ഇച്ചായന്റെപെണ്ണ്….. 9
ഭാഗം ഒൻപത് 🤍
“അതുപിന്നെ വർഗീസേ ഒരു കാര്യം ഉണ്ട്….” അച്ചൻ വിതുമ്പുന്ന സ്വരത്തിൽ പറഞ്ഞു, “ഒരു വികാരിയച്ചൻ എന്ന നിലയിൽ എനിക്ക് ചില ആവലാതികൾ പറയാനുണ്ട്. അത് കേൾക്കണം.”
“എന്നതാ അച്ചാ കാര്യം? തുറന്നു പറയൂ.”
“അത്… ക്ലാര ഞങ്ങളുടെ കണ്മുന്നിൽ വളർന്ന പാവം കുട്ടിയാണ്. ഇവിടുത്തെ എല്ലാവരുടെയും പോന്നോമനയാണ് അവൾ. ഇരുപത് വർഷം ഒരു തിന്മയ്ക്കും വിട്ട് കൊടുക്കാതെ അത്ര വിശുദ്ധിയോടെ ആണ് അവൾ വളർന്നു വന്നത്. സാറിന്റെ കുടുംബമാകട്ടെ, ഈ നാടൊട്ടുക്കും പേരുള്ള വലിയ കോടീശ്വരന്മാരും. നിങ്ങളുടെ മകൻ മാർക്കോയുടെ സ്വഭാവം അറിയാവുന്ന നാട്ടുകാർ എനിക്ക് ചുറ്റുമുണ്ട്. എപ്പോഴും തല്ലും വഴക്കുമായി നടക്കുന്ന അവന്റെ ജീവിതത്തിലേക്ക് ക്ലാര ചെന്നാൽ, മാത്രമല്ല ഇത്രയും വലിയൊരു കുടുംബത്തിലേക്ക്, അനാഥയായ ആ കുട്ടി മരുമകളായി വരുമ്പോൾ… നാളെ തന്റെ കുടുംബത്തിലുള്ളവരോ മകനോ അവളെ ‘അനാഥ’ എന്ന് വിളിച്ച് ആക്ഷേപിച്ചാൽ… അവൾക്കത് താങ്ങാൻ കഴിയില്ല. അവൾക്ക് അവിടെ സുരക്ഷിതത്വം ഉണ്ടാകുമോ എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ പേടി.”
വർഗീസ് അപ്പുറത്തിരുന്ന് ശാന്തനായി കേട്ടു. പിന്നീട് ഉറച്ച ശബ്ദത്തിൽ മറുപടി പറഞ്ഞു:
“അച്ചാ, അച്ചന്റെ ഭയം എനിക്ക് മനസ്സിലാകും. സ്വന്തം മകളെപ്പോലെ വളർത്തിയ കുട്ടിക്ക് ഒരു ദോഷവും വരരുതെന്ന് അച്ചൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. പക്ഷേ, ഇത് വർഗീസ് തേവർമറ്റത്തിൽ തരുന്ന വാക്കാണ്! എന്റെ വീട്ടിൽ എന്റെ വാക്കിന് മുകളിലൊരു വാക്കില്ല. ക്ലാര എന്റെ വീട്ടിലേക്ക് വരുന്നത് ഒരു അനാഥയായിട്ടല്ല, എന്റെ സ്വന്തം മകളായിട്ടാണ്! എന്റെ മകൻ മാർക്കോയ്ക്ക് അവളുടെ നന്മയും പരിശുദ്ധിയും കണ്ട് തന്നിലെ ചില സ്വഭാവങ്ങൾ മാറ്റേണ്ടി വരും. ക്ലാരയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. അച്ചൻ ഒരു കാര്യത്തിലും ഭയപ്പെടേണ്ടതില്ല. വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ഞങ്ങൾ അനാഥാലയത്തിൽ ഉണ്ടായിരിക്കും.”
