01/05/2026

പ്രണയകാലം 14

വിഷ്ണുവേട്ടന്റെ നല്ല പാതിയായി മറ്റൊരാൾ.! വിഷ്ണുവേട്ടൻ സ്വന്തമെന്ന അവകാശത്തോടെ,

ആ തോളിൽ ചാരി, ആ നെഞ്ചിൽ ഒട്ടി നിൽക്കാൻ സാധിക്കുന്നുണ്ടല്ലോ  അവൾക്ക്.  തനിക്ക് സാധിക്കാത്തത്. ഭാഗ്യം ഉള്ളവൾ.! കാണും തോറും ഒരു വല്ലാത്ത നഷ്ടബോധം തോന്നുന്നു.  അതോടൊപ്പം ഹൃദയം നീറ്റുന്ന ഒരു വേദനയും. ഭാമ ഓർത്തു.

മതി കണ്ടുനിന്നത്,  നമുക്ക് എന്തെങ്കിലും കഴിക്കാം വാ. ചടങ്ങുകൾ കഴിഞ്ഞു..

അവളുടെ കയ്യിൽ പിടിച്ചു വലിച്ച് മായ പറഞ്ഞപ്പോഴാണ് താൻ ഇവിടെയെങ്ങും അല്ല എന്ന് ആ നിമിഷം ഭാമയ്ക്ക് തോന്നിയത്.

മായ്ക്കൊപ്പം നടക്കുമ്പോഴും കണ്ണുകൾ ഒരിക്കൽ കൂടി തേടിയത് അവനൊപ്പം അധികാരത്തോടെ നിൽക്കുന്ന ആ ഒരുവളെ തന്നെയായിരുന്നു. 

എല്ലാവർക്കും വേണ്ടി കരുതിയിരുന്ന സദ്യയായിരുന്നു. കഴിക്കാൻ ഇരിക്കുമ്പോഴും ഭക്ഷണം വിളമ്പിയപ്പോളും  ഒന്നും മനസ്സ് ഇവിടെ അല്ലെന്നു തോന്നി അവൾക്ക്. മറ്റ് എവിടെയോ യാത്ര പോയിരിക്കുകയാണ്.

ഇടയ്ക്കിടെ തിരിഞ്ഞുനോക്കും അവിടെ സന്തോഷത്തോടെ ആരോടെങ്കിലും ഒക്കെ സംസാരിച്ചുകൊണ്ട് നിൽക്കുന്ന വിച്ചുവേട്ടനെ കാണുമ്പോൾ വീണ്ടും വല്ലാത്തൊരു വേദന മനസ്സിനെ വന്നു മൂടും.  

ഏറെ രുചികളോട് കഴിച്ചിട്ടുള്ള പല ഭക്ഷണത്തിനും ഇന്ന് രുചിയില്ല എന്ന് തോന്നി.  എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തുക മാത്രമാണ് ചെയ്യുന്നത്. 

കൊത്തിപിറക്കാതെ നീ അങ്ങോട്ട് കഴിച്ചേ. നിനക്ക് രാവിലെ തൊട്ട് എന്താ പറ്റിയത്..?

അടുത്ത് ഇരുന്ന അമ്മ ചോദിക്കുന്നുണ്ട്.

രാവിലെ മുതല് എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടമ്മ..!  ഒന്നും ചെയ്യാൻ തോന്നുന്നില്ല.  എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു. 

                           ***
വിഷ്ണുവേട്ടാ ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് നീതു. ഇത് അവളുടെ ഹസ്ബൻഡ്.  

നീതുവിനെയും ഭർത്താവ് ആദർശനേയും വിഷ്ണുവിന് പരിചയപ്പെടുത്തിക്കൊണ്ട് വർഷ പറഞ്ഞു .

വിഷ്ണു നീതുവിനെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു.  ആദർശിന് കൈ കൊടുക്കുകയും ചെയ്തു. 

ആദർശേട്ടാ, എങ്ങനെയുണ്ട് എന്റെ വിഷ്ണുവേട്ടൻ.

വിഷ്ണുവിന്റെ തോളിൽ കൂടി സ്വന്തം കൈ ലോക്കാക്കി അവനോട് ചേർന്ന് നിന്ന് അധികാരത്തോടെ പറയുന്നവളെ വിഷ്ണുവും ഒന്നു നോക്കിയിരുന്നു.  ഇത്ര പെട്ടെന്ന് അവൾ ഇങ്ങനെ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.  ഇന്ന് കയ്യിൽ താൻ അണീയിച്ച മോതിരത്തിന്റെ ബലത്തിലാണോ.?  അവൻ അത്ഭുതത്തോടെ അവളെ ഒന്ന് നോക്കി..

