രചന – അഞ്ജു തങ്കച്ചൻ
ഒടുവിൽ അവൾ ഒരുറച്ച തീരുമാനത്തിൽ എത്തി.
ഇനിയിങ്ങനെ സ്വന്തം സന്തോഷവും, സമാധാനവും കളഞ്ഞ് ഇവിടെ തുടരേണ്ടതില്ല.
അമ്മുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം. അവൾക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ട്. അവൾക്ക് മനസിലാകും തന്റെ വേദനകളെ…
ഇനിയൊരു പുതിയ തുടക്കമാണ് വേണ്ടത്. താനും മോളും മാത്രമുള്ള ഒരു ജീവിതം.
അവളെ ഇനിയുള്ള കാലമെങ്കിലും തനിക്ക് മനസ് തുറന്നു സ്നേഹിക്കണം.
ഇത്രകാലവും തന്റെ സ്നേഹമൊന്നു പ്രകടിപ്പിക്കാൻ പോയിട്ട്, അവളുടെ നൊമ്പരങ്ങളിൽ പോലുമൊന്ന് കൂടെ നിൽക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. ഒരു മോശം അമ്മയായിരുന്നില്ലേ താൻ?
ഈ നരകത്തിൽ നിന്നും എന്റെ മോളേ എങ്കിലും രക്ഷിക്കണം.
ശനിയാഴ്ച അവധി ദിവസമാണല്ലോ മോളോട്
എല്ലാം തുറന്ന് പറയണം.
ഞായറാഴ്ച്ച ഷിജുവിന് ജോലി ഇല്ല, അന്ന് ഒരു തീരുമാനം ഉണ്ടാക്കണം. മാന്യമായി തന്നെ സംസാരിച്ച് ഇവിടുന്ന് ഇറങ്ങണം.
അത്യാവശ്യം സ്വർണ്ണം കൈയിലുണ്ട്, കൂടാതെ ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള പണം ബാങ്കിലും ഉണ്ട്.
പെട്ടന്ന് ഒരു ജോലി തരപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും,പിടിച്ച് നിൽക്കാനുള്ള പണം താനിപ്പോൾ നേടുന്നുണ്ട്.
കൂടുതൽ പുതുമയുള്ള, ഭംഗിയുള്ള, ആഭരണങ്ങൾ ഉണ്ടാക്കാൻ തനിക്ക് കഴിയും.
അതൊക്കെ വാങ്ങുവാനും ആളുകൾ ഉണ്ട്.
അത്യാവശ്യത്തിനുള്ള പണം അതിൽ നിന്നും കിട്ടും.
ഇപ്പോൾ മനസ്സിന് നല്ല ധൈര്യം ഉണ്ട്. ആർക്ക് മുന്നിലും അടിയറവ് വയ്ക്കാനുള്ളതല്ല ജീവിതം. താനിത് മനസിലാക്കിയത് വളരെ വൈകിയാണ്.
പക്ഷെ ഭാവിയിൽ തന്റെ മകൾ എങ്കിലും
വേണ്ടുന്ന സമയത്ത് തീരുമാനമെടുക്കാൻ മടിക്കാതിരിക്കണമെങ്കിൽ…. ഇവിടുന്ന് താൻ ഇറങ്ങിയേ പറ്റൂ..അവളും മനസിലാക്കട്ടെ ഒറ്റയ്ക്ക് ജീവിക്കാൻ ആർക്കും കഴിയും എന്നുള്ള വസ്തുത.
***********
പിറ്റേന്ന് മോൾക്കിഷ്ടമുള്ള ആഹാരം ഉണ്ടാക്കി കൊടുത്ത് അവളെ സ്കൂളിൽ അയച്ചു. പോകും മുൻപ് അവളുടെ നിറുകിൽ ചുംബിക്കാൻ ഹിമ മറന്നില്ല.
അമ്മുവും ആ സ്നേഹത്തിന്റെ ഇളം ചൂടിൽ സംതൃപ്തയായിരുന്നു..
അത് അവളുടെ ദിവസത്തെ ഉണർവുള്ളതാക്കി..
എല്ലാ ദിവസവും രാവിലെ പോകുന്ന വഴി വിശ്വനാഥനെ കാണാറുണ്ടെങ്കിലും അയാൾ അവളെ ശ്രെദ്ദിക്കാറില്ല.
