രചന – രോഹിണി ആമി
രാവിലെ തന്നെ ഓഫീസിൽ നിന്ന് കാൾ വന്നു………… കുറച്ചു ദൂരെയാണ്……….. അതേതായാലും നന്നായിയെന്നു ജനിക്ക് തോന്നി ……. തനിച്ചിരുന്നു ഓരോന്ന് ആലോചിക്കണ്ടല്ലോ…………
ജനി രാവിലെ ഇറങ്ങി….. ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ കണ്ടു……. ബൈക്കിൽ അഭിയും ഭാര്യയും പോകുന്നത്…..ഭാര്യ അഭിയെ ചുറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു…….. ഡ്രസിങ് കണ്ടിട്ട് അമ്പലത്തിൽ പോകുവാണെന്നു തോന്നുന്നു…….. ജനിയെയും കടന്ന് അവർ പോയി……. ഇനി ഇങ്ങനെയും കൂടി കാണണമെന്ന് തന്റെ വിധിയിൽ ഉണ്ടാവും……
ഇന്നലെ ഒറ്റ രാത്രിയിൽ കരഞ്ഞു തീർത്തത് ഒരായുസ്സിന്റെ കണ്ണീരാണ്……… അതുകൊണ്ട് വല്ലാത്തൊരു ഭാവത്തോടെ നോക്കി നിൽക്കാനേ ജനിക്ക് കഴിഞ്ഞുള്ളു…..
ഇതും വേണമെങ്കിൽ അഭിയേട്ടന് ഒഴിവാക്കാമായിരുന്നു………. ഇനിയും കുത്തു കൊള്ളാൻ ചങ്കിൽ ഒരിടം ബാക്കിയില്ല……
ബസ് വന്നു…….. അമ്പലത്തിന്റെ അടുത്തുകൂടിയാണ് ബസ് പോകുന്നത്……. അപ്പോഴും കണ്ടു രണ്ടാളെയും……. അഭിയേട്ടന്റെ നെറ്റിയിൽ കുറി തൊട്ടു കൊടുക്കുന്നതും…….. രണ്ടാളും എന്തോ പറഞ്ഞു ചിരിക്കുന്നതും……..
ഇനി രണ്ടാളെ കണ്ടാലും നോക്കാൻ പാടില്ലാന്നു കണ്ണിനോടും ……. ഇനി അഭി തനിക്കു അന്യനാണെന്നു മനസ്സിനോടും പറഞ്ഞ് പഠിപ്പിച്ചു………..
അഡ്രസ് തപ്പിപ്പിടിച്ചു ചെന്നു……… പ്രഷർ ഷുഗർ എന്നുവേണ്ട എല്ലാവിധ അസുഖങ്ങളും ഉള്ള ഒരു അപ്പൂപ്പൻ ………
മക്കൾ നോക്കി മടുത്തത് കൊണ്ടാവും ഹോം നഴ്സിനെ ഏൽപ്പിച്ചത്…….. ആദ്യമൊന്നും അപ്പൂപ്പൻ സഹകരിക്കാൻ തയ്യാറായില്ല……..
മരുന്നു കഴിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ ഒരുപാട് കഷ്ടപ്പെട്ടു ജനി…….
മക്കളെ കാണുമ്പോൾ മുഖം തിരിച്ചു കളയും അപ്പൂപ്പൻ…….. അവരോടൊക്കെ നല്ല ദേഷ്യമുണ്ട് ആൾക്ക്……
ഇത്രയും മക്കളും മരുമക്കളും കൊച്ചുമക്കളും ഉണ്ടായിട്ടും തന്നെ നോക്കാൻ വേറൊരാളെ ഏൽപ്പിച്ചത് കൊണ്ടാവും………
ശരീരമൊക്കെ തുടച്ചുകൊണ്ടിരുന്നപ്പോഴാണ് അപ്പൂപ്പന്റെ കണ്ണു നിറഞ്ഞൊഴുകുന്നത് ജനി കണ്ടത്……… കണ്ണുനീർ തുടച്ചിട്ട് ജനി പതുക്കെ പറഞ്ഞു………
സാരമില്ല……. മകളാണെന്ന് കരുതിയാൽ മതി………… വിഷമിക്കണ്ട കേട്ടോ……. ഞാൻ നോക്കിക്കൊള്ളാം…… സ്വന്തം പോലെ…,..
