ഭാഗം 8
അമ്മ പേടിക്കണ്ട എന്റെ ഒരു കുസൃതികളും ഞാൻ ആ കുട്ടിയുടെ അടുത്ത് ഇറക്കില്ല… അവളെ ഞാൻ മോശം കണ്ണനോട് നോക്കത്തുമില്ല…
അവൻ പറഞ്ഞു..
” എന്റെ ഫുൾ നോട്ടം നല്ല രീതിയിൽ ആയിരിക്കും
അത് അവൻ പറഞ്ഞത് മനസ്സിലാണ്..
” ഇനി തൊട്ട് അവളെ അല്ലാതെ മറ്റാരെയും ഞാൻ നോക്കുന്നില്ല…
ചെറു ചിരിയോടെ താടിയിൽ വിരലോടിച്ചു അവൻ ചിന്തിച്ചു..
സണ്ണി പോയതോടെ അമലയുടെ ഒപ്പമായി മരിയ.. അവരെ ഓരോ ജോലികളിലും മറ്റും സഹായിച്ച് കൂടെ തന്നെ നിൽക്കുകയാണ്. ചില ജോലികൾ തന്നെക്കാൾ നന്നായി അവൾ ചെയ്യുന്നുണ്ടെന്ന് അവർക്ക് തോന്നിയിരുന്നു.. സോളമന്റെ അരികിലേക്ക് അറിയാതെ പോലും ചെല്ലാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.. സോളമൻ ആണെങ്കിൽ അന്ന് മുഴുവൻ ഉറക്കമായിരുന്നു, വൈകുന്നേരത്തോടെയാണ് എഴുന്നേറ്റ് വന്നത്. അപ്പോൾ തന്നെ അമല അവന് ഭക്ഷണം വിളമ്പി കൊടുക്കുന്നതും കണ്ടു.. അവനെ കണ്ട പാടെ മുറിയിലേക്ക് കയറി മരിയ..
പിന്നെ കുളിയൊക്കെ കഴിഞ്ഞാണ് തിരിച്ചിറങ്ങിയത്. തല കഴുകിയുമില്ല, അമല ആന്റി പ്രത്യേകം പറഞ്ഞു ക്ലോറിൻ വെള്ളമായതുകൊണ്ട് തലമുടി ഒന്നും കഴുകണ്ടന്ന്, തല കഴുകാതെ ഇറങ്ങിയത് കൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകളും അവൾക്ക് തോന്നിയിരുന്നു. പുറത്തേക്ക് വന്നപ്പോൾ സോളമൻ സെറ്റിയിലിരുന്ന് ക്രിക്കറ്റ് കാണുന്നുണ്ട്. അമലയാണെങ്കിൽ വെറുതെ മൊബൈലിൽ തോണ്ടിക്കൊണ്ട് ഇരിക്കുകയാണ്, അവൾ ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം 6:30 യോട് അടുക്കുന്നുണ്ട്. പ്രാർത്ഥിക്കുന്നില്ലേന്ന് ചോദിക്കണമെന്ന് അവൾക്ക് തോന്നിയെങ്കിലും അവൾ ചോദിച്ചില്ല.. കുറെ സമയമായിട്ടും രണ്ടുപേരുടെയും പ്രവർത്തികളിൽ ഒരു മാറ്റവും വരുന്നില്ലെന്ന് തോന്നിയപ്പോൾ അവൾ അകത്തെ മുറിയിലേക്ക് ചെന്നിരുന്നു, തന്റെ ബാഗിൽ നിന്നും ഒരു കുഞ്ഞ് തിരുകുടുംബത്തിന്റെ ചിത്രം എടുത്ത് ബെഡിലേക്ക് വച്ചു.. കയ്യിൽ കരുതിയിരുന്ന ചെറിയ പ്രാർത്ഥന പുസ്തകവും കൊന്തയും വെച്ച് ആ മുറിയിൽ ഇരുന്ന് തന്നെ അവൾ സന്ധ്യാ പ്രാർത്ഥന ചൊല്ലി, കുട്ടിക്കാലം മുതൽ തന്നെ ശീലിച്ചതാണ്. ജീവിതത്തിൽ ഇപ്പോൾ ഈ നിൽക്കുന്ന അവസ്ഥയ്ക്ക് കാരണവും ഈ പ്രാർത്ഥന തന്നെയാണെന്നാണ് താൻ വിശ്വസിക്കുന്നത്.. ഇല്ലെങ്കിൽ പണ്ടേയ്ക്കു പണ്ടേ താൻ തോറ്റു പോകുമായിരുന്നു, അപ്പോഴെല്ലാം തന്നെ താങ്ങി നിർത്തിയത് ഈ ഈ പ്രാർത്ഥനയുടെ ശക്തി തന്നെയാണ്.. അതുകൊണ്ട് അത് ഒരു ദിവസം പോലും മുടക്കാൻ അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല…
കുറച്ചുസമയം ആയിട്ടും അവളെ കാണാതെ വന്നപ്പോഴാണ് അമല മുറിയിലേക്ക് വന്നത്.. അപ്പോൾ മുട്ടുകുത്തിയിരുന്ന പ്രാർത്ഥിക്കുന്ന മരിയയാണ് കണ്ടത്.. ആ കാഴ്ച അവരുടെ ഉള്ളവും നിറച്ചിരുന്നു..
” മോൾ പ്രാർത്ഥിക്കുകയായിരുന്നോ..?
അവർ ചോദിച്ചു
..
” അതെ ആന്റി കുറെ നേരമായിട്ടും നിങ്ങളാരും പ്രാർത്ഥിക്കുന്നത് കണ്ടില്ല, ചോദിക്കാൻ ഒരു മടി.. സന്ധ്യാ പ്രാർത്ഥനയുടെ സമയം കഴിഞ്ഞുപോവല്ലേ, അതുകൊണ്ട് ഞാൻ ഒറ്റയ്ക്ക്…..
അബദ്ധം പിണഞ്ഞപോലെ അവൾ പറഞ്ഞു..
” മോള് പറയാണെങ്കിൽ നമുക്ക് ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കായിരുന്നു….ഞാനിവിടെ 7:00 ഒക്കെ ആവുമ്പോഴാ പ്രാർത്ഥിക്കുന്നത്, സോളമൻ ഇവിടെ ഉണ്ടെങ്കിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ ടിവി നിർത്ത് അപ്പുറത്ത് പോയിരിക്കത്തേയുള്ളൂ, പ്രാർത്ഥിക്കാൻ ഒന്നും കൂടത്തില്ല.. പക്ഷേ അവൻ മിണ്ടാതിരുന്ന ശ്രദ്ധിക്കും എല്ലാം, ഞാൻ പ്രാർത്ഥിക്കാൻ വേണ്ടി മോളെ വിളിക്കാൻ വന്നത് ആണ്. മോൾ അപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞു,
” സാരമില്ല ഞാൻ ഒരു കൊന്ത ചൊല്ലിയത് ആണ് ആന്റി. ഞാൻ ആന്റിയുടെ ഒപ്പം വന്നിരിക്കാം, നമുക്ക് ഇനി പ്രാർത്ഥിക്കാം..
അമലേ പിന്തുടർന്ന് ഹാളിൽ എത്തി മരിയ. അമലയ്ക്കൊപ്പം തന്നെ ഇരുന്ന് മരിയയും പ്രാർത്ഥിച്ചു, രണ്ടുപേരും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന കാഴ്ച സോളമൻ സന്തോഷത്തോടെ കാണുകയായിരുന്നു..
