19/04/2026

രുദ്രവീണ : ഭാഗം 03

രചന – ഭവ്യ ഭാസ്ക്കരൻ

അവൾ തന്റെ കൈയിലേക്ക് നോക്കി. ഈ കൈ കൊണ്ട് ഞാൻ എന്റെ കണ്ണേട്ടനെ, അവളുടെ മിഴികൾ നിറഞ്ഞൊഴുകി. അറിയുന്നില്ലല്ലോ കൃഷ്ണാ… എന്താ ചെയേണ്ടത് എന്ന്‌. രോഹൻ സാർ.. പ്രിൻസിപ്പൽ ചെല്ലാൻ പറഞ്ഞു. ഓഫീസ് സ്റ്റാഫ്‌ മനോജ്‌ വന്നു പറഞ്ഞു. ആ. രോഹൻ എഴുന്നേറ്റു, പ്രിൻസിപ്പലിന്റെ റൂമിലേക്ക് നടന്നു. ” May i come in..? ” yes. രുദ്രൻ തിരിഞ്ഞു നോക്കിയതു തന്റെ മുന്നിൽ നിൽക്കുന്ന രോഹനെ കണ്ട് അമ്പരുന്നു എഴുന്നേറ്റു. രുദ്രാ… രോഹൻ വന്നു അവനെ കെട്ടി പിടിച്ചു. ആ.. നിങ്ങൾ നേരത്തെ അറിയോ. പ്രിൻസിപ്പൽ ചോദിച്ചു. അറിയാം സാർ. എഞ്ചിനീയറിങ്ങിനെ ഞങ്ങൾ ഒരുമിച്ചായിരുന്നു. രോഹൻ പറഞ്ഞു. ആഹ്. അങ്കിൾ എനിക്ക് രോഹനോട് സംസാരിക്കാൻ ഉണ്ടായിരുന്നു. രുദ്രൻ പ്രിൻസിപ്പളിനെ നോക്കി കൊണ്ടു പറഞ്ഞു. ഓക്കേ. രോഹൻ ഉച്ചക്ക് ശേഷം ലീവ് എടുത്തോളൂ. താങ്ക് യൂ സാർ. രോഹൻ പറഞ്ഞു. താങ്ക്സ് അങ്കിൾ. രുദ്രൻ പ്രിൻസിപ്പിളിനെ നോക്കി കൊണ്ട് പറഞ്ഞു.

മാധവിനെ ഞാൻ അന്വേഷിച്ചതായി പറയണം. ഓക്കേ അങ്കിൾ. ഞാൻ എന്നാൽ ഇറങ്ങാ. ആഹ്‌. ഇരുവരും പ്രിൻസിപ്പളിന്റെ റൂമിനു വെളിയിൽ ഇറങ്ങി. ഡാ.. നീ പോയി ബാഗ് എടുത്ത് വാ. ഞാൻ പാർക്ക്‌ ഏരിയയിൽ ഉണ്ടാവും. ഓക്കേ ഡാ. രോഹൻ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു. രുദ്രൻ പുറത്തേക്ക് ഇറങ്ങി. സ്റ്റെപ്പ് ഇറങ്ങി വരുന്ന രുദ്രനെ കണ്ട് മൈഥിലി തറഞ്ഞു നിന്നു. ടീച്ചർ വരുന്നില്ലേ.. നിഖില മിസ്സിന്റെ വിളിയാണ് അവളെ തിരികെ ബോധത്തിലേക്കു കൊണ്ട് വന്നത്. ആഹ്‌. രുദ്രൻ അവളെ കണ്ടു, അവളുടെ അടുത്തേക്ക് നടന്നു. ഒന്നനങ്ങാൻ പോലുമാവാതെ അവൾ അവിടെ തന്നെ നിന്നു. രുദ്രൻ അവളെ നോക്കി, ചിരിച്ചു . അവൾ അവന് ചെറു ചിരി നൽകി. മീനൂ.. സുഖല്ലേ..? ആണെന്നവൾ തലയാട്ടി. രുദ്രൻ ഇവിടെ..? മൈഥിലി ചോദിച്ചു. ഡാ.. നീ ഇവിടെ നിൽക്കണോ.. അതും പറഞ്ഞു കൊണ്ട് രോഹൻ അങ്ങോട്ടു വന്നു. മൈഥിലി, നിഖില ഇതു എന്റെ ഫ്രണ്ട് രുദ്രൻ. ഹലോ.. നിഖില പറഞ്ഞു. ഹായ്. ഉച്ചക്ക് ശേഷം ഞാൻ ലീവ് ആണ്.

