05/12/2025

പ്രണയകാലം 5

നീ  കോളേജിൽ നിന്ന് വരുന്ന വഴിയാണോ .?

ചായ ഒന്നു കുടിച്ചു കൊണ്ട് ആള് ചോദിച്ചപ്പോൾ അതെന്ന അർത്ഥത്തിൽ തലയാട്ടി. ആളുടെ അടുത്ത് ഒരുപാട് നേരം നിൽക്കാൻ വയ്യ ഹൃദയം പൊട്ടി പോവുകയാണ് ആ മുഖത്തേക്ക് തന്നെ നോക്കി നിൽക്കാൻ തോന്നും ഒരുപാട് നേരം നോക്കി നിൽക്കുമ്പോൾ ആൾ എന്ത് വിചാരിക്കും.

ചായ കൊടുത്തതും പരവേശപ്പെട്ട് അവള് താഴേക്ക് ഇറങ്ങി വന്നിരുന്നു. പുറകെ തന്നെ അവനുണ്ട് എന്ന് അവൾക്ക് മനസ്സിലായി. 

താഴേക്ക് ഇറങ്ങി വരുമ്പോൾ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു.  തന്റെ അച്ഛനടക്കം.! അതോടെ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു.  എല്ലാവരും വലിയ വർത്തമാനത്തിലാണ് .

അമ്മയും മിനിയമ്മയും വസന്തരാമയും കൂടി ഉമറത്തേക്ക് പോയതോടെ താൻ ഒറ്റയ്ക്ക് അടുക്കളയിൽ നിൽക്കുന്നതെങ്ങനെയാണെന്ന് ഓർത്ത് അവളും പിന്നാലെ ഉമ്മറത്തേക്ക് പോയി .

സൗദാമിനി കണ്ണുകൾ കൊണ്ട് മകൾ വിന്ദുജയോട് എന്തോ ആംഗ്യം കാണിക്കുന്നത് വിഷ്ണു കണ്ടിരുന്നു.  ഒപ്പം തന്നെ ബാലേട്ടനും നിന്ന് ഉരുകുന്നുണ്ട്.  കാര്യം എന്താണെന്ന് വിഷ്ണുവിനും മനസ്സിലായില്ല.  അവന്റെ കണ്ണുകൾ ഒന്നു ചുരുങ്ങി.!  

എന്താ അമ്മെ കുറച്ചു നേരമായല്ലോ നിന്ന് കഥകളി കാണിക്കാൻ   തുടങ്ങിയിട്ട്.

ഗ്ലാസിലൊന്നു മൊത്തി തന്റെ അച്ഛന്റെ അരികിലായി ഇരുന്നുകൊണ്ട് വിഷ്ണുവേട്ടൻ ചോദിക്കുന്നുണ്ട്.

നിസ്സഹായമായി സൗദാമിനിയമ്മ വിന്ദുവിനെ നോക്കി..

  അത് പിന്നെ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കണം.  എങ്കിൽ മാത്രമേ പറയുകയുള്ളൂ.

വിന്ദുജ പറഞ്ഞു   

അതിൽ എന്തോ ഒരു കൊനഷ്ട് ഉണ്ടല്ലോടി ചേച്ചി,  ഏതായാലും നീ കാര്യം പറ.!

വിന്ദുജയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിഷ്ണു പറഞ്ഞു. 

അത് പിന്നെ അളിയാ,  ഒരു കല്യാണ ആലോചന.

   ആർക്ക്…?  അവന്റെ നെറ്റി ചുളിഞ്ഞു.

ഭാമയുടെ നെഞ്ചിൽ ഒരു കല്ലെടുത്ത് വെച്ചതുപോലെയുള്ള അവസ്ഥ.! 

ഈ വീട്ടിൽ ഇനി കല്യാണം കഴിക്കാൻ ഉള്ളത് ആരാ..?  ബാലു ചോദിച്ചു

എനിക്കോ…? അവൻ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. ശേഷം അവരെ ഒന്ന് നോക്കി.!

പിന്നല്ലാതെ ഇതിപ്പോ മൂന്നുമാസത്തെ ലീവ് ഉണ്ട്.  ഏതായാലും ഒരു മാസം കൊണ്ട് നമുക്ക്ഒരു പെണ്ണിനെ കണ്ടുപിടിച്ച് കല്യാണം നടത്താവുന്നതേയുള്ളൂ.  അളിയൻ ഒന്ന് സമ്മതിച്ചാൽ മതി.

