രചന – ആയിഷ അക്ബർ
ആ വീടിന്റെ വാതിൽ തുറക്കപ്പെട്ടതും പ്രസാദ് അവളിൽ പിടിച്ചിരുന്ന കൈ പെട്ടെന്ന് വിട്ട് കൊണ്ട് ഒരു ഞെട്ടലോടെ അകന്ന് മാറി….
വാതിൽ പടിയിലേക്ക് മിഴികൾ നീക്കാൻ അവനു വല്ലാത്ത ഭയം തോന്നിയെങ്കിലും തന്നെ നോക്കി നിർവികാരമായി നിൽക്കുന്ന വേദയെ അവൻ വ്യക്തമായി കണ്ടിരുന്നു……
അവൾക്കരികിലായി തന്നെ ഉറ്റു നോക്കി നിൽക്കുന്ന സുലോചനക്കും രാജ ഗോപാലനും നേരെ നോക്കാൻ പോലും അവനു കഴിഞ്ഞില്ല…..
ഇത്…….ഇത് സന്ധ്യ….
എന്റെ കൂടെ ജോലി ചെയ്യുന്ന……
ജോലി ചെയ്യുന്ന വരെ വീട്ടിലേക്ക് കൊണ്ട് വരേണ്ടത് ആരുമില്ലാത്ത നേരത്താണോടാ…….
വിക്കി വിക്കി കൊണ്ട് പ്രസാദ് അത് പറഞ്ഞു തുടങ്ങിയപ്പോഴേക്കും രാജ ഗോപാലൻ ദേഷ്യത്തോടെ അതും ചോദിച്ചു കൈ അവനു നേരെ ഉയർത്തി…..
വേണ്ടാ…… അവനെ ഉപദേശി ക്കാനും ശിക്ഷിക്കാനും നിങ്ങൾക്കെന്താ അവകാശം…….
അവനങ്ങനെ ഒരുത്തിയെ വിളിച്ചു കയറ്റിയിട്ടുണ്ടെങ്കിൽ അതിവിടെയുള്ളവളുടെ കഴിവ് കേട് കൊണ്ടായിരിക്കും….
പിന്നേ അവൻ നിങ്ങളെ പോലെയല്ല…..
ഇനിയും ഒരു പത്തു പെണ്ണ് കെട്ടാനുള്ള പ്രാപ്തിയും കഴിവും സമ്പത്തും അവനുണ്ട് താനും..
സുലോചന ഗർവോടെ അത് പറഞ്ഞതും ഉയർന്നു പൊങ്ങിയ രാജ ഗോപാലന്റെ കൈ പെട്ടെന്നു താഴ്ന്നു…..
അപമാന ഭാരത്തിലും അതിലേറെ കരയാൻ പോലും മറന്ന് നിൽക്കുന്നവളെ ഓർത്തും അയാളുടെ ഉള്ളം വിങ്ങി….
ഒരു വാക്കിനിടം നൽകാതെ അയാൾ അകത്തേക്ക് പോകുമ്പോൾ പ്രസാദിനു അല്പം ആശ്വാസം തോന്നിയിരുന്നു..
സുലോചനയും അവനെ യൊന്നു അമർത്തി നോക്കി അകത്തേക്ക് നടന്നു…..
അവനരികിലായി നിന്നിരുന്ന സന്ധ്യ വേദയുടെ മുഖത്ത് നോക്കാൻ ഏറെ പ്രയാസപ്പെട്ടു…..
അവൾ ദേഷ്യപ്പെട്ടു കൊണ്ട് ശബ്‍ദമുയർത്തുകയോ എന്തിനു ഒരു തുള്ളി കണ്ണ് നീർ പോലും പൊഴിക്കാതെ അങ്ങനെ നിൽക്കുകയാണ്…….
എന്ത് പറയണമെന്ന് ചെയ്യണമെന്നോ എന്തിനു നിൽക്കുന്നിടത്ത് നിന്ന് അനങ്ങാൻ പോലും അവൾക്ക് കഴിഞ്ഞിരുന്നില്ല…..
പ്രസാദ് നടത്തുന്ന ട്യൂഷൻ സെന്ററിലെ ടീച്ചറാണ് സന്ധ്യ….
അവിടെ ചെല്ലുമ്പോൾ താൻ കണ്ടിട്ടുണ്ട്…. സംസാരിച്ചിട്ടുണ്ട്……
അല്ലെങ്കിലും ഇവളല്ലെങ്കിൽ മറ്റൊരുവൾ അവന്റെ ജീവിതത്തിലുണ്ടെന്ന് തനിക്കറിയാം..
