ഇച്ചായന്റെപെണ്ണ്…. 8

ഭാഗം എട്ട് 🤍

“എത്തില്ല!” ക്രിസ്റ്റോ ഉറപ്പിച്ചു പറഞ്ഞു.

“കാരണം ഇത് വളരെ രഹസ്യമായിട്ടായിരിക്കും നമ്മൾ ചെയ്യുക. പിന്നെ അവന് നമ്മൾ മാത്രമല്ലല്ലോ ശത്രുക്കൾ, ഇത് ചെയ്യ്തത് മറ്റാരെങ്കിലും ആണെന്ന് വരുത്തി തീർക്കാം അല്ലങ്കിൽ അവൻ വിചാരിക്കും തനിക്ക് വന്ന ബിസിനസ്സ് തകർച്ചയാണെന്ന്. അവൻ തകർന്ന് നിൽക്കുന്ന സമയത്ത്… അവന്റെ ഏറ്റവും വലിയ ബലഹീനത എന്താണെന്ന് നോക്കി ഞാൻ അടുത്ത വെട്ട് വെട്ടും!”
ക്രിസ്റ്റോയുടെ കണ്ണുകളിൽ വീണ്ടും പകയുടെ നിഴൽ പടർന്നു.

…… 🤍

സന്തോഷം സഹിക്കാനാവാതെ അനാഥാലയത്തിന്റെ നീണ്ട ഇടനാഴിയിലൂടെ ഓടുമ്പോൾ ക്ലാരയുടെ ഉള്ളം കാറ്റിൽ പറക്കുന്ന പഞ്ഞിത്തുണ്ടുപോലെയായിരുന്നു….

വർഷങ്ങളായി കർത്താവിന്റെ മുൻപിൽ നീറ്റലോടെ ചൊരിഞ്ഞ കണ്ണീരത്രയും ആനന്ദത്തിന്റെ അമൃതമഴയായിപ്പെയ്യുന്നത് അവൾ അറിഞ്ഞു. നേരെ ചെന്ന് മുറിയിലെ വാതിൽ തുറന്നതും, അവിടെ തുന്നൽ മെഷീന് മുന്നിലിരുന്ന് വസ്ത്രങ്ങൾ തുന്നുകയായിരുന്ന ആൻസിയമ്മ ഞെട്ടി തിരിഞ്ഞുനോക്കി.

ക്ലാരയുടെ കവിളുകളിൽ ആനന്തക്കണ്ണീർ ഒലിച്ചിറങ്ങിയ പാടുകളും, ശ്വാസം കിട്ടാതെ ഉയർന്നുതാഴുന്ന നെഞ്ചും കണ്ടപ്പോൾ ആൻസിയമ്മ പേടിച്ചുപോയി. അവർ മെഷീന്റെ ചക്രം ചവിട്ടുന്നത് നിർത്തി, കയ്യിലിരുന്ന തുണി താഴെയിട്ട് വേഗത്തിൽ എഴുന്നേറ്റു വന്നു.

“എന്നതാടി അന്നമോളെ ഇത്? ഓടിപ്പിടഞ്ഞു വന്ന് ഇങ്ങനെ കണ്ണീരൊഴുക്കാൻ എന്തുപറ്റി? ആരെലും നിന്നെ എന്തെങ്കിലും പറഞ്ഞോ? ജോർജ് അച്ചൻ വഴക്കു വല്ലതും പറഞ്ഞോ മോളെ?” ആൻസിയുടെ ശബ്ദത്തിൽ ഉത്കണ്ഠ നിറഞ്ഞുനിന്നു.

ക്ലാര ഒന്നും മിണ്ടാതെ ആൻസിയമ്മയുടെ ഇടുപ്പിലേക്ക് വട്ടം പിടിച്ച് അവരെ നെഞ്ചോടു ചേർത്ത് കെട്ടിപ്പിടിച്ചു വിതുമ്പി. അവളുടെ വിറയ്ക്കുന്ന കൈകളും ചുണ്ടിലെ വിടർന്ന പുഞ്ചിരിയും കണ്ടപ്പോൾ ആൻസിയുടെ ഉള്ളുപിടഞ്ഞു.

” ഇതെന്താ പെണ്ണേ നീ ഇങ്ങനെ കരഞ്ഞോണ്ട് ചിരിക്കൂന്നേ? ഏഹ്ഹ്, മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം പറ കൊച്ചേ. ”

“ആൻസിയമ്മേ… ഈശോ… നമ്മുടെ പ്രാർത്ഥന കേട്ടു!” ക്ലാരയുടെ ശബ്ദം വിറച്ചു.

“ഏഹ്? എന്താടി മോളെ നീ ഈ പറയുന്നത്? എന്താ ഉണ്ടായത്?”

“എനിക്ക്… എനിക്ക് പഠിക്കാൻ സ്പോൺസറെ കിട്ടിയമ്മേ! എന്റെ പഠനത്തിന്റെ മുഴുവൻ ചിലവും ഒരാൾ ഏറ്റെടുത്തു! ഞാൻ… ഞാൻ ഇനി ഡോക്ടറാകും ആൻസിയമ്മേ! എന്റെ ആഗ്രഹം നടക്കാൻ പോകുവാ!” അവൾ ആൻസിയുടെ കൈകളിൽ പിടിച്ചു തുള്ളിചാടി…

ആ വാക്കുകൾ കേട്ട നിമിഷം ആൻസിയമ്മ തരിച്ചുനിന്നു. കണ്ണുകൾ അത്ഭുതത്താൽ വിടർന്നു. താൻ കേട്ടത് സത്യം തന്നെയോ എന്ന് വിശ്വസിക്കാൻ കഴിയാതെ അവർ ക്ലാരയുടെ തോളുകളിൽ പിടിച്ച് അവളെ സൂക്ഷിച്ചു നോക്കി.

“ഈശോയെ… മോളെ… സത്യമാണോ നീ ഈ പറയുന്നത്? കളിയാക്കുകയല്ലല്ലോ? ദൈവമേ… ആരാ കൊച്ചേ നിന്നെ പഠിപ്പിക്കാമെന്ന് പറഞ്ഞത്? മാതാവേ അവസാനം നീ ഞങ്ങടെ കൊച്ചിന്റെ പ്രാർത്ഥന കേട്ടു” ആൻസിയുടെ ശബ്ദവും ഇടറിപ്പൊയിരുന്നു.

“കളിയാക്കുകയൊന്നുമല്ല ആൻസിയമ്മേ! ജോർജ് അച്ചൻ എന്നെ നേരിട്ട് വിളിച്ച് പറഞ്ഞതാ. വർഗീസ് സാർ… നമ്മുടെ പാലായിലെ വലിയ സമ്പന്നനായ തേവർമറ്റത്തിൽ വർഗീസ് സാറില്ലേ? പള്ളിക്ക് ലക്ഷങ്ങൾ സംഭാവന തരുന്ന ആ പണക്കാരൻ സാർ… ആ സാറാണ് എന്റെ തുടർപഠനത്തിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കാമെന്ന് അച്ചന് വാക്ക് കൊടുത്തത്! എത്ര ലക്ഷം വേണമെങ്കിലും തരാമെന്ന് അച്ചനോട് പറഞ്ഞിട്ടുണ്ടത്രേ!” ക്ലാര ശ്വാസം അടക്കാതെ പറഞ്ഞു.

ആൻസിയമ്മ തിരുകുടുംബത്തിന്റെ രൂപത്തിന് മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥിച്ചു.