ഉച്ചക്ക് ശേഷം ഉള്ള സെക്കന്റ്‌ ഹവർ മൈഥിലി എന്റെ ക്ലാസ്സിൽ ഒന്ന് പോവോ..? രുദ്രൻ ചോദിച്ചു. ആഹ്‌. അപ്പോ ശെരി, നാളെ കാണാം. രോഹൻ അവരോടു യാത്ര പറഞ്ഞു. ശെരി.. രുദ്രൻ മൈഥിലിയെ നോക്കി പറഞ്ഞു. മ്മ്. അവർ നടന്നകന്നതും, നിഖില മൈഥിലി യെ നോക്കി. രുദ്രനെ മൈഥിലിക്ക് അറിയോ..? മ്മ്. എന്റെ കസിനാണ്. ആഹ്‌. അവൾ ഒന്ന് പുഞ്ചിരിച്ചു, വാ പോകാം. നിഖില മൈഥിലിയെ വിളിച്ചു സ്റ്റാഫ്‌ റൂമിലേക്ക് നടന്നു. അപ്പോഴും അവളുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു. രുദ്രൻ എന്തിനാണ് ഇവിടെ വന്നതെന്ന്. പറ അളിയാ എന്തൊക്കെയാ നിന്റെ വിശേഷം… രോഹൻ സംസാരത്തിനു തുടക്കം കുറിച്ചു. ആ അങ്ങനെ പോവുന്നു. നിനക്കോ..? സുഖം, സ്വസ്ഥം. രോഹൻ ചിരിയോടെ പറഞ്ഞു. അല്ല, അന്ന് ഫസ്റ്റ് ഇയർ ഓണം വെക്കേഷന് നാട്ടിൽ പോയ നീ. പിന്നെ കോളേജിൽ വന്നില്ല. അന്വേഷിച്ചപ്പോൾ നീ ടിസി വാങ്ങി പോയി എന്നറിഞ്ഞു. പക്ഷേ എഞ്ചിനീയർ എടുത്ത നീ എങ്ങനെ ഇവിടെ..? രുദ്രൻ അവനെ നോക്കി കൊണ്ട് ചോദിച്ചു.

അതൊരു കഥയാ രുദ്രാ..? ഒരു പ്രൈവറ്റ് ജീവനക്കാരിയായ അമ്മ എന്റെ ഫീസ് അടക്കാൻ നെട്ടോട്ടം ഓടുന്നതു കണ്ടപ്പോൾ എഞ്ചിനീയർ പഠിത്തം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അമ്മ അതിനെ കുറെ എതിർത്തു. അതിനിടയിൽ അച്ഛമ്മ മരിച്ചു. കുടുംബക്കാർ ഭാഗം വെക്കാൻ പറഞ്ഞു വഴക്കായി. തറവാട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. ഒരു വാടക വീട് എടുത്തു. ഞാൻ പഠിത്തം നിർത്തേണ്ടി വന്നപ്പോൾ അമ്മ ഒരുപാട് കരഞ്ഞു. ഞാൻ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് കയറി. നെക്സ്റ്റ് ഇയർ ഡിഗ്രിക്കു ചേർന്നു. അതോടെപ്പം പാർട്ട്‌ ടൈം ജോലിക്കും കയറി. ഡിഗ്രി കഴിഞ്ഞപ്പോൾ ഡിസ്റ്റൻസായി പിജി ക്ക്‌ ചേർന്നു, ഒപ്പം നെറ്റ് ക്വാളിഫയ് ചെയ്തു. പിന്നീട് ഇവിടെ ജോലിക്ക് കയറി. ഇതിനിടയിൽ IPS എക്സാം എഴുതി. റിസൾട്ടിനു വേണ്ടി കാത്തിരിക്കാ. അമ്മ ഇപ്പോ ഹാപ്പി ആണ്. ചെറുതാണെങ്കിലും സ്വന്തമായി ഒരു വീടു വച്ചു. രുദ്രന് .. അവനോട് ഒരേ നിമിഷം അഭിമാനവും ബഹുമാനവും തോന്നി.

