അന്ന് വൈകിട്ട് തന്നെ വിഷ്ണുവിന്റെ വീട്ടിൽ നിന്നും വർഷയുടെ വീട്ടിലേക്ക് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു.
ബാലൻ ആയിരുന്നു വിവരങ്ങളെല്ലാം ധരിപ്പിച്ചിരുന്നത്. വിജയന് വല്ലാത്തൊരു ആശ്വാസം തോന്നി. അയാൾ ഉടനെ തന്നെ ഭാര്യയോട് താൻ അറിഞ്ഞ കാര്യത്തെക്കുറിച്ച് പറഞ്ഞു.
അവർക്ക് കല്യാണത്തിന് സമ്മതം ആണ്. ഇപ്പോൾ ആ പയ്യന്റെ വീട്ടിൽ നിന്ന് വിളിച്ചിട്ട് ഉണ്ടായിരുന്നു .
ഞാൻ ഗുരുവായൂരപ്പന് നേർച്ച നേരായിരുന്നു ഈ കല്യാണം നടക്കണമെന്ന്. സജിത പറഞ്ഞു
ഇത് നടന്ന അവളുടെ ഭാഗ്യം ആണ്. ഒരു രണ്ട് നില വീടുണ്ട് സ്വന്തം ആയിട്ട്. പിന്നെ എങ്ങനെ പോയാലും ശമ്പളം ഒരു ലക്ഷം രൂപയോളം ഉണ്ടാവുമെന്ന ഞാൻ തിരക്കിയപ്പോൾ അറിഞ്ഞത്. അവിടെ ഏതോ വലിയ കമ്പനിയിലാണ് ജോലി.
അവളെ കൂടി കൂടെ കൊണ്ടുപോകുമോ..? സജിത ചോദിച്ചു
നമുക്ക് അതിനെപ്പറ്റി ഒക്കെ ചോദിക്കാൻ പറ്റുമോ സജിതേ, സമയമുണ്ടല്ലോ പതുക്കെ പതുക്കെ ചോദിക്കാം.
ഒന്നും വേണ്ടാന്ന് പറഞ്ഞപ്പോൾ തന്നെ മനസ്സിലായില്ലേ നല്ല പയ്യൻ ആണെന്ന് .
വിജയൻ പറഞ്ഞു
ഇനി പയ്യൻ എന്തെങ്കിലും കുഴപ്പമുണ്ടോ ചേട്ടാ..? നന്നായിട്ട് ഒന്ന് തിരക്കണം നമ്മുടെ കൊച്ചിന്റെ ജീവിതമാ, ഇത്രയും സൗകര്യങ്ങൾ ഉള്ള ഒരു പയ്യൻ നമ്മളെപ്പോലെ പാവം പിടിച്ചെടുത്തു നിന്ന് കല്യാണം കഴിക്കുമ്പോൾ അതിനെക്കുറിച്ച് ഒന്ന് തിരക്കണ്ടേ.,?
സജിതയുടെ മനസ്സിൽ ഒരു സംശയം തോന്നി.!
അതൊക്കെ അന്വേഷിക്കാതെ ഞാനെന്റെ മോളെ ഇവിടെ നിന്ന് പറഞ്ഞു വിടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? സൗകര്യമുള്ള വീട് മാത്രമല്ല പറമ്പും അതിൽ നിന്ന് കിട്ടുന്ന ആദായ ഒക്കെ വേറെയുണ്ട് . പിന്നെ അവന്റെ അളിയനും പറഞ്ഞത് കേട്ടില്ലേ വാടക കിട്ടുന്ന കടമുറി. ശരിക്കും ഒരു പുളിങ്കോമ്പ് തന്നെയാണ്.
അല്ലെങ്കിലും അവളുടെ ജാതകം ഉണ്ട് രാജയോഗം ഉണ്ടെന്ന് സജിത പറഞ്ഞു
എത്രയും പെട്ടെന്ന് കല്യാണം നടത്തണം നാളെ ചെക്കന്റെ അമ്മയും അനിയത്തിയും കൂടി വരുന്നാ പറഞ്ഞത്. കൂട്ടത്തില് ചിലപ്പോ അമ്മാവനും അമ്മായി ഉണ്ടാവും. അവർക്ക് കൂടെ കണ്ട് ബോധിച്ചു കഴിഞ്ഞാൽ പിന്നെ ജാതകം കൊടുത്തു വിടണം. ജാതകം കൂടി ചേർന്നാൽ എല്ലാ കാര്യങ്ങളും ശുഭമായി എന്നാണ് അർത്ഥം.!
