ്ടി തിരിച്ചുപോയേനേ…’ അവൻ മനസ്സിൽ ഓർത്ത് ദേഷ്യത്തോടെ പല്ലിറുമ്മി.
അവരെ സ്വീകരിക്കാനായി ജോർജ് അച്ചനും എൽസമ്മ സിസ്റ്ററും പുഞ്ചിരിയോടെ മുറ്റത്തേക്ക് ഓടിയെത്തി.
” ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ ” മൂവരും ഒന്നിച്ച് പറഞ്ഞു.
“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ, വരൂ വർഗീസ്സേ.. ആനി, മാർക്കോ വരൂ…” അച്ചൻ അവരെ വലിയ ബഹുമാനത്തോടെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചു.
അവർ അനാഥാലയത്തിലെ സ്വീകരണ മുറിയിലെ സോഫകളിൽ ഇരുന്നു. കുട്ടികൾ തയ്യാറാക്കിയ ലഘുഭക്ഷണങ്ങളും ചൂടുചായയും അവിടെ മേശപ്പുറത്ത് വെച്ചിട്ടുണ്ടായിരുന്നു.
കുറച്ചുനേരം ഔദ്യോഗികമായി നാട്ടുകാര്യങ്ങളും ചാരിറ്റിയുടെ കാര്യങ്ങളും സംസാരിച്ച ശേഷം വർഗീസ് വിഷയം മാറ്റി. അയാൾ അച്ചനോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു:
“അച്ചാ… ക്ലാര എവിടെ? അവളെ ഒന്ന് കാണാമല്ലോ അല്ലേ?”
“തീർച്ചയായും. എൽസമ്മ സിസ്റ്ററെ, ചെന്ന് ക്ലാര മോളെ ഇങ്ങോട്ട് വിളിക്കൂ.” അച്ചൻ പറഞ്ഞു.
എൽസമ്മ സിസ്റ്റർ തലയാട്ടി എഴുന്നേറ്റ് അകത്തേക്ക് പോയി.
പക്ഷേ, കുറച്ചു സമയം കഴിഞ്ഞിട്ടും എൽസമ്മ സിസ്റ്ററോ ക്ലാരയോ തിരികെ വന്നില്ല. വർഗീസ് സാർ വച്ച ചായക്കപ്പ് മേശപ്പുറത്ത് തിരികെ വെച്ച് അച്ചനെ നോക്കി.
“എന്നതാ അച്ചാ കൊച്ച് വൈകുന്നത്? അവൾക്ക് വരാൻ മടിയുണ്ടോ?” വർഗീസ് ചോദിച്ചു.
“ഏയ്… അതൊന്നുമല്ല. ഞാൻ ഒന്ന് പോയി നോക്കാം…” അച്ചൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും എൽസമ്മ സിസ്റ്റർ ധൃതിയിൽ തിരികെ വന്നു.
“അച്ഛാ… ക്ലാര മുറിയിലില്ല. അവൾ പള്ളിക്കുള്ളിൽ മാതാവിന്റെ അൾത്താരയ്ക്ക് മുന്നിൽ പ്രാർത്ഥിക്കുകയാണ്. രാവിലെ അച്ചൻ സംസാരിച്ചതിന് ശേഷം ഒരുങ്ങി പോയതാണ്, പ്രാർത്ഥന കഴിഞ്ഞ് ഇതുവരെ തിരികെ വന്നിട്ടില്ല.” എൽസമ്മ സിസ്റ്റർ പറഞ്ഞു.
അത് കേട്ടതും വർഗീസിന്റെ മുഖത്ത് വലിയൊരു പുഞ്ചിരി വിരിഞ്ഞു.
“കണ്ടോ ആനീ… പരമപരിശുദ്ധയായ കുട്ടി! എല്ലാ ഭാരങ്ങളും ദൈവത്തിൽ അർപ്പിച്ച് പ്രാർത്ഥനയിലാണ് അവൾ സമയം കണ്ടെത്തുന്നത്. അച്ചാ… നമ്മൾ അവളെ ഇങ്ങോട്ട് വിളിപ്പിച്ച് ബുദ്ധിമുട്ടിക്കേണ്ട. നമ്മൾ അങ്ങോട്ട് ചെന്ന് പള്ളിക്കുള്ളിൽ വെച്ച് തന്നെ അവളെ കാണാം. പെണ്ണുകാണൽ മാതാവിന്റെ സന്നിധിയിൽ വെച്ചാകുന്നത് എത്ര വലിയ ദൈവകൃപയാണ്!” വർഗീസ് പറഞ്ഞു.
“തീർച്ചയായും അതാണ് കൂടുതൽ നല്ലത്. വരൂ…” അച്ചൻ എഴുന്നേറ്റു.
