18/04/2026

ഇനിയും : ഭാഗം 01

രചന – അഞ്ജു തങ്കച്ചൻ

അതേ.. അവിടൊന്ന് നിന്നേ.. എനിക്കൊരു കാര്യം പറയാനുണ്ട്.

തൊട്ട് മുന്നിൽ വന്ന് നിന്ന് കണ്ണിൽ നോക്കി
ധൈര്യത്തോടെ സംസാരിക്കുന്ന കുട്ടിയെ അയാൾ നോക്കി.

എന്താ കുട്ടീ?

കുറേക്കാലമായി ചേട്ടനോട് പറയണമെന്ന് വിചാരിച്ചിട്ട്.

എന്തായാലും പറയൂ കുട്ടി…

ഞാനത്ര കുട്ടിയൊന്നുമല്ല, എന്റെ പേര് അമൃത… വീട്ടിൽ അമ്മൂന്ന് വിളിക്കും.

ശരി.. എന്താ പറയാൻ ഉണ്ടെന്നുപറഞ്ഞത്.

അത് പിന്നെ….. ഇത്തവണ അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം കണ്ടു.

എന്താ മോളേ… എന്തിനാ മടിക്കുന്നത്?

ഓഹ്… വീണ്ടും മോൾ.. എനിക്കിങ്ങനൊന്നും വിളിക്കുന്നത്‌ കേട്ടൂടാ..

എന്നാൽ പറയൂ അമ്മൂ…

അത് പിന്നെ ചേട്ടനെ എനിക്ക് വലിയ ഇഷ്ട്ടമാണ്. അതൊന്ന് പറയാൻ വേണ്ടിയാ… വന്നത്.

അയാൾ അത് കേട്ടതും ഉറക്കെ ചിരിച്ചു.

ഞാനെന്താ വല്ല തമാശയും പറഞ്ഞോ ഇത്ര ചിരിക്കാൻ.
അവളുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി, മുഖം ചുവന്നു.

എന്റെ മോളേ… ഞാൻ നല്ല പ്രായത്തിൽ വിവാഹം കഴിച്ചാൽ എനിക്ക് നിന്റെ പ്രായമുള്ള കുട്ടി കണ്ടേനെ.

മോളുടെ ഈ പ്രായത്തിൽ ഇങ്ങനൊക്കെ തോന്നും, തോന്നണം. അതൊന്നും തെറ്റല്ല.

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.

നീണ്ട കണ്ണുകളിൽ നീർ പൊടിഞ്ഞിട്ടുണ്ട് അവൾ പെട്ടന്ന് കണ്ണുകൾ താഴ്ത്തി.

അയാൾക്ക്‌ അവളോട്‌ വല്ലാത്ത വാത്സല്യം തോന്നി.

മോളിപ്പോൾ പഠിക്കണ്ടപ്രായമല്ലേ, ഇത്തരം ചിന്തകളെ ഒക്കെ മറന്ന് നല്ലോണം പഠിക്കാൻ നോക്ക്.
അയാൾ അവളുടെ മുഖത്ത് തട്ടി.
ചെല്ല്… സ്കൂൾ വിട്ടിട്ട് കുറേ നേരം ആയിക്കാണുമല്ലോ അയാൾ വാച്ചിൽ നോക്കി.

മോൾ വീട്ടിൽ പോകാൻ നോക്ക്.

ഇതെന്തൊരു മനുഷ്യൻ…. ഒരു സുന്ദരിക്കൊച്ച്‌ വന്ന് ഇഷ്ട്ടം പറഞ്ഞപ്പോൾ ജാഡ….ഹും… അവൾ പിറുപിറുത്തു.

എന്താ പറഞ്ഞത്?

ഒന്നും പറഞ്ഞില്ല ചേട്ടാ… അവൾ മുഖം വീർപ്പിച്ചു.

നിഷ്കളങ്കതയും, കുസൃതിയും തുടിച്ചുനിൽക്കുന്ന ആ മുഖത്തേക്ക് അയാൾ നോക്കി.നീളമേറിയ വിടർന്നകണ്ണുകൾ,കട്ടിയുള്ള കൂട്ട്പുരികങ്ങൾക്ക് നടുവിൽ ഒരു ചെറിയ പൊട്ടു വച്ചിട്ടുണ്ട്.മേൽച്ചുണ്ടുകൾക്ക് മുകളിൽ തെളിഞ്ഞു കാണാവുന്ന സ്വർണ്ണ നിറമാർന്ന രോമങ്ങൾ.
രണ്ടായി മെടഞ്ഞിട്ട നീളം കുറഞ്ഞ മുടി. സ്കൂൾ യൂണിഫോം ധരിച്ചു, ബാഗും തൂക്കി നിൽക്കുകയാണ്.

