17/04/2026

അച്ചുവേട്ടനും ഞാനും : ഭാഗം 05

രചന – രോഹിണി ആമി

വൈകുന്നേരം ശിവ അച്ചുവിനെയും കൂട്ടി അമ്പലത്തിൽ പോയി……

ശിവന്റെ നടയിൽ നിൽക്കുമ്പോൾ ശിവക്ക് ഒന്നേ പ്രാര്ഥിക്കാനുണ്ടായിരുന്നുള്ളു……. അച്ചുവേട്ടനെ ഇങ്ങ് തരണെന്ന്…….. സ്വന്തമായി……. എന്നോട് പോകരുത് ന്ന് പറയണെന്ന്…….. അച്ചുവേട്ടന്റെ നേർക്ക് ചന്ദനം നീട്ടി…… എന്നെയൊന്നു നോക്കിയിട്ട് ചെറുതായിട് വിരലിൽ എടുത്തു ചന്ദനം തൊട്ടു……

പോകുമ്പോളോ തിരിച്ചു വരുമ്പോളോ അച്ചു ഒരക്ഷരം ശിവയോട് മിണ്ടിയില്ല….. രാത്രിയിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു……

അച്ചുവേട്ടാ…….

മ്മ്…….

ഞാൻ പോയല്ലോന്നോർത്തു ഇനിയും പഴയ പടി ആകുവോ…….. ഞാൻ നട്ടതൊക്കെ കരിച്ചു കളയരുത് ……. വെള്ളം കൊടുക്കണം അതുങ്ങൾക്ക്…….

എന്നുവരും……. വരുവോ ഇനി……

അറിയില്ല……. കുടി കുറക്കണം………പിന്നെ….. പിന്നെ…….. ഒന്നുമില്ല…….

ശിവ എണീറ്റു പോയി…….. അച്ചുവിന് മനസ്സിലായി ശിവയിലേക്കുള്ള ദൂരം കൂടുതലാണെന്ന്………

ഒരുപക്ഷേ ശിവയോട് തന്നെ വിട്ടു പോകാതിരുന്നു കൂടെയെന്ന് ചോദിച്ചാൽ അവൾ എന്തു വിചാരിക്കും…..

ആരുമില്ലാതായപ്പോൾ കൂട്ടിന് വിളിക്കുവാണെന്നോ…….

പെട്ടെന്ന് ഈ ഇഷ്ടം എവിടെനിന്നും വന്നുവെന്നു ചോദിച്ചാൽ……….

നല്ല രീതിയിലുള്ള സാലറി കിട്ടുന്നുണ്ട് അവൾക്ക്……. അതെല്ലാം കളഞ്ഞു ഈ ഗ്രാമത്തിൽ അതും ഒരു കൃഷിക്കാരന്റെ കൂടെ വെറുതെ കളയണോ അവളുടെ ജീവിതം……

വേണ്ട…… അമ്മ പോയതിനു ശേഷം തനിച്ചായിരുന്നില്ലേ……. അതുപോലെ മതി ഇനിയങ്ങോട്ടും……. പഴയ പടി ആവാതെ നോക്കിയാൽ പോരെ……… കുടി നിർത്തണം….. ഇത്രയും ദിവസം ശിവ കൂടെയുള്ള ഓർമ്മകൾ ഉണ്ട് …….. അതുവച്ചു ജീവിക്കും…..

അമ്മ പറഞ്ഞത് നേരാണ്……അവളെ മനസ്സിലാക്കുമ്പോൾ നീ തനിയെ സ്നേഹിച്ചു തുടങ്ങുമെന്ന്………. പക്ഷേ……. ജീവിതം ഒരുപാട് ദൂരം പോയിരിക്കുന്നു…… തിരിച്ചു പിടിക്കാൻ പറ്റാത്ത അത്രയും ദൂരത്തു…….

ശിവക്ക് പോകാതിരുന്നുകൂടെ…….. തന്നെ തനിച്ചാക്കി പോകാൻ അവൾക്കെങ്ങനെ തോന്നുന്നു…….

ഞാനെന്തൊരു മണ്ടനാ…. ഓടിച്ചു വിട്ടതേ ഞാനാണ്…… എന്നിട്ടിപ്പോൾ കൂടെ നിൽക്കണമെന്ന് പോലും….. കൂടെ നിന്നപ്പോൾ സ്നേഹിച്ചിട്ടുമില്ല……. വെറുപ്പായിരുന്നു…..