വർഗീസിന്റെ ആ ഉറപ്പായ വാക്കുകൾക്ക് മുന്നിൽ കൂടുതൽ ഒന്നും പറയാൻ അച്ചന് കഴിഞ്ഞില്ല. എങ്കിലും അച്ഛന്റെ മനസ്സിൽ ഒരു ഭയമുണ്ടായിരുന്നു. അരുതാത്തതൊന്നും ക്ലാരയ്ക്ക് സംഭവിക്കരുതെന്ന് ആ മനുഷ്യൻ അപ്പോഴും മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു.
“ശരി വർഗീസേ… കർത്താവിന്റെ തിരുമനസ്സ് പോലെ നടക്കട്ടെ. ഞങ്ങൾ ഇവിടെ ഒരുക്കങ്ങൾ ചെയ്തുവെക്കാം.” അച്ചൻ കാൾ വെച്ചു..
ഫോൺ വെച്ച ശേഷം വർഗീസ് നേരെ ഹാളിലേക്ക് വന്നു. അവിടെ മാർക്കോയും ആനിയും ഇരിപ്പുണ്ടായിരുന്നു. മാർക്കോയുടെ മുഖത്ത് ഇപ്പോഴും പഴയ ദേഷ്യം തങ്ങിനിൽക്കുന്നുണ്ടെങ്കിലും അവൻ ശാന്തനായിരിക്കാൻ ശ്രമിച്ചു.
“മാർക്കോ…” വർഗീസ് മകന്റെ മുന്നിൽ വന്നുനിന്നു.
മാർക്കോ പതുക്കെ തലയുയർത്തി പപ്പയെ നോക്കി.
“വരുന്ന വ്യാഴാഴ്ച രാവിലെ നമ്മൾ അനാഥാലയത്തിലേക്ക് പോവുകയാണ്. ക്ലാരയെ പെണ്ണുകാണാൻ.” വർഗീസ് ആജ്ഞാപിക്കുന്ന സ്വരത്തിൽ പറഞ്ഞു.
മാർക്കോയുടെ ഉള്ളിൽ വീണ്ടും ദേഷ്യം ഇരച്ചുകയറിയെങ്കിലും, ഇന്നലെ അമ്മ നൽകിയ ഉപദേശം അവൻ ഓർത്തു. സ്വത്ത് കൈക്കലാക്കാൻ ഈ നാടകം കളിച്ചേ പറ്റൂ. അതല്ലാതെ അവന്റെ മുന്നിൽ വേറെ ഒരു വഴിയും ഇല്ലായിരുന്നു അതുകൊണ്ട് അവൻ വർഗീസ് പറയുന്നത് അനുസരിക്കാൻ തന്നെ തീരുമാനിച്ചു.
“പപ്പാ…” മാർക്കോ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “പെണ്ണുകാണാൻ പോകുന്നതിലൊക്കെ എനിക്ക് എതിർപ്പുണ്ട്. എങ്കിലും… പപ്പയുടെ വാക്ക് തെറ്റിക്കാൻ എനിക്ക് കഴിയില്ല. പപ്പയ്ക്ക് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ… ഞാൻ വരാം.”
മകന്റെ പെട്ടെന്നുള്ള ഈ മാറ്റം കണ്ട് വർഗീസ് അല്പം അത്ഭുതപ്പെട്ടെങ്കിലും, തന്റെ ഭീഷണി ഫലിച്ചതാണെന്ന് അയാൾ വിചാരിച്ചു. ആനി ഒന്ന് പുഞ്ചിരിച്ച് ഭർത്താവിനെ നോക്കി.
“കണ്ടോ മനുഷ്യാ, അവൻ നിങ്ങളെ എതിർക്കാനൊന്നും നിൽക്കില്ല. നിങ്ങളല്ലേ പറഞ്ഞത് അവനിപ്പോൾ നിങ്ങളെ അനുസരിക്കാത്ത ഒരു തന്റേടിയായി നടക്കുകയാണെന്ന് ഇപ്പോൾ കണ്ടില്ലേ എന്റെ മോൻ നിങ്ങൾ പറയുന്നത് അനുസരിക്കുന്നത്” ആനി പറഞ്ഞു.
“ഹ്മ്മ്… നല്ലത്.” വർഗീസ് മകന്റെ തോളിൽ തട്ടി. “നിന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനമായിരിക്കും ഇത് മാർക്കോ. നീ എന്റെ കൂടെ വാ, ആ കുട്ടിയെ കാണുമ്പോൾ നിന്റെ മനസ്സിലെ ദേഷ്യമൊക്കെ മാറും.”
മാർക്കോ ഉള്ളിൽ ദേഷ്യം കടിച്ചമർത്തിക്കൊണ്ട് തലയാട്ടി. ‘കാണാം പപ്പാ… ആരാണ് ജയിക്കുന്നതെന്ന് വഴിയേ കാണാം’ അവൻ മനസ്സിൽ പറഞ്ഞു.
…… 🤍
ബിസിനസ്സ് മീറ്റിംഗ് കഴിഞ്ഞ് തിരികെ കാറിൽ വരുമ്പോഴും മാർക്കോയുടെ മനസ്സ് ഒട്ടും ശാന്തമായിരുന്നില്ല. കാറിന്റെ ഗ്ലാസ്സിലൂടെ വെളിയിലേക്ക് നോക്കിയിരുന്ന അവന്റെ ഉള്ളിൽ വിചിത്രമായൊരു അസ്വസ്ഥത പുകയുന്നുണ്ടായിരുന്നു. കമ്പനിയുടെ പുതിയ ഡീലുകളെക്കുറിച്ചോ, ഷെയർ മാർക്കറ്റിലെ മാറ്റങ്ങളെക്കുറിച്ചോ ഒന്നും ചിന്തിക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല. തനിക്ക് ചുറ്റും എന്തോ വലിയൊരു കൊടുങ്കാറ്റ് വീശിയടിക്കാൻ പോകുന്നു എന്നൊരു ഭയം, അല്ലെങ്കിൽ എന്തോ ഒരു മാറ്റത്തിന്റെ സൂചന അവന്റെ മനസ്സിനെ വല്ലാതെ അസ്വസ്ഥനാക്കി.
പപ്പ നിർബന്ധിച്ച് തലയിൽ അടിച്ചേൽപ്പിക്കാൻ നോക്കുന്ന ആ അനാഥ പെണ്ണുമായുള്ള വിവാഹാലോചന, ജെന്നിഫറിന്റെ വാക്കുകൾ, മമ്മയുടെ ഉപദേശങ്ങൾ… എല്ലാം കൂടി അവന്റെ ചിന്തകളെ വല്ലാതെ കലക്കിമറിച്ചിരുന്നു.
മനോഹരമായ വീതികൂടിയ വഴിയിലൂടെ ആഡംബര കാർ പതുക്കെ മുന്നോട്ട് പോകുമ്പോഴാണ് അവൻ വഴിയരികിലെ ആ തന്റെ ഇടവക ദേവാലയം കണ്ടത്.
അനാഥാലയം സ്ഥിതി ചെയ്യുന്ന അതേ ദേവാലയമായിരുന്നു അത്. പക്ഷേ, അപ്പോൾ അവന്റെ മനസ്സിന്റെ അസ്വസ്ഥത കാരണം ക്ലാര ഇവിടെയുള്ള അനാഥാലയത്തിലാണ് കഴിയുന്നത് എന്ന കാര്യമൊന്നും അവന്റെ ചിന്തയിലേക്കേ വന്നില്ല.
കാർ നിർത്താൻ അവൻ ഡ്രൈവറോട് ആവശ്യപ്പെട്ടു.
”അച്ചായാ, ഇവിടെയാണോ ഇറങ്ങുന്നത്?” ഡ്രൈവർ ആശ്ചര്യത്തോടെ ചോദിച്ചു.
”ആഹ്ഹ്, നീ കാർ അവിടെ ഒതുക്കി നിർത്ത്. ഞാൻ ഒന്നു പള്ളിയിൽ കയറിയേച്ച് വരാം.”
മാർക്കോ കാറിൽ നിന്നിറങ്ങി പള്ളിയങ്കണത്തിലേക്ക് നടന്നു.
