The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഭാഗം 3
എന്താണെന്ന് വെച്ചാൽ നീ തന്നെ ചെയ്തോ..?
അത്രയും പറഞ്ഞ് ജോൺ പുറത്തേക്ക് പോയപ്പോൾ ആശ്വാസം തോന്നിയത് അവൾക്കായിരുന്നു, ഹോളിലെ പ്രാർത്ഥനകൂടാരത്തിലെ ക്രൂശിത രൂപത്തിന് മുൻപിലേക്ക് നോക്കി അവൾ ഒന്ന് കുരിശു വരച്ചിരുന്നു..
ബെറ്റി അപ്പോൾ തന്നെ ഫോൺ എടുത്ത് അമലയെ വിളിച്ചു. ജോൺ പറഞ്ഞ കാര്യങ്ങൾ അത്രയും അമലയോട് പറഞ്ഞു. രണ്ടുപേരിലും ഒരു ദീർഘനിശ്വാസം ഉണർന്നിരുന്നു.
” നീ സണ്ണിച്ചായോട് സംസാരിച്ചിരുന്നോ..? മോളെ അവിടെ നിർത്തുന്നതിൽ സണ്ണിച്ചായന് എന്തെങ്കിലും എതിർപ്പുണ്ടോ..?
ബെറ്റി ചോദിച്ചു.
“ഇച്ചായൻ എന്ത് എതിർപ്പ്…? സന്തോഷം മാത്രമേ ഉള്ളൂ. പിന്നെ അവളെന്നും ഇവിടെ നിൽക്കാൻ ഒന്നുമല്ലല്ലോ. ഹോസ്റ്റലിൽ വേക്കൻസി വരുന്നവരെ ഒന്നോ ഒന്നരയോ മാസത്തെ കാര്യം. അതില് ഞങ്ങൾക്ക് എന്ത് ബുദ്ധിമുട്ടുണ്ടാവാനാ. ഇതൊക്കെയല്ലേ ഒരു സഹായം എന്നു പറയുന്നത്. ഒന്നുമല്ലെങ്കിലും പഠിക്കാൻ വേണ്ടിയല്ലേ,
“അല്ലെങ്കിലും എന്നും എന്നെ സഹായിച്ചിട്ടുള്ളത് നിങ്ങൾ അല്ലെ…? ഞാന് മോളെ കൊണ്ട് അങ്ങോട്ട് വരാം. ഇവിടുന്ന് ഇച്ചായൻ വരാനുള്ള സാധ്യതയില്ല. നീ വഴിയൊക്കെ ഒന്ന് പറഞ്ഞു തന്നാൽ മതി.
” അതൊന്നും വേണ്ട എനിക്ക് അറിയാം നിനക്ക് അവിടെ എന്തൊക്കെ പ്രതിസന്ധികൾ താണ്ടെണ്ടി വരുമെന്ന്. അടുത്ത ആഴ്ച ഞാനും ഇച്ചായനും കൂടി ഒരു ഫ്രണ്ടിന്റെ മോന്റെ കല്യാണത്തിന് വരുന്നുണ്ട്. ഞങ്ങളെ നിനക്ക് വിശ്വാസമുണ്ടല്ലോ, ഒരു വിശ്വാസക്കുറവും ഇല്ല. പക്ഷേ എന്റെ കുഞ്ഞിനെ ഞാൻ ആദ്യമായിട്ട് ഒന്ന് കൊണ്ടുവിടാൻ എങ്കിലും വന്നില്ലെങ്കിൽ ഞാൻ അവളോട് ചെയ്യുന്ന ദ്രോഹം അല്ലേ? ഓർമ്മവച്ച കാലം മുതലേ അവഗണനയും കുത്തുവാക്കു മാത്രമാണ് അവൾ കേട്ടിട്ടുള്ളത്. ഒരു അമ്മയെന്ന നിലയിൽ ഞാൻ പൂർണ്ണ പരാജയമാണ് അവൾക്ക്. പ്രസവിച്ച കുഞ്ഞിനെ ഒന്ന് നെഞ്ചോട് ചേർത്ത് പിടിക്കാനോ ഒന്ന് കൂടെ കിടത്തി ഉറക്കാനോ ഉള്ള അനുവാദം ആദ്യം മുതൽ എനിക്ക് ഉണ്ടായിരുന്നില്ലല്ലോ. ഞാൻ അറിവില്ലാത്ത പ്രായത്തിൽ ചെയ്തുപോയ ഒരു തെറ്റിന്റെ പേരിൽ ശിക്ഷ അനുഭവിച്ചത് മുഴുവൻ എന്റെ കുഞ്ഞല്ലേ, അമ്മയുടെ താരാട്ട് കേൾക്കാനും അമ്മയൊന്നു ചേർത്ത് പിടിച്ചു ഉറങ്ങാനും ഒക്കെ അവൾ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ട്. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഘട്ടത്തിൽ എങ്കിലും ഞാൻ ഒപ്പം വേണ്ടെ….?
