രചന – രോഹിണി ആമി
ജ്യോതിക്ക് വാക്ക് കൊടുക്കുമ്പോഴും……. ഇന്ദുവിന്റെ സ്നേഹവും വിശ്വാസവും നേടിയെടുക്കുമെന്ന് ഇന്ദ്രനോട് പറഞ്ഞുവെങ്കിലും അത് ഏത് വഴിയെന്ന് ജീവന് ആലോചിച്ചിട്ട് ഒരുപിടിയും കിട്ടിയില്ല……… ഇന്ദുവിന്റെ ഏകദേശ സ്വഭാവം തനിക്കറിയാം…………. സ്നേഹിക്കാൻ തുടങ്ങിയാൽ തന്റെ ജീവൻ കൊടുക്കും…… അത് ജ്യോതിയോടുള്ള പെരുമാറ്റത്തിൽ നിന്നും മനസ്സിലായി…….. പക്ഷേ ഒരു ദേഷ്യം തോന്നിക്കഴിഞ്ഞാൽ അവളത് പ്രകടിപ്പിക്കുക തന്നെ ചെയ്യും….. പിന്നെ തിരിഞ്ഞു നോക്കില്ല അയാളെ അവൾ……… അത് തന്നോട് കാണിക്കുന്നത് കണ്ടു മനസ്സിലായതാണ്……..
എങ്കിലും ഞാൻ വരും ഇന്ദൂ……. എന്റെ സ്വന്തമാക്കും ഞാൻ…… അതിന് ഞാൻ നിനക്കു മുന്നിൽ എവിടം വരെ താഴാനും തയ്യാറാണ്……. എന്തു ചെയ്യാനും……. എനിക്ക് വേണം ആ സ്നേഹം…….. ജീവൻ മനസ്സിൽ ഉറപ്പിച്ചു………
വൈകുന്നേരം കുറച്ചു താമസിച്ചാണ് ഇന്ദു വന്നത്……… ജ്യോതി പ്രതീക്ഷിച്ചിരുപ്പുണ്ടായിരുന്നു………. ഇന്നത്തെ മുഴുവൻ വിശേഷങ്ങളും പറയാൻ……… അവളെ കണ്ടതും ജ്യോതി എന്താ താമസിച്ചതെന്ന് കൈ കൊണ്ടു ചോദിച്ചു……….
കുറച്ചു ദിവസം പോകാതിരുന്നതല്ലേ………. പണിയുണ്ടായിരുന്നു………. ജ്യോതിയെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു…….. ബാഗിൽ നിന്നും ഒരു കവർ അവളെ ഏൽപ്പിച്ചു…….. വീൽ ചെയർ തള്ളിക്കൊണ്ട് പോയി……….
ആഹാ നീ വന്നോ……. ഉച്ച മുതൽ ഇവിടെ ഒരാൾ റോഡിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു…….. കുട്ടികൾ സ്കൂൾ വിട്ടു വരുന്നത് നോക്കിയിരിക്കും പോലെ…….. ആട്ടെ നീയെന്താ താമസിച്ചത്………….. ഇന്ദ്രൻ ജ്യോതിയെ കളിയാക്കിയിട്ട് ചോദിച്ചു ………
കുറച്ചു പണിയുണ്ടായിരുന്നു ഏട്ടാ……. അതാണ്……… ഞാനൊന്ന് ഫ്രഷ് ആവട്ടെ……. ഓടി വരാം……… ഇന്ദു പറഞ്ഞിട്ട് മുറിയിലേക്ക് പോയി……….
