11/05/2026

ജനനി : ഭാഗം 02

രചന – രോഹിണി ആമി

അമ്മയ്ക്കും അനിക്കുട്ടനും കഴിക്കാനുള്ളതൊക്കെ ഉണ്ടാക്കി………. രണ്ടാളും കഴിച്ചില്ല……….. എങ്ങനെ ഭക്ഷണം ഇറങ്ങും………. എന്താ………. എങ്ങനാ………. എന്ന് അറിയാതെ മൂന്നു ജന്മങ്ങൾ ആ വീട്ടിൽ നിന്നും ഒന്ന് വെളിയിലേക്ക് പോലും ഇറങ്ങാൻ ആവാതെ മരവിച്ചിരുന്നു…………….

സുമേച്ചി വന്നു കുറച്ചു നേരം കൂടെയിരുന്നു……….. അതുമാത്രമായിരുന്നു ഒരാശ്വാസം……….സുമേച്ചിയുടെ കെട്ടിയോൻ ടാക്സി ഡ്രൈവറാണ്……….. കുട്ടികൾ ഇതുവരെ ആയിട്ടില്ല……….

പത്രം എടുത്തു കാണിച്ചു എന്നെ……….. അത് വായിക്കാൻ ഉള്ള ശക്തി എനിക്കില്ലായിരുന്നു………… അച്ഛന്റെ ഫോട്ടോ ഒരു വശത്ത്……… മരിച്ച രാജൻ മാമയുടെ ഫോട്ടോ ഇപ്പുറത്ത്…………..

കൊല ചെയ്യാനുണ്ടായ സാഹചര്യം മാത്രം അറിയില്ല……….. പലതും പത്രങ്ങളിലും ടിവി ചാനലിൽ കൂടി പറഞ്ഞു പരത്തുന്നുണ്ട്………

പോസ്റ്റുമോർട്ടം കഴിഞ്ഞ് രാജൻ മാമയുടെ ശരീരം വിട്ടു കൊടുത്തു…….. കൂടുതൽ വെച്ചുകൊണ്ടിരിക്കാൻ പറ്റാത്തതു കാരണം അന്ന് തന്നെ ദഹിപ്പിച്ചു………

സുമേച്ചി പോയിരുന്നു എന്ന് പറഞ്ഞു……….. അഭിയേട്ടന്റെയും അമ്മയുടെയും സഹോദരിമാരുടെയും കരച്ചിൽ കണ്ടു സഹിക്കാനായില്ല എന്ന് പറഞ്ഞു……….

ഇങ്ങനെ ഒരു കാരണം ഇല്ലായിരുന്നെങ്കിൽ ഞാനും അവിടെ കണ്ടേനെ………… എല്ലാവരെയും ആശ്വസിപ്പിക്കാൻ………. അഭിയേട്ടന്റെ മുഖം തോളിൽ ചാരി വച്ചു……… മുടിയിൽ വിരലോടിച്ചു………

ഇത്രയൊക്കെ പഠിച്ചിട്ടും ഒരു ജോലി കിട്ടാത്തതിന്റെ വിഷമം വന്നു പറയുമ്പോൾ ഇങ്ങനെ ആയിരുന്നു……….. എന്റെ ചില ആശ്വാസവാക്കുകൾ മതിയായിരുന്നു അഭിയേട്ടൻ മുഖത്തെ പുഞ്ചിരി തിരികെ കൊണ്ടുവരാൻ…………….

ഉണ്ടാക്കിയ ഭക്ഷണം ഒക്കെ തണുത്തു മരവിച്ചു……….. അവൾ ചിക്കുവിനുള്ള ഭക്ഷണം എടുത്തു വെളിയിലേക്കിറങ്ങി……….. തന്റെ ഒരു പിറന്നാളിന് അഭിയേട്ടൻ വാങ്ങി തന്നതാണ് ഇവനെ…………….

രാവിലെ ഒരു ചെറിയ ബോക്സ്‌ കയ്യിൽ കൊണ്ടു വന്ന് വെച്ചിട്ട് തുറക്കാൻ പറഞ്ഞു……… തുറന്നതും ഒരു വെളുത്ത നായ്ക്കുട്ടി…………. അന്നുമുതൽ ഇന്നുവരെ എന്റെ കൂടെയുണ്ട്………..

അഭിയേട്ടനാണ് ഇവനു ചിക്കു എന്ന് പേരിട്ടതും………… എന്നെ കണ്ടതും എന്തൊക്കെയോ പരിഭവങ്ങൾ പറയുന്നുണ്ട്…………. ഞാൻ ഒന്നും മിണ്ടാത്തതു കൊണ്ടാവണം എന്റെ കാലിന് ചുറ്റിനും വാലാട്ടി നടക്കുന്നുണ്ട്………… എന്നെപ്പോലെ തന്നെ വലിയ കാര്യമാണ് ഇവനെ അഭിയേട്ടനും……..

