16/04/2026

യാമി : ഭാഗം 05

രചന – വൈദേഹി വൈഗ

“എന്താ ചേച്ചി നിനക്ക് പറ്റിയെ ” “പ്രാന്ത്… നട്ടപ്രാന്ത്…. ” ഈശ്വരാ ഇതെന്താ ഏച്ചി ഇങ്ങനെ… “നിനക്ക് ദേവേട്ടനോട് പ്രണയം ആണല്ലേ… നീയും ദേവേട്ടനും ഇഷ്ട്ടത്തിൽ ആണല്ലേ…. “വിട്ടു തരില്ല ഞാൻ ദേവേട്ടനെ.. ദേവേട്ടൻ എന്റെയാ.. അമ്പിളിടെ മാത്രം.. ” “ചേച്ചി.. നി ന്തിനാ വാശി പിടിക്കുന്നെ… അഞ്ചു വർഷായിട്ട് ഞാൻ സ്നേഹിക്കുവാ ദേവേട്ടനെ ” “കൊല്ലത്തിന്റെ കണക്കൊന്നും നി പറയണ്ട യാമി… നി അഞ്ചല്ലേ.. പത്തു.. പത്തു വര്ഷമായി നെഞ്ചിൽ കൊണ്ട് നടക്കുവാ ഞാൻ.. അറിയുവോ നിനക്ക്”

ഒന്നും മറുത്ത് പറയാൻ ആകാതെ എല്ലാം കേട്ടു നിൽക്കാനേ എനിക്കായുള്ളു “എന്റെ ദേവേട്ടനെ എന്നിൽ നിന്നു തട്ടിയെടുക്കാൻ ശ്രമിച്ചാൽ നന്ദേടെ അതേ അവസ്ഥ ആവും നിനക്കും…” “എന്താ. എന്താ ചേച്ചി നി പറഞ്ഞേ.. . നന്ദേച്ചി…. ” “കൊന്നതാ.. മറ്റാരും അല്ല ഞാൻ.. ഈ അമ്പിളി…. ” ഇത് കേട്ടപ്പോ എനിക്കെന്തോ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.. ചേച്ചിടെ കഴുത്തിൽ ഞാൻ പിടിച്ചു…. “എന്താ നി പറഞ്ഞെ… നന്ദേച്ചിയെ … ആ പാവത്തിനെ എന്തിനാ നി ഇല്ലാതാക്കിയേ…. ” “വിടെടി…. ”

ചേച്ചി എന്റെ കൈ തട്ടി തെറിപ്പിച്ചു .. “ഹ്മ്മ്…. പാവം ആണ് പോലും നിന്റെ നന്ദേച്ചി… എല്ലാം അറിഞ്ഞു വച്ചു എന്നേ ചതിച്ചവളാ അവള്… നിനക്ക് കേൾക്കണോ ആ കഥ… ” ചേച്ചിയുടെ മുഖത്തു അഗ്നി എരിയുന്നുണ്ടായിരുന്നു…. ഞാനും നന്ദയും അടുത്ത കൂട്ടുകാരായിരുന്നു… ഒന്നിച്ചു കളിച്ചു വളർന്നവർ… ഒരേ ക്ലാസ്സിൽ പഠിച്ചവർ…. അങ്ങനെ പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ഇല്ലത്ത് ശാരദാമ്മയുടെ അടുത്ത് നൃത്തം പഠിക്കാൻ ഞാനും നന്ദയും പോവുന്നത്.. (ശാരദാമ്മാ ന്ന് പറഞ്ഞത് ദേവേട്ടന്റെ അമ്മ )

അവിടെ വച്ചാരുന്നു ഞാൻ ദേവേട്ടനെ കണ്ടതും ഇഷ്ട്ടപെട്ടതും. ഓരോ ദിവസം കഴിയുമ്പോഴും ദേവേട്ടനോടുള്ള എന്റെ ഇഷ്ട്ടം വളർന്നു കൊണ്ടിരുന്നു.. എന്നാൽ അത് തുറന്നു പറയാൻ എനിക്കായില്ല.. എന്നിൽ എന്നിൽ മാത്രം ഒതുങ്ങി… പിന്നീടെപ്പോഴോ എന്റെ മനസിന്‌ അത്‌ ഒറ്റയ്ക്ക് താങ്ങാൻ പറ്റാതായപ്പോ ഞാൻ നന്ദയോട് കൂടി പറഞ്ഞു… അവളും എനിക്ക് സപ്പോർട്ട് ആയിരുന്നു…

