മംഗല്യസൂത്രം.. 9
🧡മംഗല്യസൂത്രം : ഒൻപത്🧡
“എന്റെ കരിയറിനെക്കുറിച്ച് ഞാൻ സീരിയസ് ആകുമ്പോൾ നീ എന്നെ കുഞ്ഞിനെപ്പോലെ നോക്കേണ്ട കാര്യമില്ല.” ഇഷാനിയുടെ മുഖം ഗൗരവമായി…
കൈലാസിന്റെ മുഖത്ത് ചെറിയൊരു ദേഷ്യം തെളിഞ്ഞു.
“ഞാൻ നിന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നില്ല ഇഷാനി. എനിക്ക് നിന്നെക്കുറിച്ച് കൺസെൺ ഉള്ളതുകൊണ്ടാണ് പറയുന്നത്.”
അവൾ കുറച്ചുനേരം അവനെ നോക്കി. പിന്നീട് അവന്റെ കൈ പിടിച്ചു.
“എനിക്ക് അറിയാം… നീ എന്നെ സ്നേഹിക്കുന്നതുകൊണ്ടാണ് പറയുന്നത്.” അവൾ ചിരിച്ചു.
“പക്ഷേ ഈ ഷോ എന്റെ career-ന്റെ ഏറ്റവും വലിയ അവസരമാണ്. ഇത് എനിക്ക് നഷ്ടപ്പെടാൻ പാടില്ല.”
കൈലാസ് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്നാൽ അവളുടെ ജീവിതത്തിൽ അവൻ അറിയാതെ പലതും നടക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല.
….
അന്ന് രാത്രി… അല്ലി വീണ്ടും ഡയറി തുറന്നു.
അവൾ കുറച്ചുനേരം ശൂന്യമായ പേജിലേക്ക് നോക്കി.
പിന്നീട് എഴുതി.
“കോളേജിൽ ഇന്ന് എനിക്ക് ആദ്യമായി ഒരു സുഹൃത്തിനേ കിട്ടി…. റിഷി…. അവൻ ഒരുപാട് സംസാരിക്കും. പക്ഷേ ആള് ഒരു മോശക്കാരനായി തോന്നിയില്ല.” അവൾ കുറച്ചുനേരം നിർത്തി.
പിന്നെ…
” ഇന്ന് എനിക്ക് ഏറ്റവും കൂടുതൽ ഓർമ്മ വന്നത്…”
പേന നിശ്ചലമായി…. അവൾ കണ്ണുകൾ അടച്ചു…. ആയുഷിന്റെ മുഖം,… അവന്റെ ചിരി.
ലൈബ്രറിയിലെ ആ ആദ്യ സംഭാഷണം.
അവൾ പതിയെ എഴുതി.
“ആയുഷ് സാർ…. ” അത് എഴുതിയതും അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു.
അവൾ ഉടൻ ആ പേജ് അടച്ചു.
“ഇത് വെറും ക്രഷ് മാത്രമാണ്… വേറൊന്നുമല്ല.” അവൾ സ്വയം പറഞ്ഞു.
പക്ഷേ… അവൾക്ക് അറിയില്ലായിരുന്നു, ഇങ്ങനെ ആണ് ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നി തുടങ്ങുന്നതെന്ന്, ഇതാണ് പ്രണയമെന്ന്…
അല്ലിയുടെ ജീവിതത്തിൽ ആ തോന്നൽ പതിയെ വേരൂന്നിത്തുടങ്ങിയിരുന്നു.
അവൾ അറിയാതെ… അവളുടെ ഏറ്റവും വലിയ വിശ്വാസമായി മാറാൻ പോകുന്ന ഒരാളിലായിരുന്നു അത്.
…..
അതേ സമയം… മുംബൈയിലെ മറ്റൊരു വലിയ ഫ്ലാറ്റിൽ ഇഷാനി തന്റെ പ്രൈവറ്റ് റൂമിന്റെ കണ്ണാടിക്ക് മുന്നിൽ നിൽക്കുകയായിരുന്നു.
അവളുടെ കൈകൾ നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
മേശപ്പുറത്ത് കിടന്നിരുന്ന ചെറിയ പാക്കറ്റിലേക്ക് അവൾ നോക്കി…. അവൾ കുറച്ചുനേരം അനങ്ങാതെ നിന്നു…. പിന്നീട് കണ്ണുകൾ അടച്ചു.