ദേ ഇവളുടെ ഒരു കൂട്ടുകാരി ടീച്ചറുടെ  ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.  ഇവള് പറയുന്നു ആ കുട്ടിയെ അളിയന് വേണ്ടി ആലോചിക്കാം എന്ന്. ഞാൻ അളിയനെ കൊണ്ട് സമ്മതിപ്പിക്കണം അത്രേ, ഞാൻ പറഞ്ഞാൽ അളിയൻ കേൾക്കും എന്നാണ് ഇവള് പറയുന്നത്. 

എന്താ ബാലേട്ടൻ പറയുന്നത്. കല്യാണമൊ ഇപ്പോഴേ കല്യാണം ഒന്നും വേണ്ട.  ഞാൻ ഒന്നും കൂടി ഒന്ന് പോയിട്ട് വരട്ടെ.!   

അതെന്തിനാ വിഷ്ണു, അതിന്റെ ആവശ്യമില്ലല്ലോ ഇപ്പോൾ വിദ്യയുടെ കാര്യത്തിന് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവാൻ പോകുന്നില്ലല്ലോ.  വീടിന്റെ ഒരു വർഷത്തെ അടവും കൂടി തീർന്നാൽ നിനക്ക് പിന്നെ പറയാൻ വലിയ ബാധ്യതകൾ ഒന്നുമില്ലല്ലോ.!  അപ്പോൾ പിന്നെ സെറ്റിലാവാനുള്ള സമയമായി എന്നാണ് അതിനർത്ഥം.

എനിക്ക് ഇപ്പോ ഒരു കല്യാണം ഒന്നും ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല ബാലുവേട്ടാ.

ഇനി ചിന്തിക്കാല്ലോ നമ്മൾ ജീവിതത്തിലേക്ക് ഒരാളെ കൂടെ കൂട്ടുമ്പോൾ അതിന് ഒരു പ്രിപ്പറേഷൻ ആവശ്യമല്ലേ..?

വിഷ്ണു ചോദിച്ചു

അവിടെ നടന്ന സംസാരങ്ങൾ ഒന്നും പിന്നീട് കേട്ടില്ല ഭാമ എന്നതാണ് സത്യം. കണ്ണുകൾ നിറയാതിരിക്കാൻ പരമാവധി ശ്രമിച്ചു.!  ഇങ്ങനെയൊരു അവസ്ഥ ജീവിതത്തിലുണ്ടാകുമെന്ന് നേരത്തെ കരുതിയിട്ടുള്ളതാണ്.  അപ്പോഴൊക്കെ ആ അവസ്ഥയെ നേരിടണമെന്ന് മനസ്സിൽ തീരുമാനിച്ചിട്ടുള്ളത്  ആണ്. അങ്ങനെയൊരു സാഹചര്യമുണ്ടായാൽ എങ്ങനെ അതിനെ നേരിടണമെന്ന് പലപ്പോഴും ചിന്തിച്ചു നോക്കിയിട്ടുണ്ട്.

  ഈ സാഹചര്യം എങ്ങനെ അതിജീവിക്കണമെന്ന് ഈ നിമിഷം തനിക്ക് മനസ്സിലാകുന്നില്ല.!

മോനേ അമ്മയ്ക്ക് തീരെ വയ്യ,  ശരിക്ക് നടക്കാൻ പോലും വയ്യ.  വിദ്യ കൂടി പോയിക്കഴിഞ്ഞാൽ അമ്മ ഇവിടെ ഒറ്റയ്ക്കായി പോകും.  വയ്യാതെ വന്നാൽ പോലും ആരും അറിയില്ല.

ഞാനാണെങ്കിൽ മിക്കപ്പോഴും ചേട്ടന്റെ കൂടെ കടയിൽ ആയിരിക്കും.  വിന്ദു അവിടുന്ന് ഓടി വരുമ്പോഴേക്കും ഒരുപാട് നേരം  ആകും. വേറൊന്നുമല്ല അമ്മയ്ക്ക് ഒരു കൂട്ടിനെങ്കിലും ആരെങ്കിലും വേണ്ടേ.?

വിഷ്ണുവേട്ടനെ ഉപദേശിക്കുന്നത് സ്വന്തം അമ്മയാണ്.  വിളിച്ച് പറയണമെന്നുണ്ട് അമ്മയുടെ മകൾ വിഷ്ണുവേട്ടനെ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്ന്.  മറ്റാരെയും വിവാഹം കഴിക്കരുത് എന്ന്. പക്ഷേ വാക്കുകൾ തൊണ്ടക്കുഴിയിൽ ഗദ്ഗതങ്ങൾ  തീർക്കുക മാത്രമാണ് ചെയ്യുന്നത്.  പുറത്തേക്ക് വരുന്നില്ല.! 