“എന്റെ കർത്താവേ… എന്റെ കുഞ്ഞിന്റെ കണ്ണീര് നീ കണ്ടല്ലോ! ആരോരുമില്ലാത്ത ആ കുഞ്ഞിന്റെ മനസ്സിന്റെ വിളി നീ കേട്ടല്ലോ തമ്പുരാനേ…” ആൻസി ക്ലാരയെ വീണ്ടും കെട്ടിപ്പിടിച്ച് അവളുടെ നെറ്റിയിലും കവിളുകളിലും ഉമ്മകൾ കൊണ്ടു മൂടി. അവളുടെ നെറ്റിയിൽ മൂന്ന് പ്രാവിശ്യം കുരിശ്ശടയാളം വരച്ചുകൊണ്ട് അവൾ അവളെ അനുഗ്രഹിച്ചു.

“ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേടീ അന്നമോളെ… മനസ്സുരുകി പ്രാർത്ഥിക്കുന്നവർക്ക് ദൈവം ചോദിക്കുന്നതിന്റെ ഇരട്ടി തിരികെ തരുമെന്ന്. ഇനി നിന്നെ ആരും വെറും അനാഥയെന്ന് വിളിച്ച് വിഷമിപ്പിക്കില്ല. നീ പഠിച്ച് വലിയൊരു ഡോക്ടറായി ഈ നാട്ടിലുള്ള പാവങ്ങളെ മുഴുവൻ ചികിത്സിക്കുന്നത് കാണാൻ എനിക്ക് ആയുസ്സ് തരണേ കർത്താവേ…”

“അതെ ആൻസിയമ്മേ… എനിക്ക് സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല. ഞാൻ വേഗം പോയി മറ്റു കൂട്ടുകാരെയും കണ്ട് വിശേഷങ്ങൾ പറയട്ടെ!” ക്ലാര ആവേശത്തോടെ മുറിയിൽ നിന്നും പുറത്തേക്ക് ഓടി.

ക്ലാര മുറിയിൽ നിന്നും പുറത്തിറങ്ങി സന്തോഷത്തോടെ ഓടിപ്പോകുന്നത് കണ്ട ആൻസിയമ്മയുടെ മനസ്സിൽ അതിരില്ലാത്ത ആശ്വാസം പടർന്നു.

പക്ഷേ, അപ്പോഴും അനാഥാലയത്തിന് പുറത്തെ ലോകത്ത് അരങ്ങേറാൻ പോകുന്ന നാടകങ്ങളെക്കുറിച്ച് ആ പാവം സ്ത്രീയോ, നിഷ്കളങ്കയായ ക്ലാരയോ ഒന്നും അറിഞ്ഞിരുന്നതേയില്ല.

……

അതേ സമയം, തേവർമറ്റത്തിൽ ബംഗ്ലാവിന്റെ വലിയ ഹാളിൽ കനത്ത നിശബ്ദത പടർന്നു കിടക്കുകയായിരുന്നു. വർഗീസ് തന്റെ മുറിയിലേക്ക് കയറിപ്പോയ സമയം നോക്കി, ആനി പതിയെ മകന്റെ മുറിയുടെ മുന്നിലേക്ക് നടന്നു.

മാർക്കോ മുറിക്കുള്ളിൽ വല്ലാത്തൊരു അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. മനസ്സിൽ ദേഷ്യവും, പപ്പയുടെ ഭീഷണിയുണ്ടാക്കിയ ഭയവും മാറിമാറി മറിയുന്നു. ജെന്നിഫർ പറഞ്ഞ കുതന്ത്രങ്ങൾ മനസ്സിൽ ഇടയ്ക്കിടെ വരുന്നുണ്ടെങ്കിലും, അനാഥയായ ഒരു പെൺകുട്ടിയെ താലികെട്ടി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരിക എന്ന ആശയം അവന് തീരെ ദഹിക്കുന്നുണ്ടായിരുന്നില്ല.
ഒന്നുമറിയാത്ത ഒരുവളെ ചതിയിൽ പെടുത്തുന്നത് പോലെ അല്ലെ അതെന്ന് അവന്റെ മനസ്സാക്ഷി പറഞ്ഞു.

