സിന്ദൂരം….. 7

വേറെ എന്തൊക്കെയുണ്ട് ഈ സ്ഥലത്ത്?” അഗ്നി പ്രശാന്തനെ നോക്കിക്കൊണ്ട് ചോദിച്ചു.
“ഇല്ല സാർ, ഇനി ഇവിടെ ഒന്നുമില്ല. ഈ അമ്പലം മാത്രമേയുള്ളൂ. ഇത് ഒരുപാട് കാലമായി അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ ആരും ഉപയോഗിക്കാറില്ല.”
അത് കേട്ടതും അഗ്നി ചുറ്റും നടന്ന് അതെല്ലാം വീക്ഷിച്ചു. അല്പം കഴിഞ്ഞപ്പോൾ അഗ്നിയും രവീന്ദ്രനും പ്രശാന്തനും അവിടെനിന്നും കുറച്ചു മാറി നടന്നു. അപ്പോഴേക്കും ആ അമ്പലത്തിന് മുന്നിൽ രണ്ട് കാറുകൾ വന്നു നിന്നു.
“ഓ… എൻ ചെല്ലം! അഴകാ ഇറുക്ക്…” കാറിൽ നിന്നിറങ്ങുന്ന ജ്വാലയെ നോക്കിക്കൊണ്ട് രഘു അണ്ണാച്ചി പറഞ്ഞു.
ജ്വാലയ്ക്ക് അയാളുടെ ആ വിളി വല്ലാത്ത അരോചകമായി തോന്നി. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു.
“ഏയ് ശാന്തിക്കാരാ… വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്യ്. പെട്ടെന്ന് വിവാഹം നടക്കണം,” കറപിടിച്ച പല്ലുകൾ കാട്ടി ജ്വാലയെ നോക്കി ചിരിച്ചുകൊണ്ട് അണ്ണാച്ചി പറഞ്ഞു.
അയാളെ കാണുമ്പോൾ തന്നെ ജ്വാലയ്ക്ക് കാലിനടിയിൽ നിന്നും ഒരു വിറയൽ തലച്ചോറിലേക്ക് പടർന്നുകയറുന്നത് പോലെ തോന്നി. അവൾ ഇടയ്ക്കിടെ ചുറ്റിലും കണ്ണോടിച്ചു നോക്കി. എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഒരു പഴുതുണ്ടായിരുന്നെങ്കിൽ എന്ന് ആ മനസ്സ് കൊതിച്ചു.
“ഇതെന്തിനാടി പെണ്ണേ, ഈ സഞ്ചിയും തൂക്കിപ്പിടിച്ചു വന്നത്?” പത്മ ജ്വാലയെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.
“എന്റെ അമ്മയുടെ ആകെ ഓർമ്മയല്ലേ ചെറിയമ്മേ ഇത്. ഇതെന്റെ കൂടെയുണ്ടെങ്കിൽ എന്റെ അമ്മ എന്റെ കല്യാണത്തിന് കൂടിയതുപോലെ ഉണ്ടാകും.” അവൾ ചെറിയമ്മയെ നോക്കി ഒരു നുണ പറഞ്ഞു.
സത്യത്തിൽ അവൾ അത് കൊണ്ടുവരാൻ കാരണം മറ്റൊന്നായിരുന്നു. എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം, അങ്ങനെ രക്ഷപ്പെട്ടു കിട്ടുകയാണെങ്കിൽ അമ്മയുടെ സാധനങ്ങളെല്ലാം തന്റെ കയ്യിൽ ഉണ്ടാകുമല്ലോ എന്നൊരു ആശ്വാസത്തിന് വേണ്ടിയാണ് അവൾ അതെല്ലാം കയ്യിൽ കരുതിയത്.
ಎല്ലാവരും അമ്പലത്തിനടുത്തേക്ക് നടന്നപ്പോൾ ജ്വാല പതിയെ പിന്നിലായി നടന്നു. അവരെല്ലാം കോവിൽ തുറക്കുന്നത് കാണാൻ കാത്തുനിൽക്കുകയാണ്.
