26/05/2026

ഇനിയും : ഭാഗം 03

രചന – അഞ്ജു തങ്കച്ചൻ

നേരം നന്നേ വൈകിയാണ് അമൃത വീട്ടിലേക്ക് തിരിച്ചു വന്നത്.

എവിടെയായിരുന്നെടീ ഇത്രേം നേരം?
കലിതുള്ളിക്കൊണ്ട് ഹിമ ചോദിച്ചു.

ഞാൻ ആ പാടവരമ്പത്ത് ഉണ്ടായിരുന്നു അമ്മേ.

അവിടെ ആരിരിക്കുന്നെടീ ഏതു നേരോം അവിടെ പോയിരിക്കാൻ.

ഇവിടെ സമാധാനം തരില്ലല്ലോ നിങ്ങൾ.

ആരാടീ നിനക്ക് സമാധാനം തരാത്തത് ഞാനോ, നിനക്ക് വേണ്ടി ജീവിച്ചു ജീവിച്ച് ജന്മം പാഴാക്കിയ എന്നോട് തന്നെ നീയിതു പറയണം.
അതെങ്ങനാ അപ്പന്റെ തനി സ്വഭാവം അല്ലേ…

ഒന്ന് മിണ്ടാതിരിക്ക് അമ്മേ, അവൾ ചെവി പൊത്തിപ്പിടിച്ചു.

എന്നോട് എതിര് പറയാറായോ നീ. ഹിമയുടെ നീട്ടിവളർത്തിയ നഖം അമൃതയുടെ കൈത്തണ്ടയിൽ പാടുകൾ വീഴ്ത്തി.

അയ്യോ…. ഈ അമ്മ…,അവൾ കൈ തടവിക്കൊണ്ട് അകത്തേക്ക് കയറി പോയി.

സ്വന്തം മുറിയിൽ കയറി വാതിൽ അടച്ചതും,അവളുടെ കണ്ണുകൾ പൊട്ടിയൊലിച്ചു.

കൈത്തണ്ടയിൽ ചുവന്ന പാടുകൾ… ചെറിയ നീറ്റലും ഉണ്ട്.

അവൾക്ക് വല്ലാത്ത സങ്കടം തോന്നി.

എടീ അമ്മുവേ…. നീയീ കതക് അടച്ച് മുറിയിൽ എന്ത് ചെയ്യുവാ..
അച്ഛമ്മയാണ്.

അവൾ വാതിൽ തുറന്നു.

എന്താ അച്ഛമ്മേ…?

നീ പോയി പാൽ വാങ്ങിക്കൊണ്ട് വാ..
ചായ കുടിക്കാൻ നേരമായില്ലേ

ഉം ഞാൻ പോയിട്ട് വരാം.

അവൾ അടുക്കളയിൽ പോയി കുപ്പിയും എടുത്ത് അയൽവക്കത്തെ വീട്ടിലേക്ക് പോയി.

അച്ഛമ്മ വീട്ടിൽ ഒരു ജോലിയും ചെയ്യാൻ കൂടാറില്ല. അതുകൊണ്ട് തന്നെ പറ്റുന്ന എല്ലാ ജോലികൾക്കും അമ്മയോടൊപ്പം താനും കൂടാറുണ്ട്.

രാവിലെ ജോലികൾ ഒക്കെ ചെയ്യാൻ കൂടിയിട്ടാണ് സ്കൂളിലേക്ക് പോകാറുള്ളത്
പഠിത്തത്തിൽ ഒന്നാമത് ഒന്നുമല്ലെങ്കിലും മുൻപന്തിയിൽ തന്നെയാണ്, അതുകൊണ്ട് അമ്മ ആ കാര്യത്തിൽ വഴക്ക് പറയാറൊന്നും ഇല്ല.

ഒരു തരത്തിൽ ചിന്തിച്ചാൽ അമ്മയെക്കുറിച്ചോർക്കുമ്പോൾ പാവം തോന്നും.

നേരം വെളുക്കുമ്പോൾ മുതൽ ഓരോരോ ജോലികൾ, എന്നിട്ടും ഒരു നല്ല വാക്ക് പോലും അച്ഛനോ അച്ഛമ്മയോ പറയുന്നത് താനിതു വരെ കേട്ടിട്ടില്ല.

