19/04/2026

അച്ചുവേട്ടനും ഞാനും : അവസാന ഭാഗം

രചന – രോഹിണി ആമി

മ്മാവനെയും കൂട്ടി കൃഷിയൊക്കെ കാണിച്ചു കൊടുത്തു…….. ഇത് ശിവയാണ് നട്ടത്…… അതിന് വളം ഇട്ടത് അവളാണ് എന്നൊക്കെ പറയുമ്പോളും ഒന്നു മൂളി കേൾക്കുന്നതല്ലാതെ ഒന്നും അമ്മാവൻ തിരിച്ചു പറയുന്നില്ല….. എന്തെങ്കിലും അവളെക്കുറിച്ചു പറയുമെന്ന് വിചാരിച്ചു…… അതുണ്ടായില്ല……. വൈകിട്ട് കഞ്ഞി ഉണ്ടാക്കുമ്പോൾ അമ്മാവനും കൂടി……. കൂടെ നിൽക്കുമ്പോളും കഴിക്കുമ്പോളും അമ്മാവൻ ഒന്നും പറഞ്ഞില്ല….. വീട്ടിൽ വന്നയാളോട് എന്തിനാ വന്നതെന്ന് ചോദിക്കാൻ പാടില്ലല്ലോ……. കഴിച്ചു കഴിഞ്ഞു മുറ്റത്തുകൂടി നടക്കുവായിരുന്നു അമ്മാവൻ…….. അച്ചു പോയി പടിയിൽ ഇരുന്നു…. ഞാൻ വന്നതെന്തിനാണ് ന്ന് വിചാരിക്കുന്നുണ്ടാവും നീ അല്ലേ……. എന്നാൽ ഞാൻ വന്നതല്ല…….. നിർബന്ധിച്ചു പറഞ്ഞയച്ചതാണ് ശിവാ എന്നെ…… നിന്നെയോർത്തു ഭയങ്കര ടെൻഷൻ ആയിരുന്നു അവൾക്ക്……. നീയിവിടെ തനിച്ചാണ്……. നീ തനിച്ചായാൽ വീണ്ടും പഴയ പടി ആവുമെന്ന് പേടിയുണ്ട് അവൾക്ക്…… അപ്പോൾ അവിടെ ശിവക്ക് കൂട്ട് ആരുണ്ട്…… ആരുമില്ല……. ആ ഫ്ലാറ്റിൽ തനിച്ചാണ് അവൾ….. രാത്രിയിൽ കൂട്ടുകാർ ആരെയെങ്കിലും വന്നു നിന്നോളും എന്നാണ് ശിവ പറഞ്ഞത്……

കൂട്ടുകാരോ…… ആര്……. അച്ചു ചോദിച്ചപ്പോൾ കുറച്ചു ഒച്ച കൂടിപ്പോയൊന്ന് ഒരു സംശയം…. അമ്മാവൻ ചിരിച്ചോണ്ട് പറഞ്ഞു…… അവളുടെ കൂട്ടുകാരിൽ ആൺകുട്ടികൾ മാത്രമല്ല ഉള്ളത് മോനേ……. പെൺകുട്ടികളും ഉണ്ട്….. ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല അവരെ ഒരുമിച്ച്……. എനിക്കറിയാം ആ കുട്ടികളെ നന്നായിട്ടു…… എനിക്കൊരു അസ്വസ്ഥത തോന്നിയപ്പോൾ ഒരു ഫോൺ കാൾ മാത്രമേ വേണ്ടിവന്നുള്ളൂ….. ഞാൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആവും വരെ മാറി മാറി എനിക്ക് കൂട്ട് നിന്നു അവർ…….. കൂട്ടത്തിൽ കൂട്ടാൻ പറ്റിയവരെ അല്ലേ മോനേ കൂട്ടുകാർ എന്നു വിളിക്കുന്നത്……. നിനക്ക് അവരെ ആരെയും ഇഷ്ടമല്ലന്ന് ശിവ എന്നോട് പറഞ്ഞിട്ടുണ്ട്…….. അവരെല്ലാം അവൾക്ക് വെറും കൂട്ടുകാർ മാത്രമല്ല…… കൂടപ്പിറപ്പുകളും കൂടിയാണ്……. അവളെ ആ ഫ്ലാറ്റിൽ തനിച്ചാക്കി ഞാൻ ഇങ്ങോട്ട് വരണമെന്നുണ്ടെങ്കിൽ എനിക്കു ആ കുട്ടികളുടെ മേൽ അത്രയ്ക്ക് വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ്……

നിനക്കുവേണ്ടി കൂട്ടുകാരെയോ…. കൂട്ടുകാർക്കു വേണ്ടി നിന്നെയോ തള്ളിപ്പറയാൻ അവളെക്കൊണ്ടാവില്ല……. പാവമാ അവൾ….. നിങ്ങൾക്കിടയിലെ പ്രശ്നം എന്താന്ന് ഞാനിതു വരെ ചോദിച്ചിട്ടില്ല……. എന്നെങ്കിലും സ്വയം മനസ്സിലാക്കുമെന്ന് എനിക്കു തോന്നി….. ഇവിടെ നിന്നും തിരിച്ചു വന്നിട്ടു എന്റെ നെഞ്ചിൽ കിടന്നു പൊട്ടിക്കരഞ്ഞു ശിവാ…… നീയവളോട് ഒരിക്കൽ പോലും നിന്റെ കൂടെ നിൽക്കാൻ പറഞ്ഞില്ലാന്നു……. ഇപ്പോഴും അവളോട്‌ നിനക്ക് ദേഷ്യമാണെന്ന്…… അതല്ലേ ഡിവോഴ്സിന് നീ തയ്യാറായതെന്ന്….. ഒരുപാട് സ്നേഹിക്കുന്നുണ്ട് അച്ചു അവൾ നിന്നെ….. നിന്നെ കണ്ടു ഒന്നുകൂടി സംസാരിക്കാൻ വേണ്ടിയാണു ഡിവോഴ്സിന്റെ പേരും പറഞ്ഞു അവളിങ്ങോട്ടു വന്നത്…… ചോദിച്ചപ്പോൾ അവൾ പറഞ്ഞത്….. താഴുന്നതിന്റെ പരമാവധി അവൾ താണെന്നാണ്……. നീയവളെ എന്നിട്ടും മനസ്സിലാക്കുന്നില്ലന്ന്…… നിന്നെയും ഞാൻ കുറ്റം പറയില്ല…… ഞാൻ കണ്ടു ശിവ ഫോൺ ചെയ്തപ്പോളുള്ള നിന്റെ വെപ്രാളം…… നിന്റെ മനസ്സിലും അവളുണ്ട്….. ശിവയുടെ മനസ്സിൽ നീയുമുണ്ട്……. പിന്നെ ആരോടാ മക്കളെ നിങ്ങളീ വാശി കാണിക്കുന്നത്……..

