17/04/2026

ലീനയുടെ അതിഥി : ഭാഗം 11

രചന – ഹരിത

സമയം രാത്രി 12മണി..
ചുറ്റും ചിവിടുകളുടെയും മൂങ്ങയുടെയും ശബ്ദങ്ങൾ മാത്രം..
ജോണിന്റെ വീടിനെ ലക്ഷ്യമാക്കി വരുന്ന അവന്റെ അതിഥിയെ അവ ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു…

അവന്റെ വീടിന്റെ മുൻവശത്തെ വാതിൽ വല്ലാത്തൊരു മുരൾച്ചയോടെ അവൾക്കുമുന്നിൽ തുറന്നുവന്നു….

നല്ല ഉറക്കത്തിലായിരുന്ന ജോൺ തന്റെ വീട്ടിലേക്കു വന്ന അതിഥിയുടെ കാര്യം അറിയുന്നുണ്ടായിരുന്നില്ല…

അവൾ അവന്റെ മുറിയെ ലക്ഷ്യമാക്കി നടന്നു…

അല്പംനേരംകഴിഞ്ഞ്………….

കട്ടിലിന്റെ ഒരുവശത്തെക്കു തിരിഞ്ഞുകിടന്ന ജോണിന്
തന്റെയടുത്താരോ
കിടക്കുന്നതുപോലെ തോന്നി …..
അർദ്ധബോധാവസ്ഥയിൽ അവൻ പതിയെ തന്റെ കൈകൾകൊണ്ട്
കട്ടിലിന്റെ മറുഭാഗത്തേക്ക് തൊട്ടുനോക്കി…
പക്ഷേ അവിടെയൊന്നുമുണ്ടായിരുന്നില്ല…
തനിക്ക് തോന്നിയതായിരിക്കുമെന്നു വിചാരിച്ചു അവൻ വീണ്ടും ഉറക്കത്തിലേക്കു വഴുതിവീണു….

സമയം കടന്നുപോയിക്കൊണ്ടിരുന്നു ….
തന്റെ ശരീരത്തിലാരോ
സ്പർശിക്കുന്നതുപോലെ തോന്നിയിട്ടാണ്
ജോൺ വീണ്ടും ഉറക്കത്തിൽ
നിന്നുമുണർന്നത്…. ഉറക്കച്ചടവോടെ അവൻ മുറിയിലെ ലൈറ്റിട്ടു… പക്ഷേ മുറിയിൽ അസാധാരണമായ
ഒന്നുംതന്നെയുണ്ടായിരുന്നില്ല….

ഉറക്കം തടസ്സപ്പെട്ടതിന്റെ ദേഷ്യത്തോടെ അവൻ ലൈറ്റ് ഓഫാക്കി വീണ്ടും കിടന്നു….
കണ്ണുകളടച്ചു…. പക്ഷേ ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല…

അങ്ങനെ കണ്ണുകളടച്ച് കിടക്കുന്ന സമയത്താണ് ആരോ തന്റെ ശരീരത്തിൽ കൈകൾക്കൊണ്ടു
ചുറ്റിപിടിക്കുന്നതുപോലെ ജോണിന് അനുഭവപ്പെട്ടത്… ഒരു ഞെട്ടലോടെ
കട്ടിലിൽനിന്നും ചാടിയെഴുന്നേല്ക്കാൻ ശ്രമിച്ച ജോണിന് അതിനുപക്ഷേ കഴിയുന്നുണ്ടായിരുന്നില്ല….
ആരോ ബലമായി അവനെ
പിടിച്ചുകിടത്തിയതുപോലെ…… അവനു തന്റെ ശബ്ദമുയർത്താൻപോലും കഴിയുന്നുണ്ടായിരുന്നില്ല….

“എന്താ ജോൺ…. നീയെന്തിനാ ഇങ്ങനെ പരിഭ്രമിക്കുന്നത്…. ഞാൻ നിന്റെ ആർഷയാ…………………. നീ പേടിക്കാതെ…
ഞാനിപ്പോളെന്തിനാ നിന്നെകാണാൻ തിരിച്ചുവന്നതെന്നു നിനക്കറിയാമോ…. നിനക്കൊർമ്മയുണ്ടോ പണ്ട് നീ എന്നെ ഒരു കാര്യത്തിനായി നിർബന്ധിച്ചത്… ആ കാര്യം നിനക്കു ചെയ്തുതരാനാണ് ഇന്നു ഞാനിവിടെയെത്തിയത്… “…. പാമ്പിന്റെ ശീൽകാരംപോലെ അവന്റെ ചെവിയുടെ അടുത്തുനിന്നും ആരോ മന്ത്രിച്ചു ….

