രചന – വൈദേഹി വൈഗ
ഉമ്മറത്തു കണ്ട കാഴ്ച എന്നേ വല്ലാതെ ഞെട്ടിച്ചു…. “അച്ഛാ… വല്യമ്മാമേ… ചേച്ചി.. ചേച്ചിക്കെന്താ പറ്റിയെ….. ” അച്ഛനും വല്ല്യമാമയും ചേർന്ന് ചേച്ചിയെ താങ്ങി പിടിച്ചു കാറിലേക്ക് കയറ്റുവാണ്.. ചേച്ചിടെ വായിൽ നിന്നും നുരയും പതയും ഒക്കെ വരുന്നുണ്ട്.. “എന്താ അമ്മായി.. ന്താ ചേച്ചിക്ക് പറ്റിയെ…. ന്തിനാ നിങ്ങളൊക്കെ കരയണേ… ” ഞാൻ അമ്മായിയെ പിടിച്ചു കുലുക്കി… കരയുകയല്ലാതെ ഒരക്ഷരം ആരും മിണ്ടണില്ല….. “അച്ഛാ.. പോവല്ലേ… ഞാനും വരുന്നു…. ചേച്ചി…… ” ഉച്ചത്തിൽ കരഞ്ഞോണ്ട് മുറ്റത്തേക്ക് ഓടിയെങ്കിലും അച്ഛനും വല്യമ്മാമയും പോയി കഴിഞ്ഞിരുന്നു… “മോള് ഇങ് വാ…. ” അമ്മ ഉമ്മറത്തു വന്നു വിളിക്കുവാണ്… ഉമ്മറത്തേക്ക് ഞാൻ ചാടിക്കയറി…
“എന്താ അമ്മേ.. എന്താ ചേച്ചിക്ക്.. പറ അമ്മേ… ” കരയുന്നതല്ലാതെ രണ്ടാളും ഒന്നും മിണ്ടുന്നില്ല…. “പറയില്ല അല്ലേ.. ഞാനും പോവുവാ അവരുടെ പിറകെ… ” എന്നും പറഞ്ഞു പോവാൻ തുനിഞ എന്നേ അമ്മ ബലമായി പിടിച്ചു നിർത്തി… “മോള്.. മോളിപ്പോ പോവണ്ട .. ” “എന്താ അമ്മേ.. എന്നോടൊന്നു പറ… ” “ചേച്ചി വിഷം കഴിച്ചു മോളേ… ” ന്നും പറഞ്ഞു അമ്മ പൊട്ടിക്കരഞ്ഞു.. കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ തരിച്ചു നിന്നു.. തന്റെ ചേച്ചി.. അവളെന്തിന് ഈ കടുംകൈ ചെയ്തു..
എല്ലാം.. എല്ലാം ഞാൻ കരണം ആണ്… ഞാൻ നേരെ റൂമിലേക്ക് ഓടി.. വണ്ടിയുടെ കീ എടുത്തു മുറ്റത്തേക്ക് ഇറങ്ങി.. “മോളേ.. നിയിത് എങ്ങോട്ടാ.. നി ഇപ്പൊ പോവണ്ട… ” “വിടമ്മേ…. എനിക്ക് പോണം… ” സ്കൂട്ടി എടുത്തു ഞാൻ നേരെ സിറ്റി ഹോസ്പിറ്റലിലേക് വിട്ടു.. അച്ഛൻ അവിടേക്ക് പോകാനേ വഴിയുള്ളു.. ചേച്ചിടെ കാര്യം ഓർക്കുംതോറും ഉള്ളിൽ വല്ലാത്ത നീറ്റൽ… താൻ ദേവേട്ടനെ ഇഷ്ടപെട്ടത് കൊണ്ടല്ലേ ചേച്ചിക്ക് എല്ലാം തുറന്നു പറയേണ്ടി വന്നത്.. അത് കൊണ്ടല്ലേ ദേവേട്ടൻ എല്ലാം കേൾക്കാൻ ഇടയായത്..