മുറിയിലെത്തി ബാഗ് വലിച്ചെറിഞ്ഞു കണ്ണാടിയിൽ നോക്കി………. നെറ്റിയിലെ ചുവന്ന പാടിലേക്ക് കൈയുഴിഞ്ഞു…….. ഇന്ന് ജോലിയിൽ ഒന്ന് ശ്രദ്ധിക്കാൻ കൂടി കഴിഞ്ഞില്ല……… ആകെയൊരു വീർപ്പുമുട്ടൽ ആയിരുന്നു……… അത് രാവിലെ ജീവനെ കണ്ടത് കൊണ്ടായിരുന്നോ……… എത്രമാത്രം വേണ്ടാന്നു വെയ്ക്കുന്നോ അത്രമാത്രം വലിച്ചടുപ്പിക്കുന്നുണ്ട് മനസ്സ് ജീവനെ …………. എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും മനസ്സ് മാത്രമത് കേൾക്കാൻ കൂട്ടാക്കുന്നില്ല………
ബാങ്കിൽ ചെന്നപ്പോഴും എല്ലാവർക്കും അറിയേണ്ടതും അന്വേഷിച്ചതും ജീവനെപ്പറ്റി……. മറക്കാൻ ആഗ്രഹിക്കുമ്പോഴും എല്ലാവരും കൂടി ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്നു……… അവർക്കു മുന്നിൽ നിന്ന് ചിരിച്ചു സംസാരിക്കാൻ ഞാൻ അനുഭവിച്ച ബുദ്ധിമുട്ട്……. അതാർക്കും മനസ്സിലാവില്ല…….. നെറ്റിയിലെ പാടു പോലും വേറെ രീതിയിൽ വ്യാഖ്യാനിച്ചു………. അതിൽ നിന്നുമൊക്കെ രക്ഷപെടാൻ വേണ്ടിയാണ് നേരത്തെ ഇറങ്ങിയത്……… കുറച്ചു നേരം ബീച്ചിൽ പോയിരുന്നു……… തിരകൾ നോക്കിയിരിക്കുമ്പോൾ മനസ്സിൽ ഒരു ശാന്തത തോന്നും……… സമയം പോയതറിഞ്ഞില്ല…… ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയപ്പോൾ തിരികെ പോന്നു……….
കുളിച്ചു ഫ്രഷ് ആയി ജ്യോതിക്കരികിൽ വന്നു……… എല്ലാവരും കൂടിയിരുന്നു സംസാരിച്ചു……… ഇന്ദ്രന്റെയും ജ്യോതിയുടെയും വിവാഹക്കാര്യമായിരുന്നു പറയാനുള്ളത്…….. ഒരഭിപ്രായവും പറയാതെ ഇന്ദു അമ്മയുടെ മടിയിൽ കിടന്നു…….. മുടിയിലൂടെ വിരലോടിക്കുന്നുണ്ടായിരുന്നു അമ്മ……. എല്ലാവർക്കും മനസ്സിലായി അവളുടെ ശരീരം മാത്രമേ ഇവിടെയുള്ളുവെന്ന്………. മനസ്സ് വേറെവിടെയോ ആണ്……. കൂടുതലൊന്നും സംസാരിക്കാതെ എല്ലാവരും മുറിയിലേക്ക് പോയി……….. ജ്യോതിയെ കിടത്തി ഇന്ദ്രൻ വെളിയിലേക്ക് പോയി……….. തനിച് ഇരുട്ടിലേക്ക് നോക്കിയിരിക്കുന്ന ഇന്ദുവിനെ ചേർത്തു പിടിച്ചു…….
എവിടായിരുന്നു എന്റെ ഇന്ദൂട്ടി ഇതുവരെ………. എന്തുപറ്റി ഒരു വിഷമം പോലെ……… എന്താ ഇപ്പോ ഏട്ടനോട് ഒന്നും പറയാത്തത്……… തനിച്ചിരിക്കാൻ പഠിച്ചത് എന്ന് മുതലാ നീ……… കുറച്ചേറെ ചോദ്യങ്ങൾ ചോദിച്ചു ഇന്ദ്രൻ……..
എന്നോട് ദേഷ്യപ്പെടല്ലേ ഏട്ടാ….. ഇന്ദു ഏട്ടന്റെ നെഞ്ചിലേക്ക് ചേർന്നു…….. നനവ് തട്ടിയപ്പോൾ മനസ്സിലായി അവൾ കരയുകയാണെന്ന്…….
അതിന് ഞാൻ ദേഷ്യപ്പെട്ടില്ലല്ലോ എന്റെ ഇന്ദൂട്ടിയോട്…….. ഇങ്ങനെ തനിച്ചിരുന്നു കണ്ടപ്പോൾ വിഷമം തോന്നി…….. അതുകൊണ്ടല്ലേ ചോദിച്ചത്……. എന്താ പറ്റിയെ…….. എന്തിനാ ഇന്ന് തനിച്ചു ബീച്ചിൽ പോയത്……… ഏട്ടനോട് പറയാതെ……..
ഇന്ദു തലയുയർത്തി ഇന്ദ്രനെ നോക്കി…….. ആരാ പറഞ്ഞെ ഏട്ടനോട് ഇതെല്ലാം …….
ഒക്കെ ഞാനറിഞ്ഞു……. നീ എവിടെ പോയാലും എന്തു ചെയ്താലും ഏട്ടൻ ഇവിടിരുന്നു മനസ്സിലാക്കും……. അല്ലെങ്കിൽ നിന്റെ മുഖത്തു നിന്നും വായിച്ചു മനസ്സിലാക്കും ഞാൻ…….