ഇനി അമ്മാവന് അറിയാനുള്ളത് നിന്റെ മറുപടി ആണ്…… ശിവയെ നിന്റെ ജീവിതത്തിലേക്ക് കൂട്ടിക്കൂടെ….. എത്രനാളെന്നു വച്ചാ നിങ്ങൾ രണ്ടാളും ഇങ്ങനെ ഇഷ്ടം മനസ്സിൽ കൊണ്ടു നടക്കുന്നത്……. ആർക്കാണ് നഷ്ടം എന്ന് നിങ്ങൾ തന്നെ ചിന്തിക്കൂ……. എനിക്കു തോന്നിയിട്ടുണ്ട് ശിവയുടെ അമ്മയോട് ഞാൻ നീതി പുലർത്തിയിട്ടില്ലന്നു….. അവളില്ലാതെ ആയപ്പോഴാണ് പലതും എനിക്ക് മനസ്സിലായത്……. ഒരുപാട് താമസിച്ചു പോയിരുന്നു അപ്പോഴേക്കും….. അതൊക്കെ ഇപ്പോഴും ഒരു വിങ്ങലായിട്ടു കിടക്കുവാണ് നെഞ്ചിൽ……. നിങ്ങൾ ഒന്നു തുറന്നു സംസാരിക്ക് മക്കളെ….. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും…… അവളെപ്പറ്റി ഒന്നും നിന്നോട് പറയരുതെന്ന് പറഞ്ഞാണ് ഇങ്ങോട്ടു വിട്ടത്…… നീയും അവളെ സ്‌നേഹിക്കുന്നുണ്ടെന്ന് തോന്നി….. അതാ ഞാൻ പറഞ്ഞത്…….. അതുംപറഞ്ഞു അമ്മാവൻ അകത്തേക്കു പോയി…….. കുറച്ചു നേരം കൂടി അച്ചു മിറ്റത്തിരുന്നു….. തനിക്കുവേണ്ടി ഉണ്ടായിരുന്ന ഒരു കൂട്ടിനെ ഇങ്ങോട്ടു പറഞ്ഞയച്ചിട്ട് തനിച്ചിരിക്കുവാണ് അവൾ അവിടെ……… അച്ചുവിന് ശിവയെ കാണണമെന്ന് തോന്നി……

അച്ചു എഴുന്നേറ്റു അമ്മാവന്റെ മുറിയിലേക്ക് പോയി…….. ശിവക്ക് ആകെ തല പെരുത്തിട്ടു വയ്യായിരുന്നു…….. ഒരു ചായ കിട്ടിയിരുന്നെങ്കിൽ……… എന്നും ഈ നേരം വരുമ്പോൾ അച്ഛൻ ചായ ഉണ്ടാക്കി വെക്കുമായിരുന്നു…… ഇതിപ്പോൾ ഞാൻ തന്നെ ഉണ്ടാക്കി കുടിക്കണം…… കീ എടുത്തു ഡോർ തുറന്നു…… ബാഗ് എടുത്തെറിഞ്ഞു…… കുറച്ചു നേരം വെറുതെ കണ്ണടച്ചിരുന്നു…… തലവേദന കുറഞ്ഞപ്പോൾ എണീറ്റു റൂമിലേക്കു പോയി….. മുറിയിൽ ചെന്ന ശിവ ഞെട്ടി രണ്ടടി പിന്നോട്ടു വെച്ചു……. ആരോ ബെഡിൽ കിടക്കുന്നു…… കമഴ്ന്നു കിടക്കുന്നതിനാൽ മുഖം വ്യക്തമല്ല…… നല്ല ഉറക്കമാണ്……. അവൾ മുഖം കാണാൻ വേണ്ടി ഇപ്പുറത്തേക്ക് വന്നു…… കർട്ടൻ മാറ്റി……. വെട്ടം മുഖത്തേക്ക് അടിച്ചു……. അച്ചുവേട്ടൻ……… ശിവ കുറച്ചു നേരത്തേക്ക് ഒന്നനങ്ങാൻ കൂടി പറ്റാതെ നിന്നു……താൻ രാവിലെ ഊരിയിട്ട ഡ്രെസ്സിന്റെ മേലെയാണ് കിടപ്പ്….. കർട്ടൻ നേരെയിട്ടിട്ട് ശിവ റൂമിൽ നിന്നുമിറങ്ങി…….. നേരെ പോയി അച്ഛനെ വിളിച്ചു…….

അച്ഛനാണ് പറഞ്ഞത്…… അച്ചുവേട്ടനു എന്നെ കാണണമെന്ന് പറഞ്ഞു ന്ന് ……… അഡ്രസ്സും… ഫ്ലാറ്റിന്റെ കീയും കൊടുത്തുവിട്ടത് അച്ഛനാണ്ന്ന്……. കുഞ്ഞേട്ടന്റെ കൂടെ കൃഷി നനക്കുവാണത്രേ…… പിന്നെ വിളിക്കാമെന്നും പറഞ്ഞു വെച്ചു…… എന്തിനാ അച്ചുവേട്ടൻ എന്നെ കാണണമെന്ന് പറഞ്ഞത്…….. ഓരോന്നാലോചിച്ചു ശിവ ചായ ഉണ്ടാക്കി….. ഫ്ലാസ്ക്കിൽ ഒഴിച്ചു വെച്ചു…… പോയി കുളിച്ചു വന്നു……. എന്നിട്ടും എണീറ്റിട്ടില്ല അച്ചുവേട്ടൻ…… ഒന്നു വിളിച്ചു നോക്കിയാലോ…. നേരം ഇരുട്ടിത്തുടങ്ങി…….. വിളക്കു വക്കണം…. അച്ചുവേട്ടൻ ഇങ്ങനെ കിടന്നാൽ എങ്ങനാ…… അച്ചുവേട്ടാ……. വിളിച്ചതും തിരിഞ്ഞു കിടന്നു…… ഒന്നുകുടെ വിളിച്ചു നോക്കാം…… അച്ചുവേട്ടാ…… ഈശ്വരാ….. കണ്ണുതുറക്കാൻ പോകുവാണെന്നു തോന്നുന്നു……. ഇതെന്തുവാ ഈ കാണിക്കുന്നത്…… ചില കുഞ്ഞി പിള്ളേര് കാണിക്കുംപോലെ….. അങ്ങോട്ടുമിങ്ങോട്ടും തലയിട്ട് ഉരുട്ടുന്നു…… ഞരങ്ങുന്നുണ്ട്….. കൂടെ മൂളുന്നുമുണ്ട്……. എണീറ്റിട്ടു അമ്മയെ കാണണമെന്നു വല്ലോം പറയുവോ ഭഗവാനെ….. ഇനി കരയുവോ…… അച്ചുവിന്റെ കാട്ടിക്കൂട്ടലുകൾ ഒക്കെ കണ്ടു ശിവക്ക് ചിരി പൊട്ടി……..

