20/04/2026

ലീനയുടെ അതിഥി : ഭാഗം 03

രചന – ഹരിത

ഇന്നു രാത്രി മുഴുവൻ ലീന ഉണർന്നിരിക്കാൻ തീരുമാനിച്ചു…
ഈ സംഭവിക്കുന്നതൊക്കെ തന്റെ തോന്നലാണോ അതോ ഇതിനുപിന്നിൽ വേറെയെന്തെകിലുമുണ്ടോ…….
അവളുടെ മനസുമുഴുവൻ ഇതുതന്നെയായിരുന്നു ചിന്ത….

മുറിയിലെ ലൈറ്റ് ഓഫാക്കി അവളിന്നലെക്കേട്ട ശബ്ദത്തിനായി കാത്തിരുന്നു…..പുറത്തെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം കുറച്ചൊക്കെ മുറിയിലേക്കടിക്കുന്നുണ്ടായിരുന്നു….
ആകാംക്ഷയോടെ ഓരോ നിമിഷവും ലീന തള്ളിനീക്കി….. എന്തോ അപ്പോളെന്നും യാതൊരു രീതിയിലെ ഭയവും അവളുടെ മനസിലുണ്ടായിരുന്നില്ല….

12മണി കഴിഞ്ഞിട്ടും വിചിത്രമായ
ഒന്നുംതന്നെ അവൾക്ക് മുറിയിൽനിന്നും കേൾക്കാൻ കഴിഞ്ഞില്ല… ആകപ്പാടെയുള്ളത് നിർത്താതെയുള്ള ഫാനിന്റെ ശബ്ദം മാത്രമാണ്…. ചെറുതായി ഉറക്കം വരുന്നുണ്ടായിരുന്നെകിലും നിയന്ത്രണം കൈവിടാതെ അവൾ ഉണർന്നിരുന്നു……

സമയം വീണ്ടും കടന്നുപോയി….. ഇപ്പൊ ഉറങ്ങിവീഴുമെന്ന അവസ്ഥയിലായിരുന്നു ലീന…. ….. എത്ര നിയന്ത്രിച്ചിട്ടും പിടിച്ചുനിർത്താൻ
കഴിയുന്നുണ്ടായിരുന്നില്ല…

ഒരു അഞ്ചുമിനിറ്റ്…….ലീന അറിയാതെ ചെറിയൊരു മയക്കത്തിലേക്ക് വഴുതിവീണു……

പുറത്ത് എവിടെനിന്നക്കെയോ ഉയരുന്ന പട്ടികുരകൾ….അന്നേരം മുറിയുടെവാതിൽ പതിയെ തുറന്നുകൊണ്ട് ആരോ ലീനയുടെ മുറിയിലേക്ക് കയറിവന്നു…. അവ്യക്തമായ ഒരു സ്ത്രീരൂപം…. അത് ലീനയുടെ
കട്ടിലിൽവന്നിരുന്നു…..

“എന്താ ലീന…. ഇത്രെയും നേരം ഉണർന്നിരുന്നിട്ട് ഈ അവസാനനിമിഷം ഉറങ്ങിപ്പോയോ…. “…….വന്ന രൂപം ലീനയെനോക്കി ശബ്‌ദത്തിൽ പറഞ്ഞു….

അടുത്തനിമിഷം ഉറക്കത്തിലായിരുന്ന ലീന കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റു…. ആരോ തന്നോട് സംസാരിച്ചു എന്നത്
അവൾക്കുറപ്പായിരുന്നു…… എഴുനേറ്റയുടനെ ലീന വേഗംതന്നെ തന്റെ മുറിയിലെ ലൈറ്റ് ഓണാക്കി….

മുറിയിൽ വെളിച്ചം വീണപ്പോൾ അവൾകണ്ടു…… തന്റെ കട്ടിലിൽ ഇരിക്കുന്ന സ്ത്രീരൂപത്തെ….. അതെ…. കുറച്ചുമുമ്പ് അവൾ കണ്ട അതേയാൾ…
“ആർഷ “…….
അവളറിയാതെതന്നെ ആ പേര് അവളുടെ വായിൽനിന്നും പുറത്തുവന്നു…..

