സ്വന്തം എന്ന് കരുതിയത് ഒരു കൈയകലത്തിൽ നഷ്ടമാകുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കാതെ നിസ്സഹായരായി നോക്കി നിന്നു പോകുന്ന എത്ര മനുഷ്യരുണ്ടാകും. അവരിൽ ഒരാളായി താനും മാറിയല്ലോ എന്ന് ആ നിമിഷം അവൾ ചിന്തിച്ചു.
കണ്ണുകൾ നിറയരുതേ എന്ന് ആത്മാർത്ഥമായി തന്നെ ആഗ്രഹിച്ചു. ഇനി അവിടെ നിൽക്കാൻ വയ്യ. എല്ലാവരും വിശേഷങ്ങൾ പറയുന്ന തിരക്കിലാണ്. മെല്ലെ അവിടെ നിന്നും അടുക്കള വാതിലിലേക്ക് നടന്നു.
അങ്ങനെയാണെങ്കിൽ നമുക്ക് ഏറ്റവും അടുത്ത ദിവസം തന്നെ ആ കുട്ടിയെ പോയി കാണും. പക്ഷെ മോനെ നീ ഒരുപാട് ഒന്നും പ്രതീക്ഷിക്കരുത്. അവരെ വലിയ ബുദ്ധിമുട്ടുള്ള കൂട്ടത്തിലാണ്.
സ്ത്രീധനം ആണോ ചേച്ചി ഉദ്ദേശിച്ചത്..? വിഷ്ണു ചോദിച്ചു
അതേടാ, വെറും പാവങ്ങളാണ്, രണ്ടു കുട്ടികളാ അച്ഛന് തടിപ്പണിയായിരുന്നു. ഈ കുട്ടി ലാബ് പഠിച്ചിട്ടുണ്ട്. വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് ലാബിനു മാത്രമേ അവരെ വിട്ടുള്ളൂ. അതും രണ്ടു വർഷത്തെ എന്തോ കോഴ്സൊ മറ്റോ ആണ് പഠിച്ചത്. പിന്നെയുള്ളത് ഒരു അനിയന് ആണ്. പയ്യൻ നമ്മുടെ ഭാമയുടെ പ്രായം ആണ്. ഡിഗ്രിയോ മറ്റോ പഠിക്കുകയാണ്. നമുക്ക് വേണമെങ്കിൽ ഒന്ന് പോയി കാണാം. കുട്ടി നല്ല സുന്ദരിയാട്ടോ. നിനക്ക് ചേരും ഞാൻ കണ്ടിട്ടുണ്ട്.
വിന്ദുജ പറഞ്ഞു
അപ്പോൾ ചേച്ചി എല്ലാം ഉറപ്പിച്ചിട്ടാണ് സംസാരിക്കുന്നത്.
വിഷ്ണു ചോദിച്ചു
അങ്ങനെയൊന്നുമില്ലടാ ഒരു ദിവസം ഞാൻ അവിചാരിതമായിട്ട് കണ്ടതാ. ഈ കുട്ടി ഒരു കല്യാണത്തിന് വന്നു. അപ്പോൾ ഞാൻ സംസാരിച്ച കൂട്ടത്തിൽ ഇങ്ങനെ ഓർത്തത് ഈ കുട്ടിയെ നിനക്ക് ആലോചിച്ചാൽ നന്നായിരിക്കും എന്ന്. എന്തൊക്കെ പറഞ്ഞാലും ഇത്തിരി ബുദ്ധിമുട്ടുള്ള വീട്ടിൽ നിന്ന് വരുമ്പോൾ നമ്മുടെ അമ്മയൊക്കെ സ്വന്തമായിട്ട് കരുതിക്കോളൂ അങ്ങനെ ഒരു കുട്ടിയല്ലേ നമുക്ക് വേണ്ടത്.!
