25/05/2026

പ്രണയഗീതം 14

ഭാഗം 14

ഒന്ന് ചിരിച്ചു,  അപ്പോഴേക്കും കുറച്ച് അധികം ഡോക്ടർസ് റൂമിലേക്ക് കയറി വരുന്നുണ്ടായിരുന്നു..  അവരിൽ പരിചിതമായ ഒരു മുഖം കണ്ടപ്പോൾ ശരീരത്തിൽ നിന്നും വിറയൽ ഉത്ഭവിച്ചു തുടങ്ങി..

അവൻ ഓരോ റോയിൽ ഇരിക്കുന്ന കുട്ടികളിൽ തേടിയത് അവളുടെ മുഖമായിരുന്നു,  പ്രതീക്ഷിച്ച മുഖം കണ്ടുകിട്ടിയപ്പോൾ ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് അവൻ നോക്കി. ഓരോരുത്തരും വിശദമായി നഴ്സിങ്ങിനെ കുറിച്ച് പറഞ്ഞു തരുകയാണ്,  ഇടയ്ക്ക് ഓരോ റോയിലും  നടക്കുന്നതിനിടയിൽ അവളുടെ സീറ്റിന് അരികിലേക്കും അവൻ വന്നിരുന്നു. ടെസ്റ്റ് മറിക്കുന്നതു പോലെ നിന്നതിനു ശേഷം അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു.

“എന്ത് സംശയമുണ്ടെങ്കിലും ഇച്ചായനോട് ചോദിക്കണം…
പറഞ്ഞു തരാം

അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. പിന്നീട് ക്ലാസ് തീരുന്നതുവരെ ആ ഒരു ഞെട്ടൽ ഉണ്ടായിരുന്നു….

ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയതും വിനോദ് സോളമന്റ് അരികിലേക്ക് വന്നു

” എന്താടാ നീ ക്ലാസിൽ മൊത്തം പരത്തുന്നല്ലോ,  പറ്റിയെ ആരെങ്കിലും  ആയിട്ടുണ്ടോ എന്ന് നോക്കിയതാണോ..?

”  ഒന്നു പോടാ ഞാൻ ആ പരിപാടിയൊക്കെ നിർത്തി,

” നിർത്തിയെന്നോ നീയോ…?
ആരോടാ പറയുന്നേ…?

അത്ഭുതത്തോടെ വിനോദ് ചോദിച്ചു…

”  തമാശ പറഞ്ഞതല്ല വിനോദ്, സീരിയസ് ആയിട്ട് പറഞ്ഞതാ,  ഞാൻ ആ പരിപാടിയൊക്കെ നിർത്തിയിട്ട് രണ്ടാഴ്ചയായി…

” അതെന്താ രണ്ടാഴ്ചയുടെ കണക്ക്…?

മനസ്സിലാവാത്തത് പോലെ വിനോദ് വീണ്ടും ചോദിച്ചു,

” മച്ചാ ശരിക്കും ഈ  കണ്ട പിള്ളേരുടെ പുറകെ നടന്ന് കഷ്ടപ്പെട്ട് അവളുമാരെ വളച്ചത് എന്തിനാണെന്ന് ചോദിച്ചാൽ ജസ്റ്റ് ഒരു ടൈം പാസ്, അത്രേ ഉണ്ടായിരുന്നുള്ളൂ,  പക്ഷേ ഒരുത്തി ചങ്കിലേക്ക് കയറിയ പിന്നെ ഞാൻ ഒരു പെണ്ണിന്റെയും പുറകെ പോവില്ല എന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ളത് ആണ്… അങ്ങനെ ഒരുത്തി ഇപ്പൊ എന്റെ നെഞ്ചിൽ കയറിയിട്ടുണ്ട്,  ഇനി ഞാൻ മനസ്സുകൊണ്ട് പോലും അവളെ വഞ്ചിക്കുന്നത് ശരിയല്ലല്ലോ….

” അപ്പൊൾ നിന്റെ പത്തു മുപ്പത്തിരണ്ട് കാമുകിമാര് എന്ത് ചെയ്യും….

” അവളുമാരെ കുറിച്ച് ഒന്നും ഇനി ഞാൻ ചിന്തിക്കുന്ന് പോലുമില്ല..