“ആ…. അപ്പൊ എന്റെ പേരൊക്കെ അറിയാം… അല്ലേ “……. മുന്നിലിരിക്കുന്നയാൾ ലീനയെനോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു……

ഒരടിപോലും മുൻപോട്ടു അനങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ലീനയപ്പോൾ… കാലിന്റെയും കൈയുടെയും ചലനശേഷി നഷ്ടപ്പെട്ടതുപോലെ……

“നീ എന്തിനാ എന്നെക്കണ്ടിങ്ങനെ പേടിക്കുന്നത്….. ഞാൻ നിന്നെ കൊല്ലാൻ വന്നതൊന്നുമല്ല…. “… ആർഷ വീണ്ടും ലീനയെനോക്കി പറഞ്ഞു…..

“നീ ആർഷ തന്നെയാണോ…. അവൾ മരിച്ചുപോയതല്ലേ….. “….. മനസിന്‌ നല്ല ധൈര്യം നൽകിക്കൊണ്ട് രണ്ടും കല്പിച്ചു ലീന ആർഷയോടു ചോദിച്ചു….

“അതെ ഞാൻ ആർഷായാണ്… അതുപോലെ ഞാൻ മരിച്ചുപോയതുമാണ് … “….. ആർഷ വീണ്ടും ചെറുചിരിയോടെ പറഞ്ഞുനിർത്തി……

“അപ്പൊ ഞാനിപ്പോ കാണുന്നത് ആർഷയുടെ ആത്മാവിനെ……. “…..

“അതെ….. അതുതന്നെയാണ് നീ ഇപ്പൊ കാണുന്നത് “…….

“എന്നിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല…. “…

“ഇത്ര അടുത്തുകണ്ടിട്ടും വിശ്വസിക്കാൻ കഴിയുന്നില്ല “…….

“ഇയാൾ എന്തിനാ എന്റെ അടുത്തുവന്നത്… “… ലീന ചെറുപരിഭ്രമത്തോടെ ചോദിച്ചു..
ആദ്യത്തെ അത്രെയും പേടി ഇത്തവണ അവൾക്കുതോന്നിയില്ല….

“അതിപ്പോ…… നീയല്ലേ എന്നെയന്ന് ആശുപത്രിയിൽ എത്തിച്ചത്….. അതുകൊണ്ട് നിനെക്കാണണമെന്നാ എന്നിക്കുതോന്നിയത് ……. “…..

“ഇന്നലെയും അതിനുമുമ്പത്തെ ദിവസവും ഇയാളാണോ എന്റെ മുറിയിൽ വന്നിരുന്നത്… “….

“എന്താ…. അതിലിപ്പോഴും സംശയമുണ്ടോ… ഉണ്ടെകിൽ സംശയിക്കണ്ട… ഞാൻ തന്നെയാണ് മുറിയിൽ വന്നിരുന്നത് …… വെറുതെ… കുട്ടിയുടെ ധൈര്യം എത്രയുണ്ടെന്ന് നോക്കാൻവേണ്ടിയാ … “…..

“എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല……. ഞാൻ സ്വപ്നംവല്ലതും കാണുന്നതാണോ….. “…..

“വിശ്വാസം വരുന്നില്ല….. എന്നാൽ ഒരിക്കൽകൂടി പറയുന്നു, ഇതൊന്നും സ്വപ്നമല്ല….. “…. ഇത്രെയും പറഞ്ഞുകൊണ്ടു ലീനയുടെ നെറ്റിയിൽ ആർഷ കൈവെച്ചു…..

ഇന്നലെ തോന്നിയ അതെ തണുപ്പ് ഇപ്പോഴും ലീനയ്ക്ക് തന്റെ നെറ്റിയിൽ അനുഭവപ്പെട്ടു….