ശരീരത്തിലൂടെ ഇടിമിന്നൽ കടന്നുപോയതുപോലെയുണ്ടായിരുന്നു ആ സമയം ജോണിന്..
അവൻ തന്റെ സർവ്വശക്തിയുമെടുത്ത് കട്ടിലിൽനിന്നുമെഴുന്നേൽക്കാൻ ശ്രമിച്ചു… കുറച്ചുനേരത്തെ പരിശ്രമത്തിനുശേഷം അവനതിൽ വിജയിക്കുകയും ചെയ്തു….

അവൻ വേഗം കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു… മുറിയിലെ ലൈറ്റ് ഓണാക്കി കട്ടിലിലേക്ക് നോക്കി…..
പക്ഷേ
അവിടെയൊന്നുമാരുമുണ്ടായിരുന്നില്ല… അവൻ കട്ടിലിനടിയിലും കർട്ടന്റെ മറവിലുമെല്ലാം പോയി നോക്കി….
ഒന്നുമില്ല……..
വാതിൽ അകത്തുനിന്നും
പൂട്ടിയിരിക്കുകതന്നെയാണ്…..

എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ജോൺ ഒരുനിമിഷം അന്തിച്ചുനിന്നു….

“ഏയ്യ്…. ഒന്നും തനിക്കു തോന്നിയതല്ല… സത്യമാണ്… പക്ഷേ ആർഷ…. “…… അവൻ സ്വയം അവനോടുതന്നെ പറഞ്ഞു….

ആ സമയം പെട്ടെന്നാണ് പുറത്തുനിന്നും ആരോ ഉച്ചത്തിൽചിരിക്കുന്ന ശബ്ദം ജോണിന്റെ കാതിൽവന്നുവീണത്…
പേടിയോടെയവൻ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചു…

“അതെ…, ഹാളിൽനിന്നുമാണ്… “… ജോൺ മനസിൽ പറഞ്ഞു….
അധികം വൈകാതെ ആ ചിരി നിലയ്ക്കുകയും ചെയ്തു….

രണ്ടുംകൽപ്പിച്ച് ഹോളിലേക്ക് പോയിനോക്കാൻതന്നെ ജോൺ തീരുമാനിച്ചു… വാതിൽതുറന്ന് ഹോളിലെത്തിയ അവൻ വേഗംതന്നെ അവിടത്തെ ലൈറ്റിട്ടു…

ഇല്ല….
അവിടെയൊന്നുമാരുമില്ല … അവൻ ആ ഹാൾമുഴുവൻ തന്റെ കണ്ണുകളോടിച്ചു….ഇല്ല… ആരുമില്ല…
പക്ഷേ അവനെ അവിടെ അത്ഭുതപ്പെടുത്തിയത്
മറ്റൊരുകാര്യമായിരുന്നു…
അവന്റെ ലാപ്ടോപ് ആരോ അവന്റെ മുറിയിൽനിന്നുമെടുത്തു ഹാളിലെ സോഫയിൽകൊണ്ടുവെച്ചിരിക്കുന്നു….
ജോണിനുറപ്പുണ്ടായിരുന്നു കിടക്കുന്നതിനു മുമ്പ് അവൻ ലാപ്ടോപ് അവന്റെ മുറിയിൽത്തന്നെയാണ് വെച്ചിരുന്നതെന്ന്..

തലയ്ക്ക് വല്ലാത്തൊരുഭാരംപോലെ ജോണിനപ്പോൾ തോന്നി…ശെരിക്കും ഭ്രാന്താകുന്നതുപോലെ….

ഒരേസമയം ദേഷ്യവും
ഭീതിയും അവനിൽ മിന്നിമറഞ്ഞു …
അവൻ വേഗംചെന്ന് ആ ലാപ്ടോപ്
കൈയ്യിലെടുത്തു… എന്നിട്ട് മുൻവശത്തെ വാതിലിലേക്കു നോക്കി….അതെല്ലാം അകത്തുനിന്നും
പൂട്ടിത്തന്നെയാണിരിക്കുന്നത്….