വേണ്ട ….. അവൾ പോകട്ടെ…… അച്ചു ഉറച്ചൊരു തീരുമാനം എടുത്തു……

ശിവയെ പോയി നോക്കി…… ഉറങ്ങിയിരിക്കുന്നു……. പാവം എന്നെ നേരെയാക്കിയെടുക്കാൻ കുറച്ചു പാടു പെട്ടു….. അവളോടുള്ള ഇഷ്ടം അച്ചുവിന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നു……. നിനക്ക് വേണ്ടത് ഡിവോഴ്സ് ആണെങ്കിൽ അതു തരാനും ഞാൻ തയ്യാറാണ് ശിവാ…….പക്ഷേ നിന്നോട് എന്നെ ഉപേക്ഷിച്ചു പോകരുതെന്ന് പറയാൻ ആവുന്നില്ല എനിക്ക്……… അതിനും മാത്രം ബന്ധം നമ്മൾ തമ്മിൽ ഉണ്ടായിട്ടില്ല…… എന്നോട് ക്ഷമിക്കൂ……. അച്ചു റൂമിൽ നിന്നും ഇറങ്ങി പോയി കിടന്നു……

രാവിലെ എണീറ്റു ശിവ……. ചായ ഉണ്ടാക്കി അച്ചുവിനു കൊടുക്കാൻ മുറിയിൽ പോയപ്പോൾ ശിവ കണ്ടു കണ്ണു തുറന്നു എന്തോ ആലോചിച്ചിരിക്കുന്ന അച്ചുവിനെ…..

രാവിലെ എന്താ ആലോചന അച്ചുവേട്ടാ……

ഒന്നുമില്ല…… അവൾ കൊടുത്ത ചായ വാങ്ങി പറഞ്ഞു….

ഞാൻ പൊക്കോട്ടെ അച്ചുവേട്ടാ……

മ്മ്……

കൊണ്ടുവിടുവോ……. ബസ് സ്റ്റോപ്പ്‌ വരെയെങ്കിലും……..

മ്മ്……

ശിവയുടെ കണ്ണു നിറഞ്ഞൊഴുകി…. അവസാന പിടിവള്ളി പോലെ ഒന്നു ചോദിച്ചു നോക്കിയതാ…….നിനക്ക് പോകണോ ശിവാ … എന്നെങ്കിലും ചോദിക്കുമെന്ന് വിശ്വസിച്ചു….. അതുമുണ്ടായില്ല……..

ഇനിയും ചോദിച്ചു നാണംകെടാൻ ആവില്ല….. എത്രയെന്നുവച്ചാ കേഴുന്നത്…….എത്ര കാലം ഞാൻ സ്നേഹം ഇരന്നു വാങ്ങും……. അങ്ങനെ വാങ്ങിയാലും ജീവിതകാലം മുഴുവൻ ഞാൻ ഇരക്കേണ്ടി വരില്ലേ….. എനിക്ക് അഭിമാനത്തോടെ ജീവിക്കണം…… ശിവജ അശ്വിൻ ആയിട്ട്…… അതിനു അച്ചുവേട്ടൻ തന്നെ എന്നെ വിളിക്കണം……. അല്ലാതെ ഇനി വരില്ല ഞാൻ……. ശിവ കണ്ണു തുടച്ചു……

എന്നാലും അച്ചുവേട്ടാ….. എന്റെ സ്നേഹത്തിന് ഒരു വിലയുമില്ലേ……ഇത്രയും ദിവസം കൂടെ നിന്നിട്ടും എന്നെ മനസ്സിലായില്ലേ………… എന്തിനു വേണ്ടിയാണെങ്കിലും ഞാൻ തേടി വന്നില്ലേ…. എന്നിട്ടും…….. ശിവയുടെ ഉള്ളിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ ഉയർന്നു……

ശിവ എല്ലാം പാക്ക് ചെയ്തു……അമ്മയുടെ അടുത്തു പോയി…….. അപ്പോഴേക്കും അച്ചു റെഡി ആയി വന്നു…….. ബൈക്കിൽ ഇരിക്കുമ്പോളും ശിവക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…… തിരിച്ചു വരുമ്പോൾ തന്നെയും കൂടെ കൊണ്ടുവരും എന്ന്…… പറഞ്ഞുവിടില്ലന്നു…..

ബസ്സിൽ കയറിയിരിക്കുമ്പോളും ശിവയുടെ നോട്ടം അച്ചുവിന്റെ കണ്ണുകളിലേക്കായിരുന്നു……….

ഒന്നു തിരിച്ചു വിളിക്ക് അച്ചുവേട്ടാ……. പോകാൻ മനസ്സു തോന്നുന്നില്ല…….