“ഞാൻ എന്തായാലും കുറച്ചുനാൾ നിന്റെകൂടെ ഉണ്ടാകും…… കുറച്ചുകാര്യങ്ങൾ എന്നിക്കിവിടെ ചെയ്തുതീർക്കാനുണ്ട്…. അതുകഴിഞ്ഞു ഞാൻ തന്നെ നിന്നെവിട്ട് ഈ മുറിയിൽനിന്നും പൊയ്ക്കൊള്ളാം….. അതുവരെ എന്നോട് ഇവിടെനിന്നും പോകാൻ നീയും ആവശ്യപ്പെടരുത്….. “…..

“അല്ല… അത്….. “….. ഒന്നും മനസിലാവാത്തതുപോലെ ലീന ആർഷയെ നോക്കി….

“നീ വെറുതെ കൺഫ്യൂഷനടിക്കണ്ട…..എല്ലാം നമുക്ക് നാളെ രാവിലെ വിശദമായി സംസാരിക്കാം …. ഇപ്പൊ നിനക്കുറക്കംവേണ്ട സമയമാണ്….
എന്നെ കണ്ടു ബോധംകെട്ടു വീണതല്ലേ… അതിന്റെ ഷീണം നിനക്കിപ്പോഴുമുണ്ട്…. അതുകൊണ്ട് സംസാരമെല്ലാം ഇനി നാളെത്തേക്ക് മാറ്റിവെച്ചേക്കുന്നു…. “……ഇത്രേയുംപറഞ്ഞു ലീനയ്ക്ക് തിരിച്ചൊന്നും പറയാൻ
അവസരംകൊടുക്കാതെ ആർഷ അവിടെനിന്നും അപ്രതീക്ഷയായി……
അവൾ പോയതാമസം ബോധംകേട്ടതുപോലെ ലീനയും തന്റെ കട്ടിലിലേക്കു വീണു…….
****************************************

രാവിലെ ബോധംവന്നപ്പോൾ ലീനയ്ക്കു ആദ്യമോർമ്മ വന്നത് ആർഷയെകണ്ട കാര്യമായിരുന്നു…..
അവൾ മുറിയാകെ നോക്കി…… ആരെയും കാണാനില്ല…….

നല്ലതുപോലെ ഉറങ്ങിയതുകൊണ്ടാണെന്നു
തോന്നുന്നു ഒരു പ്രത്യേകതരം ഉന്മേഷം ഇന്നവൾക്കനുഭവപ്പെട്ടു…..

സമയം 8:00കഴിഞ്ഞിരുന്നു…….

തലേദിവസം നടന്ന ഓരോകാര്യങ്ങളും അവളാലോചിച്ചുനോക്കി….
ആർഷയെകണ്ടതും സംസാരിച്ചതും……. പിന്നെയവൾ മാഞ്ഞുപോയതുമെല്ലാം………

“ഈശ്വരാ…. താൻ സത്യമാണോ അതോ വല്ല സ്വപ്നവുമാണോ ഇന്നലെ കണ്ടത്…”…ലീന സ്വയം അവളോടുതന്നെ ചോദിച്ചു……….

“ആഹാ…. അപ്പൊ നിനക്കിപ്പോഴും ഞാൻ വന്നത് സത്യമാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ലേ…… “……മുറിയിൽനിന്നും ആർഷയുടെ ശബ്ദമായിരുന്നുവത്…..
ആ ശബ്‌ദംകേട്ടു ലീന ഒരുനിമിഷത്തേക്കു ഞെട്ടിപോയി…….

ആർഷ ഇപ്പൊ അവളുടെമുമ്പിൽതന്നെ ഇരിക്കുന്നുണ്ട്….. ഇന്നലെ ഇരുന്നിടത്തുതന്നെ…….

“നീ പിന്നെയും വന്നോ…… “….ലീന അല്പം അമ്പരപ്പോടെ ചോദിച്ചു……

“അതിനു പിന്നെയും വരാൻ ഞാൻ എങ്ങോട്ടും പോയൊന്നുമില്ല….. ഇന്നലെ ഞാൻ നിന്റെ മുമ്പിൽനിന്നും മാഞ്ഞുപോയെന്നേയുള്ളു…. അല്ലാതെ ഈ മുറിയിൽനിന്നും പോയൊന്നുമില്ല…. “…..