“ഇത് അവസാനത്തേതാണ്…”
സ്വയം വിശ്വസിപ്പിക്കുന്നതുപോലെ അവൾ പതിയെ പറഞ്ഞു.
പക്ഷേ… അവളുടെ കണ്ണുകളിൽ തെളിഞ്ഞിരുന്ന ഭയം അതിനെ വിശ്വസിച്ചിരുന്നില്ല.
അതേസമയം Emerald Attire-ന്റെ ഓഫീസിൽ, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഫാഷൻ ഷോ വിജയിപ്പിക്കാനുള്ള പദ്ധതികളുമായി ഇരിക്കുകയായിരുന്നു കൈലാസ്.
അവനറിയില്ലായിരുന്നു…
താൻ ഏറ്റവും വിശ്വസിക്കുന്ന തന്റെ പ്രണയിനിയും ഒരു വലിയ രഹസ്യം ഒളിപ്പിക്കുന്നുണ്ടെന്ന്.
അവ ഒരുനാൾ കൈലാസിന്റെ ലോകത്തെ തന്നെ പിടിച്ചുലയ്ക്കുമെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ല.
………
രാത്രി ഏറെ വൈകിയിരുന്നു…
മുംബൈ നഗരത്തിന്റെ തിരക്കുകൾ പതിയെ കുറഞ്ഞിരുന്നെങ്കിലും, പല കെട്ടിടങ്ങളുടെ ജനലുകളിൽ ഇപ്പോഴും വെളിച്ചങ്ങൾ തെളിഞ്ഞുകിടന്നിരുന്നു.
കൈലാസിന്റെ ഫ്ലാറ്റിലെ ബെഡ്റൂമിലും നേരിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ജനലിനരികിലെ കർട്ടൻ പാതി തുറന്നിട്ടിരുന്നു. പുറത്തുള്ള നഗരവെളിച്ചങ്ങൾ മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു.
കൈലാസ് കട്ടിലിന്റെ ഹെഡ്ബോർഡിൽ ചാരിയിരുന്ന് ലാപ്ടോപ്പിൽ എന്തോ പരിശോധിക്കുകയായിരുന്നു. അടുത്ത ദിവസത്തെ ഷോയുടെ അവസാന ഒരുക്കങ്ങളായിരുന്നു അവന്റെ മനസ്സിൽ. എന്നാൽ അതിനേക്കാൾ കൂടുതൽ അവന്റെ ശ്രദ്ധ ബെഡിന്റെ മറുവശത്ത് കണ്ണാടിക്ക് മുന്നിൽ നിന്നിരുന്ന ഇഷാനിയിലായിരുന്നു.
അവൾ മുടി അഴിച്ചിട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് അത് പതിയെ ചീകുകയായിരുന്നു.
പകൽ മുഴുവൻ മേക്കപ്പും ലൈറ്റുകളും ക്യാമറകളും മോഡലിംഗിന്റെ തിരക്കുകളും ആയിരുന്നെങ്കിലും, രാത്രി അവളെ ഇങ്ങനെ സ്വാഭാവികമായി കാണുമ്പോഴായിരുന്നു കൈലാസിന് അവളോട് കൂടുതൽ സ്നേഹം തോന്നിയിരുന്നത്.
കുറച്ചുനേരം അവളെ നോക്കിയ ശേഷം അവൻ ലാപ്ടോപ്പ് അടച്ചു.
“ഇഷാനി…”
അവന്റെ പതിഞ്ഞ സ്വരത്തിലുള്ള വിളി കേട്ടതും അവൾ കണ്ണാടിയിലൂടെ അവനെ നോക്കി.
“മ്മ്…?” അവൾ തിരിഞ്ഞു നോക്കാതെ മൂളി..
“ഇങ്ങോട്ട് വാ പെണ്ണേ…”
അവന്റെ കൊഞ്ചൽ കേട്ടതും അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
“എന്തിനാ?”
” അതൊക്കെ വന്നിട്ട് പറയാം.”
” അയ്യടാ, അത് പറ്റില്ല. നീ ആദ്യം എന്തിനാണെന്ന് പറയണം.”
കൈലാസ് ചിരിച്ചുകൊണ്ട് കട്ടിലിൽ നിന്ന് എഴുന്നേറ്റു. അവളുടെ അടുത്തേക്ക് നടന്നു ചെന്ന ശേഷം പിന്നിൽ നിന്ന് അവളെ ചേർത്തുപിടിച്ചു. കണ്ണാടിയിൽ അവരുടെ പ്രതിബിംബം ഒരുമിച്ച് കണ്ടപ്പോൾ ഇഷാനിയുടെ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി പടർന്നു.