രാത്രിയിലും ആരും ഒന്നും കഴിച്ചില്ല……….. ഒന്നും മിണ്ടാതെ മൂന്ന് റൂമിൽ……… ഇടയ്ക്കിടയ്ക്ക് ജനി അമ്മയെ പോയി നോക്കുന്നുണ്ട്………. ഉറങ്ങാതെ കരഞ്ഞുകരഞ്ഞ് ഇരിപ്പുണ്ട്………..

പിറ്റേന്ന് കേൾക്കാൻ കഴിഞ്ഞത് അച്ഛൻ പോലീസിന് സ്വയം കീഴടങ്ങി എന്നായിരുന്നു……… പിന്നീട് ന്യൂസ് ചാനലിലെ മുന്നിലായിരുന്നു……… എന്തായിരുന്നു കൊല ചെയ്യാനുള്ള കാരണം എന്നറിയാൻ………

മദ്യത്തിന്റെ ലഹരിയിൽ വഴക്ക് ഉണ്ടായതാണെന്നും……… ആ ദേഷ്യത്തിൽ വെട്ടിയത് ആണെന്നുമാണ് മൊഴി……… അതു വിശ്വസിക്കാൻ ജനിക്ആയില്ല……………. കാരണം ഇതിനു മുൻപും രണ്ടാളും മദ്യപിക്കാറുണ്ട്……… അടി കൂടാറുണ്ട്……… രാവിലെ ഇണങ്ങുകയും ചെയ്യാറുണ്ട്………… എന്തൊക്കെയോ അച്ഛൻ മറയ്ക്കുന്ന പോലെ തോന്നി ജനിക്ക് ………

രണ്ടു ദിവസം ലീവ് വിളിച്ചു ചോദിച്ചു……. അധികമായില്ല ഹോസ്പിറ്റലിൽ കയറിയിട്ട്…… അവധി കിട്ടാൻ ഒക്കെ പാടാണ്………… എന്നാലും കിട്ടി……….

നാട്ടുകാർ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്നുണ്ട്………. ചിലർക്കൊക്കെ സഹതാപമാണ്………. ഉള്ളിൽ ചിരിക്കുവാണ് എന്ന് ജനിക്കറിയാം……….. പിന്നീട് ആരു വന്നാലും കതക് തുറക്കാതായി………… അനിക്കുട്ടൻ കോളേജിൽ പോകാൻ തുടങ്ങി…….. പോയ പോലെ അവൻ തിരിച്ചു വന്നു……… ബസ്റ്റോപ്പിൽ പോലും ചെന്നില്ല….. അതിനുമുമ്പ് നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും ആട്ടും ഏൽക്കേണ്ടിവന്നു………… ആകെ ദേഷ്യമായി അനിക്കുട്ടന്………. മുറിയടച്ച് ഒരേ ഇരിപ്പായിരുന്നു…………… ഞാനും ഒന്നും പറയാൻ പോയില്ല……..

ഇത് തന്നെയാവില്ലേ നാളെ എന്റെയും അവസ്ഥ…………… എന്തായാലും നേരിട്ട് അല്ലേ പറ്റൂ………. രാത്രിയിൽ കതകിൽ ആരുടെയോ മുട്ടുകേട്ടു………. മുട്ടുകയായിരുന്നില്ല……… തല്ലിപ്പൊളിക്കുകയായിരുന്നു എന്നുവേണം പറയാൻ………… അഭിയേട്ടനും കൂടെ അമ്മാവന്റെ മകനും……….. കതക് തുറന്ന ഉടനെ അനികുട്ടനെ തട്ടിമാറ്റി അകത്തേക്ക് വന്നു……. എന്റെ മുന്നിൽ വന്നു നിന്നു……..

അഭിയേട്ടാ……… എന്താ ഈ നേരത്തു…….

അങ്ങനെ വിളിക്കരുത് നീ………… അത് കേൾക്കുമ്പോൾ അറപ്പ് തോന്നുന്നു……. എന്നോട് തന്നെ……… പിന്നെ നിന്നെ കാണാൻ കൊതി മൂത്തു വന്നതൊന്നുമല്ല ഞാൻ………. നിന്റെ തന്ത എന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു……….. നീ നോക്കിക്കോ എന്റെ കുടുംബം വിറ്റിട്ട് ആണെങ്കിൽ കൂടി ഞാൻ അയാൾക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കും………. ഓർത്തു വച്ചോ നീ………. ഈ വീടിന്റെ സർവ്വനാശം കാണാതെ ഞാൻ അടങ്ങിയില്ല……..

