23/04/2026

അനുരാഗി: ഭാഗം 16

രചന : ആയിഷ അക്ബർ
അവനൊരു നിമിഷം അവളിലേക്കൊന്ന് നോക്കി….
ഡേ കെയറിൽ കണ്ട അഞ്ജുവിന്റെ മുഖമായിരുന്നു അവൻ പ്രതീക്ഷിച്ചിരുന്നത് എന്നത് കൊണ്ട് തന്നെ ആദ്യമായി കാണുന്ന അവളെ അവനൊന്നു നോക്കി…..ആ മുഖം തന്റെ ഓർമകളിലെവിടെയോ പറ്റി പ്പിടിച്ചിരുന്നത് പോലെ…വേദയും ഒരു നിമിഷം അവനെ നോക്കി നിന്നു……ആ ചാര മിഴികൾ തറഞ്ഞു കയറിയത് തന്റെ ഹൃദയത്തിലേക്കായിരുന്നു…പെട്ടെന്ന് എന്തൊക്കെയോ അവ്യക്‌തമായ ഓർമ്മകൾ അവളിലൂടെ മിഞ്ഞി മാഞ്ഞു…മനസ്സ് എവിടെയൊക്കെയോ അലയുകയാണ്…..തന്റെ മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിനെന്ന പോൽ…..എന്റെ മോനെ നോക്കാനാണ് തന്നെ ഇവിടെ നിർത്തിയിരിക്കുന്നത്…

പൈസ എണ്ണി വാങ്ങിയാൽ പോരാ…. ചെയ്യുന്ന ജോലി കൃത്യമായി ചെയ്യണം…..അതിനു പറ്റില്ലെങ്കിൽ ഇപ്പോ ഇറങ്ങിക്കോണം ഇവിടുന്ന്……
ദേഷ്യത്തോടെ ശിവ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയാൻ വെമ്പി നിന്നു……അവൾ ദയനീയമായി അവൻ പിടിച്ചിരിക്കുന്ന തന്റെ കയ്യിലേക്കൊന്ന് നോക്കി……അവൻ പതിയെ അവളിലെ പിടുത്തം വിട്ടു……പിന്നേ അവിടെ നിന്നോരോറ്റ പോക്കായിരുന്നു……അവളങ്ങനെ അൽപ നേരം നിന്നു……അവൻ പറഞ്ഞതിലുള്ള സങ്കടം അവളുടെ ഉള്ളം പൊള്ളിച്ചിരുന്നെങ്കിൽ കൂടി കുഞ്ഞിനെ എടുക്കാൻ അവൻ കൃത്യ സമയത്തെത്തിയതോർത്തു അവൾക്കാശ്വാസം തോന്നിയിരുന്നു….അത്രയേറെ അവന്റെ കരച്ചിൽ അവളെ വീർപ്പു മുട്ടിച്ചിരുന്നു…….അവൾ പാല് പാത്രത്തിലേക്കൊഴിച്ചു കൊണ്ട് ചൂടാറാൻ പതിയെ ചൂടാറാൻ വെച്ചു…..
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

മുത്തശ്ശി..മുറിയുടെ പുറത്ത് നിന്നുള്ള അവന്റെ ആ ശക്തിയേറിയ വിളിയിൽ അവർ ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു…..ഇതിനാണോ കുഞ്ഞിനെ ഇവിടെ നിർത്താൻ മുത്തശ്ശി പറഞ്ഞത് ….
എല്ലാവർക്കും കൂടി അവനെ തട്ടി കളിക്കാനോ….
പണം വാങ്ങുന്നവർക്ക് ഇതിനൊന്നും സമയമില്ലെങ്കിൽ നാളെ മുതൽ വരേണ്ടെന്ന് പറഞ്ഞേക്ക്……ശിവ ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് അവിടെ നിന്നും പോകുമ്പോൾ മുത്തശ്ശിക്ക് എന്തെന്ന് വ്യക്തമായിരുന്നില്ലെങ്കിലും തല കുനിച്ചു നിൽക്കുന്ന രേവതിയെ കാൻകെ കുഞ്ഞിനെ അവരെടുത്തത് അവൻ കണ്ട് വന്നതായിരിക്കുമെന്ന് അവരൂഹിച്ചു…… അപ്പോഴേക്കും കുഞ്ഞിനുള്ള പാലും കയ്യിൽ പിടിച്ചു കൊണ്ട് വേദ അങ്ങോട്ട് വന്നിരുന്നു……അവളുടെ കലങ്ങിയ കണ്ണുകൾ കാൻകെ മുത്തശ്ശി അവൾക്കടുത്തേക്ക് ചെന്നു……

