അലൈപ്പായുതേ…. 12

ഭാഗം പന്ത്രണ്ട്

ഉച്ചകഴിഞ്ഞതോടെ ഓഫീസിലെ തിടുക്കങ്ങൾ അല്പം കുറഞ്ഞിരുന്നു.

എം.ഡി കേബിനുള്ളിലിരുന്ന് ധ്രുവ് തന്റെ മുന്നിലെ വലിയ ഗ്ലാസ് ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. താഴെ കൊച്ചി നഗരം മഴയിൽ കുതിർന്നു കിടക്കുന്നു.

നഗരത്തിന്റെ പുകമറകൾക്കിടയിലൂടെ പായുന്ന വാഹനങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെടുന്നേയില്ലായിരുന്നു. അവന്റെ ചിന്തകൾ മുഴുവൻ ഒരേയൊരു  കാര്യത്തിൽ തട്ടിനിൽക്കുകയാണ്

നക്ഷത്ര!💗

അവൾ തനിച്ചാണ്. അച്ഛനും അമ്മയുമില്ലാത്ത, പാലക്കാട്ടെ ബന്ധുക്കളുടെ പീഡനം സഹിക്കവയ്യാതെ ഈ നഗരത്തിലേക്ക് വന്ന ഒരു പാവം നാട്ടിൻപുറത്തുകാരി. എന്നാൽ ആ പാവത്തത്തിന് പിന്നിൽ ആത്മാഭിമാനത്തിന്റെ വലിയൊരു കോട്ടയുണ്ടെന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങൾ കൊണ്ട് ധ്രുവിന് വ്യക്തമായിരുന്നു.

പക്ഷേ, തന്റെ ഇപ്പോഴത്തെ സാഹചര്യം…
അമ്മയുടെ ഭീഷണി! അടുത്ത മാസം മുപ്പതാം പിറന്നാൾ വരുന്നതോടെ തന്റെ ജീവിതത്തിലേക്ക് ആരതിയെ ഔദ്യോഗികമായി കയറ്റി ഇരുത്താനുള്ള അമ്മയുടെ തന്ത്രങ്ങൾ. അത് തടയണമെങ്കിൽ തനിക്കൊരു ഭാര്യ വേണം.

പക്ഷേ, താനാരെയും പ്രണയിച്ചിട്ടില്ല. പ്രണയമെന്ന വികാരത്തോട് എന്നും അകലം പാലിച്ചിട്ടുള്ളവനാണ് താൻ. അങ്ങനെയാണെങ്കിൽ അതിനുള്ള ഒരേയൊരു വഴി ഒരു ‘കോൺട്രാക്ട് മാര്യേജ്’ മാത്രമാണ്!

ഒരു വർഷത്തെ നിയമപരമായ കരാർ!
ആ സമയത്തിനുള്ളിൽ തനിക്ക് അമ്മയുടെ സമ്മർദ്ദത്തിൽ നിന്നും വിടുതൽ ലഭിക്കും. സാമ്പത്തികമായി നക്ഷത്രയ്ക്ക് വലിയൊരു അടിത്തറയുണ്ടാക്കി കൊടുക്കാനും തനിക്ക് കഴിയും. അതിലുപരി വിക്രം വർമ്മയെപ്പോലെയുള്ള ശത്രുക്കളിൽ നിന്നും തനിക്ക് അവളെ ഒരു തണലായി നിന്ന് സംരക്ഷിക്കാനും സാധിക്കും!

‘പക്ഷേ, അവളോട് ഇതൊരാവശ്യമായി എങ്ങനെ മുന്നോട്ട് വെക്കും?’ ധ്രുവ് നെറ്റിയിൽ കൈവെച്ച് ആലോചിച്ചു. ‘താനൊരു കോടീശ്വരനാണ്. താൻ പറയുന്നത് കേട്ട് അവൾ ഭയന്നുപോകുമോ? അതോ തന്നെക്കുറിച്ചുള്ള വില തന്നെ മാറിപ്പോകുമോ?’

ധ്രുവ് ദീർഘമായി ശ്വാസമെടുത്ത് തിരിഞ്ഞുനടന്നു. മേശപ്പുറത്തിരുന്ന പ്രൊജക്റ്റ് ഫയലെടുത്ത് മറിച്ചുനോക്കുമ്പോഴും അവന്റെ കൈകൾ അല്പം വിറയ്ക്കുന്നുണ്ടായിരുന്നു.

ആദ്യമായി ജീവിതത്തിൽ ഒരു പെൺകുട്ടിയോട് ഇങ്ങനെ ഒരു കാര്യം സംസാരിക്കാൻ പോകുന്നതിന്റെ പരിഭ്രമം അവന്റെ കണ്ണുകളിൽ നിഴലിച്ചു.