ഇല്ലാച്ചാ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു…. “ആഹ്…. ” പെട്ടന്നായിരുന്നു എനിക്ക് സ്ഥലകാല ബോധം വന്നത്… “നിന്റെ മുഖത്തെന്താടി കാണില്ലേ.. ആളെ കൊല്ലാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും.. ” ഓരോന്ന് ചിന്തിച്ചു കൊണ്ട് വണ്ടിയോടിച്ചപ്പോ പറ്റിയതാ… എതിരെ വന്ന കാറിനു ഇടിക്കാൻ പോയതാ… പെട്ടന്ന് ബ്രേക്ക് പിടിച്ചത് കൊണ്ട് രക്ഷപെട്ടു… “നിനക്കെന്താ ചെവിയും കേട്ടു കൂടെ.. വണ്ടിയെടുത്തു മറ്റെടി…. ” അയാളോട് തർക്കിച്ചു നിൽക്കാൻ സമയം ഇല്ലാത്തതു കൊണ്ട് പെട്ടന്നു വണ്ടിയെടുത്തു ഒതുക്കി വച്ചു ഹോസ്പിറ്റിലിലേക്ക് കയറി… നേരെ റിസെപ്ഷനിലേക് ഓടി… “എസ്ക്യൂസ്‌മി.. ഒരു സൂയിസൈഡ് കേസ് ഇവിടെ ഇപ്പൊ… ” “ഐ സി യൂ.. നേരെ പോയി റൈയ്റ്റ് ” പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവര് പറഞ്ഞു.. ഐ സി യു ടെ മുന്നിൽ അച്ഛനും വല്യമ്മാമയും നിൽക്കുന്നത് കണ്ടു…
“അച്ഛേ.. ചേച്ചി… ” “ഒന്നും അറീല മോളേ.. ജീവനോടെ ഇങ് കിട്ടിയാ മതിയാരുന്നു… ” പെട്ടന്നാണ് ഡോക്ടർ പുറത്തേക്കു വന്നത്… “ഡോക്ടർ.. ചേച്ചിക്ക്…. ” “ഒന്നും പറയാറായിട്ടില്ല.. അൽപ്പം സീരിയസ് ആണ്.. ” ന്റെ ദേവി നി കാത്തോണേ… ഇങ്ങനെ പരീക്ഷിക്കല്ലേ…. *** നേരം ഇരുട്ടി തുടങ്ങി… ഐ സി യു വിന്റെ മുന്നിലൂടെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അച്ഛനും വല്ല്യമാമയും അടുത്തൊരു ബെഞ്ചിൽ തളർന്ന് ഇരിക്കുവാണ്.. “മോളേ… ” ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അമ്മയും അമ്മായിയും… “നിങ്ങള്… ഈ സന്ധ്യക്ക് എന്തിനാ ഒറ്റക്ക് വന്നേ… ” “ഒറ്റയ്ക്കല്ലാ…. ” എന്നും പറഞ്ഞു അമ്മ ചൂണ്ടി കാണിച്ച ആളെ കണ്ടതും ഞാൻ ഞെട്ടി..
“ദേവേട്ടൻ ” എന്റെ ചുണ്ടുകൾ ഞാൻ പോലും അറിയാതെ മന്ത്രിച്ചു.. “എന്തിനാ അമ്മേ ഇയാളീം കൂട്ടി ഇങ്ങോട്ട് വന്നത്… ” പരിസരം പോലും നോക്കാതെ ഞാൻ ഒച്ചയെടുത്തു… “എന്തിനാ… ചത്തോന്ന് അറിയാൻ വന്നതാണോ നിങ്ങള്…. എന്റെ.. എന്റെ ചേച്ചിയെ നിങ്ങളല്ലേ ഈ നിലയിൽ ആക്കിയത്…. ” ദേവേട്ടന്റെ ഷർട്ന്റെ കോളറയിൽ പിടിച്ചു ഞാൻ അലറി… “മോളേ.. വിട്.. അവനെ വിട്…. ” “ഇല്ല.. പോ.. എന്റെ മുന്നീന്ന് പോവാൻ… ” “ഞാൻ വിളിച്ചിട്ടാ ദേവൻ വന്നത്…. ഇവിടുത്തെ വിവരങ്ങളറിയാതെ എനിക്കും അമ്മയിക്കും ഒരു സമാധാനം ഇല്ലായിരുന്നു… വിളിച് ചോദിക്കണേൽ നിങ്ങളാരും ഫോണും എടുത്തില്ല.. അത് കൊണ്ട് നേരെ ഇല്ലത്തു ചെന്ന് ദേവനെ വിളിച്ചത്… ”
