സെൽവി, വീട്ട്ക്ക് ഒരു ഗസ്റ്റ് വന്താച്ച്, ഈവനിംഗ് പാക്കലാം….
അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ച് ചെറുചിരിയോടെ ബൈക്ക് സ്റ്റാർട്ട് ആക്കിയിരുന്നു അവന്റെ പുറകിലേക്ക് കയറിയിരുന്നവളുടെ കൈപിടിച്ച് തൻറെ വയറോടെ ചേർത്തുവച്ചു
ഹോസ്റ്റലിനു മുൻപിലേക്ക് സെൽവിയെ ഇറക്കിയതിനു ശേഷം നേരെ വീട്ടിലേക്ക് തന്നെയാണ് സോളമൻ പോയത്. അമ്മ വിളിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി കാര്യങ്ങളെല്ലാം പെന്റിംഗ് വയ്ക്കും അവൻ. പണ്ട് മുതലേയുള്ള ഒരു രീതിയാണ്. വീട്ടിലേക്ക് കയറിയപ്പോൾ തന്നെ അവൻ ആദ്യം നോക്കിയത് പോർച്ചിൽ സണ്ണിയുടെ കാർ ഉണ്ടോന്നാണ്. അതില്ലെന്ന് കണ്ടപ്പോൾ തന്നെ അവന് പകുതി ആശ്വാസം തോന്നിയിരുന്നു.
” അമല കൊച്ചേ എന്നാ എടുക്കുവാ…?
ഹോളിലേക്ക് കയറി അവനൊന്ന് നീട്ടി വിളിച്ചു..
” കിടന്ന് കൂവണ്ടെടാ ഞാൻ ഇവിടെ തന്നെയുണ്ട്.
ചെറുചേരിയോടെ അകത്തു നിന്നും അമല ഇറങ്ങി വന്നു.
” നിനക്ക് കുറച്ച് നേരത്തെ വരത്തില്ലായിരുന്നോ..?അങ്ങനെ ആയിരുന്നെങ്കിൽ പപ്പയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാരുന്നല്ലോ.
” അത് ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ ഇത്രയും താമസിച്ചു വന്നത് എവിടെ? പോയോ?…
” ഇപ്പോ അങ്ങോട്ട് ഇറങ്ങിയത് ഉള്ളൂ…
“ഭാഗ്യം..! ഇല്ലെങ്കിൽ രാവിലെ തന്നെ ഒരു രണ്ട് പ്ളേറ്റ് ഉപദേശം ഞാൻ വെറും വയറ്റിൽ കഴിക്കേണ്ടി വന്നേനെ…
ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് അവൻ പറഞ്ഞു.
” വെറുതെയല്ലല്ലോ പപ്പ പറയുന്നത്, അതിനുള്ള കാരണങ്ങൾ ഒക്കെ നീ ഉണ്ടാക്കി വെച്ചിട്ടല്ലേ… പറയുന്നതിൽ എന്തൊക്കെയോ സത്യമുണ്ടെന്ന് എനിക്ക് തോന്നുന്നത്…നിനക്ക് ചെറിയ ചില ചുറ്റിക്കളികളൊക്കെ ഉണ്ട്.
“ഞാൻ ഈ വീട്ടിനുള്ളിൽ ഇരിക്കുന്നത് കൊണ്ട് ഒന്നും അറിയുന്നില്ലെന്ന് മാത്രം. ചെറിയ ചില ചുറ്റിക്കളികൾ ഇല്ലാത്ത ആരാ ഉള്ളത് എന്റെ കൊച്ചേ,
” എടാ മോനെ എന്നാലും പെൺപിള്ളേരുടെ മനസ്സിൽ ആശ കൊടുത്ത് അവരെക്കൊണ്ട് വിഷമിപ്പിക്കുന്നതൊന്നും അത്ര നല്ല സ്വഭാവമല്ല. അതൊക്കെ ശാപം കിട്ടുന്ന പരിപാടിയാ, ആ ശാപം മൂന്നു തലമുറയോളം നിൽക്കും. പെണ്ണിന്റെ ശാപം വാങ്ങി വെച്ചാൽ ഉണ്ടല്ലോ മരണസമയത്ത് വെള്ളം പോലും കിട്ടില്ല….
