ഇച്ചായന്റെപെണ്ണ്…. 11
ഭാഗം പതിനൊന്ന്🤍
താൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിചിത്രമായൊരു പ്രണയം തന്നിലേക്ക് ആഴത്തിൽ പടർന്നുകയറുന്നത് അവൻ അറിഞ്ഞു.
ചിത്രത്തിൽ നിന്നും കണ്ണുകളെടുക്കാതെ തന്നെ, അവൻ അരികിലിരുന്ന വലിയ കസേരയിലേക്ക് സാവധാനം ചാരിയിരുന്നു. കൈകൾ രണ്ടും തലയ്ക്ക് പുറകിൽ വെച്ച്, ക്യാൻവാസിലെ ആ മനോഹര രൂപത്തെത്തന്നെ നോക്കിക്കൊണ്ട് അവൻ പതുക്കെ കണ്ണുകൾ അടച്ചു. ഉറക്കത്തിനും ഉണർവ്വിനും ഇടയിലുള്ള ആ നിശബ്ദ യാമത്തിൽ, അവൻ്റെ ബോധം സാവധാനം മയക്കത്തിലേക്ക് വഴങ്ങിപ്പോയി… നാളെ താൻ കാണാൻ പോകുന്ന ക്ലാര തന്നെയാണ് താൻ ഇന്ന് പള്ളിയിൽ വെച്ച് കണ്ട ആ മാലാഖയെന്ന വലിയ സത്യം അറിയാതെ… നാളത്തെ പ്രഭാതത്തിനായി അവൻ കാത്തിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന, പ്രകൃതിയുടെ മുഴുവൻ അഴകും ആവാഹിച്ച മനോഹരമായൊരു താഴ്വരയിലാണ് താൻ നിൽക്കുന്നത് എന്ന് മാർക്കോയ്ക്ക് തോന്നി.
ആകാശഅതിരുകളോളം വിശാലമായി പരന്നുകിടക്കുന്ന, തൂവെള്ള വർണ്ണങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന തുലിപ് പൂക്കളുടെ ഒരു വലിയ ഗാർഡൻ! തുലിപ് പൂക്കൾ കാറ്റിൽ താളത്തിൽ ആടിയുലയുന്നുണ്ട്. ആകാശത്തുനിന്നും പഞ്ഞിത്തുണ്ടുകൾ പോലുള്ള മേഘങ്ങൾ താഴേക്ക് ഇറങ്ങിവരുന്നു.
തണുത്ത പൂങ്കാറ്റ് അവൻ്റെ കവിളുകളെ തലോടിപ്പോയി.
ആ തുലിപ് ഗാർഡന്റെ മധ്യത്തിലുള്ള മനോഹരമായ പുൽപ്പാതയിലൂടെ മാർക്കോ എങ്ങോട്ടെന്നില്ലാതെ നടക്കുകയായിരുന്നു.
പെട്ടെന്ന്… ദൂരെയെവിടെയോ ഒരു പാദസരത്തിന്റെ മനോഹരമായ കിലുക്കം കേട്ട് അവൻ തിരിഞ്ഞുനോക്കി.
തുലിപ് പൂക്കളുടെ കടലിന് നടുവിലൂടെ… കാറ്റിൽ പാറുന്ന വസ്ത്രങ്ങളോടെ, താൻ ചിത്രത്തിൽ വരച്ചുവെച്ച അതേ പെൺകുട്ടി ഓടിവരുന്നു!
അവളുടെ മഞ്ഞ ചുരിദാറിന്റെ ഷാൾ കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. നീണ്ട കറുത്ത മുടിയിഴകൾ അവളുടെ പുറകിൽ ഒരു കറുത്ത മേഘം പോലെ അലയടിച്ചു. അവളുടെ കവിളുകളിൽ റോസാപ്പൂവിന്റെ ചുവപ്പ് പടർന്നിരുന്നു. മാൻപേടയെപ്പോലെയുള്ള ആ വലിയ കണ്ണുകളിൽ നിറഞ്ഞ സന്തോഷത്തോടെ, വിടർന്ന പുഞ്ചിരിയോടെ അവൾ ദൂരെനിന്നും അവന്റെ അടുത്തേക്ക് ഓടിയെത്തുകയാണ്!