വാതിലിൽ ചെറിയൊരു മുട്ടു കേട്ടാണ് മാർക്കോ തിരിഞ്ഞുനോക്കിയത്. വാതിൽ തുറന്ന് മമ്മ അകത്തേക്ക് വന്നത് കണ്ടതും
മാർക്കോ മുഖം തിരിച്ചു.

“മമ്മയും പപ്പയുടെ വശം സംസാരിക്കാനാണെങ്കിൽ ഇങ്ങോട്ട് വരണ്ട. എനിക്ക് ഒന്നും കേൾക്കണ്ട. കേട്ടത് തന്നെ ധാരാളം…” അവന് തന്റെ ദേഷ്യം അടക്കാൻ ആയില്ല.

ആനി പതുക്കെ വാതിലടച്ച്, മകന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകളിൽ വാത്സല്യവും അതിലേറെ ആശങ്കയും ഉണ്ടായിരുന്നു.

“മാർക്കോ…” അവൾ അവന്റെ കയ്യിൽ പതുക്കെ തൊട്ടു. “മമ്മ പറയുന്നത് നീ ഒന്ന് ശാന്തനായി കേൾക്ക്. നിന്നെ ഉപദേശിക്കാനോ വഴക്കു പറയാനോ അല്ല ഞാൻ വന്നത്.”

മാർക്കോ മമ്മയെ നോക്കി. മമ്മയുടെ ശബ്ദത്തിൽ ഒരു പ്രത്യേക തരം വാത്സല്യം ഉണ്ടായിരുന്നു.

“നീ വിചാരിക്കുംപോലെ കാര്യങ്ങൾ എളുപ്പമല്ലെടാ മോനെ. നിന്റെ പപ്പയെക്കുറിച്ച് നിനക്ക് അറിയാത്തതാണോ? പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന ആളാണ് വർഗീസ്…. നീ ആ അനാഥ പെണ്ണിനെ കെട്ടില്ല എന്ന് ഉറപ്പിച്ചു പറഞ്ഞാൽ, ഈ കാണുന്ന സ്വത്തുക്കളത്രയും നാളെത്തന്നെ ആ അനാഥാലയത്തിന്റെ പേർക്ക് എഴുതിവെക്കും. നിന്റെ കയ്യിൽ ഈ ബംഗ്ലാവും, കമ്പനികളും, തോട്ടങ്ങളും ഒന്നുമുണ്ടാകില്ല. നീ ആലോചിച്ചു നോക്കിയിട്ടുണ്ടോ ആ ഒരു അവസ്ഥ?”
മമ്മയുടെ വാക്കുകൾ കേട്ടതും മാർക്കോ താടിയെല്ലുകൾ മുറുക്കി.

“അതിന് പപ്പയോട് ഞാൻ എന്ത് തെറ്റാ മമ്മേ ചെയ്തത്? എനിക്ക് ഇഷ്ടമുള്ള പെണ്ണിനെ കെട്ടാൻ പറ്റില്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാ? അത് പോട്ടെ, ഒരു അനാഥയെ എന്റെ തലയിൽ കെട്ടിവെച്ച് എന്റെ ജീവിതം നശിപ്പിക്കാനാണോ പപ്പ നോക്കുന്നത്?”

“അതല്ലെടാ…” ആനി അവന്റെ തോളിൽ കൈവെച്ചു. “പപ്പയ്ക്കിപ്പോൾ വാശിയാണ്. നാട്ടുകാർ ജെന്നിഫറിനെപ്പറ്റി പറയുന്ന അപവാദങ്ങൾ കേട്ട് പപ്പയുടെ മനസ്സ് മാറിയിരിക്കുകയാണ്. ഈ സമയത്ത് നീ പപ്പയെ എതിർത്താൽ നിനക്ക് നഷ്ടപ്പെടുന്നത് കോടികളുടെ സ്വത്തുക്കളാണ്. അത് ഞാൻ നോക്കിനിൽക്കെ നടക്കില്ല.”