കുറുമ്പി…അയാൾ ചിരിച്ചുകൊണ്ട്
തന്റെ ബൈക്കിനരുകിലേക്ക് നടന്നു.

അമ്മക്ക് രണ്ടുദിവസമായി വല്ലാത്ത കാലുവേദനയാണ്. കുഴമ്പ് വാങ്ങണമെന്ന് കാലത്തുകൂടെ പറഞ്ഞു.
നിനക്ക് പ്രായം നൽപ്പതായി.എന്റെ കണ്ണടയും മുൻപ് നീയൊന്നു പെണ്ണ് കെട്ടി കാണണമെന്നാണ് ആശയെന്ന് അമ്മ എപ്പോഴും പറയും.

പക്ഷെ ഒരിക്കൽ മനസ് കൊടുത്ത ഒരു പെണ്ണുണ്ട്. ഒന്നിച്ച് ഒരുപാട് സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയതാണ്. പക്ഷെ ഒരുദിവസം എല്ലാം ഉപേക്ഷിച്ചവൾ പോയി

അവളെയല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ തനിക്കൊരിക്കലും കഴിയില്ല

അമ്മയാണ് തന്റെ ലോകം.അമ്മയുടെ മുപ്പത്തിയേഴാമത്തെ വയസിൽ ഉണ്ടായ ഒരേയൊരു സന്താനമാണ് താൻ. തന്റെ ജനന ശേഷം അച്ഛൻ അമ്മയെയും, തന്നെയും ഉപേക്ഷിച്ചു പോയി. അച്ഛനിപ്പോൾ മറ്റൊരു കുടുംബമുണ്ട്.
ഈ ലോകത്തിൽ തനിക്ക് അമ്മ മാത്രമേയുള്ളൂ.. അമ്മക്ക് താനും.

അയാൾ ബൈക്ക് സ്റ്റാർട്ട്‌ആക്കി.

പെൺകുട്ടി അപ്പോഴും അവിടെ നിൽപ്പുണ്ട്.

അയാൾ അവളെ കടന്ന് പോകാൻ തുനിഞ്ഞതും അവൾ പെട്ടന്ന് റോഡിലേക്ക് കയറി നിന്നു.

അതേ… ചേട്ടാ..

അയാൾ പെട്ടന്ന് ബൈക്ക് വെട്ടിച്ചു മാറ്റി.

ഇതെന്ത് ഭാവിച്ചാണ് കൊച്ചേ… ഇപ്പോൾ ബൈക്ക് ഇടിച്ചേനെ.

ചേട്ടാ… തമാശ പറഞ്ഞതല്ല. ഉള്ളത് ഞാൻ ആരോടും തുറന്നു പറയും. എനിക്ക് ഒത്തിരി ഇഷ്ട്ടമാ അതാ ഞാൻ തുറന്ന് പറഞ്ഞത്.

ഒന്ന് പോ കൊച്ചേ…മൊട്ടേന്നു വിരിഞ്ഞില്ല. പോയി വല്ലോം രണ്ടക്ഷരം പഠിക്കാൻ നോക്ക്.

അയാൾ പോയതും അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
പത്താം ക്ലാസ്സിൽ പഠിക്കുന്ന ഞാൻ കുട്ടിയാണ് പോലും. ഹും…

*********

ദേ… നിങ്ങൾ ഒന്നിങ്ങു വന്നേ..

ഹിമയുടെ വിളി കേട്ട് ഷിജു അങ്ങോട്ട് ചെന്നു.

എന്താടീ…?

ഇങ്ങ് വാ പറയാം. ഓഹ് എനിക്ക് ഒന്നാമത് സമയം തികയുന്നില്ല അതിനിടക്ക്….
അയാൾ പിറുപിറുത്തുകൊണ്ട് അടുത്തേക്ക് ചെന്നു.
ഇനി പറ എന്താ?

ദേ… അങ്ങോട്ട് നോക്കിക്കേ.
അവൾ വിരൽ ചൂണ്ടിയിടത്തേക്ക് അയാൾ നോക്കി.

ഒരു ചെറിയ പൂച്ചകുഞ്ഞ്..

ഇത് കാണാനാണോ നീയിപ്പം എന്നെ വിളിച്ചത്, ഞാൻ എന്തേലും പറഞ്ഞാൽ കൂടി പോകും കേട്ടോ, ഒന്നാമത് ജോലിയുടെ ടെൻഷൻ…
തലക്കു ഭ്രാന്ത് പിടിപ്പിക്കും.