ദേവേട്ടനോട് തുറന്നു പറയാൻ എനിക്ക് പേടിയായിരുന്നു… അത്‌ കൊണ്ട് തന്നെ പറഞ്ഞില്ല… അങ്ങനെ നാലു കൊല്ലത്തെ എന്റെ നൃത്തപഠനം കഴിഞ്ഞു പോകുന്ന ആ ദിവസം… അന്ന് ദേവേട്ടനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചതായിരുന്നു ഞാൻ… എന്നാൽ അതിനു മുന്നേ ദേവേട്ടൻ നന്ദയെ വിളിച് ഇഷ്ട്ടം ആണെന്ന് പറഞ്ഞു… എന്നേ പറ്റി ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ അവള് തിരിച്ചു അവളുടെ സ്നേഹം അറിയിച്ചു….

അവിടെ തകർന്നു പോയത് ഇത്രയും വർഷത്തെ എന്റെ പ്രണയവും സൗഹൃദവും ആയിരുന്നു… നന്ദയുടെ കാലു പിടിച്ചു ഞാൻ പറഞ്ഞു നി തന്നെ ഒഴിഞ്ഞു തരണം എന്ന്.. അവള് അതിനു തയ്യാറായില്ല.. അതിനു അവളെനിക്ക് തന്ന മറുപടി എന്താന്ന് അറിയുവോ നിനക്ക്… ദേവേട്ടൻ ഒരു പുളീംകൊമ്ബ് ആണത്രേ… വിട്ടു കളയാൻ അവൾക്കു ആവില്ലാന്ന്…

അവര്.. അവര് അവരുടെ പ്രണയം എന്റെ മുന്നിൽ ആടി തിമിർത്തു… ഒരു കോമാളിയെ പോലെ കണ്ടു നിൽക്കാനേ എനിക്കായുള്ളു…. അവസാനം ഒന്നും കൂടെ എന്റെ ദേവേട്ടനെ വിട്ടു തരുമോന്നു ചോദിക്കാനായിരുന്നു ഞാൻ നന്ദയെയും കൂട്ടി ഈ കുളക്കടവിൽ വന്നത് … അന്ന്… അന്നാണ് അരുതാത്തത് സംഭവിച്ചത് …

ദേവേട്ടനെ ചൊല്ലി ഞാനും അവളും വഴക്കായി… ദേഷ്യം വന്ന ഞാൻ അവളെ പിടിച്ചു തള്ളി…. ഞാൻ തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് നടന്നു… പിന്നെയാ ഞാൻ അറിഞ്ഞേ… അവള്… അവള് പോയി എന്ന്… തല പടവിൽ ഇടിച്ചതു ആയിരുന്നു മരണ കരണം… അറിയാതെ ആണെങ്കിലും ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്…

പിന്നീടുള്ള ഒരു രാത്രി പോലും ഞാൻ മനസമാധാനം ആയിട്ട് ഉറങ്ങിയിട്ടില്ല…. ഇതിൽ നിന്നെല്ലാം ഒന്ന് വിട്ടു നിൽക്കാനായിരുന്നു… അച്ഛന്റെ അടുത്തേക്കുള്ള യാത്ര… ഹൈദരബാദിലേക്ക് … അവിടെ എത്തിയിട്ടും മനസ്സൊന്നു ശാന്തമാവാൻ മാസങ്ങളെടുത്തു… എന്നെകിലും ഒരിക്കൽ ദേവേട്ടനെ എനിക്ക് കിട്ടും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു….

പിന്നെ ഇപ്പോ എന്റെ പ്രതീക്ഷകളൊക്കെയും തകർത്തു കൊണ്ട് വന്നതാരുന്നു അച്ഛൻ കൊണ്ട് വന്ന വിവാഹാലോചന… ദേവേട്ടനല്ലാതെ മറ്റൊരാളെ എനിക്ക് എന്റെ ജീവിതത്തിൽ ഇനി സങ്കൽപ്പിക്കാൻ പോലും പറ്റില്ല… എന്റെ ഇഷ്ട്ടം ദേവേട്ടനോട് തുറന്നു പറയാനായിരുന്നു ഇപ്പോൾ നാട്ടിലേക്കുള്ള എന്റെ ഈ വരവ്…. എനിക്ക്..  എനിക്ക് വേണം യാമി എന്റെ ഏട്ടനെ… ‘

