അലൈപ്പായുതേ. 5

ഭാഗം അഞ്ച്

“അ… അതേ… സാർ…” അവൾ വിറയ്ക്കുന്ന ശബ്ദത്തിൽ തലയാട്ടി.

ധ്രുവ് അവളുടെ തലമുടി മുതൽ കാൽവിരൽ വരെ ഒന്നുകൂടി നോക്കി. ഇന്നലെ രാത്രി മഴയത്ത് നനഞ്ഞു കുതിർന്നു കണ്ട ആ പെൺകുട്ടി തന്നെയാണ് തന്റെ മുന്നിൽ നിൽക്കുന്നത്. പക്ഷേ ഇന്ന് അവൾ തന്റെ പേർസണൽ അസിസ്റ്റന്റ് ആണ്.

“ഇന്നലെ വൈകുന്നേരത്തെ നാടകം കഴിഞ്ഞിട്ട് താൻ നേരെ ഇങ്ങോട്ടാണോ പോന്നത്?” ധ്രുവ് പുച്ഛത്തോടെ ചോദിച്ചു.

എന്നാൽ അത് കേട്ട് നക്ഷത്ര തലതാഴ്ത്തി, വന്ന നിമിഷം തന്നെ അവനിൽനിന്ന് അങ്ങനെ കേൾക്കേണ്ടിവന്നതിൽ അവൾക്ക് ഹൃദയവേദന തോന്നി. താൻ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യാഞ്ഞിട്ട് പോലും ഇങ്ങനെ പഴി കേൾക്കേണ്ടി വന്നതോർത്ത് അവൾ സങ്കടപ്പെട്ടു.

“സാർ… ഞ…ഞാൻ ഇന്നലെ അറിഞ്ഞോണ്ടല്ല…” അവൾക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല, അവന്റെ മുന്നിൽ നിന്ന് അവൾ ആലില പോലെ വിറച്ചു.

“എനിക്ക് വിശദീകരണങ്ങളൊന്നും കേൾക്കേണ്ട,” ധ്രുവ് അവളുടെ വാക്കുകൾ തടഞ്ഞു. അവന്റെ ശബ്ദത്തിലെ ഗാഭീര്യം അവളെ ഭയപ്പെടുത്തി.
“ഇത് എന്റെ കമ്പനിയാണ്. ഇവിടെ നാടകങ്ങൾക്കോ, അനാവശ്യ കണ്ണീർനാടകങ്ങൾക്കോ ഇടമില്ല. ഇന്നലെ നടന്നത് റോഡിലെ കാര്യം. അത് അവിടെ തീർന്നു.”
പറഞ്ഞുകൊണ്ട് ധ്രുവ് തന്റെ കേബിനിന്റെ വാതിലിലേക്ക് നടന്നു. വാതിൽ തുറക്കുന്നതിന് മുൻപ് അവൻ തിരിഞ്ഞുനിന്ന് അവളെ നോക്കി.

“എന്റെ പി.എ ആയി ജോലി ചെയ്യണമെങ്കിൽ ചില നിബന്ധനകളുണ്ട്. ഒന്നാമത്തേത്, കൃത്യനിഷ്ഠ. ഒൻപതു മണി എന്ന് പറഞ്ഞാൽ എട്ടേമുക്കാലിന് ഇവിടെ ഉണ്ടായിരിക്കണം. രണ്ടാമത്തേത്, അച്ചടക്കം. ഞാൻ പറയുന്ന കാര്യങ്ങൾ ഒരു പിഴവും കൂടാതെ ചെയ്തിരിക്കണം. മൂന്നാമത്തേത്… എന്റെ മുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെ പേടിച്ചു വിറയ്ക്കരുത്. ഭയമുള്ളവരെ എനിക്ക് ഒട്ടും ഇഷ്ടമല്ല. പിന്നെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്റെ മുന്നിൽ നിന്ന് മോങ്ങാൻ നിക്കരുത് ഈ ഫ്ലോറിൽ തന്നെ മൂന്ന് വാഷിംറൂം ഉണ്ട് എല്ലാം സൗണ്ട് പ്രൂഫ് ആണ്, അവിടെ പോയി എത്രയാന്ന് വെച്ചാൽ അലറി കരഞ്ഞോ, പക്ഷെ എല്ലാം സമയത്തിന് ചെയ്യണം. ബാക്കിയൊക്കെ വഴിയേ അറിഞ്ഞോ.”
ധ്രുവ് കടുപ്പത്തിൽ പറഞ്ഞു നിർത്തി.