” ദൈവമേ ആ പഞ്ചാബി ഡോക്ടർ സോനം നിന്നോട് ഐ ലവ് യു പറയാൻ വേണ്ടി ഇരിക്കുകയായിരുന്നു.

അവനെ ഒന്ന് ഉഴിഞ്ഞു നോക്കി ഒരു തമാശയോടെ വിനോദ് പറഞ്ഞു.

“അവളോട് പോകാൻ പറ..

സോളമൻ മറ്റേതോ ലോകത്ത് ആണെന്ന് അവന് തോന്നിയിരുന്നു…

” നീ സീരിയസ് ആയിട്ടാണോ..?

അവന്റെ ഡയലോഗ് കേട്ടതും വിനോദ് ഒരിക്കൽ കൂടി ചോദിച്ചു.

” എടാ വൃത്തികെട്ടവനെ തമാശ പറയാൻ പറ്റിയ കാര്യമാണോ ഇത്. ഒരാളെ നന്നാകാൻ സമ്മതിക്കരുത്.

“അല്ല നിന്റെ മനസ്സിലേക്ക് ഇത്രയ്ക്കങ്ങ് ഇടിച്ചുതള്ളി കയറിയത് ആരെടെ,

“ഈ നന്നാക്കാനും മാത്രമുള്ള മനസ്സ് നിനക്ക് വന്നത് എവിടുന്നാണെന്ന് അറിയാൻ വേണ്ടി ചോദിച്ചതാ….

” നീയാ പുതിയ ബാച്ചിൽ മൂന്നാമത്തെ റൂമിൽ നാലാമത് ഇരിക്കുന്ന പെങ്കൊച്ചിനെ കണ്ടോ…?  ഒരു ചുവന്ന ചുരിദാർ ഒക്കെ ഇട്ട്,

സൊളമൻ അത് പറഞ്ഞതും പെട്ടെന്ന് വിനോദ് ക്ലാസിലേക്ക് ഒന്ന് ശ്രദ്ധിച്ചു…  അധികമാരോടും സംസാരിക്കാതെ പുസ്തകം വായിച്ചു നോക്കുന്ന മരിയയിലാണ് അവന്റെ കാഴ്ച ചെന്നെത്തിയത്. പ്രത്യേകിച്ച് എടുത്തു പറയാൻ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടിയായി ആണ് മരിയ എന്നാണ് കണ്ടപ്പോൾ അവന് തോന്നിയത്.  സോളമൻ പ്രണയിച്ചിട്ടുള്ള പെൺകുട്ടികളെ വച്ച് നോക്കുകയാണെങ്കിൽ അവരുടെ അരികിൽ പോലും എത്താനുള്ള സൗന്ദര്യം മരിയ്ക്ക് ഇല്ല, എന്നാൽ എന്തോ ഒരു പ്രത്യേകത അവളിലുണ്ട്.  ആ മുഖത്ത് നിറഞ്ഞ വിഷാദമോ നിഷ്കളങ്കതയോ അങ്ങനെ എന്തോ ഒരു പ്രത്യേകത..!  ഒരിക്കൽ കൂടി അവളെ നോക്കാൻ നോക്കുന്ന ആരെയും പ്രേരിപ്പിക്കുമെന്ന് വിനോദിന് തോന്നിയിരുന്നു.

“അതാരാ..?

വിനോദ് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“അതെനിക്ക് ഒരുപാട് വേണ്ടപ്പെട്ട ഒരാളാണ്… ഇപ്പോൾ എന്റെ മനസ്സ് നിറച്ചു അവള് മാത്രേ ഉള്ളൂ….

സോളമൻ കണ്ണുകൾ അടച്ചു അവളെ മനസിലേക്ക് ആവാഹിച്ചു പറഞ്ഞു

“അപ്പോൾ ബാക്കി ഉള്ളോരോ…?

   “അവളുമാരോടൊക്കെ പോയി പണി നോക്കാൻ പറ, ഞാൻ  മിന്നു കെട്ടുന്നുണ്ടെങ്കിൽ അത് ഇവളെ മാത്രമായിരിക്കും..

” അവൾക്ക് എന്താ ഇത്ര പ്രത്യേകത..?

ഒരു കൗതുകത്തിന്റെ പുറത്ത് വിനോദ് ചോദിച്ചു..

” അവൾക്ക് എല്ലാം പ്രത്യേകതആണ്..