ഇത്രയും പറഞ്ഞു കൊണ്ട് ചേച്ചി കുളക്കടവിൽ ഇരുന്നു പൊട്ടി കരഞ്ഞു…. “ചേച്ചി….. ” ഞാൻ അവളുടെ അടുത്ത് ചെന്ന് ഇരുന്നു… “എനിക്ക് വേണം… എനിക്ക് വേണം… എന്റെ ദേവേട്ടനെ….. ” “ഇല്ലാ…. ” ഒരലർച്ചയായിരുന്നു പിന്നെ ഞങ്ങള് കേട്ടത്… ഞെട്ടി തിരിഞ്ഞു ഞാൻ പുറകോട്ടേക്കു നോക്കി…. ദേവേട്ടൻ… ഉമിനീരൊക്കെ വറ്റി വരണ്ട പോലെ… ഒന്നും പറയാൻ ആവാതെ ഞാനും ചേച്ചിയും അവിടുന്ന് എഴുനേറ്റു… എല്ലാം.. എല്ലാം ദേവേട്ടൻ കേട്ടിരിക്കുന്നു… ഈ സമയത്തു ദേവേട്ടനോട് കുളപ്പടവിൽ വരാൻ പറഞ്ഞത് ചേച്ചിയുടെ സംസാരത്തിനിടെ ഞാൻ മറന്നിരുന്നു..

“എന്റെ നന്ദയെ നി… നീ… ഇല്ലടി… ഇനി നിന്നെ ഞാൻ ജീവിക്കാൻ സമ്മതിക്കില്ല….. ” ദേവേട്ടൻ ചേച്ചിയുടെ കഴുത്തിൽ കയറി പിടിച്ചു… “ദേവേട്ടാ… വേണ്ട ദേവേട്ടാ… വിട്… ചേച്ചിക്ക് എന്തേലും പറ്റും.. കൈയെടുക്ക്…. ” “ഇല്ല.. എന്റെ.. എന്റെ നന്ദയെ കൊന്ന ഇവളിനി ജീവിച്ചു ഇരിക്കേണ്ട.. എല്ലാം എല്ലാം ഞാൻ കേട്ടു…. ” ദേഷ്യം കൊണ്ട് ദേവേട്ടന്റെ മുഖം വലിഞ്ഞു മുറുകി… എന്ത് ചെയ്യണം എന്നറിയാതെ ഇവരുടെ ഇടയിൽ കിടന്നു ഞാൻ വീർപ്പു മുട്ടി…

“ആഹ്…. ” ദേവേട്ടൻ ചേച്ചിടെ കരണം നോക്കി ഒന്നു പൊട്ടിച്ചു… “ദേവേട്ടാ.. എന്നോട് ക്ഷമിക്കണം… ഞാൻ ദേവേട്ടന്റെ കാല് പിടിക്കാം.. എന്നേ.. എന്നേ ഉപേക്ഷിക്കരുത്.. ” ചേച്ചി ദേവേട്ടന്റെ കാലിൽ വീണു കരഞ്ഞു… “ച്ചി… എഴുനേൽക്കടി… നിന്നെ കൊന്നു ജയിലിൽ പോയാൽ ന്റെ നന്ദേടെ ആത്മാവ് പൊറുക്കില്ല… അത്‌ കൊണ്ട്.. അത്‌ കൊണ്ട് മാത്രം നിന്നെ ഞാൻ വെറുതെ വിടുവാ.. എണീറ്റു പോയിക്കോ എന്റെ കണ്മുന്നീന്ന്…. ”

അമ്പിളിയേച്ചി കരഞ്ഞു കൊണ്ട് ഓടി പോയി…. ആർക്കൊക്കൊപ്പം നിൽക്കും എന്റെ ഈശ്വരാ… ഒരു ഭാഗത്തു സ്വന്തം ചേച്ചി.. മറു ഭാഗത്തു ജീവനെ പോലെ സ്നേഹിക്കുന്ന പുരുഷൻ… ഈ സമയത്തു ഞാൻ ആർക്കൊപ്പം നിൽക്കും… കുളപ്പടവിൽ മുഖം പൊതി ഇരിക്കുവാണ് ദേവേട്ടൻ… ഞാൻ മെല്ലെ ആ ചുമലിൽ കൈ വച്ചു… “ദേവേട്ടാ….. ” “തൊട്ടു പോകരുതന്നെ…..”