എന്നാൽ അവൻ പറഞ്ഞത് കേട്ട് കിളി പോയി നിൽക്കുകയാണ് പെണ്ണ്. അവൾ കണ്ണ് മിഴിച്ച് അവനെ നോക്കിപ്പോയി. അവളുടെ ആ ഭാവം കണ്ടതും അറിയാതെ അവന്റെയുള്ളിൽ ചിരിപ്പൊട്ടി, എങ്കിലും അവനത് പ്രകടിപ്പിച്ചില്ല.

“ഫയലുകളുമായി അഞ്ചു മിനിറ്റിനുള്ളിൽ എന്റെ കേബിനിലേക്ക് വരൂ.”
അത്രയും പറഞ്ഞ് ധ്രുവ് അകത്തേക്ക് കയറി വാതിൽ അടച്ചു.

നക്ഷത്ര ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു. അവളുടെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.

‘ദൈവമേ… എന്തൊരു മനുഷ്യനാണിത്! ഒരു തരി പോലും ദയയില്ല. കരിങ്കല്ല് പോലത്തെ ഹൃദയമുള്ളയാൾ. എനിക്ക് ഇവിടെ ജോലി ചെയ്യാൻ കഴിയുമോ? വലിയമ്മയുടെ പീഡനങ്ങളിൽ നിന്നും രക്ഷപെട്ട് വന്നപ്പോൾ ഇതിലും വലിയൊരു പരീക്ഷണമാണല്ലോ മുന്നിൽ നിൽക്കുന്നത്, ഞാൻ എവിടെ പോയാലും കുരിശുകൾ തന്നെ ആണല്ലോ ‘
അവൾ പതുക്കെ ശ്വാസമയച്ചു.

എന്ത് വന്നാലും തിരികെ പോകാൻ അവൾക്ക് ഒരിടമില്ല. പാലക്കാടിലേക്ക് മടങ്ങുക എന്നാൽ വീണ്ടും ആ നരകത്തിലേക്ക് വീഴുക എന്നാണ് അർത്ഥം. അതുകൊണ്ട് എത്ര കഷ്ടപ്പെട്ടാലും ഈ ജോലി തനിക്ക് മുന്നോട്ട് കൊണ്ടുപോയെ പറ്റു.

അവൾ മേശപ്പുറത്തിരുന്ന ഡെയ്‌ലി റിപ്പോർട്ടുകളും മീറ്റിംഗ് ഫയലുകളും കൈയ്യിലെടുത്തു. വസ്ത്രങ്ങൾ ഒന്നുകൂടി ഒതുക്കിയിട്ട്, ഭയം ഉള്ളിലൊതുക്കി അവൾ കേബിന്റെ വാതിലിൽ പതുക്കെ മുട്ടി.

“കം ഇൻ,” അകത്തുനിന്നും ധ്രുവിന്റെ ശബ്ദം കേട്ടു.

നക്ഷത്ര പതുക്കെ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു.
വിശാലമായ ആ കേബിൻ കണ്ടപ്പോൾ അവൾ അത്ഭുതപ്പെട്ടുപോയി. ഭിത്തികൾ മുഴുവൻ ഗ്ലാസ് കൊണ്ട് നിർമ്മിച്ചതാണ്. അവിടെനിന്നു നോക്കിയാൽ കൊച്ചി നഗരത്തിന്റെ മുഴുവൻ ദൃശ്യവും കാണാം. വിലകൂടിയ തടിയിൽ തീർത്ത വലിയൊരു എക്സിക്യൂട്ടീവ് ടേബിൾ. അതിന് പിന്നിലെ കസേരയിൽ ധ്രുവ് ഇരിക്കുന്നുണ്ടായിരുന്നു.

അവൻ തൻറെ ലാപ്ടോപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

“സാർ… ഇന്നത്തെ ഷെഡ്യൂൾ ഫയലുകൾ,” അവൾ ഫയലുകൾ മേശപ്പുറത്ത് വെച്ചുകൊണ്ട് പറഞ്ഞു.

ധ്രുവ് ലാപ്ടോപ്പിൽ നിന്നും കണ്ണുകളെടുത്ത് ഫയലുകളിലേക്ക് നോക്കി. അവൻ ഓരോ പേജും വേഗത്തിൽ മറിച്ചു പരിശോധിച്ച് തുടങ്ങി.

“പത്തു മണിക്ക് ബോർഡ് മീറ്റിംഗ് ഉണ്ടല്ലോ. അതിനുള്ള പ്രസന്റേഷൻ തയ്യാറാണോ?” അവൻ ചോദിച്ചു.

“അതെ സാർ. അരുൺ സാർ തയ്യാറാക്കിവെച്ച പ്രസന്റേഷൻ ഞാൻ ചെക്ക് ചെയ്തിട്ടുണ്ട്. അത് പ്രൊജക്റ്ററിൽ കണക്ട് ചെയ്തിട്ടുണ്ട്.”