ചിരിയോട് പറഞ്ഞ സോളമൻ സ്വന്തം ക്യാബിനിലേക്ക് പോയിരുന്നു,  അവന് പുറകെ വിനോദും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് ഇരുവരും.. സോളമൻറെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്ന് തന്നെ വിനോദിനെ വിളിക്കാം,  സോളമൻ പല പെൺകുട്ടികളുമായി പ്രണയത്തിലായപ്പോഴൊക്കെ എതിർത്തിട്ടുള്ളത് വിനോദ് ആയിരുന്നു…  അവനെ നേർവഴിക്ക് നയിക്കാൻ പലതവണ വിനോദ് ശ്രമിച്ചിട്ടുണ്ട്,  അത് സാധിക്കില്ല എന്ന് വന്നപ്പോൾ ആ ദൗത്യത്തിൽ നിന്നും സ്വയമേ വിനോദ് തന്നെ പിൻവാങ്ങി. അല്പം കോഴിത്തരം ഉണ്ടെങ്കിലും സോളമൻ ഒരു പെൺകുട്ടിയുടെയും മാനം നശിപ്പിക്കില്ലന്ന ഉറപ്പ് വിനോദിനും ഉണ്ട്. ഇന്നുവരെ സോളമൻ ഒരു പെൺകുട്ടിയോട് പോലും മോശമായ രീതിയിൽ ഇടപെട്ടിട്ടില്ല.

” അപ്പൊ നിന്റെ ഹൃദയം കീഴടക്കിയ വ്യക്തിയാണ് അപ്പുറത്തിരിക്കുന്നത്.

“മ്മ്..

ഒരു കള്ളചിരിയോടെ അവൻ തലയാട്ടി…..

“,എടാ അതെന്റെ മമ്മിയുടെ ഫ്രണ്ടിന്റെ മോള് ആണ്…

” അതുകൊണ്ടാണോ ആശാനെ ഇഷ്ടപ്പെട്ടത്,

” എനിക്കറിയില്ല ഞാൻ ആദ്യമായിട്ട് കണ്ടപ്പോൾ തന്നെ എന്തൊ ഒരു സ്പാർക്ക് കിട്ടി,  അവളെ കണ്ടപ്പോൾ എന്റെ കൈയൊക്കെ തണുത്ത് മരവിച്ച വല്ലാതെ.  ഇന്നുവരെ ഞാൻ അനുഭവിക്കാത്ത ഒരു ഫീല്,  അത് നിന്നോട് എങ്ങനെ പറഞ്ഞു തരണം എന്ന് എനിക്കറിയില്ല..  ഇവൾ എന്റെ ആണെന്ന് ആരോ പറയുന്ന പോലെ…!

”  എന്നിട്ട് നീ നിന്റെ സ്ഥിരം നമ്പര് ഇറക്കിയോ…?

” അതല്ലേ രസം അവൾക്ക് എന്നെ കാണുന്നതേ കലിയാ,  രണ്ടുമൂന്ന് നമ്പർ ഞാൻ ഇറക്കി നോക്കി അവൾ എന്നെ ഇങ്ങോട്ട് ഭീഷണിപ്പെടുത്തുക  ആണ്… ഇനി ഇങ്ങനെ എന്തെങ്കിലും ചെയ്താൽ മമ്മിയോട് പറഞ്ഞു കൊടുക്കും എന്ന്. വീട്ടിൽ തന്നെ ആണ് താമസം, എന്നെ കണ്ടാൽ പിന്നെ അഞ്ചു മിനിറ്റ് പോലും എന്റെ അരികിൽ നിൽക്കില്ല,

” വീഴ്ത്താനുള്ള പണിയൊക്കെ നിനക്കറിയാലോ

പുച്ഛത്തോടെ വിനോദ് പറഞ്ഞു..

” ഇതിനെ അങ്ങനെ ഞാൻ വീഴ്ത്തുന്നില്ലെങ്കിലോ..? ഞാനൊന്നും ചെയ്യാതെ തന്നെ ഒരു ദിവസം അവളുടെ മനസ്സിൽ ഞാൻ നിറഞ്ഞു നിൽക്കും…  അന്ന് അവൾ എന്റെ ഇഷ്ടം മനസ്സിലാക്കും അതുവരെ ഞാനായിട്ട് ഒരു നമ്പറും ഇറക്കുന്നില്ല…

“ചുരുക്കം പറഞ്ഞാൽ മച്ചു ഡീസന്റ് ആയി എന്നർത്ഥം.