പണ്ടത്തെ പോലെ കൊണ്ടുവിട്ടിട്ട് ഓടിപ്പോയില്ല അച്ചു…….. ബൈക്കിൽ ചാരി നിൽപ്പുണ്ട്…… ശിവയെ നോക്കാതെ…….. ബസ് സ്റ്റാർട്ട്‌ ചെയ്തു……

അച്ചു ഒന്നു ഞെട്ടി ശിവയെ നോക്കി……. അവൾ തന്നെത്തന്നെ നോക്കിയിരിക്കുകയാണ്……

ഇറങ്ങി വാ ശിവാ……. പോകുന്നില്ലന്നു പറ…. അച്ചു മനസ്സിൽ പറഞ്ഞു……

ബസ്സിന്റെ ഡോറടഞ്ഞു……. പതിയെ നീങ്ങിത്തുടങ്ങി…… അച്ചുവിന്റെ നെഞ്ച് ശക്തിയിൽ മിടിക്കാൻ തുടങ്ങി….. ശിവ കൈ വീശിക്കാണിച്ചു….. അച്ചുവിനു കൈ ഒന്നു പൊക്കാൻ കൂടി ശക്തിയില്ലാതായി……. ചങ്കിൽ നിന്നും എന്തോ പറിച്ചെടുത്തു കൊണ്ടുപോകുന്നതു പോലെ…….. ബസ് കണ്ണിൽ നിന്നും മറയുംവരെ അച്ചു നോക്കിനിന്നു…….

പതിയെ ബൈക്കിൽ കയറി തിരിച്ചു പോന്നു….. ഇടയ്ക്കു ശിവ പിറകിൽ ഉണ്ടോന്നു പോലും അച്ചുവിനു തോന്നിപ്പോയി…..

ശിവ സീറ്റിൽ ചാരിയിരുന്നു…… എന്തായിരുന്നു അച്ചുവേട്ടന്റെ മനസ്സിൽ…… ആ കണ്ണുകളിൽ തന്നോട് എന്തോ പറയാനുണ്ടായിരുന്ന പോലെ…… ഒന്നു വിളിച്ചുകൂടായിരുന്നോ എന്നെ…… അച്ചുവേട്ടനു വേണ്ടി എങ്ങനെ മാറാനും ഈ ശിവ തയ്യാറായിരുന്നു…..

അച്ചുവേട്ടനു വേണ്ടത് ഒരു നാടൻ പെൺകുട്ടിയാണ്….. തന്നെ ഒരുവിധത്തിലും ഉൾകൊള്ളാൻ പറ്റില്ലായിരിക്കും…… അല്ലെങ്കിൽ എപ്പോഴെങ്കിലും ഒന്നു പിടിച്ച് നിർത്തിയേനെ…..

ഡിവോഴ്സിന് തയ്യാറാണെന്നല്ലേ പറഞ്ഞത്…….. എപ്പോൾ വേണമെന്നു പറഞ്ഞാൽ മതിയത്രെ…….. അപ്പോൾ അച്ചുവേട്ടൻ ആഗ്രഹിക്കുന്നതും പിരിയാനാവില്ലെ……. ശിവയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി……

വീട്ടിൽ തിരിച്ചെത്തിയ അച്ചുവിനു ആകെയൊരു ശൂന്യത തോന്നി…… എല്ലായിടത്തും ശിവ നിറഞ്ഞു നിൽക്കുന്നു….. ഒന്നുറക്കെ കരയാൻ തോന്നി അച്ചുവിനു….. തലയിണയിൽ മുഖമമർത്തി കരഞ്ഞു….. ഇപ്പോൾ അമ്മയുണ്ടായിരുന്നെങ്കിൽ എന്നോർത്തുപോയി അച്ചു……

മനസ്സിന്റെ വിഷമം മാറിയപ്പോൾ എണീറ്റു മുഖം കഴുകി….. മുഖം തുടച്ചു കണ്ണാടിയിൽ നോക്കിയപ്പോൾ അച്ചുവിന്റെ മുഖം തെളിഞ്ഞു….. കണ്ണാടിയിൽ ഇങ്ങനെ എഴുതിയിരുന്നു…….

ഇതാണ് എന്റെ നമ്പർ…….. ഇടക്കൊക്കെ വിളിക്കുവോ….. എന്റെ ശബ്ദം അച്ചുവേട്ടനു അരോചകമല്ലെങ്കിൽ…….

അച്ചു ചിരിച്ചു കൊണ്ടു പോയി ഫ്രിഡ്ജിൽ നിന്നും വെള്ളം എടുക്കാൻ തുറക്കവേ അതിലും ഇങ്ങനെ എഴുതി വച്ചിരിക്കുന്നു…..

