അലൈപ്പായുതേ…. 10

ഭാഗം പത്ത്

” അത് പറ്റില്ല കാർത്തി! നിന്നോട് സംസാരിക്കാൻ ആണ് ഞാൻ ഇവളെ കൂട്ടി വന്നത് അതുകൊണ്ട് ഇവളെ ഇങ്ങനെ പുറത്ത് നിർത്താൻ പറ്റില്ല ” ശിവകാമി വിട്ടുകൊടുക്കാൻ ഭാവമില്ലാത്തത് പോലെ പറഞ്ഞു.

ധ്രുവിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി, അമ്മയുടെ ഈ സ്വഭാവമാണ് അവന് ഇഷ്ട്ടമല്ലാത്തത്. മറ്റൊരു വഴിയുമില്ലാതെ അവന് ആരതിയെ കൂടെ അകത്ത് കയറ്റേണ്ടി വന്നു..

“വാ അമ്മേ…” ധ്രുവ് അമ്മയുടെ കൈ പിടിച്ച് കേബിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പോകുന്നതിന് മുൻപ് അവൻ നക്ഷത്രയെ നോക്കി പതുക്കെ പറഞ്ഞു: “താൻ വിഷമിക്കേണ്ട… കണ്ണീര് തുടയ്ക്ക്.”
പറഞ്ഞുകൊണ്ട് അവൻ അമ്മയെ കൂട്ടി കേബിനുള്ളിലേക്ക് കയറി വാതിലടച്ചു.

നക്ഷത്ര തൻറെ കസേരയിലേക്ക് പതുക്കെ ഇരുന്നു. അവൾ തൻറെ വിറയ്ക്കുന്ന കൈകൾ മാറോടു ചേർത്തു. തൻറെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ അവൾ തുടച്ചു മാറ്റി.

ഇന്ന് രണ്ട് തവണയാണ് ആ മനുഷ്യൻ തന്നെ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിച്ചത്.
വിക്രത്തിന്റെ ക്രൂരതയിൽ നിന്നും പിന്നെ ശിവകാമിയുടെ അടുത്ത് നിന്നും…

നക്ഷത്ര എം.ഡി കേബിന്റെ ചില്ലു ജനലുകളിലേക്ക് നോക്കി.

‘ധ്രുവ് കാർത്തിക്… താങ്കൾ പുറമേക്ക് തൊട്ടാൽ പൊള്ളുന്ന കനലാണ്, പക്ഷേ ഉള്ളിൽ…
ഉള്ളിൽ ആരോടും പറയാത്ത വലിയൊരു സ്നേഹവും കരുതലുമുണ്ട്. താങ്കളെ മനസ്സിലാക്കാൻ സാധിക്കാത്തവരാണ് ഈ ലോകത്തുള്ളതത്രയും…’

അവളുടെ മനസ്സിൽ അവന്റെ രൂപം മായാതെ തങ്ങിനിന്നു.
അവളുടെ ഹൃദയത്തിൽ ധ്രുവിനോടുള്ള  ഒരു പ്രത്യേക സ്നേഹം പടരുകയായിരുന്നു…

….

എം.ഡി കേബിന്റെ  ഗ്ലാസ് വാതിൽ അടഞ്ഞതോടെ പുറത്തെ കോലാഹലങ്ങൾ എല്ലാം പെട്ടെന്ന് നിശബ്ദമായി. എങ്കിലും കേബിനുള്ളിലെ അന്തരീക്ഷം ഒട്ടും ശാന്തമായിരുന്നില്ല. അവിടെ വലിയൊരു കൊടുങ്കാറ്റിന്റെ മുന്നോടിയെന്നോണം കനത്ത നിശബ്ദത നിറഞ്ഞുനിന്നു.

ധ്രുവ് തൻറെ എക്സിക്യൂട്ടീവ് ചെയറിലേക്ക് പോലും ഇരുന്നില്ല. അവൻ തന്റെ ഇരു കൈകളും പാന്റ്സിന്റെ പോക്കറ്റിൽ തിരുകി, കണ്ണുകളിൽ വിട്ടുകൊടുക്കാൻ ഭാവമില്ല എന്നത് പോലെ അവൻ അമ്മയെയും ആരതിയെയും മാറിമാറി നോക്കി.

ശിവകാമിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരുന്നു. താൻ പറയുന്നതിന് മറുവാക്ക് പറയാൻ കൈലാസ് ഗ്രൂപ്പിൽ മാത്രമല്ല, കുടുംബത്തിലും ആരും ധൈര്യപ്പെട്ടിട്ടില്ലാത്തതാണ്. എന്നാൽ ഇന്ന്, തൻറെ മകൻ തനിക്കെതിരെ വിരൽ ചൂണ്ടിയിരിക്കുന്നു… അതും എവിടുന്നോ വന്ന ഏതോ ഒരു സാധാരണക്കാരി പെണ്ണിന് വേണ്ടി!

