രചന – നിസ്സർ
വനിതാപോലീസ്.
ഇന്നെന്റെ ആദ്യരാത്രിയാണ്. മനസ്സിൽ ആകെയൊരുവെപ്രാളം.അച്ഛനോട് ആവുന്നതും പറഞ്ഞു നോക്കിയതാണ് ഈ ബന്ധം നമുക്ക് വേണ്ടെന്ന്. കാക്കിയോട് എന്താന്നു അറിയില്ല പണ്ടേ വെറുപ്പാണ്.കാക്കിയിട്ടആരെ കണ്ടാലും ഭയമാണ് . അപ്പോഴാണ് വനിതാ പോലീസിന്റെ ഭർത്താവ് ആവുക എന്നത് .
ആലോചിക്കാൻ പോലും പേടി തോന്നി.പണ്ട് കോളേജിൽ സമരത്തിന്റെ ഇടയിൽ അറിയാതെ കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ഓർമ്മയിൽ ഉണ്ട് .കുറെ പെണ്ണ് കണ്ടു ജാതകം ചേരില്ല എന്ന കാരണത്താൽ എല്ലാംമുടങ്ങി.അപ്പോഴാണ് ഈ ആലോചനയുമായി മൂന്നാൻ വന്നത്.
ശുദ്ധജാതകം.പത്തിൽ പത്തു പൊരുത്തം.പെണ്ണിന്റെ വീട്ടുകാർ നോക്കിച്ചത്രെ. കുട്ടിക്ക് സർക്കാർ ജോലിയും ഉണ്ട് .
“എന്താ ജോലി..?”നഖം കടിച്ചു കൊണ്ടു ചോദിച്ചു.”വനിതാപോലീസ് ആണ്..”മൂന്നാൻ അഭിമാനത്തോടെ പറഞ്ഞു.”പോ… പോ ..പോലീസോ…?”അറിയാതെ പിന്നെ യുംചോദിച്ചു..” പോ.. പോ പോലീസല്ല..വനിതാ പോലീസ്..”
മൂന്നാൻ ചുറ്റിനും നോക്കി കൊണ്ടു പറഞ്ഞു..അവന്റെ നെഞ്ചു ചവിട്ടി കലക്കൻ തോന്നി.
“അയ്യേ… ! വനിതാ പൊലീസോ. ..എനിക്കൊന്നും വേണ്ട..ഓഡ്രോ.. കണ്ടം വഴി..”പതിയെ എഴുന്നേറ്റു അകത്തേക്ക് നടന്നു.അകത്തു നിന്നു അച്ഛൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.”ഡോ.. ഇതു തന്നെ മതി .ഇവിടെ സമ്മതമാണെന്നു താൻ ചെന്നു പറഞ്ഞേക്കു..”
അച്ഛന്റെ ആ ആക്ജ്ഞകേട്ടു ഞാൻ ഞെട്ടി. മൂന്നാൻ ചിരിച്ചു.”അച്ഛാ.. ഇതു ശരിയാവില്ല.. പെണ്ണ് വനിതാ പോലീസ് ആണ്..”പ്രതിഷേധം ശക്തമായ്‌അറിയിച്ചു.
“അതിനെന്താ..?അവൾ പെണ്ണായതിനു ശേഷമാണ് പോലീസ് ആയത്..മരിക്കുന്നതിന് മുൻപ് ഞങ്ങൾക്ക് പേരകുട്ടികളെകാണണംഎന്നുണ്ട് …അതു കൊണ്ടു ഇതുതന്നെ മതി..” തീരുമാനത്തിൽ അവസാന ആണിയും അടിച്ചുഅച്ഛൻ അകത്തേക്ക് പോയ്.
അറിഞ്ഞു വന്ന കൂട്ടുകാർ കളിയാക്കി ..’നിനക്കു അങ്ങിനെ തന്നെ വേണ’മെന്ന് ശപിച്ചു.ചിലർ താടിക്ക് കൈ കൊടുത്തു ദയനീയമായ് എന്നെ നോക്കി..മുറിയിൽ കാൽപ്പെരുമാറ്റം കേട്ടു .ആദ്യരാത്രിയുടെ പതിവ് തെറ്റാതെ ഒരു ഗ്ലാസ് പാലുമായി അവൾ വന്നു.ആഭരണങ്ങൾഒന്നും അഴിച്ചിട്ടില്ല. മുല്ലപ്പൂവിന്റെ വാസന ഇപ്പോഴും അവളിൽ നിന്നും ഉയരുന്നുണ്ട്.