അവൾ പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ചു……. പക്ഷേ….. അതൊരു വലിയ ശബ്ദം ആയിട്ട് പുറത്തേക്കു ചാടി…… വയറു പൊത്തിപ്പിടിടിച്ചു ചിരിക്കുവാ ശിവാ……. ചിരിയൊന്ന് കണ്ട്രോൾ ചെയ്തിട്ടു അച്ചുവിനെ നോക്കിയപ്പോൾ ആള് എണീറ്റു ചാരിയിരുപ്പുണ്ട്…….. മടിയിൽ തന്റെ ടോപ്പും ഉണ്ട്…… ചുരുട്ടി പിടിച്ചിരിക്കുന്നു….. എന്റെ ചിരിയും നോക്കി ഇരിക്കുവാ …. മുഖത്തു നല്ല ദേഷ്യമുണ്ട്…… പണിപാളി……. എന്തിനാ ഇങ്ങനെ കിണിക്കുന്നേ…. ആരെങ്കിലും ഇവിടെ എന്തെങ്കിലും ഷോ കാണിച്ചോ…… അവൾ ചുമൽ പൊക്കി ഇല്ലാന്ന് കാണിച്ചു…… എന്നിട്ട് പറഞ്ഞു……. ഇങ്ങനെ കിടന്നാൽ ഞാനെങ്ങനെ വിളക്ക് വക്കും…… അതിനാ വിളിച്ചേ…….. വാ ചായ കുടിക്കാം…. മ്മ്….. എടുത്തു വെക്ക്….. ഞാൻ കുളിച്ചിട്ടു വരാം…. മ്മ്…… ശിവ വെളിയിലേക്കു പോയി…… ചായ എടുത്തു…. പ്ലേറ്റിൽ കുറച്ചു ചിപ്സും എടുത്തു ടേബിളിൽ വെച്ചു…… അപ്പോഴേക്കും അച്ചു ഇറങ്ങി വന്നു…… കുളിച്ചു സുന്ദരക്കുട്ടപ്പനായിട്ട്……. ശിവ അച്ചുവിനെ അടിമുടി നോക്കി……

കണ്ണിനു ചുറ്റും കറുപ്പ് വീണിരിക്കുന്നു……. കുടിയുടെ ആവും….. മുടി കുറച്ചു വളർന്നിട്ടുണ്ട്……. കുറ്റിത്താടിയും….. ഇവിടെ കുളിച്ചപ്പോഴാ നാട്ടിലെ കുളത്തിന്റെ വില മനസ്സിലാകുന്നത്…….. ചുമ്മാതല്ല അന്ന് വന്നു എല്ലാംകൂടി കുളത്തിൽ കുത്തിമറിഞ്ഞത്…….. അച്ചു പറഞ്ഞു…… ശിവാ എണീറ്റു അകത്തേക്ക്‌പോയി ഒരു കുഞ്ഞു കുപ്പി എടുത്തുവന്നു അച്ചുവിന് നേരെ നീട്ടി……. രാസ്നാദി പൊടി ആണ്….. വെള്ളം മാറിക്കുളിച്ചു അസുഖം ഒന്നും വരണ്ട…… ശീലമില്ലാത്തതല്ലേ……. അച്ചു കസേരയിൽ ഇരുന്നിട്ട് തല കാണിച്ചു കൊടുത്തു……. ശിവാ രണ്ടുവിരലിൽ പൊടി എടുത്ത് ഉച്ചിയിൽ തേച്ചുപിടിപ്പിച്ചു….. ചായ കുടിച്ചോണ്ടിരുന്നപ്പോൾ അച്ചു പറഞ്ഞു….. ഞാൻ എന്തിനാണ് വന്നതെന്നറിയുമോ നിനക്ക് …… ഇല്ല….. പറഞ്ഞാലല്ലേ അറിയൂ….. ഡിവോഴ്സിന്റെ പേപ്പറിൽ നിന്റെ സൈൻ വാങ്ങാൻ….. ഞാൻ ഒപ്പിട്ടിട്ടുണ്ട്…… ഇനി നിന്റെ ഊഴം……. അച്ചു ശിവയെ നോക്കി പറഞ്ഞു….. ശിവ ഒന്നു ഞെട്ടി അച്ചുവിനെ നോക്കി….. ഇത്രയും നേരം ഉണ്ടായിരുന്ന ശിവയുടെ ഭാവം മാറി….. ദേഷ്യം വന്നു അവൾക്ക് ……. അതിനിത്ര കഷ്ടപ്പെട്ട് അച്ചുവേട്ടൻ വരേണ്ടിയിരുന്നില്ല…….

അച്ഛന്റെ കയ്യിൽ കൊടുത്തുവിട്ടാൽ പോരായിരുന്നോ……. ഞാൻ വിളക്കു വച്ചിട്ട് വരാം…… അതുംപറഞ്ഞു ശിവ എണീറ്റു പോയി…… കൈകൂപ്പി കണ്ണടച്ചു പ്രാർത്ഥിക്കുമ്പോളും ശിവയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…… കുറച്ചു നേരത്തേക്കെങ്കിലും ഒന്നു കൊതിച്ചു പോയി…….. ഭസ്മം എടുത്തു നെറ്റിയിൽ തൊട്ടു തിരിഞ്ഞതും പിറകിൽ അച്ചു നിൽക്കുന്നു….. അച്ചുവിന്റെ നെറ്റിയിലും തൊട്ടു കൊടുത്തു….. അവസാനമായിട്ടെടുക്കുന്ന സ്വാതന്ത്ര്യം….. അവൾ മനസ്സിൽ വിചാരിച്ചു…….. നെറ്റിയിൽ നിന്നും കൈ എടുക്കും മുൻപ് അച്ചു ശിവയുടെ കയ്യിൽ പിടിച്ചു…… എന്തിനാ കരയുന്നത്……. നീയല്ലേ പറഞ്ഞത് നിനക്ക് ഡിവോഴ്സ് വേണമെന്ന്…… നിന്റെ ആഗ്രഹം സാധിച്ചു തരാമെന്നു വിചാരിച്ചു….. അതിനാ ഞാൻ വന്നത്…… എന്നെ വേണ്ടാന്നു വച്ചോളൂ….. പക്ഷേ….. വേറൊരു അവകാശി അച്ചുവേട്ടന്റെ ജീവിതത്തിൽ ഉണ്ടെന്ന് ഞാനറിയരുത്….. അല്ലെങ്കിൽ എന്നെ അറിയിക്കരുത്……. ശിവയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…. ആ വാക്കുകൾ അച്ചുവിന്റെ മനസ്സിൽ തറച്ചു….. എനിക്ക് വേറൊരു അവകാശി വന്നാൽ നിനക്കെന്താ ശിവാ….. നിനക്കും ഒരാവകാശിയെ തേടിപ്പിടിക്കാൻ അമ്മാവനോട് ഞാൻ പറയാം…. അച്ചുവിന്റെ കയ്യിൽ നിന്നും തന്റെ കൈ ശക്തിയിൽ വലിച്ചെടുത്തു ശിവ……