അച്ഛൻ അങ്ങനെ ചെയ്യില്ല അഭിയേട്ടാ………. അച്ഛനെ കൊണ്ടാവില്ല രാജൻ മാമയെ കൊല്ലാനൊന്നും………..

പിന്നെ നിന്റെ തന്ത എന്തിനാടി കുറ്റം ഏറ്റു പറഞ്ഞത്…………. അയാൾ കൊന്നത് എങ്ങനെയാണെന്ന് വിവരിക്കുമ്പോൾ ഞാൻ അടുത്ത നിൽപ്പുണ്ടായിരുന്നു………… ഒരു തരി കുറ്റബോധവും ഇല്ലാതെ……… തല ഉയർത്തി……………അതിനുമാത്രം എന്തു തെറ്റാ എന്റെ അച്ഛൻ നിന്റെ തന്തയോട് ചെയ്തത്……..

അന്നേ ഞാൻ വിചാരിച്ചു അയാളുടെ കുടുംബത്തിന്റെ അവസാനം…….. അയാൾ നീറി ചാവണം………… എനിക്കറിയാം മകളോടുള്ള അയാളുടെ സ്നേഹം………..

പിന്നെ ഒരു സന്തോഷവാർത്ത കൂടി കേട്ടോ…… എന്റെ അനിയത്തിയുടെ കല്യാണം മുടങ്ങി……… ദുർമരണം നടന്ന കുടുംബത്തിൽ നിന്നും പെണ്ണ് വേണ്ട എന്ന്……….. കേസിന്റെ പിറകെ നടക്കാൻ അവർക്ക് സമയമില്ലെന്ന്………. എന്റെ പെങ്ങൾ ഒരുപാട് ആശിച്ചതായിരുന്നു ഈ കല്യാണം…………. അവളുടെ കണ്ണീര് കണ്ടിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്……….. ഇതിനെല്ലാം നീ അനുഭവിക്കണം ……….. അനുഭവിപ്പിക്കും……. നോക്കിക്കോ…….. അഭി പോകാനിറങ്ങി…….

കാര്യം അറിഞ്ഞിട്ട് പോരെ അഭിയെട്ടാ ഈ കുറ്റപ്പെടുത്തലുകൾ എല്ലാം…………. അച്ഛൻ ഇങ്ങനൊക്കെ ചെയ്യുമെന്ന് എനിക്ക് ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല…….

ഓഹോ……. അപ്പോൾ എന്റെ അച്ഛൻ എന്തോ കുറ്റം ചെയ്തിട്ടുണ്ടെന്ന്……. ഒരു മനുഷ്യനെ തുണ്ടം തുണ്ടമായി വെട്ടി കൊല ചെയ്ത നിന്റപ്പൻ പാവം…… നിന്റെ അപ്പനെ ന്യായീകരിക്കാൻ നിനക്കു നൂറു കാരണങ്ങൾ കാണും………. പക്ഷേ എനിക്ക് ഉറക്കത്തിൽ പോലും മീൻ കൊത്തി വലിക്കുന്ന ഒരു കൈപ്പത്തിയാണ് ഓർമ്മവരുന്നത്……….. നിന്റെ അപ്പൻ വെട്ടിയിട്ട എന്റെ അച്ഛന്റെ കൈ……. അതുകൊണ്ട് ഇവിടെ നിർത്തിക്കോ……….. ഇനി മേലാൽ അഭിയെട്ടാ എന്ന് വിളിച്ച് എന്റെ പിറകെ വന്നാൽ അഭിയുടെ വേറൊരു മുഖം കാണും നീ……… ഇതും കൂടി പറയാനാ ഞാൻ ഇപ്പോൾ വന്നത്…………. അതും പറഞ്ഞ് അനിക്കുട്ടനെ അടിമുടി നോക്കിയിട്ട് ഇറങ്ങിപ്പോയി………

കരയരുത് എന്ന് മനസ്സ് പറഞ്ഞിട്ടും കണ്ണത് അനുസരിക്കാൻ കൂട്ടാക്കിയില്ല………… എത്ര നാളത്തെ ബന്ധമായിരുന്നു………രണ്ടാൾക്കും കൂടി എന്തെല്ലാം സ്വപ്നങ്ങളായിരുന്നു ………….. ഇത്ര പെട്ടെന്ന് എങ്ങനെ വേണ്ടെന്നുവെക്കാൻ തോന്നി…….. മുറിയിൽ പോയി കുറെ നേരം ഇരുന്നു കരഞ്ഞു…………….

കോളേജിൽ പോയപ്പോൾ…….. കുശുമ്പോടെ ചോദിച്ചതാണ്…. ചുള്ളൻ ചെക്കന്മാരൊക്കെ ഉള്ളതാ…….. അവന്മാരെ ഒക്കെ കണ്ടാൽ നീയെന്നെ വേണ്ടാന്നു വക്കുവോ ജനി ……..