അവൻ…. അവൻ മോളോടെന്തെങ്കിലും പറഞ്ഞോ …..ഏറെ ആശങ്കയോടെ അവരത് ചോദിച്ചത് വേദയോടായിരുന്നു….അവൾ മിഴികളുയർത്താതെ ഇല്ലെന്ന് തലയാട്ടി….അത് കണ്ടപ്പോൾ തന്നെ അവനെന്തോ പറഞ്ഞിട്ടുണ്ടെന്ന് അവർക്ക് ബോധ്യമായിരുന്നു……ഇപ്പോ സമാധാനമായല്ലോ എല്ലാത്തിനും……ഞാനാ ഗുളിക യുടെ ക്ഷീണത്തിൽ ഒന്ന് മയങ്ങിയതാണ്……
അപ്പോഴേക്കും ഇവിടെ എന്തൊക്കെയാ നടന്നത്…..
മുത്തശ്ശി ദേഷ്യത്തോടെ അത് പറയുമ്പോൾ ശിവ വേദയോട് ദേഷ്യപ്പെട്ടതിലായിരുന്നു അവരുടെ സങ്കടമത്രയും…..കാരണം…. അവർ തമ്മിലുള്ള കൂടി ക്കാഴ്ച അവരങ്ങനെയായിരുന്നില്ല മനസ്സിൽ കണ്ടിരുന്നത്……അവൻ വന്ന സ്ഥിതിക്ക്…..മോള്….. മോളിനി പൊയ്ക്കോ….
മുത്തശ്ശി അത് പറഞ്ഞു കൊണ്ട് ശങ്കരനെ വിളിക്കാൻ പോകുമ്പോൾ ഇനിയും ചിലപ്പോ അവളെ കണ്ടാൽ അവനെന്തെങ്കിലും പറഞ്ഞാലോ എന്നൊരു ഭയം അവരിലുണ്ടായിരുന്നു…….അവൾ കയ്യിലുണ്ടായിരുന്ന പാൽ കുപ്പി അവിടെ വെച്ച് നടക്കുമ്പോൾ ഒന്ന് കൂടി ആദിയെ കാണാൻ തോന്നിയിരുന്നു……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

റൂമിലെത്തിയതും തോളിൽ കിടക്കുന്ന കുഞ്ഞിനെയെടുത് ശിവ തന്റെ നെഞ്ചോട് ചേർത്തു…..അപ്പോഴും ഉയർന്നിരുന്ന അവന്റെ തേങ്ങൽ ശിവയുടെ ഹൃദയത്തിലേക്ക് തറച്ചു കൊണ്ടിരുന്നു…….അവൻ കുഞ്ഞിനെ നെഞ്ചിലേറ്റി അങ്ങനെ കിടന്നു…..പെട്ടെന്ന് ദയനീയമായ അവളുടെയാ കുഞ്ഞു മുഖം അവന്റെ മനസ്സിലേക്കോടിയെത്തി………
കൊലുന്നനെയുള്ള ആ കൈകളിൽ പിടിച്ച തന്റെ കയ്യിലേക്ക് അവനൊന്നു കൂടി നോക്കി…
വേണ്ടായിരുന്നു……അമ്മയോടും മറ്റുള്ളവരോടും എതിർത് പറയാൻ മാത്രം അവൾക്കെന്ത് അർഹതയെന്ന് വിചാരിച്ചിട്ടായിരിക്കും ഒഴിഞ്ഞു മാറി നിന്നത്…..അവരോടുള്ള ദേഷ്യമാണ്  ആദ്യമായി കാണുന്ന ഒരുവൾക്ക് മേൽ താൻ തീർത്തത്…..

അവനു സ്വയം പുച്ഛം തോന്നി……ഇപ്പോ….. ഇങ്ങനെയാണ്…..മനസ്സ് ചിന്തിക്കുന്നിടത് ശരീരം കിട്ടുന്നില്ല….അവൻ തലക്ക് കൈ കൊടുത്തു കൊണ്ടങ്ങനെയിരുന്നു….അപ്പോഴും ഓർമകളിലെവിടെയോ പതിഞ്ഞു കിടക്കുന്ന ഏതോ ഒരു മുഖം അവളുമായി സാമ്യതയുള്ളത് പോലെ…….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