” ഇത്രയും നേരം അവിടെ ഇരുന്ന് എന്നെ നോക്കി എന്താ ആലോചിച്ചേ… ”
” അപ്പൊ ഞാൻ നോക്കുന്നത് നീ കാണുന്നുണ്ടായിരുന്നു അല്ലെ..? ”
അവളുടെ ചെവിക്കരികിൽ മുഖം ചേർത്തുകൊണ്ട് അവൻ പതിയെ ചോദിച്ചു.
” ഹ്മ്മ് അല്ലാതെ പിന്നെ… നീ എന്തിനാ എന്നെ ഇങ്ങനെ നോക്കി ഇരിക്കുന്നെ…?” അവന്റെ മറുപടി എന്തായിരിക്കും എന്ന് അറിയാവുന്നതുകൊണ്ട് അത് കേൾക്കാനായി അവൾ ചോദിച്ചു…
“കാരണം നീ സുന്ദരിയാണ്.”
“അത് നീ ദിവസവും പറയുന്നതല്ലേ?”
“ദിവസവും സുന്ദരിയായിരിക്കുന്ന ഒരാളോട് ദിവസവും തന്നെ പറയേണ്ടി വരും.”
ഇഷാനി ചിരിച്ചു.
“നിനക്ക് ചിലപ്പോൾ വല്ലാത്ത വഷളത്തരമാണ്.”
“നിനക്ക് ഇഷ്ടമുള്ള വഷളത്തരം അല്ലേ?”
അവൾ മറുപടി പറയാതെ അവന്റെ കൈകളിൽ പതിയെ കൈവെച്ചു.
കൈലാസ് അവളുടെ മുഖം കണ്ണാടിയിലൂടെ നോക്കി.
“ഇഷാനി… നീ ക്ഷീണിച്ചിട്ടുണ്ടല്ലോ.”
അവളുടെ പുഞ്ചിരി ഒരു നിമിഷം മങ്ങി.
“കുറച്ച്…”
“കുറച്ചല്ല. നിന്റെ കണ്ണുകൾ തന്നെ പറയുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി നീ ശരിയായി ഉറങ്ങുന്നില്ല. ഭക്ഷണം പോലും സമയത്ത് കഴിക്കുന്നില്ല. ഇത്രയും വലിയ ഷോ ആണെന്ന് എനിക്ക് അറിയാം. പക്ഷേ നീ നിന്നെ തന്നെ മറന്നുപോകുന്ന രീതിയിൽ ഇതിന് പിന്നാലെ ഓടുന്നത് എനിക്ക് ഇഷ്ടമല്ല.”
അവന്റെ ശബ്ദത്തിലെ കരുതൽ കേട്ടപ്പോൾ അവളുടെ ഉള്ളിൽ ഒരു നിമിഷം കുറ്റബോധം തോന്നി.
അവൻ ഇത്രയും സ്നേഹത്തോടെ തന്നെ നോക്കുന്നു.
തന്റെ ജീവിതത്തിലെ ആ വലിയ രഹസ്യം പോലും അറിയാതെ…
അവൾ പതിയെ അവന്റെ നേരെ തിരിഞ്ഞു.
“എനിക്ക് അറിയാം കൈലാസ്… നീ എന്നെക്കുറിച്ച് വിഷമിക്കുന്നുണ്ടെന്ന്. പക്ഷേ എന്റെ സ്വപ്നം ഇതാണ്. ഇത്രയും കാലം ഞാൻ കാത്തിരുന്നത് ഈ ഒരു അവസരത്തിനാണ്. ഞാൻ ഇവിടെ എത്താൻ ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചിട്ടുണ്ട്. ഇനി പിന്നോട്ട് പോകാൻ എനിക്ക് കഴിയില്ല.”
കൈലാസ് അവളുടെ കണ്ണുകളിലേക്ക് നോക്കി.
“നിന്നോട് പിന്നോട്ട് പോകാൻ ആരും പറയുന്നില്ല. പക്ഷേ മുന്നോട്ട് പോകുമ്പോൾ നീ നിന്നെ തന്നെ നഷ്ടപ്പെടുത്തരുത്. നിന്റെ വിജയം കാണുമ്പോൾ എനിക്ക് അഭിമാനം തോന്നണം… നിന്നെക്കുറിച്ച് പേടിയല്ല.”