എന്താണ് ഇവളോട് പറയേണ്ടത് .?
ഇവൾ എങ്ങിനെയാവും പ്രതികരിക്കുക..?
മനസ്സ് അസ്വസ്ഥമായിരുന്നു.”ചേട്ടാ,.. പാൽ”ഏതോ ഗുഹയിൽ നിന്നും പുറത്തുവരുന്ന പോലെ തോന്നി ആ ശബ്ദം.
മൗനം ഭേദിച്ചതു അവളായിരുന്നു.”പാല് വേണ്ട.. കട്ടൻ കാപ്പിമതി”
അങ്ങിനെ പറയാനാണ് തോന്നിയത്.”അതെന്താ.. പാല് കുടിച്ചാൽ.പിരിയും അല്ലെ..?” അവൾ പൂരിപ്പിച്ചു..ഒരു ധൈര്യത്തിന് സുഹൃത്ത് അപ്പു രഹസ്യമായി തന്ന വോഡ്ക്കായുടെ വീര്യം ശടെന്ന് ..ഇറങ്ങിപ്പോയപോലെ തോന്നി.എന്നാലും ഇത് ഇവൾ ഇതെങ്ങിനെ അറിഞ്ഞു..?ഇനി പെറ്റിയടിക്കുമോ എന്ന് ഭയന്നു
വേഗം പാൽ വാങ്ങി വായിലേക്ക് കമഴ്‌ത്തി.
ഒരു ഏമ്പക്കവും വിട്ടു.ഗ്ലാസ്അവളുടെ കയ്യിൽ കൊടുത്തു.’സന്തോഷമായില്ലേ..?’എന്ന ഭാവത്തിൽ അവളെ നോക്കി.
കടന്നൽ കുത്തിയപോലെയുള്ള അവളുടെ മുഖം കണ്ട് ഭയം തോന്നി.
“ഇതെന്നാ പണിയാ ചേട്ടൻ കാട്ടിയെ ..?
അതുമുഴുവൻ കുടിച്ചു തീർത്തോ..അപ്പോൾ എനിക്കില്ലേ..?”
അവളുടെ പരിഭവസ്വരം.”അയ്യോ.. സോറി അതു മറന്നു..ഇനി എന്നാ ചെയ്യും..?”
അവളോടൊപ്പം ആ ദുഃഖത്തിൽ പങ്കുചേർന്നു.ഇത്രനേരം നിൽക്കുകയായിരുന്ന അവൾ നാണിച്ചു കട്ടിലിലേക്ക് ഇരുന്നു.കട്ടിലിന്റെ സൈഡിൽ ഇരുന്നതിനാൽ പെട്ടെന്ന് സ്ലിപ്പ് ആയി. ചന്തിയും തല്ലി ഒരു ശബ്ദത്തോടെ.അതാ താഴെ..!പുതിയ ബെഡ്ഡിന്റെപ്ലാസ്റ്റിക് കവർമാറ്റിയിരുന്നില്ല.
എന്റെ പൊട്ടിച്ചിരികേട്ടു കല്യാണ വീട് മുഴുവൻ സ്തംഭിച്ചു.ഇനിയും അഴിക്കാത്ത പാചകപ്പുരയിൽ കിടന്നിരുന്ന തള്ളപൂച്ച കുഞ്ഞുങ്ങളെയും കൊണ്ടു എങ്ങോട്ടെന്നില്ലാതെഓടി.
അപ്പുറത്തെ മുറിയിൽ നിന്നും ‘പതുക്കെ ചിരിയെടാ ..’എന്നതാക്കീതോടെ അച്ഛന്റെ ചുമകേട്ടു..എന്റെ ചിരി കണ്ട് അവൾ പതിയെ എഴുന്നേറ്റു.അവളുടെ മുഖത്ത് നോക്കിയപ്പോൾ ചിരിപിടിച്ചു കെട്ടിയപോലെ നിന്നു.കട്ടിലിൽ ഒന്നു കൈ ഓടിച്ചു ഉറപ്പു വരുത്തിയിട്ടു
അവൾ നന്നായി ഇരുന്നു. ആ ഇരുപ്പിൽ എവിടെ യോക്കെയോ വേദനിക്കുന്നുണ്ട് എന്നു ആ മുഖത്തെ ഭാവം തുറന്നുകാട്ടി..