വേദനയോടെ അമല പരിതപിച്ചു..
” അങ്ങനെ ശാപം മേടിച്ചു വയ്ക്കാനും മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല എന്റെ അമല കൊച്ചെ, കോളേജിൽ പഠിക്കുന്ന സമയത്ത് രണ്ടുമൂന്ന് അഫയർ ഉണ്ടായിരുന്നു. അതൊക്കെ ടൈംപാസ്, എനിക്ക് മാത്രമല്ല അവളുമാർക്കും അങ്ങനെ തന്നെ ആയിരുന്നു. പിന്നെ ഞാനൊരു സ്ത്രീലമ്പടൻ ഒന്നുമല്ല, പ്രേമമല്ലാതെ എന്റെ കാര്യത്തിൽ മറ്റോരു പേടിയും അമല കൊച്ചിന് വേണ്ട.. ഇന്നേവരെ ഒരു പെണ്ണിനെ പോലും വേണ്ടാത്ത രീതിയിൽ ഞാനൊന്ന് തൊട്ടിട്ട് പോലുമില്ല. പിന്നെ ആശയുടെ കാര്യം, ഞാൻ ഒരുത്തിക്കും ഇന്ന് വരെ ഒരാശയും കൊടുത്തിട്ടില്ല. അവളുമാരോടു ഞാൻ കല്യാണം കഴിക്കാമെന്ന് ഒരു വാക്കും കൊടുത്തിട്ടില്ല. കല്യാണം പോലും വേണ്ട എന്നുള്ള രീതിയിലാണ് ഞാൻ. .
” അയ്യോടാ ആകപ്പാടെ ഒരു ആൺന്തരി ഉള്ളത് ആണ്. അങ്ങനെയുള്ള നീ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവുന്നത്,
അമല പേടിയോടെ പറഞ്ഞു
” എന്റെ അമ്മ കൊച്ചേ ഈ കല്യാണം എന്നൊക്കെ പറഞ്ഞാൽ വലിയ ഭാരവാന്നേ. ഇപ്പൊ തന്നെ കണ്ടില്ലേ എന്റെ പാവം അമല കൊച്ച് ആ കർക്കശക്കാരനായ സണ്ണിച്ചായനെ സഹിക്കേണ്ടി വന്നില്ലേ..? കല്യാണം ഇല്ലായിരുന്നെങ്കിൽ രക്ഷപ്പെട്ടു പോകാമായിരുന്നു.
” സോളമ നീ അടി മേടിക്കും കേട്ടോ, എന്റെ സണ്ണിച്ചായന് ഒരു കുഴപ്പവുമില്ല. എനിക്ക് അങ്ങേര് ഓക്കേയാ,
“ഓ… ഓ.. അത് പറഞ്ഞപ്പോഴേക്കും മൂക്കൊക്കെ ചുവന്നല്ലൊ, കെട്ടിയോനെ കുറിച്ച് പറയുമ്പോഴത്തേക്ക് റൊമാന്റിക് ആവും..
അവരുടെ മൂക്കിൽ പിടിച്ച വലിച്ചുകൊണ്ട് അവൻ പറഞ്ഞു.
” ഞങ്ങൾ ഇപ്പോഴും പ്രണയിക്കുക തന്നെയാണ് നീയൊന്നും അങ്ങനെയല്ലല്ലോ. നിനക്ക് ഓരോ മാസവും ഓരോന്നല്ലേ, ഇതിനെയൊക്കെ പ്രണയം എന്ന് തന്നെയാണോടാ പറയുന്നത്. ഞാനും നിന്റെ പപ്പയും തമ്മിൽ കല്യാണം കഴിക്കുന്ന സമയത്ത് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സ് മാറിയില്ല. ഞങ്ങളുടെ മനസ്സിൽ സ്നേഹം ഉള്ളതുകൊണ്ടാണ്, നിന്റെ മനസ്സിൽ അങ്ങനെയൊന്നുമില്ല. ചുമ്മാ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നത് അല്ലാതെ ഇതൊന്നും സ്നേഹമല്ല. എനിക്ക് എപ്പോഴെങ്കിലും പ്രണയം ഉണ്ടെന്ന് ഞാൻ അമല കൊച്ചിനോട് പറഞ്ഞിട്ടുണ്ടോ.? അങ്ങനെ ജീവിതകാലം മുഴുവൻ എടുത്തു തല വെക്കാനും മാത്രമുള്ള ഒരുത്തിയെയും ഞാൻ ഈ കാലത്തിനിടയ്ക്ക് കണ്ടിട്ടില്ല. അങ്ങനെ ആരെങ്കിലും വരുന്നെങ്കിൽ നോക്കാം നമുക്ക് പറ്റുമോന്ന്.