“ധ്രുവ്! നീ എന്താ ഇവിടെ കാണിച്ചുകൂട്ടുന്നത് എന്ന് നിനക്ക് വല്ല ബോധവുമുണ്ടോ?” ശിവകാമി തൻറെ ഹാൻഡ് ബാഗ് മേശപ്പുറത്തേക്ക് അമർത്തിവെച്ചുകൊണ്ട് അലറി.

“എല്ലാവരുടെയും മുന്നിൽ വച്ച് നീ നിന്റെ അമ്മയെയാണോ ചോദ്യം ചെയ്തത്? ആ തെരുവിൽ നിന്ന് കയറിവന്ന പെണ്ണിന് വേണ്ടി!” എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ ആരതിയും ശിവകാമിയുടെ വാക്കുകൾ ഏറ്റുപിടിച്ചു.

ധ്രുവ് ദീർഘമായി ഒന്ന് ശ്വാസമെടുത്ത് പുറത്തേക്ക് വിട്ടു. അവൻറെ മുഖത്ത് യാതൊരു വികാരഭേദവും ഉണ്ടായിരുന്നില്ല.

“അമ്മേ…” പതിഞ്ഞ എന്നാൽ ദൃഢമായ സ്വരത്തിൽ അവൻ സംസാരിച്ചു തുടങ്ങി.
“ഇത് എന്റെ ഓഫീസാണ്. ഈ കമ്പനിയുടെ സി.ഇ. ഞാനാണ്. ഇവിടെ എന്റെ ജീവനക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ അമ്മയ്ക്കായാലും ആരതിക്കായാലും യാതൊരു അവകാശവുമില്ല. കമ്പനിയിലെ ആളുകൾക്ക് ഞാൻ ശമ്പളം കൊടുക്കുന്നത് അവരുടെ ജോലിക്ക് വേണ്ടിയാണ്. അല്ലാതെ ഇവിടെ വരുന്നവരുടെ അഹങ്കാരവും പുച്ഛവും സഹിക്കാൻ വേണ്ടിയല്ല!”

ആരതിക്ക് അത് കേട്ടപ്പോൾ സഹിച്ചില്ല. അവൾ ശിവകാമിയുടെ തോളിൽ പിടിച്ച് വിങ്ങിപ്പൊട്ടാൻ തുടങ്ങി. “കണ്ടോ ആന്റി… കണ്ടോ ഇവൻ എന്നെ പറയുന്നത്? ഞാൻ ഇവന് വേണ്ടിയല്ലേ സംസാരിച്ചത്? ആ പെണ്ണ് കൊച്ചിയിൽ വന്നത് തന്നെ ഇവനെ വലയിലാക്കാനാണ്. അവളുടെ ആ ഡ്രസ്സിംഗ് കണ്ടില്ലേ? ധ്രുവിനെ ആകർഷിക്കാൻ വേണ്ടിയല്ലാതെ പിന്നെന്താണ് ഇതൊക്കെ, അല്ലങ്കിലും ആരെങ്കിലും ഓഫീസിൽ ഇടുന്ന ഡ്രസ്സ്‌ ആണോ അതൊക്കെ?” അവളുടെ കപട സ്വരം കേട്ട് ശിവകാമിയുടെ മനസ്സലിഞ്ഞു.

ധ്രുവ് സാവധാനം ആരതിയുടെ അടുത്തേക്ക് ഒരു ചുവട് വെച്ചു. അവന്റെ കണ്ണുകളിലെ കനൽ കണ്ടതും ആരതി അറിയാതെ ഒരടി പിന്നോട്ട് മാറി.

“അനാവശ്യം പറയരുത് ആരതീ!” ധ്രുവിന്റെ അലർച്ച കേബിനിൽ മുഴങ്ങി. “നക്ഷത്ര എന്റെ അസിസ്റ്റന്റാണ്. അവൾ ധരിച്ചിരിക്കുന്ന വസ്ത്രം മാന്യമായതാണ്. അത് സാരിയാണോ കോട്ട് ആണോ എന്ന് നോക്കേണ്ട കാര്യം നിനക്കില്ല. അത്രയും ചെറിയ കാര്യങ്ങളിൽ പോലും ചീപ്പ് തന്ത്രങ്ങൾ തിരയുന്നത് നിന്റെ ചിന്താഗതിയുടെ തകരാറാണ്!”