“പിന്നെ ഞാൻ എന്താ ചെയ്യേണ്ടത് മമ്മേ? ആ അനാഥയെ സ്വീകരിച്ച് അവളുമൊത്ത് ജീവിക്കണമെന്നാണോ മമ്മ പറയുന്നത്?” മാർക്കോ ദേഷ്യത്തോടെ ചോദിച്ചു.

ആനി ചുറ്റും നോക്കിയ ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു:

“ഞാൻ പറയുന്നത് കേൾക്ക്. തൽക്കാലം നീ പപ്പ പറയുന്നതിന് വഴങ്ങുക. പെണ്ണുകാണാനും, കല്യാണത്തിനും സമ്മതിക്കുക.”
മാർക്കോ ഞെട്ടലോടെ അമ്മയെ നോക്കി.

“മമ്മേ…!”

“ശേ നീ മുഴുവൻ കേൾക്കെടാ ചെറുക്കാ!” ആനി അവന്റെ കൈ മുറുകെ പിടിച്ചു.

“ഇപ്പോൾ നീ എതിർത്താൽ സ്വത്ത് മുഴുവൻ പോകും. അതിന് പകരം, പപ്പ പറയുന്നതുപോലെ ഈ കല്യാണം നടക്കട്ടെ. ആ പെണ്ണ് അനാഥയാണല്ലോ. അവൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരും വരില്ല. കല്യാണം കഴിഞ്ഞ് കുറച്ചുനാൾ നീ പപ്പയുടെ മുന്നിൽ നല്ല കുട്ടിയായി ജീവിക്കുക. നിന്റെ സ്വഭാവമൊക്കെ മാറിയെന്നും, നീ അനുസരണയുള്ള മകനായെന്നും പപ്പയ്ക്ക് തോന്നുമ്പോൾ, സ്വത്തുക്കളൊക്കെ നിന്റെ പേരിലേക്ക് മാറ്റാൻ മമ്മ വഴിയുണ്ടാക്കാം.”

മാർക്കോ അമ്മയെ അത്ഭുതത്തോടെ നോക്കി. ജെന്നിഫർ ഉപദേശിച്ച അതേ വഴി തന്നെയാണ് അമ്മയും പറയുന്നത്!

ആനി തുടർന്നു: “സ്വത്ത് മുഴുവൻ നിന്റെ പേരിലായിക്കഴിഞ്ഞാൽ, പിന്നെ നിന്നെ തടയാൻ പപ്പയ്ക്ക് കഴിയില്ല. അന്നേരം ആ അനാഥ പെണ്ണിന് എന്തെങ്കിലും ചെറിയൊരു തുകയോ നഷ്ടപരിഹാരമോ കൊടുത്ത്, വിവാഹബന്ധം വേർപെടുത്തി അവളെ ഒഴിവാക്കുക.
അതിനുശേഷം നിനക്കിഷ്ടമുള്ള പെണ്ണിനെ നിനക്ക് സ്വന്തമാക്കാം, സ്വത്തുക്കളും നിന്റെ കയ്യിലുണ്ടാകും! അതിന് നമ്മൾ ഇപ്പോൾ കുറച്ചുകാലം കാത്തിരുന്നേ പറ്റൂ മാർക്കോ.”

മാർക്കോയ്ക്ക് അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിൽ വലിയൊരു ഭാരം കുറഞ്ഞതുപോലെ തോന്നി. താൻ സ്നേഹിക്കുന്ന ജെന്നിഫറും, തന്നെ പ്രസവിച്ച അമ്മയും ഒരേപോലെ ചിന്തിക്കുന്നു. പപ്പയുടെ കയ്യിൽ നിന്ന് സ്വത്ത് കൈക്കലാക്കാൻ ഇതിലും മികച്ചൊരു വഴിയില്ലെന്ന് അവൻ ഉറപ്പിച്ചു.

“മമ്മേ… മമ്മ പറയുന്നത് കേട്ടാൽ പപ്പയ്ക്ക് സംശയമൊന്നും തോന്നില്ലല്ലോ?” മാർക്കോ ചോദിച്ചു.