അവളുടെ കണ്ണുകൾ നിറഞ്ഞു.
“നീ എന്നെ ഇത്രയും സ്നേഹിക്കുന്നത് എന്തിനാ കൈലാസ്?”
അവൻ ചിരിച്ചു.
“അത് എനിക്ക് അറിയില്ല. പക്ഷേ നിന്നെ ആദ്യമായി കണ്ട ദിവസം മുതൽ എനിക്ക് തോന്നിയത്… ഈ പെൺകുട്ടി എന്റെ ജീവിതത്തിൽ വേണം എന്നായിരുന്നു. പിന്നെ നീ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമല്ല… എന്റെ ജീവിതം തന്നെയായി.”
ഇഷാനി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.
അവന്റെ നെഞ്ചിൽ തലചായ്ച്ചപ്പോൾ അവളുടെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന ഭയം ഒരു നിമിഷത്തേക്ക് ശാന്തമായി.
“എന്നെ ഒരിക്കലും വിട്ടുപോകരുത്…”
അവൾ വളരെ പതുക്കെ പറഞ്ഞു.
കൈലാസ് അവളുടെ മുടിയിൽ ചുംബിച്ചു.
“നീ എന്നോട് അങ്ങനെ പറയേണ്ട ആവശ്യമില്ല. എന്ത് സംഭവിച്ചാലും ഞാൻ നിന്നോടൊപ്പം ഉണ്ടാകും.”
ആ വാക്കുകൾ കേട്ടപ്പോൾ ഇഷാനിയുടെ കണ്ണുകൾ അടഞ്ഞു.
പക്ഷേ…
അവൾ ഒളിപ്പിച്ചുവെച്ചിരുന്ന സത്യം ഒരുനാൾ ഈ മനുഷ്യന്റെ മുന്നിൽ എത്തുമ്പോൾ,
ഈ വാക്കുകൾക്ക് എന്ത് അർത്ഥമായിരിക്കും എന്നത് അവൾക്ക് പോലും അറിയില്ലായിരുന്നു.
അവൾ അവന്റെ മുഖത്തേക്ക് നോക്കി.
“കൈലാസ്…”
“മ്മ്?”
“എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.”
“എനിക്ക് അറിയാം.”
“എത്രയെന്ന് അറിയാമോ?”
“ഇല്ല.”
” പോടാ…. ” അവൾ കെറുവിച്ച് തിരിഞ്ഞിരുന്നു…
” എന്റെ പൊന്നേ, ഇങ്ങനെ പിണങ്ങുമ്പോൾ എന്റെ കൊച്ചിനെ കാണാൻ വല്ലാത്ത സൗന്ദര്യം തോന്നുന്നുണ്ട്, ദേവലോക സുന്ദരിമാരെപോലെ വശ്യമായ ഒരു സൗന്ദര്യം ആണ് നിനക്ക് ”
” ശോ ഒന്ന് പോടാ, എനിക്ക് നാണം വരുന്നു… ” അവൾ ചിരിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ കൈകൊണ്ട് പതിയെ തട്ടി.
അവൻ അവളുടെ കൈ പിടിച്ച് നെറ്റിയിൽ ചുംബിച്ചു.
അവൻ ഇഷാനിയെ തന്റെ കൈകളിൽ കോരി എടുത്ത് ബെഡ്ഡിലേക്ക് നടന്നു…
” എത്ര ദിവസമായി നമ്മൾ ശരിക്കുമൊന്ന് പ്രേമിച്ചിട്ട്… മ്മ്മ്? ” അവളുടെ കണ്ണുകളിലേക്ക് നോക്കി അത് പറയെ അവനിൽ അലിഞ്ഞു ചേരാൻ അവളും തയാറായിരുന്നു…
കൈലാസ് പതിയെ അവളുടെ ഇരു ചുണ്ടുകളെയും വായിലാക്കി നുണയാൻ തുടങ്ങി… ഇഷാനിയുടെ കൈകൾ അവന്റെ ഷർട്ടിന്റെ ഓരോ ബട്ടനും അഴിച്ചെടുത്തു…
അവളുടെ മേലെ ഇരു കൈകളും കുത്തി നിന്ന അവൻ അവളുടെ ടി ഷർട്ട് തലവഴി ഊരി എടുത്തു….
അവളിലെ ഓരോ അണുവിലും തൊട്ട് ചുംബിച്ചുകൊണ്ട് അവൻ അവളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു…..