“പതിനൊന്നരയ്ക്ക് ദുബായിൽ നിന്നുള്ള ക്ലയന്റ്സിന്റെ കോൾ ഉണ്ട്. അതിലെ പ്രധാന പോയിന്റുകൾ നോട്ട് ചെയ്തു വെച്ചിട്ടുണ്ടോ?”

“ഉണ്ട് സാർ. ഇതാ ഫയലിന്റെ രണ്ടാമത്തെ പേജിൽ നോട്ട് ചെയ്തിട്ടുണ്ട് ”
ധ്രുവ് ആ പേജ് എടുത്തു നോക്കി.

അവളുടെ മനോഹരമായ കൈയ്യക്ഷരവും കൃത്യമായ പോയിന്റുകളും കണ്ട് അവന്റെ ഉള്ളിൽ ചെറിയൊരു സംതൃപ്തി തോന്നിയെങ്കിലും അവൻ പുറത്തുകാണിച്ചില്ല.

“മാറ്റേഴ്‌സ് ഒക്കെ ഓക്കെയാണ്. എങ്കിലും ജോലിയിൽ ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും ഞാൻ സഹിക്കില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അന്നോടെ നിന്റെ ജോലി അവസാനിക്കും. മനസ്സിലായോ?” ധ്രുവ് അവളിലേക്ക് നോക്കി മുന്നറിയിപ്പ് നൽകി.

“മനസ്സിലായി സാർ…” അവൾ പറഞ്ഞു.

“ശരി. പുറത്തുപോയി അടുത്ത മീറ്റിംഗിനുള്ള ആളുകളെ കോൺഫറൻസ് ഹാളിലേക്ക് ക്ഷണിക്കൂ.”

“ശരി സാർ” നക്ഷത്ര തിരിഞ്ഞു നടക്കാൻ ആഞ്ഞു.

“നക്ഷത്ര…”
ധ്രുവിന്റെ ശബ്ദം കേട്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.
ധ്രുവ് അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവന്റെ കണ്ണുകളിലെ ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

“തന്റെ വീട് എവിടെയാണ്?” അവൻ പെട്ടെന്ന് അങ്ങനെയൊരു ചോദ്യം ചോദിക്കുമെന്ന് അവൾ കരുതിയിരുന്നില്ല.

“പാലക്കാടാണ്…”

“ഇവിടെ ഒറ്റയ്ക്കാണോ താമസം?”

“അതെ… ഒരു ലേഡീസ് ഹോസ്റ്റലിലാണ്…”

ധ്രുവ് തലയാട്ടി.
“ഉം… ശരി, പൊക്കോ…”

അനുവാദം കിട്ടിയതും നക്ഷത്ര പെട്ടെന്ന് കേബിന് പുറത്തേക്ക് നടന്നു വാതിലടച്ചു. അവൾ ഡെസ്കിലേക്ക് വന്ന് കസേരയിലിരുന്നു. ഹൃദയം ഇപ്പോഴും വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു. എങ്കിലും അവളുടെ മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി. ബോസ്സ് വളരെ കണിശക്കാരനും ദേഷ്യക്കാരനുമാണെങ്കിലും, കാര്യങ്ങൾ കൃത്യമായി ചെയ്താൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് അവൾക്ക് മനസ്സിലായി.

കേബിനിനുള്ളിൽ, ധ്രുവ് തന്റെ കസേരയിൽ ചാരിയിരുന്നു. അവൻ വിരലുകൾ കൊണ്ട് മേശപ്പുറത്ത് താളം പിടിച്ചു.

കണ്ണുകളടച്ചപ്പോൾ അവൻറെ മനസ്സിലേക്ക് വീണ്ടും അവളുടെ ആ വിടർന്ന കണ്ണുകളും, വിറയ്ക്കുന്ന ശബ്ദവും വന്നു.

‘നക്ഷത്ര… നാട്ടിൻപുറത്തുനിന്നും വന്ന ഒരു പാവം പെൺകുട്ടി. യാതൊരുവിധ അഹങ്കാരമോ കള്ളത്തരങ്ങളോ ആ കണ്ണുകളിലില്ല.’

ധ്രുവ് ദീർഘമായി ശ്വസിച്ചു . അവന് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നു. അവൻ വീണ്ടും കമ്പനി ഫയലുകളിലേക്ക് ശ്രദ്ധ തിരിച്ചു.