ബെറ്റി കരഞ്ഞു പോയി…
” നീ വരുന്നെങ്കിൽ എനിക്ക് സന്തോഷം അല്ലേ ഉള്ളൂ, ജോണി നിന്നെ വിടുമെന്ന് എനിക്ക് തോന്നുന്നില്ല, അതുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞത്.
” ചോദിച്ചുനോക്കാം, കാലുപിടിച്ച് ആണെങ്കിലും സമ്മതിപ്പിക്കാം. എനിക്കും കോളേജ് ഒക്കെ ഒന്ന് കാണാമല്ലോ,
” എങ്കിൽ പിന്നെ നീ അങ്ങനെ ചെയ്യാം. പിന്നെ ഒരു കാര്യം ഞാൻ നിന്നോട് പറയാൻ മറന്നു പോയി എന്റെ മോനെ നിനക്ക് അറിയാല്ലോ, സോളമൻ..
മടിച്ചു മടിച്ചാണ് അമല പറഞ്ഞത്.
“ഉം…. കുട്ടിക്കാലത്ത് എപ്പോഴോ കണ്ടതാ അവനെ, അങ്ങനെ നാട്ടിലേക്ക് ഒന്നും വരാത്തത് കൊണ്ട് മുഖം ഓർമ്മയില്ല.
” അവന് ഇവിടെ തന്നെയാ ഇഷ്ടം..! ഞങ്ങൾ അങ്ങോട്ട് വരുന്നുവെന്ന് പറഞ്ഞാലും വരാൻ വലിയ മടിയാ. ആകെപ്പാടെ പോകുന്നത് കോട്ടയത്ത് വല്യമ്മച്ചിയെ കാണാൻ വേണ്ടി മാത്രം. അത് രണ്ടോ മൂന്നോ ദിവസം അമ്മച്ചിയുടെ കൂടെ നിന്നിട്ട് പോരും. അവനും ഇവിടെ ഉണ്ട്. നിനക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ മോളെ ഇങ്ങോട്ട് അയക്കുന്നത് കൊണ്ട്. അവൾ പ്രായം തികഞ്ഞ ഒരു പെണ്ണല്ലേ…?
എന്ത് പറയണം എന്ന് അറിയാതെ അമല മടിച്ചു മടിച്ചു ചോദിച്ചു.
” നീ എന്താ അങ്ങനെ പറഞ്ഞത്…? നിന്റെ മോൻ എന്റെ മോളെ പെങ്ങളെ പോലെ കാണുന്നു എനിക്കറിയാലോ, നിങ്ങളുടെ മോനല്ലേ അവൻ.