പക്ഷെ അച്ഛനെയും കുറ്റം പറയാൻ ഒക്കില്ല. അമ്മ സ്നേഹത്തോടെ ഒന്ന് മിണ്ടുന്നത് പോലും കേട്ടിട്ടില്ല.
എപ്പോഴും ഇല്ലായ്മയോ,കുറ്റമോ അല്ലാതെ അമ്മ പറയാറില്ല.

അവർ സ്നേഹത്തോടെ അടുത്തിരിക്കുന്നതും, സംസാരിക്കുന്നതും കാണാൻ വല്ലാത്ത ആഗ്രഹമുണ്ട്.

പക്ഷെ ഇതുവരെയും അതിനുള്ള ഭാഗ്യം കിട്ടിയിട്ടില്ല.

ചിലപ്പോൾ ഈ വീട്ടിൽ നിന്നും എങ്ങോട്ടെങ്കിലും ഇറങ്ങി പോകാൻ തോന്നും.

പക്ഷെ അമ്മയെ, അച്ഛനെ,ഓർക്കുമ്പോൾ എങ്ങും പോകാൻ തോന്നില്ല. അവർക്ക് ഞാനല്ലേ ഉള്ളൂ….

ഓരോന്ന് ആലോചിച്ചു നടക്കുമ്പോഴാണ്, അച്ഛൻ നടന്നു വരുന്നത് അവൾ കണ്ടത്.

അമ്മു എവിടെ പോകുന്നു?

പാല് വാങ്ങാൻ പോകുവാ അച്ഛാ..

എന്നാൽ പോയേച്ചും വാ… ഞാൻ നല്ല ചൂടുള്ള നെയ്യപ്പം വാങ്ങിയിട്ടുണ്ട്.

ശരി ഞാൻ വേഗം വരാം അച്ഛാ..

അവൾ അച്ഛൻ പോകുന്നത് നോക്കി നിന്നു.
പാവം… ഒത്തിരി കഷ്ടപ്പെടുന്നുണ്ട്.

എന്നെങ്കിലും അച്ഛനും അമ്മയും സ്നേഹത്തോടെ കഴിയുന്ന ഒരു ദിവസം ഉണ്ടാകുമോ?

**********

പിറ്റേന്ന് രാവിലെ

ഉണങ്ങിയ തുണികൾ എല്ലാം എടുത്ത് മടക്കി വയ്ക്കുമ്പോഴാണ് അമൃത അമ്മയുടെ സാരി കണ്ടത്.

ചുവപ്പിൽ നിറയെ വെളുത്ത പൂക്കൾ നിറഞ്ഞ ആ കോട്ടൺ സാരികണ്ട് അവൾക്ക് ഏറെ ഇഷ്ട്ടം തോന്നി.

അവൾ സാരി എടുത്ത് മുറിയിലേക്ക് പോയി.
വാതിൽ അടച്ചിട്ട് അവൾ ആ സാരി ശരീരത്തോട് ചേർത്ത് വച്ചു.

കൊള്ളാം ഈ കളർ തനിക്കും നന്നായി ചേരുന്നുണ്ട്.

സാരി ഉടുക്കാൻ അറിയില്ല പക്ഷെ ഈ സാരി ഒന്നുടുക്കാൻ വല്ലാത്ത മോഹം തോന്നുന്നു.

അവൾ യൂട്യൂബ് നോക്കി സാരി ഉടുക്കാൻ ശ്രെമിച്ചു.

അത്ര ഭംഗി ആയിട്ടില്ലെങ്കിലും ഒരുവിധം ഒപ്പിച്ചു.

കണ്ണാടിയിൽ നോക്കിയപ്പോൾ അവൾക്ക് തെല്ലുസന്തോഷം തോന്നി.
അത്യാവശ്യം ഉയരം ഉള്ളത് കൊണ്ട് സാരി ഉടുത്തപ്പോൾ ഒരു ഭംഗി ഒക്കെയുണ്ട്.

സാരി ഒക്കെ ഉടുത്ത് ഒരു ദിവസം പോകണം.
തന്റെ മനസ് കവർന്ന വിശ്വനാഥൻ എന്ന ആളുടെ മുന്നിൽ ചെന്നു നിൽക്കണം.
അന്ന് ഇഷ്ട്ടം പറഞ്ഞപ്പോ എന്താ പറഞ്ഞത് ഞാൻ ചെറിയ കുട്ടിയാണ് പോലും, ,ഈ പ്രായത്തിൽ ഇങ്ങനൊക്കെ തോന്നുമാത്രേ,പോയി പഠിച്ചു മിടുക്കി ആകാൻ.