അവൻ മേശപ്പുറത്തെ ഫോണെടുത്ത് നക്ഷത്രയുടെ ലൈനിലേക്ക് ഡയൽ ചെയ്തു.
ഒരു ബെല്ലടിക്കുന്നതിന് മുൻപ് തന്നെ മറുതലയ്ക്കൽ ശബ്ദം കേട്ടു.

“യെസ് സാർ?” നക്ഷത്രയുടെ ശാന്തമായ ശബ്ദം.

“നക്ഷത്ര… എന്റെ കേബിനിലേക്ക് വരൂ. കുറച്ച് ഇമ്പോർട്ടന്റ് കാര്യങ്ങൾ സംസാരിക്കാനുണ്ട്.”

“ശരി സാർ, ഇപ്പോൾത്തന്നെ വരാം.”
ഫോൺ കട്ട് ചെയ്ത ശേഷം ധ്രുവ് തന്റെ കസേരയിലിരുന്ന് ഷർട്ടിന്റെ ബട്ടണുകൾ ശരിയാക്കി. അവന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്നത് അവൻ സ്വയം അറിഞ്ഞു. താൻ എത്രയോ വലിയ ബിസിനസ്സ് മീറ്റിംഗുകൾ നയിച്ചിരിക്കുന്നു, കോടികളുടെ കരാറുകളിൽ ഒപ്പിട്ടിരിക്കുന്നു… അപ്പോഴൊന്നും തോന്നാത്തൊരു വല്ലാത്ത അസ്വസ്ഥത!
ചില്ലുവാതിലിൽ പതുക്കെ മൂന്ന് മുട്ടുകൾ വീണു.

“കം ഇൻ…” ധ്രുവ് സ്വരത്തിൽ കഴിയുന്നത്ര ഗൗരവം വരുത്തി പറഞ്ഞു.
ഇളം നീല അനാർക്കലിയിൽ, കയ്യിലെ ചെറിയ നോട്ട്പാഡും പേനയുമായി നക്ഷത്ര കേബിനുള്ളിലേക്ക് പ്രവേശിച്ചു. അവളുടെ മുഖത്ത് അതേ വിനയവും തിളക്കമുള്ള പുഞ്ചിരിയുമുണ്ടായിരുന്നു.

“സാർ… അടുത്ത മീറ്റിംഗിന്റെ ഡീറ്റെയിൽസ് ആണോ എടുക്കേണ്ടത്?” അവൾ വിനീതയായി ചോദിച്ചു.

“അല്ല… നക്ഷത്ര” ധ്രുവ് ലാപ്ടോപ്പിന്റെ സ്‌ക്രീൻ പതുക്കെ താഴ്ത്തിവെച്ചു.
“നോട്ട്പാഡ് അവിടെ മേശപ്പുറത്ത് വെക്കൂ. താൻ ആ കസേരയിലിരിക്ക്.”

നക്ഷത്ര അല്പം അത്ഭുതത്തോടെ അവനെ നോക്കി. സാധാരണ ധ്രുവ് അങ്ങനെ ആരെയും അടുത്ത് ഇരുത്താറില്ല. അവൾ ഒന്നു മടിച്ച്, പതുക്കെ കസേരയിലേക്ക് ഇരുന്നു.

“നക്ഷത്ര…” ധ്രുവ് തന്റെ കൈകൾ കോർത്തുപിടിച്ച് അവളിലേക്ക് അല്പം ആഞ്ഞു. “ഞാൻ ഇപ്പോൾ സംസാരിക്കാൻ പോകുന്നത് നമ്മുടെ കമ്പനിയെക്കുറിച്ചോ ജോലിയെക്കുറിച്ചോ അല്ല. എന്റെയും… തന്റെയും ചില സ്വകാര്യപരമായ കാര്യങ്ങളെക്കുറിച്ചാണ്.”

നക്ഷത്രയുടെ പുരികങ്ങൾ അല്പം ചുളിഞ്ഞു. അവളുടെ കണ്ണുകളിൽ സംശയത്തിന്റെ നിഴൽ പടർന്നു.

“എഹ്.. എന്റെ പേഴ്‌സണൽ കാര്യങ്ങളോ സാർ?”

“അതെ…” ധ്രുവ് അവളുടെ കണ്ണുകളിലേക്ക് കൃത്യമായി നോക്കി.

“രാവിലെ ഇവിടെ നടന്ന കാര്യങ്ങൾ താൻ കണ്ടതാണല്ലോ. എന്റെ അമ്മയും ആരതിയും ഞാനും തമ്മിലുള്ള തർക്കങ്ങൾ, എന്റെ മേൽ അവർ ചെലുത്തുന്ന വിവാഹ സമ്മർദ്ദം…”

നക്ഷത്ര പതുക്കെ തലയാട്ടി. “അതെ സാർ… ഞാൻ കണ്ടിരുന്നു. പക്ഷേ സാർ, അത് സാറിന്റെ കുടുംബകാര്യമല്ലേ?”