“എന്തിനായിരുന്നു.. ഇയാള്.. ഇയാള് കാരണല്ലേ ചേച്ചിക്ക് ഇപ്പൊ ഇങ്ങനൊക്കെ വന്നത്… ന്നിട്ട്…. ” “എല്ലാം അറിഞ്ഞിട്ടും നിനക്കെങ്ങനെ കഴിയുന്നു യാമി അവളെ ന്യായീകരിക്കാൻ…. ” അത് പറയുമ്പോൾ ദേവേട്ടന്റെ സ്വരം കടുത്തിരുന്നു “ഒരാളെ ഈ അവസ്ഥയിൽ ആക്കിയത് പോരെ.. ഇനി എന്നേം കൂടെ ഇല്ലാണ്ടാക്കാനാണോ ഇവിടേക്ക് വന്നേ.. ഇഷ്ട്ടപ്പെട്ടു പോയതല്ലാതെ വേറെന്തു തെറ്റാ ഞാൻ നിങ്ങളോട് ചെയ്തേ… എന്തിനാ എന്നേ ഇങ്ങനെ സങ്കടപെടുത്തുന്നെ.. ഒന്ന് പോയി തരുവോ… ” ദേവേട്ടനെ കോളറിൽ പിടിച്ചു ഞാൻ അലറി.. പിന്നെ ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു.. അത് വരെ പിടിച്ചു നിർത്തിയ സങ്കടങ്ങൊളൊക്കെയും അവിടെ തീർത്തു…
പെട്ടന്നാണ് ഞാൻ ദേവേട്ടന്റെ നെഞ്ചിലാണ് കിടക്കുന്നതെന്ന കാര്യം ഓർത്തത്.. പിടിവിട്ട് അൽപ്പം മാറി നിന്നു… വരാന്തയിലൂടെ ഞാൻ നടന്നു… കുറച്ചകലെയുള്ള ഒരു ജനാലയ്ക്കരികിലായി ഞാൻ നിന്നു…. ദേവേട്ടനും എന്റെ അരികിലേക്ക് വന്നു… “യാമി…. ” “വേണ്ട.. എന്നോട് സംസാരത്തിനു വരണ്ട.. ഒരു തെറ്റും ചെയ്യാത്ത എന്നേ തള്ളിപ്പറഞ്ഞ ആളെന്തിനാ ഇപ്പൊ എന്റെ അരികിൽ വന്നേ.. ” “അപ്പോഴത്തെ എന്റെ അവസ്ഥയിൽ നി ആണെങ്കിലും അങ്ങനൊക്കെ തന്നല്ലേ പ്രതികരിക്കു… പറ്റി പോയി.. നിന്നോട് ഞാൻ മോശമായി പെരുമാറാൻ പാടില്ലായിരുന്നു. ” എന്തിനാ ന്റെ ദേവി എന്നേ എങ്ങനെ തീ തീറ്റിക്കണെ നി… ആരുടെ ഭാഗത്താണ് ശരി.. അല്ലെങ്കിൽ തെറ്റ് എന്ന് മനസിലാവുനില്ലല്ലോ… ഞാൻ ഈ സമയത്തു ആരെയാ സ്നേഹിക്കണ്ടേ.. സ്വതം ചോരയെയോ..
അതോ ജീവനേക്കാളേറെ സ്നേഹിച്ച പുരുഷനെയോ… “എന്താ നി ഒന്നും മിണ്ടാതെ… ” “ഞാൻ.. ഞാൻ എന്ത് മിണ്ടാനാ.. എല്ലാം.. എല്ലാം തീർന്നില്ലേ… ചേച്ചിയെ ജീവനോടെ കിട്ടണം എന്നൊരറ്റ പ്രാർത്ഥനയെ എനിക്കിപ്പോ ഉള്ളു… ദേവേട്ടൻ തിരിഞ്ഞു നടന്നു… “ദേവേട്ടാ.. ഒന്ന് നിന്നെ… ” “മ്മ് ന്താ ” “ഞാൻ ഒരു കാര്യം പറയട്ടെ.. ഒരപേക്ഷയാണ്.. ” “ന്താ… ” “ചേച്ചിക്ക് ബോധം വീണാൽ.. ആദ്യം ദേവേട്ടൻ വേണം അരികിൽ ചെല്ലാൻ.. ” എന്തിനു എന്ന അർത്ഥത്തിൽ ദേവേട്ടൻ എന്നേ ഒന്ന് തറപ്പിച്ചു നോക്കി… “ചേച്ചിയെ സമാധാനിപ്പിക്കണം…. പിന്നെ…. ” “പിന്നെ?? ” ബാക്കി പറയാൻ എനിക്കവുമായിരുന്നില്ല.. വല്ലാതെ കരച്ചിലു വരുന്നു.. എങ്കിലും കടിച്ചു പിടിച്ചു ഞാൻ പറഞ്ഞു… “ദേവേട്ടൻ ചേച്ചിയെ സ്വീകരിച്ചോളാം എന്ന് പറയണം.. അത് ഈ അവസ്ഥയിൽ അവൾക്കു വലിയൊരു ആശ്വാസം ആകും..
എനിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണം…” “യാമി… ” ദേവേട്ടന്റെ ദേഷ്യത്തോടെ ഉള്ള ആ വിളിയിൽ ഞാൻ ഒന്ന് പതറി “ഹ്മ്മ്.. വല്ലാതെ പുച്ഛം തോന്നുന്നു എനിക്ക് നിന്നോട്… സ്നേഹിച്ച പുരുഷനെ ചേച്ചിക്ക് ധാനം ചെയ്തിട്ടു വലിയ പുണ്ണ്യാളത്തി ചമഞ്ഞു നടക്കാനാണോ നിന്റെ ഭാവം.. ” “ദേവേട്ടാ പ്ലീസ്.. സഹചര്യം മനസിലാക്കു” “സാഹചര്യം… എന്റെ നന്ദേടെ ഓർമയിൽ ജീവിച്ചു തീർക്കാൻ നിന്നതാ ഞാനീ ജീവിതം.. എന്നാൽ എപ്പഴോ നിന്റെ ഈ സ്നേഹത്തിനു മുന്നിൽ ഞാൻ പതറി പോയി… എപ്പഴോ ഞാനും നിന്നെ സ്നേഹിച്ചു തുടങ്ങി… എന്നാൽ ഒരിക്കലും നിന്നെ മറന്നു നിന്റെ ചേച്ചിക്ക് ഒരു ജീവിതം കൊടുക്കാൻ മാത്രമുള്ള വിശാല മനസൊന്നും ദേവന് ഇല്ല” എന്താ ഞാൻ ഇതിനൊക്കെ മറുപടി കൊടുക്കണ്ടേ…
“അറിഞ്ഞു കൊണ്ടായാലും അല്ലെങ്കിലും നിന്റെ ചേച്ചി കരണം ആണ് എനിക്ക് എന്റെ നന്ദയെ നഷ്ടപ്പെട്ടത്.. അതിനു ഒരിക്കലും അവൾക്കു മാപ്പില്ല… ” ” ദേവേ…… ” “മോളേ….. ” ദേവേട്ടനോട് എന്തോ പറയാൻ തുനിയുമ്പോഴേക്കും അമ്മ പിറകിൽ നിന്നും വിളിച്ചു… “മോളേ… അമ്പിളിക്ക് ബോധം വീണു… ” എന്റെ ദേവി.. നി കാത്തു… ഞാൻ ദേവേട്ടനെ ഒന്ന് നോക്കി നേരെ ഐ സി യു വിന്റെ മുന്നിലേക്ക് ഓടി… കുറച്ചു കഴിഞ്ഞു ഉള്ളിൽ കേറി ചേച്ചിയെ ഒന്നു കണ്ടു… അതികം സംസാരിപ്പിക്കാൻ ഒന്നും നിന്നില്ല… **** ദിവസങ്ങൾ ശരവേഗത്തിൽ പോയി…
ചേച്ചി ഹോസ്പിറ്റലിൽ നിന്നു വീട്ടിലേക്ക് വന്നു… ഇപ്പൊ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല.. അന്നത്തെ ആ സംഭവത്തിനു ശേഷം അവൾക്കു എന്നോടുള്ള പെരുമാറ്റത്തിൽ വല്ലാത്ത മാറ്റം.. മിണ്ടാറു പോലും വല്ലപ്പോഴും ആണ്.. അതും ഞാൻ എന്തെങ്കിലും ചോദിച്ചാൽ അതിനുത്തരം മാത്രം അവളുടെ ആ പെരുമാറ്റം കരണം എനിക്ക് എല്ലാവരോടും ദേഷ്യം ആയി.. ആരോടും മിണ്ടാതെയും ആയി… ദേവേട്ടനെ വഴിയിൽ വച്ചു കണ്ടാൽ പോലും ഞാൻ മുഖം തിരിച്ചു പോവും…. ചേച്ചിക്ക് വേണ്ടി സ്നേഹിച്ച ആളെ വിട്ടു കൊടുക്കാൻ തയ്യാറായിട്ടും അവളെന്നോടീ അകൽച്ച കാട്ടുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.
ദിവസങ്ങൾ ഓരോന്ന് കഴിഞ്ഞിട്ടും അവൾക്കെന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമൊന്നും വന്നില്ല.. എന്നോട് എന്നല്ല മനയ്ക്കൽ ആരോടും സംസാരം ഇല്ല.. ***** “യാമി…. ” രാവിലെ ഞാൻ മുറ്റം അടിക്കുമ്പോഴുള്ള ചേച്ചിടെ വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി… “നീയിതെങ്ങോട്ടാ ചേച്ചി രാവിലെ തന്നെ…. ” “അതൊക്കെ വന്നിട്ട് പറയാം.. ഇന്നത്തോടെ എല്ലാറ്റിനും ഒരുത്തരം കിട്ടും… നിന്നോടുള്ള എന്റെ പെരുമാറ്റത്തിന് ഒരവസാനവും… ” “എന്താ കാര്യം.. പറഞ്ഞിട്ട് പോ ചേച്ചി….. ” പിന്നെ ഞാൻ പറഞ്ഞതൊന്നും കേൾക്കാൻ നിൽക്കാതെ ചേച്ചി നടന്നകന്നു… അത് നോക്കി നിൽക്കാനേ എനിക്കയുള്ളു…

by