എങ്ങനെയുണ്ടായിരുന്നെടി അവിടെ പോയിട്ട്…..
ഡേ കെയറിലെത്തിയ പാടെ അഞ്ജുവും ആൻസിയും നീലിമയും അതും ചോദിച്ചു കൊണ്ടവളെ ചുറ്റി…..
ഉള്ളിലെ നോവ് മറച്ചു വെക്കാൻ അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…..നീ ഓക്കെ അല്ലെ വേദാ…. അവിടെ എന്തെങ്കിലും ബുദ്ധിമിട്ടുണ്ടായോ…..അവളെന്തോ ഒളിക്കുന്നത് കണ്ടിട്ടാണ് അഞ്ചുവത് ചോദിച്ചത്….ആ…. എനിക്ക് കുഴപ്പമൊന്നുമില്ല…..അവിടെ അവർ മാത്രമൊന്നുമല്ല ഒത്തിരി പേരുണ്ട്…
എല്ലാവരും നല്ലതാ…..അഞ്ജുവിന്റെ ചോദ്യത്തിന് വേദ അത്രയും പറഞ്ഞത് തന്റെ മനസ്സിലുള്ളത് അവരറിയരുതെന്ന് കരുതി തന്നെയായിരുന്നു….
എന്നാൽ അവളുടെ സംസാരം കേട്ടതും അഞ്ജുവും നീലിമയും ആൻസിയും ഒരു പോലെ വാ പൊളിച്ചിരുന്നു പോയിരുന്നു…….കാരണം ഇവിടെ വന്നു ആദ്യമായിട്ട് അവളിത്രയും വാക്കുകൾ ഒരു മിച് പറയുന്നത്…..അതും തങ്ങളെ വിശ്വസിപ്പിക്കാൻ അവൾ ശ്രമിക്കുന്നത് പോലെ…..ഒരു ദിവസം കൊണ്ട് ഇത്രയും വലിയ മാറ്റം വരാൻ കാരണമെന്താവും…..സത്യമായിട്ടും…..
തന്നെ നോക്കി അന്തം വീട്ടിരിക്കുന്നവരോട് വേദ വീണ്ടുമത് പറഞ്ഞതും അവരെല്ലാവരും കൂടി ചിരിച്ചു പോയിരുന്നു….ഇവിടെ വന്നിട്ടീന്ന് വരെ നീ പറഞ്ഞ എല്ലാ വാക്കുകളെക്കാളും കൂടുതൽ വാക്കുകൾ പറഞ്ഞിട്ട് ഞങ്ങള് വിശ്വസിക്കാതിരിക്കുമോ….

നീലിമ അത് പറയുമ്പോഴാണ് വേദക്ക് താനല്പം ഓവറായി പ്പോയെന്ന് തോന്നിയത്….
അവളൊരു ചമ്മലോടെ തല കുനിച്ചു…..
അല്ലെങ്കിലും താൻ ഓവറായതല്ല…..
വേദ ഇങ്ങനെ തന്നെ യായിരുന്നു……പിന്നേ എപ്പോഴോ തനിക്ക് തന്നെ നഷ്ടമായതാണ്….
ഹേയ്…. തല താഴ്ത്താൻ മാത്രം മോശപ്പെട്ട കാര്യമൊന്നുമല്ല…..ഇങ്ങനെ തന്നെയാണ് ഞങ്ങൾക്ക് വേദയെ വേണ്ടത്…..അതും പറഞ്ഞു കൊണ്ട് ആൻസിയവളെ ചേർത് പിടിച്ചതും അവൾ മനോഹരമായോന്ന് പുഞ്ചിരിച്ചിരുന്നു……….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

അന്ന് രാത്രി കണ്ണുകളിൽ നിദ്ര കട‍ന്ന് പിടിച്ചതും വീണ്ടും അവളെ തേടി ആ ചാര മിഴികളെത്തിയിരുന്നു…..അവൾ പെട്ടെന്ന് എഴുന്നേറ്റു….അതേ…. ഇന്നലെ വരെ താൻ കണ്ട സ്വപ്നം എന്തെന്ന് തനിക്കറിയില്ലാരുന്നു…..എന്നാൽ ഇന്നറിയാം….ഇന്നയാളെ കണ്ടപ്പോഴാണ് തന്റെ സ്വപ്ന ലോകത്തെ രക്ഷകനെന്തു കൊണ്ടാണ് ചാര കണ്ണുകൾ ഉണ്ടായിരുന്നെന്ന് മനസ്സിലായത്……
ഒരു ഭംഗിയുള്ള റിസോർട് അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു……അവിടെ ചാര നിറ മിഴികളുള്ള ഒരുവനും…..അതേ….. അന്നാണ് താനവനെ ആദ്യമായി കാണുന്നത്……..