അതിന് ഞാൻ എന്ത് ചെയ്തു?
ഒരു പൂച്ചകുഞ്ഞിനെ കാണിച്ചു തന്നത് അത്ര വലിയ തെറ്റാണോ?

ദേ…. ഹിമേ… അയാൾ ദേഷ്യം കൊണ്ടു വിറച്ചു.

നിങ്ങൾ ഇത്ര കെടന്നുദേഷ്യപ്പെടേണ്ട കാര്യം ഒന്നുമില്ല.

ഓഫീസിൽ ഇരുന്നു തീർക്കാൻ നോക്കിയിട്ടും ജോലി തീരാത്തത് കൊണ്ടാ വീട്ടിൽ വന്ന് ഈ ലാപ്ടോപ് കുത്തിക്കൊണ്ടിരിക്കുന്നത്, അതിനിടക്ക് അവളുടെ ഒരു പൂച്ചകുഞ്ഞ്.
ഞാൻ എന്ത് തെറ്റ് ചെയ്‌തോ, ഇതുപോലെ ഒരെണ്ണത്തിനെ കെട്ടി പണ്ടാരമടങ്ങാൻ.
അയാൾ സ്വന്തം തലയിൽ തട്ടി.

ഞാൻ ചോതിച്ചില്ലല്ലോ എന്നെ കെട്ടുമോന്ന്, നിങ്ങൾ എന്നെ പെണ്ണുകാണാൻ വന്ന് ഇഷ്ട്ടപ്പെട്ടു കെട്ടിയതല്ലേ?

അതേ… അങ്ങനെ ഒരബദ്ധം പറ്റിപ്പോയി.

ഓ… അത് അബദ്ധം പറ്റിയതാണല്ലേ? അവളുടെ മുഖം ചുവന്നു.

അതെ… അല്ലെങ്കിൽ ഇങ്ങനൊരെണ്ണം എന്റെ കൂടെ കൂടില്ലായിരുന്നു.

പെണ്ണ് കാണാൻ വന്നപ്പോൾ ഇങ്ങനൊന്നും ആയിരുന്നില്ലല്ലോ, എന്നെ മാത്രേ കെട്ടൂ എന്നും പറഞ്ഞാരുന്നല്ലോ

അന്ന് ഈ മോന്ത കണ്ട് ഇഷ്ട്ടം തോന്നി, ശരിയാ. തലയിൽ ഒന്നുമില്ലാത്ത ഒരെണ്ണമാണെന്ന് അന്ന് മനസിലായില്ല.

തലയിൽ ഒന്നും ഇല്ലെന്നു നിങ്ങൾ തന്നെ പറയണം.
ഡിഗ്രി കഴിഞ്ഞു ബാക്കി പഠിപ്പിച്ചോളാം എന്നും പറഞ്ഞായിരുന്നല്ലോ കെട്ടിയത്, എന്നിട്ട് ബാക്കി പഠിപ്പിച്ചോ നിങ്ങൾ?

അമൃത മുറിയിലിരുന്ന് കാത് രണ്ടും പൊത്തിപ്പിടിച്ചു.

മിക്കവാറും ദിവസങ്ങളിൽ ഇത് തന്നെയാണ് ഇവിടുത്തെ അവസ്ഥ.
ഒന്നും രണ്ടും പറഞ്ഞ് അച്ഛനും അമ്മയും വഴക്കാണ്.

സത്യം പറഞ്ഞാൽ സ്കൂളിൽ നിന്നും ഇങ്ങോട്ട് വരുന്നത് ഇഷ്ട്ടമല്ലാതായിരിക്കുന്നു.

അവൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി

എടീ അമ്മൂ… ഇന്നും നിന്റെ അമ്മ എന്റെ ചെറുക്കന് സമാദാനം കൊടുക്കില്ല എന്നാ തോന്നുന്നത്.
അച്ഛമ്മയാണ്.

നിനക്ക് ഒന്ന് പറഞ്ഞ് കൊടുത്തുകൂടെ വെറുതെ അച്ഛനോട് വഴക്ക് ഉണ്ടാക്കരുതെന്ന്.

അവൾ തല വെട്ടിച്ചു നടന്നു പോയി.

ഓഹ്… ആ തള്ളയുടെ അല്ലേ മോള്.
എന്റെ ചെറുക്കന്റെ ഭാവി പോയി. അതെങ്ങനാ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടതല്ലേ അനുഭവിക്കട്ടെ.

*********
തുടരും