രചന – അഞ്ജു തങ്കച്ചൻ
ശരണ്യ അമ്മുവിന്റെ വീട്ടിലേക്ക് നടന്നു.
അടുത്തെത്തുമ്പോൾ തന്നെ കേട്ടു.അവിടുത്തെ അമ്മയുടെ ഉച്ചത്തിലുള്ള ശക്കാരം.
തിന്ന് മുടിപ്പിക്കാൻ വേണ്ടി വന്ന് കയറിയതാ നീ…ഓഹ് എന്റെ ചെറുക്കന്റെ ഗതികേട്…
അവർ ഹിമയോടാണ് പറയുന്നതെന്ന് വ്യക്തം.
ശരണ്യ ഒരുവേള നിന്നു.
ഇപ്പോൾ അങ്ങോട്ട് പോകണോ?
വേണ്ട… ഇപ്പോൾ പോയാൽ ശരിയാകില്ല. അവൾ സ്വയം ചിന്തിച്ചു.
ഇപ്പോൾ പോയാൽ താൻ പറയുന്നതു കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരിക്കില്ല ഹിമ…
അവൾ ആ വീടിന് സൈഡിലൂടെയുള്ള മൺവഴിയിലൂടെ തന്റെ വീട്ടിലേക്ക് പതിയെ നടന്നു..
നടക്കുമ്പോൾ അവൾ കണ്ടു, വീടിന്റെ പിന്നാമ്പുറത്ത് ഇറങ്ങിവന്ന് നിൽക്കുന്ന ഹിമയെ…
ഓരോ ദിവസവും കഴിയുംതോറും വല്ലാതെ മെലിഞ്ഞു വരുന്ന ഹിമയെ കണ്ടപ്പോൾ ശരണ്യക്ക് പാവം തോന്നി.
നന്നേ വെളുത്ത മുഖമാണെങ്കിലും കവിളുകൾ ഒട്ടി, തീരെ പ്രസാദം ഇല്ലാത്ത മുഖമാണ് ഹിമയുടേത്..
കവിളുകൾ അമർത്തി തുടക്കുന്നത് കണ്ടപ്പോൾ അവൾ കരയുകയാണോ എന്ന് ശരണ്യക്ക് തോന്നി.
സത്യത്തിൽ അമ്മുവിനെ ശ്രെദ്ദിക്കാൻ പോയിട്ട്, സ്വയം സമാധാനത്തോടെ ഇരിക്കാൻ പോലും പറ്റാത്ത അവളോട് ശരണ്യക്ക് സഹതാപം തോന്നി.
വീട്ടിൽ ചെന്ന് ഡ്രസ്സ് മാറി, അമ്മയെ വീൽചെയറിൽ ഇരുത്തി മുറ്റത്തേക്ക് കൊണ്ടുവന്നു.
വൈകുന്നേരം ഇളംകാറ്റേറ്റ് കുറച്ച് നേരം മുറ്റത്ത് ഇരിക്കാൻ അമ്മക്ക് വലിയ ഇഷ്ട്ടമാണ്.
പതിനഞ്ചു വർഷത്തിൽ ഏറെ ആയി, അമ്മ അരക്ക്താഴേക്ക് തളർന്ന് പോയിട്ട്.
ആദ്യമാദ്യം എനിക്ക് മരിച്ചാൽ മതിയെന്ന് പറഞ്ഞമ്മ കരച്ചിൽ ആയിരുന്നു.
ഇപ്പോൾ അമ്മക്ക് വിഷമം ഒന്നുമില്ല അമ്മ അതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.
വീൽചെയറിൽ ഇരുത്തിയാൽ അമ്മ പാചകത്തിനൊക്കെ കൂടും.
അന്ന് അമ്മയോടൊപ്പം മുറ്റത്തിരിക്കുമ്പോൾ, അപ്പുറത്ത് അലക്കുകല്ലിൽ തുണി അലക്കുന്ന
ഹിമയെ ശരണ്യ കണ്ടു.
അമ്മേ ഞാനിപ്പം വരാമേ…
അവൾ ഹിമയുടെ അടുത്തേക്ക് ചെന്നു.
ഹിമ ഒന്ന് നോക്കി പുഞ്ചിരിച്ചു…
ഹിമ അധികം പുറത്തേക്ക് ഇറങ്ങുന്നതോ, ആളുകളോട് സംസാരിക്കുന്നതോ ഇതുവരെയും കണ്ടിട്ടില്ല. ഉൾവലിഞ്ഞ സ്വഭാവമാണ്.
ശരണ്യ അവളോട് ഒരുപാട് എന്തൊക്കെയോ സംസാരിച്ചു…
ഒരു ചെറുചിരിയോടെ എല്ലാം കേട്ട ഹിമക്ക്, ശരണ്യയുടെ വാതോരാതെയുള്ള സംസാരം ഇഷ്ട്ടമായി.