“ധ്രുവ്!” ശിവകാമി ശബ്ദമുയർത്തി. “മതി… നിന്റെ വാദങ്ങൾ ഇനി കേൾക്കാൻ എനിക്ക് താല്പര്യമില്ല! ഇവൾ ദിവ്യയുടെ മകളാണ്. നമ്മുടെ കുടുംബത്തിന് അനുയോജ്യയായ പെൺകുട്ടി! ഈ കുടുംബത്തിലെ മരുമകളായി ആരതി മാത്രമേ വരൂ എന്ന് ഞാൻ തീരുമാനിച്ചതാണ്. അതിന് തടസ്സം നിൽക്കാൻ ആണ് ആ പെണ്ണിന്റെ ഭാവമെങ്കിൽ, അവളെ ഈ നഗരത്തിൽ നിന്ന് വണ്ടികയറ്റാൻ എനിക്കറിയാം!”

ധ്രുവ് തൻറെ ചുണ്ടിൽ ഒരു ക്രൂരമായ പുഞ്ചിരി വരുത്തി.

“അമ്മേ… ഭീഷണി ഇവിടെ വേണ്ട,” അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. “നക്ഷത്രയ്ക്ക് എന്തെങ്കിലും ഒരപകടം സംഭവിച്ചാൽ, അതിന് പിന്നിൽ അമ്മയാണെന്ന് അറിഞ്ഞാൽ… കൈലാസ് ഗ്രൂപ്പിന്റെ സി.ഇ.ഒ പദവി ഉപേക്ഷിക്കാനും ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാനും എനിക്ക് ഒരു നിമിഷത്തെ ആലോചന പോലും വേണ്ടിവരില്ല! അത് ഓർത്തു വെച്ചോളൂ. അമ്മ വല്ലാണ്ട് മാറി പോയിരിക്കുന്നു, അച്ഛന്റെ കാലത്ത് നമ്മൾ ജോലിക്കാരോട് പെരുമാറിയിരുന്നത് എങ്ങനെ ആണെന്ന് അമ്മയ്ക്ക് ഓർമ്മയുണ്ടോ? ഈ കമ്പനി ഇത്രത്തോളം എത്തിക്കാൻ അറിയുമെങ്ങിൽ ബാക്കിയും ചെയ്യാൻ എനിക്കറിയാം. അമ്മയുടെ മനസ്സിൽ ഇവളും ഇവളുടെ തള്ളയും കൂടെ ചേർന്നു വിഷം കുത്തി വെച്ചിരിക്കുകയാണ്… അതുകൊണ്ടാണ് ഞാൻ പറയുന്നതൊന്നും അമ്മയ്ക്ക് മനസ്സിലാകാത്തത്.”

“നീ… നീ എന്നെ ഭീഷണിപ്പെടുത്തുകയാണോ ധ്രുവ്?” ശിവകാമി തൻറെ നെഞ്ചിൽ കൈവെച്ചുപോയി. മകനിൽ നിന്ന് ഇങ്ങനെയൊരു മറുപടി അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

“ഞാൻ ലോജിക്കൽ ആയിട്ടുള്ള കാര്യം പറഞ്ഞതാണ് അമ്മേ. കമ്പനി കാര്യങ്ങളിൽ അമ്മ ഇടപെടരുത്. അത് ഞാൻ നോക്കിക്കൊള്ളാം. ഇനി അമ്മയ്ക്ക് എന്നോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ അത് വീട്ടിൽ വെച്ച് സംസാരിക്കാം. അതും ഒറ്റയ്ക്ക്. ഇവിടെ വന്ന് ഒരു ഇഷ്യൂ ഉണ്ടാക്കരുത്. പ്ലീസ് !”
ധ്രുവ് തൻറെ കസേരയിലേക്ക് ചെന്നിരുന്ന് ലാപ്ടോപ്പ് തുറന്നു. അവൻ പിന്നെ അമ്മയുടെ മുഖത്തേക്ക് നോക്കുകപോലും ചെയ്തില്ല.

ശിവകാമി ദേഷ്യവും നാണക്കേടും കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. തൻറെ മകൻ തങ്ങളെ ഇറക്കിവിടുകയാണെന്ന് അവർക്ക് മനസ്സിലായി.

“കൊള്ളാം മോനെ…” ശിവകാമി പല്ലിറുമ്മി. “നീ നിന്റെ വഴി തിരഞ്ഞെടുത്തു. പക്ഷേ ഓർത്തു വെച്ചോ ധ്രുവ്… ഈ വരുന്ന മുപ്പതാം പിറന്നാളിനുള്ളിൽ ഈ കുടുംബത്തിന് അനുയോജ്യയായ ഒരു പെൺകുട്ടിയെ താലി കെട്ടി നീ വീട്ടിലേക്ക് കൊണ്ടുവന്നില്ലെങ്കിൽ… ഞാൻ പറയുന്ന പെണ്ണിന്റെ കഴുത്തിൽ നിനക്ക് താലി കെട്ടേണ്ടി വരും! ഇത് നിന്റെ അമ്മയുടെ അവസാന വാക്കാണ്! ഇതൊന്നും പറ്റില്ല എന്നാണെങ്കിൽ പിന്നെ അമ്മയുടെ ശവം കത്തിക്കാൻ മോൻ തയാറായിക്കോ!”
അത്രയും പറഞ്ഞ് ശിവകാമി തൻറെ ബാഗും എടുത്ത് ഇറങ്ങിനടന്നു. പുറകെ കരച്ചിൽ അഭിനയിച്ചുകൊണ്ട് ആരതിയും വെച്ചുപിടിച്ചു.