*’ഇതാണ് പറ്റിയ അവസരം, ഓടി രക്ഷപ്പെട് ജ്വാല!’* അവളുടെ മനസ്സിന്റെ ഉള്ളിലിരുന്ന് ആരോ പറയുന്നതുപോലെ അവൾക്ക് തോന്നി.
എല്ലാവരും അമ്പലത്തോട് അടുത്ത നിമിഷം, ജ്വാല പതിയെ പിന്നിലേക്ക് മാറി ഒറ്റ ഓട്ടമായിരുന്നു!
“അയ്യോ… അമ്മേ, ജ്വാല ഓടുന്നേ!” ദീപ്ത പെട്ടെന്ന് വിളിച്ചുപറഞ്ഞു.
“ഏയ്…” അണ്ണാച്ചിയും മറ്റുള്ളവരും അവൾക്ക് പിന്നാലെ ഓടാൻ തുടങ്ങി.
ജ്വാല ജീവനും കൊണ്ട് വേഗത്തിൽ പാഞ്ഞു. ഓടുന്നതിനിടെ അവളുടെ ചെരിപ്പ് പൊട്ടി അവൾ താഴേക്ക് വീണുപോയി. ആ ചെരിപ്പ് ഊരിയെറിഞ്ഞ് ജ്വാല വീണ്ടും ഓട്ടം തുടർന്നു. പെട്ടെന്ന് അവളുടെ കണ്ണിൽ അങ്ങ് ദൂരെ കുറച്ച് ആളുകൾ കൂടിനിൽക്കുന്നത് പെട്ടു.
‘ഇനി ഇതേയുള്ളൂ രക്ഷാമാർഗ്ഗം, അവർക്കിടയിലേക്ക് ഓടിച്ചെല്ലുക.’ ജ്വാല അവരെ ലക്ഷ്യമാക്കി ഓടി. പെട്ടെന്ന് ആ കൂട്ടത്തിൽ നിന്നും ഒരാൾ തന്നെ ഉറ്റുനോക്കുന്നതായി അവൾക്ക് തോന്നി.
“അഗ്നി സാർ… അങ്ങോട്ടേക്ക് നോക്കൂ.” രവീന്ദ്രൻ പറഞ്ഞതും അഗ്നി ജ്വാല ഓടിവരുന്ന ഭാഗത്തേക്ക് നോക്കി.
അവൾ അടുത്തേക്ക് വരുംതോറും, അവൾ എന്തിൽ നിന്നോ ഓടി രക്ഷപ്പെടാൻ വേണ്ടിയാണ് വരുന്നതെന്ന് അവന് മനസ്സിലായി. അല്പം കഴിഞ്ഞപ്പോൾ അവൾക്ക് പിന്നാലെ ഒരു കൂട്ടം ആളുകൾ ഓടി വരുന്നത് അവൻ കണ്ടു.
“രക്ഷിക്കണേ…” ജ്വാല ഉറക്കെ കരഞ്ഞുകൊണ്ട് അഗ്നിയെ ലക്ഷ്യമാക്കി ഓടിയടുത്തു.
പെട്ടെന്നായിരുന്നു കാലിൽ എന്തോ ഒന്ന് ശക്തമായി കുത്തിക്കയറുന്നത് അവൾ അറിഞ്ഞത്. പൊടുനെ അവൾ നിലത്തേക്ക് വീണുപോയി. അഗ്നി പെട്ടെന്ന് അവൾക്ക് അരികിലേക്ക് ഓടിയെത്തി. നിലത്തു വീണുപോയ അവളെ അവൻ താങ്ങിയെടുത്തു.