” എങ്ങനെ വേണമെങ്കിലും നിനക്ക് എടുക്കാം

ചിരിയോടെ സോളമൻ പറഞ്ഞു.

ആദ്യത്തെ ദിവസം അധികമൊന്നും പഠിക്കാൻ ഉണ്ടായിരുന്നില്ല ഹോസ്പിറ്റലും പഠിപ്പിക്കുന്ന ഡോക്ടർസിനെയും ഒക്കെ മനസ്സിലാക്കുകയായിരുന്നു സ്റ്റുഡൻസ്,  ഇതിനിടയിൽ പരസ്പരം പലരും തമ്മിൽ ഒരു സൗഹൃദം ഉണ്ടാവുകയും ചെയ്തിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോൾ സണ്ണി തന്നെയാണ് അവളെ തിരികെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി വിട്ടത്. വൈകുന്നേരം എത്തിയ അവൾക്കായി ചായയും വടയും ഒക്കെ ഉണ്ടാക്കി അമല നൽകുകയും ചെയ്തു… അവൾ വന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ തന്നെ സോളമനും അവിടേക്ക് വന്നിരുന്നു. അവനെ കണ്ടതും എഴുന്നേറ്റു പോകാനായി തുടങ്ങിയിരുന്നു മരിയ,  അപ്പോഴാണ് അമല അവിടേക്ക് വന്നത്.

” ചായ മുഴുവൻ കുടിക്കും മോളെ….  ക്ഷീണിച്ചു വന്നതല്ലേ,

അമല പറഞ്ഞപ്പോൾ എഴുന്നേൽക്കാൻ വയ്യാത്ത ഒരു അവസ്ഥയിലായിരുന്നു മരിയ… ആ സമയം കൊണ്ട് ഫ്ലാസ്കിൽ നിന്നും കുറച്ചു ചായ സോളമന്റ് അരികിലേക്ക് നീക്കിവെച്ചിരുന്നു അമല.

“നിനക്ക് വട കൂടി എടുക്കട്ടെ..!

അമല ചോദിച്ചപ്പോൾ വേണമെന്ന് അവൻ തലയാട്ടിയിരുന്നു അമല അടുക്കളയിലേക്ക് പോയ സമയം കൊണ്ട് അവന് അമല എടുത്തുവച്ച ചായ നീക്കി അവൾക്ക് അരികിലേക്ക് വച്ചു,  ശേഷം അവൾ കുടിച്ചു പകുതിയാക്കിയ ചായ എടുത്തു കൊണ്ട് ചൂണ്ടോട് ചേർത്തു. അവന്റെ പ്രവർത്തി കണ്ടതും അവൾ അമ്പരപ്പോടെ അവനെ നോക്കി. ഒപ്പം തന്നെ ആ മുഖത്ത് ദേഷ്യം നിറയുന്നതും ഒരു കുസൃതിയോടെ അവൻ കണ്ടു..

” ഒരുപാട് പഠിച്ച ക്ഷീണിച്ചു വരികയല്ലേ എന്റെ കൊച്ച്…!  കുറച്ചുകൂടെ കുടി, അതല്ലേ ഈ ഇച്ചായന് സന്തോഷം,

അവൾ അവനെ സൂക്ഷിച്ചു നോക്കി…

”  ഞാൻ പറഞ്ഞില്ലേ ഇനി എന്നോട് ഇങ്ങനെ ഇടപെടാണെങ്കിൽ ഞാൻ ആന്റിയോട് പറയുന്നു…

ശബ്ദം താഴ്ത്തി അവന് മാത്രം കേൾക്കാവുന്ന രീതിയിൽ അവൾ ചോദിച്ചു

” ഞാൻ പറഞ്ഞില്ലേ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണെന്ന്….

അവൾ ചെയ്തത് പോലെ തന്നെ ശബ്ദം താഴ്ത്തി ഒരു സ്വകാര്യം പോലെ അവൾകരികിലേക്ക് നീങ്ങിയിരുന്നു കൊണ്ട് അവനും പറഞ്ഞു. ശേഷം ചായ കുടിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു മരിയ.