പതിയെകട്ടിലിലേക്ക് വെറുതെ കിടന്നു.
ഇനി എന്തു..?എങ്ങിനെ തുടങ്ങും ..?
അവളുടെ കാൽ പാദങ്ങളിൽ അറിയാതെ സ്പർശിച്ചഎന്റെ കൈകളെ പിൻവലിച്ചില്ല.ആ കൈകൾ മനോഹരമായ ആ പാദങ്ങളെമെല്ലെ തഴുകി.അവളെ വികാരപരവശയാക്കുകഎന്നഗൂഢ ലക്ഷ്യത്തോടെ നന്നായി തഴുകികൊണ്ടിരുന്നു.പെട്ടെന്ന് എന്തോ ശബ്ദം കേട്ടു തലയുയർത്തി അവളെ നോക്കിയപ്പോൾ കണ്ടകാഴ്ച്ച ..!!
ഇരുന്നു കൊണ്ടു കൂർക്കം വലിച്ചുറങ്ങുന്നഅവളെ കണ്ടു ഞെട്ടി.
മുട്ടുകാലുകളിൽ കൈകൾ താങ്ങിവെച്ചിരുന്നതിനാൽ കൈ വിരലുകൾ കൃത്യം എന്റെ വായുടെ മുകളിൽ കിടന്നു മെല്ലെ ചലിച്ചു കൊണ്ടിരുന്നു.പെട്ടെന്ന് തോന്നിയആവേശത്താൽ
ആ വിരലുകളിലൊന്നിൽ മൃദുവായ് കടിച്ചു.”അയ്യോ…”
ഒരു നിലവിളി .കട്ടിലിൽനിന്നും വനിതാ പോലീസ് ചാടിഎഴുന്നേറ്റു.എന്റെപരുങ്ങൽ കാണാതെ ,” ചേട്ടാ.. എന്നെ എന്തോ കടിച്ചു..”അവൾ കൈ കുടഞ്ഞു.
അപ്പുറത്ത് നിന്നും അച്ഛന്റെ ചുമ പിന്നെയുംഉയർന്നു…അച്ഛൻ തെറ്റിദ്ധരിച്ചോ ആവോ .!പിറ്റേന്ന് രാവിലെ ഒരു ചമ്മലോടെയാണ്
പുറത്തു വന്നത് .”എടാ.. അവൾ നല്ല തങ്കം പോലൊരുകുട്ടിയാ ടാ..”അമ്മ ചായയുമായ് വന്നു.”ങ്ങേ.. അമ്മ ഉരച്ചുനോക്കിയോ..?”
പോടാ ഒന്നു..! ആ കുട്ടി രാവിലെ തന്നെഎഴുന്നേറ്റു മുറ്റമടിച്ചു ,കുളിച്ചു ചായയുമായി വന്നു ഞങ്ങളെ വിളിച്ചു.. അതു കണ്ടു എന്റെ കണ്ണു നിറഞ്ഞു പോയെടാ..!”അപ്പോൾ അതാണ് കാര്യം..
“എന്നിട്ടു അവൾ എവിടെ..?”.”അവൾരാവിലെ ഡ്യൂട്ടിക്ക് പോയി..”നിസാരമായി പറഞ്ഞു കൊണ്ട് അമ്മ അകത്തേക്ക് പോയി.അവൾ പറയാതെ ഡ്യൂട്ടിക്ക് പോയതിന്റെ വാശിയിൽ കൂട്ടുകാരുമായി ബൈക്കിൽ ടൗണിലെ ബാറിൽ പോയിനന്നായി മിനുങ്ങി.തിരിച്ചു വരുന്നവഴി അതാ മുന്നിൽ പോലീസ്ചെക്കിംങ്
കൂട്ടുകാർ ബൈക്ക് തിരിച്ചു രക്ഷപെട്ടിരുന്നു.മുന്നിൽ ആയിരുന്നതിനാൽ
ബൈക്ക് തിരിക്കാൻസമയം കിട്ടിയില്ല.
പോലീസുകാരുടെമുന്നിൽനിന്നും വിയർത്തു.”ബുക്കും പേപ്പറും എടുക്കൂ..”
ജനമൈത്രിപോലീസ് ആണെന്ന് തോന്നുന്നു.സൗമ്യമായ സംസാരം.”മദ്യപിച്ചിട്ടുണ്ടോ. ? “കണ്ണടച്ചു കാട്ടി.ശകലം അല്ലെ ?