“കുടുംബകാര്യം തന്നെയാണ്, പക്ഷേ ഇപ്പോൾ അതിലേക്ക് തന്റെ പേരും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു,” ധ്രുവ് തണുത്ത സ്വരത്തിൽ പറഞ്ഞു.
“അമ്മയുടെ ഭീഷണി താൻ കേട്ടതാണ്. ഈ വരുന്ന മുപ്പതാം പിറന്നാളിനുള്ളിൽ ഞാൻ ഒരു പെൺകുട്ടിയെ എന്റെ ഭാര്യയായി പരിചയപ്പെടുത്തിയില്ലെങ്കിൽ, അമ്മ എന്നെ ആരതിയെക്കൊണ്ട് നിർബന്ധിച്ച് വിവാഹം കഴിക്കും. ആരതി ഈ കുടുംബത്തിലേക്ക് വരുന്നത് കൈലാസ് ഗ്രൂപ്പിന്റെ സ്വത്ത് കണ്ടിട്ട് മാത്രമാണ്. അവളെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ എനിക്ക് സാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് ഞാൻ വിശദീകരിക്കണ്ടല്ലോ, അവളുടെ സ്വഭാവം താൻ നേരിട്ട് അറിഞ്ഞതല്ലെ.”

നക്ഷത്ര പതിയെ തല ആട്ടിക്കൊണ്ട് മിണ്ടാതെ ഇരുന്നു. ആ മനുഷ്യന്റെ ഉള്ളിലെ മാനസിക സമ്മർദ്ദം അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“അതിന് എനിക്ക് ഒരേയൊരു പരിഹാരമേ മുന്നിലുള്ളൂ നക്ഷത്ര,” ധ്രുവ് ഒന്നു നിർത്തി. അവന്റെ കണ്ണുകളിലെ ഭാവം ദൃഢമായി. “ഒരു കോൺട്രാക്ട് മാര്യേജ്!

“എന്ത്??” നക്ഷത്രയുടെ വായ് അറിയാതെ തുറന്നുപോയി. അവൾ വിശ്വസിക്കാനാകാതെ ധ്രുവിനെ നോക്കി.

“അതെ,” ധ്രുവ് തുടർന്നു. “നിയമപരമായ ഒരു വർഷത്തെ കരാർ വിവാഹം. ലോകത്തിന് മുന്നിലും എന്റെ അമ്മയുടെ മുന്നിലും നമ്മൾ ഭാര്യയും ഭർത്താവുമായി ജീവിക്കും. എന്നാൽ നമുക്കിടയിൽ യാതൊരു വിധത്തിലുള്ള ശാരീരിക ബന്ധമോ വൈകാരികമായ നിർബന്ധങ്ങളോ ഉണ്ടാവില്ല. തികച്ചും പ്രൊഫഷണൽ ആയ ഒരു എഗ്രിമെന്റ്!”

നക്ഷത്രയ്ക്ക് താൻ കേൾക്കുന്നത് സ്വപ്നമാണോ അതോ സത്യമാണോ എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല. അവളുടെ ഹൃദയമിടിപ്പ് പടപടാ മിടിച്ചു. ചുണ്ടുകൾ ഭയത്താൽ വിറച്ചു.

“സാർ… സാർ എന്താ ഈ പറയുന്നത്? കല്യാണമോ? അതും… കരാർ കല്യാണമോ?” അവൾ കസേരയിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റുപോയി.

“ഇരിക്ക് നക്ഷത്ര, ആദ്യം ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ,” ധ്രുവ് ശാന്തനായി, എന്നാൽ ഗൗരവത്തോടെ പറഞ്ഞു.

“ഇല്ല സാർ! എനിക്ക് കേൾക്കേണ്ട,” നക്ഷത്രയുടെ കണ്ണുകളിൽ പെട്ടെന്ന് കണ്ണീർ നിറഞ്ഞു വന്നു. “സാർ എന്നെക്കുറിച്ച് എന്താ വിചാരിച്ചത്? പണമില്ലാത്തവളാണ്, അനാഥയാണ് എന്ന് കരുതി എന്ത് കാര്യവും എന്റെ മുന്നിലേക്ക് വെക്കാമെന്നോ? കല്യാണം എന്ന് പറയുന്നത് എന്റെ ചിന്തകളിൽ വളരെ പരിശുദ്ധമായ ഒന്നാണ് സാർ! അതിനെ പ്രൊഫഷണൽ എഗ്രിമെന്റ് എന്നൊക്കെ പറഞ്ഞ് അപമാനിക്കാൻ എനിക്ക് കഴിയില്ല!”