“അപ്പൊ ഇയാൾ ഇന്നലെ രാത്രി മുഴുവൻ ഈ മുറിയിൽ ……. “…..

“ഉണ്ടായിരുന്നു…..ഇന്നലെ രാത്രിമുതൽ ഈ നിമിഷംവരെ….. “……

“അല്ല…. എന്റെകൂടെയിങ്ങനെ കൂടിയിട്ട് ആർഷക്ക് എന്തു ലഭിക്കാനാണ്…ശെരിക്കും നിനക്കന്ന് ആ രാത്രി എന്താണ് സംഭവിച്ചത്.. .. നീ അറിഞ്ഞുകൊണ്ട് ആ ലോറിയിൽപോയി സ്കൂട്ടി ഇടിപ്പിച്ചാതാണോ…… ആ ലോറിയുടെ ഡ്രൈവർ പോലീസിനോട് അങ്ങനെയാണ് പറഞ്ഞത്… “….

“തൽകാലം നീ അതൊന്നും ഇപ്പൊ അറിയണ്ട…. എല്ലാം ഞാൻ വഴിയെ
പറഞ്ഞുതരാം…. പിന്നെ ഒരുകാര്യം ഇപ്പോത്തന്നെ പറയാം…. ആ ലോറി ഡ്രൈവർ പറഞ്ഞത് തീർത്തും സത്യമാണ്….. “… ആർഷ ചിരിച്ചുകൊണ്ട് പറഞ്ഞു…..

“അപ്പൊ നീ ആത്മഹത്യ…….എന്തിന്… “…… ലീന ആശ്ചര്യത്തോടെ ചോദിച്ചു..

“അതല്ലേ ഞാൻ പറഞ്ഞത്….. എല്ലാം വഴിയേ പറയാമെന്നു….. നീ അറിയേണ്ട സമയമാകുമ്പോൾ എല്ലാകാര്യങ്ങളും നിന്റെ കൺമുമ്പിൽ വന്നോളും….. നീ പോലുമറിയാതെ……. ഒരുപക്ഷെ ആ സമയം എനിക്കു നിന്റെ സഹായം ആവശ്യമുണ്ടായിരിക്കും….

പിന്നെ പ്രധാനപ്പെട്ട വേറൊരുകാര്യം…ഞാൻ നിന്റെകൂടെയുണ്ടെന്നകാര്യം വേറാരും അറിയരുത്… നിന്റെ കുട്ടുകാരുൾപ്പടെ…. “…

“അതെന്താ …. “……

“ഈ ചോദ്യംചോദിക്കൽ ഒന്നു നിർത്താമോ… “… ആർഷ അല്പം കലിപ്പോടെ ലീനയെനോക്കി……

അല്പനേരത്തേക്കു ലീനയൊന്നുംമിണ്ടിയില്ല…. ലീനയുടെ ഇരിപ്പുകണ്ടിട്ട് ആർഷയ്ക്ക്
ചിരിയുംവരുന്നുണ്ടായിരുന്നു…..

“അതെ, കോളേജിൽ പോകണ്ടേ….. …… ഇപ്പൊത്തന്നെ സമയം കുറയെയായി……പോയി കുളിക്കു….
“…..ആർഷ അവളെനോക്കി പറഞ്ഞു…..

സമയം വൈകിയെന്ന കാര്യം ലീനയും അപ്പോഴാണ് ഓർത്തത്… അവൾ വേഗംതന്നെ പ്രഭാതകർമ്മങ്ങൾക്കായി ബാത്റൂമിലേക്കോടി……
****************************************
വൈകാതെതന്നെ കുളികഴിഞ്ഞ് ലീന മുറിയിലേക്ക് വന്നു…… ആർഷ അപ്പോഴും മുറിയിൽത്തന്നെയുണ്ടായിരുന്നു…. ഇത്തവണ ഇന്നലത്തെപോലെ ലീനയ്ക്കു ബോധംകെടേണ്ടി വന്നില്ല….. കാരണം
ആർഷായിപ്പോ തന്റെകൂടെയുണ്ടെന്നു ലീനക്കറിയാം…….