എനിക്ക് ഒരാവകാശി ഉണ്ട്…… അയാൾക്ക് തന്നെയാവും ഞാൻ എരിഞ്ഞടങ്ങുംവരെ എന്റെ മേലുള്ള അവകാശം…. ഒരു തുള്ളി വെള്ളം വീണാൽ മാഞ്ഞുപോകുന്ന ഒരൊപ്പിലല്ല എന്റെ ജീവിതം ഇരിക്കുന്നത് ….. ഞാനും ജീവിക്കും അച്ചുവേട്ടാ…ഇനി ഒരിടത്തും തോൽക്കാതെ…… ഒരാൺതുണ വേണമെന്നില്ല ജീവിതം ജീവിച്ചു തീർക്കാൻ….. ശിവ പറഞ്ഞു നിർത്തി….. അച്ചുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു……. പക്ഷേ.. ഞാൻ തനിച്ചാണ് ശിവ…… നിനക്ക് സങ്കടം പറയാൻ ഒരു അച്ഛൻ എങ്കിലും ഉണ്ട്……. എനിക്കൊരു കൂട്ട് വേണം…… സ്വന്തമായിട്ട്….. ഒരിക്കലും ഉപേക്ഷിച്ചു പോകാത്ത ഒരാൾ….. എന്നെയും എന്റെ സ്വഭാവങ്ങളെയും ഇഷ്ടപ്പെടുന്ന ഒരാൾ…… മ്മ്….. അച്ചുവേട്ടന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ…….. അച്ഛനോട് പറഞ്ഞാൽ നല്ല ബന്ധം എവിടുന്നെങ്കിലും കണ്ടു പിടിച്ചു തരും…… അതുംപറഞ്ഞു ശിവ തിരിഞ്ഞു പോയി……. ഗ്ലാസ്സ് ഡോർ വെളിയിൽ നിന്നും അടച്ചു ബാൽക്കണിയിൽ പോയിരുന്നു…….. ഇവിടെ ഇരുന്നാൽ ദൂരെ ബാംഗ്ലൂർ സിറ്റിയിൽ കൂടി വണ്ടികൾ പോകുന്നതു കാണാം….. രാത്രിയിൽ നോക്കിയാൽ ലൈറ്റുകൾ ഒഴുകി നടക്കുന്നതുപോലെ ….. ശിവ കരഞ്ഞില്ല…… അല്ലെങ്കിൽ ഇനി കരഞ്ഞിട്ടെന്തിന്…… തനിക്കൊരിക്കലും അച്ചുവേട്ടനെ മറന്നു ജീവിക്കാൻ പറ്റില്ല……. ഇനി അച്ഛന് വേണ്ടി മാത്രം ജീവിക്കണം……. എല്ലാം മറക്കണം…… അതിന് ഇങ്ങനെയുള്ള ഹൈടെക് സിറ്റികളാണ് നല്ലത്……….

ആർക്കു ആരെയും നോക്കാനോ അന്വേഷിക്കാനോ സമയം ഇല്ല……. അവനവന്റെ കാര്യം മാത്രം നോക്കുക….. അച്ചു വന്നു ഗ്ലാസിൽ തട്ടി വിളിച്ചു……. നോക്കിയപ്പോൾ മൊബൈൽ കാണിച്ചു….. അച്ഛൻ കാളിങ്…….. അവൾ ഡോറിന്റെ കുറ്റി എടുത്തു മൊബൈൽ വാങ്ങി…… അച്ഛനോട് വിശേഷങ്ങൾ പറഞ്ഞു വെച്ചു…….. വീണ്ടും ബാൽക്കണിയിൽ വന്നു നിന്നു ശിവ …… അവിടുത്തെ ലൈറ്റ് ഓഫാക്കി അച്ചു …. തിരിഞ്ഞു നിന്നിരുന്ന ശിവയെ പിറകിൽകൂടി പോയി ചേർത്തുപിടിച്ചു…… അവളെ ഒന്നനങ്ങാൻ കൂടി അനുവദിക്കാത്ത വിധത്തിൽ….. ചെവിയിൽ ചുണ്ടുചേർത്തു പറഞ്ഞു….. മതി പിണങ്ങിയിരുന്നത്……. ബോറടിക്കുന്നു…… വാ……നമുക്ക് അടി കൂടാം പെണ്ണേ….. എന്റെ അവകാശിയെയാ ഞാൻ വിളിക്കുന്നത്…… ശിവ ഇത്രയും നേരം പിടിച്ചു വച്ചിരുന്ന സങ്കടം മുഴുവൻ പുറത്തേക്കു വന്നു…… എങ്ങി കരഞ്ഞു അവൾ……. കരയരുത്……. വിഷമിപ്പിച്ചതിനെല്ലാം ഞാൻ എന്റെ ജീവനേക്കാളേറെ സ്നേഹിച്ചു പകരം വീട്ടിക്കൊള്ളാം……. സ്വന്തമായിട്ട് നീയുള്ളപ്പോൾ ഇനി തനിച്ചിരിക്കാൻ പറ്റില്ല ശിവാ… എനിക്കു ഭ്രാന്ത് പിടിക്കും പെണ്ണേ……… സ്നേഹിക്കാനും.. വഴക്കു കൂടാനും… അമ്മയാകാനും…. വൈകുന്നേരം ഒന്നു മടിയിൽ കിടക്കാനും… മുടിയിൽ വിരൽ കോർത്തു സമാധാനിപ്പിക്കാനും……..