ധ്രുവിന്റെ ഉള്ളിലൊരു വേദന പടർന്നു. അവൾ ഇങ്ങനെ പ്രതികരിക്കുമെന്ന് അവൻ പ്രതീക്ഷിച്ചതാണ്. എങ്കിലും അവളുടെ കണ്ണീര് അവനെ അസ്വസ്ഥനാക്കി.
അവൻ തൻറെ കസേരയിൽ നിന്നെഴുന്നേറ്റ് അവളുടെ മുന്നിലേക്ക് നടന്നു വന്നു.

“നക്ഷത്ര… താൻ എന്നെ തെറ്റിദ്ധരിക്കരുത്,” അവൻ വളരെ മൃദുവായി പറഞ്ഞു. “ഞാൻ തന്നെ അപമാനിക്കാൻ ശ്രമിച്ചതല്ല. ഇതിന്റെ മറുവശം താൻ ചിന്തിച്ചു നോക്കൂ. വിക്രം വർമ്മ തനിക്കെതിരെ വിരൽ ചൂണ്ടിക്കഴിഞ്ഞു. അവൻ ഏത് നിമിഷവും തന്റെ നേരെ വരാം. ഈ നഗരത്തിൽ തനിക്ക് സംരക്ഷണം നൽകാൻ ആരുമില്ല.

എന്നാൽ എന്റെ ഭാര്യ എന്ന പദവി തനിക്ക് ലഭിച്ചാൽ, കൈലാസ് ഗ്രൂപ്പിന്റെയും ധ്രുവ് കാർത്തിക്കിന്റെയും തണൽ തനിക്ക് ഉണ്ടായിരിക്കും. വിക്രം വർമ്മ പോയിട്ട് അവന്റെ അച്ചൻ വന്നാലും തന്നെ തൊടാൻ ധൈര്യപ്പെടില്ല!”

നക്ഷത്ര തലതാഴ്ത്തി വിങ്ങിപ്പൊട്ടി. “എന്നാലും സാർ… ഒരു വർഷം കഴിഞ്ഞ് ഈ കരാർ തീരുമ്പോൾ ഞാൻ എന്ത് ചെയ്യും? ഈ സമൂഹം എന്നെ എങ്ങനെ കാണും എന്ന് സാറിന് അറിയില്ലേ?”

“അതിനും ഞാൻ വഴി കണ്ടെത്തിയിട്ടുണ്ട്,” ധ്രുവ് പറഞ്ഞു. “കരാർ കഴിയുമ്പോൾ തനിക്ക് ആവശ്യമുള്ളത്ര വലിയൊരു തുക സാമ്പത്തികമായി ഞാൻ തരും. തനിക്ക് ഈ ലോകത്ത് എവിടെ വേണമെങ്കിലും സ്വതന്ത്രയായി ജീവിക്കാം. ഒരു പുതിയ തുടക്കം കുറിക്കാം. കൂടാതെ… വിദേശത്ത് ഉപരിപഠനം നടത്തുന്നതിനോ മറ്റോ തനിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള മുഴുവൻ ചെലവും ഞാൻ വഹിക്കും.”

നക്ഷത്ര കണ്ണീർ തുടച്ച് ധ്രുവിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ യാതൊരു വിധത്തിലുള്ള ചതിയോ കള്ളമോ ഉണ്ടായിരുന്നില്ല. തികഞ്ഞ സത്യസന്ധത മാത്രം.

“സാർ… സാറിന് അമ്മയോടുള്ള ദേഷ്യം തീർക്കാൻ എന്നെയാണോ കിട്ടിയത്?” അവൾ വിറയ്ക്കുന്ന സ്വരത്തിൽ ചോദിച്ചു.

“അല്ല നക്ഷത്ര,” ധ്രുവ് സാവധാനം പറഞ്ഞു. “എനിക്ക് എന്റെ അമ്മയെ വഞ്ചിക്കണമെന്നില്ല. പക്ഷേ അമ്മയുടെ പിടിവാശി കാരണം എന്റെ ജീവിതം നശിക്കാൻ ഞാൻ അനുവദിക്കില്ല. അതോടൊപ്പം… എനിക്ക് തന്നിൽ വലിയൊരു വിശ്വാസമുണ്ട്. തന്റെ ആത്മാർത്ഥതയിലും നിഷ്കളങ്കതയിലും എനിക്ക് മതിപ്പുണ്ട്. അതുകൊണ്ടാണ് ഞാൻ ഈ ഓഫർ മറ്റൊരു പെൺകുട്ടിയുടെ മുന്നിലും വെക്കാതെ തന്റെ മുന്നിൽ വെച്ചത്.”
ധ്രുവ് കുറച്ചുകൂടി അടുത്തേക്ക് വന്നു. അവൻറെ ദേഹത്തുനിന്നുള്ള സുഗന്ധം വീണ്ടും അവളിലേക്ക് പടർന്നു.

തുടരും…

Similar Posts

Leave a Reply