10/02/2026

ഇനിയും : ഭാഗം 07

രചന – അഞ്ജു തങ്കച്ചൻ

എന്താ… എന്താ പറയാനുള്ളത്?
ഹിമ ഉത്കണ്ഠയോടെ ചോദിച്ചു.

ഹിമ എങ്ങനെ ഉൾകൊള്ളുമെന്നെനിക്കറിയില്ല, പക്ഷെ…
പറയാതിരിക്കാൻ കഴിയില്ല.

എന്താ.. എന്തായാലും എന്നോട് പറ.

അമ്മു എല്ലാ ദിവസവും കടയിൽ വരും, എന്നോട് മനസ്സ് തുറന്ന് ഒത്തിരി വർത്തമാനം പറയും.
ഹിമക്കറിയാമല്ലോ അമ്മുവിനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, അവൾക്കും എന്നെ ജീവനാണ്.

പക്ഷെ, ഈയിടെ ആയി.. ആ കുഞ്ഞ്മനസ്സിൽ മറ്റൊരാൾ കയറിക്കൂടിയിട്ടുണ്ട്.

ആര്?? ഹിമ ഞെട്ടലോടെ ചോദിച്ചു.

എനിക്കറിയാം ഹിമേ… അമ്മുവിന് അവൾക്കാവശ്യമായ സ്നേഹമോ കരുതലോ നിങ്ങളാരും നൽകിയിട്ടില്ല..

ശരിയാണ്. ചിലപ്പോൾ എന്റെ ദേഷ്യവും, ദുഃഖവുമൊക്കെ എന്റെ കുഞ്ഞിൽ ഞാൻ തീർത്തിട്ടുമുണ്ട്.
എന്റെ തെറ്റാണ്…. ഹിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഹിമ മാത്രമല്ല ഷിജുവും തെറ്റുകാരൻ തന്നെയാണ്.
ഒരച്ഛന് മാത്രം പകർന്നു കൊടുക്കാൻ കഴിയുന്ന വാത്സല്യത്തിൽ പൊതിഞ്ഞ സ്നേഹമുണ്ട്. അവൾ അത് ഒത്തിരി കൊതിക്കുന്നുണ്ട്.
അതുകൊണ്ടാകും അവളുടെ അച്ഛന്റെ പ്രായമുള്ള ഒരാളോട് അവൾക്കു സ്നേഹം തോന്നിയത്.

ഈശ്വരാ…. ഹിമ നെഞ്ചിൽ കൈവച്ചു, അച്ഛന്റെ പ്രായമുള്ള ആളോ?

അതെ…. എനിക്ക് അമ്മുക്കുട്ടിയെ നന്നായിട്ട് അറിയാം. അതൊരുപക്ഷെ പ്രണയം ഒന്നുമായിരിക്കില്ല ഹിമേ,
ഒരിക്കൽ അവൾ പറഞ്ഞു. ബസിൽ ഒരു പെൺകുട്ടിയെ ശല്യം ചെയ്ത ആൾക്കിട്ട് അദ്ദേഹം ഒന്ന് പൊട്ടിച്ചു , നല്ലൊരു മനുഷ്യനാ എന്നൊക്കെ..

ആരുമല്ലാത്ത ഒരു പെൺകുട്ടിക്ക് വേണ്ടിയുള്ള ആ കരുതൽ കണ്ടപ്പോൾ അയാളിൽ ഒരച്ഛന്റെ സ്നേഹം അമ്മു കണ്ടിരിക്കാം.
അവൾക്കും തോന്നിക്കാണും ആ മനുഷ്യൻ തന്നെയും ഇതുപോലെ കരുതലോടെ സംരക്ഷിക്കും എന്നൊക്കെ…

ഇളം മനസ്സല്ലേ ഹിമേ.. ഏതാണ് ശരി എന്നൊന്നും തിരിച്ചറിയാൻ കഴിയില്ല.

ഞാനിപ്പോൾ എന്ത് ചെയ്യും? ഹിമക്ക് ആകെ വെപ്രാളം ആയി.