ഒന്നുമില്ല ഏട്ടാ…… എല്ലാവർക്കും അറിയേണ്ടത് ജീവനെക്കുറിച്ചു………… എന്റെ ജീവിതത്തെക്കുറിച്ചു………….. ഞാൻ എന്താ പറയുക…….. ആയുസ്സെത്താതെ ഒടുങ്ങിയ ബന്ധത്തെക്കുറിച്ചു……… കള്ളം പറഞ്ഞു മടുത്തു ഏട്ടാ ഞാൻ ……. എങ്ങോട്ടെങ്കിലും ഓടിപ്പോകാൻ തോന്നി……. എല്ലാവരിൽ നിന്നും മുഖം ഒളിപ്പിക്കാൻ തോന്നി………. അതാണ് ഞാൻ………
ഇന്ദ്രന്റെ ഹൃദയം മുറിയാൻ മാത്രം വേദനയുണ്ടായിരുന്നു ആ വാക്കുകൾക്ക്……… ഒന്നുകൂടി ചേർത്ത് പിടിച്ചു അവളെ………..
ഏട്ടൻ ഒരു കാര്യം പറയട്ടെ മോളോട്…….. ജീവനോട് മോൾക്ക് ക്ഷമിച്ചു കൂടെ……. ഒരേയൊരു വട്ടം……. ഒന്നു സംസാരിച്ചു കൂടെ ജീവനോട് …..
ഇന്ദു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി…….. ഞാൻ എന്താ ഏട്ടാ ജീവനോട് പറയേണ്ടത്……. എന്നെ സ്വീകരിക്കാനോ……. അതോ എന്നെ സ്നേഹിക്കണമെന്നോ……… എന്താ ഞാൻ പറയേണ്ടത്……….. ഞാൻ കെഞ്ചണോ…… അതോ കാലു പിടിക്കണോ…….. ആ പേര് ഇപ്പോൾ എനിക്ക് വേദന മാത്രമാണ് തരുന്നത്……….. കേൾക്കുമ്പോഴേ വെറുപ്പ് തോന്നുന്നു…….
എന്നെ കള്ളം പറയാൻ പഠിപ്പിച്ചയാൾ…… സ്നേഹിക്കുന്നു എന്ന് വിശ്വസിപ്പിച്ചു വഞ്ചിച്ചയാൾ……… ഇങ്ങനെ മറ്റുള്ളവർക്ക് മുന്നിൽ എന്നെ തല കുനിച്ചു നിർത്താൻ അവസരം ഉണ്ടാക്കിയ ആൾ…….. എനിക്ക് കേൾക്കണ്ട അയാളെപ്പറ്റി…….. ആ പേര് പോലും കേൾക്കാൻ ഞാനിഷ്ടപ്പെടുന്നില്ല ഇപ്പോൾ …….
കുറച്ചു നേരം എന്റെ ഏട്ടൻ കൂടെ ഇരുന്നാൽ മാത്രം മതി……. എനിക്ക് വേറൊന്നും വേണ്ടാ……
ഇന്ദ്രൻ ഇന്ദുവിനെ ചേർത്തു പിടിച്ചു നിന്നു കുറച്ചു നേരം……….. പിന്നെ പതിയെ അവളെയും കൊണ്ടു മുറിയിലേക്ക് പോയി…… ജ്യോതിക്കൊപ്പം പിടിച്ചു കിടത്തി…….. അവളുറങ്ങും വരെ കൂട്ടിരുന്നു………. ജ്യോതി ഇന്ദ്രനോട് കണ്ണുകൊണ്ടു പൊയ്ക്കൊള്ളാൻ പറഞ്ഞു……….ഒരുകൈ കൊണ്ട് ഇന്ദുവിന്റെ കൈകളിൽ തട്ടിയുറക്കി……… രണ്ടാൾക്കും പുതപ്പിച്ചു കൊടുത്തിട്ട് ഇന്ദ്രൻ ഡോറടച്ചു വെളിയിലേക്കിറങ്ങി……….
മുറിയിലെത്തിയതും ഇന്ദ്രൻ മൊബൈൽ എടുത്തു ജീവനെ വിളിച്ചു……… മുഖവുര ഇല്ലാതെ സംസാരിച്ചു തുടങ്ങി…….