ഇനിയിപ്പോ അമ്മയും പെങ്ങളും വന്ന് എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുമോ
സജിത ചോദിച്ചു..
ചെക്കൻ ഇഷ്ടപ്പെട്ട സ്ഥിതിക്ക് ഇനിയിപ്പോ ആര് വന്ന് കുറ്റം കണ്ടുപിടിച്ചാലും ഒരു കുഴപ്പവുമില്ല. പിന്നെ ഇവളെ കണ്ടാൽ ആർക്കാ ഇഷ്ടപ്പെടാത്തത്..
മകളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. അവിടെ സന്തോഷമാണ്.
അവൾ നേരെ മുറിയിലേക്ക് പോയി..! ഫോണെടുത്ത് ആദ്യം വിളിച്ചത് നീതുവിനെയാണ്. അടുത്ത കൂട്ടുകാരിയാണ് നീതു. മനസ്സാക്ഷി സൂക്ഷിപ്പുകാരി..
എടി ആ കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടാ അവർക്ക് ഇഷ്ടമായി എന്ന പറഞ്ഞത്.
ആണോ..? അപ്പോൾ ഉടനെ കാണുമല്ലേ..?
അവരൊന്നും ചോദിച്ചിട്ടില്ലാത്തതുകൊണ്ട് പെട്ടന്ന് നടത്തണമെന്ന് അച്ഛൻ ഇവിടെ പറയുന്നത് കേട്ടു. ജാതകം കൂടി ചേർന്നാൽ എന്താണെങ്കിലും ഉടനെ കാണും.
എടി ഞാൻ ഒരു കാര്യം ചോദിക്കട്ടെ..?
എന്താടി ഈ കല്യാണം ഒക്കെ ആവുകയാണെങ്കിൽ ഹരിയുടെ കാര്യം എങ്ങനെയാണ്..?
എങ്ങനെയെങ്കിലും ഒഴിവാക്കിയേ പറ്റൂ. ഇതിപ്പോ എന്റെ ലൈഫ് രക്ഷപ്പെടുന്ന കാര്യം ആണ്. അവന് ഒരു നേഴ്സ് അല്ലേ..? അതും കൽക്കട്ടയിൽ. നിനക്ക് അറിയാല്ലോ അവൻ പ്രൈവറ്റ് ആയിട്ട് പഠിച്ചിട്ട് പോയതാണെന്ന്. എണ്ണി ചുട്ട അപ്പം പോലെ മാസത്തിൽ അൻപതിനായിരം രൂപ കിട്ടുമായിരിക്കും. അതുകൊണ്ട് ഇന്നത്തെ കാലത്ത് എങ്ങനെ ജീവിക്കാനാ..? ഇതിപ്പോ നല്ല ശമ്പളം ഒക്കെയുണ്ട്. കാണാനും ഹരിയേക്കാൾ സുന്ദരനാ.!
എങ്ങനെയെങ്കിലും ഹരിയെ ഒഴിവാക്കിയേ പറ്റൂ. ഇല്ലെങ്കിൽ ഈ കല്യാണം നടക്കില്ല.
അവന്റെ കൈയിലെ നിങ്ങൾ ഒരുമിച്ചുള്ള ഫോട്ടോസ് മറ്റോ ഉണ്ടോ..? അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നൈസ് ആയിട്ട് വാങ്ങിയിട്ട് വേണം നീ ഒഴിവാക്കാൻ.
എന്റെ കല്യാണത്തിന് മുമ്പ് വിവേകിന്റെ കയ്യിലുണ്ടായിരുന്ന ഫോട്ടോ ഒക്കെ ഞാൻ നൈസായിട്ട് വാങ്ങിയിരുന്നു.
ഞങ്ങൾ തമ്മിൽ അങ്ങനെ അധികം ഫോട്ടോസ് ഒന്നുമില്ല . എനിക്ക് ഇവിടുന്ന് അങ്ങനെ പുറത്തേക്ക് പോകാൻ ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ലല്ലോ. പിന്നെ ഹരിക്ക് അങ്ങനെയുള്ള താൽപര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം കാണുമ്പോഴും എന്തെങ്കിലും സംസാരിച്ചു പിരിയുന്നത് അല്ലാതെ എന്റെ ശരീരത്തിൽ ഒന്നും തൊടാൻ അവൻ താൽപര്യം കാണിച്ചിട്ട് പോലുമില്ല. കല്യാണം കഴിയട്ടെ എന്നാ പല്ലവി. നിനക്കറിയോ ഒരു ദിവസം അച്ഛനും അമ്മയും വിധുവും കൂടി ഗുരുവായൂര് പോയ രാത്രി ഞാൻ അവനെ വിളിച്ചതാ. എന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അവൻ വരികയും ചെയ്തു. രാത്രി 9 മണി മുതൽ രാവിലെ മൂന്ന് മണി വരെ എന്റെ മുറിയിൽ ഉണ്ടായിരുന്നു അവൻ, എന്നിട്ട് അവൻ ആകെ ചെയ്തത് എന്റെ ചുണ്ടിൽ ഒരു ഉമ്മ മാത്രം ആണ്, അവനെ കൊണ്ട് അതിനോന്നും കൊള്ളില്ല. ആ അവന്റെ കയ്യിലാ എന്റെ ഫോട്ടോ.
