01/05/2026

പ്രണയഗീതം 4

ഭാഗം 4

വാത്സല്യത്തോടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അമല പറഞ്ഞപ്പോൾ.  മരിയയുടെ ഉള്ളിലും ഒരു കുളിർമ പടർന്നിരുന്നു. ജനിച്ചതിൽ പിന്നെ അമ്മയ്ക്ക് ശേഷം ആദ്യമായാണ് ഒരാൾ ഇത്രയും സ്നേഹത്തോടെ തന്നോട് ഇടപെടുന്നത്.

” ഞാനുണ്ടാക്കാം ആന്റി,

അമലയുടെ കയ്യിലിരുന്ന നാരങ്ങയിലേക്ക് നോക്കിക്കൊണ്ട് മരിയ പറഞ്ഞു.

”  വേണ്ട മോളെ…ഇത് തീരാറായി ഞാൻ ഉണ്ടാക്കിക്കൊള്ളാം, നല്ല മാർക്ക് ഉണ്ടായിരുന്നു മോൾക്ക് അല്ലേ..?  അതല്ലേ പെട്ടെന്ന് അഡ്മിഷൻ കിട്ടിയത്.  ആ ഹോസ്പിറ്റലിൽ അങ്ങനെ അഡ്മിഷൻ കിട്ടുന്നതല്ല,

എല്ലാവർക്കും നാരങ്ങാ വെള്ളം എടുക്കുന്നതിനിടയിൽ അമല അവളോട് ആയി ചോദിച്ചു.

”  അവൾക്ക് 98% ഉണ്ടായിരുന്നു..

അഭിമാനത്തോടെ തന്നെ ബെറ്റി പറഞ്ഞു.

”  ഇനി മുന്നോട്ടും ഇങ്ങനെ തന്നെ പഠിക്കണം.  ഇതേപോലെ നല്ലതായിട്ട്,  പഠിത്തം എന്നുള്ള ഒരു ചിന്ത മാത്രമേ മോളുടെ മനസ്സിൽ കാണാവൂ. കുട്ടിക്കാലം മുതലേ മോളും അമ്മയും ഒക്കെ ഒരുപാട് വേദന അനുഭവിച്ചിട്ടില്ലെ, അതിനൊക്കെ നമുക്ക് എല്ലാവരുടെയും മുമ്പിൽ ഒന്ന് നിവർന്നു നിൽക്കണമെങ്കിൽ നല്ലൊരു ജോലി വേണം.  എങ്ങനെയെങ്കിലും ജനറൽ നഴ്സിംഗ് പഠിച്ചു കഴിഞ്ഞ് പോസ്റ്റ് ബി എസി എടുക്കണം.  അത് കഴിഞ്ഞ് വിദേശരാജ്യത്തൊക്കെ നല്ല ശമ്പളത്തിൽ ജോലി കിട്ടും.

അവൾ നന്നായി ഒന്ന് ചിരിച്ചു.  അപ്പോഴേക്കും നാരങ്ങാവെള്ളം എടുത്ത് കഴിഞ്ഞിരുന്നു അമല.  ഒരു ഗ്ലാസ് എടുത്ത് അവൾക്ക് നേരെയും അവർ നീക്കി വച്ചു.  ഈ വീട്ടിൽ ഇത്തരം പരിഗണനകൾ ഒക്കെ അമ്മ മാത്രമാണ് നൽകിയിട്ടുള്ളത്.

”  ഞാൻ പിന്നെ കുടിച്ചോളാം ആന്റി..

“കുടിക്ക് മോളെ….

സ്നേഹത്തോടെ അതിലുപരി വാത്സല്യത്തോടെ അവൾക്ക് നേരെ അമല ഗ്ലാസ് നീട്ടി. അവൾ അത് വാങ്ങി, അപ്പോഴേക്കും ബാക്കി വെള്ളവുമായി ബെറ്റി ഉമ്മറത്തേക്ക് പോയിരുന്നു.

” ബാഗ് ഒക്കെ പാക്ക് ചെയ്തോ.? നമുക്ക് ഇന്ന് വൈകുന്നേരം തന്നെ പോകണം.