ജോൺ കട്ടിലിൽകിടന്നപ്പോൾ കേട്ട ശബ്‌ദം..അതവൻ വീണ്ടുവീണ്ടുമാലോചിച്ചു..
“ആർഷ ” ആർഷയെന്നു തന്നെയാണ് താൻ കേട്ടത് .. ഏകദേശം അവളുടെ ശബ്ദവും…
അന്നേരമാണ് കഴിഞ്ഞദിവസം തന്റെ ആന്റി പറഞ്ഞകാര്യങ്ങൾ ജോണിനോർമ്മ വന്നത്… അങ്കിൾ ആർഷയെ കണ്ടുവെന്നാണ് അബോധാവസ്ഥയിലും പറഞ്ഞുകൊണ്ടിരുന്നത്…. ഇപ്പോൾ താൻ കേട്ടതും അവളുടെ ശബ്ദമാണ്..

ഇങ്ങനെയെല്ലാം
മനസ്സിലോർത്തുക്കൊണ്ടിരുന്ന ജോണിനു തനിക്കുചുറ്റുമാരോ ഉള്ളതുപോലെ പെട്ടെന്നുതോന്നി….
അവൻ ചുറ്റും നോക്കി..

“ഇല്ല… ഒന്നുമില്ല… ഇതൊക്കെ എന്നിക്ക് വെറുതെ തോന്നുന്നതാണ്..”.. അവൻ സ്വയം സമാധാനിക്കാനായി തന്റെ മനസ്സിനെപറഞ്ഞു പഠിപ്പിച്ചുക്കൊണ്ടിരുന്നു…

” അല്ലല്ലോ ജോണേ..
ഇതൊന്നും നിന്റെ തോന്നലല്ല…”… പെട്ടന്ന് ആരോ ചിരിക്കുന്ന ശബ്ദത്തോടെ അവനോടായി പറഞ്ഞു….
ഹൃദയമിടിപ്പ്
നിന്നുപോകുന്നതുപോലെയുണ്ടായിരുന്നു ആ നിമിഷം ജോണിന്…. അവൻ ആ ശബ്ദം എവിടെനിന്നാണ് വന്നതെന്ന് ഭയത്തോടെ ശ്രദ്ധിച്ചു….

കുറച്ചുകഴിഞ്ഞപ്പോൾ അതു തന്റെ തലയ്ക്കുമുകളിൽനിന്നുമാണ് വരുന്നതെന്ന് ഭീതിയോടെയവൻ തിരിച്ചറിഞ്ഞു…

ജോൺ നിമിഷനേരംകൊണ്ട് മുകളിലേക്ക് നോക്കി…
അവിടെ അവൻ കണ്ടകാഴ്ച്ച…

മുകളിലെ ഭിത്തിയിൽ ഒരു പല്ലിയെപോലെ അള്ളിയിരിക്കുന്ന ആർഷയെയാണ്…
അവളവനെനോക്കി ക്രൂരമായൊന്നു പുഞ്ചിരിച്ചു….
താൻ മുന്നിൽ കാണുന്നത് സ്വപ്നമാണോ സത്യമാണോയെന്നറിയാതെ ജോൺ അവിടെത്തന്നെ തറച്ചുനിന്നു…

“എന്താ ജോൺ…. എന്നെ നീ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലേ… “..ഒരു
കളിയാക്കലോടെ ആർഷ അവനെനോക്കി ചോദിച്ചു …

“നീ…നീ മരിച്ചുപോയതല്ലേ..”…
വിറയാർന്ന ശബ്ദത്തോടെ അവൻ തിരിച്ചുചോദിച്ചു….

“ആണോ… ആ… എനിക്കറിയില്ല… ചിലപ്പോളായിരിക്കും… “… അവൾ
നിസാരമട്ടിൽ പറഞ്ഞു….

പേടികാരണം മുറിയിലെക്കോടാൻ നോക്കിയ ജോണിന് പക്ഷേ ഒരടിപോലും മുന്നോട്ടുചലിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

“പ്ലീസ്… എന്നെ വെറുതെ വീടു…. നിനക്കെന്താ വേണ്ടത്”….അവൻ യാചനയുടെ സ്വരത്തിൽ ചോദിച്ചു…

“എനിക്കോ… എനിക്കല്ലല്ലോ.. നിനക്കല്ലേ എന്തൊക്കെയോ വേണ്ടിയിരുന്നത്….അതൊക്കെ ഇപ്പോൾത്തന്നെ നിനക്ക് തരാൻ വേണ്ടിയാ ഞാനീ രാത്രിതന്നെ ഇങ്ങോട്ടേക്ക് വന്നത്…”..