പള്ളിക്കുള്ളിൽ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. ഉയർന്ന മേൽക്കൂരയും പഴയ മര ബെഞ്ചുകളും കൽപ്പടവുകളുമുള്ള ആ വിശാലമായ പള്ളിക്കുള്ളിലേക്ക് അവൻ സാവധാനം നടന്നു കയറി. പള്ളിയുടെ മധ്യഭാഗത്തായി അൾത്താരയിലേക്ക് നോക്കി അവൻ മുട്ടുകുത്തി. മനസ്സിലെ ഭാരങ്ങളൊക്കെ ഒന്നു ഇറക്കിവെക്കാൻ, താൻ പോലുമറിയാതെ അവൻ കണ്ണുകളടച്ച് കൈകൾ കൂപ്പി മനസ്സിനെ ശാന്തമാക്കാൻ തുടങ്ങി.
അങ്ങനെ കണ്ണുകളടച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്ന നിമിഷത്തിലാണ് പെട്ടെന്ന് അന്തരീക്ഷത്തിൽ വല്ലാത്തൊരു സുഗന്ധം പടർന്നത്!
കുന്തിരിക്കത്തിന്റെ സുഗന്ധത്തിനൊപ്പം, വിരിഞ്ഞ മുല്ലപ്പൂക്കളുടെ തീവ്രമായ, മനോഹരമായ ഒരു മണം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് ഇരച്ചുകയറി. ആ മണത്തിന്റെ വശ്യതയിൽ അലിഞ്ഞ് അവൻ പതുക്കെ കണ്ണുകൾ തുറന്നു.
അവൻ ചുറ്റും നോക്കി.
അപ്പോഴാണ് പള്ളിയുടെ പ്രധാന വാതിലിലൂടെ അകത്തേക്ക് നടന്നു വരുന്ന ആ രൂപം അവൻ കണ്ടത്!
കയ്യിൽ മനോഹരമായൊരു കുട്ടയിൽ നിറയെ വെളുത്തു തുടുത്ത മുല്ലപ്പൂക്കളുമായി ഒരു പെൺകുട്ടി നടന്നു വരുന്നു. ഇളം മഞ്ഞ നിറത്തിലുള്ള ലളിതമായ ചുരിദാറായിരുന്നു അവളുടെ വേഷം. അരക്കെട്ട് കവിഞ്ഞു ഇടതൂർന്ന നീണ്ട കറുത്ത മുടിയിഴകൾ പിന്നിലേക്ക് അഴിച്ചിട്ടിരിക്കുന്നു. മാർക്കോ ഒന്ന് കണ്ണുകൾ തിരുമി നോക്കി, തന്റെ മുന്നിലൂടെ പോകുന്നത് മാലാഖ ആണോയെന്ന് അവന് ഒരു നിമിഷം സംശയം തോന്നി.
പക്ഷേ, അത് ക്ലാരയാണെന്ന് മാർക്കോയ്ക്ക് അറിയില്ലായിരുന്നു! ക്ലാരയ്ക്കും മുന്നിൽ മുട്ടുകുത്തി ഇരിക്കുന്ന ഈ നസ്രാണിയെ കണ്ടു പരിചയമൊന്നുമുണ്ടായിരുന്നില്ല.
പള്ളിക്കുള്ളിൽ ആരോ പ്രാർത്ഥിക്കാൻ ഇരിക്കുന്നത് കണ്ടതും ക്ലാരയുടെ കാലടികൾ അല്പം പതുക്കെയായി. അതുവരെ അവളുടെ ചുണ്ടിൽ ഏതോ ഗാനത്തിന്റെ ഈരടികൾ മുഴങ്ങുന്നുണ്ടായിരുന്നു.
അവൾ ഒരു മാത്ര ആ ചെറുപ്പക്കാരനെ നോക്കി. അവളുടെ സ്വരം നിന്നു. ആ മനോഹരമായ വലിയ കണ്ണുകളിൽ വിസ്മയത്തിന്റെ ശോഭ പടർന്നു.