എങ്ങനെയെന്നോ എന്തു ചെയ്തിട്ടെന്നോ എനിക്കറിയേണ്ട…….. എത്രയും പെട്ടെന്ന് ഇന്ദുവിന്റെ വിഷമം മാറ്റണം……. അവൾ ഓരോ ദിവസം കഴിയുംതോറും നിന്നെ വെറുത്തുകൊണ്ടേയിരിക്കുകയാണ്…….. ഇപ്പോൾ ജീവൻ എന്ന പേര് കേൾക്കുന്നതേ ദേഷ്യമായിരിക്കുന്നു………. അവളുടെ പിറകെ നിഴൽ പോലെ എപ്പോഴും നടന്നിട്ട് കാര്യമില്ല……. അവളുടെ മുന്നിൽ……. കണ്മുന്നിൽ കാട്ടിക്കൊടുക്ക് നീയവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്…….. അവളുടെ വിഷമം കണ്ടിട്ട് സഹിക്കുന്നില്ല ജീവൻ ………. ഇന്ന് ആദ്യമായിട്ടാണ് അവൾ തനിച്ചു ഇരുന്നു വിഷമിക്കുന്നത് കണ്ടത്……… നിസ്സാരമെന്ന് കരുതി വിടാൻ ആവുന്നില്ല എനിക്ക്…….
അവളുടെ മനസ്സിൽ ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട് നിന്നോട്……. അതിന് അവളെ പറഞ്ഞിട്ടും കാര്യമില്ല……… എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം ഉണ്ടാക്കാൻ നോക്കണം……. എത്രയും പെട്ടെന്ന്……….
മ്മ്……. ഒരു മൂളലിൽ അവസാനിപ്പിച്ചു ജീവൻ ആ കാൾ……..
ഞാൻ വരുന്നു ഇന്ദു നിന്റെ മുന്നിലേക്ക്…….. വെറുപ്പ് ആണെങ്കിലും ദേഷ്യം ആണെങ്കിലും ഞാൻ ഉണ്ടാവും നിന്റെ മുന്നിൽ………. എന്റെ ഉള്ളിലുള്ളത് നിന്നെയറിയിക്കാൻ…….
പിറ്റേന്ന് എഴുന്നേൽക്കാൻ മടിച്ചു കിടന്നു ഇന്ദു……… ജ്യോതി വിളിച്ചെഴുന്നേല്പിച്ചു…….. അതുകൊണ്ട് മാത്രം എഴുന്നേറ്റു……… ജ്യോതിയെ കുളിപ്പിച്ച് മുറിയിൽ ഇരുത്തിയിട്ട് കുളിക്കാൻ പോയി…….. തിരിച്ചിറങ്ങിയപ്പോൾ മുറിയിൽ ജ്യോതിക്കൊപ്പം ജീവനും ഇന്ദ്രനും ഉണ്ടായിരുന്നു……… പെട്ടെന്ന് ഇന്ദു വല്ലാതായി…….. പിന്നീട് മുഖം പതിയെ തെളിഞ്ഞു………. അവിടെ അങ്ങനെ ഒരാളെ ഇന്ദു ശ്രദ്ധിച്ചതേയില്ല…….. പക്ഷേ ജീവന്റെ ശ്രദ്ധ മുഴുവൻ ഇന്ദുവിന്റെ മുഖത്തേക്കായിരുന്നു………
ഇന്ദു പതിയെ വെളിയിലേക്കിറങ്ങി……. അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ അവിടെ ജ്യോതിയുടെ അമ്മ ഉണ്ടായിരുന്നു……… രണ്ടാളും കൂടെ ചായ എടുക്കാനുള്ള പെടാപ്പാട് ആണ്…….. അവരെ അവിടെ നിന്നും മാറ്റിയിട്ടു ഇന്ദു ചായ ഇടാൻ തുടങ്ങി……….. എല്ലാം എടുത്തു കൊണ്ട് ഹാളിൽ വന്നപ്പോഴേക്കും എല്ലാവരും എത്തിയിരുന്നു അവിടെ……..