അപ്പൂപ്പൻ ജനിയെ നോക്കിക്കിടന്നു……
ആരോടെങ്കിലും ഉള്ള വാശി സ്വന്തം ശരീരത്തിനോട് കാണിക്കരുത്………. മനസ്സിന് ധൈര്യം കൊടുക്കണം………. എന്നാലേ മനസ്സു പറയുന്നത് ശരീരം കേൾക്കു…… കേട്ടോ….. ജനി അപ്പൂപ്പന്റെ മുഖം തുടച്ചുകൊണ്ട് പറഞ്ഞു…..
ചെറിയൊരു തെളിച്ചം വന്നപോലെ ആ മുഖത്ത്…….
ആരും മുറിയിൽ ഇല്ലാത്ത സമയത്തു പാട്ട് പാടിക്കൊടുത്തും……… ഉണ്ണിക്കുട്ടൻകഥകളും… ബാലരമയുമൊക്കെ വായിച്ചു കൊടുത്തും അപ്പൂപ്പനെ ഊർജ്ജസ്വലനാക്കി ജനി………..
ഇപ്പോൾ അപ്പൂപ്പൻ പതിയെ എഴുന്നേറ്റിരിക്കാനൊക്കെ തുടങ്ങി……….. തനിയെ കഞ്ഞി വാരി കുടിക്കും……… പക്ഷേ ജനി എപ്പോഴും അടുത്ത് ഉണ്ടാവണമെന്നു മാത്രം……… എപ്പോഴും മക്കളും മരുമക്കളും വന്നു നോക്കാറുണ്ട്…………… അവരെ കാണുമ്പോൾ നേരത്തത്തെ പോലെ തന്നെ…… മുഖം തിരിച്ചുകളയും…….. കൊച്ചുകുട്ടികൾ പിണങ്ങി ഇരിക്കും പോലെ…….. അത് കാണുമ്പോൾ ജനിക്ക് ചിരിവരും……… അവർ പൊയ്ക്കഴിയുമ്പോൾ കളിയാക്കി ചിരിക്കും അവൾ…….
അപ്പൂപ്പൻ ആകെ മിണ്ടുന്നത് ഇളയ മകളോട് മാത്രമാണ്…….. ആ ചേച്ചി അമേരിക്കയിൽ ഭർത്താവും ആയിട്ട് ജീവിക്കുന്നു……. വീഡിയോകോൾ ചെയ്യുമ്പോൾ അപ്പൂപ്പൻ ഒരിക്കൽ പരിചയപ്പെടുത്തി ജനിയെ……….
ജനിയുമായി നല്ല കൂട്ടായി ആയി ചേച്ചി……….. ഫോൺ നമ്പർ ഒക്കെ വാങ്ങി…….. കുരുത്തംകെട്ട രണ്ടു കുഞ്ഞുങ്ങളുണ്ട് ചേച്ചിക്ക്………. ആ കുഞ്ഞുങ്ങൾ ചെറിയ വായിൽ അപ്പൂപ്പനെ വിളിക്കുന്ന പേരാണ് അപ്പൂസ്ന്നു…… ഇപ്പോൾ ജനിയും അങ്ങിനെയാണ് വിളിക്കുന്നത്……
ജീവിതം പതിയെ സമാധാനത്തോടെ ഒഴുകാൻ തുടങ്ങി………..അത് ഇഷ്ടപ്പെടാത്തത് കൊണ്ടാവണം ദൈവം വീണ്ടും ദുരിതങ്ങളുമായി ജനിയിലേക്ക് വന്നത്…………
അപ്പൂസിനെ ഇരുത്താനും പിടിച്ചു നടത്താനും ഒക്കെ ജനിക്ക് ഒരു സഹായം വേണം……… അത് ആ വീട്ടിലെ മൂത്ത മകന്റെ മകൻ ഏറ്റെടുത്തു……. മനു…….. മെഡിസിനു പഠിക്കുകയാണ്…….. അനിക്കുട്ടന്റെ പ്രായം……..