താനെന്ന ഭാര്യ അവനെ യാതൊരു തരത്തിലും ബാധിക്കുന്ന കാര്യമല്ല…..
അവന്റെ സുഖങ്ങൾക്കും വീട്ട് ജോലികൾക്കും വേണ്ടി മാത്രം കൂട്ടി കൊണ്ട് വന്നോരുത്തി…..
താൻ പൊയ്ക്കോ….
പ്രസാദ് അത് പറഞ്ഞതും പിടക്കുന്ന ഹൃദയവുമായി നിൽക്കുന്ന വൾക്കരികിലൂടെ സന്ധ്യ പുറത്തേക്ക് നടക്കുമ്പോൾ മുഖം ഉയർത്തിയിരുന്നില്ല……
പ്രസാദ് പതിയെ ഒന്നവളിലേക്ക് നോക്കി കൊണ്ട് അകത്തേക്ക് പോയി….
അവളൊന്നും പറയുകയുമില്ല….. പറഞ്ഞാൽ തന്നെ അതിനീ വീട്ടിൽ യാതൊരു വിലയുമില്ലെന്ന് അറിയുന്നത് തന്നെയായിരുന്നു അവന്റെ ധൈര്യം……
മുത്തശ്ശിക്ക് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയെന്ന് പറഞ്ഞത് കൊണ്ട് അച്ഛനും അമ്മക്കുമൊപ്പം ഇറങ്ങിയതാണ് താനും…….
എന്നാൽ ഞങ്ങളവിടെ എത്തിയപ്പോഴേക്കും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലാത്തത് കൊണ്ട് അവർ തിരികെ തറവാട്ടിലേക്ക് പോന്നിരുന്നു.
അത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് തിരിച്ചെത്തി…
അതൊരിക്കലും പ്രസാദ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല….
അത് കൊണ്ടെന്താ കാണാൻ ബാക്കിയുള്ള ആ കാഴ്ച കൂടി തനിക്ക് കാണാൻ കഴിഞ്ഞു……
അവൾക്കൊന്നുറക്കെ കരയാൻ തോന്നി..
മനസ്സ് വല്ലാതെ നോവുകയാണ്…
അവൾ വേഗം മുറിലേക്ക് നടന്നു…..
മുറിയിൽ ചെല്ലുമ്പോൾ ഡ്രസ്സ് മാറ്റുന്ന പ്രസാദിനെ കണ്ടതും അവൾക്കുടുത്ത് മാറാനുള്ള ഒരു ചുരിദാറേടുത് അവൾ വേഗം ബാത്റൂമിലേക്ക് കയറി……
കണ്ണുകളിൽ നിന്നും കണ്ണ് നീർ എല്ലാ അതിർ വരമ്പുകളും ഭേദിച് ഒഴുകിയറങ്ങി…..
ഒന്നുറക്കെ കരയണമായിരുന്നവൾക്ക്….
അതിനു പോലും അനുവദിക്കാതെ ആ ഭീത്തികൾ അവളെ വരിഞ്ഞു മുറുക്കും പോലെയവൾക്ക് തോന്നി..
ഒരു ഭാര്യ ഒരിക്കലും കാണാൻ പാടില്ലാത്തതാണ് താൻ കണ്ട് കൊണ്ടിരിക്കുന്നത്….
എന്നിട്ടും തനിക്ക് തോന്നുന്ന വേദന ചെറുതാവാൻ കാരണം അവനെ താൻ സ്നേഹിച്ചിട്ടില്ല എന്നത് തന്നെയാണ്…..
പക്ഷെ അവൻ കെട്ടിയ ഈ താലിക്ക് മുന്നിലാണ് പലപ്പോഴും താൻ തകർന്നു പോകുന്നത്……
അപ്പോഴേക്കും കാതുകളിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അലയടിച്ചു…..
അവളുടെ ഹൃദമിടിപ്പ് കൂടുതലായി……
ശ്വാസമെടുക്കാൻ കഴിയാത്ത വിധം തൊണ്ടയിൽ ആരോ മുറുകെ പ്പിടിച്ചത് പോലെ…..
വേദാ….. കഴിഞ്ഞുവെങ്കിൽ കതക് തുറക്ക്………
അപ്പോഴേക്കും പ്രസാദ് വാതിലിൽ തട്ടിയിരുന്നു….