“ഇല്ലെടാ. നീ ആദ്യം എതിർത്തെങ്കിലും, കുടുംബത്തിന്റെ മാനം ഓർത്തും പപ്പയോടുള്ള പേടി കാരണവും വഴങ്ങിയതാണെന്ന് ഞാൻ പപ്പയോട് പറഞ്ഞോളാം. നീ പപ്പയുടെ മുന്നിൽ ചെന്ന് അനുസരണയുള്ള മകനായി നിൽക്കണം. അത്ര മാത്രം ചെയ്താൽ മതി.”

മാർക്കോ പതുക്കെ തലയാട്ടി. “ശരി മമ്മേ. മമ്മ പറയുന്നതുപോലെ ഞാൻ ചെയ്യാം. പക്ഷേ… ആ അനാഥയെ എന്റെ ഭാര്യയായി മനസ്സ് കൊണ്ട് അംഗീകരിക്കാൻ എന്നെക്കൊണ്ട് കഴിയില്ല. അതിന് എന്നെ നിർബന്ധിക്കരുത്.”

“അതൊന്നും സാരമില്ലെടാ. നമ്മുടെ ലക്ഷ്യം സ്വത്ത് കുടുംബത്തിൽനിന്ന് പോകരുത് എന്നാണ്. അതിനായി നമ്മൾ ഈ നാടകം കളിച്ചേ പറ്റൂ.” ആനി മകന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചു.

……

പിറ്റേന്ന് രാവിലെ, പള്ളിയിലെ വികാരിയച്ചന്റെ ഫോൺ ശബ്ദിച്ചു.

ജോർജ് അച്ചൻ ഫോൺ കൈയിലെടുത്തു. ഫോൺ സ്ക്രീനിൽ ‘വർഗീസ് തേവർമറ്റത്തിൽ’ എന്ന പേര് കണ്ടതും അച്ചന്റെ ഹൃദയമിടിപ്പ് അല്പം വേഗത്തിലായി.
അച്ചൻ ഫോൺ ചെവിയോട് ചേർത്തു.

“അച്ചാ, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. ഞാൻ വർഗീസാണ്. ഇന്നലെ സംസാരിച്ച കാര്യം അച്ചൻ ഓർക്കുന്നുണ്ടല്ലോ അല്ലേ?” വർഗീസിന്റെ ഗാംഭീര്യമുള്ള ശബ്ദം ജോർജ് അച്ചൻ കേട്ടു.

“ഉവ്വ് വർഗീസേ, ഞാൻ ഇന്നലെ മുതൽ ആ കാര്യത്തെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു.” അച്ചൻ നെടുവീർപ്പോടെ പറഞ്ഞു.

“അച്ചാ, വൈകിക്കേണ്ടതില്ലെന്നാണ് എന്റെ തീരുമാനം. വരും ദിവസങ്ങളിൽ തന്നെ പെണ്ണുകാണൽ ചടങ്ങ് നടത്തണം. വരുന്ന വ്യാഴാഴ്ച രാവിലെ ഞങ്ങൾ കുടുംബത്തോടെ അനാഥാലയത്തിലേക്ക് വരികയാണ്. ക്ലാരയെ നേരിട്ട് കണ്ട് ആലോചന ഔദ്യോഗികമായി ഉറപ്പിക്കണം.” എല്ലാം തീരുമാനിച്ച് ഉറപ്പിച്ചതുപോലെ വർഗീസ് പറഞ്ഞു.

അച്ചന്റെ മനസ്സിൽ വലിയൊരു ആവലാതി നിറഞ്ഞു. ഇന്നലെ എൽസമ്മ സിസ്റ്ററുമായി സംസാരിച്ച കാര്യങ്ങൾ അച്ചന്റെ മനസ്സിലൂടെ കടന്നുപോയി.

തുടരും….

Similar Posts

Leave a Reply