The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അവൻ അനൂപിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഇറങ്ങിച്ചെല്ലാനാണ് അനുവിന്റെ മുഖഭാവവും.. വർഷയാണെങ്കിൽ തന്നോട് ഒന്നും സംസാരിച്ചാൽ കൊള്ളാമെന്ന ഭാവത്തിൽ നിൽക്കുകയാണെന്ന് തോന്നി.
അവൻ തന്നെയാണ് ആദ്യം ഇറങ്ങി മുറ്റത്തേക്ക് നടന്നത്. മുറ്റത്തെ മാവിൻ ചുവട്ടിന് അരികിൽ എല്ലാവർക്കും കാണാവുന്ന തരത്തിൽ തന്നെ ആണ് നിൽപ്പ്.
വർഷ അരികിലേക്ക് വരുന്തോറും ചങ്കിടിപ്പ് വർദ്ധിക്കുന്നത് പോലെ വിഷ്ണുവിന് തോന്നി…!
തനിക്കരികിൽ ആയി വന്ന് താഴേക്ക് നോക്കി നിൽക്കുകയാണ് പെണ്ണ്. എന്ത് സംസാരിച്ചു തുടങ്ങും..? അവനാകപ്പാടെ ഒരു പരവേശം പോലെ തോന്നി.
താൻ എന്താ പഠിച്ചത്..?
ഞാൻ ലാബ്, രണ്ടു വർഷത്തെ കോഴ്സ് ആണ്. ഡിപ്ലോമയായിരുന്നു
ജോലി ചെയ്യുന്നുണ്ടോ..?
ജോലിന്ന് പറഞ്ഞാൽ അത്ര വലിയ ജോലിയൊന്നുമില്ല ഇവിടെ അടുത്തുള്ള ഒരു ലാബിൽ പോകുന്നുണ്ട്.വെറുതെ വീട്ടിലിരിക്കേണ്ടല്ലോ എന്ന് കരുതി.
എനിക്ക് ഏവിയേഷൻ പഠിക്കണം എന്നായിരുന്നു ആഗ്രഹം. അച്ഛന് അതിനുമാത്രം സാമ്പത്തികം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട ലാബിനെ വിട്ടത്. ഇത് പിന്നെ മെഡിക്കൽ ഫീൽഡ് അല്ലേ എപ്പോഴാണെങ്കിലും ജോലി ഉണ്ടാവും എന്ന് പറഞ്ഞ അച്ഛൻ ഇതിനുവേണ്ടി വിട്ടത്.
അത് ശരിയാ മെഡിക്കൽ ഫീൽഡിലെ ജോലി ആകുമ്പോൾ അത് എപ്പോഴും ഉണ്ടാവും.
ആശുപത്രികൾ അവസാനിക്കുന്നില്ലല്ലോ. എല്ലാകാലത്തും മനുഷ്യന് ആവശ്യമുള്ളതല്ലേ.? എങ്കിൽ പിന്നെ നേഴ്സിങ് നോക്കായിരുന്നില്ലേ.?
നേഴ്സിങ്ങിനൊന്നും പോകാനുള്ള പണം ഇവിടെ ഉണ്ടായിരുന്നില്ല ചേട്ടാ. നിഷ്കളങ്കമായി പറയുന്നവളോട് ആ നിമിഷം അവന് വല്ലാത്ത സ്നേഹം തോന്നി .
നല്ല വെളുത്ത നിറമാണ് ആൾക്ക്. ചുവന്ന അധരങ്ങൾ ഒരു പ്രത്യേക സൗന്ദര്യം തീർക്കുന്നുണ്ട്. മനോരമയിൽ ഒക്കെ വരയ്ക്കുന്ന സ്ത്രീകളുടെ ചിത്രം പോലെ അതിമനോഹരിയായ ഒരു പെൺകുട്ടി. എന്തൊരു സൗന്ദര്യമാണ് അവൾക്ക് എന്ന് ആ നിമിഷം അവൻ ചിന്തിച്ചു പോയിരുന്നു.
സാരമില്ല തനിക്ക് എന്തെങ്കിലും പഠിക്കണമെങ്കിൽ കല്യാണം കഴിഞ്ഞ് നമുക്ക് നോക്കാം .