ബെറ്റി അങ്ങനെ പറഞ്ഞപ്പോഴാണ് അമലയ്ക്ക് കൂടുതൽ അസ്വസ്ഥത തോന്നിയത്. അവൾക്ക് അത്രമേൽ വിശ്വാസമാണ് തങ്ങളെ. അതുകൊണ്ടാണ് മകളെ ഇങ്ങോട്ട് അയക്കുന്നത്. തന്റെ മകൻ കാരണം അവൾക്ക് എന്തെങ്കിലും ഒരു കളങ്കം ഉണ്ടായാൽ അത് അവളുടെ വിശ്വാസത്തിൽ താൻ കാണിക്കുന്ന ഒരു തെറ്റാകുമെന്ന് അമലയ്ക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ കൂടുതൽ ഒന്നും പറയാനും വയ്യ. താൻ എന്തെങ്കിലും പറഞ്ഞാൽ അവളെ ഇങ്ങോട്ട് അയക്കുന്നതിൽ തങ്ങൾക്കുള്ള ബുദ്ധിമുട്ടാണെന്ന് ബെറ്റി ചിന്തിച്ചാലോ. അതുകൊണ്ട് ഒന്നും പറഞ്ഞിരുന്നില്ല അമല. വീണ്ടും കുറച്ച് സമയം വിശേഷങ്ങൾ പങ്കുവെച്ച ശേഷം അവർ ഫോൺ വെച്ചു.
സോളമൻ അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞ് പോകാൻ റെഡിയായി വന്നിരുന്നു. അവളവന് ഭക്ഷണം വിളമ്പി കൊടുത്തു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴും എന്തൊക്കെയോ ചിന്തകളിൽ ആഴ്ന്നിരിക്കുന്ന അമ്മയെ തന്നെയായിരുന്നു അവൻ നോക്കിയത്.
” എന്തുപറ്റി അമലകൊച്ചേ…! വലിയ ചിന്ത ആണല്ലോ,
ഇപ്പോൾ അവനോട് ഒന്നും പറയണ്ടന്ന് അവൾക്ക് തോന്നി. അവൾ വന്നശേഷം അവനോട് കാര്യമായി തന്നെ പറയാം. താനും ബെറ്റിയും തമ്മിലുള്ള സൗഹൃദം എത്ര വലുതാണെന്ന് അവന് അറിയില്ല. അതിനെക്കുറിച്ച് തന്നെ പറഞ്ഞു തുടങ്ങണം. അതുകൊണ്ട് ഇപ്പോൾ അതിന് പറ്റിയ സമയമല്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. ഒന്നുമില്ലന്ന് പറഞ്ഞ് അലിവോടെ അവന്റെ തലമുടിയിൽ അവൾ തലോടി. ഭക്ഷണം കഴിച്ച് കഴിഞ്ഞ് അവൻ യാത്ര പറഞ്ഞപ്പോൾ ബെറ്റി ആ ഫ്ലാറ്റിൽ ഒറ്റയ്ക്കായി.
അന്ന് വൈകുന്നേരം എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് അമല സോളമന്റെ മുഖത്തേക്ക് നോക്കി സംസാരിച്ചത്.
” എടാ ഞാനും പപ്പയും കൂടി നാളെ വൈകുന്നേരം ഫ്ലൈറ്റിന് തൊടുപുഴയ്ക്ക് പോവാ. അവിടെ പപ്പയുടെ ഒരു ഫ്രണ്ടിന്റെ മോന്റെ കല്യാണം. നീ വരുന്നുണ്ടോ…?
” ഞാൻ വരുന്നില്ല, എനിക്ക് കുറച്ച് അർജന്റ് മീറ്റിംഗ്സ് ഉണ്ട്.
ഭക്ഷണം കഴിച്ചു കൊണ്ട് സോളമൻ അത് പറഞ്ഞപ്പോൾ സണ്ണി താല്പര്യമില്ലാതെ അവനെയും അമലയും മാറിമാറി നോക്കി. അതിനുശേഷം ഒന്ന് ചുമച്ചു.
” ഏതെങ്കിലും പെൺപിള്ളാരുടെ ഒപ്പം ആയിരിക്കും അർജന്റ് മീറ്റിംഗ്. പിന്നെ ഞങ്ങൾ ഇവിടെ ഇല്ലെന്ന് പറഞ്ഞ് പെമ്പിള്ളേരെ ആരെയും വിളിച്ച് വീടിനകത്ത് കയറ്റിയേക്കല്ല്… വല്ലതും ഞാൻ അറിഞ്ഞാൽ എന്റെ സ്വഭാവ മാറും. ഞാനിവിടെ സെക്യൂരിറ്റിയോടെ പ്രത്യേകം പറഞ്ഞിട്ടാ പോകുന്നത്.