“ഇച്ചായ…” അവൾ ആദ്യമായി തന്നെ ആർദ്രമായി വിളിക്കുന്നത് അവൻ കേട്ടു.
അവൾ ഓടിവരുന്നത് കണ്ടതും മാർക്കോയുടെ ഉള്ളിൽ പ്രണയത്തിന്റെ വലിയൊരു കൊടുങ്കാറ്റ് വീശിയടിച്ചു. അവൻ രണ്ടു കൈകളും നീട്ടി അവൾക്കായി കാത്തിരുന്നു.
ഓടിയെത്തിയ അവൾ യാതൊരു അപരിചിതത്വവുമില്ലാതെ, ഒരൊറ്റ നിമിഷം കൊണ്ട് അവൻ്റെ വിസ്തൃതമായ നെഞ്ചിലേക്ക് ഓടിക്കയറി അവനെ കെട്ടിപ്പുണർന്നു!
മാർക്കോ തൻ്റെ ശക്തമായ കൈകൾ കൊണ്ട് അവളുടെ അരക്കെട്ടിൽ മുറുകെ പിടിച്ച്, അവളെ പൊക്കിയെടുത്ത് തന്നിലേക്ക് കൂടുതൽ ചേർത്തുനിർത്തി. അവളുടെ മുടിയിഴകളിലെ മുല്ലപ്പൂമണം അവൻ്റെ ശ്വാസത്തിലേക്ക് പടർന്നുപിടിച്ചു.
അവൻ ആ പ്രണയത്തിന്റെ ആഴത്തിൽ കണ്ണുകളടച്ചു. അവൾ സാവധാനം അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി. ആ നിഷ്കളങ്കമായ വലിയ കണ്ണുകളിൽ പ്രണയം നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു.
അവളുടെ ഇളം പിങ്ക് നിറത്തിലുള്ള നേർത്ത ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
മാർക്കോ അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ വിരലുകൾ അവളുടെ കവിളിലൂടെ സാവധാനം തലോടിയിറങ്ങി. അവൻ പതുക്കെ കുനിഞ്ഞ്, അവളുടെ ആ ഇളം പിങ്ക് ചുണ്ടുകളിലേക്ക് തൻ്റെ അധരങ്ങൾ അമർത്തി!
നിശബ്ദമായ ആ തുലിപ് പൂന്തോട്ടത്തിന് നടുവിൽ, പൂക്കളുടെ സുഗന്ധത്തിന് ഇടയിൽ വെച്ച് അവൻ അവളെ പ്രണയാതുരമായി ചുംബിച്ചു. അവളും സർവ്വസ്വവും മറന്ന് അവന്റെ നെഞ്ചിലേക്ക് പടർന്നുകയറി ആ ചുംബനം ഏറ്റുവാങ്ങി.
ലോകം മുഴുവൻ അലിഞ്ഞുപോകുന്നതുപോലെയുള്ള, അതിതീവ്രമായ പ്രണയത്തിന്റെ നിമിഷങ്ങൾ… ഇരുവരും മത്സരിച്ച് ചുംബിച്ചു. മാർക്കൊയുടെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകിയപ്പോൾ അവളുടെ കൈകൾ അവന്റെ മുടിയിൽ കൊരുത്തുവലിച്ചു.
പെട്ടെന്ന്…
“അച്ചായാ… അച്ചായാ…”
ഡ്രൈവറുടെ വിളി കേട്ടാണ് മാർക്കോ ഞെട്ടിയുണർന്നത്!
അവൻ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടുകൊണ്ട് കസേരയിൽനിന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
അവൻ്റെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ നേർത്ത വേർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു.