പ്രാർത്ഥന കഴിഞ്ഞപ്പോൾ പ്രത്യേകിച്ച് ജോലികൾ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല, ടിവിയുടെ റിമോട്ട് അവൾക്ക് നേരെ നീട്ടി സോളമൻ മുറിയിലേക്ക് പോയിരുന്നു. അത് വാങ്ങാൻ പോലും അവൾക്ക് ഭയം തോന്നിയെങ്കിലും അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ അത് വാങ്ങി. അവൻ പോയ പുറകെ കുറച്ചു കഴിഞ്ഞപ്പോൾ അമലയും മുകളിലേക്ക് കയറി പോയിരുന്നു, അവർ ചെല്ലുമ്പോൾ അവൻ കട്ടിലിൽ കിടന്ന് പാട്ട് കേൾക്കുകയാണ്.. അവരെ കണ്ടതും അവൻ ചെവിയിൽ നിന്നും ഇയർഫോൺ മാറ്റിവെച്ചു, അമല അവന്റെ കട്ടിലിലേക്ക് ഇരുന്നു.. അവൻ പെട്ടെന്ന് ഒരു കൊച്ചു കുട്ടിയെ പോലെ അവരുടെ മടിയിലേക്ക് കിടന്നു, ശേഷം അവന്റെ മുടിയിൽ അവരുടെ കൈ എടുത്തുവച്ചു.. അത് മസാജ് ചെയ്യാനുള്ള ഒരു സിഗ്നലാണ്. അവന് വളരെ ഇഷ്ടപ്പെട്ട കാര്യമാണ് അമ്മ അങ്ങനെ മസാജ് ചെയ്യുന്നത് …
” ആ കുട്ടിക്ക് എന്നാ ക്ലാസ് തുടങ്ങുന്നത്…?
അവരുടെ മടിയിൽ കിടന്നുകൊണ്ട് അവൻ ചോദിച്ചു..
” അടുത്ത ആഴ്ച തുടങ്ങും അതിനെന്തെങ്കിലും സാധനങ്ങളൊക്കെ ഉണ്ടോന്ന് അറിയില്ല , വാങ്ങണമെന്ന് ഞാൻ വിചാരിക്കുകയായിരുന്നു…
” അതെന്താ ഒരു സാധനങ്ങളും ഇല്ലാത്തത്, അത്രയ്ക്ക് ബുദ്ധിമുട്ട് ഉള്ള വീട്ടിൽ നിന്നാണോ വരുന്നത്..?
സോളമൻ അവരുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
“ഒക്കെ ഉണ്ട്, എന്നാൽ ഒന്നുമില്ല…! നിനക്കറിയില്ലേ ബെറ്റിയെ…
“ചെറിയ ഒരു ഓർമ്മയുണ്ട്.. ഇത് ബെറ്റിടെയും ജോണിയുടെയും മകൾ അല്ലടാ…
” പിന്നെ…?
അത്ഭുതത്തോടെ അവൻ അവരുടെ മുഖത്തേക്ക് നോക്കി..
” ബെറ്റി പണ്ട് നേഴ്സിങ് പഠിക്കാൻ വേണ്ടി ഡൽഹിയിൽ വന്നിരുന്നു,ഡിഗ്രി കഴിഞ്ഞ നഴ്സിംഗ് വരുന്നത്. ഞാനും അന്ന് അവിടെ തന്നെയാ ജോലി, ഞാനും സണ്ണിചായനും ഒരു ആശുപത്രിയിൽ ജോലി, അവിടെയുള്ള ഒരു ഡോക്ടറുമായിട്ട് അവൾ ഇഷ്ടത്തിലായി, സണ്ണിച്ചായന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു ആ ഡോക്ടർ. പേര് ബെന്നി. ഞങ്ങളെപ്പോലെ ആയിരുന്നില്ല അവര് നമുക്ക് പോലും കണ്ടാൽ അസൂയ തോന്നുന്ന പോലെയുള്ള ഇഷ്ടം. ഇതിനിടയിൽ ബെന്നിയുടെ വീട്ടിൽ ബെന്നിക്കൊരു വിവാഹാലോചന വന്നു. ബെന്നിയുടെ അച്ഛൻ പിടിച്ച പിടിയാലേ കല്യാണ നടത്തുന്ന രീതിയുള്ള ഒരാളാണ്. അവരുടെ വീട്ടിൽ എല്ലാവർക്കും അപ്പനെ പേടിയാ. ബെന്നിക്ക് പോലും എതിർത്തു പറയാൻ പേടി. അങ്ങനെയിരിക്കെ ബെറ്റിയും ബെന്നിയും കൂടി രജിസ്റ്റർ വിവാഹം കഴിക്കാൻ തീരുമാനിച്ചു, അത് കഴിഞ്ഞ് വീട്ടിൽ പറയാമല്ലോ, അങ്ങനെ രണ്ടുപേരും രജിസ്റ്റർ വിവാഹം കഴിച്ചു. ഞാനും സണ്ണിച്ചായനും ആയിരുന്നു സാക്ഷികൾ. വിവാഹം കഴിഞ്ഞതോടെ ബെറ്റി ഹോസ്റ്റലിൽ നിന്നും മാറി. ബെന്നിക്കവിടെ ഒരു കോട്ടേഴ്സ് കിട്ടി. രണ്ടുപേരും ഒരുമിച്ച് ആയി ജീവിതം. കല്യാണം കഴിഞ്ഞതുകൊണ്ട് ആരെയും പേടിക്കേണ്ടതില്ലല്ലോ, ഇനി ലീവിന് പോകുമ്പോൾ ബെറ്റിയെ കൂടെ കൊണ്ടുപോയി വീട്ടിൽ നിർത്താനായിരുന്നു ബെന്നിയുടെ പ്ലാൻ, പക്ഷേ വിധി മറ്റൊന്നായിരുന്നു.. ഒരു ദിവസം ഹോസ്പിറ്റലിൽ പോയ ബെന്നി ബസ്സ് ഇടിച്ചു മരണപ്പെട്ടു.. ആശുപത്രിയിൽ വന്ന് ബെന്നിയുടെ വീട്ടുകാര് അയാളുടെ മൃതദേഹം കൊണ്ടുപോയി.. ബെറ്റിയുടെ കാര്യം അവർക്ക് അറിയില്ലായിരുന്നു. അറിയാമെങ്കിലും അവരൊന്നും ചെയ്യില്ല. അവസാനമായിട്ട് ബെന്നിയെ കണ്ടപ്പോൾ ഒന്ന് പൊട്ടിക്കരയാൻ പോലും ബെറ്റിയ്ക്ക് കഴിഞ്ഞില്ല. അതുകഴിഞ്ഞ് ആ ഡ്രോമയിൽ നിന്നും അവൾ തിരികെ വരാൻ ഒരുപാട് സമയമെടുത്തു. ഡിപ്രഷനിലേക്ക് ഒക്കെ പോയതായിരുന്നു. ഇതിനിടയിൽ ഞാനും സണ്ണിച്ചായനും ഒക്കെ അവളെ ആശ്വസിപ്പിച്ചത്. ബെന്നിയെ അവൾക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു. എല്ലാം മറന്ന് അവൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ആ വാർത്ത കൂടി ഞങ്ങൾ അറിയുന്നത്. ബെറ്റി ഗർഭിണിയാണെന്ന്. അന്നത്തെ കാലത്ത് ഇതൊന്നും ഒരുപാട് കാലം മറച്ചുവെക്കാൻ പറ്റില്ലല്ലോ. അവളുടെ വീട്ടിൽ ഈ സംഭവം അറിഞ്ഞു. വലിയ പ്രശ്നമായി. ബെന്നിയുടെ വീട്ടുകാരെ അറിയിച്ചെങ്കിലും ബെന്നി മരിച്ച സ്ഥിതിക്ക് ഇനി എന്ത് ചെയ്യാനാണെന്നാണ് അവർ ചോദിച്ചത്. മാത്രമല്ല വളരെ രൂക്ഷമായ രീതിയിൽ അവർ പ്രതികരിച്ചത്. അപ്പോഴേക്കും അവളുടെ പഠനമ ഏകദേശം തീർന്നിരുന്നു. നാട്ടിലേക്ക് തിരികെ പോകാൻ പറ്റാത്ത ഒരു അവസ്ഥ. അവസാനം ഇവിടെ എവിടെയെങ്കിലും തന്നെ പ്രസവിക്കട്ടെന്ന് വീട്ടുകാർ തീരുമാനിച്ചു. നിനക്കന്ന് 6 വയസ്. അപ്പോൾ സണ്ണിച്ചായൻ തന്നെയാണ് എന്നോട് പറഞ്ഞത് ബെറ്റി ഇവിടെനിന്ന് പ്രസവിക്കട്ടെ എന്ന്. സണ്ണിച്ചായൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ പ്രസവിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെ നമ്മുടെ വീട്ടിലേക്ക് വരുന്നു ബെറ്റി. ആ സമയത്ത് നിന്നെ അവൾക്ക് വലിയ ഇഷ്ടമായിരുന്നു, നിന്റെ കളിയും ചിരിയും ഒക്കെ കണ്ട് അവൾക്ക് ഉണ്ടാവുന്നത് ആൺകുട്ടി ആയിരിക്കുമെന്ന് അവൾ വിശ്വസിച്ചിരുന്നു. കുഴപ്പമൊന്നുമില്ലാതെ പ്രസവം നടന്നു. എന്റെ കൈയിലേക്ക് ആണ് അവൾ പ്രസവിച്ച കുഞ്ഞിനെ ആദ്യമായിട്ട് നേഴ്സ് കൊണ്ടുവന്നു വെച്ച് തരുന്നത്.. പിങ്ക് കളറിലുള്ള ഒരു സുന്ദരിക്കുഞ്ഞ്..! ആ കുഞ്ഞ് ന്റെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. അത്രയ്ക്ക് ഇഷ്ടമായിരുന്നു എനിക്ക്. ഞാനാ ഒരു മൂന്നുമാസ കാലം അവളെ വളർത്തിയത്.
” എന്നിട്ട്…?
സോളമന് അവളുടെ അവസ്ഥ അറിയും തോറും വേദന തോന്നി..
” മൂന്നുമാസം കഴിഞ്ഞപ്പോൾ കുഞ്ഞിനെ ഏതെങ്കിലും ഓർഫനേജിൽ ആക്കാം എന്ന് ബെറ്റിയുടെ വീട്ടുകാര് തീരുമാനിച്ചു.. അവൾക്കിനി ഒരു ജീവിതം വേണ്ടേ..? ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. പക്ഷേ ബെറ്റി ഒരിക്കലും അതിന് സമ്മതിച്ചില്ല. കുഞ്ഞില്ലാതെ എവിടേക്കും വരല്ലെന്ന് വാശി പിടിച്ചു. അങ്ങനെയല്ലാതെ അവളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ മരിക്കുകയുള്ളൂ എന്ന് അവൾ പറഞ്ഞു. അതോടെ വീട്ടുകാരുടെ മുൻപിൽ മറ്റു മാർഗ്ഗമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അവളെയും കുഞ്ഞിനെയും കൂടെ വീട്ടിലേക്ക് കൊണ്ടുപോയി. നാട്ടിൽ എല്ലാവരും പിഴച്ചവൾ എന്ന് മുദ്രകുത്തി. അവളുടെ അനുജത്തിയുടെ കല്യാണം വരെ ഈ പേര് പറഞ്ഞു മുടങ്ങി. ജനിച്ച കാലം മുതലേ ആ കൊച്ചിന് കിട്ടിയിട്ടുള്ളത് മുഴുവൻ ശാപവാക്കുകളും കൂർത്ത നോട്ടങ്ങളും മാത്രം. ആ വലിയ വീട്ടിലെ ഒരു മുറിക്കുള്ളിൽ ബെറ്റിയും കുഞ്ഞും ഒറ്റയ്ക്കായി. ഇതിനിടയിൽ കുഞ്ഞിന് രണ്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് കുഞ്ഞിനേയും