സൗദാമിനിചേച്ചിയുടെ  അവസ്ഥ നിങ്ങളെ എല്ലാവരെയുക്കാൾ എനിക്ക് നന്നായിട്ട് അറിയാം.  മുകളിലെ ടെറസിൽ തുണി വിരിക്കാൻ പോകാൻ പോലുമുള്ള ആവത് ഇല്ല ചേച്ചിക്ക്.

അതുകൊണ്ട ഞാൻ മോനോട് പറയുന്നത്. മാത്രമല്ല എന്റെ അനുവിന്റെ പ്രായംആണ് നിനക്ക് അവന് ദേ ഇപ്പൊ കുഞ്ഞാവാൻ പോകുന്നു.  ഇനി എപ്പോ കല്യാണം കഴിക്കാൻ  ആണ് നീ.  ഒരു വട്ടം കൂടി പോയിട്ട് വരുമ്പോൾ പ്രായം എത്ര  ആകും മോനേ..? ഇപ്പൊ തന്നെ നിനക്ക് 30 ആവാറായി .

അമ്മ പറഞ്ഞപ്പോൾ ആൾ ഒന്നും മിണ്ടുന്നില്ല എല്ലാവരും പറയുന്നത് കേൾക്കുന്നുണ്ട്.
എന്റെ ഹൃദയം ശക്തമായി മിടിക്കാൻ തുടങ്ങി..!  ആളിന്റെ മറുപടി എന്താണെന്നറിയാതെ ഞാൻ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി എന്ന് പറയുന്നതാണ് സത്യം  .

ഞാൻ പറയുന്നത് നീ അമ്മയുടെ അവസ്ഥ കൂടി മനസ്സിലാക്കുക.  അതല്ല നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ അത് തുറന്നു പ.  നമുക്ക് അതങ്ങ് നടത്താം

വിന്ദുജ ചേച്ചി അരികിലേക്ക് ഇരുന്നുകൊണ്ട് പറയുന്നുണ്ട്. 

നിന്റെ മനസ്സിൽ അങ്ങനെ ആരെങ്കിലും ഉണ്ടോ മോനെ..?

വസുന്തരാമ്മയുടെ ചോദ്യം കൂടി ഉയർന്നതോടെ പെട്ടെന്ന് വിച്ചുവേട്ടൻ തലപൊക്കി നോക്കി 

എന്റെ മനസ്സിൽ അങ്ങനെ ആരും ഇല്ല, നിങ്ങൾക്കൊക്കെ ഇഷ്ടമാവുന്നത് എന്തോ അത് എനിക്ക് ഇഷ്ടമാകും.  അല്ലാതെ പ്രത്യേകിച്ച്  ഇഷ്ടങ്ങൾ ഒന്നുമില്ല.  പെട്ടെന്ന് ഒരു കല്യാണം എന്ന് പറഞ്ഞപ്പോൾ അതിന്റെ ഒരു ബുദ്ധിമുട്ട് 

നിങ്ങളൊക്കെ എന്താണെന്ന് വച്ചാ തീരുമാനിച്ചോ ഞാൻ കാരണം അമ്മയ്ക്ക് ഒരു വിഷമം വേണ്ട.  അമ്മയുടെ അവസ്ഥയെക്കുറിച്ച് ഞാൻ ആലോചിക്കണമല്ലോ. ചേച്ചി പറഞ്ഞതുപോലെ ഞാൻ ഇങ്ങോട്ട് വിളിക്കുമ്പോൾ അമ്മയൊന്നും ഫോൺ എടുക്കാൻ താമസിച്ചാൽ പോലും എനിക്ക് പേടിയാ.  വിദ്യ കൂടി പോയി കഴിയുമ്പോൾ അമ്മ ഈ വലിയ വീട്ടിൽ ഒറ്റയ്ക്ക് ആണ്. അതിനെക്കുറിച്ച് ഞാൻ ആലോചിക്കണമല്ലോ .

നിങ്ങളൊക്കെ എന്താണെന്ന് വച്ചാൽ തീരുമാനിച്ചോ വിച്ചുവേട്ടൻ അത് പറഞ്ഞപ്പോൾ എത്ര ശ്രമിച്ചിട്ടും എന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു.!

അത്രമേൽ പ്രിയപ്പെട്ടത് ഒന്ന് കയ്യകലത്തിൽ ഉണ്ടായിട്ടും നഷ്ടപ്പെട്ട് പോകാൻ തുടങ്ങുകയാണ്.  പക്ഷേ ഈ നിമിഷം പോലും എന്റെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ല.

♥️