ഹിമ പേടിക്കണ്ട. ഉള്ളുനിറച്ചുമു ള്ള സ്നേഹമില്ലേ അതൊക്കെ അവൾക്കു കൊടുക്കണം.
മറ്റെല്ലാത്തിലും വലുത് അവളല്ലേ…

അതെ… എനിക്കെന്റെ മകളാണ് എല്ലാത്തിലും വലുത്.

മോളോട് ഇക്കാര്യമൊന്നും ചോദിക്കണ്ട.
അവൾക്കത് വിഷമമാകും.

ഇല്ല ഞാൻ ചോദിക്കില്ല. ഇനി ഒന്നിന് വേണ്ടിയും എന്റെ കുഞ്ഞിനെ ഞാൻ വേദനിപ്പിക്കില്ല. ആരെയും അതിന് അനുവദിക്കുകയും ഇല്ല.
എന്റെ കുഞ്ഞ് സമാധാനഅന്തരീക്ഷത്തിൽ വളർന്നില്ല, ശരിയാണ്. ഞാനോ ഷിജുവോ അവളെ വേണ്ട വിധത്തിൽ സ്നേഹിച്ചു വളർത്തിയില്ല. തെറ്റാണ്… വലിയ തെറ്റ്.

ഇനി ഒന്നും ആലോചിച്ചു വിഷമിക്കണ്ട ഹിമേ. നീയൊന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ഞാൻ പറഞ്ഞന്നേ ഉള്ളൂ.

ഉം… എനിക്കറിയാം.

ഞാൻ എന്നാൽ പോട്ടെ… ശരണ്യ വീട്ടിലേക്ക് പോയി.

*************

വൈകുന്നേരം അമ്മു വരാറായപ്പോഴേക്കും ഹിമ അവൾക്കിഷ്ടമുള്ള ഇലയട ഉണ്ടാക്കിവച്ചു.

ചായ തിളപ്പിച്ച്‌ കൊണ്ട് ഇരുന്നപ്പോഴേക്കുംഅമ്മു എത്തി.

ബാഗ് മുറിയിൽ കൊണ്ട് വച്ച്. ഡ്രസ്സ്‌ മാറ്റി അവൾ പതിവ് പോലെ അടുക്കളയിൽ എത്തി.
ചോറ് വിളമ്പികഴിക്കാൻ പാത്രം എടുത്തപ്പോഴേക്കും, ഹിമ അമ്മുവിന്റെ അടുത്തേക്ക് ചെന്നു..

അമ്മൂ… ഇന്ന് അമ്മ ഇലയട ഉണ്ടാക്കിയിട്ടുണ്ട് കേട്ടോ.

ചൂട് ഇലയട ഒരു പ്ളേറ്റിൽ എടുത്ത് അമ്മുവിന് കൊടുത്തു.

അവൾ അത് വാങ്ങി ഡൈനിങ് ടേബിളിനരികിലേക്ക് പോയി.

ചൂട് ചായയിൽ ഹോർലിക്സ് ഇട്ട് ഇളക്കി ഹിമ അതുമായി അമ്മുവിന്റെ അരികിൽ ചെന്നു.

ചായ ടേബിളിൽ വച്ചിട്ട് അവൾ അമ്മുവിനോടൊപ്പം ഇരുന്നു.

പതിവില്ലാതെ അമ്മ അടുത്തിരുന്നപ്പോൾ അമ്മു അതിശയത്തോടെ നോക്കി.

ഹിമ പതിയെ അവളുടെ തലയിൽ തഴുകി.
കഴിക്ക്…

അമ്മ കഴിച്ചോ?

ഇല്ല.

എന്നാൽ കഴിക്ക്. അവൾ ഒരെണ്ണം എടുത്ത് അമ്മക്ക് നേരെ നീട്ടി.

അവളത് വാങ്ങി കഴിച്ചു.

മധുരം ഇത്തിരി കൂടെ വേണമായിരുന്നോ അമ്മൂ…?

ഹേയ് ഇത് മതി. പാകത്തിനാ.

ചായകുടി കഴിഞ്ഞതും. അമ്മു അവളോട്‌ ചോദിച്ചു.

അമ്മേ ഞാൻ ശരണ്യ ചേച്ചിയുടെവീട് വരെ ഒന്ന് പോയിട്ട് വരട്ടെ..?