പിന്നേ ……. ഞാൻ അങ്ങനെ തന്നെ ചെയ്യും….. ഇതിലും നല്ല ചെക്കനെ കണ്ടാൽ ഞാൻ പ്രേമിക്കും ……ഉറപ്പായിട്ടും പ്രേമിക്കും……..

അങ്ങനെ പറഞ്ഞതിന് പിണങ്ങിയിരുന്നയാളാണ്………. കൂട്ടുകൂടാൻ ഒരുപാട് സമയമെടുത്തു ജനി……..

എനിക്ക് നിന്നെ നഷ്ടമായാൽ പിന്നെ ഞാനില്ല ജനി…….എനിക്കതു സഹിക്കാൻ പറ്റില്ല…….. എന്നു എന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞ ആളാണ് ഇന്ന് ഇങ്ങനെ പറഞ്ഞത്………..

ഇത്രയുമേ ഉണ്ടായിരുന്നുള്ളൂവോ ആ മനസ്സിൽ എന്നോടുള്ള ഇഷ്ടം………

എങ്ങനെ തോന്നി അഭിയേട്ടനു ഇങ്ങനൊക്കെ പറയാൻ ……. ഈശ്വരാ……….

പിറ്റേന്ന് രാവിലെ അനിക്കുട്ടനെ ഒരുവിധത്തിൽ കോളേജിൽ പറഞ്ഞയച്ചു……….. അമ്മയ്ക്കുള്ള എല്ലാം എടുത്തു വച്ചിട്ട് ഹോസ്പിറ്റലിലേക്ക് പോയി…………. ഇതുവരെ മാന്യമായി സംസാരിച്ചിരുന്നവർ എല്ലാം ഒറ്റദിവസംകൊണ്ട് എനിക്ക് അന്യരായി……….. രണ്ട് ചെവിയിലും ശാപവാക്കുകളും കുറ്റപ്പെടുത്തലുകളും മാത്രം……….. ചിലരുടെ വാക്കുകൾ കേട്ടാൽ ഞാൻ അച്ഛനെ കൊണ്ട് രാജൻ മാമയെ കൊല്ലിച്ചത് പോലെയുണ്ട്………. തലകുനിച്ച് ബസ്റ്റോപ്പ് വരെ എത്തി…….. ബസിൽ കയറിയപ്പോൾ എന്റെ അടുത്ത് ഇരിക്കാൻ പോലും ചിലർ അറയ്ക്കുന്നതു പോലെ………… ടിക്കറ്റ് വാങ്ങിയപ്പോൾ കണ്ടക്ടറുടെ ചൂഴ്ന്നുള്ള നോട്ടം കണ്ട് ശരിക്കും ചൂളിപ്പോയി…………

ഷോപ്പിന് മുന്നിൽ കൂടിയാണ് ബസ് പോകുന്നത്…… ആരോ ഷോപ്പ് തുറന്നിട്ടുണ്ട്…….. ആരാണെന്നറിയാൻ എത്തിനോക്കി……. അഭിയേട്ടൻ…….. തന്നെയും കണ്ടു……… പുച്ഛിച്ചു ഒരു ചിരി തന്നു……. രാജൻ മാമയും അച്ഛനും പാർട്നർഷിപ്പിൽ ആണ് ഇതു തുടങ്ങിയത്……… അപ്പോൾ ഇനി ഈ വരുമാനം നോക്കണ്ട…….സാരമില്ല………ഇതെടുത്തിട്ട് അവരുടെ നഷ്ടം കുറച്ചെങ്കിലും കുറയുന്നുണ്ടെങ്കിൽ എടുത്തോട്ടെ……..

ഇതൊക്കെ ചോദിക്കാൻ അനിക്കുട്ടനെ പറഞ്ഞുവിടാൻ മനസ്സ് അനുവദിക്കുന്നില്ല……….അവൻ ചെറുപ്പമാണ്…….. ചോദിക്കാനും പറയാനും ആരുമില്ല……… ബന്ധുക്കൾ ഇതുവരെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല…….. ആർക്കും ഒരു പൊല്ലാപ്പെടുത്തു തലയിൽ വെക്കാൻ ഇഷ്ടമില്ല………..

വേണ്ട………. ആരും വേണ്ട……. ജീവിക്കണം….. എങ്ങനെയെങ്കിലും………….. എന്നാലും മുന്നോട്ട് എങ്ങനെ എന്നുള്ള ചിന്ത ശരിക്കും വിഷമിപ്പിച്ചു…………. അനിക്കുട്ടന്റെ പഠിത്തം………. അമ്മയുടെ മരുന്ന്……… എല്ലാം……..

തുടരും