ആദ്യമൊക്കെ മാന്യമായി പെരുമാറി……….. പിന്നീട് അപ്പൂസിനെ പിടിക്കുന്ന രീതിയിൽ കയ്യിൽ പിടിക്കാനും തലോടാനും ഒക്കെ തുടങ്ങി………. ആദ്യം വിചാരിച്ചു അറിയാതെയാവും എന്ന്………. അതുകൊണ്ട് അത്ര കാര്യമായി എടുക്കാനും പോയില്ല……… എന്നാൽ ഒരു ദിവസം അപ്പൂസിനെ പിടിച്ചു നടത്തുന്നതിനിടയിൽ ജനിയുടെ സാരിക്കിടയിലൂടെ ഒരു കൈ വയറിൽ പിടിമുറുക്കി………..പെട്ടെന്ന് ജനി അപ്പൂസിനെ വിട്ടു മാറി നിന്നു……. അപ്പൂസ് താഴേക്ക് വീഴാൻ ഒരുങ്ങി…….. മനു രണ്ട് കൈകൊണ്ടും അപ്പൂസിനെ വീഴാതെ താങ്ങിപ്പിടിച്ചു………. അപ്പൂസ് ജനിയെ നോക്കി………. അവളുടെ രണ്ട് കണ്ണും നിറഞ്ഞിരിക്കുന്നു……… ജനി മുഖംതാഴ്ത്തി…….. അന്ന് മുഴുവൻ ജനി മൂഡ് ഓഫ് ആയിരുന്നു……… അപ്പൂസ് അതെല്ലാം ശ്രദ്ധിച്ചു……പക്ഷേ കാര്യം അവളോട് ചോദിക്കാൻ നിന്നില്ല……….
പിറ്റേന്ന് മുതൽ ജനി മനുവിന്റെ അടുത് വളരെ ശ്രദ്ധിച്ച് ഇടപഴകാൻ തുടങ്ങി……… മനു അപ്പൂസിന്റെ മുറിയിൽ വരുമ്പോൾ അവൾ വെളിയിലേക്കിറങ്ങി നിൽക്കും……. എന്നാലും അടുക്കള മുതൽ റൂം വരെയുള്ള ഇടങ്ങളിൽ വച്ച് പലപ്പോഴും മനു ജനിയെ തൊടാനും പിടിക്കാനും തുടങ്ങി……….. താക്കീത് ചെയ്തപ്പോൾ മനുവിന്റെ ശല്യം കൂടുകയാണ് ചെയ്തത്………….. ആ വീട്ടിൽ ആരോടും പറഞ്ഞാലും തന്നെ വിശ്വസിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഓഫീസിൽ പറയാൻ ജനി തീരുമാനിച്ചു……….
അത് നടത്തുന്നത് ഒരു സ്ത്രീയാണ്……… അവരോട് കാര്യങ്ങളെല്ലാം പറഞ്ഞു…….. ഞാൻ എന്താ ചെയ്യേണ്ടത് എന്ന് ചോദിച്ചു…….. എല്പിച്ച ജോലി തീർക്കാതെ പോകുന്നതിൽ വിഷമം ഉണ്ട്….. പ്രത്യേകിച്ച് ഈയവസ്ഥയിൽ അപ്പൂസിനെ തനിച്ചാക്കാൻ തോന്നുന്നില്ല…..
ഹോംനേഴ്സ് ആയിട്ട് വരുന്നവരുടെ ജോലിയിൽ പെടുന്നതാണ് കൂടെ കിടക്ക പങ്കിടുക എന്നതും എന്നാണ് ചില അവന്മാരുടെ വിചാരം……….. എന്തായാലും നീ കുറച്ചു ദിവസം കൂടി പിടിച്ചുനിൽക്കു……………. അപ്പോഴേക്കും ഞാൻ ഒരു പോംവഴി കണ്ടെത്താം……………. അങ്ങനാണ് ആ ചേച്ചി പറഞ്ഞത്………..