കൂട്ടായിട്ട് എനിക്കു നിന്നെ വേണം……. വരാവോ അച്ചുവിന്റെ മാത്രം ശിവയായിട്ട്……. അച്ചു കൈ അയച്ചു കൊടുത്തു……. ശിവയെ പിടിച്ചു തിരിച്ചു നിർത്തി…… കണ്ണു തുടച്ചു കൊടുത്തു…….. തുടക്കാൻ കൈകൾ ഉള്ളതിനാലാവണം വീണ്ടും വീണ്ടും കണ്ണു നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു……. ജീവിതത്തിന്റെ തുടക്കത്തിലേ തോറ്റവളാണ് ഞാൻ…… എന്നെ വീണ്ടും കൊതിപ്പിക്കരുത് അച്ചുവേട്ടാ….. ഒരിക്കലെങ്കിലും ഞാൻ വിചാരിച്ചു അച്ചുവേട്ടൻ എന്നെ തിരഞ്ഞു വരുമെന്ന്… അല്ലെങ്കിൽ ഒന്നു വിളിക്കുമെന്ന്…. ഒന്നു തിരിഞ്ഞു നോക്കിയാൽ കാണാവുന്ന ദൂരത്തു ഞാൻ ഉണ്ടായിരുന്നു……. എനിക്കു കാണണമെന്നു തോന്നിയതുപോലെ ഒരിക്കൽ പോലും അച്ചുവേട്ടനു തോന്നിയിട്ടില്ലേ എന്നെ കാണണമെന്നു……. എത്ര വട്ടം തോന്നിയതാണെന്നറിയുവോ ശിവാ….. ഓടി നിന്റടുത്തു വരാൻ….. പക്ഷേ.. എന്തോ ഒരു തടസ്സം……. ആരുമില്ലാതായപ്പോൾ നിന്നെ തേടിവന്നെന്നു നീ വിചാരിച്ചാലോ…….. അതാ വരാഞ്ഞേ…… ചെറിയ ഒരു ഈഗോ…. അമ്മ മരിച്ചു പോയത് ഞാൻ ഒരുപക്ഷേ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഒരിക്കലും അച്ചുവേട്ടനെ ഞാൻ തനിച്ചാക്കില്ലായിരുന്നു…..

അച്ചുവേട്ടനു ഇഷ്ടമില്ലെങ്കിൽ കൂടിയും ഞാൻ നിന്നേനെ കൂടെ……. ഒരാണിന്റെ ചിന്തയാവില്ല പെണ്ണിനുള്ളത്…… പ്രത്യേകിച്ച് ഒരു ഭാര്യയുടെ….. ഒരു സ്വർണ്ണത്തിന്റെ തുണ്ട് കഴുത്തിൽ വീഴുമ്പോളേ അയാൾ മാത്രമാണ് പിന്നീട് അവളുടെ ലോകം…….. ജനിപ്പിച്ച മാതാപിതാക്കളെക്കാൾ സ്ഥാനവും ഇഷ്ടവും അയാളോട് തന്നെയാവും…… എത്രകാലം കൂടെ ജീവിച്ചാലും ഏട്ടനെന്നെ മനസ്സിലാവില്ല….. കവിളിൽ ഇരുന്ന അച്ചുവിന്റെ കൈ തട്ടിമാറ്റി അകത്തേക്കുപോയി ശിവാ…… അച്ചുവിന് മനസ്സിൽ നിന്നും എന്തോ ഭാരമുള്ളത് എടുത്തു മാറ്റിയതുപോലെ തോന്നി…… ഇപ്പോൾ ശാന്തമാണ് മനസ്സ്……. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ശിവയുടെ അവസ്ഥയും അങ്ങനെ തന്നെയായിരുന്നു….. അച്ചുവിനോട് ദേഷ്യം ഒന്നുമില്ലെങ്കിലും എങ്കിലും നേരിയ ഒരു പരിഭവം അവളിൽ ഉണ്ടായിരുന്നു……. അടുക്കളയിൽ നിൽക്കുമ്പോളാണ് മൊബൈലിൽ മെസ്സേജ് വരുന്ന സൗണ്ട് കേട്ടത്….. തുടരെത്തുടരെ…….. ഫ്രണ്ട്സിന്റെ ഗ്രൂപ്പിൽ നിന്നാവുമെന്നാണ് അവൾ വിചാരിച്ചത്…… നിർത്താതെ വന്നപ്പോൾ ശിവ മൊബൈൽ എടുത്തു നോക്കി…… എന്നെങ്കിലും ഒരിക്കൽ വിളിക്കുമെന്ന് പ്രതീക്ഷിച്ചു സേവ് ചെയ്തിരുന്ന നമ്പറിൽ നിന്നാണ് മെസ്സേജ്…… എന്റെ അച്ചുവേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നും….. ശിവ അത് ഓപ്പൺ ചെയ്തു നോക്കി……

ശിവാ…… ശിവാ…… ശിവാ……. എന്നെഴുതി വച്ചിരിക്കുന്നു…….. അച്ചുവേട്ടൻ തന്നെ വിളിക്കുന്നതുപോലെ തോന്നി…… എന്താ……. അവൾ തിരിച്ചു മെസ്സേജ് വിട്ടു…. ഞാൻ വന്നോട്ടെ നിന്റെ അടുത്തോട്ടു…… വേണ്ടാ……. പ്ലീസ് ശിവ…… തനിച്ചിരിക്കാൻ പറ്റുന്നില്ല….. എന്തോ പോലെ……. അതു ശിവയെ വേദനിപ്പിച്ചു…… അവൾ പോയി അച്ചുവിന്റെ കയ്യിൽ പിടിച്ചു അടുക്കളയിൽ കൊണ്ടു വന്നു….. ശിവാ നിൽക്കുന്നതിനു തൊട്ടടുത്തു കൈ ചൂണ്ടി ഇരിക്കാൻ പറഞ്ഞു……… ഇപ്പോഴും അച്ചുവേട്ടനു എന്നെ സ്വന്തമായി കാണാൻ പറ്റാത്തതുകൊണ്ടല്ലേ മെസ്സേജിൽ കൂടി ഓരോന്ന് ചോദിച്ചത്….. അതുകൊണ്ടല്ല……. നീ ദേഷ്യത്തിൽ വല്ല കത്തിയും എടുത്തു കുത്തിയാലോ……. അതാ….. ശിവ അച്ചുവിനെ ദേഷ്യത്തിൽ നോക്കി……. അച്ചു കണ്ണടച്ചു കാണിച്ചു…… രണ്ടാളും ഒരുമിച്ചിരുന്നു കഴിച്ചു…… ഒരുമിച്ച് കിച്ചൻ ക്ലീൻ ചെയ്തു……. ബാൽക്കണിയിൽ വന്നിരുന്നു കുറച്ചു നേരം രണ്ടാളും തമ്മിൽ മിണ്ടാതെ………… . ഉറക്കം വന്നപ്പോൾ കിടക്കാൻ പോയി……… ശിവയുടെ റൂം അച്ചുവിന് കൊടുത്തിട്ട് അവൾ അച്ഛന്റെ റൂമിലേക്ക് തിരിയെ….. അച്ചു പറഞ്ഞു….. എനിക്കു സംസാരിക്കാൻ ഉണ്ട് ശിവാ…….. ഇവിടെ വാ…… അച്ചു അവൾക്കായി ഇടം നൽകി നീങ്ങിക്കിടന്നു……… ശിവ ഒന്നു ശങ്കിച്ചു നിന്നു…. പിന്നെ പതിയെ പോയി ഒരറ്റത്തു തിരിഞ്ഞു കിടന്നു…….