പിന്നിൽ ഇരുന്ന മാർക്കോയ്ക്ക് ദേഷ്യം ഇരച്ചുകയറി.
‘വലിയ പ്രാർത്ഥനാകോഴിയാണെന്ന് കാണിക്കാൻ വേണ്ടി തട്ടിക്കൂട്ടുന്ന നാടകമായിരിക്കും. ഇങ്ങനെയുള്ള പാവം നാടകം കളിച്ചാണ് പപ്പയുടെ മനസ്സ് ഇവൾ കയ്യിലെടുത്തത്!’ അവൻ മനസ്സിൽ പറഞ്ഞു. എങ്കിലും പപ്പയുടെ മുന്നിൽ മിണ്ടാതിരിക്കേണ്ടതുകൊണ്ട് അവൻ മുഖം വലിഞ്ഞുമുറുക്കി പതുക്കെ എഴുന്നേറ്റു.
അവർ എല്ലാവരും ചേർന്ന് അനാഥാലയത്തോട് ചേർന്നുനിൽക്കുന്ന വലിയ പള്ളിയുടെ പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടന്നു.
അവിടേക്ക് കടക്കുമ്പോൾ മാർക്കൊയുടെ മനസ്സിലേക്ക് ഇന്നലെ നടന്ന സംഭവങ്ങൾ വീണ്ടും ഓടിയെത്തി ഈ പരിസരത്ത് എവിടെയെങ്കിലും താൻ ഇന്നലെ കണ്ട ആ പെൺകുട്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് അവൻ വെറുതെ ആലോചിച്ചു.
പള്ളിക്കുള്ളിൽ വല്ലാത്തൊരു ദിവ്യമായ ശാന്തതയും കുന്തിരിക്കത്തിന്റെ സുഗന്ധവും പടർന്നുനിൽപ്പുണ്ടായിരുന്നു. അൾത്താരയിൽ വലിയ തിരികൾ ശോഭിക്കുന്നുണ്ട്….
അൾത്താരയുടെ മുന്നിൽ, മാതാവിന്റെ തിരുസ്വരൂപത്തിന് താഴെ, കൈകൾ കൂപ്പി കണ്ണുകളടച്ച് പ്രാർത്ഥിക്കുകയായിരുന്നു ക്ലാര!
ഉയരത്തിലുള്ള ജാലകപ്പടികളിലൂടെ ഒഴുകിയെത്തിയ ഇളംവെയിൽ നാളങ്ങൾ അവളുടെ മേൽ വീണ് തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ നീണ്ട മുടിയിഴകൾ നിലത്തു മുട്ടി തഴുകിക്കിടന്നു.
ചുണ്ടുകളിൽ മാതാവിന്റെ നാമങ്ങൾ ഉരുവിട്ട് പ്രാർത്ഥിക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ, വർഗീസിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.
“കണ്ടോ ആനീ…” വർഗീസ് ഭാര്യയുടെ തോളിൽ തട്ടി. “നമ്മുടെ വീടിന്റെ ഐശ്വര്യമാണ് അവിടെ പ്രാർത്ഥിക്കുന്നത്.”
ആനി ഒന്നും മിണ്ടാതെ ക്ലാരയെ നോക്കി. അവളുടെ മുഖം പുറകിൽനിന്ന് കാണാൻ പറ്റില്ലായിരുന്നെങ്കിലും. അങ്ങനെ നോക്കുമ്പോൾ തന്നെ അവളിൽ ഒരു ഭംഗിയുണ്ടെന്ന് ആനിക്ക് തോന്നിപോയി. അവളുടെ മനസ്സിലും ഇതുപോലൊരു മരുമകൾ തന്നെ ആയിരുന്നു. പക്ഷെ അവൾ അനാഥ ആണെന്ന സത്യം ആനിയെ, ക്ലാരയിൽനിന്ന് അകറ്റി.
വർഗീസ് തിരിഞ്ഞ് മകനെ നോക്കി. “മാർക്കോ… പോയി മിണ്ടെടാ.”
മാർക്കോ താല്പര്യമില്ലാത്ത മട്ടിൽ, കയ്യിലിരുന്ന വിലകൂടിയ ഫോണിൽ നിന്നും കണ്ണുകളുയർത്തി അൾത്താരയിലേക്ക് നോക്കി.
പെട്ടെന്നാണ് ക്ലാര തൻ്റെ പ്രാർത്ഥന അവസാനിപ്പിച്ച്, നെറ്റിയിൽ കുരിശടയാളം വരച്ച് സാവധാനം എഴുന്നേറ്റ് തിരിഞ്ഞുനോക്കിയത്!