മരിയുടെ മുഖത്തേക്ക് നോക്കി അമല പറഞ്ഞു.  അവൾ തലയാട്ടിയിരുന്നു.

”  എന്തെങ്കിലും പാക്ക് ചെയ്യാൻ ഉണ്ടെങ്കിൽ ആന്റിയും കൂടി കൂടാം…

” വേണ്ടേ അങ്ങനെ എടുത്തു വയ്ക്കാനും മാത്രം എനിക്ക് ഒരുപാട് സാധനങ്ങൾ ഒന്നുമില്ല ആന്റി, കുറച്ച് ഡ്രസ്സും കുറച്ച് പുസ്തകങ്ങളും മാത്രമേ ഉള്ളൂ.  അത് ഞാൻ ഇന്നലെ തന്നെ എടുത്തു വച്ചു.

സംസാരം പോലും വളരെ പതിഞ്ഞതാണ്  അവളുടെ എന്ന് അമലയ്ക്ക് തോന്നി. അവളെപ്പറ്റി ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന്  ബെറ്റി വന്നത്…

” നിങ്ങൾ ഊണ് കഴിഞ്ഞിട്ട് അല്ലേ പോകു,

ബെറ്റി ചോദിച്ചു..

” ഞങ്ങൾ ചായ കുടിയും കഴിഞ്ഞിട്ടെ പോകു,  വൈകിട്ട് ഏഴരയ്ക്ക് ആണ് ഫ്ലൈറ്റ്.

”  ഫ്ലൈറ്റിനാണോ പോകുന്നത്..?

പേടിയോടെ മരിയ ചോദിച്ചു.

“ഫ്ലൈറ്റിനാവുമ്പോൾ ഒരു ഒന്നുരണ്ടുമണിക്കൂറിനുള്ളിൽ നമ്മൾ അങ്ങ് ചെല്ലും,  മറ്റേത് എത്ര ദിവസം ഇരിക്കണം ട്രെയിനിൽ

അമല പറഞ്ഞു.

“അപ്പോൾ ഇവൾ എങ്ങനെയാ..?  ഇവൾക്ക് ടിക്കറ്റ് ഒക്കെ….

സംശയത്തോടെ ബെറ്റി ചോദിച്ചു.

”  ടിക്കറ്റ് ഒക്കെ എടുത്തിട്ടുണ്ട്.  ഞാൻ അതിനല്ലേ അവളുടെ ഐഡി പ്രൂഫിന്റെ ഫോട്ടോ ഇട്ടു തരാൻ നിന്നോട് പറഞ്ഞത്.
അതൊക്കെ എടുത്തിട്ടുണ്ട്. നീ സമാധാനമായിട്ടിരിക്ക് മോളെ…

ബെറ്റി ആശ്വാസത്തോടെ ചിരിച്ചു.

” നീ കുറച്ച് സവാള അരിഞ്ഞെ മോളെ ആ ബീഫ് ഒന്ന് നന്നായിട്ട് ഉലർത്തി എടുക്കട്ടെ…

ബെറ്റി മരിയോട് ആയി പറഞ്ഞു.

അവൾ വേഗം മുറമെടുത്ത് അതിലേക്ക് രണ്ട് മൂന്ന് സവാള എടുത്തു,

“മോൾ അവിടെ വെച്ചേക്ക്,  വൈകുന്നേരം പോകേണ്ടതല്ലേ കുറച്ചുനേരം പോയി റസ്റ്റ് എടുക്കക് ആന്റി ചെയ്തോളാം അതൊക്കെ.

അതും പറഞ്ഞ് അമല ആ ജോലിയും ഏറ്റെടുത്തിരുന്നു.  അമ്മയുടെ മുഖത്തേക്ക് മരിയ നോക്കിയപ്പോൾ പൊക്കോളാൻ പറഞ്ഞു.  അവൾ കുറച്ചുനേരം അവിടെ നിന്നും മാറി കൊടുത്തു.  പഴയ കൂട്ടുകാരികൾ അല്ലേ അവർക്ക് എന്തെങ്കിലുമൊക്കെ പരസ്പരം സംസാരിക്കണമായിരിക്കുമെന്ന് ചിന്തിച്ചാണ് അവർക്ക് ഒരു പ്രൈവസി നൽകി അവൾ മാറിയത്.