റിസോർട്ടിന്റെ ഭംഗിയോടൊപ്പം ആ രാത്രിയുടെ ഇരുട്ട് അവളെ കടന്ന് പിടിച്ചതും അവളൊന്നു പിടഞ്ഞിരുന്നു….അതേ രാത്രിയാണ് തന്റെ ജീവിതം ദുരിതത്തിന്റെ ആഴിയിലേക്ക് കൂപ്പ് കുത്തി യതും…….തണുപ്പുള്ള ആ രാത്രിയിലെ കുളിരുന്ന ഓർമകൾക്ക് മേലാണ് പ്രസാദെന്ന കനൽ വന്നു വീണത്…..അവനെ കുറിച്ചോർത്തതും അവൾക്ക് ശ്വാസം കിട്ടാത്തത് പോലെ തോന്നി…..അവളൊരു നിമിഷം അങ്ങനെ യിരുന്നു പോയിരുന്നു ….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പിറ്റേ ദിവസം ആ വീടിന്റെ മുറ്റത്തേക്കെത്തുമ്പോൾ തന്നെ ഇന്ന് താനെന്തൊക്കെ നേരിടേണ്ടി വരുമെന്നൊരുഭയംഅവളിലുണ്ടായിരുന്നു……അവൾ അകത്തേക്ക് കടന്നതും മുത്തശ്ശി അവളുടെ കയ്യിൽ പിടിച്ചു സംസാരിക്കാൻ തുടങ്ങിയിരുന്നു…..
ശിവ പോയിട്ടില്ല….മോളിവിടെയിരിക്ക്…..അതും പറഞ്ഞു അവരകത്തേക്ക് പോകുമ്പോൾ അവനിവിടെയുണ്ടെന്നുള്ളത് അവളിലൊരു ഭയം നൽകിയിരുന്നു…..ഇന്നലത്തെ ദേഷ്യം മാറിയിട്ടില്ലെങ്കിലോ….അവൻ ദേഷ്യപ്പെട്ടപ്പോൾ പ്രസാദേട്ടൻ തന്നോട് കയർക്കുന്നതാണ് ഓർമ വന്നത്….അവൻ കോണിപ്പടികളിറങ്ങുന്ന ശബ്‍ദം കേട്ടതും അവൾ പെട്ടെന്നെഴുന്നേറ്റ് ചുമരിന്റെ മറവിലേക്ക് നീങ്ങി നിന്നിരുന്നു….

അകത്തു നിൽക്കുന്ന മുത്തശ്ശിയുടെ കയ്യിൽ കുഞ്ഞിനെ കൊടുത്ത് ഉമ്മറത്തേക്ക് വന്നപ്പോഴാണ് ചുമരിനപ്പുറം ആ സാരി തുമ്പും അതിനടിയിലായി വെളുത്ത കാലുകളും അവൻ കാണുന്നത്..
പെട്ടെന്നു അല്പം മുന്നിലേക്ക് നടന്നെങ്കിലും അവൻ പെട്ടെന്ന് നിശ്ചലനായി….എന്തോ ഇന്നലത്തെ സംഭവം മനസ്സിലൊരു മുറിവായി കിടക്കുകയാണിപ്പോഴും….എന്തോ അവനു പറയണമെന്നുണ്ടായിരുന്നെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല…..അവൻ അവിടെ തന്നെ നിൽക്കുന്നത് കണ്ടതും വേദയുടെ ഹൃദയം വല്ലാതെ മിടിച്ചിരുന്നു……ആദിക്ക്…… ഭക്ഷണം കൊടുത്തെങ്കിലും….. കഴിച്ചിട്ടില്ല….കുറച്ചു കഴിഞ്ഞ് ഒന്ന് കൂടി കൊടുത്തോളു…….അവൻ തന്നിലേക്ക് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു നിന്നാണത് പറഞ്ഞതെങ്കിലും അത് തന്നോടാണെന്ന് അവൾക്ക് വ്യക്തമായി മനസ്സിലായിരുന്നു…..ആ ശബ്‍ദത്തിലുള്ള സൗമ്യത ഇന്നലെ കേട്ട തിൽ നിന്നും ഒത്തിരി വിദൂരത്തായിരുന്നു…..അവളുടെ ഉള്ളിലെന്തോ ഒരു കുളിര് വീണിരുന്നു..
അവൻ പോയ വഴിയേ നോക്കി നിൽക്കുമ്പോൾ അവളുടെ അദരങ്ങളിൽ എന്തിനോ ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു….

                                         
(തുടരും)