അമ്മുവിനത് വിഷമം തന്നെയായിരുന്നു. അവൾ അയാളെ കൺനിറയെ നോക്കികാണും.
ഒന്നും വേണ്ട… വെറുതെ കണ്ടാൽ മാത്രം മതി.
ഉള്ളിൽ എവിടെയോ സന്തോഷത്തിന്റെ ഉള്ളറ തുറക്കും. അത് മതി..
**********
ശനിയാഴ്ച രാവിലത്തെ ഭക്ഷണം കഴിഞ്ഞതും ഷിജുവിന്റെ അമ്മ ഉറക്കത്തിനായി പോയി.
അമ്മക്ക് അത് ഒരു ശീലമാണ്. രാവിലെ ഏഴരയോട് കൂടി അമ്മ ആഹാരം കഴിക്കും. പിന്നെ പോയി കിടന്ന് ഉറങ്ങും. ഒരു പന്ത്രണ്ട് മണിയോടെ എഴുന്നേറ്റ് വന്നിട്ട് ഊണ് കഴിക്കും എന്നിട്ട് വീണ്ടും പോയി കിടന്നുറങ്ങും.
ഏകദേശം മൂന്നരയോടെ എഴുന്നേറ്റ് വന്ന് ചായയും കുടിച്ചു കഴിഞ്ഞാൽ പിന്നെ അമ്മ ടീവി കാണും.
അഞ്ച് മണിയാകുമ്പോൾ കുളിക്കാൻ കയറും.
കൃത്യം ആറ് മണിക്ക് വിളക്ക് വച്ച് പ്രാർത്ഥിക്കും. ഏഴ് മണിക്ക് അത്താഴം കഴിച്ചിട്ട് വീണ്ടും ടീവി കാണും.
ഷിജു വരുമ്പോൾ മോൾക്ക് എന്തെങ്കിലും പലഹാരം കൊണ്ടുവരുക പതിവാണ്.
പലഹാരം കൊണ്ടുവന്നാൽ അത് പൊതിയഴിച്ച് അതും കഴിച്ച് കഴിഞ്ഞിട്ടേ ഷിജുവിന്റ അമ്മ കിടന്നുറങ്ങൂ..
ചുരുക്കി പറഞ്ഞാൽ,തിന്നുക ഉറങ്ങുക അത് മാത്രമേ അമ്മക്ക് ഉള്ളൂ…
ഇങ്ങനെയൊക്കെ ആണെങ്കിലും ഷിജു എപ്പോൾ എന്റെ അടുത്ത് വന്നിരിക്കുന്നോ അപ്പോൾ തന്നെ അമ്മ വന്ന് തങ്ങളുടെ അടുത്തിരിക്കും.
നല്ല ഉറക്കത്തിൽ ആണെങ്കിലും ചാടി എഴുന്നേറ്റ് വരും. അതെങ്ങനെയെന്ന് മാത്രം തനിക്ക് ഒരു പിടിയും ഇല്ല.
രാത്രിയിൽ ഷിജുവും താനും തങ്ങളുടെ ബെഡ്‌റൂമിൽ ഇരിക്കുകയാണെങ്കിലും, അമ്മ കയറി വരും അടുത്തിരിക്കും.
സത്യം പറഞ്ഞാൽ രണ്ടെണ്ണം പറയാൻ തോന്നും. എങ്കിലും ഇനി താനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കേണ്ട എന്ന് കരുതി മൗനം പാലിക്കും.
എങ്ങാനും വല്ലപ്പോഴും ഷിജു എനിക്ക് ഒരു ഡ്രസ്സ് എടുത്തു തന്നാൽ അന്ന് മുഴുവനും അമ്മ വഴക്കുണ്ടാക്കും.
ഹും അവൻ പെണ്ണുമ്പിള്ളക്ക് മാത്രേ വാങ്ങിയുള്ളൂ എന്നും പറഞ്ഞ്…
ഇതൊക്കെ അമ്മായിയമ്മയിൽ നിന്നും നേരിടേണ്ടി വന്ന വിഷമങ്ങളാണ്.
ഷിജുവിന്റെ പെങ്ങൾ ഇതിലും കൂടുതൽ തന്നെ വേദനിപ്പിച്ചിട്ടുണ്ട്..