അത് എന്ത് പറഞ്ഞാലും ശരിയായ കാര്യമാ വലിയ വിദ്യാഭ്യാസവും ജോലിയൊക്കെ ഉണ്ടെങ്കിൽ ഭർത്താവിന്റെ വീട്ടുകാരോടും ഭർത്താവിനോടും ഒന്നും വലിയ സ്നേഹം ഒന്നും കാണില്ല. ഒരുതരം പുച്ഛം ആയിരിക്കും. ഇവിടെ അടങ്ങിയ ഒതുങ്ങി നിൽക്കുന്ന ഒരു കുട്ടിയെ മതി നമുക്ക്. വല്ല്യ കൊമ്പത്തേ ആലോചനയ്ക്ക് പോയാൽ ചിലപ്പോൾ നിന്റെ കൂടെ ഗൾഫിന് വരണം എന്നൊക്കെ വാശിപിടിക്കും. അങ്ങനെയൊക്കെ ആയാൽ പിന്നെ നമ്മൾ എന്താ ചെയ്യാ.?
വസുന്ദര പറഞ്ഞപ്പോൾ എല്ലാം കേട്ട് നിൽക്കുക മാത്രമാണ് വിഷ്ണു ചെയ്തത്.
ഈയാഴ്ച തന്നെ പോയി നമുക്ക് കുട്ടിയെ ഒന്ന് കണ്ടാലോ..?
വിന്ദുജ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.
ആയിക്കോട്ടെ
അവൻ അത് പറഞ്ഞതും അവർക്ക് സന്തോഷം തോന്നി അവരുടനേ തന്നെ ഫോൺ എടുത്ത് ടീച്ചറെ വിളിക്കാൻ ആയി പുറത്തേക്ക് പോയി.
ഭാമ അപ്പോൾ തന്നെ വീട്ടിലേക്ക് പോയിരുന്നു. മുറിയിലേക്ക് കയറി കതക് അടച്ചു നേരെ ബാത്റൂമിനുള്ളിലേക്ക് കയറി. ഷവറും പൈപ്പും എല്ലാം തുറന്നിട്ടു.
ശരീരത്തിൽ വെള്ളം പതിക്കുന്നത് പോലും അവൾ അറിയുന്നുണ്ടായിരുന്നില്ല. കണ്ണുകളിലൂടെ മിഴിനീർ ഒഴുകുകയാണ്.
ഓടിച്ചെന്ന് ആ നെഞ്ചിൽ ചേർന്ന് നിന്ന് പറയണമെന്നുണ്ട്. എന്റെ മനസ്സിൽ നിറയെ ആ മുഖമാണെന്ന്. തീവ്രമായി ഞാൻ സ്നേഹിച്ചു പോയെന്ന് പക്ഷേ വയ്യല്ലോ കാലിൽ ചങ്ങല പൂട്ടുകൾ വീണിരിക്കുകയാണ്.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു വിളിച്ചപ്പോഴാണ് ബോധം വന്നത്. തോർത്ത് പോലും എടുക്കാതെയാണ് ബാത്റൂമിലേക്ക് വന്നത്. എത്ര സമയം അവിടെനിന്നു പോലും ഓർമ്മയില്ല. പെട്ടെന്ന് ഓർത്തത് പോലെ ഇപ്പോൾ വരാമെന്ന് വിളിച്ചുപറഞ്ഞു.
ഒരുവിധത്തിൽ എങ്ങനെയോ മുറിക്ക് പുറത്തിറങ്ങി അലമാരയിൽ നിന്നും ഒരു ചുരിദാറും എടുത്ത് വീണ്ടും അകത്തേക്ക് കയറി. തലയൊക്കെ തോർത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ അമ്മ അച്ഛനോട് എന്തോ സംസാരിക്കുകയാണ് .
വിച്ചു കല്യാണത്തിന് സമ്മതിച്ചു. ആ കുട്ടിയെ മറ്റെന്നാൾ പോയി കാണാനാ, വിന്ദുജയുടെ പരിചയത്തിലുള്ള കുട്ടി ആണ്. വലിയ സാമ്പത്തികമൊന്നും ഉള്ളവരല്ലെന്ന് പറയുന്നത്. അങ്ങനെയുള്ള പെൺപിള്ളാരെ തന്നെയാ നല്ലത് അതാവുമ്പോൾ അടങ്ങി ഒതുങ്ങി നിന്നോളുമല്ലോ. നാളെ വൈകുന്നേരം പോയി കാണാൻ തീരുമാനമായി.