അവനത് പറഞ്ഞതും അവൾ പെട്ടത് തലയുയർത്തി അവനെയൊന്നു നോക്കി .
അപ്പോൾ ഈ കല്യാണം നടക്കുമോ .? അവളുടെ മുഖത്ത് ഒരു സംശയം
എന്തെ നടക്കണ്ടേ..? അവൻ മറുചോദ്യം ചെയ്തു.
അതിന് ചേട്ടന് എന്നെ ഇഷ്ടമാവണ്ടേ..? അവന്റെ മുഖത്തേക്ക് നോക്കാതെയാണ് മറുപടി
തന്നെ ആർക്കാ ഇഷ്ടമാവാതെ..? എങ്ങനെയാണ് അങ്ങനെ പറഞ്ഞത് എന്ന് അവനു പോലും അറിയില്ല. അറിയാതെ നാവിൽ നിന്നും വന്നു പോയതാണ് .
അവളൊന്നു പൊട്ടിച്ചു കുപ്പിവള കിലുങ്ങും പോലെ..!
തനിക്കിനി എന്നെ ഇഷ്ടമാകുമോന്ന് ആണ് എന്റെ പേടി അവളുടെ മുഖത്തേക്ക് നോക്കി മറയില്ലാതെ പറഞ്ഞവൻ
എനിക്കിഷ്ടായി ആദ്യം കണ്ടപ്പോൾ തന്നെ…! അവളത് പറഞ്ഞപ്പോൾ അത്ഭുതപ്പെട്ടു പോയിരുന്നു അവൻ. ഇത്രയും ഓപ്പണായി അവൾ പറയുമെന്ന് വിചാരിച്ചിരുന്നില്ല.
നേരോ…? കുസൃതിയോടെ ഒരു കള്ളച്ചിരി ഒളിപ്പിച്ച് അവൻ ചോദിച്ചു.
അവളുടെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു തലയാട്ടൽ. പരിചയപ്പെട്ട് കുറച്ച് സമയമേ ആയിട്ടുള്ളൂ എങ്കിലും അവളുടെ സംസാരവും രീതികളും നന്നേ ഇഷ്ടപ്പെട്ടു എന്ന് വിഷ്ണുവിന് തോന്നി..
ഉള്ളിൽ ഒരു നിർബന്ധം ഉണ്ടായിരുന്നു ആദ്യം പെണ്ണ് കാണുന്ന പെൺകുട്ടിയെ തന്നെ കല്യാണം കഴിക്കണമെന്ന്. ഒരുപാട് പെണ്ണു കണ്ടു നടക്കാൻ താല്പര്യമുണ്ടായിരുന്നില്ല.
ഞാൻ ഒക്കെ പറയട്ടെ, അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ നാണത്തിൽ കുതിർന്ന ഒരു തലയാട്ട് പകരം നൽകി.
എങ്കിൽ പിന്നെ നമുക്ക് കയറിയേക്കാം, അവരെല്ലാവരും എന്ത് വിചാരിക്കും ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി മുൻപിൽ പോയത് വിഷ്ണുവാണ്. അവനെ അനുഗമിച്ചു കൊണ്ട് പിന്നാലെ വർഷയും
ഏതായാലും ഇനി അമ്മയും അനുജത്തിയും ഒക്കെ വന്നു കാണാനുണ്ട്. ബാക്കി കാര്യങ്ങളൊക്കെ അവരെ അറിയിക്കും. വിഷ്ണു വിജയനോട് പറഞ്ഞു അയാൾ സന്തോഷപൂർവ്വം അവന്റെ കരം ഗ്രഹിച്ചു.
എല്ലാവരും ഇറങ്ങിയപ്പോൾ വളരെ സമാധാനപൂർവ്വം സജിത നെഞ്ചത്ത് കൈവെച്ചു .
****
അളിയൻ എന്തിനാ ചാടിക്കേറി ഒന്നും വേണ്ടെന്ന് പറഞ്ഞത്.? ഇപ്പോൾ അങ്ങനെ തോന്നും കല്യാണം കഴിഞ്ഞ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ആയി തുടങ്ങുമ്പോഴാണ് ഈ വീരവാദം കൊണ്ടൊന്നും ജീവിക്കാൻ പറ്റില്ല എന്ന് മനസ്സിലാകുന്നത്.