“രക്ഷിക്കണം… പ്ലീസ്… ദയവ് ചെയ്ത് രക്ഷിക്കണം…” അവൾ പിന്നിലേക്ക് ഭയത്തോടെ നോക്കിക്കൊണ്ട് യാചിച്ചു. അഗ്നി മുഖത്ത് മാസ്ക് വെച്ചിരുന്നതുകൊണ്ട് തന്നെ അവൾക്ക് അവന്റെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല.
അപ്പോഴേക്കും പിന്നാലെ ഓടിവന്നവരെല്ലാം അവർക്ക് അരികിലേക്ക് എത്തിയിരുന്നു.
“എടി നശിച്ചവളേ, നീ ഞങ്ങളുടെ ജീവിതം ഇല്ലാതാക്കുമോ?” പത്മ അവളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. ആ ചോദ്യം തീരും മുൻപേ അച്ഛൻ ശേഖരൻ ജ്വാലയുടെ മുഖത്തേക്ക് ആഞ്ഞടിച്ചു!
“നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്?!” അഗ്നി കോപത്തോടെ തിരക്കി.
“എന്റെ പൊന്നുമോനെ, ഇന്ന് ഇവളുടെ വിവാഹമാണ്. ഓടി രക്ഷപ്പെടാൻ നോക്കുന്നതാണ് ഈ കാണുന്നത്,” ശേഖരൻ പറഞ്ഞു.
അഗ്നി ചുറ്റുമുള്ളവരെ ഒന്ന് നോക്കി. എല്ലാം അത്യാവശ്യം പ്രായമുള്ള മനുഷ്യരാണ്. അവന്റെ മനസ്സിൽ ഉദിച്ച സംശയം അവൻ ചോദിക്കാതിരുന്നില്ല, “ഇതിൽ ആരാണാവോ പയ്യൻ?”
“നാന്താ പയ്യൻ!” രഘു അണ്ണാച്ചി മുന്നോട്ടുവന്നു പറഞ്ഞതും അഗ്നിയുടെ മുഖത്ത് അവജ്ഞ നിറഞ്ഞു. അവൻ രഘുവിനെ നോക്കി.
“നീയാണോ പയ്യൻ?” അഗ്നി വീണ്ടും സംശയത്തോടെ തിരക്കി.
“ആമാ… നാന്താ പയ്യൻ.”
അഗ്നി തന്നെ ദയനീയമായി നോക്കിനിൽക്കുന്ന ജ്വാലയെ ഒന്നുനോക്കി. “എവിടെ കൊച്ചേ, തന്റെ അച്ഛനും അമ്മയുമൊക്കെ?”
“ഞാനാണ് അവളുടെ അച്ഛൻ. മോൻ അവളെ വിടാൻ നോക്ക്,” ശേഖരൻ പറഞ്ഞു. അഗ്നിക്ക് ശേഖരന്റെ വാക്കുകൾ വിശ്വാസമായില്ല.
“ഇതുതന്നെയാണോ കൊച്ചേ നിന്റെ തന്ത?” അഗ്നി സംശയത്തോടെ ജ്വാലയോട് ചോദിച്ചു.
“അതെ…” അവൾ ഭയത്തോടെ പറഞ്ഞു.
“അറിഞ്ഞല്ലോ, ഇനി അവളെ ഇങ്ങ് വിടാൻ നോക്ക്. എന്നിട്ട് മോൻ പൊയ്ക്കോ.” അതും പറഞ്ഞ് ശേഖരൻ ജ്വാലയുടെ കൈയിൽ കയറിപ്പിടിച്ച് വലിച്ചു.
ജ്വാല പ്രതീക്ഷയോടെ അഗ്നിയെ നോക്കിക്കൊണ്ട് അവന്റെ കൈകളിൽ മുറുകെ പിടിച്ചു. എന്നാൽ അവൻ ആ കൈകൾ അയച്ച് അവളെ ശേഖരന് വിട്ടുനൽകി.
“പ്ലീസ്…” ദയനീയമായി അവൾ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അവൻ അത് കാണാത്ത ഭാവത്തിൽ തിരിഞ്ഞുനടന്നു.