ഭക്ഷണത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് സണ്ണി പറഞ്ഞപ്പോൾ കൂർപ്പിച്ച് അവൻ അമലയുടെ മുഖത്തേക്ക് നോക്കി.
” നിങ്ങൾ എന്തു വർത്തമാനമാ ഈ പറയുന്നത്. അവനോട് ചുമ്മാ അങ്ങ് വഴക്കിന് ചെല്ലുവാണോ.? അങ്ങനെ സ്വഭാവമുള്ളവനല്ല അവൻ. നിങ്ങൾ പറയുന്നത് മാതിരി അവന് അങ്ങനെ വൃത്തികെട്ട ശീലങ്ങൾ ഒന്നുമില്ല. ഒരു ചീത്ത ശീലങ്ങളും ഇല്ല.
അമല മകനെ ന്യായീകരിച്ചു.
“നിന്റെ മോൻ പുണ്യാളച്ചൻ ആയതുകൊണ്ട് ആണ് ഞാനിതൊന്നു കൂടി പറഞ്ഞത്. ഇനി ഈ ഫ്ലാറ്റിൽ ഉള്ളവർക്കും കൂടി നാണക്കേട് ഉണ്ടാക്കി വയ്ക്കരുത്. കഴിഞ്ഞപ്രാവശ്യം നമ്മൾ താമസിച്ച ഫ്ലാറ്റിലാ ഒരുത്തി വന്നു കരഞ്ഞു അവിടെ ഉള്ളവർ മൊത്തം അറിഞ്ഞ് നമ്മൾ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തത്. ഇനി ഇവിടെയും കൂടി പ്രശ്നം ഉണ്ടാക്കരുത് എന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഒന്ന് പറഞ്ഞത്.
സണ്ണി പറഞ്ഞു.
” ഞാൻ അന്നേ പപ്പയോട് പറഞ്ഞത് ആണ്. പപ്പാ വിചാരിക്കുന്നത് പോലെയുള്ള കാര്യങ്ങൾ ഒന്നും നടന്നിട്ടില്ലന്ന്. ഒരുപാട് മാനിപുലേറ്റ് ചെയ്ത് പറയേണ്ട കാര്യം ഒന്നുമില്ല. പിന്നെ എനിക്ക് നിങ്ങൾ വിചാരിക്കുന്ന മാതിരിയുള്ള സ്വഭാവങ്ങൾ ഒന്നുമില്ല. എന്നെ തിരക്കി ഒരു പെണ്ണ് വന്നു. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന് അവൾ പറഞ്ഞു. അതിനപ്പുറം മറ്റോന്നും പറഞ്ഞില്ലല്ലോ.
വീറോട് സോളമൻ പറഞ്ഞു..
” ഒരു പെണ്ണിന്റെ കാര്യമല്ലേ നീ പറയുന്നത്. ബാക്കി ഞാൻ അറിഞ്ഞ ലിസ്റ്റിൽ ഒരു അഞ്ചാറ് പെണ്ണുങ്ങളുടെ കാര്യം നീ പറഞ്ഞില്ലല്ലോ. സണ്ണിയുടെ ആ ചോദ്യത്തിന് മുൻപിൽ സോളമന് മറുപടി ഇല്ലായിരുന്നു.
” എന്റെ പൊന്നു പപ്പാ, എപ്പോഴോ നടന്ന ഒരു കാര്യം പറഞ്ഞു എന്നെ എന്തിനാ എപ്പോഴും ഇങ്ങനെ ഉപദേശിച്ചു കൊല്ലുന്നത്. നിങ്ങൾ വേണമെങ്കിൽ ഈ ഫ്ലാറ്റ് പൂട്ടിയിട്ട് പൊയ്ക്കോ. ഞാൻ എന്റെ ഫ്രണ്ടിന്റെ ഫ്ലാറ്റിൽ പോയി കിടന്നോളാം.
” അതാവുമ്പോൾ പിന്നെ കള്ളുകുടി നടക്കുമല്ലോ.
” എന്റെ ഈശോയെ വെള്ളത്തിലൂടെയും പറ്റില്ല കരയ്ക്കൂടെയും പറ്റില്ല. നിങ്ങൾ വല്ല ക്യാമറയും സെറ്റ് ചെയ്തിട്ട് പൊക്കോ. പ്രശ്നം തീർന്നല്ലോ.