അളിയാ ഇത് ഞാൻ പണ്ടേ തീരുമാനിച്ച കാര്യമാണ്. ഞാൻ കല്യാണം കഴിക്കുന്നുണ്ടെങ്കിൽ സ്ത്രീധനം വാങ്ങില്ല. ഒരു പെൺകുട്ടിയുടെ അച്ഛന്റെ ഒരു ജീവിതകാലം മുഴുവനുമുള്ള അധ്വാനം നമ്മളായിട്ട് അപഹരിക്കുന്നത് ശരിയല്ലല്ലോ. അങ്ങനെ വാങ്ങുന്നവർ തെറ്റാണെന്നല്ല ഞാൻ പറഞ്ഞത് രണ്ടുപേരെ കെട്ടിച്ചു വിട്ടത് കൊണ്ട് അതിന്റെ ബുദ്ധിമുട്ട് നന്നായി എനിക്കറിയാം. എനിക്ക് അതിനോട് താല്പര്യം ഇല്ലാത്തതുകൊണ്ട് ആണ്.അവരുടെ സ്ഥിതിയും അവസ്ഥയുമൊക്കെ കാണുമ്പോൾ നമുക്ക് അവരോട് ഒരു രൂപ പോലും ചോദിക്കാനും തോന്നില്ല.
വിഷ്ണു അങ്ങനെ പറഞ്ഞപ്പോൾ ബാലൻ പിന്നെ ഒന്നും പറഞ്ഞില്ല.
വിന്ദുജയുടെ മുഖത്ത് അഹങ്കാരം ഉണ്ട് എന്റെ അനുജനെ കണ്ടുപഠിക്ക് എന്നൊരു ഭാവം. അനൂപിന്റെ മുഖത്തും അഭിമാനമാണ്.!
വീട്ടിലേക്ക് ചെന്നതും കാത്തിരിക്കുകയായിരുന്നു സൗദാമിനിയും വിദ്യയും. പെണ്ണിനെ കുറിച്ച് വിന്ദുജ പറഞ്ഞപ്പോൾ തന്നെ സൗദാമിനിക്ക് അവളെ കാണണമെന്ന് ആയി. ഒരു ഫോട്ടോയെങ്കിലും വാങ്ങി വരാഞ്ഞത് കഷ്ടമായി എന്നായി വിദ്യ.
അതിനെന്താ അടുത്ത് തന്നെ അമ്മയ്ക്കും വിദ്യയ്ക്കും കൂടി പോയി കാണാമല്ലോ വിച്ചുവിന് ഏതാണ്ട് ഇഷ്ടായ മട്ടാ.. ഇനി അവന്റെ മനസ്സ് മാറുന്നതിനു മുൻപ് എത്രയും പെട്ടെന്ന് ബാക്കി കാര്യങ്ങൾ നടത്തുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത്… വിന്ദുജ പറഞ്ഞു നിർത്തി.
വന്ന പാടെ വിച്ചു മുറിയിലേക്ക് കയറി കിടന്നതാണ് ഉറങ്ങാനായി.
അനൂപ് നേരെ വീട്ടിലേക്കും പോയിരുന്നു. വീട്ടിൽ ചെന്ന് അമ്മയോട് പെണ്ണ് കാണാൻ പോയ വിശേഷങ്ങൾ ഒന്നൊന്നായി പറയുന്നുണ്ട് അനൂപ്. എല്ലാം കേട്ടപ്പോൾ സന്ധ്യയ്ക്ക് വലിയ സന്തോഷമായി.
അങ്ങനെ തന്നെയാണ് വേണ്ടത് അവരുടെ അവസ്ഥ മനസ്സിലാക്കി അവൻ ഒന്നും വേണ്ടന്ന് പറഞ്ഞല്ലോ. അല്ലെങ്കിലും അവൻ നല്ല ചെറുക്കന് ആണ്.അവനെ കല്യാണം കഴിക്കുന്ന പെൺകുട്ടി ഭാഗ്യവതിയാ..!
സന്ധ്യ പറഞ്ഞപ്പോൾ അകത്തെ മുറിയിൽ ഒരുവൾ പ്രാണൻ നഷ്ടപ്പെടുന്ന വേദനയിൽ പിടയുകയായിരുന്നു.
💙