” എന്റെ സോളമ നീ എന്നാടാ ഇങ്ങനെ ആയിപ്പോയത്…പെൺപിള്ളേരെ പറ്റിക്കും എന്നല്ലേ ഈ പറഞ്ഞതിന്റെ അർത്ഥം..?
സംശയം തീരാതെ അമല ചോദിച്ചു.
” എന്നാ പറഞ്ഞെന്നാ ഈ പറയുന്നത്.
” ഇനി ഏതെങ്കിലും പെൺപിള്ളേര് ഇവിടെ കേറിവന്ന നിന്റെ കൂടെ എന്നെയും ഇറക്കി വിടുന്നാണ് പപ്പ പറയുന്നത്. ഞാനാ നിനക്ക് എല്ലാത്തിനും ഒത്താശ ചെയ്യുന്നതെന്ന്. നീ എന്നോട് പറഞ്ഞിട്ടാണോടാ കണ്ട പെമ്പിള്ളേരെ പ്രേമിക്കാൻ പോകുന്നത്.
” അങ്ങനെയൊന്നും ഉണ്ടാകില്ല. അന്ന് ധന്യ തിരക്കി ഇവിടെ വന്നത് എന്നെ കാണാഞ്ഞിട്ട് ആണ്. അല്ലാതെ ഇവിടെ കേറി താമസിക്കാൻ വേണ്ടി ഒന്നും വന്നതല്ല. പിന്നെ ആരാ എന്താണെന്ന് ചോദിച്ചപ്പോൾ അവൾ എന്തൊക്കെയോ പറഞ്ഞുവെന്നെ ഉള്ളൂ.
“‘ എന്തൊക്കെയാ പറഞ്ഞെന്നോ, ഞാൻ കെട്ടാൻ പോകുന്ന ചെറുക്കൻ ആണ് സോളമെന്നാണ് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞത്.
“‘ അതിപ്പോൾ എനിക്ക് അവളോടുള്ള ഇത്തിരി ഇന്റിമേറ്റ് ആയ ഫ്രണ്ട്ഷിപ്പ് അവള് വേറൊരു രീതിയിൽ എടുത്തത് എന്റെ കുറ്റമാണോ.? ഞാൻ ഒരിക്കൽ പോലും അവളോട് പറഞ്ഞിട്ടില്ല കല്യാണം കഴിക്കാമെന്ന്,
” ഇതുതന്നെയാ പപ്പ പറയുന്നത് നീ പെമ്പിള്ളാരോട് എല്ലാം വെറുതെ ഓരോന്ന് പറഞ്ഞ് മോഹം കൊടുക്കുകയാണെന്ന്.