നീ വരില്ലേ എന്റെ കൂടെ ഞാൻ വിളിച്ചാൽ……. നിന്നെ കൂട്ടാനാ ഞാൻ വന്നത്….. ശിവ മറുപടി ഒന്നും പറഞ്ഞില്ല….. എനിക്കറിയാം നല്ല സാലറി ഉള്ള ജോബ് ആണിതെന്ന്……. റിസൈൻ ചെയ്യാൻ പറയില്ല ഞാൻ…. എന്റെ കൂടെ കുറച്ചു ദിവസം വന്നു നിന്നുകൂടെ……. ഇവിടെ നിൽക്കാൻ പറ്റാഞ്ഞിട്ടല്ല….. നീ ഉണ്ടാക്കിയെടുത്തതെല്ലാം അമ്മാവനെ ഏല്പിച്ചിട്ടാ വന്നത്…… തിരിച്ചു പോയേ പറ്റു….. ഇങ്ങനെയൊന്നു കേൾക്കാൻ എത്ര കാത്തിരുന്നതാണ് താൻ…… പെട്ടെന്ന് കേട്ടപ്പോൾ എന്തു പറയണമെന്നായിപ്പോയി ശിവക്ക്…… ശിവയുടെ മൗനം അവൾക്കൊരു തീരുമാനം എടുക്കാൻ സാധിക്കാത്തതു കൊണ്ടാണെന്ന് മനസ്സിലായി അച്ചുവിന്……. എത്ര ദിവസം വേണമെങ്കിലും എടുത്തോ നീ……. നിന്റെ തീരുമാനം അറിയാതെ ഞാൻ പോവില്ല…. പക്ഷേ ഒരുപാട് താമസിക്കരുത്….. മ്മ്….. ശിവ മൂളി…. സമാധാനത്തോടെ രണ്ടാളും ഉറങ്ങി……… പിറ്റേന്ന് ശിവ വിളിച്ചപ്പോഴാണ് അച്ചു എണീറ്റത്………… ഫ്രഷ് ആയിട്ട് വാ അച്ചുവേട്ടാ ചായ തരാം…….. എന്നിട്ട് പെട്ടെന്ന് റെഡി ആവൂ ……. ഒരിടം വരെ പോകാം……. എങ്ങോട്ട്…….. എങ്ങോട്ടെന്നറിഞ്ഞാലേ വരൂ…….. ശിവയുടെ മുഖം കറുത്തു……. അച്ചു ചിരിച്ചോണ്ട് എണീറ്റു……… റെഡി ആയി വന്നപ്പോഴേക്കും ശിവയും തയ്യാറായിരുന്നു……

ഒരു ചുരിദാർ ആയിരുന്നു വേഷം…….. നീയിപ്പോൾ മോഡേൺ ഡ്രസ്സ്‌ ഒന്നും ഉപയോഗിക്കില്ലെന്ന് അമ്മാവൻ പറഞ്ഞു…… അതെന്താ……. അങ്ങനെ ഒന്നുമില്ല…….. എനിക്കു വേണ്ടി നീ മാറേണ്ട ശിവാ…… നീ എന്തിട്ടാലും എങ്ങനെ പെരുമറിയാലും നിന്നെ മുഴുവനായിട്ട് സ്നേഹിക്കാൻ എന്നെക്കൊണ്ടാവും……….അതുകൊണ്ട് നിന്റെയിഷ്ടങ്ങൾ മറച്ചുവക്കേണ്ട…….. ശിവ അച്ചുവിനെ ഒന്നു നോക്കുക മാത്രം ചെയ്തു…….. സ്കൂട്ടിയിലായിരുന്നു യാത്ര…….. കീ അച്ചുവിന്റെ നേരെ നീട്ടിയതാണ്……. പക്ഷേ അച്ചു നേരത്തെ തന്നെ പിറകിൽ കയറി…… ശിവയുടെ ഷാൾ സ്പീഡ് കൂടുന്നതിനനുസരിച്ചു പറന്നു കളിക്കുവാണ്….. അതു രണ്ടുസൈഡിൽ നിന്നും പിടിച്ചു പിറകിലേക്ക് വെച്ചു…….. ഇതൊന്നും സൂക്ഷിച്ചു കൊണ്ടുനടക്കാൻ അറിയാൻ മേലെങ്കിൽ എന്തിനാ ഇടുന്നേ…… അച്ചു ശിവയോട് ചോദിച്ചു……. ഞാൻ എന്നും സൂക്ഷിക്കുന്നതാ…… ഇന്നിപ്പോൾ അച്ചുവേട്ടൻ ഇല്ലേ…… പിന്നേ നിന്റെ ഷാൾ പിടിച്ചു വെക്കാനാണല്ലോ ഞാൻ പിറകിൽ ഇരിക്കുന്നെ……. രണ്ടാളുടെയും മുഖം തെളിഞ്ഞു…….. ഒരു വലിയ ബിൽഡിംഗ്‌ നു മുൻപിലാണ് ശിവ വണ്ടി നിർത്തിയത്…….