ബിയർ ,അതും രാവിലെ..”ഒന്നും അങ്ങോട്ടു പറയേണ്ടി വന്നില്ല പറയാൻ ഉറച്ചത് മുഴുവൻ അവർ ഇങ്ങോട്ടു പറഞ്ഞു..Si മറ്റൊന്നും പറയാതെ “ഇവനെ ജീപ്പിലേക്കു കയറ്റിക്കോ..”ഇതു മാത്രം പറഞ്ഞു.
ജീപ്പിന്റെ പിന്നിൽ കയറി ..ഒരു പോലീസുകാരൻ തന്റെ ബൈക്കുമായി പിന്നാലെയുണ്ടായിരുന്നു.
ഇരമ്പലോടെ കേൾക്കുന്ന വയർലെസ് സന്ദേശങ്ങൾ ..പോലീസുകാരുടെ കമന്റുകൾ.” സാർ,ദാ വരുന്നവൻ വെള്ളമാണ് എന്നു തോന്നുന്നു..” ബൈക്കിൽ എതിർ ദിശയിൽ നിന്നും വരുന്നവരെ കാണുമ്പോൾ ഇടയ്ക്കിടെ ജീപ്പിന്റെ ഡ്രൈവർ
വലിയ CID യുടെ ഭാവത്തിൽ പറഞ്ഞു കൊണ്ടിരുന്നു..” കണ്ടാൽ അറിയില്ലെ
പണിയും കഴിഞ്ഞു വരുന്നവരാ പൊയ്‌ക്കോട്ടെ,.പാവങ്ങൾ.”
Si പുറത്തേക്ക് നോക്കി പറഞ്ഞു കൊണ്ടിരുന്നു.
നേരെ ഹോസ്‌പിറ്റൽഎത്തി .പീഡനവീരനെ നോക്കുന്ന പോലെ ആളുകൾ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ഒരു ലേഡി ഡോക്ടർ ആയിരുന്നു .പരിശോധന ക്കു വന്നത്.
ഒരു പേപ്പറും ,പേനയും തന്നിട്ട് അഡ്രസ്സ് എഴുതാൻ പറഞ്ഞു..ഇത്രേയുള്ളൂ കാര്യം..?ഇപ്പോ ശരിയാക്കിത്തരാം.
മനസ്സു ഏകാഗ്രമാക്കി അഡ്രസ്സ് എഴുതി.പക്ഷെ,
എത്ര ശ്രമിച്ചിട്ടും കൈയക്ഷരം ശരിയാവുന്നില്ല.
പേനയിൽ ബലമായി പിടിച്ചു എഴുതാൻ നോക്കി.
രക്ഷയില്ല..! അവിടെയും നിന്നു വിയർത്തു.
ഒരു വിധം എഴുതി കൊടുത്തു.
സ്റ്റേഷനിൽ എത്തി.
മൂലയ്ക്ക് ഒരു ബഞ്ച് കാട്ടി SI ,’അവിടെ പോയിരുന്നോ..’തിരിഞ്ഞു പൊലീസുകാരോട്
“ആരെങ്കിലും വന്നാൽ എഴുതി വാങ്ങി വിട്ടേക്കൂ..”
Si നടന്നു നീങ്ങി.
ജീവിതത്തിൽആദ്യമായിട്ടാണ് പൊലീസ് സ്റ്റേഷനന്റെ അകത്തു കയറുന്നത്. അപമാനഭാരത്താൽ തലകുനിച്ചിരുന്നു.
പെട്ടെന്നാണ് അടുത്തു വരുന്ന ബൂട്ടിന്റെ ശബ്ദം
തലയുയർത്തി നോക്കി.
ഞെട്ടിപ്പോയി.താൻ താലി കെട്ടിയവൾ…!ഇവൾ ഈ സ്റ്റേഷനിൽ ആയിരുന്നോ..?
ചൂളിപ്പോയി..അവളുടെ മുഖത്തുയാതൊരു വിധ ഭാവവിത്യാസവും കണ്ടില്ല..
Si യുടെ മുറിയിൽ ഫയൽ കൊടുക്കാൻ പലവട്ടം തന്റെ മുന്നിലൂടെ അവൾ നടന്നിട്ടും .തന്നെ നോക്കുക പോലും ചെയ്തില്ല.