അവൾ സന്തോഷത്തോടെ തന്റെ ചുമലിൽ ചാരി നിൽക്കുകയാണ്.  ഒരു നിമിഷം വിഷ്ണുവിന് ചെറിയൊരു ചമ്മൽ തോന്നി.  അമ്മയോ വിദ്യയോയൊക്കെ കണ്ടാൽ നാണക്കേടാണ്.

മോതിരം ഇട്ടതേ ഉള്ളൂ,  അപ്പോഴേക്കും അവൾ ഇത്രയും അധികാരം കാണിക്കുമെന്ന് കരുതിയിരുന്നില്ല.  എങ്കിലും അവളുടെ ആ സംബോധന അവന് ഇഷ്ടപ്പെട്ടു “എന്റെ വിഷ്ണുവേട്ടൻ ”

എത്രവേഗം അവൾക്ക് തന്നെ അവളുടെതായി കരുതാൻ സാധിച്ചു. തനിക്ക് ഇപ്പോഴും ഒരു അകൽച്ചയുണ്ടെന്ന് തോന്നുന്നു.  ഇഷ്ടപ്പെട്ട് വരുന്നതേയുള്ളൂ.

അല്ലെങ്കിലും പതിയെ ഇഷ്ടപ്പെടുന്നതിന് ആണല്ലോ ഭംഗി കൂടുതൽ. 

നിന്റെ വിഷ്ണുവേട്ടൻ സൂപ്പർ.

ആദർശ് തംസപ്പുയർത്തി പറഞ്ഞപ്പോൾ വിഷ്ണുവും ചിരിച്ചു പോയിരുന്നു.

പിന്നീട് അവർ ഇരുവരും തമ്മിൽ സംസാരം ആയി. എന്ത് ചെയ്യുന്നു എന്നും ജോലി എങ്ങനെയുണ്ട് എന്നുമൊക്കെയായി അവരുടെ സംസാരം.

ഇതിനിടയിൽ നീതു വിഷ്ണു കാണാതെ അവൾക്ക് അരികിലേക്ക് വന്ന അവളെ കുറച്ച് അപ്പുറത്തേക്ക് മാറ്റി നിർത്തി എന്നിട്ട് പതിയെ ചോദിച്ചു.

ഹരിയെ നീ എങ്ങനെ ഹാൻഡിൽ ചെയ്തു..? ഒരു വിധത്തിൽ സെറ്റാക്കി വച്ചിരിക്കുവാ.  ഇനിയും കല്യാണം വരെ ഇങ്ങനെ പോണം. അത് കഴിഞ്ഞ് എന്തെങ്കിലും പറയാം. 

എന്തു പറയും..? നീതു ചോദിച്ചു

എന്തു പറയാൻ ഹരി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ പഴയ ലൈൻ ആകാശിനെ ഞാൻ എങ്ങനെയാ ഒഴിവാക്കിയത് എന്ന്  നീ ഓർക്കുന്നില്ലേ..?

വീട്ടിലെ പ്രശ്നമാണെന്ന് പറഞ്ഞല്ലേ…?അച്ഛൻ നിന്നെ അടിച്ചൂന്നും മൊബൈൽ തല്ലി പൊട്ടിച്ചു എന്നൊക്കെ പറഞ്ഞല്ലേ.? നീതു ചോദിച്ചു

അതെ…. അങ്ങനെ തന്നെ ഹരിയോടും പറയും.

പക്ഷേ ഒരു ചേഞ്ച് ഉണ്ട്.  ഇവിടെ അച്ഛൻ എന്നെ അടിച്ചു എന്ന് പറയില്ല. അച്ഛൻ ഫാനില് കുരുക്കിട്ട് പേടിപ്പിച്ചു എന്ന് പറയും.  ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ അച്ഛൻ എന്റെ മുന്നിൽ കിടന്ന് മരിക്കുമെന്ന് പറഞ്ഞെന്ന് പറയും. സ്വന്തമച്ചന്റെ ജീവനാണോ കാമുകനൊപ്പം ഉള്ള ജീവിതമാണോ വലുതെന്ന് ഞാൻ ഹരിയോട് തന്നെ ചോദിക്കും.?

ഹരി പിന്നെ സ്വന്തം ഫാമിലിയോട് കുറച്ച് അധികം അറ്റാച്ച്മെന്റ് ഉള്ള കൂട്ടത്തിൽ ആണ്.  അതുകൊണ്ട് വേറൊന്നും പേടിക്കാനില്ല. എങ്ങനെ ഉണ്ട് എന്റെ ഈ ഒരു ഐഡിയ..?