പെട്ടെന്ന് പത്മ അവളുടെ ഇരു കവിളുകളിലും മാറി മാറി പ്രഹരിച്ചു. “എടി നശിച്ചവളേ, നിന്നോട് ഞങ്ങൾ എന്ത് ദ്രോഹം ചെയ്തിട്ടാടി ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്?”
“ചെറിയമ്മേ… എനിക്ക് പേടിയാ…” അവൾ വിറയ്ക്കുന്ന സ്വരത്തോടെ പറഞ്ഞു.
“എൻ ചെല്ലം, എതുക്ക് ഭയപ്പെഡ്രെ? ഉനക്ക് നാൻ ഇറുക്ക്,” അണ്ണാച്ചി അവളെ നോക്കി കൊഞ്ചിക്കുഴഞ്ഞു പറഞ്ഞു.
“പാവം തോന്നുന്നുണ്ട് അല്ലേ സാർ?” അഗ്നിയുടെ പി.എ. രവീന്ദ്രൻ പറഞ്ഞു.
“ശരിയാ… പാവം കൊച്ച്, നല്ലതുപോലെ പേടിച്ചിട്ടുണ്ട്. നമുക്ക് എന്ത് ചെയ്യാൻ പറ്റും, ഓരോരുത്തരുടെ വിധി…” അഗ്നി പറഞ്ഞു.
“ആ അണ്ണാച്ചി ആളത്ര വെടിപ്പല്ല സാർ. നാട്ടിൽ രണ്ടുമൂന്ന് പെണ്ണ് കെട്ടിയിട്ടുണ്ടെന്ന് കേൾവിയുണ്ട്. ഇവിടെ കേരളത്തിലും ഇതുപോലെ മൂന്നാലു പേരെ അവൻ വിവാഹം കഴിച്ചിട്ടുണ്ട്. പലിശയ്ക്ക് പണം വാങ്ങി പലിശ പെരുകി ഒന്നിനും പറ്റാത്ത അവസ്ഥയിലാകുമ്പോൾ, അവൻ പറയുന്നത് സമ്മതിക്കുകയല്ലാതെ പലർക്കും വഴിയില്ല. അങ്ങനെ പെട്ടുപോയതായിരിക്കും ആ കൊച്ചും. കണ്ടാലറിയാം ഒരു ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സേ കാണൂ. അവനാണെങ്കിൽ പത്തമ്പത് വയസ്സുണ്ട്,” രവീന്ദ്രൻ പറഞ്ഞു.
അഗ്നിക്ക് അതെല്ലാം കേട്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത തോന്നി. “ഇപ്പോൾ തന്നെ കണ്ടില്ലേ, ആ കൊച്ചിനെ അടിച്ച് ഒരു പരുവമാക്കി ആ തള്ളയും തന്തയും…” രവീന്ദ്രൻ കൂട്ടിച്ചേർത്തു.
“നമുക്കൊന്ന് അവിടം വരെ പോയാലോ?” അഗ്നി ചോദിച്ചത് കേട്ട് രവീന്ദ്രൻ അമ്പരന്നു.
“അഗ്നി സാർ… നിങ്ങൾ കാര്യമായിട്ട് പറഞ്ഞതാണോ?”
“അതെ.”
ഇതുവരെ ഇങ്ങനെയൊരു പെരുമാറ്റം അഗ്നിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് രവീന്ദ്രന് നന്നായി അറിയാമായിരുന്നു. “സാറിന്റെ ഇഷ്ടം പോലെ,” രവീന്ദ്രൻ പറഞ്ഞുകൊണ്ട് അഗ്നിക്ക് അരികിലേക്ക് വന്നു.
അവർ വിവാഹം നടക്കാൻ പോകുന്ന അമ്പലത്തിലേക്ക് ലക്ഷ്യം വെച്ച് നടന്നു. കൂടെ പ്രശാന്തനും ഉണ്ടായിരുന്നു. ജ്വാല വാടിത്തളർന്ന ഒരു പുഷ്പം പോലെ നിൽക്കുന്നത് അഗ്നി അങ്ങ് ദൂരെനിന്നും കണ്ടു.