മുറിയിൽവന്നു ഒരുക്കവും പിടിത്തവുമെല്ലാംകഴിഞ്ഞ് ലീന കോളേജിലേക്കുപോകാനായിറങ്ങി…..

“…. ഞാൻ വരുന്നതുവരെ നീ ഈ മുറിയിൽത്തന്നെ ഇരിക്കുവോ …. “…റൂമിൽനിന്നും ഇറങ്ങുന്നതിനുമുമ്പ് ലീന ആർഷയെനോക്കി ചോദിച്ചു….

“ഇല്ല….. “…

“പിന്നെ… “….

“ഞാൻ നിന്റെകൂടെ വരുവല്ലേ “…. ഒരു കള്ളച്ചിരിയോടെ ആർഷ പറഞ്ഞുനിർത്തി….

“എന്റെ കൂടെയോ… കോളേജിലേക്കോ….ഇയാളെ ആരെകിലും കണ്ടാൽ…… “….

“കണ്ടാലെന്താ….. നിന്റെ കോളേജിലെ ആർക്കും എന്നെ അറിയാത്തോന്നുമില്ല…”….

“അതു ശെരിയാവില്ല….. നിന്നെ എന്റെകൂടെ കണ്ടാൽ….. എന്റെ കൂട്ടുകാരോട് ഞാൻ നീ ആരെണെന്നു പറയും… “…..ലീന ടെൻഷനോടെ ചോദിച്ചു…..

“നീ വിഷമിക്കണ്ട….. എന്നെ നിന്നക്കു മാത്രമേ കാണാൻകഴിയു….പോരെ “…

” വേറെയാർക്കും കാണാൻ കഴിയില്ല.? … “….

“ഇല്ല…. നിന്റെ അനുവാദത്തോടെ മാത്രമേ വേറെയൊരാൾക്കു എന്നെ കാണാൻ കഴിയു…… “…..

******************************************

ബ്രേക്ഫാസ്റ്റ് കഴിക്കാൻ മെസ്സിലിരിക്കുന്ന സമയം……..

“ടാ….. നീയിന്നലെ ഞങ്ങളോടെന്തോ പറയാനുണ്ടെന്ന് പറഞ്ഞില്ലേ…. എന്താ കാര്യം…. “…. ശ്രുതി ലീനയോടു ചോദിച്ചു….

“അത്… അതൊന്നുമില്ലടാ….. “….
ലീന അല്പം പരുങ്ങലോടെ പറഞ്ഞു….

“ഒന്നുമില്ലേ…. “…..

“ഇല്ല…. അതിനലെ എന്നിക്ക് വെറുതെ…. “……

“അല്ല…. ഇന്നലെ നീ സ്ട്രെസ് കാരണംതന്നെയല്ലേ ബോധംകെട്ടുവീണത്… അല്ലാതെ നിനക്ക് വേറെ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ… “…

“ഏയ്യ്…. എനിക്കൊരു പ്രേശ്നവുമില്ല…. “….
പരമാവധി സന്തോഷാത്തോടെ ലീന ശ്രുതിക്കും കാവ്യായ്ക്കും മറുപടിനൽകി….

“ഇനി ഇവർക്കെന്തെകിലും മനസ്സിലായോ… എല്ലാം എടുത്തുചോദിക്കുന്നു .. “… ലീന തന്റെ മനസ്സിലോർത്തു… …..