മുറിയിലേക്ക് ചെന്നപ്പോൾ മരിയ ബാഗിൽ അടക്കി വച്ചിരിക്കുന്ന സാധനങ്ങൾ എല്ലാം ഒന്നുകൂടി നോക്കി. എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തി. എപ്പോഴും കയ്യിൽ കരുതുന്ന വെള്ള മുത്തുള്ള ഒരു കൊന്തമാല എടുത്ത് ബാഗിന്റെ ഏറ്റവും കുഞ്ഞുറയിലേക്ക് ഇട്ടു.  തനിക്ക് ആകെ ആത്മവിശ്വാസം നൽകുന്ന ഒന്ന്  ഇതു മാത്രമാണ്.  എത്ര വലിയ പ്രതിസന്ധിയിലും തനിക്ക് പിടിച്ചുനിൽക്കാനുള്ള രക്ഷ ഇതാണ്. അതോടൊപ്പം തന്നെ എപ്പോഴും ഒരു നിധി പോലെ കാത്തുസൂക്ഷിക്കുന്ന വചനപ്പെട്ടിയും അവൾ ബാഗിലേക്ക് ഇട്ടു.  പോകുന്നതിനു മുൻപ് അവൾ വചനം ഒന്ന് എടുത്തു നോക്കി.  തന്റെ പുതിയ ജീവിതയാത്ര ആരംഭിക്കുകയാണ് ഇനിയുള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് കാണിച്ചു തരണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് കണ്ണടച്ചു കൊണ്ട് ഒരു വചനം എടുത്തത്…

“എന്റെ മണവാട്ടി നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു, നിന്റെ ഒറ്റക്കാടാക്ഷം കൊണ്ട്, നിന്റെ കൺഠഭാരത്തിലേ ഒറ്റ രത്നം കൊണ്ട് എന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു ”

ആ വചനം കണ്ട് അവൾക്ക് പ്രത്യേകിച്ച് ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ല എന്താണ് ദൈവം തന്നോട് പറഞ്ഞത് എന്നത് അവൾക്ക് വ്യക്തമായിരുന്നില്ല.  എങ്കിലും ഒന്ന് കുരിശു വരച്ച് അവൾ ആ വചനം പെട്ടിയിൽ തന്നെ ഭദ്രമാക്കി വെച്ചു. ഉച്ചയുണിന് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു. ബെറ്റിയും ജോണിയും  രണ്ട് മക്കളും ഒക്കെ ഡൈനിങ് ടേബിളിൽ ഇരുന്നിരുന്നു.  എന്നാൽ അവർക്കൊപ്പം മരിയെ കാണാഞ്ഞത് അമലയിൽ അത്ഭുതമുണർത്തി

“മരിയ മോൾ എവിടെ?

അമല ചോദിച്ചപ്പോൾ ബെറ്റിയുടെ മുഖം വിളറി വെളുത്തിരുന്നു.  ജോണിയുടെ മുഖം വലിഞ്ഞു മുറുകുകയും ചെയ്തു.

” അവൾ പിന്നെ കഴിച്ചോളും

മടിയോടെയാണ് ബെറ്റി മറുപടി പറഞ്ഞത്.

”  ഇവിടെ സ്ഥലമുണ്ടല്ലോ പിന്നെന്താ, ഒരു കസേര വെറുതെ കിടക്കുക മോളെ…

അമല  നീട്ടി വിളിച്ചു, രണ്ടാമത്തെ വിളിയിൽ അവൾ അടുക്കളയിൽ നിന്നും ഇറങ്ങി വന്നിരുന്നു.

“മോള് കഴിക്കുന്നില്ലേ,  വാ ഇവിടെ ഇരിക്ക്.