അച്ചു ഇറങ്ങി ചുറ്റിലും നോക്കി….. ഇവിടാ ഞാൻ ജോലി ചെയ്യുന്നത് അച്ചുവേട്ടാ…… വാ…… അകത്തോട്ടു പോകാം….. ഞാൻ ഇവിടെ നിൽക്കാം…… നീ പോയിട്ടു വരൂ……. മ്മ്….. ഉടനെ വരാം……. അതുംപറഞ്ഞു ശിവ അകത്തേക്ക് പോയി…… തിരിഞ്ഞു തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു ഇടയ്ക്കു…… തിരിച്ചിറങ്ങി വന്നപ്പോൾ ശിവ ഒന്നമ്പരന്നു…… തന്റെ കൂട്ടുകാരുടെ നടുവിൽ അച്ചുവേട്ടൻ……. അവരോടു ചിരിച്ചു കളിച്ചു…… കൂടെയുള്ള തലതെറിച്ച അരുൺ അച്ചുവിന്റെ തോളിൽ കൂടി കൈ ഇട്ടിട്ടുണ്ട്….. എല്ലാവർക്കും ഒരു ഹായ് കൊടുത്തിട്ട് അച്ചുവേട്ടനോട് ചോദിച്ചു…… പോകാം…… മ്മ്…… ശിവ വണ്ടിയെടുക്കാൻ പോയതും അച്ചു കീ വാങ്ങി സ്റ്റാർട്ട്‌ ചെയ്തു…… ഷാൾ പിടിച്ചു വക്ക്…… ഞാൻ പിറകിൽ ഇല്ലന്നോർമ്മ വേണം…… അച്ചു തല ചെരിച്ചു പറഞ്ഞു…… ഓ… ശിവ പറഞ്ഞു കൊടുത്ത വഴിയിൽ കൂടി അച്ചു വണ്ടിയോടിച്ചു…… ആദ്യം ഒരു മാളിൽ കയറി ശിവ അച്ചുവിന് കുറച്ചു ഡ്രസ്സ്‌ എടുത്തു…… ഒരു ഷർട്ട്‌ എടുത്തു അച്ചുവിന്റെ കയ്യിൽ കൊടുത്തിട്ട് ട്രയൽ റൂം ചൂണ്ടിക്കാണിച്ചു……. അച്ചു അതുപോയി ഇട്ടുവന്നു….. ശിവ സൂപ്പർ എന്നു കൈകൊണ്ടു കാണിച്ചു…. എല്ലാ സ്ഥലങ്ങളും അച്ചുവിനെക്കൊണ്ട് നടന്നു കാണിച്ചു…. ഒരു ഫിലിം കണ്ടു…….. വൈകുന്നേരം ആയപ്പൊളേക്കും രണ്ടാളും ക്ഷീണിച്ചു…… പോകാം അച്ചുവേട്ടാ…… ക്ഷീണിച്ചു….. ഇവിടെ ഇരിക്ക്…… ഞാൻ ഒന്നു മുടി വെട്ടിയിട്ടു വരാം……. ശിവയെ അവിടെ പിടിച്ചിരുത്തി അച്ചു മുടി വെട്ടാൻ പോയി………

മൊബൈൽ നോക്കിക്കൊണ്ടിരുന്ന ശിവയുടെ കണ്ണുകൾ ആരോ പൊത്തി…….. കൈ എടുത്തുമാറ്റി തിരിഞ്ഞു നോക്കിയപ്പോൾ… ദേ നിൽക്കുന്നു പടകൾ……. ഇതുങ്ങളെന്താ ഇവിടെ….. അച്ചുവേട്ടൻ വിളിച്ചിട്ട് വന്നതാണത്രേ…… എന്തിനാ….. എപ്പോ വിളിച്ചു……. ഇങ്ങനൊക്കെ ചോദിച്ചുകൊണ്ടിരുന്നപ്പോൾ അരുണാണ് പറഞ്ഞത്…… ദേ വരുന്നുണ്ട് നീ നേരിട്ടു ചോദിച്ചോ…….. നോക്കിയപ്പോൾ അച്ചുവേട്ടൻ നടന്നുവരുന്നുണ്ട്…… ആ ഷർട്ടിന്റെ ഭംഗിയാണോ… അതോ മുടി ഒതുക്കി വെട്ടിയതുകൊണ്ടാണോ….. അതോ അച്ചുവേട്ടന്റെ സ്വതവേയുള്ള ഒരു നിഷ്കു ലുക്ക്‌ ആണോന്നറിയില്ല….. നല്ല ഭംഗിയുണ്ടായിരുന്നു കാണാൻ…… കൂടെയുള്ള നീതു വന്നുപറഞ്ഞു…….. എന്തായാലും നീ ഡിവോഴ്സ് ചെയ്യാൻ പോവല്ലേ……. ഈ മൊതലിനെ ഞാനിങ്ങോട്ട് എടുത്തോട്ടെടീ……. എന്നാ രസവാ കാണാൻ….. ഞാൻ മൂക്കുംകുത്തി വീണെടീ…… എന്നും പറഞ്ഞു എന്റെ തോളിലേക്ക് തല വെച്ചു അച്ചുവേട്ടനെ കണ്ണിമ വെട്ടാതെ നോക്കുവാ ജന്തു……. കൂടെയുള്ളതിൽ എന്റെ കാര്യങ്ങൾ എല്ലാം അറിയാവുന്നത് നീതുവിന് മാത്രമാണ്…… എന്നിട്ടാ അവളിങ്ങനെ…… തോളിൽ നിന്നും അവളുടെ തല ശക്തിയിൽ തട്ടി മാറ്റി….. എന്റെ മുന്നിൽ വച്ചു ആ ജന്തു അച്ചുവേട്ടനു കൈ കൊടുക്കുന്നു….. കൂടെ നടക്കുന്നു……

കോഫി കുടിക്കാൻ ഇരുന്നപ്പോൾ കൂടെ ഇരിക്കുന്നു….. അവസാനം സഹിക്കാൻ വയ്യാതായപ്പോൾ അവളോട്‌ ചെവിയിൽ പറഞ്ഞു…….. കാള വാലു പൊക്കുമ്പോഴേ എനിക്കു മനസ്സിലായി എന്തിനാന്നു…… ആ കഞ്ഞിക്കലം എടുത്തു താഴെ വച്ചിട്ട് അടുപ്പിൽ വെള്ളം കോരിയൊഴിച്ചോ……. എന്നെ കൂടെ കൊണ്ടുപോകാനാ അച്ചുവേട്ടൻ വന്നേക്കുന്നത്……. ശിവ മാത്രമേ ഉള്ളൂ അച്ചുവേട്ടന്റെ മനസ്സിൽ…….. അതുകൊണ്ട് പൊന്നുമോളെ കൂടുതൽ ചായ്‌വ് വേണ്ട അങ്ങോട്ട്‌…… ആ കൊമ്പ് ഞാനിങ്‌ ഓടിക്കുവേ എരപ്പാളി…….. അവൾ ഒരു വളിച്ച ചിരി ചിരിച്ചു കാണിച്ചു…. തിരിച്ചു ഞാനും…… ഇന്ന് അച്ചുവേട്ടന്റെ ട്രീറ്റ്‌ ആയിരുന്നു അവർക്ക്…… അതു നന്നായിട്ടു മുതലാക്കി ജന്തുക്കൾ…… നാട്ടിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടാണ് അച്ചുവേട്ടനും ഞാനും തിരിച്ചു പോന്നത്…… വന്നതും കട്ടിലു കണ്ടതും മാത്രമേ ഓർമയിൽ ഉള്ളൂ…….. പിറ്റേന്ന് സൂര്യൻ ഉദിച്ചപ്പോളാണ് എഴുന്നേറ്റത്…. കിടന്നപ്പോൾ ഒരു സൈഡിൽ അച്ചുവേട്ടൻ ഉണ്ടായിരുന്നു….. എണീറ്റപ്പോൾ കാണുന്നില്ല…….. തപ്പി നടന്നപ്പോൾ കണ്ടു ചായയും കൊണ്ടു വരുന്നത്……. നീയൊന്നും പറഞ്ഞില്ല ശിവാ….. പോകാം നമുക്ക്……. വീട്ടിലേക്കു…… നാളെ പോകാം അച്ചുവേട്ടാ……. ഇന്നുകൂടി ഓഫീസിൽ പോണം….. കുറച്ചു പണിയുണ്ട്…. അച്ചുവേട്ടൻ വരുന്നോ…… ഞാനില്ല…… ഈ സിറ്റി എനിക്ക് മടുത്തു…..