“ഏയ്യ്, അവർക്കൊന്നും മനസിലായിട്ടില്ല….. നിനക്ക് വല്ല ഭ്രാന്തുമുണ്ടോയെന്ന് അറിയാൻവേണ്ടി അവർ വെറുതെ ചോദിച്ചതാണ്…. നീയായി എന്റെ കാര്യം പുറത്തുപറയാതിരുന്നാൽമതി… “…. ലീനയുടെ
അപ്പുറത്തിരുന്നിരുന്ന ആർഷയാണ് ഇത്തവണ സംസാരിച്ചത് …

“ഞാൻ മനസ്സിൽ വിചാരിക്കുന്നകാര്യങ്ങളും നിനക്കറിയാൻ കഴിയുമോ… “…. ശബ്ദംകേട്ട അത്ഭുതത്തോടെ പതിഞ്ഞ സ്വരത്തിൽ ലീന ആർഷയോടു ചോദിച്ചു….

“ഓ….. പിന്നെ….. അതൊക്കെ കഴിയും… “…

“അതൊക്കെ ചീപ്പ്‌ അല്ലേ…. ഒരാളുടെ മനസിലുള്ള കാര്യങ്ങൾ ഇങ്ങനെ മനസിലാക്കുന്നത് ശെരിയാണോ…. ഓരോരുത്തർക്കും അവരവരുടേതായ എന്തൊക്കെ രഹസ്യങ്ങൾകാണും….. “…..

“അങ്ങനെയാണോ..”….

“അതെ “…..

“ലീന.. നീ തന്നെ സംസാരിക്കുകയാണോ… “…കാവ്യാ അവളെ സംശയത്തോടെ നോക്കികൊണ്ടു ചോദിച്ചു…..

“ഏയ്യ്… അല്ല…എന്താടി .. “….

“അല്ല…. എന്നിക്കങ്ങനെ തോന്നി….. “….

“അതു നിനക്ക് വെറുതെ തോന്നിയതായിരിക്കും..ഞാനൊന്നും സംസാരിച്ചില്ല…. “…..

“ആ… തോന്നിയതായിരിക്കും.. “…..
കാവ്യാ പറഞ്ഞുനിർത്തി…. പക്ഷേ ലീന പറഞ്ഞത് അവൾ പൂർണമായും വിശ്വസിച്ചിരുന്നില്ല….

“നിന്റെ കുട്ടുകാർ വിചാരിച്ചിരിക്കുന്നത് നിനക്ക് മാനസികമായി എന്തോ
പ്രശ്നമുണ്ടെന്നാണ്…. “… ആർഷ ലീനയെ ദേഷ്യംപിടിപ്പിക്കാനായി തമാശപോലെ വീണ്ടും പറഞ്ഞു…

“നീ ഒന്നും മിണ്ടാതിരിക്കുമോ….. പ്ലീസ്… “…

“ഓക്കെ…ഞാൻ ഒന്നുംമിണ്ടുന്നില്ല “…..
*******************************************
കോളേജിൽ…….

ഉച്ചക്കത്തെ ഇന്റർവെലിന് പുറത്തുനിൽക്കുന്ന സമയം…
കാവ്യയും ശ്രുതിയും എന്തോ ആവശ്യത്തിനുവേണ്ടി ടീച്ചേർസ്റൂമിൽ കയറിയിരിക്കുകയാണ്…. അവരെകാത്തു ലീന വരാന്തയിലൂടെ നടക്കുന്നസമയത്താണ് ദൂരെനിന്നും നിതിൻസർ അങ്ങോട്ടേക്ക് വരുന്നത് അവൾ കണ്ടത്… കണ്ടിട്ട് അവളുടെ നേരെത്തന്നെ വരുന്നതുപോലെയായിരുന്നു……. ഈ സമയം
ലീനയ്ക്കു മനസിനക്കത്തു വല്ലാത്തൊരു പേടിയനുഭവപ്പെട്ടു…

“ഈശ്വരാ… അയാളിനി എന്റെ അടുത്തേക്കോ മറ്റോ ആണോ വരുന്നത്… “… ലീന തന്റെ മനസ്സിൽ സംശയിച്ചു
….

“നീ സംശയിക്കണ്ട… അയാൾ നിന്നോട് സംസാരിക്കാൻ തന്നെയാണ് വരുന്നത്… “…
ഒരു കള്ളച്ചിരിയോടെ അവൾക്കടുത്തു നിന്നിരുന്ന ആർഷ പറഞ്ഞു…..

തുടരും….