അത്രയും പറഞ്ഞ് അവൻ ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അമല സണ്ണിയുടെ മുഖത്തേക്ക് നോക്കി ഇനി ഒന്നും പറയരുത് എന്ന് ആംഗ്യം കാണിച്ചിരുന്നു.
പിറ്റേന്ന് വൈകുന്നേരം അമലയും സണ്ണിയെയും എയർപോർട്ടിലേക്ക് കൊണ്ടുവിട്ടത് സോളമൻ തന്നെയായിരുന്നു.
” മമ്മി ഇല്ലെന്ന് കരുതി ഒന്നും കഴിക്കാതിരിക്കരുത്. എന്താണെങ്കിലും വാങ്ങിച്ചു കഴിക്കണം കേട്ടോ,
മകന്റെ തലയിൽ അരുമയായി തലോടി അമല പറഞ്ഞു. എയർപോർട്ടിൽ എല്ലാവരും നിൽക്കുന്നുണ്ടെന്ന് പോലും ഗൗനിക്കാതെ അമ്മയെ ചേർത്തുപിടിച്ച് കവിളിൽ ഒരു മുത്തം കൊടുത്തിരുന്നു സോളമൻ. അത് കാണെ സണ്ണിയുടെ ഹൃദയവും നിറഞ്ഞിരുന്നു. അവർ തമ്മിൽ എത്രത്തോളം സ്നേഹത്തിലാണെന്ന് സണ്ണിക്കറിയാം,
” ശരി പപ്പ ഹാപ്പി ജേർണി…
സണ്ണിയുടെ ഗൗരവം നിറഞ്ഞ മുഖത്തേക്ക് നോക്കി ചിരിയോടെ സോളമൻ പറഞ്ഞപ്പോൾ അയാളുടെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു.
” സൂക്ഷിച്ചു ചെല്ല് കേട്ടോ…
അരുമയോടെ മകനോട് അയാൾ പറഞ്ഞു. ചിരിയോടെ അവൻ അയാളെയും ഒന്ന് ഹഗ് ചെയ്തു.
രണ്ടുപേരും തൊടുപുഴയിൽ എത്തിയപ്പോൾ നന്നെ രാത്രിയായിരുന്നു. ആരെയും ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഒരു ഹോട്ടലിൽ നേരത്തെ തന്നെ റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു സണ്ണി. അവർ ഹോട്ടലിൽ എത്തി ഫ്രഷ് ആയതെ കിടന്നുറങ്ങി. അതിരാവിലെ തന്നെ എഴുന്നേറ്റ് കല്യാണം നടക്കുന്ന പള്ളിയിലേക്ക് പോയിരുന്നു. അവിടെ ചെന്ന് നവദമ്പതിമാരെയും കണ്ട് അവർക്ക് സമ്മാനവും കൊടുത്ത് നേരെ പോയത് ബെറ്റിയുടെ വീട്ടിലേക്കാണ്. ഗേറ്റ് കടന്ന് കാർ വരുന്നത് കണ്ടപ്പോൾ തന്നെ ജോണി കസേരയിൽ നിന്നും എഴുന്നേറ്റിരുന്നു. കാറിൽ നിന്നും സണ്ണി ഇറങ്ങിയപ്പോൾ വലിയ താല്പര്യം തോന്നിയില്ലെങ്കിൽ പോലും നന്നായി ഒന്ന് പുഞ്ചിരിച്ചു കാണിച്ചിരുന്നു ജോണി. കാറിന്റെ ശബ്ദം കേട്ടുകൊണ്ട് അപ്പോഴേക്കും അകത്തു നിന്നും ഓടി വന്നിരുന്നു ബെറ്റി. അമലയെ കണ്ടതും ഏറെ സന്തോഷത്തോടെ അവൾ ഓടി വന്ന് ചേർത്തുപിടിച്ചു. സണ്ണി ജോണിയോട് എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചുകൊണ്ട് നിന്നു. അകത്തേക്ക് കയറി വരാൻ ജോണി തന്നെയാണ് രണ്ടുപേരെയും ക്ഷണിച്ചത്. രണ്ടുപേരും സന്തോഷത്തോടെ അകത്തേക്ക് കയറി. ജോണിയും സണ്ണിയും സംസാരങ്ങളിൽ മുഴുകിയപ്പോൾ അടുക്കളയിലേക്ക് അമലയും ബെറ്റിയും നടന്നിരുന്നു. ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഫ്രിഡ്ജിൽ നിന്നും നാരങ്ങ എടുത്ത് അവർക്ക് കലക്കാൻ തുടങ്ങുകയായിരുന്നു ബെറ്റി. ഇതിനിടയിലാണ് തലയിൽ തോർത്ത് കെട്ടിക്കൊണ്ട് വെളുത്ത കൊലയുള്ള ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നിരുന്നത്. അവളെ ആകമാനം അമലയൊന്ന് നോക്കി.