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം എന്തെങ്കിലും കാരണം ഉണ്ടാക്കി ശരണ്യ ഹിമയുടെ അടുത്ത് ചെല്ലും.
പതിയെ പതിയെ ഹിമ ശരണ്യയുമായി നല്ല കൂട്ടായി…
ഒരുകണക്കിന് നോക്കിയാൽ ഹിമയുടെ കാര്യം കഷ്ടമാണ്. ഒരു നിമിഷം സമാധാനം കൊടുക്കാത്ത ഒരു അമ്മായിയമ്മയാണ് അവൾക്കുള്ളത്.
എങ്കിലും ചിലപ്പോൾ ഹിമയും അവരോടു വല്ലാതെ തട്ടിക്കയറാറുണ്ട്.
ശരണ്യയുമായി നല്ല സൗഹൃദത്തിൽ ആയതുകൊണ്ട് ഹിമ ഇടക്കൊക്കെ അവളോട് മനസ് തുറക്കാറുണ്ട്.
ശരണ്യക്കതുകേൾക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നും.തന്നോളം പോലും പ്രായമില്ലാത്ത ഒരു പെണ്ണാണ്… കൂടിവന്നാൽ മുപ്പത്തിയഞ്ചോ മുപ്പത്തിയാറോ വയസ് പ്രായം കാണും.
കുടുംബത്തിൽ സമാധാനം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ.
അന്ന് വൈകുന്നേരം ഹിമ ശരണ്യയുടെ വീട്ടിൽ ചെന്നു.
ശരണ്യയുടെ അമ്മ അച്ചാർ ഉണ്ടാക്കുന്ന തിരക്കിൽആയിരുന്നു.
വീൽചെയറിൽ ഇരുന്നാണെങ്കിലും മാങ്ങാ അരിഞ്ഞ്, വേണ്ടുന്ന ചേരുവകൾ ഒക്കെ ചേർത്ത് രുചികരമായ അച്ചാർ ഉണ്ടാക്കി ഹിമക്ക് രുചി നോക്കാൻ കൊടുത്തപ്പോൾ ഹിമക്ക് അവരോട് ബഹുമാനം തോന്നി.
ശരണ്യ കടയിൽ പോയാലും, ഹിമ മിക്കവാറും ആ അമ്മയുടെ അടുത്ത് പോയിരിക്കുകയും. ശരണ്യ ചെയ്യുന്നത് പോലെ അമ്മയെ താങ്ങി എടുത്ത് വീൽചെയറിൽ ഇരുത്തി മുറ്റത്തൊക്കെ കൊണ്ടുപോകുകയും ചെയ്യും.
ഹിമ അന്ന് പതിവില്ലാതെ ടൗണിൽ പോയി എന്തൊക്കെയോ വാങ്ങി വരുന്നത് കണ്ടപ്പോൾ ശരണ്യ ചോദിച്ചു
എന്താ ഇന്ന് വിശേഷം കുറേ എന്തൊക്കെയോ വാങ്ങിയിട്ടുണ്ടല്ലോ?
പഠിച്ചു കൊണ്ടിരുന്ന സമയത്തൊക്കെ ഞാൻ മുത്ത് വച്ചും മറ്റും, മാലയും കമ്മലും കൊലുസുകളും ഒക്കെ ഉണ്ടാകാറുണ്ട്.
ഇന്നലെ എനിക്ക് തോന്നി എന്തുകൊണ്ട് അത് വീണ്ടും ആരംഭിച്ചു കൂടാ എന്ന്.
അത് കൊള്ളാമല്ലോ… നല്ല തീരുമാനമാണ്.
ഹിമ അതിമനോഹരങ്ങളായ മാലയും കമ്മലും ഒക്കെ ഉണ്ടാക്കുക മാത്രമല്ല അതൊക്കെ സോഷ്യൽ മീഡിയ വഴി കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്തു.
പതിയെ പതിയെ ,പുതുമയും വ്യത്യസ്തവുമായ അവളുടെ ഡിസൈനുകൾആളുകളെ ആകർഷിക്കുകയും, അവർ അത് വാങ്ങുകയും ചെയ്തു.
ഓർഡർ കിട്ടുന്നതിനനുസരിച്ചു അവൾകൂടുതൽ സമയം അതിനുവേണ്ടി ചിലവഴിക്കുകയും ചെയ്തു.അത് വഴി അത്യാവശ്യം നല്ല വരുമാനം നേടി
തുടങ്ങുകയും ചെയ്തു.