അവനെ വീടും വീട്ടുകാരും അങ്ങനെയൊക്കെയുള്ള ഒരു സെന്റിമൻസ് ആണ്.
എങ്കിലും ഏഴു വർഷത്തെ റിലേഷൻഷിപ്പ് അല്ലേ പെട്ടെന്ന് ഒഴിഞ്ഞു പോണം എന്ന് പറഞ്ഞാൽ അവൻ പോകുമെന്ന് എനിക്ക് തോന്നുന്നില്ല.
അതൊക്കെ പറയേണ്ട രീതിയിൽ തന്നെ ഞാൻ പറഞ്ഞോളാം. ഒന്നുകിൽ ഞാൻ പറയും എന്നെ പെട്ടെന്ന് വിളിച്ചോണ്ട് പോകണമെന്ന് ,
അവൻ വന്ന് നിന്നെ വിളിച്ചോണ്ട് പോയാലോ..?
അവന് അത് പറ്റില്ല ഒന്നാമത് അവന്റെ സിസ്റ്റർ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ കുട്ടിക്ക് തന്നെ നല്ല പൈസ ആവുന്നുണ്ട്. ഒരു മൂന്നുവർഷം കൂടി കഴിയാതെ കല്യാണത്തെ പറ്റി ചിന്തിക്കാൻ പറ്റില്ല എന്ന് എന്നോട് പറഞ്ഞതാ. അതുകൊണ്ട് ആ കാര്യോർത്ത് ടെൻഷൻ അടിക്കേണ്ട.!
എങ്കിലും ഇത്രയും വർഷത്തെ റിലേഷൻഷിപ്പ് ആകുമ്പോൾ അവൻ അങ്ങനെയങ്ങ് പോകുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..?
അത് ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തിൽ എങ്ങനെ ചെയ്യണം എന്ന് എനിക്കറിയാം.. എന്താണെങ്കിലും ഞാൻ ഈ കല്യാണ ആലോചനയുമായി മുന്നോട്ട് പോകാൻ തന്നെ ആണ് തീരുമാനിച്ചിരിക്കുന്നത്.
ലൈഫ് സെറ്റിൽ ആവുന്ന കാര്യം ആണ്. പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കേണ്ട.? ഹരിയുടെ കൂടെ ജീവിച്ച ഒരിക്കലും എനിക്ക് ഇത്രയും സന്തോഷം ഉണ്ടാവാൻ പോകുന്നില്ല. ഇതിപ്പോ മറ്റു ബാധ്യതകൾ ഒന്നുമില്ല നീ ഒന്ന് ഓർത്തു നോക്കിക്കേ. ആകെ ഉണ്ടായിരുന്ന ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞു. ഇനിയിപ്പോ ആ വീട് പോലും ആൾക്കുള്ളതാ. അത്രയും വലിയൊരു വീട്ടിലൊക്കെ ഹരിയുടെ കൂടെ എനിക്ക് ജീവിക്കാൻ പറ്റുമോ.? സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു ബന്ധമാ ഇത്.
ഞാൻ ഇത് വേണ്ടെന്നുവച്ചാൽ ലൈഫിൽ ഞാൻ എടുക്കുന്ന ഏറ്റവും മോശമായ തീരുമാനങ്ങളിൽ ഒന്നായിട്ട് ഇത് മാറും . ഹരിയെ ഹാൻഡിൽ ചെയ്യുന്നത് എങ്ങനെയാണെന്ന് ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ. നീയും കൂടി ആലോചിക്ക് എന്തെങ്കിലും വഴി കിട്ടിയ എന്നെ ഒന്ന് വിളിക്കണേ അത്രയും പറഞ്ഞ അവള് ഫോൺ കട്ട് ചെയ്തു
തുടരും

by