“പാവം കൊച്ച്…” രവീന്ദ്രൻ വീണ്ടും പറഞ്ഞു.
“എന്നാൽ താൻ പോയി കെട്ടിക്കോ,” അഗ്നി അവനെ നോക്കി പറഞ്ഞു.
“അയ്യോ… വേണ്ടേ വേണ്ട! വീട്ടിൽ ഉണ്ട് ഒരെണ്ണം. വേണമെങ്കിൽ സാർ നോക്ക്, സാറിന് നല്ല മാച്ചാണ്,” രവീന്ദ്രൻ തമാശയായി പറഞ്ഞു. അഗ്നി രവീന്ദ്രനെ ഒന്ന് തറപ്പിച്ചു നോക്കി.
രവീന്ദ്രനും അഗ്നിയും പ്രശാന്തനും തങ്ങൾക്ക് അരികിലേക്ക് വരുന്നത് ജ്വാല കണ്ടു. ഇത്തവണ അവൾക്ക് വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു.
അഗ്നി അടുത്തേക്ക് വന്നപ്പോഴാണ് അത് കണ്ടത്; ജ്വാലയുടെ കാല് മുറിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു. ആ വേദനയിലും രക്ഷപ്പെടാനുള്ള ഒരു ശ്രമം മാത്രമേ അവൾ തിരയുന്നുണ്ടായിരുന്നുള്ളൂ. കൂട്ടർ അടുത്തേക്ക് എത്തിയതും അവൾ അവർക്ക് അരികിലേക്ക് ഓടിയെത്തി. അവൾ അഗ്നിയുടെ പിന്നിലായി അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു.
“രക്ഷിക്കണം എങ്ങനെയെങ്കിലും… കാൽ പിടിക്കാം ഞാൻ!” അവൾ ഊർന്ന് അവന്റെ കാലിലേക്ക് വീണു.
അഗ്നിക്ക് എന്തുകൊണ്ടോ അവളെ കൈവിട്ടുകളയാൻ തോന്നിയില്ല. “എങ്ങനെയാണ് ഞാൻ തന്നെ രക്ഷിക്കേണ്ടത്? താൻ പറ…”
“എങ്ങനെയെങ്കിലും…” അവൾ കരഞ്ഞുകൊണ്ട് നേരിയ സ്വരത്തിൽ പറഞ്ഞു.
“എനിക്ക് അതിനൊന്നും ആവില്ല കുട്ടി, ഞാൻ ഇവിടുത്തുകാരനല്ല,” അവൻ അവളെ നോക്കി നിസ്സഹായതയോടെ പറഞ്ഞു.
“ഡീ, ഇങ്ങോട്ട് വാടി നശിച്ചവളേ! വീണ്ടും രക്ഷപ്പെടാൻ നോക്കുന്നോ?” പത്മ ദേഷ്യത്തോടെ അവൾക്ക് അരികിലേക്ക് വന്നു. അവൾ ജ്വാലയുടെ കൈയിൽ ബലമായി പിടിച്ച് വലിച്ച് അമ്പലനടയിലേക്ക് നടന്നു.
ഇടയ്ക്കിടെ ദീപ്ത അഗ്നിയെ നോക്കുന്നുണ്ടായിരുന്നു. *’എവിടെയോ കണ്ടുപരിചയമുള്ള നല്ല കണ്ണുകൾ… ഈ മാസ്കിന് പിന്നിലുള്ള വ്യക്തി ആരാണ്?’* അവൾ മനസ്സിൽ ഓർത്തു.
“എന്നാൽ വധുവും വരനും ഇങ്ങോട്ടേക്ക് കയറി ഇരുന്നോളൂ…” ശാന്തിക്കാരൻ പറഞ്ഞു.