അമല വിളിച്ചപ്പോൾ അരുതാത്തത് എന്തോ കേട്ടതുപോലെ അവൾ ജോണിയുടെയും ബെറ്റിയുടെയും മുഖത്തേക്ക് തന്നെ നോക്കി. ബെറ്റി നിസ്സഹായതയോടെ മുഖം മാറ്റി കളഞ്ഞു. എന്ത് ചെയ്യണം എന്ന് അവൾക്കും അറിയില്ലായിരുന്നു. അവളുടെ പരുങ്ങലും നിൽപ്പും കണ്ടപ്പോൾ തന്നെ സണ്ണിക്ക് ഏകദേശം കാര്യം മനസ്സിലായിരുന്നു.

”  ഇവിടെ വന്നിരിക്കു മോളെ,

സണ്ണി കൂടി വിളിച്ചതോടെ ജോണിക്ക് മുൻപിൽ മറ്റു മാർഗ്ഗമില്ലാതെയായി.

” ഇവിടെ വന്നിരിക്കാൻ പറഞ്ഞത് നീ കേട്ടില്ലേ വാ വന്നിരുന്നു കഴിക്ക്…

ജോണി അങ്ങനെ പറഞ്ഞപ്പോഴാണ് അവൾ മടിയോടെയാണെങ്കിലും നടന്നു വന്നത്.  അവളുടെ ആ വീട്ടിലെ ജീവിതം എങ്ങനെയാണ് എന്നത് ഏറെക്കുറെ സണ്ണിക്ക് അമലക്കും മനസ്സിലായിരുന്നു.  രണ്ടുപേരും പരസ്പരം മുഖത്തോടെ മുഖം നോക്കി  കണ്ണുകൾ നിറഞ്ഞത് അമല കണ്ടിരുന്നു.  അവൾ നിസ്സഹായാണെന്ന് അമലയ്ക്ക് തോന്നി.  എങ്കിലും സ്വന്തം മകളോട് അവൾ കാണിക്കുന്നത് നീതികേട് തന്നെയാണ്.  അമല തന്നെയാണ് അവൾക്ക് ഭക്ഷണം വിളമ്പി കൊടുത്തത്.  ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സഹോദരങ്ങൾ പോലും അവളെ ഗൗനിക്കുന്നില്ല എന്ന് അമല ശ്രേദ്ധിച്ചു. ഭക്ഷണം കഴിഞ്ഞപ്പോൾ കുറച്ച് സമയം വിശ്രമിക്കാൻ വേണ്ടി അമലയ്ക്കും സണ്ണിക്കും ഒരു മുറി ഒരുക്കി കൊടുത്തിരുന്നു ബെറ്റി. സണ്ണി കുറച്ച് നേരം കിടന്നെങ്കിലും കിടന്നിട്ട് ഉറക്കം വന്നില്ല.  അടുക്കളയിൽ എത്തിയപ്പോൾ എന്തൊക്കെയോ സാധനങ്ങൾ ആരും കാണാതെ പൊതിഞ്ഞുകെട്ടുകയാണ് ബെറ്റി.  അതെല്ലാം ഒരു കവറിൽ ആക്കിയിട്ടുണ്ട്,

“നീ ഇവിടെ എന്തെടുക്കുവാ?

അമല ചോദിച്ചു,

” ഞാൻ അവൾക്ക്  കുറച്ച് സാധനങ്ങൾ വാങ്ങിയത് ആണ്.

കള്ളം പിടിച്ചൊരു കുട്ടിയെ പോലെ  പറഞ്ഞു ബെറ്റി.

”  ജോണിച്ചായൻ വരുന്നതിനുമുമ്പ് ഞാനിതൊന്ന് അവളുടെ കൈയ്യിൽ കൊടുത്തിട്ട് വരാം.

അതും പറഞ്ഞ് അവൾ അടുക്കളയുടെ അരികിലുള്ള മുറിയിലേക്ക് നടന്നിരുന്നു.