വെള്ളം ധാരാളം കുടിച്ചോളൂ……… പക്ഷേ മദ്യത്തിൽ ഒഴിച്ചു മാത്രം കുടിക്കരുത്…. പ്ലീസ് അച്ചുവേട്ടാ…….

അച്ചു വീടു മുഴുവൻ നോക്കി….. ഇനിയും ശിവയുടെ കൈപ്പട എവിടെങ്കിലും ഉണ്ടോന്നറിയാൻ…… കാണാൻ സാധിച്ചില്ല……

അവൾ പോയെങ്കിലും അവളെ ഓരോ ദിവസവും ഓർക്കാൻ വേണ്ടി…. അച്ചു അതൊന്നും മായിക്കാനോ പേപ്പർ എടുത്തു മാറ്റാനോ പോയില്ല……

അവൾ നട്ട ഓരോ ചെടിയും പച്ചക്കറിയും അച്ചു ഒരു കുഞ്ഞിനെയെന്നപോലെ പരിപാലിച്ചു…… പകലൊക്കെ കൃഷി യും കാര്യങ്ങളുമായിട്ട് പോയെങ്കിലും നേരം ഇരുട്ടുന്നതിനനുസരിച്ചു അച്ചുവിന്റെ മനസ്സും ഇരുട്ടിത്തുടങ്ങും……… തനിച്ചാണെന്നുള്ള തോന്നൽ മനസ്സിൽ വ്യാപിക്കും ……

ഇപ്പോൾ കുപ്പി എടുക്കുമ്പോൾ ശിവയുടെ മുഖം മനസ്സിലേക്ക് വരും…… കുടിക്കല്ലേ അച്ചുവേട്ടാന്ന് ദയനീയമായി പറയും പോലെ………… കുപ്പി അതേപടി തിരിച്ചു വെക്കും…….

അവളുടെ ഓർമകളിൽ ദിവസങ്ങൾ തള്ളിനീക്കി…….. എന്നും വിളിക്കാൻ മൊബൈൽ എടുക്കും പക്ഷേ…… എന്തു പറയാൻ അവളോട്‌……. അവൾക്ക് ഇങ്ങോട്ടും വിളിക്കാല്ലോ…….

രാവിലെ കട്ടൻ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരോട്ടോ വന്നു നിന്നത്…….ഓട്ടോയിൽ നിന്നിറങ്ങിയ ആളെ കണ്ടതും അച്ചുവിന്റെ മുഖം പൂത്തിരി കത്തിച്ചത് പോലെ തെളിഞ്ഞു…………

അമ്മാവൻ……….

അമ്മാവൻ പൈസ കൊടുത്തു ഓട്ടോ തിരിച്ചയക്കുമ്പോളേക്കും അച്ചുവിന്റെ മുഖം മങ്ങിയിരുന്നു…….. കൂടെ ശിവ ഉണ്ടാവുമെന്നാണ് കരുതിയത്……. ഇല്ല……

അമ്മാവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി അകത്തേക്കു കൂട്ടിക്കൊണ്ടുപോയി അച്ചു……
വിശേഷങ്ങൾ പറയുന്നതിന്റെ കൂടെ ശിവയുടെ കാര്യം ചോദിക്കണമെന്നുണ്ടായിരുന്നു അച്ചുവിന്…… സ്വയം നിയന്ത്രിച്ചു…….

അമ്മാവൻ ഇവിടെ എത്തിയെന്നു ശിവയോട് പറയുമ്പോളും അച്ചു കാതോർത്തു തന്റെ കാര്യം എന്തെങ്കിലും ചോദിക്കുമെന്ന്…….. ഉണ്ടായില്ല…..

ഇനി അമ്മാവൻ വന്നത് ഡിവോഴ്സിന്റെ കാര്യം പറയാനാവുമോ……. അച്ചുവിന്റെ നെഞ്ചൊന്നു പിടഞ്ഞു…….. അല്ലെങ്കിൽ തനിയെ വന്നതെന്തിനാവും……. അതാവില്ലേ ശിവയെ കൂട്ടാഞ്ഞതും……. ഓരോന്നാലോചിച്ചു അച്ചുവിന്റെ മനസ്സമാധാനം മുഴുവൻ പോയി….

ശിവയെ താൻ അവഗണിച്ചപ്പോൾ അവൾക്കുണ്ടായ വേദന …… അതല്ലേ താനിപ്പോൾ അനുഭവിക്കുന്നത്…….

ബാക്കി പിറകെ………