ഹിമയുമായി ഏറെ അടുപ്പത്തിൽ ആയ ശരണ്യ ഒരു ദിവസം ഹിമയോടെ അമ്മുക്കുട്ടിയെക്കുറിച്ച് സംസാരിച്ചു.
അവളുടെ ഒറ്റപ്പെടലും, വീട്ടിലെ സമാധാനമില്ലാത്ത അന്തരീക്ഷം അവളുടെ ഇളം മനസിനെ തകർത്ത കാര്യം ഒക്കെ പറഞ്ഞപ്പോൾ ഹിമയുടെ കണ്ണുകൾ നിറഞ്ഞു.
എനിക്കറിയാം.. ഞാൻ അവളുടെ അമ്മയല്ലേ, സത്യം പറഞ്ഞാൽ ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ വരെ എനിക്ക് തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ എന്റെ അമ്മുവിനെ ഓർത്താണ് ഞാൻ ഈ വീട്ടിൽ പിടിച്ച് നിന്നത്.
ഹിമയും ഷിജുവും തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഉണ്ടോ എന്ന് ചോദിച്ചാൽ… ഈ വീട്ടിലെ കാര്യങ്ങൾ എല്ലാം നടത്താനുള്ള ഒരാൾ മാത്രമായിട്ടാണ് ഷിജു എന്നെ കാണുന്നത്.
എന്ന് വച്ച് ഷിജുവിന് എന്നോട് തീരെ സ്നേഹം ഇല്ല എന്നൊന്നും അല്ല. ഓഫിസിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഷിജുവിന് ഉണ്ട്.
അതിന്റെ ദേഷ്യം ഒക്കെ ഇവിടെ വന്ന് തീർക്കും.
പിന്നെ ഇവിടുത്തെ അമ്മ വെറുതെ ഇരുന്ന് ഭക്ഷണം കഴിക്കുക മാത്രമല്ലെ ഉള്ളൂ…
ഇഷ്ടമുള്ളത് ഉണ്ടാക്കിക്കൊടുത്തില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും.
മൂക്ക് മുട്ടെ ഭക്ഷണവും കഴിച്ച് കിടന്നുറങ്ങുക മാത്രേ അമ്മ ചെയ്യൂ…
അതും കറിയൊക്കെ ചുമ്മാ എടുത്തു കഴിക്കും സത്യം പറഞ്ഞാൽ കാലത്തും വൈകിട്ടും ചോറും കറികളും ഒക്കെ ഉണ്ടാക്കണം, കൂടാതെ രാവിലത്തെ ബ്രേക്ഫാസ്റ്റ്, വൈകുന്നേരം ചായയുടെ കൂടെ വേറെ എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കണം.
അടുക്കളയിൽ നിന്നും ഇറങ്ങാൻ നേരമില്ല.
അതിനിടയിൽ നല്ലൊരു ഭാര്യയും അമ്മയും ഒക്കെ ആകാൻ മറന്നു.
എല്ലാത്തിനോടും ഒരുതരം വെറുപ്പായിരുന്നു.
എനിക്കറിയാം… എങ്കിലും ഞങ്ങൾക്കിടയിൽ അമ്മു വേദനിക്കുന്നത് നിങ്ങൾ മനസിലാക്കാണമായിരുന്നു.
എനിക്കത് അറിയാം, ചിലപ്പോൾ അവൾ ഉറങ്ങികിടക്കുമ്പോൾ ഞാൻ അവളുടെ അടുത്ത് ചെന്നിരിക്കും. ഈ വയറ്റിൽ പിറന്നു പോയെന്ന ഒറ്റക്കാരണം കൊണ്ട് കുഞ്ഞിലേ മുതൽ വേദനിക്കുന്ന എന്റെ കുഞ്ഞിനോട് ഞാൻ മാപ്പ് പറയും.
ഹിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സാരമില്ല അതൊക്കെ പോട്ടെ.. ശരണ്യ അവളെ ആശ്വസിപ്പിച്ചു.
ഈ പ്രായത്തിൽ അമ്മുവിനെ നല്ലോണം ശ്രദ്ദിക്കണം.
ശരണ്യയുടെ ശബ്‌ദം വല്ലാതെ ഉറച്ചതായിരുന്നു.
എന്താ അമ്മു വല്ല പ്രശ്നവും ഉണ്ടാക്കിയോ?
ഞാൻ പറയുന്നത് ഹിമ ഏതു രീതിയിൽ എടുക്കും എന്ന് എനിക്കറിയില്ല. പക്ഷെ എനിക്ക് പറയാതിരിക്കാൻ പറ്റില്ല..
എന്താ… എന്താ… പറയാനുള്ളത്?
ഹിമ പരിഭ്രമത്തോടെ ടെ ചോദിച്ചു..
**********
തുടരും

by