🧡
അതേസമയം… രാത്രി ഏറെ കഴിഞ്ഞിരുന്നു….
അല്ലിയുടെ മുറിയിൽ മേശപ്പുറത്ത് പുസ്തകങ്ങൾ തുറന്നുകിടന്നിരുന്നെങ്കിലും അവളുടെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല.
ഫോൺ കൈയിൽ എടുത്ത് കുറച്ചുനേരം വെറുതെ നോക്കിയിരുന്ന ശേഷം അവൾ അമ്മയുടെ നമ്പറിലേക്ക് വിളിച്ചു.
രണ്ട് മൂന്ന് റിങ്ങുകൾക്ക് ശേഷം മിത്ര ഫോൺ എടുത്തു.
“അല്ലി… എന്താ മോളെ? ഇത്ര വൈകി വിളിച്ചത്?”
“ഒന്നുമില്ല അമ്മേ… വെറുതെ വിളിച്ചതാ.”
മിത്ര ചെറുതായി ചിരിച്ചു.
“വെറുതെ എന്നൊക്കെ പറഞ്ഞാൽ പറ്റില്ല. നിന്റെ ശബ്ദം കേട്ടാൽ എന്തോ പറയാനുണ്ടെന്ന് എനിക്ക് മനസ്സിലാകും. പറയൂ.”
അല്ലി കുറച്ചുനേരം മിണ്ടാതെ നിന്നു.
അവളുടെ മനസ്സിൽ ആയുഷിന്റെ മുഖം തെളിഞ്ഞുവന്നെങ്കിലും അവൾ അത് പെട്ടെന്ന് മാറ്റിനിർത്തി.
അമ്മയോട് ആയുഷിനെക്കുറിച്ച് പറയാൻ അവൾക്ക് കഴിയില്ലായിരുന്നു.
പക്ഷേ ഒന്നും പറയാതെ ഇരുന്നാലും അമ്മ സംശയിക്കുമെന്ന് അവൾക്കറിയാം.
“അമ്മേ… ഇന്ന് ഞാൻ റിഷിയോടൊപ്പം കുറച്ച് സമയം ലൈബ്രറിയിൽ ഇരുന്നിരുന്നു.”
മിത്രയുടെ ശബ്ദം ഉടൻ തന്നെ ഗൗരവമായി.
“റിഷിയോ? ആരാണ് അത്?”
“എന്റെ ക്ലാസ്സിലെ ആളാണ്. ഞങ്ങൾ ഒരു ടീം ആണ്, പ്രസന്റേഷനുള്ള അസ്സിഗ്ന്മെന്റ് ചെയ്യാനാണ് കൂടെയിരുന്നത്.”
“ആൺകുട്ടിയാണോ?”
“അതെ…” അല്ലി വളരെ പതുക്കെ മറുപടി പറഞ്ഞു.
അവൾ മനപ്പൂർവം റിഷിയുടെ കാര്യം അമ്മയോട് പറഞ്ഞതായിരുന്നു. തന്റെ ജീവിതത്തിൽ അമ്മ അറിയാതെ ഒന്നും നടക്കുന്നില്ലെന്ന് അമ്മയെ വിശ്വസിപ്പിക്കാൻ. ആയുഷിനെക്കുറിച്ച് ഒളിപ്പിക്കുന്ന കാര്യം അമ്മ അറിയാതിരിക്കണമെങ്കിൽ മറ്റൊരു കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് സുരക്ഷിതമാണെന്ന് അവൾക്ക് തോന്നി.
മിത്ര കുറച്ചുനേരം മിണ്ടിയില്ല.
“അല്ലി… നീ എന്നോട് സത്യം മാത്രമേ പറയാവൂ. റിഷിയുമായി നിനക്ക് എന്തെങ്കിലും പ്രത്യേക അടുപ്പമുണ്ടോ?”
“ഇല്ലമ്മേ. അങ്ങനെയൊന്നുമില്ല. അവൻ എന്റെ ക്ലാസ്സിലെ ഒരാളാണ്. അത്രയേ ഉള്ളൂ അല്ലാതെ എനിക്ക് അവനോട് വലിയ അടുപ്പമൊന്നുമില്ല. സാർ ആണ് റോൾ നമ്പർ അനുസരിച്ച് ഗ്രൂപ്പ് ആക്കിയത്, ഞാൻ ആയിട്ട് അല്ല അവനെ തിരഞ്ഞെടുത്തത്.”
തുടരും… 🧡