അവൻ ചുറ്റും നോക്കി. സൂര്യന്റെ ആദ്യത്തെ പ്രകാശനാളങ്ങൾ ബാൽക്കണിയിലേക്ക് പതിച്ചു തുടങ്ങിയിരിക്കുന്നു. രാവിലത്തെ തണുത്ത കാറ്റ് വീശുന്നു.
താൻ കസേരയിൽ കിടന്ന് സ്വപ്നം കാണുകയായിരുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു! പക്ഷേ… ആ ചുംബനത്തിന്റെ ലഹരിയും, ആ പെൺകുട്ടിയുടെ സ്പർശനവും ഇപ്പോഴും തൻ്റെ അധരങ്ങളിലും നെഞ്ചിലും തങ്ങിനിൽക്കുന്നതുപോലെ അവന് തോന്നി.
അവൻ പതുക്കെ തിരിഞ്ഞുനോക്കി.
ക്യാൻവാസിൽ താൻ രാത്രി വരച്ചുവെച്ച ആ പെൺകുട്ടിയുടെ ചിത്രം പ്രഭാത സൂര്യന്റെ വെളിച്ചത്തിൽ അതിമനോഹരമായി തിളങ്ങിനിൽക്കുന്നു.
മാർക്കോ സാവധാനം ആ ചിത്രത്തിന്റെ അടുത്തേക്ക് നടന്നുചെന്നു. അവനിൽ വലിയൊരു അത്ഭുതവും പ്രണയവും നിറഞ്ഞിരുന്നു.
” ഇത് അച്ചായൻ വരച്ചതാണല്ലേ നല്ല ഭംഗിയുണ്ട്, ഞാൻ ഈ കൊച്ചിനെ എവിടെയോ കണ്ടിട്ടുള്ളതുപോലെ തോന്നുന്നു ” ഡ്രൈവർ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. എന്നാൽ അയാളുടെ വാക്ക് കേട്ട് മാർക്കോ ഞെട്ടി.
” വേഗം റെഡി ആയി വരാൻ വർക്കിസാർ പറഞ്ഞു, റൂമിൽ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്, എന്ന ഞാൻ പൊയ്ക്കോട്ടേ ” ഡ്രൈവർ പറഞ്ഞതും മാർക്കോ തലയാട്ടി സമ്മതിച്ചു, ഈ പെൺകുട്ടിയെ അയാൾക്ക് പരിചയമുണ്ടോ എന്ന് അവന് ചോദിക്കണമെന്നുണ്ടായിരുന്നു പിന്നെ അവൻ അത് വേണ്ടെന്ന് വെച്ചു.
ഇന്ന് വ്യാഴാഴ്ചയാണ്… ഇന്ന് രാവിലെ താൻ അനാഥാലയത്തിലെ ‘ക്ലാര’ എന്ന പെൺകുട്ടിയെ കാണാൻ പോകണം.
പക്ഷേ, തൻ്റെ മനസ്സിലും ആത്മാവിലും കുടിയേറിയത് ഈ ചിത്രത്തിലെ അജ്ഞാതയായ പെൺകുട്ടിയാണ്.
തനിക്ക് എന്താണ് ഇപ്പോൾ സംഭവിക്കുന്നത് എന്ന് മാർക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. അജ്ഞാതയായ ഒരു പെൺകുട്ടി, പിന്നെ ജന്നിഫർ, അതിന്റെ കൂടെ അനാഥയായ ക്ലാര. ഈ മൂന്ന് പെൺകുട്ടികളും ഒരേ സമയം തന്റെ ജീവിതത്തിൽ എങ്ങനെ കടന്നുവന്നു എന്ന് അവന് ആലോചിക്കാൻ കഴിഞ്ഞില്ല. കൂടുതലൊന്നും ചിന്തിച്ച് തലപുകയ്ക്കാതെ ആ ചിത്രത്തിലെ പെൺകുട്ടിയുടെ മനോഹരമായ മുഖത്തേക്ക് ഒന്നുകൂടി നോക്കി, മനസ്സിലെ അസ്വസ്ഥതകളോടെ… വിധിയുടെ ആ വലിയ കളി അറിയാതെ, മാർക്കോ അനാഥാലയത്തിലേക്ക് പോകാനായി തയ്യാറാവാൻ തൻ്റെ മുറിയിലേക്ക് നടന്നു.