” എന്റെ പൊന്നു അമ്മച്ചി ഇവളുമാരെല്ലാം ഭൂലോക ഉടായിപ്പ് ആണ്. എന്നെക്കാൾ ഉടായിപ്പ് പഠിച്ചോളുമാരാ. അവളുമാർക്ക് വേണ്ടത് കല്യാണം ഒന്നുമല്ല, ഈ ചെന്നൈയിൽ ഇങ്ങനെ അടിച്ചുപൊളിച്ചു നടക്കാനുള്ള കുറച്ചു പോക്കറ്റ് മണി, അതിനു ക്യാഷ് ഉള്ള ഒരുത്തൻ, അവനെ ഊറ്റി ഊറ്റി ഒരു പരുവം എത്തുമ്പോൾ ഇവളുമാര് തന്നെ വിടും. അല്ലാതെ വേറൊരു സംഭവം ഇതിനകത്ത് ഇല്ലെന്നേ.. പിന്നെ നമുക്ക് കിട്ടുന്ന ഒരു ബോണസ് എന്ന് പറഞ്ഞാൽ കാമുകന്മാർ ആണെന്ന് പറഞ്ഞു നടക്കാം എന്നേയുള്ളൂ. അല്ലാതെ അമ്മച്ചി പറയുന്ന ഒരു ചുറ്റിക്കളിക്കും ഞാൻ പോകത്തില്ല. ഇനിയിപ്പോൾ എന്റെ സ്പർശനം കൊണ്ട് ഒരു പെണ്ണ് കളങ്കപ്പെട്ടാൽ അവളെ ഈ സോളമൻ തന്നെ കെട്ടും.. അതിനുള്ള ചങ്കുറപ്പ് എനിക്കുണ്ട്. അമ്മച്ചിടെ മോനല്ലേ ഞാൻ, ഞാനായിട്ട് ഒരു പെൺകൊച്ചിന്റെ ജീവിതം തകർക്കില്ല. അവൾക്ക് മനസ്സ് നിറയെ കെട്ടാമെന്നും പറഞ്ഞ് ആശ കൊടുത്തിട്ട് അവളെ പേരുവഴിയിൽ ഉപേക്ഷിക്കുകയല്ല. ഇതിനപ്പുറം ഓരു ഉറപ്പ് എനിക്ക് തരാൻ പറ്റത്തില്ല. ഇത് ഞാൻ വെറുതെ പറയുന്നതല്ല, വേണമെങ്കിൽ ബൈബിളിതൊട്ട് സത്യമിടാം, അല്ലെങ്കിൽ വേണ്ട എന്റെ അമല കൊച്ചാണ് സത്യം.
അവരുടെ തലയിൽ പിടിച്ച് അവൻ സത്യം ചെയ്തപ്പോൾ അവരുടെ മുഖം ഒന്ന് ചുളിഞ്ഞിരുന്നു…
” ദൈവമേ എന്റെ തലവെല്ലാം പൊട്ടിത്തെറിക്കുമെടാ…
” ദേ ഒരുമാതിരി മറ്റേപരിപാടി കാണിക്കരുത് കേട്ടോ.. ഞാൻ ഇത്രയും മനസ്സ് തുറന്നു പറഞ്ഞിട്ടും പിന്നെ സംശയമാണന്ന് പറഞ്ഞാൽ…
അവൻ കൃത്രിമ ദേഷ്യത്തിൽ ചോദിച്ചു. ആ ചോദ്യത്തിൽ അമലയും അറിയാതെ ചിരിച്ചു പോയിരുന്നു..
“‘ അതുപോട്ടെ ഇന്ന് ഞാൻ ഫോൺ വിളിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന പെണ്ണ് ആരാ…?
” അ… അത്… പെണ്ണോ…?
അവൻ മനസ്സിലാവാതെ അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“ഒരു പെണ്ണുണ്ടായിരുന്നു, ഏതോ ഒരു പെണ്ണ് ആരാണ് എന്ന് ചോദിക്കുന്നത് ഞാൻ വ്യക്തമായിട്ട് കേട്ടു…
” കണ്ടുപിടിച്ചല്ലോ….
ഒരു ആക്കിയ മുഖത്തോടെ അവൻ ചോദിച്ചു..
“ആഹ്….കണ്ടുപിടിച്ചു
“‘ അത് സെൽവി പുതിയ ഒരു കുട്ടി, മധുരിക്കാരിയാ ജസ്റ്റ് ഫ്രണ്ട്ഷിപ്പ്, അതിനപ്പുറത്ത് ഒന്നുമില്ല.
” അതുമാത്രമേയുള്ളൂ അല്ലേ…?
രൂക്ഷമായിട്ട് അമല ചോദിച്ചു..
” അങ്ങനെ ചോദിച്ച ഞങ്ങളിന്ന് ബൈക്കിന് വന്നപ്പോൾ എന്നെ അവൾ ഒന്ന് കെട്ടിപ്പിടിച്ചിരുന്നു, അതിനപ്പുറം വേറൊരു ബന്ധവുമില്ല. സത്യമായിട്ടും നേര്
തൊഴുന്നതുപോലെ അവൻ പറഞ്ഞപ്പോൾ അറിയാതെ അമല ദേഷ്യപെട്ട് പോയിരുന്നു..