എങ്കിലും അപരിചിതനായ ഒരു പുരുഷനെ വെറുതെ നോക്കിനിൽക്കുന്നത് ശരിയല്ലെന്ന് കരുതി, അവൾ വേഗത്തിൽ കണ്ണുകൾ പിൻവലിച്ചു. അവനെ പിന്നീട് നോക്കാതെ, ഏറ്റവും മുന്നിൽ മാതാവിന്റെ തിരുസ്വരൂപത്തിന് അടുത്തുള്ള വലിയ നിലവിളക്കിന്റെ അരികിലേക്ക് അവൾ നടന്നുപോയി.
ഇന്ന് വൈകുന്നേരം സൺഡേ സ്കൂളിലെ മുതിർന്ന ഒരു അധ്യാപകന്റെ വിരമിക്കൽ ചടങ്ങും, അതിനോടനുബന്ധിച്ചുള്ള പ്രത്യേക കുർബാനയും ഉള്ളതുകൊണ്ടാണ് അവൾ പള്ളിയും നിലവിളക്കുമൊക്കെ അലങ്കരിക്കാനായി അവിടെയെത്തിയത്.
അവൾ കുട്ട താഴെ വെച്ച്, ഓരോ മുഴം മുല്ലപ്പൂക്കളായി എടുത്ത് നിലവിളക്കിന് ചുറ്റും അലങ്കരിക്കാൻ തുടങ്ങി. അൾത്താരയിൽ പുതിയ പൂക്കൾ വെച്ച്, തിരികൾ ശരിയാക്കി, ഓരോ കാര്യങ്ങളും അത്രയും ശ്രദ്ധയോടെയും ഭക്തിയോടെയുമാണ് അവൾ ചെയ്തുകൊണ്ടിരുന്നത്.
എന്നാൽ… അവളെ ആദ്യമായി കണ്ടമാത്രയിൽത്തന്നെ മാർക്കോയുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങിയിരുന്നു!
അവന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങിപ്പോയി. അവൻ അറിയാതെ തന്നെ ആ മുട്ടുകുത്തിയ നിലയിൽ നിന്ന് അവളുടെ ഓരോ ചലനങ്ങളും നോക്കിയിരുന്നുപോയി. അവളുടെ സൗന്ദര്യവും, യാതൊരുവിധ വെച്ചുകെട്ടലുകളും ഇല്ലാത്ത ആ ലാളിത്യവും, കാര്യങ്ങൾ ചെയ്യുമ്പോഴുള്ള ശാന്തമായ പെരുമാറ്റവുമെല്ലാം അവന്റെ മനസ്സിൽ ആഴത്തിൽ പതിയുകയായിരുന്നു.
താൻ ഇതുവരെ കണ്ടിട്ടുള്ള പെൺകുട്ടികളിൽ നിന്നൊക്കെ എത്രയോ വ്യത്യസ്തയാണിവൾ! ഇത്രയും പരിശുദ്ധിയും ദൈവീകതയുമുള്ള ഒരു പെൺകുട്ടിയെ താൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടേയില്ലെന്ന് അവൻ സ്വയം ഓർത്തു. അവളുടെ കൈവിരലുകൾ പൂക്കൾ വെയ്യുമ്പോൾ ഉണ്ടാകുന്ന ആ ചലനം പോലും അവന്റെ കണ്ണുകളെ ആകർഷിച്ചു. നീണ്ട വെളുത്ത ആ വിരലുകൾക്ക് പോലും ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. അവൻ പ്രാർത്ഥിക്കാൻ പോലും മറന്നുകൊണ്ട് അവളെത്തന്നെ നോക്കിയിരുന്നുപോയി ആ നിമിഷം.
’ഇവൾ ആരാണ്? ഏത് വലിയ കുടുംബത്തിലെ പെൺകുട്ടിയായിരിക്കും ഇവൾ?’ മാർക്കോയുടെ മനസ്സ് അവൻ അറിയാതെ തുടിച്ചു. അവളെക്കുറിച്ച് കൂടുതൽ അറിയാൻ, അവളോട് ഒന്ന് സംസാരിക്കാൻ അവന്റെ ഉള്ളം വെമ്പി.
പക്ഷേ… പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് ജെന്നിഫറിന്റെ മുഖം കടന്നുവന്നത്!