ഇന്ദ്രൻ ഇന്ദുവിനെ പിടിച്ചു അടുത്തേക്കിരുത്തി……… ഇന്ന് പോകാതിരുന്നുകൂടെ ന്നു ചോദിച്ചു………. അവൾ സമ്മതമെന്നു തലയാട്ടി………. അല്ലെങ്കിലും ഏട്ടൻ എന്തു പറഞ്ഞാലും അനുസരിച്ചു മാത്രമേ ശീലമുള്ളൂ……… ഇനിയും അങ്ങനെ തന്നെ ആവും………
ഞങ്ങൾ വന്നത് ഇന്ദുമോളെ വീട്ടിലേക്ക് കൊണ്ടുപോകാനാണ്……….. ജീവന്റെ അച്ഛന്റെ ശബ്ദം കേട്ട് ഇന്ദു ഒന്നു ഞെട്ടി…….. ഇന്ദ്രന്റെ കയ്യിൽ ഇന്ദുവിന്റെ കൈ മുറുകി…… അവളുടെ കയ്യിൽ പതിയെ തലോടിക്കൊണ്ടിരുന്നു ഇന്ദ്രൻ……..
ചെയ്തതെല്ലാം തെറ്റാണ്…….. അത് തിരുത്താൻ ഇന്ദു എനിക്കൊരവസരം തരണം……… എല്ലാവരുടെയും മുന്നിൽ വെച്ച് ഞാൻ ക്ഷമ ചോദിക്കുന്നു ഇന്ദുവിനോട്…….. എന്നോട് ക്ഷമിക്കാനാവില്ലേ ഇന്ദൂന്…….. എന്റൊപ്പം വരില്ലേ…… നമ്മുടെ വീട്ടിലേക്ക്…….. ജീവൻ തല താഴ്ത്തി ഇരിക്കുന്ന ഇന്ദുവിനോടായ് ചോദിച്ചു……..
ഒന്നും മിണ്ടാതെ…… ആരെയുമൊന്ന് നോക്കാതെ ഇരിക്കുന്ന ഇന്ദുവിനോടായി ഇന്ദ്രൻ പറഞ്ഞു……….
ഒന്നു ജീവന് പറയാനുള്ളത് കേട്ടുകൂടെ ഇന്ദൂട്ടി……. ഏട്ടന് വേണ്ടി…… പ്ലീസ്……..ഒന്നു സംസാരിക്കുമോ ജീവനോട് …… മനസ്സു തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളൂ…….
ഉള്ളോ ഏട്ടാ……. അത്രയും പ്രശ്നമേ ഉള്ളുവെന്നാണോ ഏട്ടനും തോന്നിയത്…….. എന്റെ ഉള്ളിലുള്ളതെല്ലാം പറഞ്ഞിട്ടും ഏട്ടന് ഇത്രയും നിസ്സാരമായിട്ടാണോ തോന്നിയത്….. ഞാൻ അത്രയ്ക്കും ഭാരമാണോ ഏട്ടനും ഈ വീട്ടിൽ ഉള്ളവർക്കും…… ആണോ…… ഇന്ദു ഇന്ദ്രനോട് ചോദിച്ചു………
എന്താ ഇന്ദൂട്ടി നീയീ പറയുന്നത്……… ഇങ്ങനെ ഒന്നും ഏട്ടനോട് പറയരുത് മോളെ……. നീയെങ്ങനെ എനിക്കൊരു ഭാരമാകും…….. എന്റെ അനിയത്തി മാത്രമാണോ നീ…… നിന്നെ അങ്ങനെ ആണോ ഏട്ടൻ കാണുന്നത്…….. ഇന്ദ്രൻ ഇന്ദുവിന്റെ മുഖം കൈകളിലെടുത്തു പറഞ്ഞു………
പിന്നെയെന്തിനാ ഏട്ടാ എന്നെ വീണ്ടും ഈ വീട്ടിൽ നിന്നും പറഞ്ഞു വിടാൻ നോക്കുന്നത്……. ഞാനിവിടെ നിന്നോട്ടെ പ്ലീസ്……… ഒരിക്കൽ എല്ലാവരുടെയും അനുഗ്രഹം വാങ്ങി പോയതല്ലേ ഞാൻ………. എന്നിട്ടെന്തായി……… ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി………
മോളേ ഇന്ദൂ….. ഒരുവട്ടം നീയൊന്ന് ജീവൻ പറയുന്നത് കേൾക്കാൻ മനസ്സ് കാണിക്കുമോ ……… ജീവന്റെ അച്ഛനാണ്……..