രുദ്രനവനെ കെട്ടിപിടിച്ചു. അവനിൽ നിന്നും അകന്നു മാറി. എനിക്ക് നിന്നെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു ഡാ. വെറുതെയല്ല ഈ മനസില് ഒക്കെ ഉരുട്ടി കയറ്റി വെച്ചിരിക്കുന്നെ..? രോഹൻ ചിരിച്ചു. നീ ഇപ്പോ. എഞ്ചിനീയറിംഗ് കഴിഞ്ഞു, സ്വന്തം കമ്പനിയിൽ തന്നെ ജോലിക്ക് കയറി. ആഹ്‌. നിന്റെ കല്യാണം കഴിഞ്ഞോ..? ഇല്ലടാ. നിന്റെയോ.. നോ. അമ്മ കല്യാണകാര്യം സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്തായാലും റിസൾട്ട്‌ വരട്ടെ എന്ന്‌ പറഞ്ഞു നിർത്തിയിരിക്കാ. രോഹൻ ചിരിയോടെ പറഞ്ഞു. അല്ലാ.. ഞാൻ ഇവിടെ ഉണ്ടെന്നു നീ എങ്ങനെ അറിഞ്ഞു. നിയാണെന്ന് അറിഞ്ഞല്ല രോഹൻ ഞാൻ ഇങ്ങോട്ട് വന്നത്. അവൻ ദൂരേക്ക് മിഴികൾ പായിച്ചു കൊണ്ട് പറഞ്ഞു. പിന്നെ. രോഹൻ സംശയത്തോടെ അവനെ നോക്കി.

മൈഥിലി… അവളെ നിനക്ക് ഇഷ്ടമാണോ..? രോഹൻ അമ്പരന്ന് അവനെ നോക്കി. രുദ്രൻ അവന്റെ മറുപടിക്കായ് അവനെ നോക്കി നിന്നു. ആഡാ.. എനിക്ക് അവളെ ഇഷ്ടമാണ്. മൈഥിലിയെ നിനക്ക് എങ്ങനെയറിയാം.? മീനൂ.. എന്റെ കസിനാണ്. ആണോ.. എനിക്കത് അറിയില്ലായിരുന്നു. മൈഥിലി തന്നോട് പറഞ്ഞോ.. എന്റെ കാര്യം. രോഹൻ ആകാംഷയോടെ ചോദിച്ചു. മീനു ഒന്നു പറഞ്ഞില്ല. അവളുടെ അനിയത്തി അമ്മുവാ നീ അവളെ പ്രൊപ്പോസ് ചെയ്ത കാര്യം എന്നോട് പറഞ്ഞത്. ശെരിക്കും ഞാൻ ഇവിടെ വന്നതും തന്നെ ഒന്ന് കാണാനും തന്നെ കുറിച്ച് അനേഷിക്കാനും ആണ്. പിന്നെ ഒരു സഹായം ചോദിക്കാനും. സഹായം ചോദിക്കാനോ..? മ്മ്. എന്താടാ കാര്യം. രോഹൻ ചോദിച്ചു. രുദ്രൻ അവനോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. അപ്പോ അങ്ങനെയാണ്‌ കാര്യങ്ങൾ. എനിക്ക് അറിയില്ല രോഹൻ എന്താ ചെയ്യേണ്ടത് എന്ന്‌. മീനൂവിന് നല്ലൊരു ലൈഫ് ഉണ്ടായാൽ മാത്രമേ എനിക്ക് എന്റെ അമ്മുവിനെ കിട്ടൂ.