അതിനെന്താ പോയിട്ട് വാ.

അവൾ ശരണ്യയുടെ വീട്ടിലേക്ക് ഓടി.

***********

രാത്രിയിലേക്ക് ഉള്ളിത്തീയലും, മീൻ വറുത്തതും മാത്രമേ ഹിമ ഉണ്ടാക്കിയുള്ളൂ..

കഴിക്കാൻ ഇരുന്നതും ഷിജുവിന്റെ അമ്മയുടെ മുഖം വീർത്തു.ഇതെന്താ ഹിമേ ഒഴിച്ച് കൂട്ടാൻ ഒന്നും ഉണ്ടാക്കിയില്ലേ?
ഇതും കൂട്ടി എങ്ങനെ ചോറ് കഴിക്കും.

എനിക്കിത് മതി. അതുകൊണ്ട് ഞാൻ ഇതേ ഉണ്ടാക്കിയുള്ളൂ. അമ്മക്ക് ഒഴിച്ച് കറി വേണമെങ്കിൽ അമ്മ ഉണ്ടാക്കിക്കോ.

ഇത്രേം നാളും നീയല്ലേ ഉണ്ടാക്കിയത്?

അതെ ഇത്രേം നാളും സകല പണിയും ഞാൻ ഒറ്റക്കാണ് ചെയ്തു കൊണ്ടിരുന്നത്. ഇനിയത് പറ്റില്ല.

എന്തെങ്കിലും ഒക്കെ ചെറിയ ജോലികൾക്ക് അമ്മക്കും കൂടാമല്ലോ. കറിക്കൊരുക്കാനും, ഈ പെരയൊക്കെ ഒന്നടിച്ചു വാരാനും ഒക്കെ അമ്മയ്ക്കും കൂടാമല്ലോ.

അയ്യടി എന്നെക്കൊണ്ട് എങ്ങും പറ്റില്ല.

പറ്റില്ലെങ്കിൽ, ഉള്ളത് എന്താണോ അത് കഴിച്ചോളണം അത്രേ ഉള്ളൂ…

ഹിമ മറ്റൊന്നും ശ്രെദ്ദിക്കാതെ കഴിക്കാൻ തുടങ്ങി.

അമ്മു നേരത്തെ കഴിച്ചിട്ട് പഠിക്കാൻ കയറി.
അതുകൊണ്ട് തന്നെ പറയാനുള്ളത് ഹിമ അമ്മയോട് പറഞ്ഞു.

എനിക്കെങ്ങും വേണ്ട, ഇതും കൂട്ടി കഴിക്കാനൊന്നും എനിക്ക് പറ്റില്ല.

അമ്മ എഴുന്നേറ്റ് പോയി.

നിനക്ക് എന്തെങ്കിലും കൂടെ ഉണ്ടാക്കാൻ മേലാരുന്നോ ഹിമേ, കണ്ടില്ലേ അമ്മ കഴിക്കാതെ പോയത്. ഷിജു ചോദിച്ചു.

ഒരു ദിവസം ഒന്നും കഴിച്ചില്ലെന്നു വച്ച് ഒന്നും പറ്റില്ല. അല്ലെങ്കിൽ തന്നെ ചുമ്മാ ഉറക്കം മാത്രമല്ലെ അമ്മക്ക് പണി. അല്ലെങ്കിൽ ആ ടീവിയുടെ മുന്നിൽ ഇരിക്കും.

ഇപ്പോൾ തന്നെ തൊണ്ണൂറ്റിമൂന്ന് കിലോ ഭാരമായി അമ്മക്ക്.

ഇന്നലെ തന്നെ പൂമുഖത്ത് കിടന്ന പ്ലാസ്റ്റിക് കസേരയിൽ അമ്മ ഇരുന്നതും കസേര ഒടിഞ്ഞു താഴെ വീണു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.

വണ്ണം വയ്ക്കുന്നത് അമ്മയുടെ കുറ്റം കൊണ്ടാണോ ഷിജു ചോദിച്ചു.