പിറ്റേദിവസം മുതൽ ബസിനു പൊയ്ക്കോളാം എന്ന് അവൾ തന്നെയാണ് അമലയോട് പറഞ്ഞത്, നേരത്തെ ക്ലാസ് തുടങ്ങും എന്നതും സണ്ണിയെ എന്നും ബുദ്ധിമുട്ടിക്കേണ്ട എന്നതും അതിനുള്ള ഒരു കാരണമായിരുന്നു. അവൾ ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് അവൾക്ക് അരികിലൂടെ സോളമന്റെ വണ്ടി  പോയത്,  അവളെ കണ്ടതും അവൻ വണ്ടി സ്ലോ ചെയ്തു

“ഞാനും ഹോസ്പിറ്റലിലേക്ക് ആണ്…

അവളോടായി അവൻ പറഞ്ഞു അവൾ അവനെ ശ്രദ്ധിക്കുക പോലും ചെയ്യാതെ ബസ് നോക്കി നിൽക്കുകയായിരുന്നു,  ബസ് വന്നതും അവനെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ അവൾ ബസ്സിനുള്ളിലേക്ക് കയറിയിരുന്നു…  കഴിഞ്ഞദിവസം അവളോടൊപ്പം ക്ലാസ്സിൽ ഉണ്ടായിരുന്ന ഒരു കുട്ടിയും അവിടെ ആ ബസ്സിൽ ഉണ്ടായിരുന്നു. അപർണ, തുടക്കത്തിൽ തന്നെ അപർണയോട് ഒരു അടുപ്പം തോന്നിയിരുന്നു…  തന്നെ കണ്ടതും ഇരിക്കാൻ സ്ഥലമൊക്കെ അപർണ തന്നിരുന്നു. അപർണ ഇവിടെ ഒരു ഹോസ്റ്റലിലാണ് താമസം എന്നും പറഞ്ഞു. അടുത്ത സ്റ്റോപ്പിൽ വണ്ടി നിർത്തിയപ്പോൾ ബസ്സിലേക്ക് കയറിവരുന്ന ആളെ കണ്ടതും മരിയ അമ്പരന്നു പോയിരുന്നു.

“ഇത് നമ്മുടെ ഹോസ്പിറ്റലിലെ ഡോക്ടർ അല്ലേ..?

അപർണ മരിയോട് ആയി ചോദിച്ചപ്പോൾ അതെ എന്ന് അവൾ തല അനക്കി, അവൾക്ക് തൊട്ടു പുറകിലുള്ള സീറ്റിലായി അവൻ സ്ഥാനം ഉറപ്പിച്ചു. അറിയാതെ അവൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പൂരികമുയർത്തി എന്ത് എന്ന് ചിരിയോടെ അവൻ ചോദിച്ചു…  ആ സമയം തന്നെ അവൾ അവനിൽ നിന്നും ദൃഷ്ടി മാറ്റി കളഞ്ഞിരുന്നു. അപർണ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ മുഴുവൻ പുറകിലിരിക്കുന്നവനിലായിരുന്നു.

“ദേ ആ കൂട്ടുകാരി കൊച്ചിനോട് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരിക്കാൻ പറ അങ്ങനെയാണെങ്കിൽ നമുക്ക്  ഒരുമിച്ചു ഇരുന്നു യാത്ര ചെയ്യാമായിരുന്നു,

അവൾക്ക് മാത്രം കേൾക്കാൻ പാകത്തിന് പുറകിലിരുന്ന് ചെവിയിലായി അവൻ പറഞ്ഞു ആ നിമിഷം തന്നെ അവൾ ഞെട്ടിപ്പോയിരുന്നു ദേഷ്യത്തോടെ പുറകിലേക്ക് നോക്കിയതും അവൻ അവളെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ച് ചിരിച്ചു. എങ്ങനെയെങ്കിലും ഹോസ്പിറ്റലിൽ അരികിലേക്ക് എത്തിയാൽ മതിയെന്നായിരുന്നു മരിയയ്ക്ക്…  വണ്ടി നിർത്തിയതും അപർണയുടെ കയ്യിൽ പിടിച്ച് ഇറങ്ങി ഓടുകയായിരുന്നു എന്ന് തന്നെ പറയാം,അവളുടെ ഓട്ടം കണ്ടതും ചിരി വന്നു പോയിരുന്നു സോളമന്. ചിരിയോട് ബസ്സിൽ നിന്ന് ഇറങ്ങി അവനും ഹോസ്പിറ്റലിലേക്ക് നടന്നു

തുടരും