……🤍
പ്രഭാതത്തിലെ കുളിർക്കാറ്റ് അനാഥാലയത്തിന്റെ ജനൽപ്പാളികളെ തഴുകിപ്പോകുന്നുണ്ടായിരുന്നു. വരാന്തയുടെ വശങ്ങളിൽ നട്ടുവെച്ച റോസാ ചെടികളിൽ നിന്ന് ചുവന്ന ഇതളുകളിൽനിന്ന് മഞ്ഞുതുള്ളികൾ ഇറ്റുവീഴുന്ന പ്രഭാതം.
പക്ഷേ, അനാഥാലയത്തിലെ ജോർജ് അച്ചന്റെ മുറിയിൽ വല്ലാത്തൊരു ശാന്തതയും അതിനേക്കാളേറെ നിശബ്ദതയും നിറഞ്ഞുനിന്നിരുന്നു.
അച്ചൻ തന്റെ മേശപ്പുറത്തിരുന്ന ഗ്ലാസ്സിലെ കുടിവെള്ളത്തിലേക്ക് നോക്കി ആലോചനയിലാണ്ടു നിൽക്കുകയാണ്.
വരാൻ പോകുന്ന മാറ്റങ്ങൾ ഈ സ്ഥാപനത്തിന്റെ സമാധാന അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന ആധി അച്ചന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു.
പെട്ടെന്നാണ് മുറിയുടെ തുറന്നിട്ട വാതിലിലൂടെ ക്ലാര അകത്തേക്ക് കയറിവന്നത്. കയ്യിൽ രാവിലെ തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത കുറച്ച് പനിനീർപ്പൂക്കളുണ്ടായിരുന്നു. അച്ചൻ ആകുലതയോടെ നിൽക്കുന്നത് കണ്ടതും അവൾ പതുക്കെ അടുത്തേക്ക് ചെന്നു.
“അച്ചാ… എന്താ രാവിലെ തന്നെ ഒരു ആലോചന? ഇവിടുത്തെ ചാപ്പലിൽ മാതാവിന്റെ അൾത്താരയിൽ വെക്കാനുള്ള പൂക്കളാ ഇത്. ഇന്നലെ പറഞ്ഞതുപോലെ ഞാൻ നല്ല ചുവന്ന പൂക്കൾ തന്നെ എടുത്തോണ്ട് വന്നിട്ടുണ്ട്.” ക്ലാര വിടർന്ന പുഞ്ചിരിയോടെ പറഞ്ഞു.
അച്ചൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. യാതൊരു കളങ്കവുമില്ലാത്ത, ലോകത്തിലെ ദുഷ്ട്ടതകൾ ഒന്നും തൊട്ടിട്ടില്ലാത്ത ആ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അച്ചന്റെ നെഞ്ചിൽ നിന്നും വലിയൊരു നെടുവീർപ്പ് പുറത്തുവന്നു.
“മോളെ ക്ലാരേ…” അച്ചൻ വിളിച്ചു.
“എന്താ അച്ചാ?” അച്ഛന്റെ മുഖത്തെ ടെൻഷൻ കണ്ടപ്പോൾ അവൾക്ക് ആദ്യം ഓർമ്മ വന്നത് തന്റെ പഠനത്തെക്കുറിച്ചാണ്. ഇനി വർഗീസ് സാറ് തനിക്ക് തന്ന സ്പോൺസർഷിപ്പ് മാറ്റി എന്ന് പറയാൻ വേണ്ടിയിട്ടാണോ അച്ഛൻ തന്നെ വിളിച്ചത്. അവളുടെ മനസ്സിൽ വീണ്ടും ഭയം ഉരുണ്ടുകൂടി.
“നീ ഒന്ന് ഇരിക്ക് മോളെ. നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ട്.”