ജീവൻ പറയുന്നത് മാത്രമേ ഞാൻ കേട്ടിട്ടുള്ളൂ അച്ഛാ…….. ഇല്ലെങ്കിൽ ജീവൻ പറയട്ടെ…….. കയ്യിൽ പിടിച്ചു ഇറക്കി വിട്ടപ്പോൾ പോലും മറുത്തൊന്ന് ഞാൻ പറഞ്ഞിട്ടില്ല…… അനുസരിച്ചില്ലേ ഞാൻ……. അന്ന് കഴിഞ്ഞുവെന്നാണ് പറഞ്ഞത് ജീവന്റെ കൂടെയുള്ള ജീവിതം………. അതും ഞാൻ അനുസരിക്കുവാണ്………. ഇന്ദു കണ്ണുകൾ അമർത്തി തുടച്ചു………
മോളെ…….. ഞങ്ങൾക്ക് വേണ്ടിയെങ്കിലും ഒന്ന് ക്ഷമിക്കില്ലേ നീ……. ജീവന്റെ അമ്മ ചോദിച്ചു……
ഇന്ദു ദയനീയമായി അമ്മയെ ഒന്നു നോക്കി……. അച്ഛനോടും അമ്മയോടും ഇങ്ങനെ ഒക്കെ പറയാൻ തന്നെ വിഷമമുണ്ട്……… എനിക്ക് പറ്റില്ല അമ്മേ ഇനിയും……… ജീവനെക്കുറിച്ചു ഒരു നല്ല ഓർമ്മ പോലുമില്ല എന്റെ മനസ്സിൽ….. എന്നെ ഇങ്ങനെ വിഷമിപ്പിക്കരുത് എല്ലാവരും കൂടി……… ഇന്ദു പറഞ്ഞിട്ട് എഴുന്നേറ്റു….. പിന്നെ എല്ലാവരോടുമായി പറഞ്ഞു…….
എനിക്ക് ജീവന്റെ കൂടെ ഒത്തുപോകില്ലെന്നേ ഞാൻ പറഞ്ഞുള്ളൂ…….. എന്നു കരുതി…… ഏട്ടന്റെയും ജ്യോതിയുടെയും കാര്യത്തിന് ഒരു മുടക്കവും ഉണ്ടാവരുത് ……. ജ്യോതി ഈ വീട്ടിൽ തന്നെയുണ്ടാവും എന്റെ ഏട്ടന്റെ പെണ്ണായിട്ട്……. എന്റെ സഹോദരിയായിട്ട്……..
അവിടം വിട്ടു പോകാനൊരുങ്ങിയ ഇന്ദുവിനെ ജീവന്റെ അച്ഛന്റെ ശബ്ദം പിടിച്ചു നിർത്തി……..
ഇന്ദുവിന്റെ തീരുമാനം ഇതാണെങ്കിൽ ഞാൻ എന്റെ തീരുമാനം പറയാം…….. എന്റെ മകന്റെ പെണ്ണായിട്ട് കയറി വന്നതും ഞങ്ങൾ മകളായി സ്നേഹിച്ചതും ഇന്ദുവിനെയാണ്……… ഈ ജന്മത്തിൽ ജീവന്റെ ഭാര്യ ഇന്ദു മാത്രമായിരിക്കും………. വേറൊരു പെണ്ണിനും ജീവന്റെ ജീവിതത്തിൽ സ്ഥാനമുണ്ടാവില്ല……
അത് അച്ഛനായിരുന്നില്ല പറയേണ്ടത്……… പറയേണ്ടയാൾ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനെ……… എന്തിനാണ് വീണ്ടും വീണ്ടും ഇങ്ങനെ നിർബന്ധിക്കുന്നത്……. ഒരിക്കലും ജീവന് എന്നെ സ്നേഹിക്കാനാവില്ല………. പിന്നെ എല്ലാവരുടെയും സന്തോഷത്തിനു വേണ്ടി സ്വന്തം സന്തോഷം കളഞ്ഞിട്ടൊരു ജീവിതം…… അല്ലെങ്കിൽ അനിയത്തിക്ക് വേണ്ടിയൊരു ജീവിതം…….. അതുമല്ലെങ്കിൽ എന്നോടുള്ള സിംപതിയുടെ പുറത്ത്……… അങ്ങനെ രണ്ടുപേർ ജീവിച്ചാൽ ജീവിതം ആകുമോ……. എനിക്കാരുടെയും സഹതാപം വേണ്ടാ…….. അച്ഛനും അമ്മയും ഇരിക്കുന്നത് കൊണ്ടു താലി ഊരി തരാൻ സാധിക്കുന്നില്ല…….. ഇത് കഴുത്തിലേക്കിട്ടത് മര്യാദയോടെയല്ലേ……. അതേ മര്യാദയോടെ ഞാനിതു തിരിച്ചു ഏൽപ്പിച്ചേക്കാം………. ഉടനെ തന്നെ………
ഇന്ദൂ………. ജീവന്റെയും ഇന്ദ്രന്റെയും ശബ്ദം ഒരേപോലെ ഉയർന്നു………….