ധ്രുവ് തലയ്ക്കു കൈ കൊടുത്ത് ഇരുന്നുപോയി, അമ്മയിൽനിന്ന് അതിരു വിട്ട വാക്കുകൾ പ്രധീക്ഷിച്ചതാണ്. എങ്കിലും അത് കേട്ടപ്പോൾ നെഞ്ചിൽ വല്ലാത്തൊരു ഭാരം. അമ്മയ്ക്ക് എങ്ങനെ ആണ് ഇതൊക്കെ പറയാൻ തോന്നിയത്? അമ്മ എന്താണ് തന്റെ ഭാഗം ചിന്തിക്കാത്തത്? ആരതി അഭിനയിക്കുന്നത് കണ്ടിട്ടും അമ്മയ്ക്ക് ഒന്നും മനസ്സിലാവുന്നില്ലേ? ഇത്രയ്ക്കു ദ്രോഹിക്കാൻ ഞാൻ അമ്മയോട് എന്ത് തെറ്റാണ് ചെയ്യ്തത്?

എന്റെ അടുത്ത ബർത്തഡേക്ക് ഇനി കുറച്ച് മാസങ്ങളെ ഉള്ളു, അതിനിടയിൽ ഞാൻ ആരെ കണ്ടെത്തി വിവാഹം കഴിക്കാനാണ്? അവൻ തന്റെ മുടിയിൽ കൊരുത്തു വലിച്ച് തന്റെ മനസ്സിലെ വിഷമം കെടുത്താൻ ശ്രമിച്ചു.

ശിവകാമിയും ആരതിയും കേബിനിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ ഡെസ്കിലിരുന്ന നക്ഷത്ര ഭയത്തോടെ എഴുന്നേറ്റു നിന്നു. ശിവകാമി അവളെ കടന്നുപോകുമ്പോൾ ചോരക്കണ്ണുകളോടെ ഒന്നു നോക്കി.

“കൂടുതൽ പറക്കാൻ നിൽക്കേണ്ടടീ… ചിറക് അരിയാൻ എനിക്കറിയാം!” ശിവകാമി താഴ്ന്ന ശബ്ദത്തിൽ നക്ഷത്രയോടായി പിറുപിറുത്തുകൊണ്ട് എലിവേറ്ററിലേക്ക് കയറിപ്പോയി.

ആരതിയും അവൾക്ക് നേരെ ദേഷ്യത്തോടെ വിരൽ ചൂണ്ടി ഉള്ളിലേക്ക് കയറി.
എലിവേറ്ററിന്റെ വാതിലുകൾ അടഞ്ഞപ്പോൾ മാത്രമാണ് ആ നിലയിലാകെ വല്ലാത്തൊരു ശാന്തത പടർന്നത്.

നക്ഷത്ര വിറയ്ക്കുന്ന കൈകളോടെ തൻറെ കസേരയിലേക്ക് തളർന്നിരുന്നു. തൻറെ ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നത്? രാവിലെ വിക്രം വർമ്മ എന്ന വില്ലന്റെ വരവ്… ധ്രുവ് സാറിന്റെ പെരുമാറ്റം… ഇപ്പോൾ ഇതാ സാറിന്റെ അമ്മയുടെ ഭീഷണി!

എല്ലാത്തിനും നടുവിൽ നിൽക്കുന്നത് താനാണ്. അച്ഛനും അമ്മയും ഇല്ലാത്ത, സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കാൻ കൊച്ചിയിലേക്ക് വണ്ടികയറിയ താനിപ്പോൾ എന്തിന്റെയൊക്കെയോ നടുവിൽ അകപ്പെട്ടുപോയി എന്നവൾക്ക് തോന്നി.
അവൾ തൻറെ കയ്യിലെ ബാൻഡേജിലേക്ക് നോക്കി. ധ്രുവ് തനിക്ക് തന്ന ഫസ്റ്റ് എയ്ഡ്, തനിക്ക് വേണ്ടി വിക്രം വർമ്മയുടെ ഷർട്ടിൽ പിടിച്ച് അലറിയത്, സ്വന്തം അമ്മയോട് വരെ തനിക്ക് വേണ്ടി വാദിച്ചത്…

തുടരും…

Similar Posts

Leave a Reply