അതു കേട്ടപ്പോൾ ജനിക്കു ഒരു സമാധാനം തോന്നി……… ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ എന്നു സ്വയം ചോദിച്ചു ജനി………
കുറച്ചു ദിവസങ്ങൾ കുഴപ്പമില്ലാതെ പോയി…….. മനു കൂട്ടുകാരുടെ കൂടെ ടൂർ പോയിരിക്കുകയാണ്……… അതുകൊണ്ട് കുറച്ച് സമാധാനം ഉണ്ട്…………
ഒരു ദിവസം രാവിലെ ജനി വന്നതും അപ്പൂസിന്റെ റൂമിൽ നിറയെ ആളുകൾ………. ആകെ പേടിച്ചു പോയി ജനി………. ഇനി അപ്പൂസിനു വല്ലതും…………അവൾ എത്തി നോക്കി……… ദേ…. ചാരി ഇരിക്കുന്നു പയറുമണി പോലെ……… അവൾ നെഞ്ചിൽ കൈ വച്ചു ദീർഘമായി ശ്വസിച്ചു………. ജനിയെ കണ്ടതും എല്ലാവരുടെയും നോട്ടം അവളിലേക്കായി……. …
എന്നെ കൊല്ലാനാണോ ഉദ്ദേശം എല്ലാവർക്കും…………. അതിനാണോ വീണ്ടും ഇവളെ ഇവിടെ കൊണ്ടുവന്നത്……….. എന്നെ ഇവൾ നോക്കണ്ട…….. പോകാൻ പറയൂ……. എനിക്കിഷ്ടമില്ല ഇവളെ……….. ഇവളാണ് എന്നെ നോക്കുന്നതെങ്കിൽ മരുന്നും ഭക്ഷണവും ഞാൻ കഴിക്കില്ല………. ചാകട്ടെ ഇവിടെ കിടന്നു……….. എല്ലാത്തിനും അതല്ലേ വേണ്ടത്……….. അതു പറഞ് അപ്പൂസ് ജനിയെ നോക്കാതെ തിരിഞ്ഞുകിടന്നു…………
ജനിക്ക് ഒന്നും മനസ്സിലായില്ല……… ഇന്നലെവരെ തന്നോട് വളരെ സ്നേഹമായി പെരുമാറിയിരുന്ന ആളാണ്……….. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും തന്നെ വെറുത്തിരുന്നു………….. എന്തായിരിക്കും സംഭവിച്ചത്…………
അപ്പൂസിന്റെ മൂത്തമകൻ ജനിയോട് വന്നു പറഞ്ഞു………..
ഇനി മുതൽ ജനനി വരണ്ട…… അച്ഛന് ഇയാളെ കൂടെ വേണ്ടെന്നാ പറയുന്നത്……….. എനിക്കറിയാം ജനനി കാരണമാണ് അച്ഛൻ ഇത്രയെങ്കിലും നന്നായി ഇരിക്കുന്നതെന്ന്……….. പെട്ടെന്ന് എന്താ പറ്റിയതെന്ന് അറിയില്ല…………. നല്ല വാശിയാ……… പറഞ്ഞാൽ പറഞ്ഞപോലെ ചെയ്യും…….. മരുമക്കളോട് അത്രയ്ക്ക് ഇഷ്ടം ഇല്ല……… അതുകൊണ്ടാണ് ജനനിയെ ഇവിടെ വച്ചത്……….. അല്ലാതെ അച്ഛനെ നോക്കാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല………… ഞാൻ ഓഫീസിൽ വിളിച്ച് പറഞ്ഞുകൊള്ളാം………… ജനനിക്കൊരു കുഴപ്പവും ഉണ്ടാകില്ല………. പൈസ ഞാൻ അവിടെ ഏൽപ്പിച്ചേക്കാം…… കുട്ടി പൊയ്ക്കോളൂ…………..
ജനി ഒരിക്കൽ കൂടി അപ്പൂസിനെ വന്നു നോക്കി……………….കണ്ണടച്ചു കിടക്കുകയാണ്……. താൻ സ്നേഹിച്ചവരിൽ ഒരാൾ കൂടി തന്നെ വിഷമിപ്പിച്ചിരുന്നു……… നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ജനി ആ വീടിന്റെ പടികൾ ഇറങ്ങി………….ജനി പോകുന്നതിൽ ആകെ വിഷമം തോന്നിയത് മനുവിന് മാത്രമായിരുന്നുവെന്ന് തോന്നുന്നു ………
തുടരും

by