അച്ചന്റെ ശബ്ദത്തിലെ കനത്ത ഗൗരവം കണ്ട് ക്ലാര പതുക്കെ അച്ചന്റെ മേശയ്ക്ക് മുന്നിലെ കസേരയിൽ വന്നിരുന്നു. അവൾ പൂക്കൾ മേശപ്പുറത്ത് വെച്ച് അച്ചനെ സംശയത്തോടെ നോക്കി.
“മോളെ… തേവർമറ്റത്തിൽ വർഗീസ് സാർ നിന്റെ തുടർപഠനത്തിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കാൻ തയ്യാറായി എന്ന് ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞല്ലോ. അതിൽ നിനക്ക് ഒത്തിരി സന്തോഷവുമാണ് എന്നെനിക്ക് അറിയാം. എന്നാൽ… അതിലും വലിയൊരു കാര്യം കൂടി വർഗീസ് സാർ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.”
“എ… എന്നതാ അച്ഛാ…?” ക്ലാരയുടെ നെഞ്ചൊന്ന് പിടഞ്ഞു.
“മോളെ, വർഗീസ് സാറിന് നിന്നെ തൻ്റെ സ്വന്തം വീടിന്റെ മരുമകളാക്കണം എന്നുണ്ട്. സാറിന്റെ ഒരേയൊരു മകൻ മാർക്കോയ്ക്ക് നിന്നെ വിവാഹം കഴിച്ചു കൊടുക്കാൻ അവർ ആഗ്രഹിക്കുന്നു!”
ആ വാക്കുകൾ കേട്ടതും ക്ലാരയുടെ ഉള്ളിലൊരു ഇടിമിന്നൽ പാഞ്ഞുപോയി. മേശപ്പുറത്ത് വെച്ചിരുന്ന പൂക്കളിൽ അമർന്നിരുന്ന അവളുടെ വിരലുകൾ വിറച്ചു. കണ്ണുകൾ വിടർന്നു.
“അച്ഛാ… എന്താ… എന്താ ഈ പറയുന്നത്? കല്യാണോ? എനിക്ക്… എനിക്ക് ഇപ്പോൾ പഠിക്കാനല്ലേ ആഗ്രഹം? പിന്നെ… അവർ വലിയ പൈസക്കാരല്ലേ അച്ഛാ… നമ്മളൊക്കെ പാവങ്ങളല്ലേ? എന്നെപ്പോലെ ഒരു അനാഥയെ എന്തിനാ അത്രയും വലിയ വീട്ടിലേക്ക്…” അവളുടെ വാക്കുകൾ വിതുമ്പലിൽ മുങ്ങി.
“എനിക്കും ആദ്യം ആ പേടിയുണ്ടായിരുന്നു മോളെ,” അച്ചൻ അവളുടെ തലയിൽ വാത്സല്യത്തോടെ കൈവെച്ചു. “പക്ഷേ വർഗീസ് സാർ പറയുന്നത് നിന്റെ പരിശുദ്ധിയും ദൈവഭയവുമാണ് തങ്ങളുടെ കുടുംബത്തിന് ആവശ്യമെന്നാണ്. നിന്നെ അവർ സ്വന്തം മകളെപ്പോലെ കൊണ്ടുപോകുമെന്നും, നിന്റെ തുടർപഠനം മുടങ്ങാതെ ഡോക്ടറാക്കി മാറ്റുമെന്നും അയാൾ എനിക്ക് വാക്ക് തന്നിട്ടുണ്ട്. വർഗീസ് സാർ കൊടുത്ത വാക്ക് തെറ്റിക്കുന്ന ആളല്ല.”