അമ്മയൊന്നു പോലും വിടാതെ വിശേഷങ്ങൾ ഒക്കെ അച്ഛനോട് പറയുന്നുണ്ട്. കേൾക്കാൻ വയ്യാത്തത് കൊണ്ട് നേരെ അകത്തേക്ക് കയറിപ്പോയി.
വിച്ചുവേട്ടനേ എനിക്ക് നഷ്ടപ്പെട്ട് തുടങ്ങുകയാണെന്ന് ഏറെക്കുറെ മനസ്സിലാക്കി. ഇനി ആ നഷ്ടത്തിനേ സഹിക്കാൻ മനസ്സിനെ പ്രാപ്തമാക്കുക മാത്രമാണ് മുൻപിലുള്ള ലക്ഷ്യം!
അന്ന് വൈകിട്ട് അനൂപേട്ടനും വിച്ചുവേട്ടനും കുറെ സമയം ടെറസിന് മുകളിൽ ഇരുന്നിരുന്നു. ഒരുപാട് വിശേഷങ്ങൾ പറയാനും കേൾക്കാനും ഉണ്ടായിരുന്നു രണ്ടുപേർക്കും .
വിദ്യയുടെ കല്യാണം കൂടി കഴിഞ്ഞാൽ കടമകൾ എല്ലാം തീർത്തു എന്ന് പറയാം. അതൊരു വലിയ സന്തോഷം തന്നെയാണ് അനു. ഇനി ഒരു വർഷം കൂടി. അതും കൂടി കഴിഞ്ഞ് എങ്ങനെയെങ്കിലും ജോലി നിർത്തി പോകണം. കയ്യിലുള്ള സമ്പാദ്യം വച്ച് എന്തെങ്കിലും ഒരു ചെറിയ ബിസിനസ്.
അല്ലെങ്കിൽ ഒരു കാർ എടുക്കണം ടാക്സി ഓടാല്ലോ. വയ്യ ഇനി അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെടാൻ .! ഇവിടെ വന്ന് അമ്മയോടൊപ്പം കൊതി തീരുന്ന വരെ അമ്മ ഉണ്ടാക്കി തരുന്ന ആഹാരവും കഴിച്ച്…. കൊതിയാടാ ഇപ്പോ അങ്ങനെ ഒക്കെ.
കുറച്ച് അകത്തേക്ക് ചെന്നപ്പോഴേക്കും സെന്റിമെന്റ്സിലേക്ക് മാറിയിരുന്നു വിഷ്ണു. ചിരിയോടെ അവന്റെ അരികിൽ തന്നെ ഇരിക്കുകയാണ് അനൂപ്.
കല്യാണം കഴിയുന്നതോടെ ജീവിതം വേറൊരു ലെവലാഡാ. നിന്റെ ഒറ്റപ്പെടൽ മാറും. കാത്തിരിക്കാൻ ഒരാളുണ്ടെങ്കിൽ അതൊരു പ്രത്യേക സുഖാ, കഴിഞ്ഞദിവസം അമ്മ എന്നോട് ചോദിച്ചു നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് .
എന്റെ മനസ്സിൽ ആരാടാ. ആകപ്പാടെ കേറി കൂടിയ ഒരു ഉണ്ടക്കണ്ണി പെണ്ണുണ്ടായിരുന്നു. അവളെ കല്യാണം കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞത് നീ കണ്ടതല്ലേ.? അത്ര ഹൃദയം കൊടുത്ത് ഞാൻ വേറെ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ.? കല്യാണത്തിന് തലേന്ന് വിളിച്ചു ചോദിച്ചു വിഷുണുവിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന്. അങ്ങ് ഗൾഫിൽ ഇരിക്കുന്ന ഞാൻ എന്ത് ചെയ്യാനാണ്.? അത് പറഞ്ഞപ്പോൾ മാത്രം അവന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞത് പോലെ തോന്നി.
❤️

by