പക്ഷേ മീനുവിന്റെ മനസിൽ ഇപ്പോഴും ഞാൻ ആണ്. എനിക്ക് എന്റെ അമ്മുവിന്റെ സ്ഥാനത് വേറെ ഒരാളെ കാണാൻ പറ്റില്ലടാ. വീട്ടിൽ ആകെ ഒറ്റപെട്ട അവസ്ഥയാ. മ്മ്. നീ വിഷമിക്കാതെ. ഉള്ളിലെ വേദന പുറമെ കാട്ടാതെവൻ പറഞ്ഞു. നിനക്ക് മൈഥിലിയോടെ എല്ലാം തുറന്നു പറഞ്ഞൂടെ..? രുദ്രൻ ചോദിച്ചു. മീനു.. ഇതറിഞ്ഞാൽ വീട്ടിൽ എല്ലാവരും അറിയും. അമ്മു.. അവൾ പിന്നെ എന്നെ വെറുക്കും. എന്നിൽ നിന്നും എന്നേക്കുമായി അകലും. നീ അങ്ങനെ ഒന്നും ചിന്തിക്കാതെ.. ഞാൻ എന്താ നിനക്കു വേണ്ടി ചെയ്യേണ്ടത്. നീ ഒരു കല്യാണ ആലോചനമായും വീട്ടിൽ വരണം. ഇതിനു പിന്നിൽ ഞാൻ ആണെന്ന് ആരും അറിയരുത്. മ്മ്. ഞാൻ ഒന്ന് ആലോചിക്കട്ടെ..? ആഹ്‌. ഒരിക്കലും മീനുവിനെ നിന്റെ മേൽ കെട്ടി വക്കാണെന്നു തോന്നരുത്. മീനൂ ഒരു നല്ല കുട്ടിയാ, അവളെ നല്ലൊരാളുടെ കൈ പിടിച്ചു കൊടുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അവളുടെ ഉള്ളിൽ ഞാനാണെന്ന് ഈ അടുത്താ അറിഞ്ഞത് തന്നെ. അവളുടെ ഉള്ളിൽ ഇപ്പോഴും അവനാണെന്ന് പറഞ്ഞപ്പോൾ, രോഹന്റെ നെഞ്ചോന്ന് പിടഞ്ഞു.

ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അവൾ ഒഴിഞ്ഞു മാറിയതല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല. അവൻ മനസ്സിൽ ഓർത്തു. ഇപ്പോ എനിക്ക് തോന്നുന്നു രോഹാ..അവളെ മനസിലാക്കാനും, ചേർത്തു പിടിക്കാനും നിനക്ക് കഴിയുമെന്ന്. അവളുടെ മനസ് മാറാൻ കുറച്ചു ടൈം എടുക്കും. മ്മ്. നമ്മുക്ക് ആലോചിച്ചു വേണ്ടത് ചെയ്യാം. മ്മ്. കുറച്ചു നേരം ഇരുവരും മിണ്ടാതെ ഇരുന്നു. നീ ഇന്ന് തന്നെ തിരിച്ചു പോവോ..? രോഹൻ ചോദിച്ചു. ആഹ്ടാ. എങ്കിൽ പിന്നെ നമ്മുക്ക് എന്തെങ്കിലും കഴിക്കാം. ആഹ്‌. അവർ ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു അവിടെ നിന്നും ഇറങ്ങി. രുദ്രൻ രോഹനെ വീട്ടിൽ ആക്കി. തിരികെ പോന്നു. രാത്രിയിൽ കിടക്കുമ്പോൾ രോഹന്റെ മനസ് നിറയെ മൈഥിലി ആയിരുന്നു. മൈഥിലി.. ഇനി മുതൽ നിയെനിക്ക്‌ എന്റെ മീനൂട്ടിയാണ്. ഈ രോഹന്റെ മാത്രം പെണ്ണ്. നീ സത്യങ്ങൾ എല്ലാം അറിയണം മീനൂട്ടി. എല്ലാം അറിഞ്ഞതിനു ശേഷം പൂർണ്ണ മനസോടെ വേണം നീ എന്നെ സ്വീകരിക്കാൻ. അതിനു വേണ്ടി ഞാൻ കാത്തിരുന്നോളാം എത്ര നാൾ വേണമെങ്കിലും. ഫോണിൽ ഉള്ള അവളുടെ ഫോട്ടോയിലേക്ക്‌ നോക്കി കൊണ്ടവൻ പറഞ്ഞു.