ആ ദിവസം മുഴുവൻ ഓഫീസിൽ തിരക്കോടു തിരക്കായിരുന്നു.
തുടർച്ചയായ മീറ്റിംഗുകൾ, ഫയലുകൾ പരിശോധിക്കൽ, ടെലിഫോൺ കോളുകൾ… നക്ഷത്രയ്ക്ക് ഒരു നിമിഷം പോലും വിശ്രമമില്ലായിരുന്നു. എങ്കിലും അവൾ അതെല്ലാം വളരെ കാര്യക്ഷമതയോടെ ചെയ്തു തീർത്തു. ആദ്യമായി ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും മറ്റൊരു മാർഗം ഇല്ലാത്തതിനാൽ അവൾ ഷീണം മറന്ന് ജോലി ചെയ്തു.

ധ്രുവ് പറയുന്ന കാര്യങ്ങൾ ഒരു തരി പോലും തെറ്റാതെ അവൾ കുറിച്ചെടുത്തു.
ഉച്ച കഴിഞ്ഞപ്പോൾ ധ്രുവിനായി കോഫി എടുത്തു നൽകേണ്ട ചുമതലയും അവൾ ഏറ്റെടുത്തു.

ആ ഫ്ലോറിന്റെ മറ്റേ അറ്റത്തുള്ള കഫെയിൽനിന്നും ബ്രൂകോഫി തയ്യാറാക്കി അവൾ ട്രേയിലാക്കി കേബിനിലേക്ക് കൊണ്ടുപോയി.

“സാർ… കോഫി.”
ധ്രുവ് ലാപ്ടോപ്പിൽ നിന്നും കണ്ണെടുക്കാതെ തന്നെ കൈ നീട്ടി. നക്ഷത്ര ശ്രദ്ധയോടെ കോഫി കപ്പ് അവൻറെ മേശപ്പുറത്തു വെച്ചു.

കാപ്പിയുടെ മണം അടിച്ചപ്പോൾ ധ്രുവ് ടൈപ്പിംഗ് നിർത്തി. അവൻ കോഫി ഒരു സിപ്പ് കുടിച്ചു നോക്കി. അവൻറെ ഇഷ്ടത്തിനനുസരിച്ചുള്ള കോഫി! പഞ്ചസാരയുടെ അളവും കടുപ്പവും കൃത്യം!
ധ്രുവ് അത്ഭുതത്തോടെ തലയുയർത്തി അവളെ നോക്കി.

“തനിക്കു ഞാൻ കുടിക്കുന്ന കോഫിയുടെ റെസിപ്പി എങ്ങനെ അറിയാം?”

“അത്… അരുൺ സാർ എനിക്കുവേണ്ടി തയാറാക്കിവെച്ച നോട്ട്ബുക്കിൽ സാറിന്റെ ഇഷ്ടാനിഷ്ടങ്ങൾ കുറിച്ചു വെച്ചിട്ടുണ്ടായിരുന്നു സാർ. അത് വായിച്ചതാണ്,” അവൾ വിനീതയായി പറഞ്ഞു.

ധ്രുവ് ഒന്നും മിണ്ടിയില്ല. എങ്കിലും അവൻറെ ഉള്ളിൽ അവളോട് ബഹുമാനം തോന്നി. തന്റെ ചെറിയ കാര്യങ്ങളിൽ പോലും അവൾ കാണിക്കുന്ന ഈ ശ്രദ്ധ അത്ര എളുപ്പത്തിൽ ആർക്കും ഉണ്ടാകില്ല. പിന്നെ അരുണിന്റെ ആത്മാർത്ഥത അവന് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല.

“നല്ലത്” അവൻ അത്രമാത്രം പറഞ്ഞുകൊണ്ട് വീണ്ടും കോഫി കുടിക്കാൻ തുടങ്ങി.

നക്ഷത്ര ചെറിയൊരു പുഞ്ചിരിയോടെ പുറത്തേക്ക് നടന്നു.
വൈകുന്നേരം അഞ്ചര മണിയായപ്പോഴേക്കും അന്നത്തെ ജോലികൾ ഏകദേശം പൂർത്തിയായിരുന്നു.
നക്ഷത്ര തന്റെ ഡെസ്കിലെ ഫയലുകൾ അടുക്കിവെക്കുകയായിരുന്നു. അന്നത്തെ ദിവസം നന്നായി അവസാനിച്ചതിന്റെ സന്തോഷം അവളുടെ മുഖത്തുണ്ടായിരുന്നു.

പെട്ടെന്നാണ് എലിവേറ്ററിന്റെ വാതിൽ തുറന്നത്.
വിലകൂടിയ ഡിസൈനർ വസ്ത്രം അണിഞ്ഞ്, തികഞ്ഞ അഹങ്കാരത്തോടെയാണ് ആരതി എലിവേറ്ററിൽ നിന്നും പുറത്തേക്കിറങ്ങി വന്നത്!

തുടരും…

Similar Posts

Leave a Reply