മര്യാദക്ക് സംസാരിക്ക് ഇന്ദൂ……… ഇങ്ങനെ ആണോ വീട്ടിൽ വന്നവരോട് സംസാരിക്കുന്നത്…….. അതും മുതിർന്നവരോട് ……… ഒരു മര്യാദ കൊടുക്കാതെ…….. ഇന്ദ്രന്റെ ശബ്ദം ഉയർന്നു……….
ഇന്ദു ഒന്നു ഞെട്ടി……. ആദ്യമായിട്ടാ ഏട്ടൻ ഇത്രയും ദേഷ്യത്തിൽ സംസാരിക്കുന്നത്……..
ഇത്രയും മര്യാദ പോലും എനിക്ക് ആ വീട്ടിൽ കിട്ടിയിട്ടില്ല ഏട്ടാ……… ഏട്ടനറിയില്ല……. ജീവൻ പറഞ്ഞ ഓരോ വാക്കും ഇന്നുമെന്റെ മനസ്സിലുണ്ട്……… മറക്കാൻ കഴിഞ്ഞിട്ടില്ല……… അത് അനുഭവിച്ചു തന്നെ അറിയണം……… ചുറ്റിനും പുതിയ ആളുകളും…… ഉൾക്കൊള്ളാൻ വയ്യാത്ത സ്വഭാവങ്ങളും……… ഒന്നു മനസ്സ് തുറന്നു സംസാരിക്കാനോ കേൾക്കാനോ ആരുമില്ലാതെ……അങ്ങനെ ഒന്ന് ഏട്ടൻ അനുഭവിച്ചു തന്നെ അറിയണം…….. എങ്കിലേ മനസ്സിലാവൂ എന്റെ വേദന……
കണ്ണ് നിറഞ്ഞതൊന്ന് തുടച്ചു കളയാൻ പോലും നിൽക്കാതെ ഇന്ദു മുറിയിലേക്ക് പോയി…….. ബെഡിലേക്ക് വീണു……… പൊട്ടിക്കരഞ്ഞു……. ഇത്രയും ദിവസം പിടിച്ചു വെച്ച വിഷമങ്ങൾ എല്ലാം ഒഴുക്കി കളഞ്ഞു……….
ആരുമൊന്നും മിണ്ടാതിരുന്നു………ജ്യോതി കണ്ണുനീർ തുടച്ചു……… അവളുടെ ഉള്ളിൽ താൻ പറഞ്ഞ വാക്കുകൾ എത്ര മാത്രം അവളെ മുറിവേൽപ്പിച്ചുവെന്ന് ജീവന് മനസ്സിലായി…….. അത് ഉൾക്കൊള്ളാൻ ഇപ്പോൾ തന്നെക്കൊണ്ടാവുന്നുണ്ട്……… ജീവൻ എഴുന്നേറ്റു ഇന്ദുവിന്റെ മുറിയിലേക്ക് നടക്കാൻ തുടങ്ങവേ ഇന്ദ്രൻ ജീവനെ തടഞ്ഞു നിർത്തി ……………
വേണ്ടാ ജീവൻ…….. ഞാൻ പറഞ്ഞില്ലേ എനിക്ക് അവൾക്കൊപ്പമേ നിൽക്കാനാവൂ………. അവളെ ഇനിയും വേദനിപ്പിക്കാൻ വയ്യ……. അത് ആർക്കും സഹിക്കാനാവില്ല…….. അവൾക്കൊപ്പം പോകാത്തത് ആ കണ്ണുനീർ കാണാൻ കഴിയാത്തത് കൊണ്ടാണ്……..
ഇല്ല ഇന്ദ്രൻ…….. ഞാനിനി അവളെ വേദനിപ്പിക്കില്ല….. ഒരിക്കലും…… പക്ഷേ എനിക്കറിയണം…. അവൾ തന്നെ പറയണം ഇനിയീ ജീവൻ അവളുടെ ജീവിതത്തിൽ വേണ്ടെന്ന്……… ഒരിക്കൽ കൂടി എനിക്കൊന്നു സംസാരിക്കണം…… പ്ലീസ് ഇന്ദ്രൻ….. പ്ലീസ്…….
ജീവൻ കെഞ്ചി………. ഇന്ദ്രൻ പതിയെ കയ്യെടുത്തു മാറി നിന്നു……….. ജീവൻ ഇന്ദുവിനരികിലേക്ക് നടന്നു……….