“പക്ഷേ അച്ഛാ… എനിക്ക് പേടിയാകുന്നു. പെട്ടെന്ന് ഒരു കല്യാണം എന്ന് പറയുമ്പോൾ…”
“പേടിക്കേണ്ട മോളെ. ഇന്ന് വർഗീസ് സാറും കുടുംബവും നിന്നെ കാണാൻ ഇവിടെ വരുന്നുണ്ട്. നീ അവരെ നേരിട്ട് കാണൂ. ദൈവത്തിന്റെ തിരുമനസ്സുണ്ടെങ്കിൽ മാത്രം ഈ ആലോചന മുന്നോട്ട് പോകട്ടെ. എല്ലാം കർത്താവിൽ അർപ്പിച്ച് പ്രാർത്ഥിക്ക്. നിന്നെ ഞാൻ നിർബന്ധിക്കുന്നില്ല എന്റെ ഉള്ളിലും ഒരു ഭയമുണ്ട് കാരണം നീ കുഞ്ഞാണ്. പക്ഷേ ഈ വിവാഹം കഴിഞ്ഞാൽ നിനക്ക് സ്വന്തമായി ഒരു അച്ഛനെയും അമ്മയെയും കിട്ടും, കുടുംബാംഗങ്ങളെ കിട്ടും നിന്നെ സഹിക്കാൻ നിനക്ക് സ്നേഹിക്കാൻ ആൾക്കാരെ കിട്ടും അതുകൊണ്ട് എനിക്ക് നിന്നെ ഇതിൽ നിന്നും തടയാനും തോന്നുന്നില്ല.” അച്ചൻ ആശ്വസിപ്പിച്ചു.
ക്ലാര ഒന്നും മിണ്ടാതെ തലതാഴ്ത്തി മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. അവളുടെ മനസ്സ് തളർന്നുപോയിരുന്നു. ഒരു വശത്ത് താൻ ഇത്രയും കാലം സ്വപ്നം കണ്ട ഡോക്ടർ പദവി… മറു വശത്ത് അപ്രതീക്ഷിതമായി തോളിൽ വന്നു വീഴുന്ന വലിയൊരു കുടുംബത്തിന്റെ മരുമകൾ എന്ന ഉത്തരവാദിത്തം! എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവൾ പതുക്കെ ഇടനാഴിയിലൂടെ നടന്നു.
അതേസമയം അനാഥാലയത്തിന്റെ മുറ്റത്ത് വലിയൊരു തിരക്കിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. ജോർജ് അച്ചനും എൽസമ്മ സിസ്റ്ററും വരാൻ പോകുന്ന അതിഥികളെ സ്വീകരിക്കാനായി അനാഥാലയത്തിന്റെ സ്വീകരണമുറി വൃത്തിയാക്കിക്കുകയും പൂക്കൾ അലങ്കരിക്കുകയും ചെയ്തു.
വർഗീസ് സാറും കുടുംബവും വരുന്നുണ്ടെന്ന് മാത്രമാണ് അവിടെയുള്ള മറ്റുള്ളവരെ അറിയിച്ചിരുന്നത്. വലിയൊരു ബിസിനസ്സുകാരനും ചാരിറ്റി പ്രവർത്തകനുമായ വർഗീസ് സാർ അനാഥാലയം സന്ദർശിക്കാനും ഉപകാരങ്ങൾ ചെയ്യാനുമായി വരുന്നു എന്ന ചിന്ത മാത്രമേ അവിടെയുള്ള അന്തവാസികൾക്കുണ്ടായിരുന്നുള്ളൂ.
എന്നാൽ, അനാഥാലയത്തിന്റെ നീണ്ട ഇടനാഴിയിലൂടെ ആലോചനയോടെ നടക്കുമ്പോൾ ക്ലാരയുടെ ഉള്ളിൽ വിചിത്രമായൊരു അസ്വസ്ഥത പടരുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ പള്ളിയിൽ പ്രാർത്ഥിക്കാൻ പോയപ്പോൾ മുതൽ അവളുടെ ഇടത് കണ്ണ് തുടർച്ചയായി തുടിക്കുന്നുണ്ടായിരുന്നു. എന്തോ വലിയൊരു കാര്യം തന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നുവെന്ന മട്ടിൽ അവളുടെ ഹൃദയമിടിപ്പ് ക്രമം തെറ്റി വേഗത്തിലായി.
തുടരും… 🤍