” നീ നന്നാവില്ലഡാ
ദേഷ്യത്തോടെ അവർ പറഞ്ഞു,
” പിന്നെങ്ങനെയാ ഞാൻ നന്നാവുന്നത് പെറ്റ തള്ള തന്നെയല്ലേ ദിവസം ഇങ്ങനെ പ്രാകുന്നത്…
” നീ ചെയ്യുന്നത് അതുപോലെ ഉള്ള പരിപാടിയല്ലേ…
” എന്നാത്തിനാ എനിക്ക് ഈ പേര് എനിക്ക് ഇട്ടത്,ബൈബിളിൽ ഉള്ള സോളമൻ രാജാവിന്റെ. അതും ഉത്തമഗീതത്തിലെ സോളമന്റെ, അപ്പോൾ പിന്നെ ഞാൻ ഇങ്ങനെ ആയില്ലെങ്കിലെ അതിശയം ഉള്ളു… പുള്ളി ചെയ്തു വെച്ച പരിപാടിയൊക്കെ നോക്കുമ്പോൾ ഞാൻ ഇത്രയല്ലേ ചെയ്യുന്നുള്ളൂ, അങ്ങേർക്ക് എന്തോരം ഭാര്യമാരായിരുന്നു ഉണ്ടായിരുന്നത്… എനിക്ക് അങ്ങനെയൊന്നുമില്ലല്ലോ. ജസ്റ്റ് ഫ്രണ്ട്ഷിപ്പിന് അപ്പുറത്ത് ഞാൻ എങ്ങോട്ടും പോകാറില്ലല്ലോ… എല്ലാ നിർത്താറായി അമ്മ, ഈ ചങ്കിന് അകത്തൊട്ട് ഒരുത്തി കേറട്ടെ, പിന്നെ വേറൊരുത്തിയുടെ പിന്നാലെയും പോവില്ല സോളമൻ. പിന്നെ എന്റെ മനസ്സ് അവൾക്ക് മാത്രമുള്ളതാ..
” എന്നാൽ അങ്ങനെ ഒരുത്തിയെ അമ്മച്ചി നോക്കട്ടെ,
അവന്റെ കവിളിൽ പിടിച്ചു കൊണ്ട് അവര് ചോദിച്ചു..
” അമ്മച്ചി നോക്കണ്ട എനിക്ക് ഉള്ള ആളിനെ ഞാൻ തന്നെ നോക്കിക്കോളാം, കിട്ടും കിട്ടാതിരിക്കില്ല.. ഈ ഭൂമി ഉരുണ്ടതല്ലേ. എവിടുന്നെങ്കിലും കിട്ടും..
ചിരിയോട് പറഞ്ഞു മുകളിലേക്ക് കയറി പോകുന്നവനെ അറിയാതെ നോക്കി നിന്നു പോയിരുന്നു അമലയും. സങ്കടവും ഇഷ്ടവും ദേഷ്യവും ഒക്കെ ഒരേനിമിഷം തന്നെ അവരുടെ മനസ്സിൽ മിന്നി മാഞ്ഞു.. മകൻ ചെയ്യുന്ന ഈ പ്രവർത്തികളോടൊന്നും തീരെ യോജിപ്പില്ലെങ്കിൽ പോലും അവനെ വഴക്ക് പറയാൻ പോലും തനിക്ക് സാധിക്കില്ല എന്നാണ് അവർ ചിന്തിച്ചത്.
*****—
” ചെന്നൈയിൽ ആവുമ്പോ അമലയുടെ കൂടെ നിന്നോളും,
മടിച്ചു മടിച്ചു ബെറ്റി പറഞ്ഞു..
” നേഴ്സിങ്ങിന് പഠിക്കുന്ന ഒരു കൊച്ച് എങ്ങനെയാ അമലയുടെ കൂടെ നിൽക്കുന്നത്. അവർക്ക് സ്വന്തമായിട്ട് ഹോസ്റ്റൽ കാണും..
കടുത്ത ഭാഷയിൽ തന്നെ പറഞ്ഞു ജോൺ.