അവൾ ചാഞ്ഞും ചരിഞ്ഞും കണ്ണാടിയുടെ മുന്നിൽ നിന്നു.
ശ്ശൊ… സാരി ഉടുത്തിട്ട് വല്യ ഷേപ്പ് ഒന്നും ഇല്ല. എപ്പഴാണാവോ താൻ വലുതാകുന്നത്. ഇതിപ്പോ മാറിടങ്ങൾക്കൊന്നും ഒരു വലിപ്പവും ഇല്ല… നല്ല ഭംഗിയുള്ള ശരീരം ഉണ്ടെങ്കിലേ സാരി ഒക്കെ കുടുതൽ ചേരുക.അവൾക്ക് അൽപ്പം നിരാശ തോന്നി.

അമ്മൂ…. നീയവിടെ എന്ത് ചെയ്യുവാ?
അമ്മയുടെ വിളി കേട്ടതും, അവൾ വാതിൽ തുറന്നു.

നോക്കമ്മേ ഞാൻ സാരി ഉടുത്തു. നന്നായിട്ടുണ്ടോ?

നീയിവിടെ ഓരോ വേഷവും കെട്ടിക്കൊണ്ട് നിന്നോ. നിനക്ക് സ്കൂളിൽ പോകണ്ടേ..

പോകണം.

എന്നാ പോകാൻ നോക്ക്, മുട്ടേന്നു വിരിഞ്ഞില്ല അതിനു മുൻപ് അവൾ സാരി ഉടുക്കാൻ നോക്കുന്നു.
ഇങ്ങോട്ട് താടീ… അത് മുഴുവൻ ചളി ആക്കാതെ.

ഓഹ്… ഇന്നാ അമ്മേടെ സാരി.

അവൾ സാരി അഴിച്ച്‌ അമ്മക്ക് കൊടുത്തു.

വേഗം യൂണിഫോം ധരിച്ചു. പോകാൻ ഇറങ്ങി.

അമ്മൂ… ഭക്ഷണം കഴിച്ചിട്ട് പോ.. ഇടിയപ്പം ഉണ്ടാക്കിയിട്ടുണ്ട്.

എനിക്ക് വേണ്ട….അവൾ ഉച്ചത്തിൽ പറഞ്ഞ് കൊണ്ട് അവൾ വഴിയിലേക്ക് ഇറങ്ങി ഓടി.

ഓഹ്… ഈ കൊച്ചിന്റെ ഒരു കാര്യം.ഒന്നും കഴിക്കാതെയാ പോക്ക്.

അമ്മു വേഗത്തിൽ നടന്നു.
ഇപ്പോൾ പോയാൽ തന്റെ മനസ് മോഷ്ടിച്ച ആളെ കാണാൻ പറ്റും.

താനെന്താണ് വിളിക്കേണ്ടത് വിശ്വേട്ടൻ എന്ന് വിളിച്ചാലോ? അയ്യേ… അതൊക്കെ ചുമ്മാ കൊള്ളില്ല,പഴയ ആൾക്കാർ വിളിക്കുന്നത്‌ പോലെ ചേട്ടാ, ഏട്ടാ.. ചേട്ടായീ എന്നൊക്കെ വിളിക്കാൻ നാണം ആകും.

വിശ്വനാഥൻ ചുരുക്കി വിശുന്ന് വിളിച്ചാലോ.

അയ്യേ വിശുവോ… അവൾ സ്വയം ചിരിച്ചു…
അവളുടെ കവിളിണകൾ ചുവന്നു.

പെട്ടന്നവൾ കണ്ടു. മുന്നിലായി നടന്നു പോകുന്ന വിശ്വനാഥിനെ.

അവളുടെ ഹൃദയം അതിദ്രുതം മിടിച്ചു.

ഈശ്വരാ…. തൊണ്ട വരളുന്നത് പോലെ.

പോയി മിണ്ടിയാലോ…?

എന്തായാലും പോയി മിണ്ടാം.

അവൾ അയാൾക്ക്‌ തൊട്ട് പിറകിൽ എത്തി.

************

തുടരും.