അല്ല അമ്മയുടെ കുറ്റമല്ല, എന്റെ കുറ്റമാണ്. എല്ലാം ചെയ്ത് കൊടുക്കുന്നത് കൊണ്ടാണല്ലോ അമ്മ വെറുതെ ഇരിക്കുന്നത്.
ഞാൻ വന്ന കാലത്ത് ഈർക്കിൾ പോലെ ആരുന്നല്ലോ അമ്മ ഇരുന്നത്.

അമ്മക്ക് പ്രായമായില്ലേ ഹിമേ..

അറുപതു വയസ് അല്ലേ ഉള്ളൂ, കിടപ്പ് രോഗി ഒന്നും അല്ലല്ലോ. എന്തെങ്കിലുംഒക്കെ വീട്ട് പണി ചെയ്തു എന്ന് വച്ച് ഒന്നും സംഭവിക്കില്ല.

ഹിമ സംസാരം നിർത്തി കഴിക്കുന്നതിൽ ശ്രെദ്ദിച്ചു.

ഷിജു പിന്നൊന്നും പറയാൻ പോയില്ല.

അമ്മു പഠിത്തം കഴിഞ്ഞ് കിടക്കാം എന്ന് കരുതിയപ്പോഴാണ് മുൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നതു കണ്ടത്.

അവൾ അങ്ങോട്ട് ചെന്നു.

സിറ്റൗട്ടിലെ പില്ലറിൽ ചാരി ഹിമ ഇരിപ്പുണ്ട്.

അമ്മ ഉറങ്ങുന്നില്ലേ?

പുറത്ത് നല്ല നിലാവ് പരന്നിട്ടുണ്ട്, അതുകൊണ്ട് ഇവിടെ ഇരിക്കാൻ തോന്നി. ഹിമ ചിരിയോടെ പറഞ്ഞു.

വാ… ഇത്തിരി നേരം ഇവിടിരിക്ക്.ഹിമ പറഞ്ഞു.

അമ്മു അവൾക്കരികിൽ ഇരുന്നു.

ദേ… അങ്ങോട്ട് നോക്കിക്കേ ഹിമ വിരൽ ചൂണ്ടി.

അമ്മു അങ്ങോട്ട് നോക്കി.
പടർന്നു പന്തലിച്ച വലിയൊരു മരത്തിനു മുകളിൽ നിറയെ മിന്നാമിനുങ്ങുകൾ…
അവ ഒരുമിച്ചു തെളിയുകയും കെടുകയും ചെയ്യുന്നു.

അമ്മുവിന്റെ കണ്ണുകൾ വിടർന്നു..

ഹായ്… എന്ത് രസമാ…

ഹിമ അമ്മുവിനെ തന്നോട് ചേർത്തിരുത്തി.
അമ്മു പതിയെ ഹിമയുടെ മടിയിൽ തല ചായ്ച്ചു വച്ചു.

ഹിമയുടെ കൈകൾ അമ്മുവിന്റെ മുടിയിഴകൾക്കിടയിലൂടെ ചലിച്ചു.

ഹിമ അവളോട്‌ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

ഇടക്ക് അവരുടെ പൊട്ടിച്ചിരി കേട്ടപ്പോൾ, ഷിജു ലാപ്ടോപ്പ് മടക്കി വച്ചിട്ട് എഴുന്നേറ്റ് വാതിലിനടുത്തു ചെന്ന് നോക്കി.

അമ്മു ഹിമയുടെ മടിയിൽ കിടക്കുകയാണ്.
ചിരിച്ചു ചിരിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്, മുഖം ചുവന്നു ചുവന്നിരിക്കുന്നു.

ഹിമയും ചിരി നിർത്താൻ വല്ലാതെ പാട് പെടുന്നുണ്ട്.

അത് കണ്ടപ്പോൾ ഷിജുവിന്റെ മുഖത്തും ചെറിയൊരു ചിരി വിരിഞ്ഞു.

എങ്കിലും അയാൾ അവരുടെ അടുത്തേക്ക് പോയില്ല.

പ്രേത്യേകിച്ചു കരണമൊന്നും ഇല്ലെങ്കിലും എന്നോ ഹിമയോട് തോന്നിയ അകൽച്ച അവളുടെ അടുത്തേക്ക് ചെല്ലുന്നതിൽ നിന്നും അയാളെ വിലക്കി.

************

തുടരും.