അവൾ തിരിഞ്ഞുനോക്കിയ ആ ഒരൊറ്റ നിമിഷം…!
പള്ളിക്കുള്ളിലെ തിരിനാളങ്ങൾ പോലും നിശ്ചലമായതുപോലെ തോന്നി മാർക്കോയ്ക്ക്!
മാർക്കോയുടെ കണ്ണുകൾ ആ പെൺകുട്ടിയുടെ മുഖത്ത് തറഞ്ഞുനിന്നു!
അവൻ്റെ വിരലുകളിൽ നിന്ന് കയ്യിലിരുന്ന ഫോൺ അറിയാതെ താഴേക്ക് ഊർന്നു വീഴാൻ പോയി, അവൻ ഞെട്ടലോടെ അത് കഷ്ടപ്പെട്ട് തിരികെ പിടിച്ചെടുത്തു.
അരക്കെട്ട് കവിഞ്ഞു ഒഴുകിക്കിടക്കുന്ന കറുത്ത നീണ്ട മുടിയിഴകൾ, വെണ്ണത്തോൽ തോൽക്കുന്ന ചർമം വെളുത്ത ചുവന്നു തുടുത്ത കവിളുകൾ, മാൻപേടയുടേതുപോലുള്ള നിഷ്കളങ്കമായ വലിയ കണ്ണുകൾ, ചുമന്നുതുടുത്ത ചുണ്ടുകൾ…
അൾത്താരയുടെ ദിവ്യശോഭയിൽ ഒരു ദേവതയെപ്പോലെ അവൾ അവിടെ ശോഭിച്ചുനിൽക്കുന്നു! അവളെ കണ്ട മാത്രയിൽ ആനിയുടെ ചുണ്ടുകളും കണ്ണുകളും പോലും അറിയാതെ വിടർന്നു.
പക്ഷേ… അതിനേക്കാളേറെ മാർക്കോയുടെ ഉള്ളിൽ വലിയൊരു ഇടിമിന്നൽ പിണർ പാഞ്ഞുപോയത് മറ്റൊരു തിരിച്ചറിവിലായിരുന്നു!
‘ഇവൾ…! ഇവളെയല്ലേ താൻ കഴിഞ്ഞദിവസം വൈകുന്നേരം ഈ പള്ളിയിൽ വെച്ച് കണ്ടത്?!’
അവന്റെ ഹൃദയമിടിപ്പ് ഒരൊറ്റ നിമിഷം കൊണ്ട് നിയന്ത്രണം വിട്ട് ഇരട്ടിയായി!
കയ്യിൽ മുല്ലപ്പൂ കുട്ടയുമായി നിലവിളക്ക് അലങ്കരിക്കാൻ വന്ന അതേ പെൺകുട്ടി! അന്ന് ഒറ്റ നോട്ടത്തിൽ തൻ്റെ ഉറക്കം കെടുത്തിയ, മനസ്സിൽ നിന്നും മായാതെ തങ്ങിനിന്ന ആ ദിവ്യസുഗന്ധമുള്ള പെൺകുട്ടി!
‘ദൈവമേ… താൻ മനസ്സിൽ കൊണ്ടുനടന്ന, തൻ്റെ ഉള്ളിലേക്ക് പടർന്നുകയറിയ ആ പെൺകുട്ടിയെയാണോ താൻ കല്യാണം കഴിക്കാൻ പോകുന്നത്?! ഇവളാണോ പപ്പ പറഞ്ഞ ആ ക്ലാര?!’
മാർക്കോയ്ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ തരിച്ചുനിന്നുപോയി. അവൻ്റെ ഉള്ളിലെ സകല ദേഷ്യവും, ജെന്നിഫർ പഠിപ്പിച്ച കപട നാടകങ്ങളും, അനാഥയോടുള്ള വെറുപ്പുമെല്ലാം ആ ഒരൊറ്റ തിരിച്ചറിവിൽ മഞ്ഞുപോലെ ഉരുകിയൊലിച്ചു പോയി!
അവന്റെ കണ്ണുകളിൽ സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും വലിയൊരു കടൽ ഇരമ്പി….
അതേസമയം… ക്ലാര കണ്ണുകൾ തുറന്ന് മുന്നിൽ നിൽക്കുന്ന മനുഷ്യരെ കണ്ടപ്പോൾ അല്പം പരിഭ്രമത്തോടെ തന്റെ ഷാളിന്റെ അറ്റം ചുരുട്ടിക്കൊണ്ട് നിൽക്കുകയായിരുന്നു.
വർഗീസ് പുഞ്ചിരിയോടെ ക്ലാരയുടെ അടുത്തേക്ക് നടന്നുചെന്നു.
തുടരും… 🤍….