“നീ ..നീ എന്നോട് ക്ഷമിക്കണം”..
അവൻ വീണ്ടും പേടിയോടെ പറഞ്ഞു….

“അതൊക്കെ ഒരുതവണ നിനക്കു ഞാൻ തന്നതാ…പക്ഷേ നീ വീണ്ടും എന്നെ….. . ഇനി എന്റെ വക നിനക്കുള്ളത് ക്ഷമയല്ല.
….ഒരു മറുപടിയാണ്… എന്റെ മരണത്തിനു കാരണമായ മറുപടി…… “…… ആർഷ തീർത്തും ഗൗരവത്തോടെ പറഞ്ഞു….

അനങ്ങാൻ
ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ജോണിനൊരടിപോലും മുന്നോട്ടു
വെയ്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

ആർഷ പതിയെ ഹാളിന്റെ മുകളിൽതൂക്കിയിട്ടിരിക്കുന്ന അലങ്കാരവിളക്കിലേക്കു നോക്കി….എന്നിട്ട് നേരെ ജോണിനെനോക്കി വന്യമായൊന്നു പുഞ്ചിരിച്ചു…. അടുത്തനിമിഷം വലിയൊരോച്ചയോടെ ആ
അലങ്കാരവിളക്ക് ജോണിന്റെ
ദേഹത്തേക്കുവന്നുവീണു…. അവനൊന്നും ചെയ്യാൻ കഴിഞ്ഞില്ല….. ഒന്നോച്ചവെയ്ക്കാൻകൂടി അവനു കഴിഞ്ഞിരുന്നില്ല….

എത്ര വേഗത്തിലായിരുന്നു എല്ലാംനടന്നത്..
തറ മുഴുവൻ ചോര……..

ചോരയിൽ കുളിച്ച് ബോധമില്ലാതെ കിടക്കുന്ന ജോണിന്റെയടുത്തേക്ക് ആർഷ അവന്റെ ലാപ്ടോപ്പുമായിച്ചെന്നു…എന്നിട്ട് അവളുടെയും കിരണിന്റെയും വീഡിയോ അവന്റെ മുഖത്തിനുമുന്നിലായി
ഓണാക്കിവെച്ചു….

ഒരിക്കൽകൂടി ജോണിന്റെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കിയിട്ട് തൽക്ഷണം അവളവിടെനിന്നും മാഞ്ഞുപോയി….
——————————————————————
അടുത്തദിവസം രാവിലെ എഴുന്നേറ്റപ്പോൾ തനിക്കുമുന്നിൽ സന്തോഷത്തോടെയിരിക്കുന്ന ആർഷയെയാണ് ലീന കണ്ടത്…

“ഞാൻ നീ ഉണരുവാൻവേണ്ടി കാത്തിരിക്കുകയായിരുന്നു “… ആർഷ അവളെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“എന്തായി…. ഇന്നലെപോയ കാര്യം ഓക്കെയാക്കിയോ…. “….

“പിന്നില്ലേ…. “…

“…. നീ അവിടെ നടന്ന മുഴുവൻകാര്യവും പറ … “.. ലീന ആകാംക്ഷയോടെ ചോദിച്ചു…

ഇന്നലെ രാത്രി ജോണിനു നടന്നതൊക്കെ ആർഷ അവളോട്‌ വിവരിച്ചുപറഞ്ഞു…..

” ഒന്നുകിൽ ജീവിതകാലംമുഴുവൻ കോമയിൽ കിടക്കും… അല്ലെങ്കിൽ ഞാൻ മരിച്ചതുപോലെ വൈകാതെ…. “…… ആർഷ ഒരു നെടുവീർപ്പോടെ പറഞ്ഞുനിർത്തി…….

“അങ്ങനെ കടങ്ങളെല്ലാം വീട്ടിയല്ലേ ….. “… സന്തോഷത്തോടെ ലീനയവളോട് ചോദിച്ചു…

“മം… പക്ഷേ കുറച്ചു കാര്യങ്ങൾകൂടി ബാക്കിയുണ്ട്…. അതും കൂടി കഴിഞ്ഞാൽ സന്തോഷത്തോടെ എനിക്ക് തിരിച്ചുപോകാം.. “….