താലി ചാർത്താൻ വിസമ്മതിച്ചുകൊണ്ട് ജ്വാല നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. ഇനി ആരും തന്നെ രക്ഷിക്കാൻ വരില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.
രഘു പെട്ടെന്ന് അവളുടെ കൈയിൽ കയറിപ്പിടിച്ചു. “വാ ചെല്ലം… ഇപ്പോൾ സന്തോഷിക്കണ്ടേ?” അവൻ അത് പറഞ്ഞ് അവളുടെ കൈപിടിച്ച് വലിച്ചെങ്കിലും അവൾ ഒന്നു അനങ്ങിയതുപോലുമില്ല.
പെട്ടെന്ന് രഘു അവളെ ബലമായി എടുത്തുയർത്താൻ വേണ്ടി കുനിഞ്ഞു. എന്നാൽ അടുത്ത നിമിഷം കണ്ടത്, രഘു വായുവിൽ ഉയർന്നുപൊങ്ങി ദൂരേക്ക് തെറിച്ചുവീഴുന്നതായിരുന്നു!
എല്ലാവരും ഞെട്ടലോടെ അഗ്നിയെത്തന്നെ തറപ്പിച്ചു നോക്കി. അഗ്നി ജ്വാലയെ പിടിച്ച് അവന് പിന്നിലേക്ക് മാറ്റി നിർത്തി. ഒരു നേരിയ പ്രതീക്ഷ ജ്വാലയുടെ കണ്ണുകളിൽ അപ്പോൾ തെളിഞ്ഞു വന്നു.
“ഡാ ചെറുക്കാ… എന്ത് പോക്രിത്തരമാണ് ഈ കാണിക്കുന്നത്? അവളെ വിട്ട് മോൻ മോന്റെ പണി നോക്കി പൊയ്ക്കോ!” അതും പറഞ്ഞ് പത്മ ദേഷ്യത്തോടെ അഗ്നിക്ക് അരികിലേക്ക് പാഞ്ഞുവന്നു.
പെട്ടെന്ന് അഗ്നിക്ക് പിന്നിൽ നിന്നിരുന്ന രവീന്ദ്രൻ പത്മയ്ക്ക് മുന്നിലേക്ക് വന്നുനിന്നു. “മാഡം… ഇനി ഒരു അടി മുന്നോട്ടുവെച്ചാൽ, ഇതിലെ ഓരോ ബുള്ളറ്റും മേടത്തിന്റെ നെഞ്ചുകൂട് തകർത്ത് പുറത്തുപോകും.” രവീന്ദ്രന്റെ കയ്യിലെ തോക്ക് കണ്ടതും പത്മ ഭയത്തോടെ പിന്നോട്ട് മാറി.
“മോനെ… നമ്മൾ തമ്മിൽ യാതൊരു പ്രശ്നവുമില്ല. ഇപ്പോൾ മോൻ അവളെ ഞങ്ങൾക്ക് തന്നിട്ട് പോകാൻ നോക്ക്,” ജ്വാലയുടെ അച്ഛൻ ശേഖരൻ അഗ്നിക്ക് മുന്നിലേക്ക് വന്നുകൊണ്ട് പറഞ്ഞു.
“പോകാം… അതിനു മുൻപ് എനിക്കൊരു കാര്യം ചെയ്തു തീർക്കാനുണ്ട്.” അതും പറഞ്ഞുകൊണ്ട് അഗ്നി പൂജാതാലത്തിലിരുന്ന താലിയെടുത്ത് ജ്വാലയ്ക്ക് നേരെ തിരിഞ്ഞുനിന്നു.
“ഏയ്… എടാ! അവൾ എൻ പൊണ്ണുടാ!” കിട്ടിയ ചവിട്ടിന്റെ വേദനയിൽ വയറും തടവി രഘു അണ്ണാച്ചി എഴുന്നേറ്റു നിന്നുകൊണ്ട് ആക്രോശിച്ചു.

Similar Posts

Leave a Reply