പിറ്റേന്ന് സ്റ്റാഫ്‌ റൂമിൽ എല്ലാവരും അവരവരുടെ ക്ലാസ്സിലേക്ക് പോയപ്പോൾ, രോഹനും മൈഥിലിക്ക്‌ ഫ്രീ ഹവർ ആയിരുന്നു. ഇടക്ക് ഇടക്ക് രോഹന്റെ കണ്ണുകൾ അവളെ തേടി ചെന്നു. അവൾ ഇതൊന്നും ശ്രെദ്ധിക്കാതെ നോട്ട് എഴുതാണ്. മൈഥിലിയുടെ ഫോൺ റിങ് ചെയ്തു. ഹലോ..അമ്മാ.. മീനൂ.. ക്ലാസ്സ്‌ കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്‌ പോരെ. ബസ് സ്റ്റാൻഡിലേക് ഏട്ടൻ വരും നിന്നെ കൊണ്ടുവരാൻ. എന്താ അമ്മേ.. കാര്യം, എനിക്ക് വരാൻ പറ്റില്ല. നീ കൂടുതൽ ഒന്നും പറയണ്ട. കാര്യം എന്താണെന്നു ഞാൻ വന്നിട്ട് പറയാം. ക്ലാസ്സ്‌ കഴിഞ്ഞാൽ ഇറങ്ങിക്കോ. അതും പറഞ്ഞു പാർവതി ഫോൺ കട്ട്‌ ആക്കി. എന്താടോ.. മുഖം വല്ലാതെ ഇരിക്കുന്നെ. രോഹൻ ചോദിച്ചു. അമ്മയാ വിളിച്ചതു, ഇന്ന് വീട്ടിലേക്കു ചെല്ലാൻ പറഞ്ഞു. നാളെ ലീവ് അല്ലെ.. വീട്ടിൽ പോവാൻ നോക്ക്. എനിക്ക് എന്തോ…? എന്തോടോ.. വല്ല പ്രോബ്ലം ഉണ്ടോ.? ഇല്ല സാർ. അവൾ ബുക്കിലേക്കു മുഖം താഴ്ത്തി. രുദ്രനെ ഫേസ് ചെയ്യുന്ന കാര്യം ആലോചിച് ആണോ…? രോഹൻ ചോദിച്ചു. മൈഥിലി ഞെട്ടി കൊണ്ട് അവനെ നോക്കി. അവൻ എന്നോട് എല്ലാം പറഞ്ഞു.