വർഷ ചിരിയോടെ ചോദിച്ചപ്പോൾ നീതു അവളെ തന്നെ സൂക്ഷിച്ചു നോക്കി.

നീ അവരുടെ വീട്ടുകാരെയൊക്കെ കണ്ടോ.?  അവരെയൊക്കെ കണ്ടാൽ തന്നെ അറിയില്ലേ നല്ല സ്റ്റാൻഡേർഡ് ഉള്ള  കൂട്ടത്തിലാണെന്ന്. ഹരിയുടെ വീട്ടിലുള്ളത് മുഴുവൻ ലോക്കൽസ് ആണ്. ഇത്രയും വല്ല്യ ഒരു കുടുംബത്തിലേക്ക് പോകാൻ എനിക്കൊരു ഓഫർ വരുമ്പോൾ ഞാൻ അതെങ്ങനെയാ വേണ്ടെന്നു വയ്ക്കുന്നത്.

വിഷ്ണുവേട്ടന്റെ അമ്മയുടെ കഴുത്തിൽ കിടക്കുന്ന മാലയുടെ ഒക്കെ വണ്ണം നീ കാണണം,  എങ്ങനെ നോക്കിയാലും ഒരു 5 പവൻ വരും.  അതൊക്കെ കണ്ടിട്ട് ഹരിയേ എന്തിനാ സ്നേഹിച്ചത് എന്നാ ഞാനിപ്പോ ഓർക്കുന്നത്.  എങ്ങനെയെങ്കിലും ഒഴിവാക്കണം

അത്ഭുതപ്പെട്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി പോയിരുന്നു ആ നിമിഷം നീതു.. എങ്ങനെ ഇവൾക്ക് ഇങ്ങനെയൊക്കെ സാധിക്കുന്നു എന്നാണ് ആ നിമിഷം നീതു ചിന്തിച്ചത്.    തന്റെ അറിവിൽ ഇതിനോടകം തന്നെ അവൾക്ക് ഒരു പത്തിൽ കൂടുതൽ പ്രണയം ഉണ്ടായിട്ടുണ്ട് എല്ലാം ടൈംപാസ് ആയിരുന്നു ഹരി മാത്രമാണ് കുറച്ച് അധികം കാലം നിലനിന്നത്.

വിഷ്ണുവും ആദർശും തമ്മിൽ സംസാരിച്ചു കഴിഞ്ഞു എന്ന് തോന്നിയപ്പോഴേക്കും രണ്ടുപേരും അവിടേക്ക് ചെന്നിരുന്നു.

അപ്പോ ഓക്കേ ബൈ വിഷ്ണു.  ഇനിയും കാണേണ്ടവരാണ് നമ്മൾ.

ആദർശ് വിഷ്ണുവിന് കൈ കൊടുത്തു ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ തല കുലുക്കി സമ്മതിച്ചു .

ഓരോരുത്തരെ പരിചയപ്പെടുത്തുമ്പോഴും തന്നോട് ഇഴുകി ആണ് അവൾ നിൽക്കുന്നത് എന്ന് വിഷ്ണു ശ്രദ്ധിച്ചു. അറിയാതെയാണെങ്കിലും അവളുടെ മാറിടങ്ങൾ ഇടയ്ക്ക് തന്റെ തോളിൽ അമരുന്നുണ്ട്. അവന് വല്ലായ്മ തോന്നി. അവളുടെ ആ പ്രവർത്തി അവന് അത്ര കണ്ട് ഇഷ്ടപ്പെട്ടില്ല.

എന്തൊക്കെയാണെങ്കിലും മോതിരം ഇട്ട് കുറച്ച് സമയമായിട്ടേയുള്ളൂ.  അപ്പോഴേക്കും ഇത്രയും അധികാരം കാണിക്കേണ്ട കാര്യമുണ്ടോ എന്ന് അവൻ ഒന്ന് ചിന്തിച്ചിരുന്നു.

പ്രണയ വിവാഹമാണെങ്കിൽ പോട്ടെന്നു വയ്ക്കാം.  ഇതിപ്പോൾ കാണുന്നവർ എന്താണ് വിചാരിക്കുക..?  മറ്റൊരിടത്ത് ഇതെല്ലാം കണ്ട ഒരുവളുടെ ഹൃദയം മുറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ആരും അറിഞ്ഞില്ല.

❤️