ബെഡിൽ കമഴ്ന്നു കിടന്നു ഏങ്ങലടിക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ ജീവന് വിഷമം കൂടി….. ഇന്ദുവിന്റെ അരികിൽ വന്നിരുന്നു…… തോളിൽ കൈ വെച്ചു……… അവളൊന്നു നോക്കുക കൂടി ചെയ്യാതെ കൈ തട്ടി മാറ്റി……….. കുറച്ചു നേരത്തിനു ശേഷം ഒന്നുകൂടി തോളിൽ പിടിച്ചു………..
ഒന്നു നോക്കാതെ ഇന്ദു ചാടിയെഴുന്നേറ്റു ജീവനെ കെട്ടിപ്പിടിച്ചു……… ജീവന് ശ്വാസം നിലക്കും പോലെ തോന്നി…….
എന്നെ വഴക്കു പറഞ്ഞില്ലേ……… എന്നോട് ദേഷ്യപ്പെട്ടില്ലേ……. ജീവന്റെ പുറത്തു അടിച്ചു…… പിന്നെന്തോ ബോധം വന്നതുപോലെ മുഖം തോളിൽ നിന്നു മാറ്റി മുഖത്തേക്ക് നോക്കി……… അകന്നു മാറാൻ നോക്കിയ ഇന്ദുവിനെ ജീവൻ ഒന്നുകൂടി ചേർത്തു പിടിച്ചു…………
ഇന്ദൂ……. ഒരു മിനിറ്റ്……..ഞാൻ പറയുന്നത് കേൾക്കണം……. കേട്ടേ പറ്റു……. ഞാൻ നിന്നോട് ദേഷ്യം കാണിച്ചിരുന്നപ്പോൾ എന്നെ പൂർണ്ണമായും മനസ്സിലാക്കിയിരുന്നവളാ നീ…….. പിന്നെന്താ………… ഇപ്പോളിങ്ങനെ………. ഒന്നു കേൾക്കാൻ പോലും നിൽക്കാതെ…….
ഞാൻ ജ്യോതിയുടെ ജീവിതം സേഫ് ആക്കാൻ വേണ്ടിയാണ് നിന്നോട് സ്നേഹം കാണിക്കുന്നതെന്ന് വിചാരിച്ചോ …… എന്റെ സ്നേഹം ഒരിക്കൽ പോലും നീ തിരിച്ചറിഞ്ഞിട്ടില്ലേ ഇന്ദൂ…….. സത്യം പറ…….
എനിക്കൊന്നും കേൾക്കാൻ താൽപ്പര്യമില്ല ജീവൻ…… എന്നെ വെറുതെ വിട്ടേക്ക്…….ഇന്ദു സർവ്വ ശക്തിയുമെടുത്തു എതിർത്തു……..
ഇല്ല ഇന്ദൂ……. നിന്നെ വെറുതെ വിടാൻ എനിക്ക് ഉദ്ദേശമില്ല…….. ഈ ജീവന് ജീവനുള്ളിടത്തോളം കാലം നീ എന്റെ കൂടെ ഉണ്ടാവും…….. അതിനി കുറച്ചു നിർബന്ധം പിടിച്ചിട്ടാണെങ്കിൽ… അങ്ങനെ….
മര്യാദക്ക് വിട്ടോളൂ ജീവൻ…….. അറിയാമല്ലോ എന്നെ…….. എനിക്ക് ഇഷ്ടമില്ലാത്തവർ എന്റെ ശരീരത്തു തൊടുന്നത് എനിക്കിഷ്ടമില്ല…….. അതിപ്പോൾ ഭർത്താവ് ആയിരുന്ന ആളാണെങ്കിൽ പോലും….
ജീവൻ ഒന്നാലോചിച്ചു കുറച്ചു നേരം……. ചെറിയൊരു ഭയം തോന്നി………. ഇപ്പോൾ നിനക്ക് മുന്നിൽ തോറ്റാൽ എനിക്ക് പിന്നെ ഈ ജീവിതകാലം മുഴുവൻ തോൽവികളായിരിക്കും……… എന്റെ അവസ്ഥ മനസ്സിലാക്കി നീയത് മുതലാക്കും…….. ഇല്ല ഇന്ദൂ……. ഇനിയൊരു തിരിച്ചു പോക്കില്ല……… നീയില്ലാതെ………. ജീവൻ ആലോചിച്ചിട്ട് ഒന്നുകൂടി പിടി മുറുക്കി……..
തുടരും 💕💕💕💕

by