അവിടെ അമ്മയും മകളും തനിച്ചു മതി എന്ന് തോന്നിയതുകൊണ്ട് തന്നെ അമല അവിടേക്ക് പോയില്ല.  അകത്തേക്ക് കയറുമ്പോൾ ജനലിൽ കൂടെ പുറത്തേക്ക് നോക്കി നിർവികാരയായി ഇരിക്കുകയാണ് മരിയ.

” മോളെ….!

ബെറ്റി വിളിച്ചതും അവൾ നോക്കി.

”   ഇത് കുറച്ച് ബേക്കറി സാധനങ്ങൾ ആണ്. അമ്മ ഇന്നലെ വാങ്ങി വെച്ചത് ആണ്. നമ്മുടെ നാട്ടിലെ രുചി ആയിരിക്കില്ലല്ലോ അവിടെ,  നിനക്കതൊക്കെ ഇഷ്ടാവുമോന്ന്  അറിയില്ലല്ലോ, ഇതൊക്കെ സൂക്ഷിച്ചു വെച്ചേക്ക്..

അവളുടെ കയ്യിലേക്ക് ബെറ്റിയത് കൊടുത്തപ്പോൾ മരിയയുടെ കണ്ണുകളും നിറഞ്ഞു പോയിരുന്നു…

” മോൾ എങ്ങനെയെങ്കിലും പഠിച്ചു രക്ഷപ്പെടണം, അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയായി പോയി..  ഒരു നൂറുവട്ടം നീ അമ്മയെ ശപിച്ചിട്ടുണ്ടാവും എന്ന് അറിയാം,  പക്ഷേ…

കരയാതിരിക്കാൻ ബെറ്റിയും ശ്രമിച്ചിരുന്നു. കയ്യിൽ കരുതിയ കുറച്ച് നോട്ടുകെട്ടുകൾ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.

”  കുറച്ച് കാശ് ആണ്. എന്തെങ്കിലും അത്യാവശ്യം വന്നാലോ,  ആരെയും ബുദ്ധിമുട്ടിക്കേണ്ട. നിന്റെ കയ്യിലിരിക്കട്ടെ. പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീ അമലയോട് പറഞ്ഞു എന്നെ ഒന്ന് ഫോൺ വിളിച്ചാൽ മതി. നിനക്ക് പണം വല്ലതും വേണമെങ്കിൽ ഞാൻ എങ്ങനെയെങ്കിലും അവിടെ എത്തിക്കാം.

അവൾ അനുസരണയോടെ തലയാട്ടിയിരുന്നു.

”  പിന്നെ അമല എന്റെ അടുത്ത സുഹൃത്ത് ആണ്. അവൾ നിന്നെ നന്നായിട്ട് തന്നെ നോക്കും.  എങ്കിലും നീ എല്ലാം കണ്ടറിഞ്ഞ് ചെയ്യണം. നമ്മൾ അവർക്ക് ഒരു ബുദ്ധിമുട്ട് ആവരുത്.  അവരുടെ വീട്ടിൽ പോയി നിൽക്കുമ്പോൾ നമ്മുടെ വീട് പോലെ കണ്ട് നീ അവളെ അടുക്കളയിൽ ഒക്കെ ഒന്ന് സഹായിച്ചേക്കണം.  നിന്നോട് പറഞ്ഞു തരണ്ട എന്ന് എനിക്ക് അറിയാം.  എങ്കിലും നമ്മൾ അവിടെ ചെന്ന് നിന്നതു കൊണ്ട് അവർക്ക് ഒരു ബുദ്ധിമുട്ടുണ്ടാകാൻ പാടില്ലല്ലോ.  നീ കാരണം ഒരുതരത്തിലും അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. നമ്മളെ സഹായിച്ചതിന്റെ പേരിൽ നാളെ അവർക്ക് ദുഃഖിക്കേണ്ടി വരരുത്.