അതെല്ലാം ക്ഷമിക്കാം.ഷിജു ഒരിക്കലും തനിക്കൊപ്പം നിന്നില്ല.
ഷിജുവിന്റ ഭാര്യ മാത്രമല്ല ഷിജുവിന്റ കുഞ്ഞിന്റെ അമ്മ കൂടിയായിരുന്നില്ലേ താൻ.എന്നിട്ടും ഒരു പരിഗണനയും തനിക്ക് തന്നില്ല.
ഷിജുവിന് അമ്മയും പെങ്ങളും ഒക്കെയാണ് വലുത്.ഒരിക്കലും ഷിജുവിന്
നല്ലൊരു ഭർത്താവാകാൻ കഴിയില്ല.
ഒരർത്ഥത്തിലും ഷിജു നല്ലൊരു ഭർത്താവല്ല.
മോളെയും അമ്മയേയും നോക്കാൻ,വീട്ടിലെ ജോലികൾ ചെയ്യാൻ, കാശ് മുടക്കില്ലാത്ത ഒരു ജോലിക്കാരിയെയാണ് ഷിജുവിന് ആവശ്യം.
ഇനിയും ഇത് തുടരാൻ എനിക്ക് പറ്റില്ല മോളേ..
എല്ലാം അമ്മുവിനോട് തുറന്ന് പറഞ്ഞു ഹിമ.
ഓരോ കാര്യങ്ങളും കേൾക്കുമ്പോൾ തന്റെ കുഞ്ഞിനത് സഹിക്കാൻ കഴിയില്ലെന്നറിയാം.
പക്ഷെ അവൾ എല്ലാം അറിയട്ടെ, കഴിഞ്ഞ പതിനാറു വർഷങ്ങൾ അമ്മ ഉരുകി ജീവിച്ചത് അവൾ അറിയണം. കുറെയൊക്കെ അവൾ സ്വയം മനസിലാക്കിയിട്ടുണ്ടാകാം, എങ്കിലും അവൾ അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്.
പ്രണയമോ, വിവാഹമോ അല്ല ഒരു സ്ത്രീ ആദ്യം നേടേണ്ടത് എന്ന് അവളും മനസിലാക്കട്ടെ.
ആരില്ലെങ്കിലും സ്വയം ജീവിക്കാൻ അവൾ പ്രാപ്തയാവട്ടെ…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.
ഹിമയുടെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു..
അമ്മക്ക് ശരിയെന്നു തോന്നുന്നത് അമ്മ ചെയ്‌തോ,എന്നൊരു ഭാവം അവളുടെ മുഖത്ത് ഹിമ കണ്ടു.
അത് മതിയായിരുന്നു ഹിമക്ക്.
ഇനി നാളെ ഷിജു വീട്ടിൽ ഇരിക്കുമ്പോൾ എല്ലാം പറഞ്ഞവസാനിപ്പിച്ചിവിടെ നിന്നും ഇറങ്ങണം.
ശനിയാഴ്ച ആയത് കൊണ്ട് ഉച്ചയോടു കൂടി അമ്മു ട്യൂഷന് പോയി.
പത്താം ക്ലാസ്സിൽ ഇക്കൊല്ലം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ചിലരെയൊക്കെ കാണിക്കാനുണ്ട്..
അവൾ കുറുമ്പോടെ ഓർത്തു.
അഞ്ച് മണിയോട് കൂടി അമ്മു മടങ്ങി എത്തുമ്പോൾ ,വീട്ടിലേക്കുള്ള വഴിയിലൂടെ ഒരുപാടാളുകൾ പോകുന്നത് കണ്ട് അവൾ തിടുക്കത്തോടെ നടന്നു.
വീടിന് പരിസരത്തായി ആളുകൾ നിൽക്കുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളം പിടച്ചു..
എന്താണ് സംഭവം എന്നറിയാത്ത അവൾക്കരികിലൂടെ , ഉച്ചക്ക് പെട്ടന്നാണ് മരണം സംഭവിച്ചത് എന്ന് പറഞ്ഞ് കൊണ്ട് രണ്ട് ചേച്ചിമാർ കടന്നു പോയതും,
അമ്മു വിറങ്ങലിച്ചു നിന്നു….
**********
തുടരും.

by