അവന് നീ എന്നും നല്ലൊരു സുഹൃത്തായിരുന്നു. അവന്റെ മനസിൽ നിന്നോട് പ്രണയം ഇല്ല മൈഥിലി അതവൻ എന്നോട് പറഞ്ഞു. എനിക്ക് രുദ്രനെ മറക്കാൻ കഴിയില്ല രോഹൻ സാർ. അവനെ അത്രധികം സ്നേഹിക്കുന്നുണ്ട്. ഒരിക്കൽ എന്നെ മനസിലാക്കും. എനിക്ക് പ്രതീക്ഷ ഉണ്ട്‌. അവളുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ വാക്കുകൾ കൂരമ്പുകാളായി അവന്റെ ഹൃദയത്തിൽ തുളച്ചു കയറി. ഇല്ല മൈഥിലി.. അവൻ ഒരിക്കലും നിന്നെ മനസിലാക്കില്ലാ. അവൻ പ്രാണനെ പോലെ ഒരാളെ സ്നേഹിക്കുന്നുണ്ട്. അവൾക്കു മാത്രമേ അവന്റെ മനസിലും ജീവിതത്തിലും സ്ഥാനം ഉള്ളൂ. അവളെ നോക്കി കൊണ്ടവൻ പറഞ്ഞു. നോ.. ഇരുന്നിടത്തു നിന്നു അവൾ ചാടി എഴുന്നേറ്റു. ഞാൻ വിശ്വാസിക്കില്ല., ഇതെല്ലാം എന്നെ അവനിൽ നിന്നും അകറ്റാൻ നിങ്ങൾ പറയുന്ന കള്ളമാണ്. അങ്ങനെ രുദ്രന് ഒരു ഇഷ്ടം ഉണ്ടെങ്കിൽ അത് അദ്യം അറിയുന്നത് എന്റെ അമ്മൂട്ടിയാണ്.

അങ്ങനെ ഉണ്ടെങ്കിൽ അവൾ എന്നോട് അത് പറയേണ്ടത് ആണ്. അവൾ ദേഷ്യം കൊണ്ട് വിറച്ചു. നിന്റെ അമ്മൂട്ടിയെ തന്നെയാണ് മീനൂ രുദ്രൻ പ്രാണനെ പോലെ സ്നേഹിക്കുന്നത്. അവൻ മനസ്സിൽ പറഞ്ഞു. മൈഥിലി.. അവൾ കൈ ഉയർത്തി അവനെ തടഞ്ഞു. നിങ്ങൾ എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. പക്ഷേ ഇവിടേം കൊണ്ട് ആ ബന്ധം അവസാനിക്കാണ്. എന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഇത്ര വലിയ ഒരു കള്ളം നിങ്ങൾക്ക് എങ്ങനെ പറയാൻ തോന്നി. അതും പറഞ്ഞവൾ മുന്നോട്ടു നടന്നു. രോഹൻ അവളെ തടഞ്ഞു നിർത്തി. കത്തുന്ന മിഴിയോടെ അവനെ നോക്കിയവൾ. ആദ്യം ഞാൻ പറഞ്ഞതിൽ എന്തെങ്കിലും സത്യം ഉണ്ടോ എന്ന് നീ ആദ്യം അന്വേഷിക്ക്‌. പിന്നെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്, ഒപ്പം കൂടെ കൂട്ടാൻ ആഗ്രഹവും ഉണ്ട്. നിന്നോടുള്ള ഇഷ്ടം എന്നും അതുപോലെ തന്നെ ഉണ്ടാവുകയും ചെയ്യും. ആരുടെ പിടിച്ചു വാങ്ങിയ സ്നേഹം എനിക്ക് വേണ്ട. നീ എന്ന് എന്നെ മനസിലാക്കി വരുന്നോ അതുവരെ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്‌.

അത് പറഞ്ഞവൻ അവളെ മറി കടന്ന് പോയി. കണ്ണിൽ ഉരുണ്ടു കൂടിയ മിഴിനീർ അവൻ തോളു കൊണ്ട് തുടച്ചു മാറ്റി കൊണ്ട് നടന്നു. ഒന്നും പറയാനാവാതെ അവൾ ചെയറിൽ ഇരുന്നു. രുദ്രന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ.. അത് ഓർക്കും തോറും അവൾക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ടേബിളിൽ അവൾ തല വച്ചു കിടന്നു. തിരികെയുള്ള യാത്രയിൽ മൈഥിലിയുടെ മനസ് നിറയെ രുദ്രന്റെ മുഖമായിരുന്നു. അവനൊപ്പം ഉണ്ടായിരുന്നു നിമിഷങ്ങൾ ആയിരുന്നു. ഈ സമയം പാഞ്ഞു വന്നൊരു കാർ അമ്മുവിനെ ഇടിച്ചു തെറിപ്പിച്ചു. ചുറ്റും രക്തം പടർന്നു ഒഴുകി. പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു. തുടരും.