എത്രയും പെട്ടെന്ന് നാട്ടിൽ എത്തണമെന്നേയുള്ളു…….. ശിവ ചിരിച്ചു………. പോകാൻ റെഡി ആയി വന്നു……… ഞാൻ പെട്ടെന്നു വരാവേ അച്ചുവേട്ടാ……. കഴിവതും ഉച്ചക്ക് മുൻപ്………. വരുമ്പോൾ ഫ്രണ്ട്‌സിനേയും കൂടെ കൊണ്ടുവാ…. പ്രത്യേകിച്ച് നീതുവിനെ……. ശിവ അച്ചുവിനെ തുറിച്ചു നോക്കി…… ആരെയും ഞാൻ കൊണ്ടുവരില്ല….. പ്രത്യേകിച്ച് അവളെ……. എന്തൊക്കെയായിരുന്നു…… ഞാൻ പെണ്ണുങ്ങളായിട്ട് കൂട്ടുകൂടാറില്ല….. തൊടാറില്ല…… ഹും…… ശിവ മുഖം കോട്ടി കാണിച്ചു….. വാതിൽ തുറന്നു വെളിയിലേക്ക് പോകാനാഞ്ഞതും അതേ സ്പീഡിൽ അകത്തേക്ക് വന്നു…….. അച്ചു പിറകീന്നു കയ്യിൽ പിടിച്ചു വലിച്ചതാണ്…… അച്ചുവിനെ ഇടിച്ചു വന്നു നിന്നു……. ഇപ്പോൾ മനസ്സിലായോ നിന്നോട് അന്ന് ഞാൻ ചൂടായത് എന്തിനാന്നു…… ഈ കുശുമ്പ് ഒരാൾക്ക് മാത്രം വരുന്നതല്ല…… എല്ലാവർക്കും ഉണ്ടാവും…… അച്ചുവിന്റെ ശ്വാസം ശിവയുടെ മുഖത്തു വന്നടിച്ചു…… എന്റെ അവകാശി നീയാണെന്നു ഞാൻ പറഞ്ഞില്ലേ…… പിന്നെന്തിനാ ഈ പിണക്കം….. പോയിട്ടു പെട്ടെന്നു വരണം…… ഞാൻ കാത്തിരിക്കും…….. ശിവയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു…….. കുറച്ചു നിമിഷങ്ങൾ രണ്ടാളും അങ്ങനെ നിന്നു അടർന്നു മാറാൻ മടിയുള്ള പോലെ…… അച്ചുവിന്റെയും ശിവയുടെയും കണ്ണു നിറഞ്ഞു……..

പോയി വാ……. ഡോർ തുറന്നു അവളെ വെളിയിലാക്കി അച്ചു…… പോകാൻ മനസ്സില്ലാത്തതുപോലെ ശിവ അവിടെ നിന്നു…… അച്ചു പോ…. ന്ന് ആംഗ്യം കാണിച്ചു……. അവൾ വണ്ടി സ്റ്റാർട്ട്‌ ആക്കി ബാല്കണിയിലേക്ക് നോക്കി……. അച്ചു അവിടെ നിന്ന് റ്റാറ്റാ കാണിച്ചു……. വൈകിട്ട് അച്ചുവിന്റെ നെഞ്ചിൽ ചാരിയിരുന്നു ഇത്രയും നാളത്തെ വിഷമങ്ങൾ മുഴുവൻ പറഞ്ഞു തീർത്തു ശിവ ……. അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു അച്ചു…….. ശിവയുടെ രണ്ടു കയ്യും ചേർത്തുപിടിച്ചു ചുണ്ടമർത്തി…….. സോറി ശിവാ…….. എന്റെ തെറ്റാണ്…… ഇത്രയും നാൾ വെറുതെ കളഞ്ഞതിന്……. നിന്നെ മനസ്സിലാക്കാഞ്ഞതിന്……. വേദനിപ്പിച്ചതിന്….. അച്ചുവേട്ടനോട് ക്ഷമിക്ക് നീ……. അച്ചുവിന്റെ നെഞ്ചിലേക്ക് മുഖം ചേർത്തുവച്ചു ഇറുക്കിപ്പിടിച്ചു ശിവ……. നാട്ടിലേക്കുള്ള യാത്രയിൽ അച്ചുവിന്റെ തോളിൽ ചാഞ്ഞിരുന്ന ശിവയെ അടുത്ത സീറ്റിൽ ഇരുന്ന ഒരാൾ സൂക്ഷിച്ചു നോക്കുന്നതു കണ്ടു അച്ചു ……

ശിവയും കണ്ടു അയാളുടെ നോട്ടം…….ഒരു സീറ്റിൽ ഒരാണും പെണ്ണും ഒരുമിച്ച് ഇരുന്നാൽ നോക്കുന്ന നോട്ടം…….. ആ നോട്ടത്തിന്റെ പരിധി വിട്ടപ്പോൾ ശിവ ടോപ്പിനുള്ളിൽ കിടന്ന താലി എടുത്തു പുറത്തേക്കിട്ടു……..സിന്ദൂരം മറച്ചു നെറ്റിൽ പറന്നു കിടന്നിരുന്ന മുടി എടുത്തു പിറകിലേക്ക് ഇട്ടു…… എന്നിട്ട് ഒന്നുകൂടി ധൈര്യത്തോടെ അച്ചുവിന്റെ കയ്യിൽ ചേർത്തുപിടിച്ചു ആ തോളിലേക്ക് തല വെച്ചു…… അപ്പോഴേക്കും അച്ചുവിന്റെ ചുണ്ട് ശിവയുടെ നെറുകയിൽ എത്തിയിരുന്നു…… നീ എന്റേതാണ്….. എന്റെ മാത്രമാണെന്ന് പറയാതെ പറഞ്ഞ്……. ഒരു പുതിയ ജീവിതം ജീവിച്ചു തീർക്കാൻ യാത്രയാവുകയാണ് അച്ചുവും ശിവയും…… ശുഭം…..