“എന്ത്…. “….

“പറയാം… വഴിയേ പറയാം … “….

“ഓക്കെ…. ഞാൻ ധൃതിപിടിക്കുന്നില്ല…നീ പതുക്കെ പറഞ്ഞാൽമതി “…. ലീന ചിരിച്ചുകൊണ്ട് പറഞ്ഞു..

“അതൊക്കെപ്പോട്ടെ, ഇന്നല്ലേ നീ കിരണിനെ കാണാൻ പോകുന്നത് “…. ആർഷ ആകാംക്ഷയോടെ ചോദിച്ചു….

“അതെ… നീ വരുന്നില്ലലോ. “….

“ഇല്ല……. “….
***************–**-************************

സമയം രാവിലെ 11:30 കഴിഞ്ഞു ….
ലീന തന്റെ സ്കൂട്ടിയിൽ കിരണിനെ കാണാൻ അവന്റെ അപ്പൂപ്പന്റെ വീട്ടിലെത്തി….. ..

കാളിങ് ബെൽ അടിച്ചപ്പോൾ കഴിഞ്ഞ തവണത്തെപോലെ അവന്റെ അപ്പുപ്പൻ തന്നെയാണ് ആദ്യം പുറത്തിറങ്ങിവന്നത്….. ലീനയെ കണ്ടതും അയാൾക്കവളെ മനസ്സിലായി……
കിരണിനെ കാണണമെന്ന് പറഞ്ഞപ്പോൾ
“അവൻ പുറകിലെ തോട്ടത്തിലുണ്ട്… ഞാൻ വിളിക്കാം “…എന്നയാൾ അല്പം പ്രസന്നതയോടെ പറഞ്ഞു….

“വേണ്ട…. ഞാൻ അങ്ങോട്ടുപോയി കണ്ടോള്ളാം… “… അവൾ ചെറുചിരിയോടെ അപ്പുപ്പനോട് പറഞ്ഞു…

പുറകുവശത്തേക്കുചെന്ന അവൾ കണ്ടത് അവിടെ തോട്ടത്തിനക്കത്തു കുറച്ചുപേരോടു സംസാരിച്ചുനിൽകുന്ന കിരണിനെയാണ്….
ലീന പതിയെ അവന്റെയടുത്തേക്കു നടന്നു….. ഈ നേരംകൊണ്ട് തന്റെയടുത്തേക്കു വരുന്ന ലീനയെ കിരണും കണ്ടിരുന്നു…

“ഹായ്… “…ലീന അവനോടായി പറഞ്ഞു…

“ഹായ്……. “….അവനും ചെറു പുഞ്ചിരിയോടെ അവളോട്‌ പറഞ്ഞു….

“കിരണിനെന്നെ മനസ്സിലായോ…ഞാൻ കുറച്ചുദിവസം മുൻപ്
കിരണിനെകാണാനിവിടെ വന്നിരുന്നു “….

“അതെന്താ അങ്ങനെ ചോദിച്ചത്…. ലീനയല്ലേ…. എന്നിക്ക് അവിടെനിന്നും വരുന്നതുകണ്ടപ്പോഴേ മനസിലായി…. “…അവൻ ചെറുചിരിയോടെ പറഞ്ഞു…

“ആ…. ഞാനിപ്പോ കിരണിനെ കാണാൻ വന്നത് അന്നു നടന്നകാര്യങ്ങൾക്കു ഒരു സോറി ചോദിക്കാൻ വേണ്ടിയാണ്… ശെരിക്കും ഒരുകാര്യത്തിനല്ല രണ്ടുകാര്യത്തിനു ഞാൻ കിരണിനോട് സോറി ചോദിക്കണം….
ഒന്ന്, കഴിഞ്ഞ തവണ ഞാൻ കിരണിനോടല്പം ഹാർഷായി പെരുമാറിയതിന് .. പിന്നെ രണ്ടാമത്തെ കാര്യം .. അതുശെരിക്കും ഞാൻ വേറൊരാൾക്കുവേണ്ടി ചോദിക്കുന്നതാണ്…. എല്ലാരീതിയിലും കിരണിനെ ബുദ്ധിമുട്ടിച്ചതിനു … “….. ലീന പറഞ്ഞുനിർത്തി….

തുടരും …