പുറത്തെക്ക് വരാൻ മടിച്ചു നിന്ന ശ്വാസത്തെ അവളാഞ്ഞു വലിച്ച് കൊണ്ട് വേഗം വാതിൽ തുറന്നു……
നീ…. നീയിത് വരെ ഡ്രസ്സ് ചേഞ്ച് ചെയ്തില്ലേ….
അവളെ നോക്കി അവൻ ഭാവ ഭേതങ്ങളൊന്നില്ലാതെ ചോദിക്കുമ്പോൾ അവളൊരു നിമിഷം അവനെ തന്നെ നോക്കി നിന്നു….
അവനോട് ദേഷ്യപ്പെടണമെന്നുണ്ട്…
പക്ഷെ അതിനു പോലും കഴിയാത്ത വിധം മനസ്സ് വല്ലാതെ ഒതുങ്ങി പ്പോയിട്ടുണ്ട്…..
കഴിഞ്ഞ ആഴ്ച അച്ഛന്റെ കൂടേ ഡോക്ടറെ കാണിക്കാൻ പോയപ്പോൾ അയാൾ പറഞ്ഞത് ഡിപ്രെഷനിലേക്കുള്ള പോക്കാണെന്നാണ്…..
ഇതൊക്കെ തന്നെയാവും അയാൾ പറഞ്ഞതിന്റെ ലക്ഷണമെന്നവൾക്ക് തോന്നി……
അവൾ ഒന്ന് ചലിക്കുക പോലും ചെയ്യാതെ അവനെ നോക്കി നിൽക്കുകയാണ്……..
ഏയ്….. ഡ്രസ്സ് മാറിയില്ലെങ്കിലും കുഴപ്പമില്ല…..
താനീ വേഷത്തിലും ഏറെ സുന്ദരിയാണ്…..
അത് കൊണ്ടാണല്ലോ ഞാൻ നിന്നേ സ്വന്തമാക്കിയത്……
പ്രസാതിന്റേതെന്ന് പറഞ്ഞ് എല്ലാവരും അസൂയയോടെ നോക്കണം നിന്നെ……
അവൻ വല്ലാത്തൊരു ഭാവത്തോടെ അതും പറഞ്ഞു അവൾക്കരികിലേക്ക് ചേർന്ന് നിന്നു……
അവളുടെ വിയർപ്പിന് പോലും വല്ലാത്തൊരു മാധക ഗന്ധമാണ്……
അവൻ അവളുടെ ഇടുപ്പിലൂടെ കൈ പിടിച്ചവളെ ചുറ്റി തന്നോട് ചേർത്ത് പിടിച്ചു……
അവന്റെ അധരങ്ങൾ അവളിലേക്ക് ചേർക്കാൻ തുനിഞ്ഞതും അവൾ പെട്ടെന്ന് അവനെ തള്ളി മാറ്റിയിരുന്നു…..
അവനൊന്നു ഞെട്ടി……
ഇപ്പോൾ അവൾ ഒന്നിനോടും അതികമായി പ്രതികരിക്കാറില്ല…..
അത് തന്നെയാണ് തന്റെ ബലവും…..
പക്ഷെ നേരത്തെ നടന്ന സംഭവം അവളിൽ നല്ല ചലനമുണ്ടാക്കിയിട്ടുണ്ടെന്ന് അവനു തോന്നി….
അവൾക്കടുത്ത് നടക്കാത്തത് എന്നിൽ തീർക്കാനാവും അല്ലെ…..
അവളുടെ ആ ചോദ്യം അവനു മാത്രം കേൾക്കാൻ പാകത്തിലായിരുന്നെങ്കിലും അവനെ പാടെ പിടിച്ചു കുലുക്കാനുള്ള വീര്യം അവക്കുണ്ടായിരുന്നു…….
അവനൊന്നു പതറി….
മിഴികൾ അവളിലുറച്ചു നിന്നില്ല……
ഞാൻ പറയാനുള്ളത് പറഞ്ഞു…..
ഇനി നിനക്ക് വിശ്വസിക്കണമെങ്കിൽ ആവാം…. അല്ലെങ്കിൽ നിനക്കിഷ്ടമുള്ളത് പോലെ വിശ്വസിക്കാം….
എനിക്കതിൽ യാതൊരു പരാതിയുമില്ല….