താൻ സ്നേഹിക്കുന്ന പെൺകുട്ടിയുള്ളപ്പോൾ, മനസ്സിൽ വേറൊരു പെൺകുട്ടിയെക്കുറിച്ച് ഇങ്ങനെ ചിന്തിക്കാൻ പോലും പാടില്ലെന്ന് അവന്റെ ആത്മാഭിമാനവും വികാരങ്ങളും അവനോട് വിളിച്ചു പറഞ്ഞു.
’ഛെ! ഞാൻ എന്താ ഈ ചിന്തിക്കുന്നത്? എനിക്ക് എന്തുപറ്റി?’ അവൻ മനസ്സിൽ തന്നെ സ്വയം വഴക്കു പറഞ്ഞു.
അവൻ വേഗത്തിൽ കണ്ണുകളടച്ച്, വലിഞ്ഞു മുറുകിയ മുഖത്തോടെ കർത്താവിനോട് പ്രാർത്ഥിച്ച് എഴുന്നേറ്റു. ഇനിയും ഇവിടെ നിന്നാൽ മനസ്സ് കൂടുതൽ കൈവിട്ടുപോകുമെന്ന് കരുതി അവൻ പള്ളിയുടെ വാതിലിലേക്ക് വേഗത്തിൽ നടന്നു.
എന്നാൽ, പോകുന്നതിനു മുൻപ്… അവന്റെ മനസ്സിലെ ഏതോ ഒരു വികാരം അവനെ വീണ്ടും നിർബന്ധിച്ചു. അവൻ അറിയാതെ, ഒരൊറ്റ തവണ കൂടി ക്ലാര നിൽക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.
അതേസമയം…
അവന്റെ കാലടിശബ്ദം കേട്ടിട്ടാവാം, ക്ലാരയും തൻ്റെ പണികൾക്കിടയിൽ പതുക്കെ തലയുയർത്തി അവനെ തിരിഞ്ഞു നോക്കിയിരുന്നു!
രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം ഉടക്കിയ ആ നിമിഷം… സമയം അവിടെ നിശ്ചലമായതുപോലെ തോന്നി.
ക്ലാരയുടെ ചുണ്ടുകളിൽ സ്വർഗലോകത്തിന്റെ മുഴുവൻ നന്മയും ആവാഹിച്ചുകൊണ്ടുള്ള മനോഹരമായ, ഹൃദ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു! ആ കണ്ണുകളിൽ പരിശുദ്ധിയുടെ വെളിച്ചം തിളങ്ങി.
ആ പുഞ്ചിരി… അത് ഒരൊറ്റ നിമിഷം കൊണ്ട് മാർക്കോയുടെ നെഞ്ചിലേക്ക് തുളച്ചുകയറി. അന്നേരം അവൻ്റെ സകല ആസ്വസ്ഥതകളും അഹങ്കാരവും ആ ഒരൊറ്റ പുഞ്ചിരിയിൽ ഉരുകിപ്പോയതുപോലെ അവന് തോന്നി.
അവൻ ഒന്നും മിണ്ടാനാവാതെ, തിരികെ പുഞ്ചിരിക്കാൻ പോലും മറന്ന് പള്ളിയിൽ നിന്നും പുറത്തേക്ക് നടന്നു.
കാറിൽ കയറി ഇരുന്ന് യാത്ര തുടരുമ്പോഴും, ബിസിനസ്സ് ലോകത്തെ വിറപ്പിക്കുന്ന ആ നസ്രാണിയുടെ മനസ്സിൽ നിന്ന് ആ പെൺകുട്ടിയുടെ മുഖവും അവളുടെ ആ ഹൃദ്യമായ പുഞ്ചിരിയും മാഞ്ഞുപോയതേയില്ല. വഴിയിലുടനീളം, സ്വന്തം വീട്ടിലെത്തുന്നത് വരെ അവന്റെ ഉള്ളിൽ ആ മുല്ലപ്പൂമണവും, മാതാവിന്റെ വിളക്കിനടുത്ത് നിന്ന ആ പരിശുദ്ധമായ രൂപവും തങ്ങിനിന്നു…
തുടരും… 🤍