ബെറ്റി പറഞ്ഞു കൊടുത്തത് ഒക്കെ അവൾ അനുസരണയോടെ കേട്ടിരുന്നു,

വാതിലൊന്ന് അടച്ചതിനുശേഷം അവളെ ഒന്ന് കെട്ടിപ്പിടിച്ചിരുന്നു ബെറ്റി. അതിനുശേഷം ആ നെറ്റിയിൽ ഒരു ചുംബനം കൂടി നൽകി.  എത്ര കാലങ്ങൾക്ക് ശേഷമാണ് അമ്മ തന്നെ ഇങ്ങനെ ഒന്ന് ചേർത്ത് പിടിക്കുന്നത് എന്ന് അവൾ ഓർത്തു. വല്ലപ്പോഴും ആണ് ഇങ്ങനെ ഉള്ള സ്നേഹലാളനകൾ ഒക്കെ. അതും ഒളിച്ചും പാത്തും ആണ്. ആരെങ്കിലും കണ്ടാലോ എന്ന് ഭയന്ന്. അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും ബെറ്റിയ്ക്ക് സങ്കടം തോന്നിയിരുന്നു. വീണ്ടും വീണ്ടും അവളുടെ മുഖത്ത് തുരുതുര  അവർ ചുംബിച്ചു. പിന്നീട് ഒരു കണ്ണുനീരോടെ ആ മുറിയിൽ നിന്നും ഇറങ്ങി പോയിരുന്നു.  അവർ പോയതും മരിയയും കരഞ്ഞു പോയിരുന്നു.  തന്റെ വിധിയെ സ്വയം പഴിക്കാത്ത ഒരു ദിവസം പോലും ഓർമ്മ വെച്ചതിൽ പിന്നെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.  ആർക്കോവേണ്ടി ജീവിക്കുന്നത് പോലെയാണ് തോന്നിയിട്ടുള്ളത്. ജീവിതം അവസാനിപ്പിക്കാനുള്ള ഭയം കൊണ്ട് മാത്രമാണ് ആ ഉദ്യമത്തിൽ നിന്നും മാറി നിൽക്കുന്നത്. അടുക്കളയിലേക്ക് ചെന്നപ്പോൾ അമല  കാത്ത് നിൽപ്പുണ്ടായിരുന്നു. അവളുടെ ചുവന്ന മൂക്കുകളും കലങ്ങിയ കണ്ണും കണ്ടപ്പോൾ അവൾ കരഞ്ഞു എന്ന് അമലയ്ക്ക് തോന്നിയിരുന്നു.

”  മരിയ മോൾ ഇവിടെ ഒരുപാട് ബുദ്ധിമുട്ട് സഹിക്കുന്നുണ്ടല്ലോ,

ബെറ്റിയുടെ മുഖത്തേക്ക് നോക്കി അമല പറഞ്ഞു.

”  എന്റെ മോളെ ഒന്ന് ചേർത്തു പിടിക്കാൻ പോലും എനിക്ക് അവകാശമില്ല  അമല..

ബെറ്റിയുടെ അവസ്ഥ അമലയ്ക്ക് ഊഹിക്കാമായിരുന്നു.

ജോണിയുടെ വിളി വന്നതും ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവിടേക്ക്  ബെറ്റി പോയിരുന്നു.  ആ സമയം കൊണ്ട് അമല മരിയയുടെ റൂമിനു മുൻപിൽ എത്തിയിരുന്നു. വാതിലിൽ കൊട്ടിയതും മരിയ റൂം തുറന്നു.  അമലയെ കണ്ടതും നന്നായി അവൾ ഒന്ന് ചിരിച്ചു കാണിച്ചു.  ആ വീട്ടിൽ വച്ച് ഏറ്റവും ചെറിയ മുറിയാണ് അതെന്ന് അമലയ്ക്ക് തോന്നിയിരുന്നു. പക്ഷേ അവിടെവച്ച് ഏറ്റവും വൃത്തിയുള്ള മുറിയും അതുതന്നെയാണ്. നല്ല അടുക്കും ചിട്ടയുമാണ് ആ മുറിക്ക്. ആ മുറി കാണുമ്പോൾ തന്നെ അവളുടെ സ്വഭാവം ഊഹിക്കാൻ സാധിക്കുമെന്ന് അമലയ്ക്ക് തോന്നി  ..

തുടരും…