പ്രസാദിന്റെ ഭാര്യ യായി ഈ വീട്ടിലിരിക്കുന്നിടത്തോളം നീ എന്ത് വിശ്വസിച്ചാലും ഞാൻ പറയുന്നയത് മാത്രമാണ് ശെരി……
പ്രസാദ് പുച്ഛത്തോടെ അതും പറഞ്ഞു കൊണ്ട് മേശ മേലിരുന്ന ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ പുകച്ചു…..
അങ്ങനെ നിങ്ങളുടെ ശെരിയിൽ മാത്രം ജീവിച്ച ഈ രണ്ടര കൊല്ലം ഞാനങ്ങു മറക്കുകയാണ് പ്രസാദ്ദേട്ടാ…….
എനിക്കും സ്വന്തമായൊരു ശെരി കണ്ട് പിടിക്കണം…..
എനിക്കിനി വയ്യ…..
വേദ പെട്ടെന്നത് പറഞ്ഞതും പ്രസാദ് ഒരു ഞെട്ടലോടെ അവളിലേക്ക് നോക്കി……
എന്നിട്ടെന്താ നീ നാട് വിടാൻ പോകുകയാണോ….
അല്ലാതെ വീടെന്ന് പറയാനൊന്നു നിനക്കില്ലല്ലോ……
പ്രസാദ് അതും പറഞ്ഞോന്നു ചിരിച്ചു….
വേദ വെറും വാക്ക് പറയാറില്ലെന്ന് നിങ്ങൾക്കറിയാമല്ലോ….
എനിക്ക്…
എനിക്കിനിയും ഇങ്ങനെ പറ്റില്ല……..
അവൾ ദൂരേക്ക് നോക്കി നിർവികാരമായ മിഴികൾ ചലിപ്പിച്ചാണത് പറയുന്നതെങ്കിലും ആ വാക്കുകൾക്ക് വാളിന്റെ മൂർച്ചയുണ്ട്…….
അതറിഞ്ഞെന്ന വണ്ണം പ്രസാദിന്റെ മുഖം ഏറെ അസ്വസ്ഥമായിരുന്നു….
അത് കാണാൻ നിൽക്കുന്നില്ലെന്ന വണ്ണം
വേദ വേഗം താഴെ പാ വിരിച്ചു കിടന്നു..
അവന്റെ കൂടെ കിടക്കാൻ പോലും അവൾക്ക് അറക്കുന്നത് പോലെ തോന്നി……..
ഏറെ അസ്വസ്ഥനായി പ്രസാധങ്ങനെ നിന്നിരുന്നു…..
വേദയുടെ കണ്ണുകളിൽ നിന്നും കണ്ണ് നീർ കവിളിലൂടെ ഊർന്നിറങ്ങി….
അത് തുടക്കാൻ പോലും കഴിയുന്നില്ലെന്ന വണ്ണം അവൾക്ക് തളർച്ച തോന്നി…..
മനസ്സും ശരീരവും പാടെ തളർന്നിരിക്കുന്നു……
നാളെ എന്തെന്ന ചോദ്യം മനസ്സ് ചോദിക്കുന്നില്ലെന്നത് കൊണ്ട് തന്നെയാണ് പ്രസാധേട്ടനോട് അത്രയും പറഞ്ഞത്…..
ഇനി യും ഒരുപാട് അർഹരുള്ള ഒരുവന്റെ കൂടെ തനിക്ക് വയ്യ….
ഇത് വരെ പിടിച്ചു നിന്നതിനു ഒരു വലിയ കാരണമുണ്ടായിരുന്നു…..
എന്നാൽ ഇനി അതുമില്ല…….
അവൾ അടി വയറിൽ അമർത്തി പ്പിടിച്ചു….
ഒറ്റക്ക് ജീവിക്കാൻ ധൈര്യമോ തന്റെടമോ ഇല്ല തനിക്ക് ….
എങ്ങനെ ഒറ്റക്ക് ജീവിക്കുമെന്ന് അറിയുകയുമില്ല…
പക്ഷെ……. അവന്റെ കൂടെ ജീവിക്കാനുള്ള ധൈര്യം ഒറ്റക്ക് ജീവിക്കാൻ വേണ്ടെന്ന് തോന്നിപ്പോകുകയാണ്……
അവൾ മുഖം ഒന്ന് ക്കൂടി തലയിണയോട് ചേർത്തു…..
(തുടരും)

by