കൂട്ടുകാർ ആരെയോ കൂട്ടിയിട്ട് വന്നു .
സ്റ്റേഷന്റെ പടി ഇറങ്ങിയപ്പോൾ മനസ്സിൽ വിങ്ങലായിരുന്നു.
ഇവൾ എന്താ ഇങ്ങനെ..?
എല്ലാ പൊലീസുകാരെയുംപോലെ തന്നെ അവളും..അറിയാവുന്ന പോലീസ് രണ്ടടി കൂടുതൽ ഇടിക്കും പഴമൊഴി ഓർത്തു..അന്ന് പതിവിലും വൈകിയാണ് വീട്ടിൽ എത്തിയ ത്.
ഉറങ്ങാതെ അവൾ ഉമ്മറപ്പടിയിൽ ഉണ്ടായിരുന്നു.അവളെ ശ്രദ്ധിക്കാതെ നേരെ റൂമിൽ എത്തി.കട്ടിലിലേക്ക് വീഴുക ആയിരുന്നു..അവൾ അടുത്തു വന്നു എന്തെക്കെയോ പറയുന്നുണ്ടായിരുന്ന..
ഒന്നിനും മറുപടി കൊടുക്കാതെ ഉറങ്ങിയപോലെ അഭിനയിച്ചു..
ദിവസങ്ങൾ നീങ്ങി കൊണ്ടിരുന്നു.അവൾ എന്നോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ എല്ലാംഞാൻ അകന്നു മാറിക്കൊണ്ടിരുന്നു.ഒരു നാൾ അവൾക്കു ഡ്യൂട്ടിഇല്ലാതിരുന്ന ദിവസം.
അച്ഛന് പെട്ടെന്ന് നെഞ്ചു വേദനയുണ്ടായി.
വേഗം കാറിറക്കി .ഹോസ്പിറ്റലിൽ പോകുന്ന വഴിയിലെ ട്രാഫിക് ബ്ലോക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ചെന്നു വളരെ നിസ്സാരമായി ബ്ലോക്ക് മാറ്റുന്നതും.
ഹോസ്പിറ്റലിലെ ഡോക്ടറിന്റെ അഭാവം ശ്രദ്ധയിൽ പെട്ടപ്പോൾ ജീവനക്കാരോട് തട്ടികയറുന്നതും കണ്ടപ്പോൾ യൂണിഫോമിൽ അല്ലാതിരുന്നിട്ടു കൂടിയും പോലീസിന്റെ വില മനസ്സിലായി.
മദ്യപിച്ച് ആശുപത്രിയിൽ എത്തി പ്രശ്നം ഉണ്ടാക്കിയ ഒരുത്തനെ കൈകാര്യം ചെയ്യുന്നത്
കണ്ടപ്പോൾ കയ്യടിച്ച ആൾക്കൂട്ടത്തിന്റെ ഇടയിൽ താൻ ചെറുതായപോലെ തോന്നി.
അന്നത്തോടെ മദ്യപാനം നിർത്തിയതായി മനസാക്ഷിക്കു വാക്കുകൊടുത്തു.
അന്ന് രാത്രി അവളോട് പാലുമായ്‌വരുവാൻ നാണത്തോടെ
പറഞ്ഞപ്പോൾ അവൾ ഞെട്ടുന്നത് കണ്ടു..ചേർത്തു നിർത്തിയപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും കണ്ടു..അല്പം കഴിഞ്ഞ്
നാണത്തോടെ ചിരിച്ചു . രണ്ടു കൈ കൊണ്ടും തള്ളിമാറ്റിക്കൊണ്ട് മൊഴിഞ്ഞു..
“പാല് കൊണ്ട് വരുന്നത് ഇനി അഞ്ചാറുദിവസം കഴിഞ്ഞേനടക്കൂ ചേട്ടാ..”
” ആഹാ…അടിപൊളി..”
നിരാശയോടെ കട്ടിലിൽ ഇരുന്നു.
അപ്പോഴും അപ്പുറത്ത് നിന്നും അച്ഛന്റെ ചുമ ഉയർന്നു . ഇപ്പോൾ ഈ ചുമയുടെഅർത്ഥം എനിക്ക് നന്നായി മനസ്സിലായ്.”ആലിൻകാ പഴുത്തപ്പോൾ..
കാക്കയ്ക്കു വായിൽ പുണ്ണ്..”

by