അമ്മയും ഏറ്റെടുത്തോളം എന്ന് പറഞ്ഞു ജോണി വരുന്നത്. അങ്ങനെ വന്ന ആളാ ബെറ്റിയുടെ ഭർത്താവ് ജോണി. പലവട്ടം ആ വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞതാ അവൾ. പക്ഷേ അവൾക്ക് താഴെ രണ്ട് അനുജത്തിമാരും കൂടിയുണ്ട്. അവൾ ഇങ്ങനെ നിന്നാൽ അവരുടെ ജീവിതം കൂടി പോകുമെന്ന് പറഞ്ഞ് അപ്പനും അമ്മയും ഭീഷണിപ്പെടുത്തിയ ആ കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞപ്പോഴേക്കും ജോണിയുടെ സ്വഭാവം മാറി. അനുജത്തിമാരുടെ കല്യാണം കൂടി കഴിഞ്ഞപ്പോൾ ബാക്കി സ്വത്ത് അവന്റെ പേരിൽ ആക്കി കൊടുക്കണം എന്ന് പറഞ്ഞു. ഇല്ലെങ്കിൽ കൊച്ചിനെയും ബെറ്റിയെയും ഉപേക്ഷിക്കുമെന്ന്. അപ്പോഴേക്കും ബെറ്റി ഗർഭിണിയുമായിരുന്നു. അതുകൊണ്ട് സ്വത്ത് മുഴുവൻ ജോണിയുടെ പേരിൽ അപ്പനും അമ്മയും എഴുതി കൊടുത്തു. ആ സ്വത്തിന്റെ ഒറ്റ പേരിലാ ബെറ്റിയെ അവൻ സ്നേഹിച്ചതും കല്യാണം കഴിച്ചതും ഒക്കെ. ഒന്നുമില്ലാതെ കിടന്ന ആളാ ജോണി, ഇപ്പോൾ ഏക്കർ കണക്കിന് സ്ഥലവും പൈസയും ഒക്കെയായി.. എല്ലാം ബെറ്റിയുടെ പൈസയാ, എന്തു പറഞ്ഞാലും കുത്തുവാക്കുകൾ പറഞ്ഞ് അവളെ വേദനിപ്പിക്കാൻ തുടങ്ങി. ആ വീട്ടിൽ അവൾക്ക് യാതൊരു സ്ഥാനവുമില്ലാതെ ആയി. അവൾക്ക് ഇല്ലാത്ത സ്ഥാനം മറ്റൊരാളുടെ കുഞ്ഞിന് ആ വീട്ടിൽ കിട്ടും. വളർന്നു വരുന്തോറും ആ കൊച്ചിനെ ഒരു വേലക്കാരിയുടെ സ്ഥാനത്താണ് അവർ വളർത്തിയത്. ആദ്യമൊക്കെ ജോണിയുടെ കുടുംബത്തിലാ ഇവർ നിന്നത്. ആ വീട്ടിലെ മുഴുവൻ ജോലികളും അഞ്ചോ ആറോ വയസ്സുള്ള ഈ കൊച്ചിനെ കൊണ്ടായിരുന്നു ചെയ്യിപ്പിച്ചിരുന്നത്. അവളെ ഒന്ന് ബെറ്റി ചേർത്ത് പിടിക്കുവോ ഉമ്മ വയ്ക്കുകയോ ചെയ്താൽ ജോണി അവളെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങും. പിന്നെ എല്ലാവരുടെയും മുമ്പിൽവെച്ച് കൊച്ച് ആക്കാൻ തുടങ്ങും. അതാണ് അയാളുടെ ഹോബി. ഇപ്പൊൾ ഒരു കണക്കിന് ആണ് പഠിക്കാൻ വേണ്ടി വിട്ടിരിക്കുന്നത്. എങ്ങനെയെങ്കിലും കണ്ണു തെളിഞ്ഞു പോയാൽ ആ കൊച്ചു രക്ഷപ്പെടും..
അമല പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അറിയാതെ സോളമന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു..
തുടരും

by