” ഹോസ്റ്റൽ ഒക്കെ ശരിയാവാൻ ഇനി ഒന്നൊന്നര മാസം എടുക്കും അതുവരെ അമലയുടെ ഒപ്പം നിന്നോട്ട് അവൾ. ഞാൻ അമലയോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്.
” ഹ്യൂമാനിറ്റീസ് കഴിഞ്ഞ കൊച്ചിനെ എന്നാത്തിനാ ഈ നഴ്സിങ്ങിന് വിടുന്നെന്നാ എനിക്ക് പറഞ്ഞാൽ മനസ്സിലാവാത്തത്. വല്ല ഡിഗ്രിയ്ക്കും പോയി ഇവിടെ എവിടെയെങ്കിലും ജോലി നോക്കിയാൽ പോരെ,
ദേഷ്യത്തോടെ തന്നെ ജോൺ പറഞ്ഞു.
” എനിക്ക് നേഴ്സിങ് പഠിച്ചാൽ മതി.
അത്രയും സമയം നിശബ്ദമായി നിന്നിരുന്നവളുടെ അധരങ്ങൾ ശബ്ദിച്ചു. അവളെ ഒന്ന് രൂക്ഷമായി നോക്കുക മാത്രമാണ് ജോൺ ചെയ്തത്.
” അവൾ പറയുന്നതിലും കാര്യമുണ്ട് ഇച്ചായ ഇന്നത്തെ കാലത്ത് ഡിഗ്രി ഒക്കെ പഠിച്ച് ഒരു ജോലി കിട്ടാൻ എന്ത് പ്രയാസമാണ്. അതിനുള്ള ബുദ്ധിയും ഇവൾക്ക് ഇല്ല. ഇനി കിട്ടിയാൽ തന്നെ അതിന്റെ ശമ്പളവും ഇത്രയ്ക്കൊക്കെ ഉണ്ടാവുകയുള്ളൂ. നേഴ്സിങ് ആണെങ്കിൽ എത്രയും പെട്ടെന്ന് ജോലി കിട്ടും. അവള് ജനറൽ പഠിച്ച് കഴിയുമ്പോ തന്നെ ആശുപത്രിയിൽ ജോലി ചെയ്യാം. ആ പൈസ കൊണ്ട് തന്നെ അവൾക്ക് ബിഎസി ചെയ്യുകയും ചെയ്യാം. നേഴ്സുമാർക്ക് ഒരു കാലത്തും ആവശ്യക്കാരില്ലാതെ വരില്ല.
” എല്ലാം നീ തീരുമാനിച്ച സ്ഥിതിക്ക് എന്നോട് ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി.
പുച്ഛത്തോടെ അയാൾ പറഞ്ഞു.
” ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല. ഇച്ചായൻ പറയുന്നതു പോലെ..
” പിന്നെ ചെന്നൈയിൽ അഡ്മിഷൻ എടുത്തുവെന്ന് നീ പറഞ്ഞത്
” അത് ഇച്ചായന്റെ പെങ്ങളില്ലേ ജോസ്മി, അവൾ തന്നെയാ അഡ്മിഷന്റെ കാര്യം ശരിയാക്കി തന്നത്. ഞാൻ വിചാരിച്ചത് ജോസ്മി ഇച്ചായനോട് ചോദിച്ചിട്ട് ഒക്കെ ചെയ്തതെന്ന്. ഇല്ലെങ്കിൽ പിന്നെ ഞാൻ ജോസ്മിയെ വിളിച്ചു പറയാം ഇച്ചായന് താൽപര്യമില്ലെന്ന്.
” അതൊന്നും വേണ്ട എന്താണെന്ന് വെച്ചാൽ നീ തന്നെ ചെയ്തോ..?
അത്രയും പറഞ്ഞ് ജോൺ പുറത്തേക്ക് പോയപ്പോൾ ആശ്വാസം തോന്നിയത് അവൾക്കായിരുന്നു, ഹോളിലെ പ്രാർത്ഥനകൂടാരത്തിലെ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി അവൾ ഒന്ന് കുരിശു വരച്ചിരുന്നു..
തുടരും..

by