” മരിയ മോൾ…
അമലയെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു ബെറ്റി.
” മോളെ ഞാൻ നിന്നെ കൊച്ചിലെ കണ്ടതാ. നിന്നെ ആദ്യം കയ്യിലെടുത്തത് ഞാനാ,
അവളുടെ മുഖത്തേക്ക് വാത്സല്യപൂർവ്വം തലോടി അമല. അവൾ നന്നായി ഒന്ന് ചിരിച്ചു കാണിച്ചു.
” ജോണിയോടെ പറഞ്ഞോ ഞങ്ങളുടെ കൂടെ ഇവളെ അയക്കുന്ന കാര്യം..
അമല ബെറ്റിയോട് ചോദിച്ചപ്പോൾ മരിയയും അതുതന്നെ ശ്രദ്ധിച്ചു.
” ഇന്നലെ രാത്രി ഞാനൊന്ന് സൂചിപ്പിച്ചു. അപ്പൊൾ വലിയ താല്പര്യം ഇല്ലാത്ത മറുപടി പറഞ്ഞത്. പിന്നെ രാവിലെ ഞാൻ നാത്തൂനേം കൊണ്ട് വിളിപ്പിച്ചു. അവൾ പറഞ്ഞപ്പോൾ എന്തൊക്കെയോ സമ്മതിച്ച പോലെയാ. പക്ഷേ എന്നെ കൂടെ വിടത്തില്ല എന്ന് പറയുന്നത്. ഞങ്ങൾ രണ്ടുപേരും കൂടി ഹോസ്റ്റൽ അഡ്മിഷന്റെ സമയമാകുമ്പോൾ അങ്ങോട്ട് വരാമെന്ന്.
സങ്കടത്തോടെ ബെറ്റി പറഞ്ഞു.
“: അത് സാരമില്ല. അത് മതി. നീ ഇവളെ അയക്കുന്നത് എന്റെ കൂടെയല്ലേ, നീ പേടിക്കണ്ട ഹോസ്റ്റലിലെ അഡ്മിഷന്റെ സമയം ആവുമ്പോഴേക്കും നിങ്ങൾ വന്നാൽ മതി. ഇപ്പോൾ ഇവർക്ക് പ്രാക്ടിക്കൽ ഒന്നും കാണില്ല. തിയറി മാത്രമേ പഠിക്കാൻ കാണു ഒന്നൊന്നര മാസം. ഫ്ലാറ്റിൽ നിന്നും പോയി വരാനുള്ള ദൂരമേയുള്ളൂ. മാത്രമല്ല സണ്ണിച്ചായനും ആ ഹോസ്പിറ്റലിൽ തന്നെയല്ലേ. അതുകൊണ്ട് ഒന്നും നീ പേടിക്കണ്ട, വാത്സല്യത്തോടെ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് അമല പറഞ്ഞപ്പോൾ. മരിയയുടെ ഉള്ളിലും ഒരു കുളിർമ പടർന്നിരുന്നു. ജനിച്ചതിൽ പിന്നെ അമ്മയ്ക്ക് ശേഷം ആദ്യമായാണ് ഒരാൾ ഇത്രയും സ്നേഹത്തോടെ തന്നോട് ഇടപെടുന്നത്.
തുടരും